തർക്കം മുറുകുമ്പോൾ
(രചന: അരുണിമ ഇമ)
” താൻ ഇവിടെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് അറിയാം.. പക്ഷേ താൻ ഒന്ന് ക്ഷമിക്കണം. നമുക്ക് എന്തെങ്കിലും വഴി കണ്ടുപിടിക്കാം. ”
മുറിക്ക് പുറത്ത് അച്ഛന്റെയും അമ്മയുടെയും സ്വരം ഉയരുന്നത് കേട്ടു കൊണ്ട് സജീഷ് അവന്റെ ഭാര്യ രമ്യയെ ആശ്വസിപ്പിച്ചു.
കുഞ്ഞിനെ മാറോടടക്കി അവളുടെ വിശപ്പു മാറ്റുകയായിരുന്ന രമ്യ കണ്ണുചിമ്മി കാണിച്ചു.
അവൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു. തന്നെ മനസ്സിലാക്കാൻ അവൾക്കു മാത്രമേ കഴിയൂ. അവൻ വെറുതെ ഓർത്തു.
മുറി തുറന്ന് അവൻ പുറത്തേക്കിറങ്ങാൻ പോലും പുറത്തെ ബഹളങ്ങളൊന്നും അടങ്ങിയിട്ടില്ല.
” ഇത്രയും നേരം നീ മുറിയിൽ അടയിരിക്കുകയായിരുന്നോ..? 24 മണിക്കൂറും അവളുടെ പിന്നാലെ മണപ്പിച്ചു നടക്കാൻ നിനക്ക് നാണമില്ലേ..?”
അമ്മ മുഖത്തു നോക്കി ചോദിച്ചപ്പോൾ ഉരുകി ഇല്ലാതായി പോയി.തനിക്ക് ഉണ്ടായ നാണക്കേടിനേക്കാൾ അകത്തിരിക്കുന്ന തന്റെ ഭാര്യ ഇതൊക്കെ കേട്ടിരിക്കുമല്ലോ എന്ന ചിന്തയായിരുന്നു അവനെ വേദനിപ്പിച്ചത്.
അവൻ തിരിഞ്ഞ് മുറിയിലേക്ക് നോക്കി. താൻ ഒന്നും കേട്ടിട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുന്ന ഭാര്യയെ കണ്ട് അവനു വേദന തോന്നി.
എത്രയൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാലും, അവൾക്കും വിഷമം ഇല്ലാതിരിക്കില്ലല്ലോ..!
കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ പുറത്തേക്കിറങ്ങി നടന്നു. അപ്പോഴും അമ്മയും അച്ഛനും തമ്മിലുള്ള വാഗ്വാദം അവന് കേൾക്കാമായിരുന്നു.
കുറച്ചു നാളുകളായി ഈ വീട്ടിൽ ഇതാണ് അന്തരീക്ഷം. കൃത്യമായി പറഞ്ഞാൽ സജീഷിന് ഒരു മകൾ ഉണ്ടായതിൽ പിന്നെയാണ് ഇങ്ങനെ.
രമ്യ ഗർഭിണിയായപ്പോൾ മുതൽ അമ്മയ്ക്ക് ഒരു മകനെ ആയിരുന്നു പ്രതീക്ഷ.
പക്ഷേ ആ പ്രതീക്ഷകളെ പാടെ തെറ്റിച്ചു കൊണ്ട് ഭൂമിയിലേക്ക് വന്നത് ഒരു മകളാണ്. അതോടെ അവരുടെ നിലതെറ്റി. ഓരോ പ്രശ്നങ്ങൾ അവർ തന്നെ സൃഷ്ടിച്ചു തുടങ്ങി.
കോളേജിൽ മുതൽ തുടങ്ങിയ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ വീട്ടുകാർ ഒരു വിധത്തിലും വിവാഹം നടത്തി തരില്ല എന്ന് പറഞ്ഞതിനെ തുടർന്ന് അവനെ മാത്രം വിശ്വസിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോന്നത് ആണ് രമ്യ.
വിവാഹം നടന്ന കാലത്തൊക്കെ അച്ഛനും അമ്മയ്ക്കും അവളെ ഒരുപാട് ഇഷ്ടമായിരുന്നു.
സജീഷ് ഒറ്റമകൻ ആയതുകൊണ്ട് തന്നെ രമ്യയെ അവർ സ്വന്തം മകളെ പോലെ സ്നേഹിച്ചു.
അന്നൊക്കെ കുടുംബത്തിൽ എന്തൊരു സന്തോഷമായിരുന്നു എന്ന് ഇടയ്ക്കൊക്കെ സജീഷ് ഓർക്കും.
ആ സന്തോഷം ഇരട്ടിച്ചു കൊണ്ടാണ് രമ്യ പ്രഗ്നന്റ് ആണ് എന്ന് ഒരു വാർത്ത ആ കുടുംബത്തെ തേടിയെത്തിയത്. അവളെ പരിചരിക്കുന്ന കാര്യത്തിൽ അമ്മ തന്നെ ആയിരുന്നു മുൻപന്തിയിൽ.
അവൾക്ക് ഇഷ്ടമുള്ളത് ഓരോന്നും വച്ച് ഉണ്ടാക്കിക്കൊടുക്കാൻ അമ്മയ്ക്ക് താൽപര്യമായിരുന്നു.
അവൾക്കിഷ്ടമുള്ള പലഹാരങ്ങൾ പുറത്തുപോയി വരുമ്പോൾ വാങ്ങി കൊണ്ടു വരുന്ന അച്ഛൻ സജീഷിനെയും അമ്പരപ്പിച്ചിരുന്നു.
അപ്പോഴൊക്കെയും അമ്മ പറയുന്ന ഒരു വാചകം മാത്രമായിരുന്നു അവന് വേദന.” നീ നോക്കിക്കോ ജനിക്കുന്നത് ഒരു ആൺകുട്ടി ആയിരിക്കും.. ഈ കുടുംബം നിലനിർത്തേണ്ടത് അവനാണ്.. ”
അമ്മയുടെ പ്രതീക്ഷയോടെ ഉള്ള വാക്കുകൾ ആയിരുന്നു അത്.” അപ്പോൾ ജനിക്കുന്നത് പെൺകുട്ടി ആണെങ്കിലോ..? “ഒരിക്കൽ അവൻ ചോദിച്ചു.
” അത് വേണ്ട.. കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്നത് ആൺകുട്ടി തന്നെ വേണം. പെൺകുട്ടിയാണെങ്കിൽ കുടുംബം മുടിഞ്ഞു പോകും എന്നാണ് പണ്ടുള്ളവർ പറയുന്നത്.”
അമ്മ പറഞ്ഞത് കേട്ട് ഒരു നിമിഷം അവന്റെ ശ്വാസം നിലച്ചു പോയി.” അതൊക്കെ പണ്ടുള്ളവരുടെ വിശ്വാസം അല്ലേ..? നമ്മൾ ഇപ്പോഴും അതൊക്കെ മനസ്സിൽ വച്ച് നടക്കേണ്ട കാര്യമുണ്ടോ? ”
അവൻ ചോദിച്ചത് കേട്ട് അവർ അവനെ തറപ്പിച്ചു നോക്കി.” നിനക്ക് ഇതൊക്കെ കളി തമാശയായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. ഇതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. പിന്നെ ഈ കാര്യത്തെക്കുറിച്ച് ഇനി ഇവിടെ ഒരു ചർച്ച വേണ്ട. ”
അമ്മ കടുപ്പിച്ച് പറഞ്ഞതോടെ കൂടുതൽ ഒന്നും പറയാതെ അവൻ എഴുന്നേറ്റു പോയി. അത് ഒരു തുടക്കം മാത്രമായിരുന്നു.
അമ്മയുടെ വാക്കുകളെ ഓർത്തുള്ള ഭയം ഓരോ നിമിഷവും സജീഷിനും രമ്യയ്ക്കും ഉണ്ടായിരുന്നു. പക്ഷേ അവർ അത് ഉള്ളിലൊതുക്കി.
രമ്യയുടെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴും അമ്മയുടെ നാവിൽ നിന്നും ഉണ്ടായിരുന്ന പ്രാർത്ഥന ഒരു ആൺകുട്ടിക്ക് വേണ്ടിയായിരുന്നു.
പക്ഷേ പ്രസവം കഴിഞ്ഞ് പെൺകുട്ടിയാണ് എന്ന് പറഞ്ഞപ്പോൾ അമ്മ അവനെ നോക്കിയ ഒരു നോട്ടമുണ്ട്.
കുട്ടിയെ കയ്യിൽ വാങ്ങാൻ ആവേശത്തോടെ മുന്നിൽ നിന്ന അമ്മ അതൊരു പെൺകുട്ടിയാണെന്ന്
അറിഞ്ഞതോടെ പിൻവലിഞ്ഞു.
കുട്ടിയെ കയ്യിൽ വാങ്ങിയത് അവൻ തന്നെയായിരുന്നു.പിന്നീടുള്ള ഓരോ കാര്യത്തിലും അമ്മ അതൃപ്തി പ്രകടിപ്പിച്ചു. വേറെ ആരും കൂട്ടിനില്ലാത്തത് കൊണ്ടായിരിക്കാം അമ്മ ആശുപത്രിയിൽ വേണം വേണ്ടാതെ വന്നു നിന്നത്.
പക്ഷേ ആ ദിവസങ്ങളിൽ ഒരിക്കൽ പോലും കുട്ടിയെ കയ്യിൽ എടുക്കാനും കൊഞ്ചിക്കാനും അമ്മ ശ്രമിച്ചിട്ടില്ല.
കുട്ടി കരയുന്നത് കേൾക്കുമ്പോൾ ഓരോന്ന് പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടക്കും. അതൊക്കെ കാണുമ്പോൾ രമ്യയ്ക്ക് ആദ്യംമുതൽ സങ്കടം തന്നെയായിരുന്നു.
അപ്പോഴൊക്കെയും സജീഷ് അവളെ ആശ്വസിപ്പിക്കും.” അമ്മയ്ക്ക് പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ ദേഷ്യമാണ്. ഒരു ദിവസം അതൊക്കെ മാറും. മോളെ അമ്മ സ്നേഹിക്കും.”അവന്റെ വാക്കുകൾ കേട്ട് അവൾ പുഞ്ചിരി തൂകും.
ഡിസ്ചാർജ് ആയി ആശുപത്രിയിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടു വന്നിട്ടും അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം ഒന്നും ഉണ്ടായില്ല. എന്ന് മാത്രമല്ല പഴയതിലും ക്രൂരം ആവുകയും ചെയ്തു.
കുഞ്ഞിന് ഇപ്പോൾ ഏഴ് മാസം പ്രായം ഉണ്ട്. ഈ ഒരു ഘട്ടം വരെ കൊണ്ടെത്തിക്കാൻ രമ്യ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
എത്രയൊക്കെ ബുദ്ധിമുട്ടിയാലും അവൾ അതൊക്കെ ഉള്ളിലൊതുക്കി പുഞ്ചിരിക്കും.
പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്നൊരു ദിവസം ആയിരുന്നു. ഒരു ദിവസം ഉച്ചനേരത്ത് കുഞ്ഞിന് ആഹാരം കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു രമ്യ. ആ സമയം അമ്മ അതുവഴി വന്നു.
” വാരി കുത്തി കേറ്റി കൊടുക്ക്. നാളെ ഈ കുടുംബം മുടിക്കാൻ ഉള്ളതാണ്. അസുരവിത്ത്.. ”
അമ്മ പറഞ്ഞതുകേട്ട് രമ്യ തലയുയർത്തി അവരെ നോക്കി.” അമ്മ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്? ഒന്നുമറിയാത്ത ഒരു കുഞ്ഞല്ലേ അവൾ? അവളോട് ഇങ്ങനെ ദേഷ്യവും വാശിയും ഒക്കെ വച്ച് പുലർത്തി എന്ന് കരുതി എന്തെങ്കിലും ഗുണം ഉണ്ടാകുമോ? ”
ആദ്യമായിട്ടായിരുന്നു രമ്യ അമ്മയോട് അങ്ങനെ ചോദിക്കുന്നത്. സഹിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലോ..
ആ പരിധി വിട്ടപ്പോൾ അവൾ ചോദിച്ചു പോയതാണ്. പക്ഷേ അത് അമ്മയ്ക്ക് വലിയ അപമാനം ആയിട്ടാണ് തോന്നിയത്. അതുകൊണ്ടുതന്നെ അമ്മ അവളോട് ദേഷ്യപ്പെട്ടു.
” എന്റെ കുടുംബം മുടിക്കാൻ ഉണ്ടായ ഈ സന്തതിയെ പിന്നെ ഞാൻ എന്ത് വേണം ? ഇതിനെ സ്നേഹിക്കാൻ ഒന്നും എനിക്ക് പറ്റില്ല..
എങ്ങനെയെങ്കിലും ഇതിനെ ഈ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ആണ് ഞാൻ നോക്കുന്നത്. അപ്പോഴാണ് അതിനെ വാരി ഊട്ടി സ്നേഹിക്കുന്നത്.. ”
പുച്ഛത്തോടെ അമ്മ പറഞ്ഞത് കേട്ട് അവൾക്ക് സങ്കടമോ ദേഷ്യമോ ഒക്കെ തോന്നി. അവൾ അമ്മയോട് കൂടുതൽ സംസാരിക്കാതെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മുറിയിലേക്ക് നടന്നു.
പക്ഷേ ഇതൊക്കെ കണ്ടും കേട്ടും നിൽക്കുന്ന സജീഷിനെ അവൾ കണ്ടിരുന്നില്ല. അവൻ വന്ന വഴിയെ തിരിഞ്ഞു നടന്നു.
വൈകിട്ട് അവൻ വീട്ടിലേക്ക് കയറി വരുമ്പോൾ അടുത്ത അങ്കത്തിനുള്ള കളമൊരുങ്ങിയിരുന്നു.
” നിന്റെ ഭാര്യയെയും വിളിച്ചു കൊണ്ട് ഈ നിമിഷം ഇവിടെ വന്ന് ഇറങ്ങണം. അവൾ നിന്റെ അമ്മയോട് തറുതല പറയാൻ മാത്രം വളർന്നിട്ടുണ്ട്. ”
അവൻ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ തന്നെ അച്ഛന്റെ സംസാരം ആണ് കേട്ടത്. അവന് പുച്ഛം തോന്നി.
” അല്ലെങ്കിലും ഇനി അവളെയും കുഞ്ഞിനേയും ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ഒരുപക്ഷേ ഇനിയും ഇവിടെ നിർത്തിയാൽ എന്റെ കുഞ്ഞിനെ കൊന്നുകളയാൻ പോലും ഇവിടെയുള്ളവർ മടിക്കില്ല. അത് എനിക്കിന്നു ബോധ്യപ്പെട്ടു. ”
അച്ഛനെയും അമ്മയെയും തറപ്പിച്ചു നോക്കി അവൻ പറയുമ്പോൾ അമ്മ രമ്യയെ നോക്കി പേടിപ്പിക്കുകയായിരുന്നു.
” ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും അവന്റെ ചെവിയിൽ ഓതി കൊടുക്കുന്നത് ഇവളാണ്.
എന്നാലല്ലേ ഇവിടെ ഒരു കലാപം ഉണ്ടാക്കി അവനെ ഇവിടെ നിന്ന് പിരിച്ചെടുത്ത് അവൾക്ക് കൊണ്ടു പോകാൻ പറ്റൂ.. ”
അമ്മ പറഞ്ഞത് കേട്ട് അവൻ പുച്ഛത്തോടെ അമ്മയെ നോക്കി.” എന്നോട് ആരും ഒന്നും പറഞ്ഞു തന്നിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് അമ്മ ഇവിടെ ഓരോന്ന് പറയുമ്പോഴും ചെയ്യുമ്പോഴും ഞാനുണ്ടായിരുന്നു ഈ വീട്ടുമുറ്റത്ത്..”
അത്രയും പറഞ്ഞ് അവൻ രമ്യയ്ക്കും കുഞ്ഞിനുമൊപ്പം മുറിയിലേക്ക് നടക്കുമ്പോൾ അമ്മ തറഞ്ഞു നിൽക്കുകയായിരുന്നു.
നിമിഷങ്ങൾക്കകം തങ്ങൾക്ക് വേണ്ട സാധനങ്ങൾ മാത്രം ഒരു ബാഗിൽ ഒതുക്കി കൊണ്ട് ഇരുവരും ആ വീടിന്റെ പടിയിറങ്ങുമ്പോൾ, അച്ഛനും അമ്മയും പുച്ഛത്തോടെ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.