നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല..ജയേട്ടാ.. പക്ഷേ.. എനിക്കങ്ങനെയാണോ.. രണ്ട് മക്കളുണ്ടിന്ന്… അവരുടെ ഭാവി…” ഗായത്രി പറഞ്ഞു നിർത്തി..“

(രചന: Jamsheer Paravetty)

“ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..”“നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി

“നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല..ജയേട്ടാ..
പക്ഷേ.. എനിക്കങ്ങനെയാണോ.. രണ്ട് മക്കളുണ്ടിന്ന്… അവരുടെ ഭാവി…”

ഗായത്രി പറഞ്ഞു നിർത്തി..“ക്ഷമിക്കണം.. ഞാനെന്നെ കുറിച്ച് മാത്രാണ് ചിന്തിച്ചത്…”ഗായത്രി ഒന്നും പറഞ്ഞില്ല..

“ഇനിയൊരിക്കലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വരില്ല” ജയൻ ഇറങ്ങി നടന്നു.. പിന്നിൽ നിന്നൊരു ജയേട്ടാ..വിളി പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല..

കാലുകളും മനസും ഒരേപോലെ തളരുന്നു..
ആർക്ക് വേണ്ടിയാണോ ഇങ്ങനെയായത് അവർക്കൊന്നും തന്നെ വേണ്ട…

“കോയേ.. ഒരു പേക്കറ്റ് ഡൂക്..”“എന്താ ജയാ..പിന്നീം വലിതുടങ്ങ്യോ…”മറുപടി ഒരു മൂളലിൽ ഒതുക്കി.. റോഡിൽ നിന്നും നിസ്കാരപള്ളിക്ക് മുന്നിലൂടെ റെയിലിലേക്കിറങ്ങി..

ചെറിയ നിലാവിൽ എല്ലാം തെളിഞ്ഞു കാണാം..
നോക്കെത്താ ദൂരത്തോളം നീണ്ട് നിവർന്നു കിടക്കുന്ന റെയിലിന്റെ ഓരത്ത് കൂടി നടന്നു…

കാലം തെറ്റി വന്ന പെരുമഴയിൽ ആഘോഷിക്കുന്ന തവളകളുടെ സംഗീതം ആസ്വദിച്ചു… ദൂരെ ഒലിപ്പുഴയിലെ മലവെള്ളപ്പാച്ചിലിന്റെ ഇരമ്പം കേട്ട് തുടങ്ങി..

ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് വരുന്നു..താഴെ ആർത്തലച്ചൊഴുകുന്ന പുഴ… റെയിൽ പാലത്തിന്റെ നടുവിലിട്ട ഇരുമ്പ് പലകയിലൂടെ ഏകദേശം പാലത്തിന്റെ നടുവിലെത്തി നിന്നു..

കീശയിൽ മുഴച്ചു നിൽക്കുന്നത് അപ്പോഴാണോർത്തത്.. ഇത് വരെയും ഒരു സിഗരറ്റ് പോലും പുകച്ചില്ലല്ലോ.. തലതന്നെ പുകഞ്ഞ് നിൽക്കുമ്പോ എന്ത് സിഗരറ്റിന്റെ പുക..

താഴേക്ക് കാലിട്ട് പാലത്തിലിരുന്നു… സമയം എന്തായിക്കാണും… കോയന്റെ പീടീക്ക് കയറുമ്പോഴാണ് ഇശാബാങ്ക് കൊടുത്തത്.. ഏകദേശം ഒരു ഒമ്പത് മണി ആയിക്കാണും…
മനസ് കൊണ്ട് കണക്ക് കൂട്ടി

തീപ്പെട്ടി ഉരച്ച് സിഗരറ്റിന് തീ കൊളുത്തി…
അപ്പുറത്തൊരു വളകിലുക്കം കേട്ടപോലെ…

പാലത്തിന്റെ അങ്ങേതലയ്ക്കല് ആകെ മൂടിപ്പുതച്ച് ഒരു രൂപമുണ്ടോ….
തോന്നലാണോ..

