(രചന: ശാലിനി മുരളി)
വിവാഹം കഴിഞ്ഞ് മാസം ആറ് ആയപ്പോഴേക്കും ശീതൾ ബാലുവിനോട് ആവശ്യപ്പെടാൻ തുടങ്ങി.”ലീവ് തീരാറായി. ഞാൻ സ്കൂളിൽ തിരിച്ചു കയറട്ടെ?”
വിവാഹത്തിന് മുൻപ് വരെ അവൾ ഒരു പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് പോയിരുന്നു.ബി എഡ് കഴിഞ്ഞ് ട്രെയിനിങ്ങിന് പോയ സ്കൂളിൽ തന്നെ ജോലി കിട്ടിയത് ഒരു ഭാഗ്യമായിട്ടാണ് അവൾ കരുതിയത്.
മിക്കവരും പരിചയക്കാർ. സ്നേഹമുള്ള കുട്ടികൾ.ജോലി കിട്ടി മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് ഒരുപാട് ആലോചനകൾ വന്ന കൂട്ടത്തിൽ ബാലുവിന്റെ പ്രപ്പോസൽ കൊള്ളാമെന്നു തോന്നിയത്.
ഇലക്ട്രിസിറ്റി ബോർഡിൽ ജോലിയുള്ള ബാലുവിന്റെയും ശീതളിന്റെയും ജാതകങ്ങൾ തമ്മിലും നല്ല ചേർച്ച ഉണ്ടായിരുന്നത് കൊണ്ട് വീട്ടുകാർക്കും താൽപ്പര്യമായി.
എല്ലാവരും കേൾക്കെ വിവാഹം കഴിഞ്ഞും ജോലിക്ക് പോകാമല്ലോ എന്ന് ബാലു പറയുകയും കൂടി ചെയ്തതോടെ അവൾക്ക് സമാധാനമായി.
ഭാഗ്യം ജോലിക്ക് പോകുന്നതിന് എതിർപ്പ് ഉള്ള ആളല്ലല്ലോ. മുൻപ് വന്നവരിൽ പലർക്കും വീട്ടിൽ ഒരു ജോലിക്കാരിയെ ആയിരുന്നു ആവശ്യം. അതുകൊണ്ട് തന്നെ വയസ്സ് ഇരുപത്തി ഒൻപത് കഴിഞ്ഞിട്ടും ഒട്ടും ധൃതി അവൾക്കും തോന്നിയില്ല.
തന്റെ അഭിപ്രായങ്ങൾ കൂടി അംഗീകരിക്കുന്ന ഒരാൾ വരുമ്പോൾ നോക്കാം.
ബാലുവിന്റെ ആലോചന വിവാഹത്തിലേയ്ക്ക് എത്തിയതോടെ ആറു മാസത്തെ ലീവിനാണ് അവൾ അപേക്ഷിച്ചത്.
ശീതളിനോട് ഒരു പ്രത്യേക താൽപ്പര്യവും പ്രിൻസിപ്പാൾക്ക് ഉണ്ടായിരുന്നത് കൊണ്ട് ലീവ് അനുവദിച്ചുവെങ്കിലും കഴിയുന്നതും പെട്ടന്ന് തിരിച്ചു വരണമെന്ന് അവർ പറയുകയും ചെയ്തു.
കൊച്ചു കുട്ടികളെ കൈകാര്യം ചെയ്യാനുള്ള ശീതളിന്റെ മിടുക്ക് അവർക്ക് ട്രെയിനിങ് പീരിയഡിൽ തന്നെ ബോധ്യപ്പെട്ടതുമാണ്. അതുകൊണ്ട് തന്നെ അവർ അപ്പോയിമെന്റ് ഓർഡർ അവൾക്ക് നേരിട്ട് കൊടുക്കുകയായിരുന്നു.
പക്ഷെ, സ്കൂളിൽ തിരിച്ചു കയറുന്നതിനെ കുറിച്ച് അവൾ പറഞ്ഞപ്പോൾ അത്ര നല്ല പ്രതികരണം ആയിരുന്നില്ല ബാലുവിൽ നിന്നുണ്ടായത്. എന്തോ ഒരു തണുപ്പൻ മട്ട് !
ആട്ടെ, ആലോചിക്കാം.
കുറച്ചു കൂടി കഴിയട്ടെ.. ഇപ്പൊ ജോലിക്ക് നീ പോയില്ലെങ്കിലും കുഴപ്പമൊന്നും വരാനില്ലല്ലോ എന്നൊക്കെ അയാൾ പറഞ്ഞത് കേട്ട് അവൾക്ക് ഞെട്ടലാണ് ഉണ്ടായത്. ലീവ് ആ മാസത്തോടെ തീരുകയാണ്. പോകണ്ടെന്ന് പറയാതെ പറയുന്നത് പോലെ..
