അമ്മയെ തേടി വന്നവൻ, ചേച്ചിയുടെ ശരീരത്തിൽ കൂടി കണ്ണ് വച്ച് തുടങ്ങിയപ്പോൾ അവൾ പകരമാക്കേണ്ടി വന്നവളാണ് ഞാൻ.

ഗീതേച്ചി
രചന: ശ്യാം കല്ലുകുഴിയില്‍

” ഗീതേച്ചി വീട്ടിലെ മൂത്തമോൾ ആയിരുന്നോ… “ഗീതേച്ചി അടുക്കളയിൽ നിന്ന് മുട്ട പൊരിക്കുമ്പോഴാണ് ഞാനത് ചോദിച്ചത്…

” നീയെന്താ അങ്ങനെ ചോദിച്ചത്… “” എന്നും മൂത്തമക്കൾ ആണല്ലോ അവസാനം കുടുംബത്തിന് അതികപറ്റാകുന്നത്… ”

എന്റെ ആ ചോദ്യത്തിലെ സങ്കടം ചേച്ചിക്ക് പെട്ടെന്ന് മനസ്സിലായത് കൊണ്ടാകും അവർ ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയത്…

” അതിപ്പോ മൂത്തമക്കൾ ആയാലും ഇളയ മക്കൾ ആയാലും, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസാനമെന്നും…… “അത് പറഞ്ഞ് മുഴുവക്കാതെ ചേച്ചി മുട്ട തിരിച്ചിട്ട് ഒരു സ്റ്റീൽ പാത്രത്തിലേക്ക് ചോറ് വിളമ്പി….

” കറിയൊന്നും ഇല്ല കേട്ടോടാ… “” അത് സാരമില്ല ചേച്ചി, നമ്മളെത്ര വെറും ചോറ് മാത്രം കഴിച്ചിരിക്കുന്നു…”

അത് പറയുമ്പോൾ പെട്ടെന്നെന്തോ ഓർമ്മകൾ പിന്നിലേക്ക് പോയി…അപ്പോഴാണ് ആരോ വാതിലിൽ തട്ടിവിളിച്ചത്, അത് കേട്ടപ്പോൾ ഞാൻ സംശയത്തോടെ ചേച്ചിയെ നോക്കി…

” ഇല്ലടാ,,, ഇത് ഏതോ ഞരമ്പന്മാർ, അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്റെ ജോലി അത് ആയിരുന്നല്ലോ, പെട്ടെന്ന് എല്ലാം നിർത്തിയെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല… ഇതിപ്പോ ദിവസവുമുള്ള പരുപാടിയാണ്, ഞാനിപ്പോ അതൊന്നും ശ്രദ്ധിക്കാറില്ല…”

ചേച്ചി അത് പറയുമ്പോ ആ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…ചോറും, മുട്ട പൊരിച്ചതും, ചമ്മന്തിയും വച്ച പാത്രം ചേച്ചി എനിക്ക് നേരെ നീട്ടുമ്പോൾ ഞാനത് വാങ്ങാതെ വായ് തുറന്ന് ചേച്ചിയുടെ മുന്നിൽ നിന്നു…

” ഇവന്റെയൊരു കാര്യം…. “അത് പറഞ്ഞ് ചോറും ചമ്മന്തിയും ഇളക്കി ഒരു ഉരുളയുരുട്ടി അതിലേക്ക് ലേശം മുട്ടയും നുള്ളി വച്ച് ചേച്ചി ആ ഉരുള വായിലേക്ക് വച്ചു തരുമ്പോൾ അതിറക്കാൻ കഴിയാതെ തൊണ്ടയിൽ കരച്ചിൽ കുടുങ്ങി കിടന്നു…

” എന്താടാ നിനക്ക് പറ്റിയെ…. “ഒന്നും മിണ്ടാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുന്ന എന്റെ തോളിൽ തട്ടി ചേച്ചി ചോദിക്കുമ്പോൾ അതുവരെ മനസ്സിൽ കൊണ്ട് നടന്ന സങ്കടങ്ങളൊക്കെ കണ്ണീരായി ഒഴുകാൻ തുടങ്ങി….

പിന്നെയൊന്നും ചോദിക്കാതെയാണ് ചേച്ചിയെന്നെ അവരിലേക്ക് ചേർത്ത് പിടിച്ചത്. പിന്നെ എത്ര നേരം എടുത്തെന്നറിയില്ല മനസ്സ് ശാന്തമാകുന്നത് വരെ ഉള്ളിലെ ദുഃഖമെല്ലാം ആ ചുമലിൽ മുഖം ചേർത്ത് കരഞ്ഞ് തീർത്തു….

” ഞാൻ…. ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി ചേച്ചി, ഇനി എങ്ങോട്ട് പോകുമെന്നോ, എന്ത് ചെയ്യണമെന്നോ എനിക്കറിയില്ല, അന്ന് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചപ്പോഴുണ്ടായ അതേ നിസ്സഹയാവസ്ഥ, ജീവിതം ഒരു ചോദ്യ ചിഹ്ന്മായി മുന്നിൽ നിൽക്കുന്നു…. ”

ആ ചുമലിൽ നിന്ന് മുഖമുയർത്താതെ തന്നെയാണ് ഞാനത് പറഞ്ഞത്..” ഞാനത് പ്രതീക്ഷിച്ചതാണ്… ”

ചുമലിൽ തട്ടി ചേച്ചി പറയുമ്പോൾ മെല്ലെ തലയുയർത്തി അവരെ നോക്കി…” അനിയൻ കെട്ടിയതിൽ പിന്നെ, പലതും കണ്ടില്ലെന്നും, കേട്ടില്ലെന്നും നടിച്ചവിടെ കഴിഞ്ഞു പോകുകയായിരുന്നു, ഇതിപ്പോ എല്ലാത്തിനും കുറ്റങ്ങൾ, ഞാൻ ഒഴിഞ്ഞാൽ അവനെങ്കിലും സ്വസ്ഥതകിട്ടും…. ”

ഞാനത് പറയുമ്പോൾ ചേച്ചിയൊന്ന് മൂളിയതേയുള്ളു…” ഇറങ്ങി പോരുമ്പോ അമ്മയെങ്കിലും മറുത്തൊരു വാക്ക് പറയുമെന്ന് കരുതി പക്ഷേ….. ”

എങ്ങനെ അശ്വസിപ്പിക്കണമെന്നറിയാതെ ചേച്ചി തല കുമ്പിട്ട് നിന്നു…” പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ, മൂത്ത മകൻ ആയത് കൊണ്ട്, ഇഷ്ട്ടമല്ലാഞ്ഞിട്ടും കുഞ്ഞു നാൾ മുതലേ ജോലിക്ക് പോകേണ്ടി വന്നവൻ, സിമന്റ് കുഴച്ച്

പൊട്ടിയടർന്ന കയ്യിലെ നീറ്റലും സഹിച്ച്, ഇടയ്ക്ക് ഒഴുകി വരുന്ന കണ്ണുനീർ ആരും കാണാതെ ഷർട്ടിന്റ തുമ്പ് കൊണ്ട് തുടച്ച്, ആഗ്രഹങ്ങളും, സ്വപ്നങ്ങളും പുറം ലോകം കാണാതെ മനസ്സിൽ തന്നെ കുഴിച്ചുമൂടി ജീവിക്കാൻ വിധിക്കപ്പെട്ട മൂത്തമകൻ….. ”

എന്റെ ഉള്ളിലെ നിരാശയും, വേദനയും ഞാൻ അറിയാതെ തന്നെ പുറത്തേക്ക് വന്ന് തുടങ്ങി…

” കയ്യിലുള്ളതും, കടം വാങ്ങിയും ഞാൻ ആ വീട് നോക്കി,മൂത്തവൻ പട്ടിണി കിടന്നാലും ഇളയവന്റെ വയർ നിറയണം, അവൻ കുഞ്ഞല്ലേ എന്ന് പറയുന്ന വീട്ടിൽ നിന്ന് പാതി വയറുമായി ഇറങ്ങി പോകേണ്ടി വന്നയെന്റെ വയർ നിറച്ചത് പലപ്പോഴും ചേച്ചി തന്നെയല്ലായിരുന്നോ,… ആ സ്നേഹം പോലും…. ”

വാക്കുകൾ കിട്ടാതെ ദേഷ്യവും സങ്കടവും പിന്നേയും എന്റെ കണ്ണുകൾ നിറച്ചു തുടങ്ങി…” അത് അങ്ങനെയാ, പണിയെടുത്ത് കുടുംബം പോറ്റുന്നവൻ, എന്നും അത് ചെയ്തു കൊണ്ടിരിക്കണം,

