എന്റെ മാറല്ലേ ഇച്ചായോ ഞാനത് ഒറ്റക്കിരുന്ന് തടവിക്കോളാം.അതോർത്തു നിങ്ങള് ആധി പിടിക്കേണ്ട ”

 


നിശയും, നിലാവും
(രചന: ഭാവനാ ബാബു)

“എടീ മേരിക്കൊച്ചേ ഒന്നവിടെ നിന്നേ. ന്തൊരു
പോക്കാ ഈ പോണത്…..”

ഞായറാഴ്ച പള്ളീലേക്ക് ധൃതി വച്ചു നടക്കുമ്പോഴാണ് പിന്നിൽ നിന്നും ബ്രോക്കർ ജോണിച്ചായന്റെ രണ്ടും കെട്ടയൊരു വിളി…..

“എന്റെ ജോണിച്ചായാ നിങ്ങള് വല്ല കല്യാണലോചനയും കൊണ്ടുള്ള വരവാണേൽ എന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കും പറഞ്ഞേക്കാം ”

ജോണിച്ചായന്റെ മനസ്സിലിരിപ്പ് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞത്. എന്നിട്ടും അയാൾക്കെന്നെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു

“എന്റെ പൊന്ന് കൊച്ചേ, സുന്ദരിയായൊരു പെണ്ണ് ഈ തണുപ്പത്ത് മാറും തടവി ഒറ്റയ്ക്കിങ്ങനെ ഇരിക്കേണ്ടല്ലോ എ ന്നോർത്താണ് ഞാൻ നിന്റെ പിന്നാലെ ഇടയ്ക്കിടെ ഇങ്ങനെ ഓടിക്കിതച്ചു വരുന്നത് ”

അങ്ങേരുടെ വഷളത്തരം കേട്ടതും എന്റെ ഉള്ളം കാല് പെരുത്ത് കേറി.കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചാലോ എന്നു പോലും തോന്നിപ്പോയി.

“എന്റെ മാറല്ലേ ഇച്ചായോ ഞാനത് ഒറ്റക്കിരുന്ന് തടവിക്കോളാം.അതോർത്തു നിങ്ങള് ആധി പിടിക്കേണ്ട ” അയാളുടെ മുഖത്ത് ഒന്ന് കടുപ്പിച്ചു നോക്കിത്തന്നെയാണ് ഞാൻ പറഞ്ഞത്.

“മേരിക്കൊച്ചേ, ഇങ്ങനെ ദേഷ്യപ്പെടാനും മാത്രം ഇവിടെയിപ്പോ എന്താണ് നടന്നത്. നിനക്ക് നല്ലൊരാലോചന വന്നിട്ടുണ്ട്. നമ്മുടെ പള്ളീടെ അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരൻ ഫിലിപ്പ് സാറിന്റെ.സാറ് നിന്നെ കൊയർ പാടുമ്പോൾ കണ്ടെന്നാണ് പറഞ്ഞത്. ഒറ്റ നോട്ടത്തിൽ തന്നെ നീ അയാളുടെ ചങ്കിൽ കേറിപ്പറ്റിയത്രേ .”

പൊട്ടാൻ തുടങ്ങിയ ചിരിയെ കൈ കൊണ്ട് അമർത്തിപ്പിടിച്ചുകൊണ്ടു അയാൾ പറഞ്ഞു.

ഫിലിപ്പ് സാറിന്റെ പേര് കേട്ടതും ഞാൻ വല്ലാതെയായി. അത്രയ്ക്കും നന്മയുള്ളൊരു മനുഷ്യനാണയാൾ.

“ഇച്ചായ, എന്റെ കെട്ടിയോൻ വർഷങ്ങൾക്ക് മുൻപ് എന്നേം മോനേം ഇട്ടേച്ചു എങ്ങോട്ടോ പോയി. ശെരി തന്നെ. എനിക്കിപ്പോൾ, മമ്മിയും, പിന്നെയെന്റെ പതിനേഴ് വയസ്സുള്ള മോനും മാത്രമേയുള്ളൂ .

കല്യാണലോചനയുമായി എന്റെ പിന്നാലെ വരുന്ന നിങ്ങളെ കണ്മുന്നിൽ കണ്ടാൽ ചവുട്ടി കൂട്ടുമെന്നും പറഞ്ഞു നടക്കുന്ന എന്റെ മോനെ കുറിച്ചോർക്കുമ്പോൾ എനിക്കിപ്പോൾ വല്ലാത്ത ടെൻഷനാണ് ”

മോന്റെ കാര്യം കേട്ടതും, ഇച്ചായന്റെ മുഖം വല്ലാതൊന്ന് വിളറി വെളുത്തു.”അല്ലേലും നിന്റെ മോൻ ജെനിക്സിന് ഇത്തിരി തല്ലുകൊള്ളിത്തരം കൂടുതലാണ് … അതെങ്ങനെ അപ്പനില്ലാത്തതിന്റെ വളർത്തു ദോഷം.അല്ലാതെന്തോന്ന് “?

ജനിക്സിനെ പറ്റിയുള്ള അയാളുടെ കുറ്റപ്പെടുത്തൽ കേട്ടതും എനിക്കെന്തോ വല്ലാത്ത അരിശം വന്നു.

“ജോണിച്ചായൻ ഇപ്പൊ പോകാൻ നോക്ക്.എന്റെ മോന്റെ കാര്യം ഞാൻ നോക്കിക്കോളാം “അയാളെയൊന്ന് രൂക്ഷമായി നോക്കികൊണ്ട് ഞാൻ പറഞ്ഞു.

“ഞാൻ പോകുവാണേ…. അതിന് മുൻപ് നീ ഫിലിപ്പ് സാറിന്റെ കാര്യത്തിലൊരു തീരുമാന മുണ്ടാക്ക്. ഞാൻ അങ്ങേരോട് നിന്നെ കാണാൻ വരാൻ പറയട്ടെ “?

“അതൊന്നും വേണ്ട.എന്റെ മോനെ മറന്നുംകൊണ്ട് ഞാനൊന്നും ചെയ്യില്ല ഇച്ചായാ…. അപ്പൊ ശെരി ഞാൻ പള്ളിലോട്ട് കേറട്ടെ..”

ജോണിച്ചായനോട് യാത്ര പറഞ്ഞു പള്ളിയിൽ കേറിയപ്പോഴും എന്റെ മനസ്സ് നിറയെ ജനിക്സിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ജോണിച്ചായൻ പറഞ്ഞത് ശെരി തന്നെയാണ് അവന് പ്രായത്തിന്റെതായ കുറച്ചു പ്രശ്നങ്ങളുണ്ട്

ഒടുവിൽ അൾത്താരയ്ക്ക് മുന്നിൽ മനസ്സുരുകി പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കിയതും, ബഞ്ചിന്റെ ഒരു വശത്തായി പുഞ്ചിരി തൂകി നിൽക്കുന്ന ഫിലിപ്പ് സാറിനെയാണ് ഞാൻ കണ്ടത്…. ആ കണ്ണുകൾ എന്റെ നേരെ വന്നതും എന്തോ ഓർത്തു കൊണ്ട് ഞാനെന്റെ നോട്ടം പിൻവലിച്ചു.

പള്ളിയിൽ നിന്നും ഇറങ്ങിയപ്പോൾ മനസ്സെന്തോ വല്ലാതെ വലിഞ്ഞു മുറുകി യിരുന്നു. വീട്ടിലെത്തിയപ്പോൾ തയ്യൽ മെഷീന്റെ മുന്നിലിരുന്ന് ഓരോന്ന് പിറുപിറുത്തിരിക്കുന്ന അമ്മച്ചിയെ കണ്ടതും എന്റെ ഉള്ളൊന്ന് വിങ്ങി.

“എന്താ അമ്മച്ചി ഇങ്ങനെ ഒറ്റക്കിരുന്നു സംസാരിക്കുന്നത്. “എന്റെ ചോദ്യം കേട്ടതും മുഖമുയർത്തി എന്നെയൊന്നു തുറിച്ചു നോക്കിയശേഷം കസേരയിലിരിക്കുന്ന തുണിയെടുത്തു തയ്ക്കുവാൻ തുടങ്ങി.

“അല്ലെങ്കിലും ഞാനിവിടെയൊരു അധികപ്പറ്റാ ണ്. എനിക്കതറിയാം “കണ്ണ് നിറച്ചുകൊണ്ടുള്ള അമ്മച്ചിയുടെ വാക്കുകൾ കേട്ടതും എനിക്കാകെ സങ്കടമായി. ഒപ്പം ചെറിയൊരു ദേഷ്യവും

“അമ്മച്ചിയോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, അവിടേം, ഇവിടേം തൊടാതെ, കാര്യങ്ങൾ വ്യക്തമായി പറയണമെന്ന് ”

എന്റെ കുറ്റപ്പെടുത്തൽ കേട്ടതും, തയ്ക്കുന്നത് നിർത്തിവച്ച് എന്തോ പറയാനായി അമ്മച്ചി എന്റെ നേരെ വന്നിരുന്നു.

“ഇന്നുച്ചയ്ക്ക് ഇവിടെയാ ബ്രോക്കർ ജോണി വന്നിരുന്നു…. നിനക്ക് വന്ന ആലോചനയെപ്പറ്റി അവനെന്നോട് എല്ലാം പറഞ്ഞു.”

“ഓ…… അപ്പോ അതാണ് സംഭവം.” “തലയാട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.”നീ വിചാരിക്കുന്നതു പോലെയുള്ള കാര്യങ്ങളൊന്നുമല്ല ഇവിടെ നടന്നത് …. ഞാനും ജോണിയും സംസാരിക്കുന്നത് കേട്ടും കൊണ്ട്, നിന്റെ മോൻ ഞങ്ങൾക്കിടയിലേക്ക് ഇടിച്ചു കേറി

വന്നിട്ട്, അവന്റെ വായിൽ തോന്നുന്നതൊക്കെ അവൻ ജോണിയെ വിളിച്ചു പറഞ്ഞു. തലയും താഴ്ത്തിയാണ് ആ പാവം ഈ പടിക്കെട്ടിറങ്ങിപ്പോയത് .”

ജനിക്സിന്റെ തോന്ന്യാസം നിറഞ്ഞ പെരുമാറ്റം അറിഞ്ഞതും നാണക്കേട് കൊണ്ടു ഞാൻ വല്ലാതെയായി.

“അമ്മച്ചി, ഞാൻ ജോണിച്ചായനോട് രാവിലെ തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതാ ണ്. എന്നിട്ട് അതൊന്നും കേൾക്കാതെ ആ പാവം ഫിലിപ്പ് സാറിനെയും ആവശ്യമില്ലാതെ ഇതിനിടയിലേക്ക് വലിച്ചിട്ടു.”

ഫിലിപ്പ് സാറിന്റെ പേര് കേട്ടതും അമ്മച്ചിക്ക് എവിടുന്നെന്നില്ലാത്തൊരുത്സാഹം വന്നു….

“എന്നിട്ട് നീ സാറിനെ കെട്ടാൻ തീരുമാനിച്ചോ? ആകാംഷയോടെയുള്ള അമ്മച്ചിയുടെ ചോദ്യം കേട്ടതും എനിക്കാകെ അരിശം വന്നു ”

“എന്റീശോയെ, ഈ അമ്മച്ചീടെ ഒരു കാര്യം. അപ്പൊ ഇത്രേം നേരം ഇവിടെ നടന്നതും ഞാൻ പറഞ്ഞതുമൊക്കെ അമ്മച്ചി മറന്നോ. ജെനിക്സിന് ഇഷ്ടമില്ലാത്തതൊന്നും ഞാനീ ജന്മത്ത് ചെയ്യില്ല…. അല്ലെങ്കിൽത്തന്നെ രണ്ടും കെട്ട ഈ പ്രായത്തിൽ എനിക്കെന്തിനാണൊരു മിന്നു കെട്ടും കൂട്ടും?”

എന്റെ മറുപടി കേട്ടതും അമ്മച്ചിയുടെ മുഖം കാർമേഘം പോലെ ഇരുണ്ടു.”നിന്നോടെനിക്ക് ഒന്നേ പറയാനുള്ളു. ഫിലിപ്പ് സാറിന് നാട്ടിൽ വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല നിന്റെ പിന്നാലെ വന്നത്. നിന്റെ സ്വഭാവോം, ദൈവ ഭയോം ഒക്കെ കണ്ടപ്പോ അങ്ങേർക്കെ ക്കെന്തോ ഒരിഷ്ടം

തോന്നിക്കാണും . പിന്നെ നിന്റെ മോന്റെ കാര്യം, നാലഞ്ചു വർഷം കഴിയുമ്പോ അവനൊരു പെണ്ണിനേം വിളിച്ചോണ്ട് വരും. പിന്നെ അതായി അവന്റെ ലോകം….. ഈ പോക്ക് പോയാൽ നിന്റെ കാര്യമാകെ കഷ്ടത്തിലാകും മോളെ അതോർക്കുമ്പോഴാണ് എന്റെ ചങ്ക് തകർന്നു പോകുന്നത് “.

അതും പറഞ്ഞു അമ്മച്ചി ഉറങ്ങാനായി പോകുമ്പോ മറുത്തൊന്നും പറയാൻ കഴിയാതെ ഞാനിവിടെത്തന്നെ നിന്നു.

ജോണിച്ചായനേം, ഫിലിപ്പ് സാറിനേം കണ്ടാൽ തല്ലുമെന്ന് പറഞ്ഞ ജനിക്സിന്റെ വാശി ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വന്നു. അവരാരും ഈ വഴി വരരുതേ എന്ന പ്രാർത്ഥനയോടെ ഞാനും, അമ്മച്ചിയും ദിവസങ്ങളെണ്ണിക്കഴിഞ്ഞു .

എന്നാൽ ഞങ്ങളുടെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് ഒരു വൈകുന്നേരം ഫിലിപ്പ് സർ ഞങ്ങളുടെ വീട്ടിലേക്ക് കേറി വന്നു…. ജനിക്സ് സ്കൂൾ വിട്ട് റൂമിൽ നല്ല ഉറക്കത്തിലായിരുന്നു .

സാറിനെ കണ്ടതും ഒരല്പം പേടിയോടെ ഞാനും, അമ്മച്ചിയും മുഖത്തോട് മുഖം നോക്കി.

“ഇതെന്താ, അമ്മച്ചിയും, മോളും എന്നോടൊന്നിരിക്കാൻ പോലും പറയാത്തത്?”

ഫിലിപ്പ് സാറിന്റെ ചോദ്യം കേട്ടതും ആകുലതകളൊക്കെ മാറ്റി വച്ചു, ഞാനദ്ദേഹത്തിന്റെ മുന്നിലേക്ക് കസേര വലിച്ചിട്ടു.

“എന്താ സാറെ, പെട്ടെന്നൊരു മുന്നറിയിപ്പുമില്ലാതെ “?അമ്മച്ചിയുടെ ചോദ്യം കേട്ടതും, ഫിലിപ്പ് സർ ഗൗരവത്തിലായി.

“ജോണി നിങ്ങളോട് കാര്യങ്ങളൊക്കെ പറഞ്ഞു കാണുമല്ലോ. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് എന്റെ ഭാര്യ കത്രീന എന്നെ വിട്ട് പോയത്. അതോടെ ഞാനും മോളും ഒറ്റക്കായി…. കഴിഞ്ഞ വർഷം മോളുടെ കല്യാണം കഴിഞ്ഞതോടെ ആകെയുള്ള ആശ്വാസം കൂടിയെനിക്ക് നഷ്ടമായി.

അവൾ അമേരിക്കയിലാണ് താമസിക്കുന്നത്. ഇടക്കെങ്ങാനും വന്നാലായി. എന്നിട്ടും മറ്റൊരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമുണ്ടായില്ല. പക്ഷെ മേരിയെ പറ്റി അറിഞ്ഞപ്പോൾ, ആ ഒറ്റപ്പെടൽ ഓർത്തപ്പോൾ, ഇനിയുള്ള കാലം ഞങ്ങൾ പരസ്പരമൊരു കൂട്ടാകുമെന്ന് കരുതി ”

“നിങ്ങളോടാരു പറഞ്ഞു അങ്ങനെയുള്ള കിനാവൊക്കെ കണ്ട് ഇങ്ങോട്ട് വലിഞ്ഞു കേറി വരാൻ “?

കൈ ചുരുട്ടിപ്പിടിച്ചു വീറോടെ വരുന്ന ജെനി ക്സിനെ കണ്ടതും എന്റേം അമ്മച്ചിയുടേം ഉള്ളൊന്ന് കാളി….

“മോനെ , നീ ബഹളം ഉണ്ടാക്കാതെ, അകത്തേക്ക് പോ “എന്റെ അഞ്ജ കേട്ടിട്ടും അവനൊരു കൂസലുമില്ലാതെ ഫിലിപ്പ് സാറിനെ ചെറഞ്ഞു നോക്കികൊണ്ട് ഹാളിൽ തന്നെ നിന്നു.

“മോനെ, നിന്റെ അമ്മച്ചിയെ നഷ്ടപ്പെടുമെന്നുള്ള പേടിയൊന്നും നിനക്ക് വേണ്ട.നിന്റെ അമ്മച്ചിയെ കെ ട്ടുന്നത്തിനൊപ്പം, നിനക്ക് ഞാൻ നല്ലൊരു അ പ്പച്ചൻ കൂടിയായിരിക്കും.”

ഇതും പറഞ്ഞു വാത്സല്യത്തോടെ തഴുകാൻ വന്ന ഫിലിപ്പ് സാറിന്റെ കൈകൾ അവൻ ദേഷ്യത്തോടെ തട്ടി മാറ്റി.

“മതി നിർത്തിക്കെ.ഒരു അപ്പച്ചൻ വന്നിരിക്കുന്നു.നിങ്ങളുടെ ആലോചനയും കൊണ്ടു വന്ന ആ ബ്രോക്കറിനോട് ഞാൻ പ്രത്യേകം പറഞ്ഞതാണ്, മേലിൽ ഇക്കാര്യം പറഞ്ഞു ഈ പടി കേറരുതെന്ന്…. നിങ്ങളോടും അത് തന്നെ ഞാൻ പറയുന്നു…. ഇറങ്ങിപ്പോ എന്റെ വീട്ടിന്ന് .”

കലി കൊണ്ടു തുള്ളി നിൽക്കുന്ന ജെക്സിനെ കണ്ട് ഞാനും അമ്മച്ചിയും എന്തെന്നറിയാതെ ഒരു നിമിഷം അന്ധാളിച്ചു നിന്നു.

“ജെക്സിൻ, ആളും തരവും നോക്കാതെയുള്ള നിന്റെ പെരുമാറ്റം അതിരു കടക്കുന്നുണ്ട് കേട്ടല്ലോ “ഒരു മുന്നറിയിപ്പെന്നോണം ഞാൻ അവനോട് പറഞ്ഞു.

“ഓ…. ഇങ്ങേരോട് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോ നിങ്ങൾക്ക് സഹിച്ചില്ല അല്ലെ? ആണും, തൂണും ഒന്നുമില്ലാതെയാണല്ലോ ഈ നൽപ്പത്തിയഞ്ചു വയസ്സ് വരെ നിങ്ങളീ ഭൂമുഖത്തു ജീവിച്ചത്…. ഇനിയും അങ്ങനെയൊക്കെത്തന്നെ മതി. ഒരു പുതുപ്പണക്കാരനെ കണ്ടതും തള്ളേടെ മനസ്സിളകിയിരിക്കുന്നു …. പെഴച്ച സാധനം

അവൻ പറഞ്ഞു നിർത്തിയതും “വളർത്തി വലുതാക്കിയ അമ്മച്ചിയെ പറ്റി ചെറ്റത്തരം പറയുന്നോടാ നായെ” എന്നും ചോദിച്ചു ഫിലിപ്പ് സാറിന്റെ കൈ അവന്റെ കരണത്തൊന്നു പൊട്ടിച്ചതും ഒപ്പമായിരുന്നു.

അടി കിട്ടിയതും അവൻ വേച്ചു പിന്നാക്കാം മറിഞ്ഞു…. എന്നാൽ മേടിച്ചു കൂട്ടിയ അപമാനമോർത്തപ്പോൾ സർവ്വ ശക്തിയുമെടുത്തു ആക്രോശിച്ചു കൊണ്ടു അവൻ ഫിലിപ്പ് സാറിന്റെ കോളറിൽ പിടുത്തമിട്ടു.

ഇതെല്ലാം കണ്ട് തളർച്ചയോടെ അമ്മച്ചി കസേരയിലേക്ക് വീണു.ഞാൻ അവരുടെ ഇടയിലേക്ക് ചെന്ന് രണ്ടാളെയും പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല.

“നിന്റെ കൈയ്ക്കും കാലിനുമൊക്കെ ഇത്രയും ബലമുണ്ടായിരുന്നോ ജെക്സിൻ… കഴിഞ്ഞ മാസം മ്യൂസിയം സ്റ്റേഷനിൽ നിന്ന് നിന്നെ എന്റെ സ്വന്തം ജാമ്യത്തിലിറ
ക്കുമ്പോൾ കുടിച്ചു പൂസായി നാവും
കുഴഞ്ഞു വെറും തറയിൽ വാളും വച്ചു കിടക്കുകയായിരുന്നല്ലോ നീ “?

ഫിലിപ്പ് സാറിന്റെ പരിഹാസം നിറഞ്ഞ വാക്കുകൾ കേട്ടതും, ജെക്സിന്റെ പിടി ഒന്നയഞ്ഞു…. എന്റെ നോട്ടം നേരിടാൻ കഴിയാതെ അവൻ തല കുനിച്ചു ഹാളിന്റെ ഒരു മൂലയിലേക്ക് മാറി നിന്നു.

“എന്താ ടാ ഞാനീ കേട്ടതൊക്കെ? ഫിലിപ്പ് സർ നിന്നെ പറ്റി പറയുന്നതൊക്കെ സത്യമാണോ?”

അധിയോടെ ഞാൻ ജെക്സിന്റെ ചുമൽ കുലുക്കി കൊണ്ടു ചോദിച്ചു.”നീ അവനോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല മേരീ . നടന്നതെന്താണെന്ന് ഞാൻ പറയാം “.ഇരച്ചു കയറിയ ദേഷ്യമൊന്നടക്കി കൊണ്ടു ഫിലിപ്പ് സർ പറഞ്ഞു തുടങ്ങി.

“ഞാൻ മറ്റൊരാവശ്യത്തിന് വേണ്ടിയാണ് അന്ന് സ്റ്റേഷനിലേക്ക് പോയത്.അപ്പോഴാണ് എസ്. ഐ ഇവന്റെ കാര്യം എന്നോട് പറയുന്നത്. ഏതോ ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിക്ക് കള്ളു കുടിച്ചു പിരി പോയി ഇവരിൽ ഏതോ ഒരുത്തൻ വഴിയേ പോയൊരു പെണ്ണിനെ കമെന്റടിച്ചു. അത് ചോദിക്കാൻ വന്ന അവളുടെ അപ്പനെ ഇവന്മാരെല്ലാം കൂടി അടിച്ചവശനാക്കി.

