ദാമ്പത്യവും സൗഹൃദവും
(രചന: കാശി)
“ഗോവിന്ദ്… ആം ട്രൂലി ഫെഡ് അപ്പ് വിത്ത് ദിസ്.. നമ്മുടെ ലൈഫിൽ എന്ത് ഡിസിഷനും നമ്മൾ ചേർന്നല്ലേ തീരുമാനിക്കേണ്ടത്..? അതിന് പുറത്തു നിന്ന് ഒരാളുടെ സഹായമെന്തിനാ..?”
അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു നിയ. പക്ഷേ ഗോവിന്ദിന് അവൾ പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നുണ്ടായിരുന്നില്ല.
” നീ എന്താ പറയുന്നതെന്ന് സത്യമായും എനിക്ക് മനസ്സിലാകുന്നില്ല. ശരിക്കും നിന്റെ പ്രശ്നമെന്താ..? “അവൻ ചോദിക്കുമ്പോൾ അവൾ നിസ്സഹായമായി അവനെ നോക്കി.
” ഇനിയും ഞാൻ പറഞ്ഞു തരണോ ഗോവിന്ദ്..? നിങ്ങൾ ശരിക്കും മണ്ടനായി അഭിനയിക്കുന്നതാണോ..? “അവൾ ദയനീയമായി ചോദിച്ചു.
” നീ ഇപ്പോൾ ഇവിടെ ഇത്രയും പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല. നമ്മുടെ ലൈഫിൽ എന്റെ സുഹൃത്ത് എന്ന നിലയ്ക്ക് അവൾ ഒരു അഭിപ്രായം പറഞ്ഞു എന്നല്ലേ ഉള്ളൂ..
അത് ഇതിനു മുൻപും സംഭവിച്ചിട്ടുള്ളതാണല്ലോ.. അന്നൊന്നും ഇല്ലാത്ത എന്ത് പ്രശ്നമാണ് നിനക്ക് ഇപ്പോൾ തോന്നിയത്..? “അവനും ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾ ഒരു വിളറിയ ചിരി ചിരിച്ചു.
” ശരിയാ, അന്ന് ഒന്നും പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അത് അതിന്റെ അർത്ഥങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിയാതെ പോയതുകൊണ്ടാണ്.
പിന്നെ വിവാഹം കഴിഞ്ഞാൽ ഉടനെ ഹസ്ബൻഡിന്റെ സുഹൃത്തുക്കളിൽ നിന്ന് അയാളെ അടർത്തി മാറ്റുന്നത് ശരിയല്ലല്ലോ.. ഇപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് മടുത്തു തുടങ്ങി.
സ്വന്തം ലൈഫ് വേറൊരാൾ ഡിസൈൻ ചെയ്യുന്നത് അനുസരിച്ച് ജീവിക്കാൻ ഒന്നും എനിക്ക് പറ്റില്ല.. എനിക്ക് എന്റെ ലൈഫിൽ എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്.
എന്റെ ഭർത്താവിനോടൊപ്പം ഞാൻ ഇങ്ങനെ ആയിരിക്കണം എന്ന് പ്രതീക്ഷകൾ ഉണ്ട്. പക്ഷേ നമ്മുടെ ലൈഫിൽ ഇതൊന്നും തന്നെ സംഭവിക്കുന്നില്ല. എല്ലാത്തിനും ഇടയ്ക്ക് നിങ്ങളുടെ ആ കൂട്ടുകാരിയുണ്ട്..”അവൾ അമർഷത്താൽ പല്ല് ഞെരിച്ചു.
” നിയ.. നീ എന്റെ ലൈഫിൽ വരുന്നതിനു മുൻപ് തന്നെ അവൾ എന്റെ ലൈഫിൽ ഉള്ളതാണ്. നിനക്ക് വേണ്ടി അവളെ ഉപേക്ഷിക്കാൻ ഒന്നും എനിക്ക് പറ്റില്ല. അതാണ് നിന്റെ ഉദ്ദേശമെങ്കിൽ വെറുതെ മനക്കോട്ട കെട്ടണ്ട. ”
ഗോവിന്ദ് കടുപ്പിച്ചു പറഞ്ഞു കൊണ്ട് ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി. അത് കണ്ടതോടെ നിയ പൊട്ടിക്കരഞ്ഞു.
ഗോവിന്ദ് എന്തുകൊണ്ടാണ് എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്..? ഞാൻ പറയുന്നതിൽ എന്തെങ്കിലും ശരി ഉണ്ട് എന്ന് ചിന്തിക്കുകയെങ്കിലും ചെയ്തുകൂടെ..? അയാളോടൊപ്പം ഒരു ലൈഫ് കമ്പ്ലീറ്റ് ജീവിക്കാനുള്ള ആളല്ലേ ഞാൻ..?
എനിക്ക് അയാളുടെ ജീവിതത്തിൽ യാതൊരു പ്രാധാന്യവും ഇല്ല എന്നല്ലേ ഇപ്പോൾ പറഞ്ഞിട്ട് പോയത്..? എനിക്ക് വേണ്ടി അയാൾക്ക് അവളെ ഉപേക്ഷിക്കാൻ പറ്റില്ല.. തരുണി.. അയാളുടെ ആത്മാർത്ഥ സുഹൃത്ത്..
വേണമെന്നുള്ളതും വേണ്ടാതിടത്തും ഞങ്ങളുടെ ലൈഫിൽ അഭിപ്രായം പറയുന്നവൾ.. അതൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു.
പക്ഷേ ഇവിടെ അതല്ല സ്ഥിതി. അവൾ പറയുന്നതു പോലെ തന്നെ മതി എന്ന് ഒരുതരം വാശിയാണ് അവൾക്ക്. ഞാൻ എവിടെ പോകണം എന്ത് ചെയ്യണം എങ്ങനെ ഡ്രസ്സ് ചെയ്യണം എന്നു വരെ അവളാണ് തീരുമാനിക്കുന്നത്.
അങ്ങനെ ഒരാളുടെ തീരുമാനത്തിന് വിട്ടുകൊടുക്കാൻ ഉള്ളതാണോ എന്റെ ജീവിതം..?അവൾ ചിന്തിച്ചു. ഒരു നിമിഷം അവളുടെ ചിന്തകൾ പിന്നിലേക്ക് സഞ്ചരിച്ചു.
ഗോവിന്ദ് ഒരു ഐ റ്റി പ്രൊഫഷണൽ ആണ്.താനും അതേ ഫീൽഡിൽ തന്നെ ആയതു കൊണ്ട് അയാളുടെ ആലോചന വന്നത് ഒരു ഭാഗ്യമായി കരുതി.
അധികം വൈകാതെ തന്നെ വിവാഹവും കഴിഞ്ഞു. ആ സമയത്ത് എന്റെ പഠനം പൂർത്തിയായിട്ട് ഇല്ലാത്തതുകൊണ്ട് തന്നെ അത് കഴിഞ്ഞ ശേഷം ഒരു ജോലി നോക്കാം എന്നൊരു തീരുമാനത്തിൽ ആയിരുന്നു ഞങ്ങൾ.
എറണാകുളത്ത് ഞങ്ങൾ ഇരുവരും ഒന്നിച്ച് ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസം. ഇടയ്ക്കിടയ്ക്ക് അയാളുടെ സുഹൃത്തുക്കൾ അവിടേക്ക് വരാറുണ്ട്.
അത് എനിക്കും സന്തോഷമുള്ള കാര്യങ്ങൾ തന്നെയാണ്. അയാളുടെ സുഹൃത്തുക്കളിൽ അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് തരുണി . കുട്ടിക്കാലം മുതലുള്ള സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ.
ആദ്യമൊക്കെ അതിൽ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പോകേ പോകെ അവൾ ഞങ്ങളുടെ ലൈഫിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി.
അതിന്റെ തുടക്കം ഞങ്ങൾ ആദ്യമായി ഒന്നിച്ചു പോയ ഒരു ട്രിപ്പ് ആയിരുന്നു. വാഗമണിലേക്ക് പോകണം എന്നായിരുന്നു എനിക്ക് ആഗ്രഹം. അത് ഗോവിന്ദനോട് സൂചിപ്പിക്കുകയും ചെയ്തു.
അയാൾ അത് സമ്മതിച്ചതാണ്.പക്ഷേ വൈകുന്നേരം തിരിച്ചു വന്ന അയാൾ പ്ലാൻ മൊത്തത്തിൽ മാറ്റിക്കൊണ്ട് മൂന്നാറിലേക്ക് പോകാം എന്ന് പറഞ്ഞു.അതിന്റെ കാരണം ചോദിച്ചപ്പോൾ, അയാൾ നിസാരമായി പറഞ്ഞു തരുണിക്ക് വാഗമൺ ഇഷ്ടമല്ലത്രെ..
അവിടെ ഫാമിലിയായി ട്രിപ്പ് പോകാൻ ഒന്നും പറ്റുന്ന സ്ഥലമല്ല എന്ന് തരുണി പറഞ്ഞു എന്ന്. അതിന് പകരം അവൾ സജസ്റ്റ് ചെയ്ത സ്ഥലം ആയിരുന്നു മൂന്നാർ.
എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ വാഗമണിലേക്ക് ട്രിപ്പ് പോയതാണ്. അവിടെ അവർക്ക് ആർക്കും യാതൊരുവിധ പ്രശ്നങ്ങളും തോന്നിയതുമില്ല.
അതൊക്കെ ഞാൻ പറഞ്ഞിട്ടും ഗോവിന്ദ് അതിനെ ശ്രദ്ധിച്ചത് പോലുമില്ല. അവളുടെ തീരുമാനപ്രകാരം മൂന്നാറിലേക്ക് ആണ് ഞങ്ങൾ പോയത്. അന്നുമുതൽ എനിക്ക് അവളോട് ഇഷ്ടക്കേടാണ്. ശരിക്കും പറഞ്ഞാൽ അന്നാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത്.
ഇടയ്ക്കൊക്കെ ഗോവിന്ദ് എനിക്ക് ഡ്രസ്സ് വാങ്ങി കൊണ്ടു വരാറുണ്ട്. മിക്കതും എനിക്ക് തീരെ താല്പര്യം ഇല്ലാത്ത രീതിയിലുള്ളതായിരിക്കും.
എങ്കിലും ഭർത്താവ് സമ്മാനമായി തരുന്നതിനെ എതിർക്കാൻ തോന്നിയിട്ടില്ല. അങ്ങനെയുള്ള വസ്ത്രങ്ങൾ പലപ്പോഴും ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ഉപയോഗിക്കാറ്.
എങ്കിലും അയാൾ വാങ്ങിക്കൊണ്ടു വന്നതാണ് എന്നുള്ള ഒരു സന്തോഷം എനിക്ക് എപ്പോഴും ഉണ്ടാകാറുണ്ട്.പക്ഷേ വളരെ യാദൃശ്ചികമായാണ് ഒരു ദിവസം അവൾ സംസാരിക്കുന്നത് ഞാൻ കേട്ടത്.
” കഴിഞ്ഞ ദിവസം നമ്മൾ വാങ്ങിയ ഡ്രസ്സ് ഇതുവരെ നിയ ഉപയോഗിച്ചില്ലേ..? അത് ആ കബോർഡിൽ തന്നെ ഇരിപ്പുണ്ടല്ലോ..?”
ഒരു വൈകുന്നേരം അവൾ വീട്ടിലേക്ക് വന്നപ്പോൾ അവൾക്ക് വേണ്ടി ചായ എടുക്കാൻ അടുക്കളയിലേക്ക് പോയ ഞാൻ തിരികെ വന്നപ്പോൾ കേട്ട സംഭാഷണം ആയിരുന്നു അത്.
” ചില ഡ്രസ്സ് ഒന്നും അവൾക്ക് കംഫർട് അല്ല തനൂ.. അതുകൊണ്ട് അവൾ അതൊന്നും അധികം യൂസ് ചെയ്യാറില്ല.. “ഗോവിന്ദ് മറുപടി പറയുന്നുണ്ട്.
“അതൊക്കെ നിങ്ങൾക്ക് വെറുതെ തോന്നുന്നതാണ്. എന്റെ സെലക്ഷൻ ഒക്കെ സൂപ്പർ ആണെന്ന് നീ മുമ്പും പറയാറുണ്ടല്ലോ.. അപ്പോൾ തന്നെ നിന്റെ ഭാര്യയ്ക്ക് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലേ..?”
അപ്പോഴാണ് ആ വസ്ത്രങ്ങൾ മുഴുവൻ അവളാണ് വാങ്ങിക്കൊണ്ടിരുന്നത് എന്ന് എനിക്ക് മനസ്സിലായത്.അവൾക്ക് ചായ കൊണ്ട് കൊടുത്തിട്ട് ഞാൻ മാറി നിന്നു.
” ആ കബോർഡിൽ താൻ യൂസ് ചെയ്യാത്ത വസ്ത്രങ്ങൾ ആണല്ലോ കൂടുതൽ.. “തരുണി അത് ചോദിച്ചപ്പോൾ എനിക്ക് ആകെ ഒരു ചടപ്പ് തോന്നി. ഭർത്താവിന്റെ സുഹൃത്തായിരിക്കാം.
പക്ഷേ ഞങ്ങൾ ഉപയോഗിക്കുന്ന മുറിയിൽ ഞങ്ങളുടെ കബോർഡ് തുറന്നു നോക്കാൻ എന്ത് അധികാരമാണ് അവൾക്കുള്ളത്..? അതിൽ ഞങ്ങളുടെതായ പല പേഴ്സണൽ സാധനങ്ങളും ഉള്ളതല്ലേ..?
ആ ചിന്തയോടെയാണ് ഗോവിന്ദനെ നോക്കിയത്. പക്ഷേ അയാൾക്ക് ആ വിധ ചിന്തകൾ ഒന്നും ഇല്ല എന്ന് തോന്നി. അയാൾ സാധാരണ പോലെ തന്നെയാണ്.” ആവശ്യം വരുമ്പോൾ മാത്രം ഉപയോഗിച്ചാൽ മതിയല്ലോ.. ”
അത്രയും പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറിപ്പോന്നു. ഇനിയും അവിടെ നിന്നാൽ ഒരുപക്ഷേ അവരോട് എന്തെങ്കിലും പറഞ്ഞു പോകും എന്നൊരു ഭയം എനിക്ക് സ്വയം തോന്നുന്നുണ്ടായിരുന്നു.
എന്റെ പഠനം കഴിഞ്ഞതോടെ ജോലിക്ക് പോകാൻ ആയിരുന്നു എനിക്ക് ആഗ്രഹം. പക്ഷേ ജോലിക്ക് പോകണ്ട എന്ന് ഏതെങ്കിലും കോഴ്സിന് ചേർത്താൽ മതി എന്ന് അവൾ പറഞ്ഞു.
അയാൾ അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. അവിടെ എനിക്കോ എന്റെ താൽപര്യങ്ങൾക്കോ യാതൊരു വിലയും ഉണ്ടായില്ല. അതോടെ എനിക്ക് അവരോട് ഒരുതരത്തിലുള്ള പകയായിരുന്നു.
പഠിക്കാൻ കഴിയുമായിരുന്നിട്ടും മാക്സിമം ഞാൻ പഠിക്കാതെ ഇരിക്കാൻ ആണ് ശ്രമിച്ചത്. അവന്റെ പേരിൽ ഇന്ന് ഗോവിന്ദനെ കോളേജിൽ വിളിച്ചിരുന്നു. അവന്റെ ബാക്കി പത്രമാണ് ഇവിടെ ഉണ്ടായ കലഹം.അത്രയും ചിന്തിച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഗോവിന്ദ് നേരെ അവന്റെ ഒരു സുഹൃത്തിനെ തേടിയാണ് പോയത്. അവരുടെ കൂട്ടത്തിൽ വിവാഹിതനായ മറ്റൊരു സുഹൃത്തായിരുന്നു അരുൺ.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവനോട് ചർച്ച ചെയ്യുന്നതാണ് നല്ലത് എന്നാണ് ഗോവിന്ദിനു തോന്നിയത്.അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു.
” നിന്നോട് പലപ്പോഴും ഇതിനെക്കുറിച്ച് സംസാരിക്കണം എന്ന് ഞാൻ കരുതിയിട്ടുണ്ട്. നീയും തനുവും ചെറുപ്പം മുതലേ ഉള്ള സുഹൃത്തുക്കളായിരിക്കാം.
വിവാഹത്തിന് മുൻപ് നിങ്ങൾ തമ്മിൽ എങ്ങനെയായിരുന്നു എന്ന് ഞങ്ങൾക്കറിയാം. പക്ഷേ വിവാഹത്തിനുശേഷം അതിലൊക്കെ മാറ്റം വരേണ്ടതാണ്.
സൗഹൃദം മുറിച്ചു മാറ്റണം എന്നൊന്നുമല്ല അതിനർത്ഥം. ഭാര്യക്ക് ഭാര്യയുടെതായ സ്ഥാനം കൊടുക്കണം. സുഹൃത്തുക്കളെ അവരുടെ സ്ഥാനത്ത് നിർത്തണം. നിന്റെ ജീവിതത്തിൽ നിനക്ക് പറ്റിയ തെറ്റും അത് തന്നെയായിരുന്നു.
നിന്റെ ജീവിതത്തിൽ നിന്റെ ഭാര്യയുടെ അഭിപ്രായങ്ങളേക്കാൾ നീ വില കൊടുത്തത് നിന്റെ സുഹൃത്തിന്റെ താൽപര്യങ്ങൾക്കായിരുന്നു. ഏറ്റവും സില്ലിയായി നമുക്ക് പറയാവുന്ന ഒരു കാര്യം.
നിന്റെ ഭാര്യയ്ക്ക് ജോലിക്ക് പോകാൻ താല്പര്യമുണ്ട് എന്ന് നിനക്കറിയാം. അത് അവൾ നിന്നോട് പറഞ്ഞതുമാണ്. എന്നിട്ടും ആ വാക്കിനെ അവഗണിച്ചുകൊണ്ട് തനു പറഞ്ഞതുകൊണ്ട് മാത്രം നീ അവളെ പഠിക്കാൻ വിട്ടു.
അതുകൊണ്ട് അവൾ വാശിയോടെ പഠിക്കാതിരുന്നു. അത് സ്വാഭാവികമായും ഏതൊരു പെൺകുട്ടിയും പ്രതികരിക്കുന്ന രീതിയാണ്. ഇവിടെ നിനക്കാണ് തെറ്റ് പറ്റിയത്.. അത് നീ മനസ്സിലാക്കേണ്ടതാണ്..”
അരുൺ പറയുമ്പോൾ മാത്രമാണ് ഗോവിന്ദ് അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
കഴിഞ്ഞുപോയ കാര്യങ്ങളെ അവൻ വീണ്ടും വീണ്ടും അപഗ്രഥിച്ചു. അതിൽ പലയിടത്തും തനിക്ക് പിഴവ് പറ്റിയിരിക്കുന്നു എന്ന് അവൻ മനസ്സിലാക്കി.
അതൊക്കെയും തിരുത്തണം എന്നൊരു ചിന്തയോടെ തന്നെയാണ് അവൻ തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തത്.
സൗഹൃദങ്ങൾക്ക് സൗഹൃദങ്ങളുടെതായ സ്ഥാനവും ഭാര്യക്ക് ഭാര്യയുടെ സ്ഥാനവും ഇനിമുതൽ ഉണ്ടാകും എന്ന് അവൻ ഉറപ്പിച്ചു.
തന്റെ ജീവിതത്തിൽ സുഹൃത്തുക്കൾക്ക് ഇനിമുതൽ അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല എന്ന് അവൻ മനസ്സിലാക്കുകയായിരുന്നു.