ഒരു ദിവസം അത് മുടങ്ങിയാൽ ആയിരം കുറ്റപ്പെടുത്തൽ ആയിരിക്കും, പക്ഷേ എന്തുപറ്റിയെടാ എന്ന് ചോദിച്ച്, സ്നേഹത്തോടെ നമ്മളെയൊന്ന് കേൾക്കാനാരും കാണില്ല…. ”

ഒരു ദീർഘനിശ്വാസത്തോടെ ചേച്ചി പറയുമ്പോൾ ഞാനൊന്ന് മൂളിയതേയുള്ളൂ…

” ഞാൻ വീട്ടിലെ ഇളയ കുട്ടിയായിരുന്നു, അമ്മയെ തേടി വന്നവൻ, ചേച്ചിയുടെ ശരീരത്തിൽ കൂടി കണ്ണ് വച്ച് തുടങ്ങിയപ്പോൾ അവൾ പകരമാക്കേണ്ടി വന്നവളാണ് ഞാൻ. പിന്നെപ്പിന്നെ സ്ഥിരം

അത് പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് ചിരിയായിരുന്നു, ആരൊക്കെയോ ഭയക്കുന്ന പുഞ്ചിരി…

” ആദ്യത്തെ ഒരു സങ്കടം മാത്രേ ഉള്ളടാ, പിന്നെയൊക്കെ ഒരു മരവിപ്പാണ് മനസ്സിനും, ശരീരത്തിനും. രാത്രിയുടെ മറവിൽ ആരൊക്കെയോ വരുന്നു എന്തൊക്കെയോ കാട്ടി കൂട്ടുന്നു പോകുന്നു…. ”

ചേച്ചിയുടെ വാക്കുകൾക്ക് മറുപടിയില്ലാതെ ഞാനവരെ കേട്ടിരുന്നു…” അതുകൊണ്ടെന്താ ഞാനിപ്പോ പിഴച്ചവൾ, ചേച്ചിക്ക് എന്നെ കാണുന്നത് പോലും അറപ്പാണ് ഇപ്പോൾ, അമ്മയാണേൽ

എന്നോട് സംസാരിക്കാറുപോലുമില്ല, എന്നിട്ടും ഞാൻ ജീവിക്കുന്നില്ലെടെ, ആരും കൂടെയില്ലാതെ, ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷയും സ്വപ്നവും ഇല്ലാതെ…. “ചേച്ചിയുടെ മുഖത്തപ്പോൾ നിരാശയുടെ വേദന മാത്രമായിരുന്നു…

” നിനക്കറിയോ ഞാനൊക്കെയൊന്ന് മനസ്സ് തുറന്ന് ചിരിച്ച കാലം പോലും മറന്നുപോയി… എനിക്കും ഉണ്ടായിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ, ഒരു കുഞ്ഞു കുടുംബം, ഭർത്താവും, മക്കളും അവിടെ ഇണക്കവും പിണക്കവുമായി സന്തോഷത്തോടെ…. ”

അത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു…” ഇനിയൊരിക്കലും എന്റെ കുടുംബത്തെയോർത്ത് കരയില്ലെന്ന് ഉറപ്പിച്ചതാണ്, പക്ഷേ ചിലപ്പോഴൊക്കെയുണ്ടല്ലോ നമ്മളെത്രെ ഒളിപ്പിച്ചു വച്ചാലും ഇടയ്ക്കൊക്കെ കൈവിട്ട് പോകും. അല്ലേടാ…. ”

അത് പറഞ്ഞ് ചേച്ചി ഒരു ഉരുള ചോറ് കൂടി വായിലേക്ക് വച്ചു തന്നു…” മതി ചേച്ചി…. “അത് കഴിച്ച് കഴിഞ്ഞ് പറയുമ്പോൾ ചേച്ചി മറുതൊന്നും പറഞ്ഞില്ല, പിന്നെ ഏറെ നേരം നമുക്കിടയിൽ നിശബ്ദത മാത്രമായിരുന്നു….

