ഞാൻ ഒന്ന് കിടന്നപ്പോൾ തന്നെ ദിലീപേട്ടൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നി.” “അടുക്കളയുടെ വാതിൽക്കൽ പലവട്ടം

(രചന: അംബിക ശിവശങ്കരൻ)

“സുമേ എന്റെ കണ്ണട കണ്ടോ…..?””സുമേ ഭക്ഷണം റെഡിയായോ..?”” സുമേ ചീപ്പ് എന്തിയേ..? ”

ജോലിക്ക് പോകുന്നതിനിടയ്ക്ക് തന്റെ ഭർത്താവ് ഒരു നൂറുവട്ടം എങ്കിലും അവളുടെ പേര് വിളിച്ചിരിക്കും എന്ന് അവൾക്കറിയാം.

“എന്റെ മനുഷ്യ കൺമുന്നിൽ കിടക്കുന്ന സാധനത്തിനാണോ ഇങ്ങനെ സുമേ എന്ന് വിളിച്ചു കൂവുന്നത്… നിങ്ങൾക്കൊന്ന് കണ്ണ് തുറന്നു നോക്കിക്കൂടെ ദിലീപേട്ടാ…, അതോ ഇനി കണ്ണിൽ വല്ല മത്തനും കുത്തി വെച്ചിട്ടുണ്ടോ?”

അടുക്കളയിൽ നിന്നും ഓടി കിതച്ചു വന്ന് ചീപ്പ് എടുത്ത് കയ്യിൽ കൊടുത്തുകൊണ്ട് അവൾ ശകാരിച്ചു.

“ജനിച്ച അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാ ഈ ഡയലോഗ്… ഇനിയെങ്കിലും മാറ്റി പിടിക്ക് എന്റെ ഭാര്യേ…”

“ഓ…. അപ്പോൾ ജനിച്ച അന്നുമുതലേ ഉള്ളതാണ് ഈ സ്വഭാവം. കയ്യിലിരിപ്പ് നന്നായാൽ കേൾക്കേണ്ടി വരില്ലല്ലോ? നിങ്ങളുടെ അതേ സ്വഭാവമാ പിള്ളേർക്കും കിട്ടിയിരിക്കുന്നത്.

ഒരു അടുക്കും ചിട്ടയുമില്ല. ഒരു സാധനവും കണ്ണ് തുറന്നു നോക്കുകയുമില്ല. അതെങ്ങനെയാ വിത്ത് ഗുണം പത്ത് ഗുണം എന്നല്ലേ…”

ഇതും ജനിച്ച അന്നുമുതൽ കേൾക്കാൻ തുടങ്ങിയ ഡയലോഗ് ആണെന്ന് നാവിൻ തുമ്പത്ത് വന്നെങ്കിലും മിണ്ടിയില്ല.

“ഇതൊരു നല്ല ശീലമല്ല എന്ന് എനിക്കറിയാം. പക്ഷേ ഞാൻ ഒരു മണിക്കൂർ എടുത്ത് തെരഞ്ഞു കണ്ടു പിടിക്കുന്ന സാധനം നീ വന്ന് ഒരു മിനിറ്റ് കൊണ്ട് എടുത്തു തരില്ലേ?”

“ആ ഒരു മാജിക് മാത്രം എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല പിന്നെ നിന്റെ വായീന്ന് രണ്ടെണ്ണം കേൾക്കുന്നതിന്റെ സുഖം അത് വേറെ തന്നെയല്ലേ?”