“അന്ന് കാണാൻ വന്നപ്പോ ബാലു അല്ലെ പറഞ്ഞത് വിവാഹം കഴിഞ്ഞും ജോലിക്ക് പൊയ്ക്കോളാൻ.. പിന്നെ ഇപ്പൊ എന്താ പ്രശ്നം?”
“അമ്മയ്ക്ക് ഒറ്റയ്ക്ക് എല്ലാ ജോലിയും ചെയ്യാൻ പറ്റുമോ. നീയൊന്ന് ചിന്തിക്ക്. നമ്മൾ രണ്ട് പേരും കൂടി രാവിലെ ഇവിടുന്ന് ഇറങ്ങിപ്പോകുന്നതോടെ അമ്മ ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ടേ..
നീ വരുന്നതിനു മുൻപ് ബബിത ഇവിടെയുണ്ടായിരുന്നു. അവളാണെങ്കിൽ രണ്ട് മാസം മുൻപേ അളിയന്റെയൊപ്പം ഗൾഫിലോട്ട് പോയില്ലേ? പിന്നെ ബിബിൻ ആണെങ്കിൽ ഹോസ്റ്റലിലും. അവൻ മാസത്തിൽ ഒരിക്കൽ വന്നാലായി.
അച്ഛൻ മരിച്ചതോടെ അമ്മയെ ഞങ്ങൾ ഒറ്റയ്ക്ക് ഇരുത്തിയിട്ടില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നീയിപ്പോ ജോലിക്ക് പോയില്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാനുള്ള ചുറ്റുപാടും വരുമാനവും ഉണ്ട്.
പിന്നെ വീട്ടിൽ ഇരുന്ന് ബോറടിക്കുന്നെങ്കിൽ ടിവിയും, ലാപ്ടോപ്പും, മൊബൈലും ഒക്കെ നോക്കാമല്ലോ. അതും പോരെങ്കിൽ കുറച്ചു കുട്ടികളെ ട്യൂഷൻ പഠിപ്പിക്കാമല്ലോ.. നീ എന്താന്ന് വെച്ചാൽ ആലോചിക്ക്.”
അയാൾ പറഞ്ഞവസാനിപ്പിച്ചത് പോലെ പുറത്തേക്ക് പോയി. കാറ്റഴിച്ച ബലൂൺ പോലെ അവൾ അവിടെ തന്നെ തറഞ്ഞു നിന്നു.
ഉറക്കെ ഒന്ന് പൊട്ടിക്കരയാൻ പോലും ആകാതെ അയാൾ പറഞ്ഞത് അത്രയും അവൾ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു. അമ്മയെയും നോക്കി വീട്ടിൽ കുത്തിയിരിക്കാനാണോ ഇയാൾ തന്നെ കല്യാണം കഴിച്ചത്.
വീട്ടിൽ ട്യൂഷൻ എടുക്കാനാണോ താൻ ബി എഡ് എടുത്തതും സ്കൂളിൽ ജോലിക്ക് കയറിയതും..
സ്വന്തമായി ഒരു ജോലിയുള്ളത് ഇന്നത്തെ കാലത്ത് എത്ര നല്ലതാണ്.
ഭർത്താവിന് കനത്ത ശമ്പളം ഉള്ളത് കൊണ്ട് ഭാര്യ സ്വന്തം അഭിലാഷങ്ങളും ആഗ്രഹങ്ങളും ബിരുദങ്ങളും പെട്ടിയിൽ വെച്ച് പൂട്ടണം എന്ന മനോഭാവം എത്ര വിലകുറഞ്ഞതാണ്.
തങ്ങൾ രണ്ട് പേരും ജോലിക്ക് പോയിട്ട് വൈകുന്നേരം ഇങ്ങു തിരിച്ചു വരുമല്ലോ.
പിന്നെ എല്ലാ ജോലിയും ചെയ്തു തീർത്തു പോകുന്നയിടത്ത് ഇവിടെ മറ്റെന്തു ജോലിയാണുള്ളത്.
ബാലു വെറുതെ ഓരോ മുടന്തൻ ന്യായങ്ങൾ
പറയുകയാണെന്ന് അവൾക്ക് തോന്നി.
തന്റെ ഒപ്പം പഠിച്ച പലരുടെയും ജീവിതം അവളോർത്തു.
ശ്രീലക്ഷ്മിയും, വിനീതയും, രമ്യയുമൊക്കെ വിവാഹം കഴിഞ്ഞതോടെ ഭർത്താവിന്റെ വീട്ടിലെ വെറും നിഴലുകൾ മാത്രമായി ഒതുങ്ങിപോയിരുന്നു.
പക്ഷെ, അവൾക്ക് അവരോടൊക്കെയും സഹതാപമാണ് തോന്നിയത്. തന്നെക്കാൾ എത്ര മിടുക്കോടെ ഓരോ ക്ലാസ്സുകളിലും പഠിച്ചതാണവർ.