” ചേച്ചി പോരോന്നോ എന്റെ കൂടെ, ആരും അറിയാത്ത നാട്ടിൽ പോയി നമുക്ക് ജീവിക്കാം, ആരും ശല്യപ്പെടുത്താൻ വരാത്ത ഒരു നാട്ടിൽ… ”

ഞാനത് പറയുമ്പോൾ ചേച്ചി ഉച്ചത്തിൽ ചിരിച്ചു….” നിനക്കെന്താ വട്ടാണോ…. നീ എവിടേലും പോയി രക്ഷപെടാൻ നോക്കടാ… ”

എന്റെ മുഖത്ത് നോക്കാതെയാണ് ചേച്ചി അത് പറഞ്ഞതെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന വേദന എനിക്ക് മനസ്സിലാകുമായിരുന്നു…

” ഞാൻ സീരിയസായി പറഞ്ഞതാണ് ചേച്ചി, ഈ ലോകത്ത് ചേച്ചിക്കൊ എനിക്കോ വേറെ ആരാ ഉള്ളത്, ആരാണ് നമ്മളെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളത്, ഇനിയും ഇവിടെ നിന്ന് സ്വയം കോമാളിയാകാൻ ഞാനില്ല…. ”

” അതൊന്നും ശരിയാവില്ല, മറ്റൊരു നാട്ടിൽ പോയാലും ഒരാണും പെണ്ണും ഒരുമിച്ചു ജീവിച്ചാൽ അത് നമ്മുടെ സമൂഹം ആ ഒരൊറ്റ കണ്ണ് കൊണ്ടേ കാണുള്ളൂ….”

” അത് ശരിയായിരിക്കും പക്ഷെ, എനിക്കിപ്പോൾ എന്റെ അമ്മയ്ക്കും മുകളിലാണ് ചേച്ചിയുടെ സ്ഥാനം, ആൾക്കാർ എന്തോ പറഞ്ഞോട്ടെ നമുക്ക് അറിയാലോ നമ്മളെ… ”

ഞാനത് പറയുമ്പോൾ മറുപടി പറയാതെ ചേച്ചി ഏറെനേരം ഇരുന്നു…മറുപടിയൊന്നും ഇല്ലാതായപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി,..

” നീയൊന്ന് നിന്നേ….. “അത് പറഞ്ഞ് ചേച്ചിഎഴുന്നേറ്റ് ഉള്ളിലേക്ക് ഓടി പോകുമ്പോൾ ഒരു നിമിഷം എന്നിലും പ്രതീക്ഷകൾ വിരിഞ്ഞു..

അൽപ്പനേരം കഴിഞ്ഞ് വന്ന ചേച്ചി ചുരുട്ടി പിടിച്ച കുറച്ച് നോട്ടുകൾ എന്റെ കൈവെള്ളയിൽ വച്ച് തന്നു…

” വേണ്ട ചേച്ചി…. “ഞാനത് വേണ്ടെന്ന് പറഞ്ഞ് തടഞ്ഞെങ്കിലും ചേച്ചിയത് വാങ്ങാൻ കൂട്ടാക്കിയില്ല…” അതിരിക്കട്ടെടാ… “ചേച്ചിയത് പറയുമ്പോൾ ഞാൻ തിരികെ നടന്നു…

” ടാ… അല്ലേലും നമ്മളെ പോലെയുള്ളവർക്ക് ഇങ്ങനെയല്ലേ ചിന്തിക്കാൻ സാധിക്കുള്ളൂ. അറിഞ്ഞുകൊണ്ട് ആർക്കും ഒരു ഭാരമാകാതെ ജീവിക്കാൻ, ഞാനും അതേ ആഗ്രഹിക്കുന്നുള്ളൂ…. നീ സന്തോഷത്തോടെ ചെല്ല്.. നിനക്ക് നല്ലതേവരുള്ളൂ… ”

ചേച്ചി അത് പറയുമ്പോ മറുപടിയൊന്നും പറയാതെ ഞാൻ മുന്നോട്ട് നടന്നു, അപ്പോഴും മനസ്സിൽ ചേച്ചി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു, നമുക്കൊക്കെ അങ്ങനെ ചിന്തിക്കാനല്ലേ കഴിയുള്ളു, ആർക്കും ഭാരമാകാതെ…..

ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കുമ്പോൾ നിറക്കണ്ണുകളുമായി ചേച്ചിയപ്പോഴും അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു…..

 

Leave a Reply

Your email address will not be published. Required fields are marked *