ചീപ്പ് കൊണ്ട് മുടി ചീകി ഒതുക്കി ദിലീപ് പറഞ്ഞു.” അല്ലാതെ മടി കൊണ്ടല്ല… എന്ത് സാധനമായാലും എടുത്തിടത്ത് തന്നെ വെച്ചാൽ ഇങ്ങനെ തിരഞ്ഞു നടക്കേണ്ട കാര്യമില്ലല്ലോ? അടുക്കളയിൽ നൂറുകൂട്ടം പണി കിടക്കുമ്പോഴാ…

കുറച്ചു കഴിയുമ്പോൾ മക്കളും തുടങ്ങും അച്ഛന്റെ അതേ പല്ലവി.. അമ്മേ ബാഗ് കണ്ടോ???
ബുക്ക് കണ്ടോ… കുട കണ്ടോ ….ചെരിപ്പ് കണ്ടോ… എന്നും പറഞ്ഞ് എന്റെ ദൈവമേ ഇതുങ്ങളൊക്കെ ഇനി എന്നാണാവോ നന്നാവുക… ”

അതും പറഞ്ഞ് അവിടെ നിന്ന് പോകാൻ ഒരുങ്ങിയ അവൾ എന്തോ മറന്ന പോലെ തിരിച്ചുവന്നു.

“ദാ ഷർട്ട്.. ഇനി ഇത് കാണാതെ വിളിക്കേണ്ട എനിക്ക് പണിയുണ്ട്.”പിറുപിറത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്ന അവളെ കണ്ട് അവന് ചിരി വന്നു ഒപ്പം സഹതാപവും.

“പാവം എന്നെക്കൊണ്ട് ഒരുപാട് സഹിക്കുന്നുണ്ടാകും. കുറച്ചുദിവസം അവൾ വീട്ടിൽ പോയി നിൽക്കുമ്പോഴാണ് ഇത്തരം നിമിഷങ്ങൾ ശരിക്കും മിസ് ചെയ്യാറ്.

അവളുടെ ശകാരം ശരിക്കും താൻ ആസ്വദിക്കുകയാണ്. അവൾ ശകാരിക്കുമ്പോഴൊക്കെയും അമ്മയെയാണ് ഓർമ്മ വരാറ്.

അതില്ലാത്ത നിമിഷങ്ങൾ ഒക്കെയും ഒരു ഒറ്റപ്പെടൽ പോലെയാണ്. അമ്മ വിട പറഞ്ഞു പോയ നിമിഷത്തെ പോലെയൊരു ഒറ്റപ്പെടൽ.”

പതിവുപോലെ ദിലീപ് ജോലിക്ക് പോയി, കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ച ശേഷമാണ് തുണികൾ നനയ്ക്കാൻ നിന്നത്.എല്ലാം കഴിഞ്ഞപ്പോൾ അവൾ ആകെ ക്ഷീണിതയായി.

“എന്തിനാ സുമേ ഇങ്ങനെ പണി ചെയ്തോണം ചെയ്തുകൊണ്ടിരിക്കുന്നത്? കൃത്യസമയത്ത് ആഹാരം കഴിക്കാതെ ഇനി വല്ല അസുഖവും വരുത്തി വയ്ക്കേണ്ട പറഞ്ഞേക്കാം..”

ദിലീപിന്റെ ചേട്ടന്റെ ഭാര്യയായ കലയേടത്തിയുടെ ശകാര വാക്കുകൾ പതിവുള്ളതാണ്. എങ്കിലും രാവിലത്തെ തിരക്കും കഴിഞ്ഞ് പണിയെല്ലാം ഒതുക്കിവെച്ച് കുളിയും കഴിഞ്ഞിട്ടേ അവൾ ഭക്ഷണം കഴിച്ചിരുന്നുള്ളൂ..

അപ്പോഴേക്കും അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടുണ്ടാകും. എത്ര പണി തിരക്കുണ്ടെങ്കിലും സമയത്ത് ആഹാരം കഴിക്കുക എന്നത് അവരുടെ ശീലമാണ്.

വൈകുന്നേരം ആയപ്പോഴേക്കും അവളുടെ ദേഹമാകെ ചുട്ടുപൊള്ളാൻ തുടങ്ങിയിരുന്നു. കണ്ണിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങിയത് കണ്ടാണ് തൊട്ടരികിൽ നിന്ന ഏടത്തി അവളെ തൊട്ടു നോക്കിയത്.

“എന്റെ മുത്തപ്പാ.. തീ പൊള്ളണ പോലെയുണ്ടല്ലോ.. ഇത്ര വയ്യാണ്ടാണോ ഇവിടെ വന്നിരിക്കുന്നത് നീ അവിടെ ചെന്ന് കിടന്നേ…ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം.”

അതും പറഞ്ഞവളെ റൂമിൽ കൊണ്ട് കിടത്തിയതും നെറ്റിയിൽ തുണി നനച്ചിട്ടതും എല്ലാം അവരായിരുന്നു.

വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോഴും അവൾ കിടപ്പായിരുന്നു. ജോലി കഴിഞ്ഞ് ദിലീപ് എത്തിയ ശേഷമാണ് അവളെ നിർബന്ധിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയത്.

“ക്ലൈമറ്റ് ചേഞ്ച് ആയതിന്റെയാണ് പേടിക്കാൻ ഒന്നുമില്ല.മൂന്ന് ദിവസത്തേക്ക് മെഡിസിൻ എഴുതിയിട്ടുണ്ട് കഴിച്ചിട്ട് കുറവില്ലെങ്കിൽ മാത്രം വന്നാൽ മതി. രണ്ടു ദിവസം നന്നായി റസ്റ്റ് എടുക്കണം എങ്കിൽ മാത്രമേ പൂർണമായും ഭേദമാകുകയുള്ളൂ…”

ഡോക്ടറുടെ വാക്കുകൾ തെല്ലൊരു ആശ്വാസം നൽകിവീട്ടിലെത്തിയതും കലയേടത്തി നല്ല ചൂട് കഞ്ഞി തയ്യാറാക്കി വച്ചിരുന്നു. അമ്മയെ കണ്ട ശേഷമാണ് കുട്ടികളും ഭക്ഷണം കഴിച്ചുറങ്ങിയത്. അവൾക്ക് കഞ്ഞി കോരി കൊടുത്ത് മരുന്നും കഴിപ്പിച്ച ശേഷമാണ് അവൻ കഴിച്ചത്.

പനി അല്പം കുറഞ്ഞു എങ്കിലും അവൾക്ക് നല്ലതുപോലെ ക്ഷീണം ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അവൻ അവളുടെ പേര് വിളിച്ചില്ല എന്ന് മാത്രമല്ല കുട്ടികളെയും ശല്യം ചെയ്യാൻ അനുവദിച്ചില്ല.

രണ്ടുദിവസം അവളുടെ ശബ്ദം എവിടെയും മുഴങ്ങി കേട്ടില്ല. അവളുടെ ശബ്ദങ്ങൾ അലയടിക്കാതെ വീട് പൂർണ്ണമായും ഉറങ്ങിയത് പോലെ അവന് തോന്നി.

തന്റെ ഭാര്യയുടെ നിശബ്ദത എത്ര വീർപ്പുമുട്ടൽ ആണ് തന്നിൽ സൃഷ്ടിക്കുന്നത്? അവൻ ജോലിക്ക് പോകാതെ കൂട്ടിരുന്നതും അവൾക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ വേണ്ടിയായിരുന്നു.

” അച്ഛാ അമ്മ എപ്പോഴാ പഴയപോലെ ആവണെ?”മക്കൾ അവന്റെ ചാരെ വന്നു നിന്ന് സങ്കടം പറയുമ്പോൾ അവളുടെ സാമിപ്യം തന്നെക്കാൾ തന്റെ മക്കൾ ആഗ്രഹിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.

അവൾ കട്ടിലിൽ കിടന്നുറങ്ങുമ്പോഴും ഒന്നുകിൽ മൗനമായി വാതിൽക്കൽ വന്നെത്തി നോക്കുകയോ, കട്ടിലിനരികിൽ വന്നിരുന്ന് അവളുടെ മുടിയിഴകളിൽ തലോടുകയോ മാത്രം ചെയ്തുകൊണ്ട് അവൻ തിരികെ പോകാറാണ് പതിവ്.

രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോഴേക്കും അവൾക്ക് ക്ഷീണം എല്ലാം വിട്ടതുപോലെ തോന്നി. മക്കളോടൊപ്പം ഇരുന്ന് അല്പനേരം സംസാരിച്ച ശേഷമാണ് കഞ്ഞി കുടിച്ചത്. അത് കുട്ടികൾക്കും ഒരാശ്വാസമായി.

“കഞ്ഞി തനിക്ക് ഇഷ്ടമല്ലല്ലോ ഞാൻ വേണമെങ്കിൽ കുറച്ച് ചോറ് എടുത്തിട്ട് വരാം ഇപ്പോൾ പനിയൊക്കെ വിട്ടില്ല?”

“വേണ്ട ദിലീപേട്ടാ… പനി വിട്ടെങ്കിലും രുചി ഒന്നും അറിയുന്നില്ല. കഞ്ഞിയാകുമ്പോൾ വെള്ളത്തോട് കൂടി ഇറക്കാലോ. അതാകുമ്പോൾ ക്ഷീണവും ഉണ്ടാകില്ല.

അത് പറഞ്ഞെങ്കിലും അവന്റെ നിർബന്ധപ്രകാരം മാത്രമാണ് അവളത് മുഴുവനും കഴിച്ചത്.”ദിലീപേട്ട ഒന്ന് എന്റെ അടുത്ത് വന്ന് കിടക്കോ..?”

പനി ആയതുകൊണ്ട് തന്നെ കുട്ടികളെ അവളിൽ നിന്ന് മാറ്റിയാണ് കിടത്തിയിരുന്നത്. കുട്ടികളുടെ കൂടെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയ അവനെ അവൾ വിളിച്ചുണർത്തി.

ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് അവളുടെ ചാരെ വന്നു കിടക്കുമ്പോഴും അവന്റെ ഹൃദയമിടിപ്പിന്റെ താളം വർദ്ധിച്ചതായി അവൾക്കു തോന്നി.

തന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് അവളുടെ മുടിയിഴകളിലൂടെ തലോടുമ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കി.

“എന്താടോ ഇങ്ങനെ നോക്കുന്നത് ആദ്യമായി കാണുന്നതുപോലെ..”അവൾ ഒന്നുമില്ലെന്ന് തലയാട്ടിയശേഷം വീണ്ടും പൂർവ്വസ്ഥിതിയിൽ കിടന്നു.

“ദിലീപേട്ടാ ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും എന്താണെന്ന് അറിയോ?”

“എന്താ…?””ഞാനീ ഭൂമിയിൽനിന്ന് വിട പറയുന്നതിന് ഒരു നിമിഷം മുന്നേ എങ്കിലും ദിലീപേട്ടൻ പോണമെന്ന്..”

അവളുടെ മറുപടി കേട്ട് ഒരു നിമിഷം അവൻ സ്തംഭിച്ചു.എങ്കിലും ഭാവമാറ്റം ഒന്നുമില്ലാതെ അവളെ നോക്കി.

“എന്താടോ ഇപ്പോൾ മരണത്തെക്കുറിച്ച് ഒക്കെ ചിന്തിക്കുന്നത് താനും ഞാനുമൊക്കെ ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച് കൊതി തീർന്നിട്ടേ പോകുകയുള്ളൂ…”അവൾ പുഞ്ചിരിച്ചു.

“എന്റെ ഈ ആഗ്രഹം കേട്ട് എനിക്ക് ദിലീപേട്ടനോട് സ്നേഹമില്ലേ എന്ന് ഒരു നിമിഷമെങ്കിലും ദിലീപേട്ടൻ ചിന്തിച്ചു പോയെങ്കിൽ അതിൽ ഒരു അതിശയവും ഇല്ല.”

“സുമംഗലിയായിരിക്കെ മരണപ്പെടാനാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക.. ഞാനും അങ്ങനെയായിരുന്നു ഇത്രനാളും ആഗ്രഹിച്ചിരുന്നത്, പ്രാർത്ഥിച്ചിരുന്നത്…

തന്റെ പ്രിയപ്പെട്ടവന്റെ വിയോഗം കണ്ടുനിൽക്കാൻ… ആശൂന്യത അനുഭവിച്ചറിയാൻ… ഏത് ഭാര്യയാണ് ആഗ്രഹിക്കുക?”

” പക്ഷേ ഈ രണ്ടു ദിവസങ്ങൾ കഴിഞ്ഞതോടെ ഞാൻ ഈ ഭൂമിയിൽ ഇല്ലാത്ത ഒരു നിമിഷം പോലും ദിലീപേട്ടൻ ജീവിക്കരുതെന്ന് ഞാൻ കൊതിച്ചു പോയി.

“അതൊരിക്കലും എന്റെ സ്വാർത്ഥതയല്ല രണ്ടുദിവസം ഞാൻ ഒന്ന് കിടന്നപ്പോൾ തന്നെ ദിലീപേട്ടൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നി.”

“അടുക്കളയുടെ വാതിൽക്കൽ പലവട്ടം എത്തിനോക്കി തിരികെ പോകുന്നത് ഞാൻ കണ്ടിരുന്നു”

” വിശക്കുന്നു എന്നും ഒരു ഗ്ലാസ് വെള്ളം വേണമെന്നും എന്നോട് പറയുന്നത്ര സ്വാതന്ത്ര്യത്തോടെ ആരോടാണ് ദിലീപേട്ടന് പറയാൻ കഴിയുക? ”

എന്റെ അഭാവത്തിൽ ഒരു അസുഖം വന്നാൽ പോലും ദിലീപേട്ടനെ ആരാണ് നോക്കുക? ”

“ഈ രണ്ട് ദിവസങ്ങളിൽ ദിലീപേട്ടന്റെ ശബ്ദം എവിടെയും ഞാൻ കേട്ടില്ല. എന്നും കേൾക്കാറുള്ള തമാശകൾ കേട്ടില്ല. കുട്ടികളോടൊപ്പം ഉള്ള കളിചിരികൾ കണ്ടില്ല.”

“എന്റെ അസാമിപ്യം സൃഷ്ടിക്കുന്നത് മറ്റൊരു ദിലീപേട്ടനെയാണ്… സന്തോഷങ്ങൾ ഇല്ലാത്ത….. ആവശ്യങ്ങൾ ഇല്ലാത്ത… ദിലീപേട്ടനെ..

അതൊരിക്കലും എനിക്ക് താങ്ങാൻ ആവില്ല. അതുകൊണ്ട് എപ്പോഴായാലും എനിക്ക് ഒരു നിമിഷം മുന്നേ ദിലീപേട്ടൻ പോണം.എന്റെ അഭാവത്തിൽ മറ്റുള്ളവരുടെ മുന്നിൽ ഒരു ഗ്ലാസ് വെള്ളത്തിന് പോലും കൈനീട്ടി നിൽക്കേണ്ടി വരുന്ന ദിലീപേട്ടനെ എനിക്ക് കാണണ്ട.”

അവൾ പറഞ്ഞത് അത്രയും കേട്ട് കിടന്നതല്ലാതെ അവൻ മറുപടിയൊന്നും പറഞ്ഞില്ല. മറുപടി പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം അവൾ പറഞ്ഞത് അത്രയും സത്യമാണ്.

കണ്ണുകൾ നിറയാൻ തുടങ്ങിയതോടെ അവനവളെ മുറുകെ കെട്ടിപ്പിടിച്ചു. ഒരു തുള്ളി കണ്ണുനീർ അവന്റെ നെഞ്ചിലും നനവ് പകർത്തി…

Leave a Reply

Your email address will not be published. Required fields are marked *