ആയില്യം
(രചന: Vaisakh Baiju)
” ഇനിയും കുറേ ദൂരമുണ്ടോ മോനേ?? “, ഞാൻ ഉള്ളിലെ വെമ്പൽ അടക്കാൻ കഴിയാതെ വീണ്ടും തിരക്കി
” അമ്മയൊന്നു സമാധാനപ്പെട്… ഇനി വലിയ ദൂരമൊന്നുമില്ല… “, മകൻ അല്പം രൂക്ഷമായാണ് മറുപടി പറഞ്ഞത്.
അവനെ എങ്ങനെ കുറ്റം പറയും…. കൊല്ലത്ത് നിന്നും പുറപ്പെട്ടിട്ട്… ഞാനിതേ ചോദ്യം… എത്രാമത്തെ വട്ടമാണ് ചോദിക്കുന്നത്… മുന്നിലെ ഇരുട്ടിൽ മുഖത്തേക്ക് വീശുന്ന കാറ്റും… എന്തൊക്കെയോ കുറേ ഒച്ചകളും മാത്രമാണുള്ളത്…
മണ്ണാറശാല ആയില്യം കാണാൻ മോഹം തോന്നിയിട്ട് നാള് കുറേയായി… എന്തായാലും മകനോട് പറഞ്ഞപ്പോൾ… അല്പം പണിപ്പെട്ടിട്ടായാലും അവസാനം സമ്മതിച്ചു…അങ്ങനെ പുലർച്ചെ പുറപ്പെട്ടതാണ്…
ആദ്യമായിട്ടല്ല ഞാൻ ഇവിടേക്ക് വരുന്നത്… അദ്ദേഹം മരിക്കും വരെ എല്ലാ കൊല്ലവും ഞങ്ങൾ ഇവിടെ വരുമായിരുന്നു…. കല്യാണം കഴിഞ്ഞ സമയത്തെപ്പോഴോ ഒരു കണിയാൻ പറഞ്ഞതനുസരിച്ചു തുടങ്ങിയതാണ്…
പെട്ടെന്നൊരുനാൾ അദ്ദേഹം പോയി… പിന്നീട് താൻ അവിടം കണ്ടിട്ടില്ല… ആ ക്ഷേത്രവും അതിനെ ചുറ്റി നിൽക്കുന്ന സർപ്പഗന്ധി മരങ്ങളും… സദാസമയം നിറയെ മീനുകൾ പുളയ്ക്കുന്ന ആ വലിയ കുളവും… ആൽമരവും… നിലയ്ക്കാതെ
കേട്ടുകൊണ്ടിരിക്കുന്ന പുള്ളോർ പാട്ടും…. കാറ്റിൽ അലിയാതെ തളം കെട്ടി നിൽക്കുന്ന മഞ്ഞൾ പൊടിയുടെ ഗന്ധവും…. ഇവയെല്ലാം അന്നെപ്പോഴോ
എന്റെയുള്ളിൽ അടഞ്ഞ ഒരു കാഴ്ചയായി ഉറച്ചു പോയിരുന്നു… ഇന്നിപ്പോ കാഴ്ച പൂർണ്ണമായും ഇല്ലാതായിരിക്കുന്നു… തിമിരത്തിന്റെ അങ്ങേയറ്റം കണ്ടു തുടങ്ങിയിരിക്കുന്നു…
ഒരു കൂട്ടിന് ശ്രീജയെ വിളിച്ചു… പിള്ളേരെയും ഇട്ടിട്ട് ഈ കൂത്തിന് വരാൻ വയ്യെന്ന് അവൾ തുറന്നങ്ങു പറഞ്ഞു…. നിർബന്ധിച്ചു വിളിച്ചോണ്ട് വന്നിട്ടെന്തിനാ….
ആളുകൾ നിറയെ കൂടിയിട്ടുണ്ട്… മണ്ണാറശാല ക്ഷേത്രം ജനനിബിഢമായിരിക്കുന്നു.. പുള്ളോർപാട്ടുകാർ പല പല നാളുകൾ പറഞ്ഞ്… ഉച്ചത്തിൽ പാടുന്നുണ്ട്…
” നാഗങ്ങൾ ജീവനുള്ള ദൈവങ്ങളാണ്…”, അമ്മായിയമ്മ പണ്ട് പറഞ്ഞ വാക്കുകൾ പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു… മാസമുറയ്ക്ക് ഉപയോഗിച്ച തുണി കത്തിച്ചു കളയാത്തതിന് വഴക്ക് പറഞ്ഞതിന്റെ കൂട്ടത്തിൽ
പറഞ്ഞതാണ്….. ആർത്തവരക്തം പുരണ്ട തുണിയിൽ പാമ്പ് തൊട്ടാൽ ഏഴ് തലമുറയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലത്രേ…അന്ന് താൻ ഭയപ്പാടോടെ അവ കൂട്ടിയിട്ട് കത്തിച്ചതും ഓർമ്മ വന്നു..
കാഴ്ച്ചയിൽ ഇരുട്ടാണെങ്കിലും… ചുറ്റിലും നടക്കുന്നതെല്ലാം കാതിലൂടെ ഉള്ളിലേക്ക് ഉറഞ്ഞു കൂടുന്നുണ്ട്….
പണ്ടൊരിക്കൽ അദ്ദേഹത്തിന്റെ കൈപിടിച്ച് ഇവിടെ വന്നപ്പോഴും ഈ
ആലിൻചുവട്ടിലാണ് ഇരുന്നത്…അന്ന് തളർച്ച കൊണ്ട് അദ്ദേഹത്തിന്റെ തോളിൽ ചാരിയിരുന്നു മയങ്ങിയത്… ഓർക്കുമ്പോൾ കാലം തന്നെ വലിച്ചു പിടിച്ചു പിന്നിലേക്കെവിടെയോ കൊണ്ടു പോയ് നിർത്തും പോലെ… മനസ്സും കണ്ണും നിറയുന്നുണ്ട്….
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ സഞ്ചിയിൽ കയ്യിട്ട് കുറച്ചു നാണയങ്ങളും പത്തിന്റെ നോട്ടുകളും… എപ്പോഴോ ചേർത്ത് വച്ചതാണ്…. കുഞ്ഞുങ്ങൾക്കുള്ള ചരട് ജപിച്ചു വാങ്ങണം… കുഞ്ഞുങ്ങളിൽ ഇളയതിന് ഇടയ്ക്കുണ്ടാവുന്ന ശ്വാസംമുട്ടൽ
സർപ്പാദോഷത്തിന്റെയാണെന്നാണ് അന്ന് നോക്കിച്ചപ്പോൾ കണിയാൻ പറഞ്ഞത്… ഒറ്റയ്ക്ക് പോകാൻ വയ്യ… തപ്പി തടഞ്ഞു വീണാൽ അവന്റെ വായിലിരിക്കുന്നത് കേൾക്കും…. അച്ഛന്റെ ദേഷ്യം അതുപോലെ കിട്ടിയ മോനാണ്
അവനോട് പറയാം…
” മോനേ… ഇവിടെ എവിടെയാ ഈ ചരടിന് എഴുതിക്കുന്ന സ്ഥലം…. മോനൊന്നു പോയിട്ട് വാ…. കുഞ്ഞുങ്ങളുടെ പേരിൽ എഴുതിക്കാനാണ്”, ഞാൻ കയ്യിൽ ചരുട്ടിയെടുത്ത നാണയങ്ങളും നോട്ടുകളും മോന്റെ നേർക്ക് നീട്ടി…
മറുപടിയില്ല…!!”മോനേ…??, veendumഇത്തവണ എന്റെ ശബ്ദത്തിന് ഞാൻ പോലുമറിയാതെ എന്തോ ഒരു വിതുമ്പലിന്റെ, ഭയത്തിന്റെ നനവുണ്ടായിരുന്നു…
ആളുകളുടെ ഒച്ചയും കൂട്ടവും കണ്ടിട്ടാകണം… ആലിൻ ചുവട്ടിലെ പൊത്തിനുള്ളിൽ ഒരു പെൺസർപ്പം തന്റെ മുട്ടകളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലേക്ക് വേഗത്തിൽ ചുരുണ്ടു…