(രചന: ആവണി)
” എന്നാലും നിങ്ങളുടെ ഒക്കെ കണ്ണിനു ഇത്രേം രോഗം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. ”
മുന്നിൽ പകച്ചു നിൽക്കുന്ന അമ്മയെയും ചേച്ചിയെയും രൂക്ഷമായി നോക്കി അനൂപ് പറഞ്ഞു. അവൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവർ രണ്ടാളും മൗനം പാലിച്ചു.
” നിനക്ക് എന്തിന്റെ കേടാ ചെക്കാ.. നീ ഇപ്പോ എന്ത് കുറ്റം കണ്ടുപിടിച്ചിട്ടാ വന്നേക്കണേ.. ”അമ്മ ചോദിച്ചപ്പോൾ, അനൂപിന്റെ ദേഷ്യം വർധിക്കുകയാണ് ചെയ്തത്.
“ഓഹോ.. അപ്പോ കുറ്റങ്ങൾ ഒന്നുമില്ലെന്ന് തന്നെയാണോ നിങ്ങളൊക്കെ ഇപ്പോഴും പറയുന്നത്..?”അനൂപിന് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” ഇടയ്ക്കിടയ്ക്ക് ഓരോന്ന് മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. ഞങ്ങൾ ആദ്യം എന്താണോ പറഞ്ഞത് അതേ തീരുമാനത്തിൽ തന്നെ ഞങ്ങൾ ഉറച്ചു നിൽക്കുന്നുണ്ട്. ”
അമ്മയ്ക്കൊപ്പം ചേച്ചിയും രംഗത്തെത്തിയതോടെ അനൂപ് തന്റെ അമർഷം ഒതുക്കി പിടിക്കാൻ ശ്രമിച്ചു. എന്നിട്ടും അത് തന്റെ ചങ്ങല കണ്ണികൾ ഭേദിച്ചു കൊണ്ട് പുറത്തേക്ക് വന്നു പോയിരുന്നു.
” എന്നോട് അമ്മയും ചേച്ചിയും കൂടി എന്തൊക്കെയാണ് പറഞ്ഞത് എന്ന് ബോധമുണ്ടോ..?അവളെപ്പോലെ സുന്ദരിയായ പെൺകുട്ടിയെ ഈ നാട്ടിൽ ഇനി കിട്ടാനില്ല എന്ന് വരെ നിങ്ങൾ പറഞ്ഞു.
അതിനു മാത്രം എന്ത് സൗന്ദര്യമാണ് അവൾക്കുള്ളതെന്ന് മനസ്സിലാകുന്നില്ല. ആകെ രണ്ടു ഉണ്ട കണ്ണ് മാത്രമാണ് അവളുടെ മുഖത്ത് പറയാൻ ആയിട്ടുള്ള പ്രത്യേകത. ”അവൻ ദേഷ്യത്തോടെ പറഞ്ഞു.
” നീ ആവശ്യമില്ലാതെ ഓരോ കൺസെപ്റ്റും മനസ്സിൽ വച്ച് നടക്കുന്നതു കൊണ്ടാണ് നിനക്ക് ഒരു പെൺകുട്ടികളെയും കണ്ണിനു പിടിക്കാത്തത്.
നിനക്കിപ്പോൾ വയസ്സ് 26 27 ഒന്നുമല്ല. 30 കഴിഞ്ഞു. ഇനിയും ഇങ്ങനെ പല ഡിമാന്റുകളും പറഞ്ഞ് നീ നടന്നാൽ കല്യാണം കഴിക്കാതെ ഈ ജന്മം തീർന്നു പോവുകയേ ഉള്ളൂ..”
ചേച്ചി കളിയാക്കി പറഞ്ഞതാണെങ്കിലും അത് മനസ്സിൽ കൊണ്ടിരുന്നു അനൂപിന്. കാരണം മറ്റൊന്നുമല്ല. ചേച്ചി പറഞ്ഞതുപോലെ 26 വയസ്സിൽ തുടങ്ങിയതാണ് അവന്റെ പെണ്ണുകാണൽ മഹാമഹം.
