പിരിയാനാകാത്തവർ
(രചന: Ammu Santhosh)
“അനിയത്തി പ്രെഗ്നന്റ് ആണ് ” നീരജ വിശ്വാസം വരാതെ അമ്പരന്ന് ചന്തുവിനെ നോക്കി. അവന്റെ കണ്ണുകൾ കലങ്ങിയും മുഖം കുറച്ചു ദിവസമായി ഉറങ്ങാത്തവരെപ്പോലെ തളർന്നുമിരുന്നു.
“അവൾക്ക് എങ്ങനെ ഇങ്ങനെയൊരബദ്ധം പറ്റിയെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും.. അവന്റെ ശബ്ദം ഇടറി “എല്ലാം ഏട്ടനോട് പറയാറുണ്ടെന്ന് വീമ്പിളക്കാറുള്ളവളാണ്.
അച്ഛൻ ഇല്ലാത്തതു കൊണ്ട് അച്ഛനും ഏട്ടനും കൂട്ടുകാരനുമൊക്ക ചന്തുവേട്ടനാണെന്ന് ഒരായിരം തവണ പറഞ്ഞവൾ.”
“ആരാ? ആരാണ് ലവർ?” നീരജ ചോദിച്ചു “നമുക്ക് കല്യാണം നടത്തിക്കൊടുക്കാം ചന്തു.. ഇതിപ്പോ എന്താ ഇത്രയും തകരാൻ.?. വേഗം കല്യാണം നടത്തിക്കൊടുക്കാം ”
ചന്തു നീരജയെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..”അത് അവളുടെ സീനിയർ തന്നെ ആണ്. അജിത് .. കുറെ നാളായി തുടങ്ങിയിട്ട്. ഈ കള്ളത്തരം ഒളിപ്പിച്ചു വെയ്ക്കാൻ പെൺപിള്ളേർക്ക് എന്താ മിടുക്ക്!നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞു കളിയാക്കാറുണ്ട് അമ്മയും ഇവളും ചേർന്ന്..
നിന്നേ വീട്ടിൽ കൊണ്ട് വരണം എന്നൊക്കെ വാശി പിടിച്ചതും അവളാണ്. നിനക്ക് വല്ലോരുമുണ്ടെങ്കിൽ നേരെത്തെ പറഞ്ഞേക്കണേ എന്ന് പറയുമ്പോൾ അവൾ പറയും നമ്മളീ ബോറു പണിക്കൊന്നും പോവില്ലാന്ന്.. എന്നിട്ട്…നമ്മുടെ ബന്ധത്തേക്കാൾ പഴക്കമുണ്ട് അതിന്..”
“അത് സാരോല്ല ചന്തു. നമുക്ക് അവരുടെ വീട്ടിൽ ആലോചിച്ചു പോകാം അതിനെന്താ?”
“അമ്മാവനും അമ്മയും കൂടി പോയി ഞായറാഴ്ച. അവർക്ക് പ്രശ്നം ഒന്നുല്ല. ഒരു ചേച്ചി ഉണ്ട്. ഡിവോഴ്സിയാണ്.അവരുടെ കല്യാണത്തിന് ശേഷമേ ഉണ്ടാകു..”
“അതിപ്പോ എങ്ങനെ? അത് വരെ ഇവൾക്ക് ഇത് കൊണ്ട് ജീവിക്കാൻ പറ്റുമോ..? പ്രാക്ടിക്കൽ ആകാൻ പറയു ” നീരജ തെല്ല് ദേഷ്യത്തിൽ പറഞ്ഞു.
“പ്രാക്ടിക്കലായി അവരോരൂ കാര്യം പറഞ്ഞു. ഞാൻ അവളെ കല്യാണം കഴിക്കുക. ഒരെ പ്രായമാണ്. പിന്നെ ഒരു ഡോക്ടർ അവരുടെ കുടുംബത്തിൽ ഇല്ലത്രെ. കുറെ പണം മാത്രം ഉണ്ടായിട്ടെന്തു കാര്യം? വിവരം വേണ്ടേ?”നീരജ ഞെട്ടലോടെ അവനെ നോക്കി. അവൻ നേർമ്മയായ് ചിരിച്ചു.
“അത് പറ്റില്ല ഞാൻ എൻഗേജ്ഡ് ആണെന്ന് അമ്മ അവരോടു പറഞ്ഞു.. അപ്പൊ പിന്നെ കാത്തിരിക്കാൻ അവരും പറയുന്നു.. ആകെ വല്ലാത്ത ഒരവസ്ഥ.. അനിയത്തി കുറെ കരഞ്ഞു.. അമ്മയ്ക്ക് പേടിയുണ്ട് അവളെന്തെങ്കിലും.. ആകെ വല്ലാത്ത ഒരു പരീക്ഷണം ആയിപ്പോയി ”
നീരജയുടെ മുഖം വിളറിയും പകച്ചുമിരിക്കുന്നത് കണ്ട് ചന്തു മെല്ലെ നീരജയെ നെഞ്ചിൽ ചേർത്ത് പിടിച്ചു..
“എന്റെ മോളോന്നുമോർക്കേണ്ട ട്ടോ.. എന്ത് സംഭവിച്ചാലും ഇനിയെന്തൊക്ക വിഷമം ഉണ്ടായാലും.. നീ ഉണ്ടാവണം ഒപ്പം..ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും ചന്തു നിന്നേ ഉപേക്ഷിച്ചു പോവില്ല.. അങ്ങനെ ഉണ്ടായാൽ ചന്തു ജീവിക്കില്ല ”
നീരജ ഞെട്ടി മുഖത്തോട്ട് നോക്കവേ അവൻ അവളെ മെല്ലെയടർത്തി മാറ്റി ബൈക്കിനരികിലെക്ക് നടന്നു.വീട്ടിൽ ചെന്നപ്പോൾ അമ്മ കരഞ്ഞു തളർന്നു ഒരിടത്തിരുപ്പുണ്ട്.
“മോനെ,ഇന്നവൾ എന്നോട് മരിച്ചു കളയുമെന്ന് പറഞ്ഞു.ചോദിക്കുന്നത് കൊണ്ട് എന്റെ മോനൊന്നും തോന്നരുത്. മോൻ നീരജയ്ക്ക് വാക്കല്ലേ കൊടുത്തിട്ടുള്ളു.
അവളും ഒരു ഡോക്ടറല്ലേ മോനെ?അവൾക്ക് നല്ലൊരു ബന്ധം കിട്ടില്ലേ? നിങ്ങൾക്ക് കുറച്ചു കൂടി അറിവില്ലേ?ഞാൻ സംസാരിക്കാം നീരജയോട്..”അവൻ അവിശ്വസനീയതയോടെ അമ്മയെ നോക്കി
“എല്ലാവർക്കും അവനവന്റെ കുഞ്ഞുങ്ങൾ അല്ലെ മോനെ വലുത്? അമ്മ നിന്റെ കാലു പിടിക്കാം.. നമ്മുടെ കുഞ്ഞ്.. അവൾ എന്തെങ്കിലും ചെയ്തിട്ട് ഇനി നമ്മൾ ജീവിച്ചിരുന്നിട്ടെന്തിനാ?”
അമ്മ അവന്റെ തോളിലേക്ക് തല ചായ്ച്ചു വിങ്ങിക്കരഞ്ഞു.അവൻ അമ്മയെ ചേർത്ത് പിടിച്ചു അനങ്ങാതെ ഇരുന്നു.
വാക്കല്ലേ കൊടുത്തിട്ടുള്ളു എന്ന്. ശരിയാണ്. വാക്ക് മാത്രമേ കൊടുത്തിട്ടുള്ളു
നെഞ്ചോട് ചേർത്ത് ആയിരം തവണ പറഞ്ഞിട്ടുണ്ട് ചന്തു നിന്റെയാണെന്ന്..ഒരിക്കലും വിട്ടുപോവില്ലന്ന്. വാക്കായിരുന്നു.. ആ വാക്കിന് തന്റെ ജീവന്റെ വിലയുണ്ട്.
നീരജ ശ്യാമയെ കാണാൻ വന്നപ്പോഴും അമ്മ അതവർത്തിച്ചു. ഒരു പാട് കരഞ്ഞു..നീരജ അമ്മയുടെ കണ്ണുനീർ തുടച്ചു.ഉള്ളു വിങ്ങിപ്പൊട്ടുന്നുണ്ട്. മറക്കേണ്ടത്, വിട്ടു കൊടുക്കേണ്ടത് തന്റെ ജീവനെയാണ്.. അമ്മ പറഞ്ഞത് ശരിയാണ്.ചന്തു തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല, സ്നേഹിച്ചു എന്നതല്ലാതെ.
പക്ഷെ ഇവർക്കൊക്കെ മനസിലാകാതെ പോകുന്ന ഒന്നുണ്ട്. വാക്ക് കൊണ്ട് ബന്ധിക്കപ്പെട്ടതാണെങ്കിൽ കൂടി പറിച്ചെറിയുക എളുപ്പമല്ല എന്ന്.പ്രണയിച്ചിട്ട് പിരിയുമ്പോൾ മരിച്ചു പോവുമെന്ന്. പിന്നെ വെറുതെ ജീവിക്കും,ആർക്കോ വേണ്ടി എന്തിനോ വേണ്ടി..
ചന്തുവിനോടവൾ കുറച്ചു കൂടെ പ്രാക്ടിക്കൽ ആകാൻ പറഞ്ഞു. കല്യാണത്തിന് സമ്മതിക്കാനും. അങ്ങനെയേ അവൾക്കാവുമായിരുന്നുള്ളൂ
ശ്യാമ എല്ലാം അറിയുന്നുണ്ടായിരുന്നു… അമ്മയുടെ വേദന… ഏട്ടൻ ഉരുകി ഇല്ലാതെയാവുന്നത്..
നീരജയുടെ നെഞ്ചു പൊട്ടിയുള്ള സങ്കടം
അവൾക്കവളോട് തന്നെ പുച്ഛം തോന്നിഫോൺ ചെയ്യുമ്പോഴും അജിത് പറയുന്നതൊന്നും മാത്രം.
“നിന്റെ ഏട്ടൻ വിചാരിച്ചാൽ നടക്കും.. അല്ലാതെ എനിക്ക് ഈ കാര്യത്തിൽ ഒന്നും പറ്റില്ല. എനിക്ക് നിന്നേ ഇഷ്ടമാണ് കല്യാണം കഴിക്കുകയും ചെയ്യും പക്ഷെ അറിയാമല്ലോ. ചേച്ചി ഇങ്ങനെ നിൽക്കുമ്പോൾ പറ്റില്ല ”
ദിവസങ്ങൾ കടന്നു പോകുമ്പോൾ അമ്മയും തളരുന്നത് ചന്തു കാണുന്നുണ്ടായിരുന്നു. . അനിയത്തി ഒരു മുറിയിൽ തന്നെ.. താൻ ഒന്ന് മൂളിയാൽ ഈ കല്യാണം നടക്കും.. എല്ലാവർക്കും സമാധാനമാകും.
അറിയാത്ത നമ്പറിൽ നിന്നൊരു കാൾ വന്നപ്പോൾ നീരജ ഒന്ന് സംശയിച്ചു പിന്നെ എടുത്തു
“നീരു ഞാൻ ആണെടി മനോജ്.. എന്റെ ഹോസ്പിറ്റലിൽ ഇപ്പോൾ ഒരു ആക്‌സിഡന്റ് കേസ് കൊണ്ട് വന്നു. നമ്മുടെ ചന്തു..നീ വേഗം വന്നേ..”
മനോജ് അവർക്കൊപ്പം പഠിച്ചതാണ് പക്ഷെ പിജി ക്ക് ചേർന്നപ്പോൾ പലരും പലയിടങ്ങളിലായി.. നീരജ തളർന്നു പോയ ഉടൽ ഒരു വിധത്തിൽ വലിച്ചു നടന്നു കാറിന്റെ താക്കോൽ എടുത്തു.
“ഒന്നും പറയാൻ വയ്യ…ബോധമുണ്ട് പക്ഷെ… ഇരുപത്തി നാല് മണിക്കൂർ കഴിയട്ടെ ” ഡോക്ടർ അവളോട് പറഞ്ഞുഅവൾ അകത്തു കയറി..
“സുഖമല്ലേ?”അവൻ ഇടറിയ ഒച്ചയിൽ ചോദിച്ചു.. നീരജ വിങ്ങിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി.അകത്തേയ്ക്ക് വന്ന ശ്യാമ പെട്ടെന്ന് വാതിൽക്കൽ നിന്ന് പോയി
“നിന്നേ വിട്ടുകളഞ്ഞിട്ട് ചന്തുവിന് ജീവിക്കണ്ട മോളെ..”നീരജ ഞെട്ടിപ്പോയി..”ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും വയ്യ. അതിൽ ഭേദം ഇതാ. ഈ വേദന ഞാൻ അറിയുന്നില്ല.. അതിലും വലുതാ നിന്നേ പിരിയുമ്പോൾ അനുഭവിക്കുന്നത്..”മെല്ലെ അവന്റെ ബോധം മറഞ്ഞു
നീരജ ഇടറുന്ന ചുവടുകളോടെ പുറത്തിറങ്ങി.
ശ്യാമയുടെ മുഖത്തേക്ക് ഒന്ന് നോക്കി..”കൊന്ന് കളഞ്ഞു.. ല്ലേ? “ശ്യാമ ഭയന്ന് പോയി..
“എടി.. പ്രണയിച്ചിട്ടുണ്ടെങ്കിൽ, ഗർഭിണി ആയിട്ടുണ്ടെങ്കിൽ അത് നിന്റെ മാത്രം ഉത്തരവാദിത്തമാണ്.. നിന്റെ മാത്രം..
കൂടപ്പിറപ്പിന്റ ജീവിതം വെച്ചു വിലപേശുന്നവന്റെ മുഖത്താട്ടാനുള്ള ധൈര്യമുണ്ടോ നിനക്ക്? നിന്റെ ഏട്ടനോട് സ്നേഹം ഉണ്ടെങ്കിൽ അതാ ചെയ്യേണ്ടത്..”
ശ്യാമയുടെ മുഖം വിളറി ചന്തുവിനരികിൽ ചെല്ലാൻ നീരജ ആരെയും സമ്മതിച്ചില്ല. അവന്റെയമ്മയെ പോലും. ഭ്രാന്ത് പിടിച്ചത് പോലെ അവൾ അവരെ ചീറിയകറ്റി.
“ചന്തു എന്റെയാ “അവൾ കണ്ണീരോടെ പറഞ്ഞു കൊണ്ടിരുന്നു.ആഴ്ചകൾ കഴിഞ്ഞു ആശുപത്രി വിടുമ്പോൾ അവന്റെ കൈകളിൽ അവളുടെ കൈകൾ ചേർന്നിരുന്നു
അജിത്തിന്റെയും വീട്ടുകാരുടെയും മനോഭാവത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. പക്ഷെ ശ്യാമ മാറി. അവൾ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയി. പോകും മുന്നേ ഒരാശുപത്രിയിൽ പോയി അവശേഷിച്ച കറയും ഒഴുക്കിക്കളഞ്ഞു.
ചന്തുവും നീരജയും മുൻപേത്തെക്കാൾ ആഴത്തിൽ, തീവ്രമായി പ്രണയിച്ചു കൊണ്ടേയിരുന്നു…