ഡിഗ്രിയ്ക്ക് ഒപ്പം പഠിച്ച മായാ ശ്രീകുമാറിനെ അവളോർത്തു. ഭർതൃ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് തന്നെ ജോലിക്കും, ഡാൻസ് ക്ലാസുകൾക്കും ഒക്കെ ചുറുചുറുക്കൊടെ സ്കൂട്ടറിൽ പാഞ്ഞു പോകുന്ന മായയോട് ആരാധന ആണ് തോന്നിയിട്ടുള്ളത്.
പക്ഷെ, ബാലുവിനെ ധിക്കരിച്ചു കൊണ്ട് ഇറങ്ങിപ്പോകുന്നതിനോട് അവൾക്ക് തീരെ താൽപ്പര്യവുമില്ല. സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കണം. അതും തന്റെ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചു തന്നുകൊണ്ട് തന്നെ..
ഒന്ന് കൂടി സംസാരിക്കണം, വൈകിട്ട് ബാലു ജോലി കഴിഞ്ഞു വരട്ടെ. അന്ന് രാത്രി ഊണും കഴിഞ്ഞും അടുക്കള ജോലികളും തീർത്തു കിടക്കാനായി മുറിയിലേയ്ക്ക് ചെല്ലുമ്പോൾ കൂർക്കം വലിച്ചുറങ്ങുന്ന ബാലുവിനെ കണ്ട് അവൾക്ക് അത്ഭുതം തോന്നി.
എത്ര വൈകിയാലും താൻ വരാതെ ഉറങ്ങാത്ത ആളാണ്! ഇത് തനിക്ക് സംസാരിക്കാൻ അവസരം തരാതെ ഒഴിഞ്ഞു മാറാനുള്ള അടവാണ്. ഉറങ്ങുന്നവരെ ഉണർത്താം. പക്ഷെ ഉറക്കം നടിക്കുന്നവരെയോ..
രാവിലെ അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുമ്പോഴാണ് അമ്മ ചായയ്ക്ക് വേണ്ടി അവിടെക്ക് വന്നത്. ചൂട് ചായ പകർന്നെടുക്കുന്ന അമ്മയെ അവൾ ശ്രദ്ധിച്ചു. രാവിലെ കുളി കഴിഞ്ഞു നെറ്റിയിൽ ഭസ്മം നീട്ടി വരച്ചിട്ടുണ്ട്.
“ഇന്നലെ നിങ്ങൾ പറഞ്ഞത് ഒക്കെ ഞാനും കേട്ടു. അവൻ പറഞ്ഞതാണ് ശരി. ശീതളും കൂടി ജോലിക്ക് പോയി കൊണ്ട് വരേണ്ട ഒരു കാര്യവുമില്ല ഇവിടെ. ഞങ്ങളുടെ ബന്ധക്കാരൊക്കെ പുച്ഛിക്കും.
പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണെന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും ഒരു നീരസമായിരുന്നു. ഇത്രയും പഠിപ്പും ഗവണ്മെന്റ് ജോലിയും ഉള്ള അവന് ഒരു ഗവണ്മെന്റ് ജോലിക്കാരിയെ കിട്ടില്ലേ എന്നാണ് എല്ലാവരും ചോദിച്ചത്.
പിന്നെ ബാലൂന് പെൺകുട്ടിയെ ഒറ്റ നോട്ടത്തിൽ തന്നെ പിടിച്ചു പോയത് കൊണ്ട് അവൻ അതൊന്നും കാര്യമാക്കിയില്ല. പക്ഷെ ചെറിയൊരു സ്കൂളിൽ കുറഞ്ഞ ശമ്പളത്തിൽ അവന്റെ ഭാര്യ ജോലിക്ക് പോകുന്നത് അവന് മാത്രമല്ല ഞങ്ങൾക്കൊക്കെ നാണക്കേട് ആണ്.
അതുകൊണ്ട് മോൾ ഇനി പഠിപ്പിക്കാനൊന്നും പോകണ്ട. ഇവിടെ ഞാൻ ഒറ്റയ്ക്കല്ലേ ഉള്ളൂ. എനിക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളായല്ലോ..”
ശീതളിന്റെ മനസ്സ് ഇടിഞ്ഞു. ഇല്ല ഇവിടെ തന്റെ ആഗ്രഹങ്ങൾക്ക് ഒരു വിലയുമില്ലെന്ന് മാത്രമല്ല താനാ സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നത് ഇവിടെയുള്ളവർക്ക് നാണക്കേട് കൂടിയാണ്.
നനച്ച തുണികൾ വിരിക്കാനായി ടെറസ്സിലേയ്ക്ക് പോയപ്പോഴാണ് വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞത്.
