ഈ പെണ്ണിന്റെ ഓരോരോ പൂതികളെ, പല പൂതികളും ഇതിന് മുൻപ് കണ്ടിട്ടുണ്ട്, ഇതിപ്പോ വല്ലാത്തതായിപ്പോയി..”

ഗർഭപ്പൂതികൾ
(രചന: നിത്യാ മോഹൻ)

“ഇക്കാ ഇന്നെങ്കിലും ഞാൻ പറഞ്ഞ സാധനം വാങ്ങി വരണേ”, നാദിറ ചിണുങ്ങി പറഞ്ഞു.

“ന്റെ പൊന്നേ, ഈ പെണ്ണിന്റെ ഓരോരോ പൂതികളെ, പല പൂതികളും ഇതിന് മുൻപ് കണ്ടിട്ടുണ്ട്, ഇതിപ്പോ വല്ലാത്തതായിപ്പോയി..”

ഈ ജോലിത്തിരക്കിനിടയിൽ ഞാൻ എല്ലാം മറക്കും പൊന്നേ, നീയ് ഒരു കാര്യം ചെയ്യ് 5 മണിയൊക്കെയാകുമ്പോൾ എനിക്കൊരു മെസ്സേജ് അയച്ചിട്.. റെഡി ആയി ധൃതിയിൽ വീട്ടിൽ നിന്നും ഇറങ്ങും വഴി നുഹ്മാൻ പറഞ്ഞു..

“ന്റെ റബ്ബേ.., ഇക്കാ ചായ കുടിച്ചില്ല”അപ്പോഴേക്കും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഗേറ്റ് കടന്നിരുന്നു..”നീയ് അവനൊരു സ്വര്യം കൊടുക്ക്‌ പെണ്ണേ,”

അമ്മായിടെ കുറ്റപ്പെടുത്തൽ കേട്ട് അവളുടെ മുഖം വാടി, ടേബിളിരിക്കുന്ന.. പ്ലേറ്റും.. ചായയും എടുത്തു അടുക്കളയിലേക്ക് ചെന്ന നാദിറായെ അമ്മായി ചുഴിഞ്ഞൊന്നു നോക്കി..

“നിന്റെ മോന്ത എന്താ പെണ്ണേ ഇങ്ങനെ വീർത്ത് ഇരിക്കുന്നെ?” ഗർഭത്തിന്റെ ആണെന്ന് എന്നോട് പറയണ്ട..

അമ്മായിടെ സംസാരം അവൾക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല..”ഒന്നൂല്ലേ, ന്റെ അമ്മായി “ഉവ്വ്.. ഉവ്വേ.. നേരം വെളുക്കുമ്പോൾ എണീക്കാതെ.. ഈ കിടപ്പ് കിടക്കുന്നതിന്റെയാ.. അതൊക്കെ ഞങ്ങടെ കാലത്ത്.. ന്റെ അള്ളാഹ് എന്തൊക്കെ പണി ചെയ്തിരുന്നു..

പ്രസവിക്കുന്നതിന് മുൻപ് വരെ പണിയോട് പണി.. ഇപ്പോൾ ഉള്ള പെമ്പിള്ളേർ.. വയറ്റിലുണ്ടെന്ന് അറിഞ്ഞാൽ പിന്നെ പണി എടുക്കൂല്ല, കെട്ട്യോന്മാരെകൊണ്ടും കൊള്ളൂല്ല.. പൊന്നി പൊതുക്കി ഇങ്ങനെ വച്ചോണ്ടിരിക്കും..

“അല്ല, ഞാൻ ചോദിക്കാൻ മറന്നു.. ന്റെ മോൾക്ക്‌ ഇപ്പൊ എന്നാ തിന്നാനാ ഇത്ര പൂതി ”

അമ്മായിടെ സംസാരവും ചോദ്യവും അവൾക്ക് ഒട്ടും ദാഹിച്ചില്ല..”എനിക്ക് ഒന്നും വേണ്ട.. ന്റെ അമ്മായി.. ഇച്ചിരി സ്വര്യം തര്വോ?”

ആഹഹാ.. ഇപ്പൊ അങ്ങനെയായി, നിനക്ക് എന്ത് സ്വര്യക്കേടാണ് ഇവിടെയുള്ളത്, എന്റെ മോൻ നുഹ്മാൻ നിന്നെ പൊന്നു പോലെയല്ലേ നോക്കണേ,

ഈ ഞാനോ? എന്തെങ്കിലും ബുദ്ധിമുട്ട് നിന്നെ അറിയിക്കുന്നുണ്ടോ? അവര് നിറയാത്ത കണ്ണുകൾ തിരുമ്മി നിറച്ചു..മൂക്ക് പിഴിഞ്ഞ്.. എണ്ണിപ്പെറുക്കി കഥകൾ പറഞ്ഞു കൊണ്ടിരുന്നു..

റൂമിൽ കയറി വാതിലടച്ച്, പറഞ്ഞു പോയ വാക്കുകളെ ശപിച്ചു കൊണ്ടിരുന്നു നാദിറ..

ജോലികൾ തീർന്നില്ല, അതിന് മുൻപേ ഫോണിൽ വന്ന മെസ്സേജ് എടുത്ത് നോക്കിയ അയാളുടെ ഉള്ളിൽ ചിരി നിറഞ്ഞു..ഇന്നെങ്കിലും മറക്കാതെ അവളുടെ പൂതി നടത്തണമെന്ന് അവനോർത്തു.

ബെല്ലടിച്ചപ്പോൾ, പാതി മയക്കത്തിലായിരുന്ന നാദിറ പിടഞ്ഞെഴുന്നേറ്റു..

ധൃതി പിടിച്ച് ഉമ്മറത്തേക്ക് വരുമ്പോഴുണ്ട്, അമ്മായിയുമായി കഥ പറഞ്ഞിരിക്കുന്ന വാപ്പാനെ കണ്ടത്.

“നീയ് കിടക്കുവാന്ന് അമ്മായി പറഞ്ഞ്..” ദാ ഇത് അങ്ങ് മേടിച്ചോ, അവളുടെ നേർക്ക്, കൊണ്ടുവന്ന പൊതി നീട്ടി അയാൾ പറഞ്ഞു..ഓറഞ്ച് ഹൽവ, കപ്പലണ്ടി മിഠായി, പുളി മിഠായി.. നിനക്ക് പൂതിയുള്ള എല്ലാം അതിലുണ്ട്.., പെട്ടെന്ന് അവളുടെ പുറകിൽ പതുങ്ങി നിൽക്കുന്ന മൂന്ന് പേരിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു.. കൂടെ ഓരോരുത്തരെ അയാൾ പേരെടുത്തു വിളിച്ചു..

“അമാൻ, അമീർ, അഹ്മദ് “ഓരോരുത്തരായി ഉമ്മയുടെ മറവിൽ നിന്നും പുറത്തേക്കു വന്നു.. ഓരോ വയസ്സിന്റെ വ്യത്യാസം ഉള്ളുവെങ്കിലും എല്ലാരും ഒരേ പ്രായം തോന്നും..

മൂവരെയും ഉപ്പുപ്പാ കരവലയത്തിലാക്കി.. പോക്കറ്റിൽ തപ്പി മൂന്ന് ചോക്ലേറ്റ് വീതിച്ചു നൽകി

സന്തോഷം കൊണ്ട് മൂവരും പരസ്പരം നോക്കി, ഉപ്പുപ്പാന് ഉമ്മയും നൽകി, അവർ അകത്തേക്ക് ഓടി..

മകളുടെ നിൽപ്പും, നിറഞ്ഞു വരുന്ന വയറും നോക്കി അയാൾ പറഞ്ഞു.”പടച്ചോനെ, ഇതെങ്കിലും ഒരു പെണ്മണി ആയിരുന്നെങ്കിൽ”

“പൊടുന്നനെ ഗേറ്റ് കടന്ന് വരുന്ന നുഹ്മാനെക്കണ്ട്, നാദിറയുടെ മുഖം ചുവന്നു തുടുത്തു..” വാപ്പ കൊണ്ടുവന്ന സാധനങ്ങൾ ടേബിളിലേക്ക് വച്ച് ആകാംഷയോടെ അവൾ നോക്കി..

ബൈക്ക് ഒതുക്കി, വീട്ടിലേക്ക് കയറി വന്ന അവൻ കയ്യിലുള്ള കവർ അവളുടെ നേരെ നീട്ടി.. അത് വാങ്ങി പോകാനൊരുങ്ങുമ്പോൾ അമ്മായിടെ സ്വരം ഉയർന്നു..

“മസാല ദോശയോ, അതോ മാങ്ങയോ?” കഴിഞ്ഞ മൂന്നിനും ഇതൊക്കെയായിരുന്നു പൂതി..!വെറുതെ എന്തിനു കാശ് കളഞ്ഞ് ഓരോന്ന് വാങ്ങണം,

അതും മാങ്ങായാണെങ്കിൽ സൈനാബാടെ മുറ്റത്ത് രണ്ടെണ്ണം മൂത്ത് കുലച്ചു നിൽപ്പുണ്ട്.. നാട്ടുമാവും,മൂവാണ്ടനും!

പെട്ടെന്ന് തന്നെ നുഹ്മാൻ അവളുടെ നേരെ, കവർ പൊട്ടിച്ചു കാണിക്കാൻ ആംഗ്യം കാണിച്ചു..

അവൾ കവർ അഴിച്ചു, പുറത്തേക്കു എടുക്കുന്ന സാധനം കണ്ട് വാപ്പാനെ നോക്കി അവള് കണ്ണിറുക്കി ചിരിച്ചു, അയാൾക്ക്‌ തന്റെ മോളേ കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചു..

“സ്വർണ്ണ മുടിയുള്ള നീലക്കണ്ണുള്ള ജീവൻ തോന്നിക്കുന്ന പാവക്കുട്ടി!”ഉണ്ടായ മൂന്ന് കുഞ്ഞുങ്ങളും ആൺകുട്ടികളായപ്പോൾ അവൾക്കു വല്ലാത്ത നിരാശ തോന്നിയിരുന്നു, ഒന്നെങ്കിലും പെണ്ണായിരുന്നുവെങ്കിലെന്ന് കൊതിച്ചു..

നാലാമത്തെ ഗർഭം അറിഞ്ഞപ്പോൾ മുതൽ പൂതിയായി വളർന്നു.. ഇനി ഉണ്ടാകുന്നതു എന്തായാലും കുഴപ്പമില്ല.. ഇടക്കൊന്നു നോക്കുവാൻ ഒന്ന് തലോടുവാൻ ഒരു ജീവൻ തുടിക്കുന്ന പെൺ പാവക്കുട്ടി..

കുഞ്ഞിലെ മുതൽ പാവക്കുട്ടിയോടുള്ള അവളുടെ ഭ്രമം അറിയുന്ന വാപ്പയ്ക്ക് അത് മനസ്സിലാക്കുവാൻ സാധിച്ചു..

അവളുടെ കയ്യിലിരിക്കുന്ന പാവയെക്കണ്ട് അമ്മായിയുടെ മുഖത്തും സന്തോഷം വിരിഞ്ഞു, ഈ പൂതി പറഞ്ഞതിന്റെ പേരിലാണല്ലോ രാവിലെ, മനസ്സിരുത്തിയല്ലെങ്കിലും തന്റെ മരുമോളെ കുറ്റപ്പെടുത്തിയതെന്നോർത്ത് അവരുടെ മിഴികൾ നിറഞ്ഞു..

അമ്മായിയുടെ അരികിലേക്ക് ചെന്ന് ആ പാവയെ അവൾ കയ്യിലേക്ക് കൊടുത്തു..”എന്റെ റബ്ബേ, ജീവനുണ്ടെന്ന് തോന്നും”

അവര് അത് ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.. അതുകണ്ട്… നുഹ്മാനും വാപ്പയും ചിരിച്ചു..

“നാദിറ, അമ്മായിയെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തം കൊടുത്തു.. അവരുടെ മിഴികൾ നിറഞ്ഞ് ആ പൂതിയിലേക്ക് വീണു !!”

Leave a Reply

Your email address will not be published. Required fields are marked *