അങ്ങനെ ഒടുവിലത് കേസായി. അന്നു തന്നെ ഇവന്മാരെ പോലീസ് പൊക്കി അകത്തിട്ടു.ഒടുവിൽ ഫാദറിനോട് ഞാൻ ഇവന്റെ കാര്യം പറഞ്ഞപ്പോൾ മേരിയുടെ മകനാണെന്നും, അത്ര കുഴപ്പിക്കാരനല്ലെന്നും എനിക്കറിയാൻ

കഴിഞ്ഞു . അങ്ങനെ എന്റെ സ്വന്തം ജാമ്യത്തിൽ ഇവനെ സ്റ്റേഷനിൽ നിന്നും ഞാൻ ഇറക്കി . അതൊന്നും ഇവൻ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല “.

“എടാ ഞാനീ കേൾക്കുന്നതൊക്കെ സത്യമാണോ “ദേഷ്യവും സങ്കടവും ഉള്ളിൽ നിറച്ചു ഞാൻ അവന്റെ മുഖമുയർത്തി ചോദിച്ചു.

അപ്പോഴും ജെക്സിനൊന്നും മിണ്ടാതെ പ്രതിമ പോലെ നിൽക്കുകയാണ്.”ഇപ്പോൾ എനിക്കെല്ലാം ഓർമ്മ വരുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദീപുവിന് ആക്സിഡന്റ് പറ്റിയെന്നും പറഞ്ഞു നിതിൻ വിളിച്ചപ്പോൾ അന്നവന് കൂട്ടായി നീയും അവിടെ നിൽക്കുകയാണെന്ന് പറഞ്ഞിരുന്നു.

എന്നിട്ടും എനിക്കപ്പോൾ നിന്നെക്കുറിച്ചൊരു സംശയവും തോന്നിയില്ല. അന്ന് ആരും അറിയാതെ ഒരു ദൈവ ദൂതനെ പോലെ ഈ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ നിന്റെ ഗതി എന്താകുമായിരുന്നു? ആ ഒറ്റ സംഭവം കൊണ്ടു നിന്റെ ഭാവി തന്നെ തീർന്നേനെ “.

ആധി മൂത്തുള്ള എന്റെ സംസാരം ചെവികൊള്ളാതെ, ഫിലിപ്പ് സാറിനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ജെക്സിൻ റൂമിനുള്ളിലേക്ക് തലയും താഴ്ത്തി പോയി.

“മേരി, അപ്പോൾ ഞാൻ ഇറങ്ങുവാണെ .ഇനിയിപ്പോ അവനെ തല്ലാനും കൊല്ലാനുമൊന്നും നിൽക്കേണ്ട ”
വല്ലാത്തൊരു കരുതൽ പോലെ അതും പറഞ്ഞുകൊണ്ട് അദ്ദേഹം വീടുവിട്ടിറങ്ങി

ഫിലിപ്പ് സർ പോകുന്നത് കണ്ടപ്പോൾ എനിക്കാകെ സങ്കടമായി. ഒരു നന്ദി വാക്ക് പോലും പറയാതെ ജെക്സിൻ ആ മനുഷ്യനെ അപമാനിച്ചു വിട്ടതോർത്തപ്പോൾ എന്റെ മനസ്സാകെയുലഞ്ഞു… ഇടക്കെപ്പോഴോ എന്തെന്നറിയാതെ എന്റെ മിഴികൾ നിറഞ്ഞൊഴുകി.

“കണ്ടല്ലോ, നിന്റെ മകന്റെ വളർത്തു ദോഷം, ഇവന് വേണ്ടിയാണോ നീയാ മനുഷ്യനെ തള്ളി കളയുന്നത്….. അങ്ങനെ നീ ചെയ്താൽ അതെന്നും നിനക്ക്‌ നഷ്ടം മാത്രമായിരിക്കും മോളെ നൽകാൻ പോകുന്നത് “.

അതും പറഞ്ഞു കട്ടിലിലേക്ക് ചരിഞ്ഞ അമ്മച്ചിയെ കണ്ടതും എനിക്ക്‌ വല്ലാത്തൊരൊറ്റപ്പെടൽ തോന്നി …..

അങ്ങനെയെന്തൊക്കെയോ ചിന്തിച്ചു കൂട്ടി രാത്രി ഏറെ വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നത്.നേരം വെളുത്തപ്പോൾ മനസ്സ്,കാറും കോളുമൊക്കെയടങ്ങി വല്ലാതെ ശാന്തമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലൊന്നും ഞാൻ ഫിലിപ്പ് സാറിനെ കണ്ടതേയില്ല… ഇതിനിടയിൽ ജെക്സിൻ, ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് എന്റെ അരികിലേക്ക് വന്നു.. അപ്പോൾ അവന്റെ നെറ്റിയിൽ വാത്സല്യം നിറഞ്ഞൊരു ഉമ്മ കൊടുക്കാനാണെനിക്ക് തോന്നിയത്.

ഒരു ദിവസം വഴിയിൽ വച്ചു ജോണിച്ചായനെ കണ്ടപ്പോൾ ഞാൻ ഫിലിപ്പ് സാറിനെ കുറിച്ച് തിരക്കി.

“എന്ത് പറയാനാ മേരിക്കൊച്ചേ, അങ്ങേരിപ്പോ പുറത്തേക്കൊന്നും ഉറങ്ങാതെ വീടും അടച്ചിരിപ്പാണെന്നാണ് കേട്ടത് ”

ഇച്ചായന്റെ വാക്കുകൾ കേട്ട് എനിക്കെന്തോ വല്ലാത്ത സങ്കടമായി.അദ്ദേഹത്തെയൊന്നു കാണാൻ ഞാനൊത്തിരി ആഗ്രഹിച്ചു.

അങ്ങനെയാണ് കമ്പനിയിലേക്ക് പോകും വഴി ഞാൻ ഫിലിപ്പ് സാറിന്റെ വീട്ടിലേക്ക് പോകുന്നത് . ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നു അകത്തേക്ക് കയറിയപ്പോൾ മുറ്റത്തെ ചാരു കസേരയിൽ പത്രവും നെഞ്ചോട് ചേർത്തു വച്ചു ചെറിയൊരു മയക്കത്തിലായിരുന്നു അദ്ദേഹം ..ആ മുഖവും നോക്കി ഞാനൊരു നിമിഷം അങ്ങനെ നിന്നു.

“സർ, ഫിലിപ്പ് സർ….. ഒരൽപ്പം പതിഞ്ഞ സ്വര ത്തിൽ ഞാൻ വിളിച്ചു.എന്റെ ശബ്ദം കേട്ടതും അദ്ദേഹം മെല്ലെ കണ്ണുകൾ തുറന്നു. മുൻപിൽ നിൽക്കുന്ന എന്നെ കണ്ടതും ചാടിയെഴുന്നേറ്റ് അഴിഞ്ഞു പോയ ഷർട്ടിന്റെ ആദ്യ ബട്ടനുകളിട്ടു.

“ഇതെന്താ മേരി രാവിലെ തന്നെ ഇങ്ങോട്ടേക്കിറങ്ങിയത് ?”അതിശയത്തോടെ അദ്ദേഹം ചോദിച്ചു.

“സാറെന്റെ വീട്ടിലേക്ക് വന്നതും, ഇങ്ങനെയല്ലേ ” ഒരൽപ്പം കുസൃതിയോടെ ഞാൻ ചോദിച്ചു.

അത് ശരിയാണല്ലോ എന്നോർത്തു അദ്ദേഹമൊന്ന് പുഞ്ചിരിച്ചു.”അന്ന് ഞാൻ ജെക്സിനെ തല്ലാൻ പാടില്ലായിരുന്നു. പെട്ടെന്ന് മേരിയെ പറ്റി അങ്ങനെയൊക്കെ അവൻ പറഞ്ഞപ്പോൾ സഹിക്കാൻ കഴിയാതെ എന്റെ നിയന്ത്രണം വിട്ടു പോയി. സോറി മേരി നീ എന്നോട് ക്ഷമിക്കണം ”

മനസ്സറിഞ്ഞുള്ള സാറിന്റെ ക്ഷമാപണം കേട്ടതും ഞാൻ വല്ലാതെയായി.”അയ്യോ അങ്ങനെയൊന്നും പറയരുതേ സർ. സത്യത്തിൽ അവൻ അങ്ങനെയൊക്കെ പെരുമാറിയതിന് ഞാനല്ലേ മാപ്പ് ചോദിക്കേണ്ടത്.അച്ഛൻ ഇല്ലാതെ വളർന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടവന് ”

“അങ്ങനെ പറഞ്ഞു മേരി അവനെ സപ്പോർട്ട് ചെയ്യരുത്. എത്രയോ കുട്ടികൾ അച്ഛനില്ലാതെ വളരുന്നുണ്ട്. രണ്ടാമത്തെ വയസ്സിൽ എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടതാണ്.

പിന്നെ മേരിയെപ്പോലെ കഷ്ടപ്പെട്ടാണ് എന്റെ അമ്മ എന്നെ വളർത്തിയത്. സത്യത്തിൽ മേരിയെ കാണുമ്പോൾ എനിക്കെന്റെ അമ്മയെ ഓർമ്മ വരും. ആ ഒരു സ്നേഹം കൊണ്ടാണ് ഞാൻ മേരിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചതും “.

ഫിലിപ്പ് സർ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഞാൻ അദേഹത്തിന്റെ അരികിലായി തൊട്ടടുത്തുള്ള ചെയറിൽ ഇരുന്നു.

“മനസ്സിൽ തോന്നിയ ആഗ്രഹം ഞാൻ ഇന്നലെത്തന്നെ കുഴിച്ചു മൂടി….. ഇപ്പോൾ തന്നെ വയസ്സ് അൻപത്തി രണ്ടായി. ഇനി കൂടിപ്പോയാൽ എത്ര വർഷം ഉണ്ടാകും ഞാനീ ഭൂമിയിൽ…. പിന്നെ ഈ ഒറ്റപ്പെടലാണ് സഹിക്കാൻ പറ്റാത്തത് “.

ഫിലിപ്പ് സാറിന്റെ വാക്കുകൾ എന്റെ ഉള്ളിലെ വിടെയോ കൊണ്ടു…. ആ സ്നേഹം കണ്ടില്ലെന്നു വയ്ക്കാൻ ഇനിയുമെനിക്ക് കഴിയില്ലെന്നൊരു തോന്നൽ….

“അത് പിന്നെ…. അങ്ങനെയൊക്കെ ഉറപ്പിക്കാൻ വരട്ടെ.അതിനെക്കുറിച്ച് നമുക്ക് വീണ്ടുമൊന്നു ചിന്തിച്ചു കൂടെ ”

നാണം പൂണ്ട എന്റെ മുഖം കണ്ടതും ഫിലിപ്പ് സർ ആവേശത്തിലായി.”മേരി, നിനക്കെന്നെ കെട്ടാൻ സമ്മതമാണോ?അതാണോ നീയിപ്പോൾ ചോദിച്ചതിന്റെ അർഥം “?

വിശ്വാസമാകാതെ അദ്ദേഹമെന്നോട് ചോദിച്ചു.”ഉം…. എനിക്കിഷ്ടമാണ്..”.. ലജ്ജയോടെ ഞാൻ മറുപടി പറഞ്ഞു.

പ്രണയം കൊണ്ടു വിരിഞ്ഞ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയതും സന്തോഷം കൊണ്ടു ചാടിയെഴുന്നേറ്റ് അദ്ദേഹമെന്നെ നെഞ്ചോട് ചേർത്തു നിർത്തി.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ ഭാവം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. പെട്ടെന്നു തന്നെ ഞാൻ അദ്ദേഹത്തിന്റെ ആലിംഗനത്തിൽ നിന്നും മാറി നിന്നു…

എന്റെ പെരുമാറ്റം അദ്ദേഹത്തെ ചെറുതായൊന്നു വിഷമിപ്പിച്ച പോലെ …. സ്വന്തം പ്രവർത്തിയിൽ അദ്ദേഹത്തിന് വല്ലാത്ത ജാള്യതയും തോന്നി…..

“സോറി, മേരി, കേട്ടപ്പോൾ ഞാൻ വല്ലാതെ എക്‌സൈറ്റെഡ് ആയിപ്പോയി…. തെറ്റായൊന്നും തോന്നരുതേ ”

ഞാൻ ശെരിഎന്നർത്ഥത്തിൽ മെല്ലെ തലയാ ട്ടി.””ജെക്സിന്റെ കാര്യം…. മേരി അവനോട് ഇതിനെപ്പറ്റി സംസാരിച്ചിരുന്നോ ”

“രാവിലെ ഞാൻ ഇതിനെ പറ്റി അവനോട് ചെറുതായൊന്നു സൂചിപ്പിച്ചിരുന്നു അവൻ എതിരൊന്നും പറഞ്ഞില്ല…..”

ആണോ…. വിശ്വാസമാകാതെ അദ്ദേഹമെ ന്നോട് ചോദിച്ചു.”ഇനിയിപ്പോൾ അധികം വൈകാതെ ഫാദറിനെ കണ്ട് മിന്നു കെട്ടിന്റെ തിയതി ഉറപ്പിച്ചോളു “ആ മുഖത്തേക്ക് നോക്കാതെയാണ് ഞാനത് പറഞ്ഞത്.

“ദേ…. ഞാനിപ്പോ തന്നെ ഫാദറിനെ കാണാൻ പോകുവാ..ഇനി വച്ചു താമസിപ്പിക്കേണ്ടല്ലോ” ചെറിയൊരു മന്ദഹാസത്തോടെയാണ് അദ്ദേഹമത് പറഞ്ഞത്.

ആ വാക്കുകൾ കേട്ടതും അദേഹത്തിന്റെ മുഖത്തെ പൌരുഷം ഒന്നു കൂടി ഇരട്ടിച്ചത് പോലെയെനിക്ക് തോന്നി.

മനസ്സു നിറഞ്ഞ സന്തോഷത്തോടെ ഫിലിപ്പ് സാറിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിലെവിടെക്കെയോ ഒരു കുന്ന് സ്വപ്നങ്ങൾ ചേക്കറുന്നത് പോലെ…. വരണ്ടുണങ്ങിയ മരുഭൂവിൽ പ്രതീക്ഷയുടെ ചെറിയൊരു പച്ചപ്പും കാത്ത് ഞാനെന്റെ യാത്ര തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *