(രചന: J. K)
“” അരുണിമയുടെ വീടല്ലേ??? “” എന്ന് ചോദിച്ച് രാവിലെ തന്നെ ഒരു ഫോൺകോൾ..”” അല്ല ഇത് അരുണിമയുടെ വീടല്ല എന്ന് ഇത്തിരി കനപ്പിച്ച് തന്നെ പറഞ്ഞു..
ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ, അപ്പോൾ മാത്രം അതെ എന്ന് പറഞ്ഞു..
അവിടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് വിജയേട്ടന് ഫോൺ കൊണ്ടു കൊടുത്തത് എന്തോ അവരുടെ സംസാരവും ഭാവവും ഒക്കെ കണ്ടിട്ട് പേടി തോന്നുന്നുണ്ടായിരുന്നു സതിക്ക്…
“” വിജയേട്ടാ ഒരു ഫോൺ പോലീസ് സ്റ്റേഷനിൽ നിന്ന് എന്നാ പറയുന്നത്.. “””എന്നും പറഞ്ഞ് വിജയേട്ടന്റെ കൈയിൽ ഫോൺ കൊണ്ടുകൊടുത്തു. അയാൾ സതിയെ ഒന്ന് നോക്കി മുറ്റത്തേക്ക് ഇറങ്ങി.
എന്തൊക്കെയോ സംസാരിക്കുന്നതും ആ മുഖം മാറി വരുന്നതും കാണുന്നുണ്ടായിരുന്നു എന്തോ വലിയ പ്രശ്നമുണ്ട് അല്ലെങ്കിൽ വിജയേട്ടൻ
ഇത്രത്തോളം ടെൻഷൻ ആവില്ല എന്ന് സതിക്കു മനസ്സിലായി. അയാൾ അകത്തേക്ക് വന്നതും ചോദിച്ചു…
“”” എന്താ എന്താ ഉണ്ടായത് എന്ന്?? “””””ഒന്നൂല്ല്യ…! നീ ആ ഷർട്ട് ഇങ്ങട് എടുക്ക് “””
എന്ന് മാത്രം പറഞ്ഞു വേഗം അകത്തു പോയി വിജയേട്ടന്റെ ഷർട്ട് എടുത്തു കൊടുത്തു അദ്ദേഹം വേഗം പുറത്തേക്ക് പോയി ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല ആയിരുന്നു എന്തോ പ്രശ്നമുണ്ട് എന്ന് മനസ്സിലായിരുന്നു…
“””അരുണിമ.. അമ്മു, അവളുടെ പേരും ചോദിച്ചുകൊണ്ടാണ് രാവിലെ ഫോൺ വന്നത്…ഇനി അവൾക്ക് എന്തെങ്കിലും “””
ഒന്നും ഉണ്ടാവരുതേ എന്ന് എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു എത്രയൊക്കെ ആട്ടിയകറ്റിയാലും അവൾ താൻ പ്രസവിച്ചത് തന്നെയല്ലേ….ഓർമ്മകൾ മേല്ലെ പുറകിലേക്ക് പോയി..
പഠിക്കാൻ നല്ല മിടുക്കിയായിരുന്നു അരുണിമയും പൂർണിമയും രണ്ടു പെൺമക്കളാണ് തനിക്കും വിജയനും വളരെ സ്നേഹപൂർവ്വം തന്നെയാണ് അവരെ വളർത്തിയത് എല്ലാ സ്വാതന്ത്ര്യവും കൊടുത്തു…
എന്തുപറഞ്ഞാലും അതിനെല്ലാം അനുസരിച്ചു തുള്ളുന്ന സ്വഭാവം വിജയേട്ടന് പണ്ടേ ഉള്ളതായിരുന്നു…
പലതവണ പറഞ്ഞു വിലക്കിയതാണ് മക്കളാണ് ആണാലും പെണ്ണായാലും താഴെ നിർത്തി പഠിപ്പിക്കണമെന്ന് എന്ത് പറഞ്ഞാലും വാങ്ങി കൊടുക്കരുത് എന്നൊക്കെ… ആര് കേൾക്കാൻ..
