മനസ്സ്
(രചന: Anitha Raju)
രാവിലെ ഓഫീസിൽ പോകാൻ ആയി ഒരുങ്ങുമ്പോൾ ആയിരുന്നു മല്ലികയുടെ ഫോൺ വന്നത്.”എന്താ നീ രാവിലെ വിളിച്ചത്?”
ഒരു വിവരം അറിഞ്ഞത് പറയാൻ ആണ് മിഥുലെ നിന്റെ എക്സ് ഭർത്താവിന്റെ വിവാഹം ആണ് ഇന്ന് അറിഞ്ഞോ?”
ഉം… ഞാൻ അറിഞ്ഞില്ല അത് വിട്ടേര്, ഞാൻ ഓഫീസിൽ പോകട്ടെ “..
അവൾ ഓഫീസിൽ ചെന്നങ്കിലും മൊത്തത്തിൽ ഒന്നിനും ഒരു താല്പര്യം തോന്നിയില്ല.ഹാഫ് ഡേ അവധി വാങ്ങി ഹോസ്റ്റലിലേക്ക് തിരികെ പോന്നു.
വേഷം മാറി കിടന്നു. ഉറങ്ങാൻ ശ്രമിച്ചു. കഴിയുന്നില്ല. ഓർമ്മകൾ വരിഞ്ഞു മുറുക്കി ഭൂതകാലത്തിൽ കൊണ്ട് പോയി.
എത്ര ആർഭടത്തോടെ ആയിരുന്നു തന്റെ വിവാഹം നടന്നത്. സുന്ദരനും ഉയർന്ന ഉദ്യോഗ പദവിയിൽ ഇരിക്കുന്ന വരനെ കിട്ടിയതിൽ പലർക്കും അസൂയ തോന്നിയിരുന്നു.
രണ്ടു വർഷം താൻ അനുഭവിച്ചത് ആർക്കും മനസ്സിലാകില്ല. അയാൾക്ക് സ്ത്രീ ഒരു ഭോ ഗ വസ്തു മാത്രം ആയിരുന്നു.
തനിക്കൊരു മനസ്സ് ഉണ്ട്, കൊച്ചു കൊച്ചു ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്ന ഒരു ഹൃദയം ഉണ്ട്. അതൊന്നും അയാൾക്ക് അറിയണ്ട.
ആർത്തവ ദിനങ്ങളിൽ പോലും ഒരു ഒഴിവു തന്റെ ശ രീരത്തിന് നൽകിട്ടില്ല. എന്റേത് എന്ന ഭാവത്തിൽ അടിച്ചമർത്തി വികാരം അടക്കുന്ന അയാളെ ഒരിക്കലും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.
ഭാര്യ ഭതൃ ബന്ധം എന്നാൽ വെച്ചുവിളമ്പാനും രാത്രിയിൽ ആസക്തി തീർക്കാനും ഉള്ളതായിരുന്നു.. ഇതാണ് അയാളുടെ കാഴ്ചപ്പാട്.
ഈ ബന്ധം വേർപെടുത്താൻ തീരുമാനിക്കുമ്പോൾ എല്ലാവരും തന്നെ ആണ് കുറ്റപ്പെടുത്തിയത്. “അവൾക്കു സ ർക്കാർ ജോലി ഉള്ളതിന്റെ അഹങ്കാരം ആണ് ”
തന്റെ അമ്മ മാത്രം കുറ്റപ്പെടുത്തിയില്ല, കൂടെ നിന്ന്. എന്റെ അമ്മക്ക് എന്നെ അറിയുന്നപോലെ മാറ്റാർക്ക് അറിയാൻ ആണ്.
ഇന്ന് അയാൾ മറ്റൊരു വിവാഹം കഴിച്ചുപോലും, പ്രതീക്ഷയോടെ പുതു ജീവിതത്തിൽ കാലുകുത്തുന്ന അവളുടെ മനസ്സ് ചീട്ടുകൊട്ടാരം പോലെ തകരും.
അങ്ങനെ ഓരോന്ന് ഓർത്തു ഉറങ്ങിപ്പോയി.വൈകിട്ട് റൂംമേറ്റ് വന്നു വിളിച്ചുണർത്തി.
അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോൾ തന്നെ ശരത്തിന്റെ ചോദ്യം ” സുഖമില്ലേ ഇന്നലെ ഹാഫ്ഡേ ലീവ് വാങ്ങി പോയതല്ലേ “ഒന്ന് ചിരിച്ചു എന്നുവരുത്തി,
ഒഴിഞ്ഞു കിടക്കുന്ന അരുണിന്റെ കസേരയിലേക്ക് താൻ നോക്കുന്നത് കണ്ടു ശരത് പറഞ്ഞു
“രാവിലെ ഞാൻ അരുണിനെ കൂട്ടാൻ ചെന്നപ്പോൾ മോൾക്ക് നല്ല പനി , നിർത്താതെ കരയുന്നു, അവന്റെ അമ്മയെ കൊണ്ട് മാത്രം പറ്റില്ല അതുകൊണ്ട് അവധി എടുത്തു ”
ഉം .. ശരത്തിനോട് ഒന്നും ചോദിക്കാൻ ഉള്ള മനസ്സികാവസ്ഥ തനിക്ക് ഇല്ലാരുന്നു.വൈകിട്ട് ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആ കുഞ്ഞുമോളെ ഒന്ന് പോയി കാണാം എന്ന് വെച്ച്.
അരുൺ അധികം ആയില്ല സ്ഥലം മാറ്റം കിട്ടി വന്നിട്ട്, നാലു വർഷത്തെ ആയുസ്സുമാത്രം ഉള്ള ദാമ്പത്യം.
രണ്ടുവയസ്സുള്ള മകളെ അരുണിനെ ഏൽപ്പിച്ചു ലക്ഷ്മി പോയി. അവരുടെ സ്നേഹം കണ്ടു അസൂയ തോന്നിയ ദൈവം നിമോണിയ യുടെ രൂപത്തിൽ ലക്ഷ്മിയേ അടർത്തി മാറ്റി.
അരുണിന് അമ്മ മാത്രം, മറ്റൊരു വിവാഹത്തെ കുറിച്ച് പറഞ്ഞു ആ അമ്മ തളർന്നു. ലക്ഷ്മിയുടെ സ്ഥാനത്തു വേറെ ഒരാൾ അരുണിന് ചിന്തിക്കാൻ കഴിയില്ല.
താനും അരുണും ഒറ്റപ്പെട്ടവർ ആയതുകൊണ്ടാകും എല്ലാം തുറന്നു പറയും. തന്റെ ജീവിതത്തിലെ ദുരനുഭവം അരുണിലോളം മറ്റാർക്കും അറിയില്ല.
സഹപ്രവർത്തകർ തങ്ങളെ ചുറ്റി പറ്റി കഥകൾ മെനയുന്നു. അത് ശ്രദ്ധിക്കാറേ ഇല്ല, അത് അവരുടെ ജോലി.
ഓട്ടോ അരുണിന്റെ വീടിന്റെ മുന്നിൽ എത്തി. ഗേറ്റ് കടന്നു അകത്തു ചെല്ലുമ്പോഴേ കേൾക്കാം കുഞ്ഞുമോളുടെ നിർത്താതെ ഉള്ള കരച്ചിൽ.
ബെൽ അടിച്ചപ്പോൾ അമ്മ വന്നു കതകു തുറന്നു .”എന്റെ മോളെ രാവിലെ തുടങ്ങിയതാണ് ഡോക്ടർ കുഴപ്പമില്ല വെറും പനി എന്നാണ് പറഞ്ഞത് , എന്നാലും ഈ കരച്ചിൽ കെട്ടു എത്ര സഹിക്കും, അമ്മക്ക് അമ്മ തന്നെ വേണം.. എന്റെ ലക്ഷ്മി ഉണ്ടായിരുന്നെങ്കിൽ…. ”
അമ്മ നിർത്തി പിന്നെ ആ കണ്ണുകൾ തുടച്ചു.താൻ അകത്തെ മുറിയിൽ ചെന്ന് അരുണിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി, പാവം തളർന്നു കരഞ്ഞു കരഞ്ഞു…
തോളിൽ കിടത്തി പതുക്കെ താരാട്ടു പാടി.അരുൺ മിഥുലായെ നോക്കി ഇരുന്നു ” നന്നായി പാടുന്നു ” മനസ്സിൽ പറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ഉറങ്ങി, കിടത്തി മാറുമ്പോൾ,
അരുൺ ചോദിച്ചു
” നമ്മൾ തുല്യ ദുഖിതർ, എന്റെ കുഞ്ഞുമോൾക്ക് അമ്മയാകാമോ? എനിക്ക് ഒരു തുണയും. ”
പെട്ടന്നുള്ള ചോദ്യം നാണത്താൽ തനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
മുറിവിട്ടു പുറത്തു ഇറങ്ങുമ്പോൾ നിറഞ്ഞ ചിരിയോടെ ചായ കപ്പുമായി അമ്മ.
ഇപ്പോൾ പൊക്കൊളു വേണ്ടപ്പെട്ടവരോട് പറഞ്ഞു ഞാൻ ഇങ്ങ് കൊണ്ടുവരും മോളെ… മിഥുലക്കു അപ്പോൾ പതിനേഴു കാരിയുടെ നാണം.