“അവർക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും. അവനെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും നീ തല്ക്കാലം ചെയ്യേണ്ട ”
അമ്മയുടെ ഉപദേശം കേട്ട് അവൾക്ക് അരിശമാണ് തോന്നിയത്.എല്ലാവരും പുരുഷന്റെ ഇഷ്ടങ്ങൾക്ക് മാത്രം വില കല്പ്പിക്കുന്നു. പെണ്ണ് ആകട്ടെ എല്ലാ ആഗ്രഹങ്ങളും അവന് വേണ്ടി ഉപേക്ഷിച്ച്
ഒരു യന്ത്രം പോലെ ജീവിക്കണം,
കൊള്ളാം!അവൾ ഫോൺ കട്ട് ചെയ്തു അച്ഛനെ വിളിച്ചു.
“നിനക്ക് എന്താണ് നല്ലതെന്ന് തോന്നുന്നത് അത് ചെയ്യൂ. നീയൊരുപാട് ആഗ്രഹിച്ചത് അല്ലെ ഈ ജോലി. അതിപ്പോ പ്രൈവറ്റ് ആയാലെന്ത്. ഒരു സ്കൂൾ ടീച്ചർ എന്ന പദവിക്ക് ഒരുപാട് മാന്യതയും അന്തസ്സും ഉണ്ട്. അത് ഇതല്ല ഏതു ജോലിക്ക് ആയാലും..
ബാലുവിനെ പറഞ്ഞു മനസ്സിലാക്കിക്ക്
മോളെ. അച്ഛൻ വരണോ അങ്ങോട്ട്..””വേണ്ടച്ഛാ, ഞാൻ ഒന്ന് കൂടി സംസാരിക്കാം..”
ഇപ്പൊ കുറച്ചു ആശ്വാസം തോന്നുന്നുണ്ട്.
അന്ന് സ്കൂളിൽ നിന്ന് അവൾക്ക് ഫോൺ കാൾ വന്നത് ബാലു അടുത്തുള്ളപ്പോഴായിരുന്നു.
” കേട്ടോ ശ്രീദേവി ടീച്ചർ ആണ്. അടുത്ത ആഴ്ച മുതൽ സ്കൂളിൽ വരില്ലേ എന്നാണ് ചോദിക്കുന്നത്.. ”
അയാളത് കേട്ട ഭാവം കാണിക്കാതെ ഫോണിൽ എന്തോ തിരയുന്നതായി നടിച്ചു.
അവളുടെ ക്ഷമ നശിച്ചിരുന്നു.
” ഞാൻ ബാലുവിനോടാണ് സംസാരിക്കുന്നത്. എനിക്ക് ഈ ജോലി കളയാൻ പറ്റില്ല. അടുത്ത ആഴ്ച മുതൽ ഞാൻ സ്കൂളിൽ ജോലിക്ക് കേറുന്നു. ഇതിൽ ഒരു അന്തസ്സ് കുറവും ഞാൻ കാണുന്നില്ല. വീട്ടിൽ ഇരുന്ന് ട്യൂഷൻ പഠിപ്പിക്കാനല്ല ഞാൻ ബി എഡ് എടുത്തത്.”
“എനിക്കിനി ഒന്നും പറയാനില്ല. നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണെങ്കിൽ പിന്നെ എന്റെ അനുവാദം എന്തിനാ. എനിക്കോ അമ്മയ്ക്കോ ഒട്ടും താൽപ്പര്യം ഇല്ല.
നക്കാപ്പിച്ച ശമ്പളത്തിന് വേണ്ടി എന്റെ ഭാര്യ വെറുമൊരു പീറ സ്കൂളിൽ ജോലിക്ക് പോകുന്നത് എനിക്കിഷ്ടമല്ല..
അത് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. ഇനി ഇതെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കാൻ എനിക്ക് താൽപ്പര്യവുമില്ല.”
അയാൾ ചാടിത്തുള്ളി എഴുന്നേറ്റ് വാതിൽ വലിച്ചടച്ച് പുറത്തേയ്ക്ക് പോയി. അയാൾ തന്റെ നെഞ്ചിലൂടെയാണ് ചവുട്ടി കടന്ന് പോയതെന്ന് തോന്നിപ്പോയി.
അന്ന് ഒരേ കട്ടിലിൽ രണ്ടു വശത്തേയ്ക്ക് തിരിഞ്ഞു കിടന്ന് ഉറങ്ങുമ്പോൾ ഇരുവർക്കുമിടയിൽ ഒരു വലിയ അകൽച്ചയുടെ വിള്ളലുകൾ രൂപം കൊണ്ട് കഴിഞ്ഞിരുന്നു.
ശീതൾ പിറ്റേന്ന് അതിരാവിലെ തന്നെ എഴുന്നേറ്റു ജോലിയെല്ലാം ഒതുക്കി. കുളിച്ചു ഭംഗിയുള്ള ഒരു ഷിഫോൺ സാരി എടുത്തുടുത്തു. ബാലു ഇറങ്ങാൻ തുടങ്ങുന്നത് കണ്ട് അവളും ഒപ്പം ചെന്നു.