അല്ല.. ശരിക്കും അവിടെയൊരു രൂപമുണ്ട്..
ഈശ്വരാ..വല്ല പ്രേതവും ആകോ…
ഇങ്ങോട്ടതിലെയാണല്ലോ വന്നത്.. അപ്പോഴവിടെ ഒന്നുമുണ്ടായിരുന്നില്ല…

എന്തായാലും മരിക്കാൻ പോവാണ്.. പ്രേതത്തിന് രക്തം കൊടുത്ത പുണ്യമെങ്കിലും കിട്ടട്ടെ…
രൂപത്തിനടുത്തേക്ക് മെല്ലെ നടന്നു..
അതനങ്ങുന്നില്ല.. താനടുത്ത് ചെല്ലുമ്പോൾ പിടിച്ചു രക്തം കുടിക്കാനാവും…

നീണ്ട മുടി ചന്തിക്ക് താഴെ വരെയുണ്ട്..
യക്ഷിയാണല്ലോ ഈശ്വരാ…
സംഭരിച്ച ധൈര്യം ചോർന്നു പോയത് പോലെ….
“ആഹ്…..എന്നെ കൊല്ലല്ലേ…”
അതിന്റെ അട്ടഹാസത്തിൽ വിറച്ചു..ജയൻ..

പുഴയിലേക്ക് ചാടാൻ ഒരുങ്ങിയ ജയൻ ഒരു നോക്ക് ആ രൂപത്തിന്റെ മുഖം കണ്ടു…
വാര്യത്തെ നായര് വീട്ടിലെ ശാന്തി…
വീഴാതിരിക്കാൻ റെയിൽപാളത്തിൽ അള്ളിപ്പിടിച്ചു…

“ഞാനാ… ടൈലർ ജയൻ..” പോയ ധൈര്യം തിരിച്ചു വന്നിരുന്നു.. മറുപടിക്ക് ശാന്തിക്ക് വാക്കുകൾ വരുന്നില്ല… അവളും രണ്ട് പാളങ്ങൾക്കിടയിലെ ഇരുമ്പ് പലകയിലിരുന്നു…

പുഴയുടെ ഇരമ്പം മാത്രം…
“ശാന്തീ..നീയെന്താ ഈ രാത്രിയിവിടെ…”അവളുടെ കണ്ണുകളിലെ നീർതുള്ളികളിൽ ഒരുപാട് ചന്ദ്രനുകൾ തിളങ്ങി…

“ശാന്തീ.. എന്തിനാ ഇവിടെ വന്നേ..”“ഞാൻ… ഞാൻ.. എന്നെയാർക്കും വേണ്ട..”“അതെന്താ അങ്ങനെ”

“ഞാനാ വീടിന്റെ ശാപാത്രേ.. അവളുടെ തേങ്ങൽ പുഴയിരമ്പലിലും വ്യക്തമായി കേൾക്കാം..“എന്നാരാ പറഞ്ഞെ..”

“അമ്മയും അച്ഛനും എപ്പോഴും പറയും.. ഇന്ന് അച്ഛമ്മ കൂടി പറഞ്ഞു..”പാവം ശാന്തി അച്ഛനും അമ്മയും കുടുംബത്തിലെ മറ്റുള്ളവരുമൊക്കെ വെളുത്ത്… അവള് മാത്രം കറുകറുത്ത്…

“കറുത്താണ് എന്നാലും എന്ത് ചന്താണ് ശാന്തീ നിന്നെ കാണാന്.. അവരെന്തെങ്കിലും പറഞ്ഞോട്ടെ…”

“കറുപ്പിന്റെ സൗന്ദര്യം വെറും വാക്കുകളിൽ മാത്രേള്ളൂ.. അനിയത്തിയുടെ കല്യാണം മുടങ്ങുന്നത് ഞാൻ കാരണാത്രേ… എവിടേക്കെങ്കിലും പോയി ചത്തൂടേ ന്നു പറഞ്ഞു…”

ശാന്തിയുടെ തേങ്ങലിൽ ജയന്റെ വേദന മറന്നു..
ഈശ്വരാ…ഈ പാവം കുട്ടിയെ എന്തിനാണ് എന്നെപ്പോലെ പരീക്ഷിക്കുന്നത്…

ഒരുവിധം ശാന്തിയെ പറഞ്ഞ് സമാധാനിപ്പിച്ചു…
“നീ എന്ത് തെറ്റാണ് ചെയ്തത്.. അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചു.. അങ്ങനെ എങ്കിൽ കറുത്ത് പോയത് അവരുടെ കുറ്റമല്ലേ…”

അവളുടെ തേങ്ങൽ ഏറെക്കുറെ നിന്നിരുന്നു..
“നിറം നൽകുന്നത് ഈശ്വരനാണ്..
ശാന്തീ.. കറുപ്പിന്റെ സൗന്ദര്യം അവർക്കറിയില്ല..
ഈശ്വരന് ഇഷ്ടപ്പെട്ടവരൊക്കെ കറുത്തവരാ…”

ശാന്തിയുടെ മുഖം കുറേയൊക്കെ ശാന്തമായിരുന്നു…“നിങ്ങളെന്തിനാണിവിടെ വന്നത്..”“ഞാനും മരിക്കാൻ വന്നതാ…”“അതിന് നിങ്ങള് വെളുത്ത് സുന്ദരനല്ലേ…”

“കളറ് കൊണ്ടൊന്നും ഒരു കാര്യവുമില്ല ശാന്തീ…
നിനക്കറിയോ എന്റെ രണ്ടു വൃക്കകളും തകരാറിലാണ്..”“ഈശ്വരാ..അതിനാണോ മരിക്കാൻ വന്നത്..”

“എനിക്ക് ഒരു വൃക്ക നൽകാൻ ആരെങ്കിലും തയാറായാൽ മാറ്റി വയ്ക്കാൻ എന്തെങ്കിലും ചെയ്യാരുന്നു എന്ന് പറഞ്ഞു നമ്മുടെ നാരായണൻ ഡോക്ടർ.. ഡോക്ടറാണിപ്പോ കോഴിക്കോട് മെഡിക്കൽ കോളജിലെ സൂപ്രണ്ട്..”

“ആരോടും ചോദിച്ചില്ലേ ന്നട്ട്..”“അമ്മയുണ്ടായിരുന്നെങ്കിൽ തരുമായിരുന്നേനെ..”“അനിയത്തി എന്താ തരില്ലേ..”“അവൾക്ക് കുടുംബമൊക്കെ ആയില്ലേ.. അതാവും..”

വാക്കുകൾ പുതുമഴ പോലെ പെയ്തു കൊണ്ടിരിന്നു…
മരിക്കാൻ മറന്നു പോയി രണ്ട് പേരും..

“ഞാൻ തന്നാൽ പറ്റോ…”“അതങ്ങനെ പറ്റൊന്നൂല്ല ഒത്ത് നോക്കണം”“ഈശ്വരാ പറ്റിയാ.. മതിയായിരുന്നു”“നിനക്ക് പേടിയില്ലേ അപ്പോ..”“നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയൂല്ലേ..”“ശാന്തീ.. എന്റെ സ്വന്തക്കാര് പോലും പറഞ്ഞില്ല ഇങ്ങനെ…”

ജയനവളെ ചേർത്ത് പിടിച്ചു… ആദ്യമായി സ്നേഹവും സന്തോഷവും കരുതലും അനുഭവിച്ചു ശാന്തി.. രാത്രിയുടെ ഏതോ യാമങ്ങളിൽ അവർ തിരിച്ചു നടന്നു.. ഒരു പുനർജന്മം പോലെ കൈകൾ കോർത്ത് പിടിച്ച്…

സ്നേഹത്തിനും കരുതലിനും വേണ്ടി ഒരുപാട് യാചിച്ച്, ഒടുവിൽ എവിടെ നിന്നും ലഭിക്കാതെ വരുമ്പോൾ മനസ് മരിച്ചിരുന്ന രണ്ടു ഹൃദയങ്ങൾ… പരസ്പരം സ്നേഹം പകർന്നു നൽകി…

“ഇനിയും ഒത്തിരി ദൂരണ്ടോ..”ജയനെ അറിയാമെങ്കിലും വീടെവിടെയാണെന്നൊന്നും അറിയില്ലായിരുന്നു

“ഇല്ലല്ലോ.. എത്താറായി” ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പായ കമാനത്തിന്റെ ചുവട്ടിലൂടെ., നടന്നു..

വേട്ടയ്ക്കൊരുമകൻ ക്ഷേത്രം ദീപാലങ്കാരത്താൽ തിളങ്ങി നിൽക്കുന്നു.. റെയിലിന്റെ നടുവിൽ നിന്ന് ഒന്ന് വണങ്ങി രണ്ടാളും… ജയന്റെ ചെറിയ വീട്ടിലേക്ക് അവളെ കൈപിടിച്ച് കയറ്റി…

“വീട്ടിലേക്കൊന്ന് വിളിച്ചു പറയേണ്ടേ…”
“വേണ്ട.. ഓർമയുണ്ടെങ്കിൽ അവരെന്നെ വിളിക്കൂല്ലേ…”

പുലർച്ചെ അഞ്ചു മണിക്കുള്ള പികെബി ബസിൽ തന്നെ കോഴിക്കോട്ടേക്ക് കയറി.. നാരായണൻഡോക്ടറെ ചേവായൂരിലെ വീട്ടിൽ പോയി കണ്ടു. ഡോക്ടർ എഴുതി കൊടുത്ത ചീട്ടിലെ ടെസ്റ്റുകളൊക്കെ ചെയ്ത് ഓപിയിൽ പോയി കണ്ടു..

യോജിക്കുന്നു എന്ന ഡോക്ടറുടെ വാക്കുകളിൽ ജയനേക്കാൾ സന്തോഷിച്ചത് ശാന്തിയാണ്..
ഒരു മാസം കഴിഞ്ഞ് അഡ്മിറ്റ് ചെയ്യണം.
അത് വരെ കഴിക്കേണ്ട മരുന്നുകളൊക്കെ എഴുതി കൊടുത്തു.

ഇത്രയും കാലം സ്വരൂപിച്ച പണം തന്നെ മതിയായിരുന്നു.. ഡോക്ടർ പറഞ്ഞ തുകശാന്തിയുടെ വീട്ടിൽ പോയി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും ഇനി അവളെന്റെ കൂടെയാണെന്നും പറഞ്ഞത് അവർക്ക് വലിയ സന്തോഷമായിരുന്നു..

പിന്നെ നേരെ അനിയത്തി ഗായത്രിയോട് പോയി കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു.

വലിയൊരു ഭാഗ്യം തന്നെയാണ് ശാന്തിയെ കിട്ടിയതെന്ന് പറഞ്ഞു അവൾ എല്ലാം കരുതിയതിനേക്കാൾ വേഗത്തിൽ നടന്നു.. ശാന്തിയുടെ പാതി വൃക്ക ജയനിൽ തുടിച്ചു തുടങ്ങി..

വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പോയി താലികെട്ടിയതോടെ ജയന്റെ ജീവിതപാതിയായി ശാന്തിയും സന്തോഷത്തോടെ ജീവിച്ച് തുടങ്ങി…

വീണ്ടും അങ്ങാടിയിൽ ടൈലർഷോപ്പ് തുടങ്ങി ജയൻ.. സ്നേഹവും സന്തോഷവും നൽകാൻ കൂടെ ഒരാളുണ്ടായതോടെ ജീവിതം തന്നെ ആകെമാറി…

ശാന്തി വീട്ടിൽ നിന്നും പോയതോടെ അനിയത്തി ശാലിനിയുടെ കല്യാണം നടന്നു…
സുമുഖനായ സ്കൂൾ അധ്യാപകൻ..

കാലം വീണ്ടും ഒരുപാട് അസ്തമയങ്ങളെ രാത്രിയും പിന്നെ പകലുമാക്കി… ശാന്തിയുടെ കറുത്ത കളറിനെ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്ന ശാലിനി ഒരാൺകുട്ടിക്ക് ജന്മം നൽകി.. ശാന്തിയുടെ അതേപോലെ… കറു കറുത്ത ഒരു കരുമാടിക്കുട്ടൻ…

എങ്കിലും., ശാന്തിയെ ചെയ്ത പോലെ അകറ്റി നിർത്തിയില്ല. പൊന്നു പോലെ തന്നെ നോക്കി.. ശാലിനി

ഈശ്വരാനുഗ്രഹം കൊണ്ട് ശാന്തിയും ഒരമ്മയാവാൻ പോകുന്നു… അതിലേറ്റവും സന്തോഷിച്ചത് ജയനായിരുന്നു.. ജയനവളെ പൊന്നു പോലെ നോക്കി…

പാണ്ടിക്കാട് പികെഎം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു ശാന്തിയെ..ഡെയ്റ്റിന് രണ്ട് ദിവസം കൂടിയുണ്ട്..

കറുകറുത്ത ഭാര്യയോടൊപ്പം വെളുത്ത സുമുഖനായ ജയനെ കാണുമ്പോൾ പലരുടേയും നോട്ടത്തിലൊരു പരിഹാസം ഒളിഞ്ഞു നിന്നു…

വീണ്ടുമൊരു കറുത്ത കുട്ടിയെ സ്വീകരിക്കാൻ ശാന്തിയുടെ വീട്ടുകാരൊന്നും വന്ന് കാത്തിരുന്നില്ല.ഒടുവിൽ എല്ലാവരും കൂടി പറഞ്ഞ് വന്നതായിരുന്നു അവർ.

ശാന്തിയുടെ കൂടെ വന്നവരെ വിളിച്ചപ്പോൾ ലേബർ റൂമിന്റെ മുന്നിൽ നിന്ന് ജയൻ മാത്രേ ഓടി ചെന്നുള്ളൂ…

ശാന്തിയുടെ അമ്മയും അച്ഛനും ജയന്റെ അനിയത്തി ഗായത്രിയും ആകാംക്ഷയോടെ അവിടെ തന്നെ നിന്നു. ശാന്തിയെ പോലെ ഒരു കറു കറുത്ത കുട്ടിയെ ഇനിയും അവർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല…

“പ്രസവിച്ചു.. പെൺകുട്ടി ആണ്..”ഈശ്വരാ.. മറ്റൊരു ശാന്തി ആകുമോ.. ജയന്റെ മുഖം മാത്രം അപ്പോഴും പ്രകാശിച്ചു നിന്നു

കുറച്ച് കഴിഞ്ഞ് സിസ്റ്റർ കുട്ടിയെ വെള്ളത്തുണിയിൽ പൊതിഞ്ഞു പിടിച്ച് ജയന്റെ കൈയ്യിൽ വെച്ച് കൊടുത്തു..

ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് ജയനാ കുഞ്ഞിനെ ഏറ്റുവാങ്ങി.. ജയനത് പോലെ തന്നെ അവരുടെ മുന്നിലേക്ക് നടന്നു… ജയനെ പോലെ വെളുത്ത്… ശാന്തിയെ പോലെ വിടർന്ന മുഖവുമായി ഒരു മാലാഖ കുട്ടി…

“കുട്ടിയെ മാറിയിട്ടൊന്നുമില്ലല്ലോ..”“ഇല്ലമ്മാവാ.. കുട്ടി മാറിയിട്ടില്ല…മാറ്റേണ്ടത് നിങ്ങളുടെ മനോഭാവമാണ്…”

കറുത്തവരും ദൈവത്തിന്റെ സൃഷ്ടികളാണ്…
കറുത്ത പെണ്ണ് വെളുത്ത കുട്ടിയെ പ്രസവിക്കുകയും വെളുത്ത സുന്ദരി കറുത്ത കുട്ടിയെ പ്രസവിക്കുകയും ചെയ്യുന്നു..
ഒരിക്കലും ആ കുട്ടികൾ ഒരു തെറ്റും ചെയ്യുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *