രാത്രിയായാൽ അവന്റെ പരാക്രമങ്ങൾക്ക് ഞാൻ കിടന്നു കൊടുക്കണം. അതല്ലാതെ അവന്റെ ജീവിതത്തിൽ എനിക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.

 

(രചന: ആവണി)

അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിൽ നിൽക്കുമ്പോഴാണ് ഫോൺ ബെൽ അടിക്കുന്നത് അപ്പു ശ്രദ്ധിക്കുന്നത്.“ഈ നേരമില്ലാത്ത നേരത്ത് ഇതാരാണാവോ..”

അവൾ സ്വയം അങ്ങനെ പറഞ്ഞുകൊണ്ട് ഫോണിന് അടുത്തേക്ക് നടക്കുന്ന സമയത്ത് തന്നെ ഫോൺ ബെൽ അടിക്കുന്നത് നിന്നിരുന്നു. അതുകൊണ്ട് ആശ്വാസത്തോടെ അവൾ ബാക്കി പണികളിലേക്ക് തിരിഞ്ഞു.

ആരായാലും കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വിളിച്ചു നോക്കാം.അവൾ മനസ്സിൽ ഉറപ്പിച്ചു.

പണികൾ വീണ്ടും ചെയ്തു തുടങ്ങുന്നതിനു മുൻപ് തന്നെ വീണ്ടും ഫോൺ ബെൽ അടിക്കാൻ തുടങ്ങി.

എടുത്ത് സംസാരിച്ചില്ലെങ്കിൽ വീണ്ടും വീണ്ടും ഇതു തന്നെയായിരിക്കും അവസ്ഥ എന്ന് അറിയുന്നതുകൊണ്ട് തന്നെ അവൾ വേഗം ഫോണിന് അടുത്തേക്ക് നടന്നു.

കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വച്ചപ്പോൾ മറുവശത്ത് മൗനം ആയിരുന്നു.“ഹലോ..”

അപ്പു ചോദിച്ചു. കുറച്ചു നിമിഷത്തെ നിശബ്ദതയായപ്പോൾ തന്നെ ആരെങ്കിലും പറ്റിക്കുന്നതാണോ എന്നുപോലും അപ്പുവിന് തോന്നിപ്പോയി.

“ഹലോ.. ആരാ ഇത്..?”ഒരല്പം ദേഷ്യത്തോടെയാണ് അവൾ ചോദിച്ചത്.“അപ്പു.. ഞാൻ അഭിയാണ്..”ഇടറിയ ആ ശബ്ദം കേട്ടപ്പോൾ അപ്പുവിന്റെ കൈകളും വിറച്ചു.

” അഭി..? ”അവൾ എടുത്തു ചോദിച്ചു.” നീ സംശയിക്കേണ്ട. നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി തന്നെയാണ് ഞാൻ.”അത് പറഞ്ഞു കഴിഞ്ഞതും രണ്ടുവശത്തും മൗനം കളിയാടി.

” അപ്പു എനിക്ക് നിന്നെ ഒന്ന് കാണണം. എന്നോട് നിനക്ക് യാതൊരു പരിഭവവും ഇല്ലെങ്കിൽ നാളെ ഉച്ചയ്ക്ക് ടൗണിലെ കോഫി ഷോപ്പിലേക്ക് ഒന്ന് വരണം.”

അഭി പറഞ്ഞപ്പോൾ അപ്പുവിന് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. അഭി അതൊട്ടു പ്രതീക്ഷിച്ചതുമില്ല. തനിക്ക് പറയാനുള്ളത് പറഞ്ഞു നിർത്തിക്കൊണ്ട് അവൾ കോൾ കട്ട് ചെയ്തു.

അപ്പു വല്ലാത്തൊരു മനസ്സിലാവസ്ഥയിലായിരുന്നു.അഭി പറഞ്ഞതു പോലെ തന്റെ കോളേജ് കാലഘട്ടത്തിലെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവൾ.

വിവാഹം കഴിഞ്ഞതോടെയാണ് കൂട്ടുകാരും കുടുംബവും ഒന്നും തനിക്ക് പ്രാധാന്യമില്ലാതായത്. കൂട്ടുകാരെ ഒന്നും വിളിക്കാനോ പറയാനോ ഉള്ള സമയം തനിക്കില്ല.

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങുന്ന പണികൾ രാത്രി വരെ നീണ്ടു നിൽക്കും. ഇതിനിടയിൽ റസ്റ്റ് എടുക്കാൻ അങ്ങനെ അധികം സമയം കിട്ടാറില്ല.

ഭർത്താവിന്റെ വീട്ടിലായിരുന്ന സമയത്ത് റസ്റ്റ് എന്ന് പറയുന്ന സാധനം കിട്ടിയിരുന്നില്ല.

ഇപ്പോൾ ഭർത്താവിന്റെ ജോലിയുടെ ആവശ്യത്തിനു വേണ്ടി സ്വന്തമായി ഒരു വീട് എടുത്ത് മാറി താമസിച്ചപ്പോഴാണ് പിന്നെയും കുറച്ച് സമയമെങ്കിലും ഫ്രീയായി കിട്ടുന്നത്.

ആ സമയത്ത് ക്ഷീണം കൊണ്ട് കിടന്നുറങ്ങുകയാണ് പതിവ്.വീർത്തു വരുന്ന വയറിൽ തലോടിക്കൊണ്ട് അപ്പു ചിന്തിച്ചു.

“എടോ.. താൻ ഇത് എന്ത്‌ ആലോചിച്ചു നിൽക്കുകയാണ്..? ഈ അടുപ്പിൽ വച്ചിരുന്ന സാധനം ഒന്നും താൻ ശ്രദ്ധിക്കുന്നില്ല..”

അടുത്തേക്ക് വന്നു തട്ടി വിളിച്ചുകൊണ്ട് ഭർത്താവ് ചോദിച്ചപ്പോഴാണ് അടുപ്പിലിരിക്കുന്ന സാധനത്തിനെ കുറിച്ച് അവൾക്ക് ബോധം വന്നത്.

“അയ്യോ സോറി.. ഞാൻ എന്തോ ഓർത്തു നിന്നു പോയതാണ്..”അവൾ വല്ലായ്മയോടെ പറഞ്ഞു.

” ഈ സമയത്ത് അനാവശ്യമായ ചിന്തകളും ടെൻഷനും ഒന്നും പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതാണ്. ആവശ്യമില്ലാതെ ഓരോന്നൊക്കെ ഓർത്തു നിന്ന് ഓരോ അസുഖങ്ങൾ വരുത്തി വയ്ക്കരുത്.. ”

ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു. അത് കേട്ടപ്പോൾ അവൾക്ക് ചെറിയ രീതിയിൽ വിഷമം തോന്നി.

“ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.തന്റെയും തന്റെ വയറ്റിൽ വളരുന്ന നമ്മുടെ കുഞ്ഞിന്റെയും നല്ലതിനു വേണ്ടിയല്ലേ ഈ പറയുന്നത്..?”

അവളെ ചേർത്തുപിടിച്ച് അവൻ അത് പറയുമ്പോൾ അവൾക്ക് ഉള്ളിൽ ഉണ്ടായിരുന്ന ചെറിയ പരിഭവം പോലും മാറിക്കിട്ടി.

” ഞാൻ വരുമ്പോൾ കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നല്ലോ.. എന്താ കാര്യം..? എന്നോട് പറയാൻ പറ്റുന്നത് വല്ലതും ആണോ.?”അവൻ ചോദിച്ചപ്പോൾ അവൾ അവനെ കൂർപ്പിച്ചു നോക്കി.

” ഏട്ടനോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒന്നും തൽക്കാലം ഇല്ല. എന്നെ എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു. ഞാൻ അവളെ കുറിച്ച് ഓർത്തു പോയതാണ്. ”

അവൾ പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു.“ഏതാടോ തന്റെ കൂട്ടുകാരി..? ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കഥാപാത്രം ആണല്ലോ..”

അവൻ ആകാംക്ഷയോടെ അന്വേഷിച്ചു.“അഭി.. എന്നോടൊപ്പം ഡിഗ്രിക്ക് പഠിച്ചതാണ്. അങ്ങനെ പറയുന്നതിനേക്കാൾ എളുപ്പം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയാനാണ്.

പഠിക്കുന്ന കാലഘട്ടത്തിൽ ഒക്കെ ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. പിന്നെ അവളുടെ വിവാഹം കഴിഞ്ഞ് പോയതിനു ശേഷം ആണ് കോൺടാക്ട് ഒക്കെ കുറഞ്ഞത്.

പിജി പഠിക്കുന്ന സമയത്ത് എന്റെയും കല്യാണം കഴിഞ്ഞതാണല്ലോ.. അതിനുശേഷം പിന്നെ ആരുമായും കോൺടാക്ട് നില നിർത്താൻ പറ്റിയിട്ടില്ല..”

അവളുടെ വിഷമം അവന് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.വിവാഹം കഴിയുന്നതോടെ പെൺകുട്ടികളുടെ സൗഹൃദവും അവരുടെ ജീവിതരീതികളും മുഴുവനായും മാറിപ്പോകുന്നു.

എന്നാൽ ആൺകുട്ടികളെ സംബന്ധിച്ച് വളരെ വ്യത്യാസങ്ങളൊന്നും അവരുടെ ജീവിതശൈലിയിൽ വരുന്നതുമില്ല. ശരിക്കും എന്തുകൊണ്ടാണ് അങ്ങനെ…?

അവൻ സ്വയം ചോദിച്ചു.” നാളെ കോഫി ഷോപ്പിൽ വച്ച് കാണാം എന്ന് അവൾ പറഞ്ഞിട്ടുണ്ട്. ”അവളുടെ സംസാരമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

” അല്ല അപ്പൊ താൻ എങ്ങനെ പോകും..? ”അവൻ ചോദിച്ചു.” ഞാൻ ഓട്ടോയിൽ പൊക്കോളാം.. ”അവൾ പറഞ്ഞപ്പോൾ അവൻ മുഖം ചുളിച്ചു.

“ഇങ്ങനെ മുഖം ചുളിക്കണ്ട. ഞാൻ ശ്രദ്ധിച്ചു പോയി വന്നോളാം. വയറ്റിൽ കിടക്കുന്നത് എന്റെയും കൂടി കുഞ്ഞാണെന്ന് മറന്നു പോകണ്ട.”

ചുണ്ടുകോട്ടി പരിഭവത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു.“ഞാനൊന്നും പറയുന്നില്ല. ശ്രദ്ധിച്ചു പോയി നാളെ കൂട്ടുകാരിയെ കണ്ടിട്ട് വാ..”അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതം അറിയിച്ചു.

രാത്രിയിൽ കിടന്ന സമയത്തും അവളുടെ ചിന്തകൾ മുഴുവൻ അഭിയെ കുറിച്ചായിരുന്നു.

ഇത്രയും വർഷങ്ങൾക്ക് ശേഷം അവൾ തന്നെ വിളിക്കുമെന്നോ കാണാൻ ശ്രമിക്കുമെന്നോ ഒരിക്കൽ പോലും കരുതിയതല്ല. കാരണം തങ്ങൾ തമ്മിൽ പിരിഞ്ഞത് അത്ര നല്ല അനുഭവത്തോടെ ആയിരുന്നില്ല.

കോളേജിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ സീനിയർ ആയിരുന്നു അരുൺ. ഇടയ്ക്ക് എപ്പോഴോ അവന്റെ കണ്ണുകൾ ഞങ്ങൾ രണ്ടുപേരും നിൽക്കുന്ന സമയത്ത് ഞങ്ങളിലേക്ക് പാറി വീഴുന്നത് ഞങ്ങൾ രണ്ടാളും ശ്രദ്ധിച്ചിരുന്നു.

അത് കണ്ടപ്പോൾ ഒരിക്കൽ കുസൃതിയോടെ അവൾ പറഞ്ഞിരുന്നു അവൻ നോക്കുന്നത് എന്നെ ആണെന്ന്.

അത് കേട്ടപ്പോൾ മുതൽ ഞാൻ അവനെയും ശ്രദ്ധിക്കാൻ തുടങ്ങി. ഞങ്ങൾ എവിടേക്ക് പോകുമ്പോഴും അവന്റെ കണ്ണുകൾ പിന്നാലെ വരുന്നത് ഞാൻ അറിഞ്ഞിരുന്നു.

അവൻ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതോടെ എന്റെ മനസ്സിലും അവനോടുള്ള പ്രണയം മൊട്ടിട്ടു തുടങ്ങി.

ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ്, അവനോട് സംസാരിക്കാനുള്ള ഒരു അവസരം കിട്ടുന്നത്. അതിനുള്ളിൽ തന്നെ, എന്റെ മനസ്സിൽ അവൻ വല്ലാതെ പതിഞ്ഞു പോയിരുന്നു.

അന്ന് അവനോട് സംസാരിച്ചപ്പോൾ അവൻ അവന്റെ ഇഷ്ടം തുറന്നു പറഞ്ഞു.അത് പക്ഷേ എന്നോട് ആയിരുന്നില്ല എന്ന് മാത്രം. അതിനേക്കാൾ ഏറെ എന്നെ ഞെട്ടിച്ചത് അവൻ ഇഷ്ടം പറഞ്ഞ ഉടനെ ചുവന്ന കയറിയ അവളുടെ മുഖമായിരുന്നു.

ഞാൻ മുന്നിൽ നിൽക്കുന്നത് പോലും ചിന്തിക്കാതെ അവനോട് അവളും തന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവരുടെ ഇടയിൽ താൻ വെറുതെ ഒരു വിഡ്ഢിയായി മാറി എന്നൊരു തോന്നൽ ആയിരുന്നു ഉണ്ടായിരുന്നത്.

അതുകൊണ്ടു തന്നെ പിന്നീടുള്ള ദിവസങ്ങളിൽ അവർക്കിടയിൽ നിൽക്കാതെ ഒഴിഞ്ഞു മാറി നടക്കാനാണ് താൻ ശ്രമിച്ചത്.

ആ വർഷം തന്നെ അവളുടെ വിവാഹം ഉറപ്പിച്ചെങ്കിലും ആ വിവാഹത്തിന് തലേദിവസം അവൾ അരുണിനോടൊപ്പം ഇറങ്ങി പോയി.അത് അവളുടെ കുടുംബത്തിന് ഒരു തീരാ വേദനയായി മാറിയിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം ഞങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും ഒരു കൂടിക്കാഴ്ച എന്തിനാണെന്ന് അറിയാനും കഴിയുന്നില്ല.

അങ്ങനെയുള്ള ചിന്തകളോടെയാണ് അവൾ ഉറക്കത്തിലേക്ക് വഴുതി വീണത്.പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ അവൾ അഭിയെയും കാത്ത് കോഫി ഷോപ്പിൽ ഇരുന്നു. പറഞ്ഞതിലും വൈകിയാണ് അഭി അവിടെ എത്തിയത്.

പണ്ടത്തെതിന്റെ നിഴൽ രൂപം എന്നു മാത്രം പറയാവുന്ന ഒരു രൂപമായിരുന്നു അഭിയുടേത്.അത് കണ്ടപ്പോൾ അപ്പുവിന് ഒരു ഞെട്ടൽ പ്രകടമായിരുന്നു.

” ഇതെന്തൊരു കോലമാണ്..? ”സ്നേഹത്തോടെയും വാത്സല്യത്തോടെയും അപ്പു ചോദിക്കുമ്പോൾ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അഭി പൊട്ടിക്കരഞ്ഞു.

“ഞാൻ ഒരുപാട് പേരോട് തെറ്റുകൾ ചെയ്തിട്ടുണ്ട്. നീയും അതിൽ ഉൾപ്പെടുന്നു. അതിന്റെയൊക്കെ ഫലമായിരിക്കണം ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.”

അവൾ അത് പറയുമ്പോൾ പറഞ്ഞത് മനസ്സിലാകാതെ അപ്പു അവളെ തുറിച്ചു നോക്കി.

“അരുണിന് പ്രണയം എന്നോടാണ് എന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും അവൻ നോക്കുന്നത് നിന്നെയാണെന്ന് ഞാൻ നിന്നോട് നുണ പറഞ്ഞു.

അവൻ എന്നോട് ഇഷ്ടം തുറന്നു പറയുമ്പോൾ നീ വേദനിക്കുന്നത് കണ്ട് ഉള്ളിൽ ഞാൻ സന്തോഷിച്ചിട്ടുണ്ട്.

വിവാഹ പന്തലിൽ നിന്ന് അത് വേണ്ടെന്ന് വച്ച് അവനോടൊപ്പം ഞാൻ ഇറങ്ങി പോകുമ്പോൾ മനസ്സ് വല്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു.

എന്റെ ഇഷ്ടം നേടി എന്ന് ഞാൻ അഹങ്കരിച്ചു. പക്ഷേ നമ്മൾ പുറമേ കാണുന്നതു പോലെയല്ല ഒരാൾ എന്ന് മനസ്സിലാക്കാൻ എനിക്ക് അവനോടൊപ്പം ഉള്ള ജീവിതം വേണ്ടി വന്നു.

വിവാഹം കഴിഞ്ഞദിവസം മുതൽ അവന്റെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാൻ തക്ക ഒരു പാവ മാത്രമായി ഞാൻ മാറിയിരുന്നു. രാവന്തിയോളം അവന്റെ വീട്ടിലെ അടുക്കളയിൽ കിടന്ന് ഞാൻ കഷ്ടപ്പെടണം.

രാത്രിയായാൽ അവന്റെ പരാക്രമങ്ങൾക്ക് ഞാൻ കിടന്നു കൊടുക്കണം. അതല്ലാതെ അവന്റെ ജീവിതത്തിൽ എനിക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.

ഇപ്പോഴും അതുതന്നെയാണ് അവസ്ഥ. പക്ഷേ ഇതിൽ നിന്ന് രക്ഷപ്പെടാൻ ദൈവം എനിക്കൊരു വഴി കാണിച്ചു തന്നിട്ടുണ്ട്. ക്യാൻസറാണ്.. അവസാന ഘട്ടം .

ചികിത്സകൾ കൊണ്ടും ഇനി ഫലം ഒന്നുമില്ലാ എന്നറിയാം. മരിക്കുന്നതിനു മുൻപ് നിന്നെ കണ്ട് തെറ്റുകൾ ഏറ്റു പറയണം എന്നൊരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. എന്തായാലും അത് നടന്നല്ലോ.. മാപ്പ്… ”

അത്രമാത്രം പറഞ്ഞുകൊണ്ട് അപ്പുവിന്റെ മറുപടി പോലും കാത്തു നിൽക്കാതെ അഭി നടന്നു നീങ്ങുമ്പോൾ അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

തന്റെ പ്രിയ സുഹൃത്തിന്റെ അവസ്ഥയോർത്ത് അവളുടെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *