ഈ വയ്യാത്ത ചെക്കനെയും കൂടെ നി എങ്ങിനെ നോക്കാനാണ് അജിയെ?”” ഷിബുവേട്ടൻ ഉണ്ടായിരുന്നേൽ ഞങ്ങടെ കുഞ്ഞിനൊപ്പം ഈ

നൊമ്പരപ്പൂവ്
രചന- തസ്യ ദേവ

കല്യണം കഴിഞ്ഞു നാല് വർഷങ്ങൾക്ക് ശേഷം തന്നേയും രണ്ടുവയസുള്ള കുഞ്ഞിനെയും അനാഥരാക്കി ഒരാക്‌സിഡന്റിൽ ഷിബുവേട്ടൻ പോകുമ്പോൾ തനിക്ക് മുൻപിൽ ശൂന്യത മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്.

അവിടെ നിന്ന് നല്ലവരായ കുറച്ചു നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് ദിവസ വേതനത്തിൽ അടുത്തുള്ള പാൽ സൊസൈറ്റിയിൽ കണക്കെഴുതാനുള്ള ജോലി വാങ്ങി തന്നു. ഷിബുവേട്ടന്റെ അസുഖക്കാരിയായ അമ്മയ്ക്കും

അനിയനും തനിക്കും കുഞ്ഞിനും ആഹാരം കഴിച്ചു പോകാൻ അത് മതിയായിരുന്നു. എന്നാൽ താനൊഴികെ ബാക്കി മൂന്നുപേർക്കുമുള്ള മരുന്നിന്റെ കാര്യം വരുമ്പോൾ താൻ നക്ഷത്രമെണ്ണി തുടങ്ങി.

” മെമ്പറെ ആ കൊച്ചു ഡിഗ്രി ഒക്കെ കഴിഞ്ഞതാ, അതിനു പറ്റുന്ന ഒരു ജോലി തരവാക്കി കൊടുക്കുവോ? ഞാൻ പോയാലും അതുങ്ങൾക്ക് ജീവിക്കണ്ടേ?”

ഷിബുവേട്ടന്റെ അമ്മയുടെ വേവലാതി പറച്ചിലിന്റെ ഫലമായിട്ടാണ് തനിക്ക് മെമ്പർ അടുത്തുള്ള കുടുംബശ്രീയുടെ സ്വയം തൊഴിൽ കേന്ദ്രത്തിൽ അകൗണ്ടന്റ് ആയി ഒഴിവ് വന്നപ്പോൾ വിളിച്ചത്.

അതുവല്ലാത്തൊരാശ്വാസമായിരുന്നു എന്നാൽ താൻ ജോലിക്ക് കയറി രണ്ട് മാസം കഴിഞ്ഞതും അമ്മ യാത്രപറഞ്ഞു പോയി. അന്നുവരെയും വിശേഷദിവസങ്ങളിൽ മാത്രം അമ്മയ്ക്ക്

കൈമടക്കും പുത്തനുടുപ്പം ആയി വന്നിരുന്ന മക്കൾ എല്ലാം ഒരുമിച്ചു കൂടി ;ആകെ ഉണ്ടായിരുന്ന ഏഴ് സെന്റിന്റെ ഷെയറും ചോദിച്ചു.

” ഒന്നിൽ ഇത് വിറ്റ് നമുക്ക് പൈസ തുല്യമായി നാലായി വീതിയ്ക്കാം. ഇല്ലേൽ സ്ഥലത്തിന്റെ ഇപ്പോഴത്തെ വിലയ്ക്കനുസരിച്ചൊരു തുക നി തന്ന് ഈ വീടും പറമ്പും നിയെടുത്തോ…”

ഷിബു ഏട്ടന്റെ മൂത്ത സഹോദരന്റെ വാക്കുകൾ ബാക്കി ഉള്ളവരും ശെരിവെച്ചു. അമ്മയും ഷിബുവേട്ടനും ഉറങ്ങുന്ന ആ മണ്ണ് വിട്ടുകളയാൻ മനസില്ലായിരുന്നെങ്കിലും തനിക്ക് മുൻപിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

വീട് വിറ്റു തങ്ങൾക്കുള്ള വിഹിതവുമായി അവർ യാത്ര പറഞ്ഞു. ബാക്കി ആയത് ഷിബുവേട്ടന്റെ ബുദ്ധികുറവുള്ള ഇളയ സഹോദരൻ ഷാജിയും താനും കുഞ്ഞും മാത്രമായിരുന്നു. കൂട്ടികൊണ്ടുപോകാൻ

വന്ന അച്ചന്റെയും അമ്മയുടെയും ഒപ്പം താൻ പോകുമ്പോൾ തന്റെ മകൾക്കൊപ്പം ഷാജിയെയും കൂടെ കൂട്ടി. ഷാജി തങ്ങൾക്കൊപ്പം ഉണ്ടെന്നറിഞ്ഞപ്പോൾ തന്റെ അമ്മയാണ് തന്നോട് ചോദിച്ചത്

” ഈ വയ്യാത്ത ചെക്കനെയും കൂടെ നി എങ്ങിനെ നോക്കാനാണ് അജിയെ?”” ഷിബുവേട്ടൻ ഉണ്ടായിരുന്നേൽ ഞങ്ങടെ കുഞ്ഞിനൊപ്പം ഈ മനുഷ്യനെയും നോക്കിയേനെ അമ്മേ.”

പിന്നീട് കൂടുതലൊന്നും അമ്മ ചോദിതോ പറഞ്ഞതോയില്ല. എന്നെ കാട്ടിലും നാലോ അഞ്ചോ വയസ് കൂടുതലുണ്ട് എങ്കിലും പ്രായഭേദമന്യേ എല്ലാവർക്കും ആ മനുഷ്യൻ ഷാജിയാണ്. നീണ്ടു മെലിഞ്ഞു വെളുത്ത നിരയോക്കാത്ത പല്ലുള്ള ഒരു

മനുഷ്യൻ. പ്രായത്തിനൊത്ത കഴിവില്ല എങ്കിലും എല്ലാവരോടും സ്നേഹം മാത്രമുള്ള, കയ്യിൽ കിട്ടുന്ന എന്തും തനിക്ക് ചുറ്റുമുള്ളവർക്ക് കൊടുക്കുന്ന നിഷ്കളങ്കനായിരുന്നു അയാൾ.

അച്ഛൻ മേസ്തിരിപ്പണിയ്ക്കും അമ്മ തൊഴിലുറപ്പിനും താൻ ജോലിക്കും പോകുമ്പോൾ കുഞ്ഞിനെ ഷാജിയാണ് നോക്കിയിരുന്നത്.

” ഷാജി, ചോറും കറിയും ഈ പാത്രത്തിൽ മൂടി വെച്ചിട്ടുണ്ട്. കുഞ്ഞിനുള്ള കഞ്ഞി അരച്ചു ഈ ഫ്ലാസ്ക്കിൽ ഉണ്ട്. അതെടുത്ത് ഈ സ്റ്റീൽ പാത്രത്തിൽ ഒഴിച്ചു തണുത്തിട്ടു ഈ സ്പൂണിൽ കോരി കുറച്ചു കുറച്ചായി കുഞ്ഞിന് കൊടുക്കണം.

ഇടയ്ക്ക് ഈ നിപ്പിൾ ബോട്ടിലിൽ വച്ചിരിയ്ക്കുന്ന വെള്ളം കൊടുക്കണം കേട്ടോ…കരഞ്ഞാൽ ഈ പാവ കളിയ്ക്കാൻ കൊടുക്കണം പിന്നെ മുള്ളിയാൽ ഈ നിക്കർ ഇടിയിച്ചാൽ മതി

ചീത്ത ആയ തുണി ഈ ബക്കറ്റിൽ ഇട്ടേക്കണേ…ആരെ കൊണ്ടും മോളേ എടുപ്പിക്കരുത്…ആവശ്യം ഇല്ലാതെ പുറത്തു പോകണ്ട…ഞങ്ങൾ ആരേലും വന്നിട്ട് പുറത്തു ഇറങ്ങാം…”

ഞാനിതെല്ലാം പറയുമ്പോൾ ഷാജി എല്ലാം തലകുലുക്കി കേൾക്കും.” നിയി പറയുന്നതൊക്കെ ആ കൊച്ചു ചെയ്യുവോ?”

എന്നച്ഛനും അമ്മയും ചോദിക്കുമ്പോൾ ഞാൻ ജോലിക്ക് പോകുമ്പോൾ ഷിബുവേട്ടന്റെ അമ്മ തനിക്കൊപ്പം നിർത്തി ഷാജിയെകൊണ്ടു മോളുടെ ഓരോ കാര്യങ്ങളും ചെയ്യിക്കുന്നതാണ് ഓർമ്മ വരിക. അന്ന് ഈ ചോദ്യം താൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞ മറുപടി ഇന്നും ഉള്ളിലുണ്ട്.

” ഇവന് എന്റെ മറ്റു മക്കളെ പോലെ കഴിവില്ല എന്നറിഞ്ഞപ്പോൾ എല്ലാവരും ഇവനെ ഭാരമായി കണ്ടു ; പക്ഷെ അന്ന് ഇവന്റെ അച്ചൻ ഇവനെയും കൊണ്ട് എല്ലായിടത്തും പോകും അവനു മനസിലാകുന്ന പോലെ എല്ലാം പറഞ്ഞു

കൊടുക്കും. അവനെക്കൊണ്ടു തന്നെ അവന്റെ ഓരോ കാര്യവും ചെയ്യിക്കും. എന്നിട്ട് എന്നോട് പറയും ‘ നാളെ നമ്മൾ മരിച്ചു കഴിഞ്ഞ് ഇവൻ തനിയെ ആരുമില്ലാതെയായാലും അവന്റെ കാര്യങ്ങൾ അവൻ സ്വയം ചെയ്യാൻ ശ്രമിക്കട്ടെ’ എന്നു.”

അത്കൊണ്ട് തന്നെ ആൾ സ്വന്തം കാര്യം ആരെയും ആശ്രയിക്കാതെ തന്നെ ചെയ്യും അമ്മ പഠിപ്പിച്ചത് കൊണ്ട് തന്നെ അത്യാവശ്യം മോളുടെ കാര്യവും. എന്നാലും ജോലിക്ക് പോകും മുൻപ് എന്നും എല്ലാം ഓർമ്മിപ്പിക്കും.

ഞങ്ങൾ പോയി കഴിഞ്ഞാൽ വരും വരെ മോളുടെ മുഴുവൻ കാര്യവും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ആൾ ചെയ്യും.

ആദ്യമൊക്കെയും അച്ഛനും അമ്മയും സംശയത്തോടെ നോക്കിയിരുന്ന ഷാജിയെ പിന്നീടവർ സ്വന്തമായി ചേർത്ത് പിടിച്ചു . അവർക്കൊരു മകളായി ഞാനും മകനായി ഷാജിയും അവരുടെ മനസ്സിൽ ചേർന്നു.

പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം അച്ഛനും അമ്മയും അടുത്തടുത്ത് വിടപറഞ്ഞു പോയി. ക്യാൻസറിന്റെ വേദനയിലും അച്ഛൻ ഷാജിയെ അരികിലേക്ക് വിളിച്ചു പറഞ്ഞത് ‘തനിക്കും കുഞ്ഞിനും കൂട്ടായി

ഉണ്ടാവണേയെന്നാണ് ‘. അന്നഛന്റെ നേരെ തലകുലുക്കി കൈപിടിച്ചു സമ്മതിച്ചു കൊടുത്ത വാക്ക് ഇന്നീ ആറാം വർഷവും ആ മനുഷ്യൻ കാത്തു സൂക്ഷിക്കുന്നുണ്ട്.

തന്റെ ചൊടിയിൽ പറ്റിയ നനവാണ് അജിയെ ഓർമ്മകളിൽ നിന്നും തിരികെയെത്തിച്ചത്. നോക്കുമ്പോൾ തന്റെ ചുണ്ടുകളിലേക്ക് ഒരു സ്പൂണ് നിറയെ കഞ്ഞിയും ചേർത്ത് പിടിച്ചു ചിരിയോടെയിരിക്കുകയാണ് ഷാജി.

മെല്ലെ വായ് തുറന്നു ആഹാരം കഴിച്ചു മതിയെന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ കയ്യിലിരുന്ന നനവുള്ള തോർത്തു കൊണ്ട് മുഖം തുടച്ചു വായും കഴുകിച്ചു അലസമായി കിടന്ന തന്റെ ഡ്രസ്

നേരെയാക്കി തന്നെ നേരെ കിടത്തി ആ മനുഷ്യൻ വീണ്ടും തന്നെ നോക്കി ചിരിച്ചു കാട്ടി റൂമിൽ നിന്നും പുറത്തേക്ക് പോയി. വീണ്ടും വരുമ്പോൾ ആ കയ്യിൽ തനിക്കായുള്ള ഗുളികയും ഉണ്ടായിരുന്നു.

” ഷാജി നി എന്തേലും കഴിച്ചോ? “മറുപടിയായി നിരതെറ്റിയ പല്ലുകൾ മനോഹരമായി കാട്ടി കുഴിഞ്ഞ കണ്ണുകൾ ഇറുക്കി ഷാജി ചിരിച്ചുകാട്ടി. അജിയും ചെറു ചിരി നൽകി. തനിക്കായി നീട്ടിയ ഗുളിക കഴിച്ചു കഴിഞ്ഞപ്പോൾ കേട്ടു

” ഷാജിപ്പാ…” എന്ന വിളിസ്‌കൂളിൽ നിന്ന് തിരികെയെത്തിയ തന്റെ മകളുടെയാണ് ആ വിളി. അവളുടെ വിളി കേട്ടതും ഷാജി വേഗം പുറത്തേക്കിറങ്ങി. അജി വീണ്ടും ഓർമ്മകളിലേക്ക് ചേക്കേറി.

അച്ചന്റെ അസ്ഥി ഒഴുക്കി തിരികെ വരുമ്പോഴാണ് പോയ ഓട്ടോ ഒരു കാറുമായി ഇടിച്ചത് നിസാര പരിക്കുകളോടെ മോളും ഷാജിയും രക്ഷപെട്ടു ഡ്രൈവർ സംഭവസ്ഥലത്ത്

വെച്ചു തന്നെ മരിച്ചു തനിക്കായി വിധി കാത്തുവെച്ചത് കഴുത്തിന് താഴ്പോട്ടു മരമായി തീർന്ന ഈ ശരീരം മാത്രമായിരുന്നു.

” ഇനിയൊന്നും ചെയ്യാനില്ല” എന്നു പറഞ്ഞു ഡോക്ടർ വീട്ടിലേക്ക് പറഞ്ഞു വിട്ടപ്പോൾ ഷിബുവേട്ടന്റെ ശൂന്യതയിൽ അനുഭവിച്ചതിലും വലിയ നിസ്സഹായതയായിരുന്നു മുൻപിൽ. തന്റെ ആകുലതകൾ അത്രയും ഷാജിയെയും മോളേയും കുറിച്ചായിരുന്നു.

” ആരുമില്ലാത്തവന് മുൻപിൽ ദൈവം വെളിച്ചം വീശും…”അതാണ് തന്റെ ജീവിതത്തിലും സംഭവിച്ചതും. എല്ലാവരും തഴഞ്ഞ ഷാജി ആയി പിന്നീട് വീടിന്റെ നാഥൻ പാലിയേറ്റിവ്കാർ പറഞ്ഞു കൊടുത്തത് പോലെ എന്റെ കാര്യങ്ങൾ

അന്ന് മുതൽ ഷാജി ചെയ്ത് തുടങ്ങി മോളുടെ കാര്യങ്ങളും ഓരോന്നായി ശ്രദ്ധിച്ചു ചെയ്തു അതിന്റെ കൂടെ തൊഴിലുറപ്പുകാരുടെ കൂടെ പണിക്ക്

പോകാനും സോപ്പ് നിർമ്മാണ യൂണിറ്റിൽ സോപ്പ് ഉണ്ടാക്കാനും ഒക്കെ പോയി തുടങ്ങി. ഇന്ന് എന്റെ മോളുടെ അച്ഛനും അമ്മയും വല്യച്ഛനും ചേട്ടനും എല്ലാം ഷാജിയാണ്.

ഓരോ ദിവസവും ഷാജി എന്ന മനുഷ്യൻ എനിക്ക് മുൻപിൽ ദൈവമായി തീരുകയായിരുന്നു. ഇന്നി ഭൂമിയിൽ എനിക്കും മോൾക്കും മുന്നോട്ടുള്ള ഓരോ ദിവസത്തേക്കും വഴി തെളിയിക്കുന്ന കാവൽ മാലാഖ.

Leave a Reply

Your email address will not be published. Required fields are marked *