വിചാരിക്കുമ്പോഴേക്ക് ഓരോന്ന് കിട്ടിത്തുടങ്ങിയാൽ അവർക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാവില്ല എല്ലാം അവർ പറയുമ്പോഴേക്കും കിട്ടും എന്ന് ഭാവമായിരിക്കും അവർക്ക് അത് പിന്നീട് പല വാശികൾക്കും കാരണമാകും ദോഷം ചെയ്യും…
തങ്ങൾ പറയുന്ന ഒരു സാധനം മറ്റുള്ളവർക്ക് കൂടി സൗകര്യപ്രദമാണെങ്കിലേ കിട്ടു എന്ന് പഠിപ്പിക്കണം കുഞ്ഞുങ്ങളെ എന്നൊക്കെ താൻ ഒരുപാട് പറഞ്ഞിട്ടുള്ളതാണ്… ആരോട് പറയാൻ ഒരു പ്രയോജനവും ഉണ്ടായില്ല…
അങ്ങനെയാണ് അരുണിമയ്ക്ക് പ്ലസ്ടു കഴിഞ്ഞു ഫോൺ വേണം എന്ന് പറഞ്ഞു വാശിപിടിച്ചപ്പോൾ അതും വാങ്ങി കൊടുത്തത്…
എല്ലാ സൗകര്യവുമുള്ള ഫോൺ വേണ്ട ഒരു സാധാ ഫോൺ മതി എന്ന് വിജയേട്ടനോട് ആവും പോലെ പറഞ്ഞതാണ് എല്ലാവർക്കും ഉണ്ടല്ലോ അവൾക്കും മോഹം കാണില്ല എന്ന് പറഞ്ഞ് ഒരു സ്മാർട്ട്ഫോൺ വാങ്ങിക്കൊടുത്തത് വിജയേട്ടനാണ്…
എന്തും നല്ലതാണ് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ..പക്ഷേ അവൾ അതിൽ തന്നെയായി പിന്നെ ഫേസ്ബുക്കിൽ നിന്ന് കണ്ടു പരിചയപ്പെട്ട ഒരാളോട് സൗഹൃദവും തുടങ്ങി…
അയാൾ അവളുടെ കോളേജിലേക്ക് ഇടയ്ക്കിടയ്ക്ക് കാണാൻ വരാറുണ്ട് അവർ തമ്മിൽ പ്രണയമായിരുന്നത്രേ…
എല്ലാം ഞങ്ങൾ അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു.. ഒരിക്കൽ അവളുടെ അടക്കിപ്പിടിച്ചുള്ള സംസാരം അവളുടെ അച്ഛൻ തന്നെ കേൾക്കാൻ ഇടയായി..
ആരാടി അത് “”” എന്ന് ചോദിച്ചദ്ദേഹം അവളുടെ അടുത്തേക്ക് ചെന്നു…അവളുടെ കൂസലില്ലായ്മ ഞങ്ങളെ ഭയപ്പെടുത്തി…
“”‘ അത് ഞാൻ പ്രേമിക്കുന്ന ആളാ എന്ന് ഞങ്ങളുടെ മുഖത്ത് നോക്കി തന്നെ അവൾ പറഞ്ഞു…
വിജയേട്ടൻ അവളുടെ ഫോൺ വാങ്ങി വെച്ചു..കോളേജിൽ കുറെ ദിവസത്തേക്ക് വിട്ടില്ല..
അവൾ പറഞ്ഞ ചെറുക്കനെ പറ്റി വിശദമായി അന്വേഷിച്ചു വെറുമൊരു തല്ലിപ്പൊളി എല്ലാവർക്കും അവനെപ്പറ്റി ചീത്തതു മാത്രമേ പറയാൻ
ഉണ്ടായിരുന്നുള്ളൂ അതോടെ അദ്ദേഹം ആകെ തളർന്നു ഇത്തരം ഒരാളുമായാണ് മകളുടെ സൗഹൃദം എന്നറിഞ്ഞതിൽ…
ഇനി എന്ത് ചെയ്യും എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല തെറ്റ് എല്ലാവരുടെ ഭാഗത്തുമുണ്ട് എന്തൊരു കാര്യവും മക്കൾക്ക് വാങ്ങിക്കൊടുത്ത് അവരെ അതിനൊപ്പം വിടുന്നതിന് പകരം
നമ്മളുടെ ഒരു കണ്ണ് എപ്പോഴും അവരുടെ മേൽ വേണം എന്ന കാര്യം ഞങ്ങൾ രണ്ടുപേരും വിട്ടു പോയിരുന്നു…
സ്വന്തം കുഞ്ഞുങ്ങളെ അവിശ്വസിക്കാൻ തോന്നിയില്ല എന്ന് പറയുന്നതാവും ശരി. അവർ നേർവഴിയിലെ പോകുമെന്ന് വെറുതെ ഒരു വിശ്വാസം അതാണ്…. അതാണ് അവൾ ശരിക്കും മുതലെടുത്തത്…
ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം അവൾ ആ ചെറുക്കന്റെ കൂടെ ഒളിച്ചോടിപ്പോയി.
ഞങ്ങളെ എല്ലാം വിഡ്ഢികളാക്കി അങ്ങനെയൊരു മകൾ ഇല്ല എന്ന് പറഞ്ഞ് ഞങ്ങൾ ഒഴിവാക്കി… പോലീസിൽ കേസ് കൊടുത്തു..
അവർ അവളെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവന്നു അവിടെവച്ച് കുറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് അയാൾ നല്ലവനല്ല എന്ന് അവൾക്ക് ഒരു പൊടിക്ക് കൂട്ടാക്കിയില്ല….
അവൾക്ക് അവന്റെ കൂടെ പോയാൽ മതി എന്ന് പറഞ്ഞ് അവൾ അവരുടെ മുന്നിലും നിന്നു… അവരുടെ കല്യാണം കഴിഞ്ഞത്രേ…
ഇനി അവളെ ഞങ്ങൾക്ക് വേണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത് അവളുടെ ഇഷ്ടപ്പെട്ട ആളുടെ കൂടെ പൊയ്ക്കോട്ടെ എന്ന്..
അതിനുശേഷം യാതൊരുവിധ കോണ്ടാക്റ്റും ഇല്ല ഇതിപ്പോ എന്താണെന്നറിയില്ല ഇന്ന് ഇങ്ങനെയൊരു ഫോൺകോൾ..
ഇത്തിരി കഴിഞ്ഞപ്പോഴാണ് ഒരു ആംബുലൻസ് മുറ്റത്ത് വന്നു നിൽക്കുന്നത്…
ഉള്ളിലൂടെ ഒരു കൊള്ളിയൻ മിന്നി പോയി വേഗം അതിനകത്തേക്ക് ഓടിച്ചെന്നു. അതിൽ നിന്ന് വിജയേട്ടനെ ആരൊക്കെയോ താങ്ങി എടുത്തു കൊണ്ടുവരുന്നുണ്ടായിരുന്നു..
എന്താണ് സംഭവിച്ചത് എന്നറിയാതെ നിൽക്കുന്ന എന്റെ മുന്നിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ് അവളെ കൊണ്ട് കിടത്തി..ഞങ്ങളുടെ അമ്മുവിനെ…
അവളുടെ തീരുമാനപ്രകാരം കൂടെ പോയവൻ തോന്നിയതുപോലെ നടക്കുന്നത് കണ്ടു ചോദ്യം ചെയ്തപ്പോൾ അവൻ തന്നെ കൊന്നതാണ് എന്നും
അതല്ല അവന്റെ ഈ ദുർനടത്തം കണ്ട് മനം മടുത്തു അവൾ സ്വയം ആത്മഹത്യ ചെയ്തതാണ് എന്നും രണ്ട് ഭാഗം കേട്ടു ..സത്യം എന്തുതന്നെയായാലും നഷ്ടം ഞങ്ങൾക്ക് മാത്രമാണ്…
അടുത്തദിവസം രാത്രി വിജയേട്ടൻ വന്നപ്പോൾ ഷർട്ടിൽ മുഴുവൻ ചോരയുണ്ടായിരുന്നു എന്താണ് എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല നീ ചോറ് എടുത്ത് വക്ക് എന്ന് മാത്രം പറഞ്ഞ് പോയി കുളിച്ചു വന്നു..
പിന്നെ കണ്ടത് പേപ്പറിൽ ഒരു വാർത്തയാണ്… റബർ കാട്ടിൽ ഒരു അജ്ഞാത ജഡം എന്ന്…
“” വിജയേട്ടാ ഇത് അരുണിമയുടെ????”””
എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാവാതിരിക്കാൻ അത് നല്ലതല്ലേ എന്ന് മാത്രമാണ്….
അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ ഒന്നിനും ഉത്തരം കിട്ടാതെ അല്ലെങ്കിൽ കിട്ടിയ ഉത്തരങ്ങൾ പൊരുത്തപ്പെടാതെ ഞാൻ അവിടെ ഇരിക്കുകയായിരുന്നു…