“എന്നെ വീട്ടിലേക്ക് ഒന്ന് വിട്ടേക്ക്..”അയാൾ തുറിച്ചു നോക്കി.”നീയിപ്പോൾ എന്തിനാ വീട്ടിൽ പോകുന്നത്.ആരോട് ചോദിച്ചിട്ടാണ് ഒരുങ്ങിയിറങ്ങിയത്? ”
“എനിക്ക് വീട്ടിൽ പോണം.”കൂടുതലൊന്നും പറയാൻ താല്പര്യം ഇല്ലാത്തത് പോലെ അവൾ വാനിറ്റി ബാഗിൽ മുറുകെ പിടിച്ചു.
അവളുടെ മുഖത്തെ മുറുക്കം കണ്ട് അയാൾ ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട് ചെയ്തു.
അയാൾക്കൊപ്പം മുൻ സീറ്റിൽ ഇടതു വശത്തായി ഇരിക്കുമ്പോൾ അവൾ അയാളെ ഒന്ന് ഒളികണ്ണിട്ട് നോക്കി.
അവളൊപ്പമുണ്ടെന്ന ഭാവം ഒട്ടുമില്ലാതെ അയാൾ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചിരുന്നു.
വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം കഴിയുന്നതേയുള്ളൂ. ഒരുപാട് വർഷങ്ങളുടെ മടുപ്പ് മാത്രമാണ് തങ്ങൾക്കിടയിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
സ്വന്തം ആൾക്കാർ മാത്രം നല്ലവരെന്ന് തെറ്റിദ്ധരിച്ചു, അവരെ മാത്രം ഇഷ്ടപ്പെടുന്ന വെറും യന്ത്രങ്ങൾ മാത്രമാണ് ആ വീട്ടിലുള്ളവർ. പുറത്ത് നിന്ന് ഉള്ള ആരോടും ഒരു ബാധ്യതയോ കടപ്പാടോ ആർക്കും ഇല്ല.
തങ്ങളുടെ സ്റ്റാറ്റസ്, അത് മാത്രമാണ് ബാലുവിന്റ മനസ്സിലും. ഒന്നും മിണ്ടാതെയും പറയാതെയും ഒരേ വാഹനത്തിനുള്ളിൽ അവർ സ്വന്തം ചിന്തകളെ മാത്രം കൂട്ട് പിടിച്ചിരുന്നു..
വീട് എത്തിയത് വളരെ പെട്ടെന്നാണെന്ന് തോന്നി. അതോ അത്രയും സ്പീഡിൽ ആയിരുന്നോ അയാൾ കാർ ഓടിച്ചത്.. ഒന്നും ശ്രദ്ധിച്ചിരുന്നില്ലല്ലോ. ബാഗുമെടുത്ത് ഇറങ്ങി. പിന്തിരിഞ്ഞു കാറിൽ തന്നെ ഇരിക്കുന്ന അയാളെ ഒന്ന് നോക്കിയിട്ട് അവൾ വിളറിയ ഒരു ചിരി ചിരിച്ചു.
“ജോലിക്ക് പോകുന്ന ഭാര്യ നാണക്കേട് അല്ലെന്ന് എപ്പോഴെങ്കിലും തോന്നുമ്പോൾ ഒന്ന് വിളിച്ചാൽ മതി.. ഒരു ബന്ധം ഇല്ലാതാക്കാൻ എളുപ്പമാണ്.
പക്ഷെ, പരസ്പരമുള്ള ഇഷ്ടങ്ങൾ അനുവദിച്ചു കൊടുത്ത് കൊണ്ട് ഒന്നിച്ചു ജീവിക്കാൻ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ പിരിയുന്നത് തന്നെയല്ലേ നല്ലത്? ”
ബാലു ഒന്ന് ഞെട്ടി! ഇവൾ എന്താണ് പറയുന്നത്. പിരിയുകയോ? എന്തോ ചോദിക്കാനായി തുനിഞ്ഞതും അവൾ ഒരു കൊടുങ്കാറ്റ് പോലെ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി പോകുന്നതാണ് കണ്ടത്. അല്പ സമയം കൂടി അയാൾ അവിടെ തന്നെ നിന്നു..
അവൾ പോയിക്കഴിഞ്ഞപ്പോൾ ഒരു വലിയ ശൂന്യത തന്നെ വിഴുങ്ങാനടുക്കുന്നത് പോലെ!
ഇത്രയും പെട്ടന്ന് ഒഴിഞ്ഞു പോകാൻ ഇവൾക്ക് എങ്ങനെ മനസ്സ് വന്നു?
ശരിയാണ്, വിവാഹം ഉറപ്പിക്കുന്നതിനു മുൻപുള്ള കൂടിക്കാഴ്ചയിൽ തന്നെ ജോലിക്ക് പൊയ്ക്കോളാൻ സമ്മതം കൊടുത്തതാണ്. പക്ഷെ, തന്നെക്കാൾ വിരോധം അമ്മയ്ക്കാണല്ലോ. അമ്മയെ പറഞ്ഞു എങ്ങനെ മനസ്സിലാക്കിക്കും.
അയാൾ നേരിയ പ്രതീക്ഷയോടെ വീട്ടിനുള്ളിലേയ്ക്ക് ഒന്ന് നോക്കി.
ഇല്ല! അവളുടെ ഒരു നിഴൽ പോലുമില്ല!
അവൾക്ക് തന്നെക്കാൾ വലുത് ജോലിയായിരുന്നോ!!
നെടുവീർപ്പ് ഇട്ട് കൊണ്ട് അയാൾ കാർ പിന്നോട്ട് എടുത്തു. അകത്തെ കർട്ടൻ വിരിയ്ക്കുള്ളിലൂടെ അവൾ അയാൾ പോകുന്നതും നോക്കി നിൽപ്പുണ്ടായിരുന്നു.
ഇല്ല, വിട്ട് കൊടുക്കുന്ന പ്രശ്നം ഇല്ല. ആ വീട്ടിലെ ഒരു വേലക്കാരിയായിട്ട് മാത്രം മതി അവർക്ക് തന്നെ.
അമ്മയുടെ താളത്തിന് തുള്ളുന്ന ഒരു പേടിത്തൊണ്ടൻ മകൻ! പഠിച്ച കുട്ടിയല്ലേ, ജോലിയ്ക്ക് പൊയ്ക്കൊണ്ടിരുന്നതല്ലേ എന്ന് വിചാരിച്ചില്ല എന്ന് മാത്രമല്ല, അങ്ങനെ ഒരു ജോലി തങ്ങൾക്ക് നാണക്കേട് ആണെന്ന് കൂടി പറഞ്ഞു വെച്ചു.
എങ്കിൽ എന്തുകൊണ്ട് ഇതിലും വലിയ ഒരു സ്കൂളിൽ ഭാര്യക്ക് ജോലി വാങ്ങിക്കൊടുക്കാൻ തയ്യാറാകുന്നില്ല.അതിനുള്ള പണം ധാരാളം ഉള്ളവരല്ലേ..
അപ്പോൾ അതൊന്നുമല്ല കാര്യം. മരുമകളെ അടുക്കള പണിക്ക് നിർത്തി അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും, സന്തോഷങ്ങളും ഇല്ലാതാക്കണം.
അവൾക്ക് താനെടുത്ത തീരുമാനത്തിൽ ഒരു ദുഃഖവും തോന്നിയില്ല. ശീതൾ വന്നത് കണ്ടു സന്തോഷത്തിലായിരുന്നു അമ്മ.പക്ഷെ, മ്ലാനമായ അവളുടെ മുഖം കണ്ട് അവർ എന്തൊക്കെയോ ഊഹിച്ചു.
“മോളെ.. കുടുംബജീവിതമാണ് വലുത്.
അത് കഴിഞ്ഞിട്ടേയുള്ളു ഒരു പെണ്ണിന് മറ്റെന്തും.
നീ ഈ ജോലിക്ക് പോകുന്നത് താല്പര്യം ഇല്ലെങ്കിൽ അവൻ വേറെ ഏതെങ്കിലും നല്ല ജോലിക്ക് ശ്രമിക്കട്ടെ.അതിനും തയ്യാറല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യേണ്ടത് നമ്മൾ പെണ്ണുങ്ങളല്ലേ.”
കുടിച്ചു കൊണ്ടിരുന്ന ചായ മതിയാക്കി അവൾ എഴുന്നേറ്റു. അമ്മ അല്ലെങ്കിലും ഇങ്ങനെ ഒക്കെയേ പറയൂ. പെണ്ണിന് മാത്രമായി എല്ലാ അഡ്ജസ്റ്റ്മെന്റുകളും ആരെങ്കിലും എവിടെ എങ്കിലും എഴുതി വെച്ചിട്ടുണ്ടോ.
അവളെ അയാൾ ഒരിക്കൽ പോലും ഫോണിൽ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്തില്ല.
“ആരും കൊണ്ട് വിട്ടതൊന്നുമല്ലല്ലോ.അവൾ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതല്ലേ.പുകഞ്ഞ കൊള്ളി പുറത്ത്. എന്റെ ചെറുക്കന് ഇതിലും നല്ല പെണ്ണിനെ വേറെ കിട്ടും.അവളും അവളുടെ ഒരു ഓഞ്ഞ ജോലിയും. പോകാൻ പറ ”
മകൻ കേൾക്കെയാണ് അവരത് പറഞ്ഞത്.
ബാലു അത് കേട്ടതായി പോലും ഭാവിച്ചില്ല.
എല്ലാം അമ്മയുടെ തീരുമാനം ആണല്ലോ ഇവിടെ നടപ്പിലാക്കുന്നത്.
ഇനിയും താൻ വേറൊരു വിവാഹത്തിന് തയ്യാറാകണം പോലും.. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും ശീതളിനപ്പുറത്തേയ്ക്ക് മറ്റൊരു പെണ്ണിനെ അയാൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലായിരുന്നു.
ഒന്ന് വിളിക്കുകയോ,കാണുയോ ചെയ്യാഞ്ഞത് മനഃപൂർവം ആയിരുന്നു. അവൾ ഇവിടെ നിന്ന് നരകിക്കുന്നത്.. സങ്കടപ്പെടുന്നത്.. നിരാശ കൊണ്ട് മുറിവേൽക്കപ്പെടുന്നത്..
ഒക്കെയും അയാൾ കണ്ടിരുന്നതാണല്ലോ. പക്ഷെ, എല്ലാം അമ്മയെ ഓർത്തു കാണാത്ത മട്ട് നടിച്ചു.
എന്നാൽ , അവളില്ലാത്ത മുറിയിലേയ്ക്ക് തിരികെയെത്തിയത് മുതൽ ഒരു വലിയ ശൂന്യത അയാളെ പൊതിയുകയായിരുന്നു.
തീർത്തും ഒറ്റപ്പെട്ടത് പോലെ. കണ്ണ് ഒന്ന് അടച്ചാൽ അവളുടെ അപേക്ഷ നിറഞ്ഞ മുഖമാണ്. പിന്നീടുള്ള ഓരോ ദിവസങ്ങളും അയാൾ തീരെ മൂകനായി. ഒന്നിലും ഒരു ശ്രദ്ധയുമില്ല. താടി രോമങ്ങൾ വളർന്ന മുഖം കണ്ണാടിയിൽ കാണുമ്പോൾ
അത് മാറ്റാരോ ആണെന്ന് തോന്നി.
താൻ ഇത്രയ്ക്കും ശീതളിനെ സ്നേഹിച്ചിരുന്നോ
എന്ന് പോലും അയാൾ അത്ഭുതപ്പെട്ടു.
അവളെ കൊണ്ട് വിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ അവൾ ഇഷ്ടപ്പെട്ട ജോലിക്ക് പോയിതുടങ്ങിയിട്ടുണ്ടാവും. തന്നെ പൂർണ്ണമായും മറന്നു കളഞ്ഞിട്ടുണ്ടാവും.
ഒരു പകൽ നല്ല തിരക്കുള്ള നേരത്താണ് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് ബാലു അത് എടുത്തത്. ഇത് ശീതളിന്റെ അച്ഛന്റെ നമ്പർ ആണല്ലോ. പതിവില്ലാതെ ഇങ്ങനെ ഒരു കാൾ എന്തിനാവും?
ഫോൺ എടുത്തു ഒന്നും മിണ്ടാതെ കുറെ നിമിഷം നിന്നു. മറുപുറത്ത് ഹെലോ, കേൾക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നു.
“ഹലോ, മോനെ ഇത് ഞാനാ ശീതളിന്റെ അച്ഛൻ. മോൾ ഇന്ന് സ്കൂളിൽ വെച്ചു തലകറങ്ങി ഒന്ന് വീണു. ഇപ്പോൾ സ്കൂളിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നാണ് ഞാൻ വിളിക്കുന്നത്. മോൻ ഇങ്ങോട്ടൊന്നു വരാമോ..”
ബാലു ഒന്നും മിണ്ടാതെ കാൾ കട്ട് ചെയ്തു.. എന്ത് വേണം? പോകണമോ.. അതോ അമ്മയെ വിളിച്ചു പറയണോ ഈ കാര്യം.
ഹേയ്, അത് വേണ്ട. തൊട്ടതും പിടിച്ചതുമൊക്കെ അമ്മയെ വിളിച്ചറിയിക്കാൻ താനെന്താ കൊച്ചു കുട്ടിയാണോ. ഇത് ഇപ്പോഴും തന്റെ ഭാര്യയായിരിക്കുന്നവളുടെ കാര്യമാണ്.
ഇത് താനൊറ്റയ്ക്ക് മാത്രം കൈകാര്യം ചെയ്താൽ മതി. തല്ക്കാലം, ഈ വിളിയും പോക്കും അമ്മയറിയണ്ട!
അയാൾ പെട്ടന്ന് ഓഫീസിൽ നിന്നിറങ്ങി. ഹോസ്പിറ്റലിൽ കാർ നിർത്തുമ്പോൾ പുറത്ത് അച്ഛൻ കാത്തു നിൽക്കുന്നത് കണ്ടു.
പ്രതീക്ഷിച്ച പരിഭ്രമമോ, ആശങ്കയോ ഒന്നും ആ മുഖത്ത് കാണാനില്ല.
“വരൂ മോനെ, മുകളിലത്തെ മുറിയിലാണ്.”അയാൾക്കൊപ്പം നടക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയാൻ മനസ്സ് വല്ലാതെ തിടുക്കം പൂണ്ടു.
പതിനെട്ടാം നമ്പർ മുറിയിൽ ഇളം പച്ച ഷീറ്റിൽ തളർന്ന് മയങ്ങുന്നവളെ കണ്ട് അയാൾ ഒന്ന് ഞെട്ടി. ഒപ്പം നിന്ന അമ്മ അയാളെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. ബാലു പക്ഷെ, അതൊന്നും ശ്രദ്ധിച്ചില്ല. അച്ഛനോടൊപ്പം അമ്മയും പെട്ടന്ന് പുറത്തേയ്ക്ക് ഇറങ്ങി.
മുറിയിൽ അവർ രണ്ട് പേരും മാത്രമായി.
വാടിക്കുഴഞ്ഞ ചേമ്പിൻ താള് പോലെ കിടക്കുന്ന ശീതളിന്റെ കിടക്കയുടെ അരികിലായി അയാൾ ഇരുന്നു. ഒന്നും മിണ്ടാതെ.. ഒന്ന് തൊടുക പോലും ചെയ്യാതെ അവളെ തന്നെ ഉറ്റു നോക്കിയിരുന്നു. പോന്നതിലും ഒത്തിരി ക്ഷീണിച്ചിരുന്നു അവൾ!
എപ്പോഴോ മയക്കം വിട്ട് ശീതൾ കണ്ണ് തുറന്നു നോക്കിയതും തന്റെ തൊട്ടു ചേർന്ന് ഇരിക്കുന്ന ബാലുവിനെ കണ്ട് ഒന്ന് ഞെട്ടി.
പിന്നെ ചുറ്റിനും ഒന്ന് പരതി.”അമ്മയും അച്ഛനും പുറത്തുണ്ട്..”അയാൾ ആദ്യമായി ശബ്ദിച്ചു.”എങ്ങനെ അറിഞ്ഞു.. ആരാണ് വിളിച്ചു പറഞ്ഞത്? ”
മറുപടി കൊടുക്കുന്നതിനു പകരം അയാൾ തിരിച്ചൊരു ചോദ്യം ചോദിച്ചു.”നിനക്കെന്താ അസുഖം?”
അവൾ അത് കേട്ട് ലജ്ജയോടെ മുഖം താഴ്ത്തി..പിന്നെ, അയാളുടെ കയ്യ് മെല്ലെയെടുത്ത് തന്റെ വയറിന് മുകളിലേക്ക് ചേർത്ത് പിടിച്ചു.”അസുഖം ഇവിടെയാണ്..”
അയാൾ കൈ പെട്ടന്ന് വലിച്ചെടുക്കാൻ നോക്കി. ഇത് സത്യമോ എന്നൊരു അമ്പരപ്പ്
ആ നോട്ടത്തിലുണ്ടായിരുന്നു . കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവളെ തന്നെ അയാൾ തുറിച്ചു നോക്കി. ആ നോട്ടവും പകപ്പും കണ്ട് അവൾക്ക് ചിരി വന്നു.
അവളുടെ ചിരി കണ്ട് ജാള്യതയോടെ അയാൾ വീണ്ടും ആ വയറ്റിൽ മെല്ലെ തന്റെ കയ്യ് ഒന്ന് തൊട്ടു.. അഭിമാനമോ, സന്തോഷമോ?? പറഞ്ഞറിയിക്കാൻ വയ്യാത്ത വികാരത്താൽ ഹൃദയം വല്ലാതെ മിടിക്കുന്നു.
തന്റെ കയ്യ്ക്കുള്ളിൽ ഒരു ചെറിയ ജീവൻ ഇളക്കം വെക്കുന്നതും അച്ഛാ.. എന്ന് നീട്ടി വിളിക്കുന്നതും സങ്കൽപ്പിച്ചപ്പോൾ, അവളെ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടെ ഉമ്മകൾ കൊണ്ട് മൂടാനുള്ള ആവേശം തോന്നി.
അയാൾ പ്രേമത്തോടെ അവളുടെ നെറ്റിയിലും, കണ്ണുകളിലും , കവിളത്തും, ചുണ്ടിലുമെല്ലാം തുരുതുരെ ഉമ്മ വെച്ചു .
മുറിയിലേയ്ക്ക് കയറാനൊരുങ്ങിയ അച്ഛനും അമ്മയും അകത്തെ ആ സന്തോഷ നിമിഷം കണ്ട് നിറഞ്ഞ കണ്ണുകളോടെ പുറത്തേയ്ക്ക് ഇറങ്ങി വാതിൽ ചേർത്തടച്ചു.