എഴുത്ത്: ഷാൻ കബീർ
ഡിവോഴ്സ് ലെറ്ററിൽ വക്കീലിനെ സാക്ഷിയായി തന്റെ വിറക്കുന്ന കൈകൾ കൊണ്ട് പാടുപെട്ട് ഒപ്പിട്ട് അമൽ ഭാര്യ ഷബ്‌നയുടെ കണ്ണിലേക്ക് നോക്കി
“അപ്പൊ എല്ലാം കഴിഞ്ഞു ല്ലേ…”അവളൊന്ന് മൂളി. രണ്ടുകയ്യിലും മുറുകെ പിടിച്ചിരിക്കുന്ന രണ്ട് പിഞ്ചു മക്കളെ തന്റെ കയ്യിൽ നിന്നും അടർത്തിയെടുത്ത് അവൾ അമലിനെ ഏൽപ്പിച്ച് തിരിഞ്ഞ് പോലും നോക്കാതെ മുന്നോട്ട് നടന്നു.
കുട്ടികൾ ഉമ്മാ ഉമ്മാ എന്ന് വിളിച്ച് പൊട്ടിക്കരയുന്നുണ്ടായിരുന്നു. പക്ഷേ അവൾ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.അമൽ അവളെ വിളിച്ചു
“ഷബ്‌ന, നീ കേൾക്കുന്നില്ലേ നമ്മുടെ മക്കളുടെ കരച്ചിൽ… നീ… പോയാ… ൽ”അവന്റെ വാക്കുകൾ മുറിഞ്ഞു”ന പോയാൽ നമ്മുടെ മക്കൾക്ക് ആരാ ഉള്ളേ… നിനക്ക് പകരമാകോ മറ്റൊരു പെണ്ണ്…”
പക്ഷേ അവൾ അതൊന്നും കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു. അമലിന് സങ്കടം സഹിക്കാൻ സാധിച്ചില്ല അവൻ തന്റെ രണ്ട് കുട്ടികളേയും ചേർത്ത് പിടിച്ച് തേങ്ങി
“നീയില്ലാതെ എനിക്കും മക്കൾക്കും പറ്റില്ല ഷബ്‌നാ…”കൊച്ചു കുട്ടികളെ പോലെ തന്റെ മക്കളെ ചേർത്ത് പിടിച്ചവൻ മുട്ടുകുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. ആരോ തന്റെ തോളിൽ കൈവെച്ചത് ശ്രദ്ധിച്ച അമൽ മെല്ലെ തിരിഞ്ഞു നോക്കി… ഉപ്പയാണ്. ഉപ്പ അവനെ നോക്കി
“മയ്യിത്ത് എടുക്കാൻ സമയായി…”താൻ ജീവനുതുല്യം സ്നേഹിച്ച ഭാര്യയുടെ നെറ്റിയിൽ അവസാന ചുംബനം നൽകി അവൻ തന്റെ മക്കളേയും കൊണ്ട് പള്ളിക്കാട്ടിൽ നിന്നും നടന്നുനീങ്ങി…
തനിക്ക് കാൻസർ ആണെന്നും ഇനി ചികിത്സിച്ചിട്ട് കാര്യമില്ല എന്നും ഡോക്ടർ പറഞ്ഞ നിമിഷം മുതൽ ഷബ്‌ന അമലിനോട് എപ്പോഴും പറയാറുണ്ടായിരുന്നു
“ഇക്കാ, ഇൻക്ക് ഇങ്ങളെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല… കുറച്ച് ദിവസം കഴിഞ്ഞാൽ ഞാൻ ന്റെ പൊന്നിക്കയേയും മക്കളേയും വിട്ട് ഈ ലോകത്തോട് വിട പറയും അല്ലേ…
നമുക്കിനി ഒരിക്കലും കാണാൻ സാധിക്കില്ലല്ലേ… നമ്മൾ എന്തോരം സ്വപ്‌നങ്ങൾ കണ്ടതാലേ ഇക്കാ നമ്മുടെ ജീവിതത്തെ കുറിച്ച്. മക്കളെ ഇക്ക പൊന്നുപോലെ നോക്കണം ട്ടോ. ഇടക്കിടെ എന്റെ വീട്ടിൽ പോണം.
എന്നെ ഒരിക്കലും മറക്കരുരുത്. എന്റെ മരണത്തിന് പോലും ഇക്കയെ എന്നിൽ നിന്നും വേർ പിരിക്കാൻ പറ്റില്ല. ഞാൻ മരിച്ച് കഴിഞ്ഞാൽ എന്നെന്നേക്കുമായി ഞാൻ ഇങ്ങളെ വിട്ട് പോയെന്ന് ഒരിക്കലും കരുതരുത്.
ഞാൻ ഇങ്ങളെയും മക്കളേയും ഡിവോഴ്സ് ചെയ്ത് മറ്റൊരു സ്ഥലത്ത് ജീവിക്കുന്നുണ്ടെന്ന് ഓർത്താൽ മതി… ഞാൻ മരിച്ചാൽ അങ്ങനെ ഓർക്കോ…”ഉം…”