ഓരോ തവണയും അവധിക്ക് വരുമ്പോൾ പെണ്ണുകാണാൻ പോകും. എന്നിട്ട് കാണുന്ന കുട്ടികളെ ആരെയും അവൻ ഇഷ്ടപ്പെടുകയും ഇല്ല. ഓരോരുത്തർക്കും എന്തെങ്കിലും കുറ്റങ്ങൾ അവൻ കൃത്യമായും കണ്ടുപിടിച്ചിരിക്കും.
പക്ഷേ ഇത്തവണ അവന് പണി കിട്ടി. അവൻ വരുന്നതിനു മുൻപ് തന്നെ അമ്മയും ചേച്ചിയും അളിയനും കൂടിപ്പോയി പെണ്ണിനെ കണ്ട് വിവാഹം ഉറപ്പിച്ചിരുന്നു.
അവന് ഫോട്ടോ അയച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അത് വേണ്ട നേരിട്ട് കണ്ടോളാം എന്ന് പറഞ്ഞത് അവൻ തന്നെയാണ്. എന്നാൽ പിന്നെ അങ്ങനെ നടക്കട്ടെ എന്ന് വീട്ടുകാരും കരുതി.
എന്നിട്ടും ആ പെൺകുട്ടിയെ കുറിച്ച് അവന് അറിയേണ്ടതായ കാര്യങ്ങൾ ഒക്കെ അവർ പറഞ്ഞു കൊടുത്തിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് മാത്രം നാട്ടിലേക്ക് വന്നാൽ മതിയെന്ന് അമ്മ അവനോട് നിർബന്ധമായി പറഞ്ഞതാണ്.
അങ്ങനെയാണെങ്കിൽ മാത്രമേ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസമെങ്കിലും പെൺകുട്ടിയോടൊപ്പം നിൽക്കാൻ കഴിയൂ എന്ന ചിന്തിച്ചപ്പോൾ അനൂപിനും അത് നല്ലതാണെന്ന് തോന്നി.
അവൻ ലീവിന് വന്നത് ഇന്നലെയായിരുന്നു. ഇന്ന് രാവിലെ തന്നെ ആ പെൺകുട്ടിയെ കാണാൻ വേണ്ടി അവളുടെ വീട്ടിലേക്ക് പോവുകയും ചെയ്തു. പോയി വന്നതിനു ശേഷം ഉള്ള ബഹളമാണ് വീട്ടിൽ നടന്നതൊക്കെ.
അമ്മയും ചേച്ചിയും പറഞ്ഞ വിവരങ്ങൾ വച്ച് അവൻ മനസ്സിൽ ഒരു രൂപം കണക്കുകൂട്ടി വെച്ചിരുന്നു.
എന്നാൽ അതിന്റെ നേരെ വിപരീതമായി ഒരു പെൺകുട്ടിയാണ് അവന്റെ മുന്നിൽ വന്നു നിന്നത്. അവിടെ വച്ച് അവൻ പ്രതികരിച്ചില്ലെങ്കിലും വീട്ടിൽ വന്നതോടെ അവന്റെ സ്വഭാവം മാറി.
” നീ ഇനി ഇവിടെ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടാക്കിയാലും ഈ വിവാഹമല്ലാതെ മറ്റൊന്നും നടക്കാൻ പോകുന്നില്ല. ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം കിട്ടണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ.
പിന്നെ നീ കരുതുന്നതു പോലെ അവൾക്ക് യാതൊരു വിധ കുറ്റവും കുറവും ഞങ്ങൾക്ക് തോന്നുന്നില്ല. നീയവിടെ ഗൾഫിൽ കാണുന്ന പെൺകുട്ടികളെ പോലെയൊക്കെ ഇവിടെയും വേണം എന്ന് ആഗ്രഹിച്ചാൽ അത് കുറച്ച് ഓവർ ആയിട്ടുള്ള ആഗ്രഹമാണെന്ന് മാത്രമേ പറയാൻ പറ്റൂ.”
ചേച്ചി അത് പറയുമ്പോൾ അനൂപിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ചേച്ചി പറഞ്ഞത് ഒരു പരിധി വരെ സത്യവുമായിരുന്നു.
കാരണം അവൻ ഗൾഫിൽ കണ്ടുമുട്ടിയ പെൺകുട്ടികളെ പോലെ സൗന്ദര്യമുള്ള ആരെയും നാട്ടിൽ കാണുന്നില്ല എന്നുള്ളതാണ് അവന്റെ പ്രശ്നം.
അവന്റെ എതിർപ്പുകളെയും വാശികളെയും അവഗണിച്ചു കൊണ്ട് കൃത്യമായി വിവാഹം നടക്കുക തന്നെ ചെയ്തു. വിവാഹത്തിന് ശേഷമാണെങ്കിൽ പോലും അവന് അവളെ അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞ രാത്രി അവൾ മുറിയിലേക്ക് വരുന്നതിനു മുൻപ് തന്നെ അവൻ തന്റെ മുറിയിലേക്ക് കയറി. അവളെ കാത്തിരിക്കാതെ മദ്യത്തിന്റെ കൂട്ടുപിടിച്ചു കൊണ്ട് അവൻ കിടന്നുറങ്ങി.
പിന്നീട് പല രാത്രികളിലും ഇതുതന്നെ ആവർത്തിക്കപ്പെട്ടു. പകൽ സമയങ്ങളിൽ അവളുടെ കണ്ണുകൾ പോലും ചെന്ന് പെടാതിരിക്കാൻ അവൻ എപ്പോഴും ജാഗരൂകനായിരുന്നു.
അവന്റെ ഒളിച്ചുകളി ആ വീട്ടിൽ മറ്റാരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും അവന്റെ അമ്മ അത് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പകൽ സമയങ്ങളിൽ അനൂപ് കൂട്ടുകാരോടൊപ്പം പുറത്ത് കറങ്ങി നടക്കുകയാണ് പതിവ്. രാത്രിയിൽ അവരോടൊപ്പം തന്നെ പുറത്തു നിന്ന് ആഹാരം കഴിച്ചിട്ട് ആയിരിക്കും മിക്കപ്പോഴും വീട്ടിലേക്ക് കയറി വരുന്നത്.
അന്ന് അനൂപ് കൂട്ടുകാരോടൊപ്പം പോയി കഴിഞ്ഞതിനു ശേഷം രാത്രിയിൽ ഏറെ വൈകിയാണ് മടങ്ങി വന്നത്.
വിവാഹത്തിനു ശേഷം ഇങ്ങനെ വൈകി വരുന്ന സമയങ്ങളിൽ അവന്റെ ഭാര്യയായിരുന്നു അവനു വാതിൽ തുറന്നു കൊടുത്തിരുന്നത്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി അമ്മയാണ് വാതിൽ തുറന്നത്.
അത് കണ്ടപ്പോൾ അവൻ ഒന്നു പരുങ്ങി. പിന്നെ അത് ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറി പോകാൻ ഒരുങ്ങി.
” നീ ഒന്ന് അവിടെ നിന്നേ.. എന്താ നിന്റെ പ്രശ്നം..? നീ ഇവിടെ കാണിച്ചു കൂട്ടുന്നത് ഒന്നും ആരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതിയാണ് നീ ഇത്തരത്തിലുള്ള അഹങ്കാരങ്ങൾ കാണിക്കുന്നതെങ്കിൽ അത് വെറുതെയാണ്.
ആ പെൺകുട്ടിയെ നീ ഇവിടെ ഇട്ട് ദ്രോഹിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ”അമ്മ അത് തുറന്നു ചോദിക്കുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.
” അവളെ ഞാൻ എങ്ങനെ ദ്രോഹിച്ചു എന്നാണ് അമ്മ പറയുന്നത്..? അവളെ ഒരു നോക്കു കൊണ്ടോ വാക്കുകൊണ്ടോ ഞാൻ ദ്രോഹിച്ചിട്ടില്ല.. ”അവൻ എതിർക്കാൻ വിഫലമായ ഒരു ശ്രമം നടത്തി.
” കല്യാണം കഴിഞ്ഞ അന്നു മുതൽ നീ ആ പെൺകുട്ടിയുടെ മുന്നിൽ പെടാതിരിക്കാൻ ഒഴിഞ്ഞു മാറി നടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. രാത്രിയിൽ വളരെ വൈകിയുള്ള നിന്റെ വീട്ടിലേക്കുള്ള വരവ് എല്ലാ ദിവസവും ഞാൻ അറിയുന്നുണ്ട്.
എന്നിട്ടും പ്രതികരിക്കാതിരുന്നത് നിനക്ക് എപ്പോഴെങ്കിലും മാറ്റം വരും എന്ന് കരുതിയിട്ടാണ്. പക്ഷേ എന്റെ ആ തോന്നലാണ് തെറ്റിപ്പോയത്. നിനക്ക് വേണ്ടി എന്തിനാണ് ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ ഇല്ലാതാക്കുന്നത്..?
അതിനെക്കാൾ എത്രയോ നല്ലതാണ് അവൾ അവളുടെ വീട്ടിൽ നിൽക്കുന്നത്..!ഇന്ന് അവളുടെ അച്ഛനും അമ്മയും ഇവിടെ വന്നിരുന്നു. അവളെ കൊണ്ടു പോയിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതിക്കുകയും ചെയ്തു.
എന്തൊക്കെ പറഞ്ഞാലും നിന്റെ ഇഷ്ടവും അനുവാദവും ചോദിക്കാതെ നടത്തിയ വിവാഹമാണല്ലോ. നിനക്ക് ആ കുട്ടിയെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ നമുക്ക് ഈ ബന്ധം ഇവിടെ വച്ച് തന്നെ അവസാനിപ്പിക്കാം.
തുടക്കത്തിലെ ആകുമ്പോൾ വലിയ വിഷമം ഒന്നും തോന്നില്ല.നീ സ്നേഹിച്ചില്ലെങ്കിലും ഒരുപക്ഷേ നാളുകൾ കഴിയുമ്പോൾ ആ കുട്ടി നിന്നെ ഒരുപാട് സ്നേഹിക്കും. ഇപ്പോഴും നിന്നെ അവൾക്ക് ജീവനാണ്.
ഇനിയും നാളുകൾ വൈകുംതോറും ആ ഇഷ്ടം കൂടുകയുള്ളൂ. പിന്നീട് ഒരുനാൾ പറിച്ചു മാറ്റുമ്പോൾ അവൾക്ക് സഹിച്ചു എന്ന് വരില്ല. അതുകൊണ്ട് അവളോട് താല്പര്യമില്ലെങ്കിൽ ഇനി അവളെ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരണ്ട.. ”
അതും പറഞ്ഞ് അമ്മ അകത്ത് തന്റെ മുറിയിലേക്ക് കയറി പോയപ്പോൾ അനൂപ് ആകെ തറഞ്ഞു നിൽക്കുകയായിരുന്നു.
തന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവിടെ എന്തൊക്കെയോ കുറവുകൾ അവന് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.
അമ്മ പറഞ്ഞതു പോലെ ഇന്നലെ വരെ കൺമുന്നിൽ ഇരുന്ന പെണ്ണാണ്. അപ്പോഴൊന്നും അവൾക്ക് യാതൊരു വിലയും കൽപ്പിച്ചു കൊടുത്തിരുന്നില്ല.
എന്നാലിപ്പോൾ അവളെ നഷ്ടപ്പെടും എന്ന് തോന്നുമ്പോൾ മനസ്സിൽ അവൾ മാത്രമാണെന്ന് അനൂപ് തിരിച്ചറിയുകയായിരുന്നു.അതോടൊപ്പം അവൻ മനസ്സിൽ ഒരു ഉറച്ച തീരുമാനം കൂടി എടുത്തിരുന്നു.
നാളെത്തന്നെ അവളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണം എന്ന്.. അതൊരിക്കലും വീട്ടിലേക്ക് വേണ്ടി മാത്രമല്ല, തന്റെ ജീവിതത്തിലേക്ക് കൂടിയാണെന്ന് അനൂപിന് നിശ്ചയമുണ്ടായിരുന്നു.