വരും ജന്മം
(രചന: Silpa S Kumar)
“ഈ കഥ ഒക്കെ എഴുതണോർക്ക് എന്ത് കള്ളത്തരം വേണേലും എഴുതി നെറച്ചു വെക്കാല്ലോ, വായിക്കണോര് മണ്ടന്മാർ, അവരാതെല്ലാം വിശ്വസിക്കും അല്ലേ അപ്പേ”
ഉമ്മറത്തിണ്ണയിൽ അപ്പച്ചിയുടെ മടിയിൽ തല വെച്ച് മിഴികൾ രണ്ടും ഇരുട്ടിലേക്ക് നട്ട് കിടക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്ന നൊമ്പരം ഒരു പരിഭവമായി അറിയാതെ നാവിൽ നിന്ന് വീണു പോയി
“ഏത് എഴുത്ത്കാരാടി കള്ളം എഴുതിയത്, ഏഹ്??”ഇടിമുഴക്കം പോലെയാ ശബ്ദം കേട്ട് ഞെട്ടി പിടഞ്ഞെഴുന്നേറ്റു..എന്താ ഞാൻ പറഞ്ഞതെന്ന് അപ്പോഴാ ബോധം വന്നത്…
ആര്യേട്ടനും ഒപ്പം ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നെന്ന കാര്യം പാടേ മറന്നുപോയിരുന്നു, ഏട്ടൻ അത്യാവശ്യം നന്നായി എഴുതുന്നതാ,വാരികയിൽ ഒക്കെ വരാറുള്ളതാ പുള്ളിടെ എഴുത്ത്
“അവളെന്തെങ്കിലും മനസ്സിൽ തോന്നിയത് പറഞ്ഞെന്നു വെച്ച് നീ ഒച്ചവെച്ചു കൊച്ചിനെ പേടിപ്പിക്കുന്നത് എന്തിനാടാ ”
“പിന്നെ അവള് പറഞ്ഞത് കേട്ടില്ലേ അമ്മേ…. ഓരോന്ന് പറഞ്ഞിട്ട് ഒന്നും അറിയാത്തതു പോലെ ഉള്ള അവള്ടെ നിൽപ് കണ്ടില്ലേ ”
ഓരോ നോക്കിലും ദേഷ്യം നിറച്ചു ഉച്ചത്തിൽ സംസാരിക്കുന്ന ആര്യേട്ടന്റെ ഈ ഭാവം എനിക്കന്യമായിരുന്നു..
പേടിയോടെ ഇട്ടിരുന്ന ടോപ് തെരുപ്പിടിച്ചു തല കുനിച്ചു നിക്കുമ്പോ കണ്ണ് രണ്ടും നിറഞ്ഞു നീറുന്നുണ്ടായിരുന്നു
“ദേ ചെറുക്കാ.. നീ വെറുതെ എന്റെൽ നിന്ന് തല്ലു കൊള്ളണ്ടെങ്കിൽ കേറി പൊയ്ക്കെ, വല്യ എഴുത്തുകാരൻ വന്നേക്കുന്നു ”
ആള് ചവിട്ടി തുള്ളി അകത്തേക്ക് പോയതും അപ്പയെ ഇറുകിപുണർന്നു..
അത് വരെ തടഞ്ഞു നിർത്തിയിരുന്ന കരച്ചിൽ അണപ്പൊട്ടിയോഴുകി
“””ഞാ.. ൻ ആ.. ആര്യേട്ടനെ ഉദ്ദേശിച്ചല്ല അപ്പേ.. ഓരോന്ന് ഓർത്ത് അറിയാണ്ടെ പറഞ്ഞു പോയതാ… “””
“””ന്റെ പെണ്ണെ.. അതിന് നീ എന്തിനാ ഇങ്ങനെ കരയണെ… മ്മ്?? അവന് ഇന്നലെ മൊതല് ഒരു എടങ്ങേറ് പിടിച്ച സ്വഭാവമാ.. വേറെന്തോ പ്രശ്നമുണ്ട് ചെക്കന്.. അല്ലാതെ നിന്നോട് ഉള്ള ദേഷ്യം കോണ്ടൊന്നുമല്ല ഈ ചാട്ടം “””
വന്നെ,അകത്തു പോകാം..തണുപ്പ് ആയി തുടങ്ങി…, കരച്ചിലും തണുപ്പും കൂടേ വല്ല അസുഖവും വരുത്തി വെക്കണ്ട
ഇരുട്ട് കനം വെക്കുന്നതിനൊപ്പം തന്നെ മനസ്സും കനം വെക്കുന്നുണ്ടായിരുന്നു..
ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് ആര്യേട്ടനോട് പറയണമെന്ന് അപ്പൊ തന്നെ കരുതിയതാ..
അപ്പ സമ്മതിച്ചില്ല
കണ്ണൊന്നു മയങ്ങി വന്നപ്പോ അടുക്കളയിൽ നിന്ന് പാത്രത്തിന്റെ കിലുക്കം കേട്ടു..
അതങ്ങനെയാ അപ്പയോട് വഴക്കിട്ടു ഒന്നും തിന്നാതെ വാശി പിടിച്ചിരിക്കും.. എന്നിട്ടോ പാത്രിരാത്രിയാകുമ്പൊ പമ്മി പമ്മി പോയി കഴിക്കും..
അടുത്തുറങ്ങി കിടക്കുന്ന അപ്പയെ ഒന്നുടെ നോക്കി പതിയെ നീങ്ങി നിരങ്ങി ഇറങ്ങി ശബ്ദം ഉണ്ടാക്കാതെ ഓടാമ്പൽ എടുത്തു പുറത്തിറങ്ങി.. പതിയെ ആര്യേട്ടന്റെ മുറിയിൽ കയറി…
ഉടുത്തിരുന്ന ലുങ്കിയൊന്നു പൊക്കി നനഞ്ഞ കൈയും മുഖവും തുടച്ചു കൊണ്ട് മുറിക്ക് അകത്തേക്ക് വന്ന ആള് എന്നെ കണ്ട് ഒന്ന് പകച്ചു..
അത്ര നേരവും ഉണ്ടായിരുന്ന ധൈര്യം ഒക്കെയും ചോർന്നു പോകുന്നതറിഞ്ഞു””ഞാൻ സോറി പറയാൻ വന്നതാ.. ഞാൻ ഏട്ടനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.. സോറി””
മുഖത്തു നോക്കാതെ അത്രേം പറഞ്ഞൊപ്പിച്ചു വേഗം ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോഴേക്കും കൈയിൽ പിടിവീണിരുന്നു..
കൈ പുറകിലേക്ക് തിരിച്ചു അലമാരയോട് ചേർത്ത് നിർത്തി ഒരു ശ്വാസത്തിന്റെ അകലത്തിൽ നിക്കുന്ന ആര്യേട്ടന്റെ കണ്ണുകളിൽ അപ്പോഴുള്ള ഭാവം ഏതെന്നു വേർതിരിച്ചറിയാതെ ഞാൻ നോക്കി നിന്നുപോയയി
“”നിന്നെയൊന്നു ഒറ്റക്ക് കാണണമെന്നു കരുതി ഇരുന്നതാ… എന്താടി എഴുത്ത്കാരന്മാർ എഴുതിയ കള്ളങ്ങൾ ഏഹ് “””
നിമിഷനേരം കൊണ്ട് കണ്ണിൽ നിറഞ്ഞു വന്ന ദേഷ്യത്തിന്റെ ചുവപ്പുരാശി കാൺകെ ഒരു നിമിഷം പകച്ചു പോയി…
വീണ്ടും ഉള്ളിലാ നൊമ്പരം നിറഞ്ഞു വന്നു… ഹൃദയത്തിന് വല്ലാത്ത ഭാരം.. കണ്ണ് നിറഞ്ഞൊഴുകി..ഇടത് കൈ കൊണ്ട് മേശമേൽ ഇരുന്ന ഒരു കടലാസ് കഷ്ണം എടുത്തുയർത്തി
“ദേ ഇത് തന്നെ..ഇതാണ് നിങ്ങൾ എഴുത്ത്കാരന്മാർ എഴുതിപിടിപ്പിക്കുന്ന കള്ളങ്ങൾ…
ഇതിലൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്ന കൊതിപ്പിക്കുന്ന പ്രണയം പോലെയല്ല യഥാർത്ഥ പ്രണയം…കണ്ണുനീരിനും, വെറുപ്പിനും, എതിർപ്പിനും ഒക്കെ ഒടുവിൽ നായകനും നായികയും ഒന്നിക്കുന്ന ഫെയറിടെയിൽ അല്ല ജീവിതം..
ജീവിതത്തിൽ പലപ്പോഴും പ്രണയം തോറ്റു പോകും…അല്ലെങ്കിൽ തോല്പ്പിക്കും എല്ലാരും കൂടി.. ന്നെ തോല്പിച്ചത് പോലെ…ന്റെ പ്രണയത്തിനെ തോൽപ്പിച്ചത് പോലെ..”””
പറഞ്ഞു തീരുമ്പോൾ പൊട്ടിക്കരഞ്ഞു പോയിരുന്നു”പാറു.. ദേ നീ ഇങ്ങനെ കരയാതെ..അമ്മ എങ്ങാനും ശബ്ദം കേട്ടുണരും.. പ്ലീസ് നീ ഇങ്ങനെ കരയാതെ
വാതിലിലേക്ക് പാളി നോക്കി പേടിയോടെ പറഞ്ഞു…എന്നിട്ടും പെണ്ണിന്റെ കരച്ചിലിന്റെ ആക്കം കുറയുന്നില്ലെന്ന് കണ്ടതും എന്ത് ചെയ്യണമെന്നറിയാതേ കുഴങ്ങി…
“”ന്റെ പൊന്ന് പാറു നീ ഈ കരച്ചിൽ ഒന്ന് നിർത്ത്.. ദേ ഈ വെള്ളം കുടിക്ക്…”””
ജഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം ഗ്ലാസ്സിലെക്ക് പകർന്നു അവൾക്കു നീട്ടി..
സൗമ്യമായി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും ഒന്ന് കലിപ്പിച്ചു പറഞ്ഞതും പെണ്ണ് പേടിച്ചു വേഗം വെള്ളം വാങ്ങി വായിലേക്ക് കമിഴ്ത്തി
“”മ്മ് ഇനി കണ്ണ് തുടച്ചേ “” ഗൗരവം ഒട്ടും കുറക്കാതെ പറഞ്ഞതും കൊച്ച് കുട്ടികളെ പോലെ അനുസരണയോടെ ചെയ്തിട്ട് ഇനി എന്താ പറയുന്നത് അത് ചെയ്യാമെന്നുള്ള രീതിയിൽ നിഷ്കളങ്കമായി നോക്കി നിന്നു
“ഇനി പറ എന്താ പാറു നിന്റെ പ്രശ്നം.. മ്മ്..?? വന്നപ്പോ മുതൽ ഞാൻ കാണുന്നു എപ്പോഴും എന്തോ ആലോചനയും, ചടഞ്ഞു കൂടിയുള്ള ഈ ഇരുപ്പും ഒക്കെ.. എന്താണെങ്കിലും എന്നോട് പറ ഞാൻ നിന്നെ സഹായിക്കാം ”
ഞാൻ നിന്നെ സഹായിക്കാം.. ഏട്ടന്റെ ആ വാക്കുകളിൽ ഉള്ളിൽ പ്രതീക്ഷയുടെ ഒരു പുതു നാമ്പ് പൊട്ടി വിടരുന്നതറിഞ്ഞു… മനസ്സിന്റെ ഭാരം കുറഞ്ഞു വരുന്നതറിഞ്ഞു…
കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു…
മനസ്സിൽ വീണ്ടും ആ നാളുകൾ തെളിഞ്ഞു വന്നു.. പ്രണയത്തുലാമഴ എന്റെയുള്ളിൽ നിറഞ്ഞു പെയ്ത നാളുകൾ..
ഡിഗ്രിക്ക് സെന്റ് തെരേസ്സാസ് കോളേജിൽ അഡ്മിഷൻ എടുക്കാൻ പോകുന്ന കാര്യം അച്ഛൻ വല്യച്ചനോട് പറയുമ്പോൾ കേട്ട പേര്… “”ശരൺ””
“”ആഹാ സെന്റ് തെരേസ്സസിൽ ആണോ അഡ്മിഷൻ എടുത്തത്.. നമ്മുടെ ശരൺ പഠിക്കുന്ന കോളേജ്… നിന്റെ അരുമ ശിഷ്യൻ ശരൺ അവിടെയാടാ ദേവാ “””
“കേട്ടോ മോളെ പഠിക്കാൻ മിടുക്കനായിരുന്നു ശരൺ..നിന്റെ അച്ഛന്റെ അരുമ ശിഷ്യൻ.. ഇപ്പോഴും പഠിക്കാൻ മോശമൊന്നും അല്ല..എന്തൊക്കെയോ റാങ്കും ഉണ്ടെന്ന് പറയുന്നത് കേൾക്കാം…
അവിടുത്തെ കുട്ടി നേതാവായിട്ട് വിലസുവാണെന്നാ കേട്ടത്.. യൂണിയൻ ചെയർമാനോ ഏതാണ്ടൊക്കെയാണ്.. എന്ത് സഹായത്തിനു വിളിച്ചാലും വരും.. സ്നേഹമുള്ള ചെക്കനാ”
“ശരൺ” ഒന്ന് രണ്ട് വെട്ടം ആ പേര് മനസ്സിൽ ഉരുവിട്ടു.. കുറച്ച് നേരം കൂടി ശരണിന്റെ വീര സാഹസികകഥകൾ പറഞ്ഞു കൊണ്ടിരിക്കുന്ന അച്ഛന്റേം വല്യച്ഛന്റേം അടുത്ത് തന്നെ ചുറ്റി പറ്റി നിന്നു..
പിന്നീടുള്ള ദിവസങ്ങളിലും ഇടക്കിടക്ക് വീട്ടിൽ ആ പേര് മുഴങ്ങുമ്പോഴൊക്കെ കൊതിയോടെ കാതോർത്തു..
ദിവസത്തിൽ ഒരു നേരമെങ്കിലും എവിടുന്നെങ്കിലുമൊക്കെ ആ പേര് കേൾക്കുമ്പോൾ ചിലപ്പോ അത്ഭുതം തോന്നാറുണ്ടായിരുന്നു…
ഇന്നേ വരെ ഞാൻ ആ പേര് ശ്രദ്ധിക്കാഞ്ഞതാണോ അതോ ഇപ്പൊ ആ പേര് കേൾക്കാൻ വേണ്ടി മാത്രം കാതോർക്കുന്നത് കൊണ്ടാണോ എപ്പോഴും അതിങ്ങനെ കാതിൽ പതിയുന്നതെന്ന് ഓർക്കും…
കോളേജിലെ ആദ്യ ദിവസമെന്ന ഉത്കണ്ഠയെയും കൗതുകത്തിനേക്കാളും വല്യച്ഛന്റെ വാക്കുകളിലൂടെ അറിഞ്ഞ ശരണിനെ കാണാനും അറിയാനുമായിരുന്നു എനിക്ക് തിടുക്കം…
അച്ഛൻ എന്നെ ശരണേട്ടന് പരിചയപ്പെടുത്തിയപ്പോൾ ആള് എനിക്ക് ഒരു പുഞ്ചിരി നൽകി…. സൗമ്യമായ സംസാരം, ആരെയും ആകർഷിക്കുന്ന അടക്കമുള്ള പെരുമാറ്റം.. പക്ഷെ അതിനേക്കാൾ ഒക്കെ ഉപരി എന്റെ കണ്ണുകൾ ഉടക്കി നിന്നത് ആരെയും മയക്കുന്ന പുഞ്ചിരിയിലായിന്നു…
എന്നെ ക്ലാസ്സിലേക്ക് കൊണ്ടാക്കാൻ അച്ഛനോടൊപ്പം ആളും വന്നു…
പോകുന്ന വഴിയെല്ലാം ഓരോ കുട്ടികളും പുള്ളിയെ ആരാധനയോടെയും ബഹുമാനത്തോടെയും നോക്കുന്നത് കണ്ടു, ചിലർ ശരണേട്ടാ എന്നു വിളിച്ചപ്പോൾ കൈ പൊക്കി കാണിച്ചു,,
എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു പുള്ളിയെങ്ങനെ മുന്നോട്ട് നടന്നു നടന്നു കയറിയത് എന്റെ ഹൃദയത്തിലെക്ക് കൂടി ആയിരുന്നു
ക്ലാസ്സിന്റെ വാതിലിൽ എത്തിയപ്പോൾ ആകെ ഒരു പരവേശം അത് വരെ എന്റെ മനസ്സ് നിറയെ ആ ഒരു മുഖം മാത്രമായിരുന്നത് കൊണ്ട് ഒരു സ്വപ്നലോകത്തെന്നത് പോലെയായിരുന്നു നടത്തം…
പരിഭ്രമത്തോടെ അച്ഛനെയും ആളെയും നോക്കി.. ആള് കണ്ണു ചിമ്മി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ധൈര്യമായി കേറിക്കൊള്ളാൻ പറഞ്ഞു..പകുതി ആശ്വാസത്തോടെ അകത്തേക്ക് കയറി..
പിന്നെ കോളേജ് ജീവിതം അടിച്ചു പൊളിക്കുന്ന തിരക്കിലായിരുന്നു…ആള് ഫൈനൽ ഇയർ എക്സാമിന്റെ തിരക്കിലും…പരീക്ഷ കൂടി കഴിഞ്ഞാൽ പുള്ളി അവിടെ കാണൂല്ല എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുമെങ്കിലും ഉള്ളിലുള്ള ഇഷ്ടം തുറന്നു പറയാനും എന്തോ പേടിയായിരുന്നു..
പിന്നെ നാട്ടിൽ തന്നെ ഉള്ളതാണല്ലോ എന്നുള്ള ആശ്വാസവുമുണ്ടെ …കൺവെട്ടത്തു തന്നെ ഉണ്ടാകുമല്ലോ.. ഇടക്കൊക്കെ ദൂരെ നിന്നാണെങ്കിലും ഒന്ന് കാണാമല്ലോ..
അങ്ങനെയൊക്കെയായിരുന്നു പ്രതീക്ഷയെങ്കിലും എക്സാം കഴിഞ്ഞു പോയതിൽ പിന്നെ പുള്ളിയെ കണ്ടതെ ഇല്ല… അപ്പോഴാണ് ശെരിക്കും എനിക്ക് ആളോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം മനസ്സിലായത്…
ഓരോ തവണ കോളേജിലും , അമ്പലത്തിലും വായനശാലയിലും ഒക്കെ പോകുമ്പൊ ഒന്നു കാണാൻ പറ്റണെ എന്ന പ്രാർത്ഥനയോടെയായിരുന്നു ഇറങ്ങുന്നത്… വഴിയിലുടനീളം ആ മുഖമൊന്നു കാണാൻ കൊതിയോടെ പരതുമായിരുന്നു…
ഇതിനിടയിൽ യൂണിവേഴ്സിറ്റി പരീക്ഷയുടെ റിസൾട്ട് വന്നു.. ആൾക്ക് റാങ്ക് കിട്ടി.. ജംഗ്ഷനിൽ പുള്ളിടെ ഫോട്ടോ ഫ്ലക്സ് ഒക്കെയടിച്ചു..പിന്നെ കുറച്ച് നാൾ ആ ഫോട്ടോ കാണുന്നതായിരുന്നു ആശ്വാസം.. ഒരിക്കൽ ആരും കാണാതെ ആ ഫോട്ടോ ഫോണിൽ എടുത്തു വെച്ചു
പിജി ചെയ്യാൻ വീണ്ടും ശരണേട്ടൻ ഈ കോളേജിൽ തന്നെയാണെന്ന് ആരോ പറയുന്നത് കേട്ടപ്പോൾ അറിയാതെ ഉള്ളിലെ സന്തോഷം ഒക്കെ ഒന്നാകെ പുറത്തു വന്നു പോയി.. അതോടെ എന്റെ പ്രണയം കൂട്ടുകാർക്കിടയിൽ പാട്ടായി
പിന്നെയും കുറച്ച് നാൾ ഒളിഞ്ഞും തെളിഞ്ഞും ഞാൻ പുള്ളിടെ പിന്നാലെ നടന്നു.. ആൾടെ ഇഷ്ടങ്ങളെ ഒക്കെ ഞാൻ എന്റെ ഇഷ്ടങ്ങളാക്കി.. ആൾടെ കൂട്ടുകാരെ ഒക്കെ എന്റെ കൂട്ടുകാരാക്കി..
എത്രയൊക്കെ രഹസ്യമാക്കി വെക്കാൻ ശ്രമിച്ചിട്ടും എല്ലാവരും എന്റെ പ്രണയത്തെ പറ്റി അറിഞ്ഞു.. കൂട്ടത്തിൽ ആളും..
പിന്നെ അങ്ങോട്ട് ഒരു ഒളിച്ചു കളി ആയിരുന്നു.. എന്റെ മുൻപിൽ വരാതെ.. എന്നെ മാത്രം കണ്ടില്ലെന്ന് നടിച്ച് ആളും…ആൾടെ ഒരു നോട്ടത്തിനായി ഞാനും…ശെരിക്കും ഒരു ടോം ആൻഡ് ജെറിക്കളി..
ഒത്തിരി നാളൊന്നും ആ അവഗണന താങ്ങാൻ എനിക്ക് കഴിയുമായിരുന്നില്ല..
ഞാൻ തന്നെ ചെന്ന് പറഞ്ഞു ഇഷ്ടാണെന്ന്..
പ്രതീക്ഷിച്ചത് പോലെ തന്നെ ഇത് ശരിയാകില്ല മറക്കണം എന്ന് തന്നെ ആയിരുന്നു മറുപടി.. എന്തുകൊണ്ടെന്ന ചോദ്യത്തിനും ഞാൻ ഊഹിച്ച കാരണങ്ങൾ നിരത്തി.. ജാതിയും കുടുംബമഹിമയും കുറഞ്ഞു പോയവന്റെ സ്വപ്നങ്ങൾക്ക് പരിധിയുണ്ട് പോലും..
പ്രതീക്ഷിച്ചതാണെങ്കിലും ഹൃദയം വല്ലാതെ നോവുന്നുണ്ടായിരുന്നു… പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവഗണിച്ചു കൊണ്ടിരുന്നു…അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ അകന്നകന്നു മാറി..
ഞാൻ ഏറെയിഷ്ടപ്പെടുന്നയാ പുഞ്ചിരി എനിക്ക് മാത്രം നിഷേധിച്ച് എന്നെ നോവിച്ചു കൊണ്ടിരുന്നു…
നോവിച്ചു നോവിച്ചു നോവിന്റെ ഒടുക്കം ഞാൻ മറക്കുമെന്നും വെറുക്കുമെന്നും കരുതിക്കാണും.. പക്ഷെ ന്റെ ഇഷ്ടം കൂടി വന്നതേയുള്ളൂ.. തന്നെ നോവിക്കുന്നവനെയും പെണ്ണിന് സ്നേഹിക്കാൻ കഴിയുമെന്നല്ലെ…
പിന്നെ ഒരു പനി വേണ്ടി വന്നു പുറമെ കാണിച്ചിരുന്ന ഇഷ്ടക്കേടും അവഗണയും എല്ലാം വെറും വെറുതെ ആണെന്ന്…ആ ഓർമ്മയിൽ അവൾ ഒന്ന് ചിരിച്ചുആളെ എനിക്ക് തന്നെ കിട്ടണേ എന്ന് നേരാൻ കാട്ടിൽ അമ്പലത്തിൽ പോയതാ..
മണി കെട്ടി മനസ്സോടെ പ്രാർത്ഥിച്ചാൽ ദേവി കേൾക്കുമെന്ന് മിത്ര പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല… തിരിച്ചു വരുമ്പോൾ പെരും മഴ.. എന്തോ അപ്പൊ അത് നനയാൻ തോന്നി… ഇപ്പൊ തൊന്നും ദേവി തോന്നിപ്പിച്ചതാണെന്ന്…
ഒരാഴ്ച പനിച്ചു കിടന്നു,.. ക്ലാസിലും, ഞാൻ എന്നും ഇരിക്കാറുള്ള അമ്മൂമ്മ മരച്ചുവട്ടിലുമൊക്കെ ആൾ ഇടക്കിടക്ക് എന്നെ കണ്ണുകൾ കൊണ്ട് തേടിക്കൊണ്ടിരുന്നു….
അവസാനം ഗതി കെട്ടാണെന്ന് തോന്നുന്നു കൂട്ടുകാരോട് ചോദിച്ചത്രേ.. പാറു വന്നില്ലേന്ന്…
കൂട്ടുകാരത് പറയുമ്പോൾ പനി കയ്പ്പിച്ച ചുണ്ടുകളിൽ മധുരം നിറയുന്നതു പോലെ ,പനി തളർത്തിയ കണ്ണുകൾ ഒന്നു വിടരുന്നതു പോലെ തോന്നി.. ഉടലാകെ സുഖമുള്ളൊരു കുളിര് വന്നു പൊതിയുന്നതറിഞ്ഞു..
പനിയാണെന്ന് ആളോട് പറയേണ്ടെന്ന് അവരോട് പറഞ്ഞു… ഒരു കുഞ്ഞു വാശി….എന്നെ അവഗണിച്ചതല്ലേ… കുറച്ച് നാൾ എന്നെ തേടി നടക്കട്ടെ എന്ന തോന്നൽ…
കുറുമ്പോടെ പറയുന്നത് കണ്ടപ്പോ അറിയാതെ ചിരിച്ചു പോയി.. കണ്ണ് കൂർപ്പിച്ചു പെണ്ണൊന്നു നോക്കി.. കണ്ണൊന്നു ചിമ്മി കാണിച്ചപ്പോൾ ബാക്കി പറഞ്ഞു തുടങ്ങി
ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോ ആൾക് വല്ലാത്ത ഒരു പരവേശം ആയിരുന്നു.. മിണ്ടാനും വയ്യ മിണ്ടാതിരിക്കാനും വയ്യ… ഞാൻ പിന്നെ പുള്ളിടെ യുദ്ധമുറ സ്വീകരിച്ചു… കണ്ടിട്ടും കാണാത്തതു പോലെ നടന്നു…
പിന്നാലെ നടന്നു കലപില കൂട്ടി ശല്യം ചെയ്യ്തു കൊണ്ടിരുന്ന ഞാൻ അവഗണിച്ചപ്പോ പുള്ളിക്ക് പറ്റിയില്ല… ഒരു ദിവസം പിടിച്ചു വലിച്ചു അമ്മുമ്മ മരത്തിനു താഴെ നിർത്തി..
“”എന്താ… പറ്റിയെ.. മുഖമൊക്കെ ആകെ വല്ലാണ്ടിരിക്കുന്നല്ലോ… പനിയായിരുന്നോ… അതോണ്ടാണോ കോളേജിൽ വരാതിരുന്നേ…””
ആദ്യ ചോദ്യം അതായിരുന്നു… വെപ്രാളത്തോടെ ഉള്ള ആ ചോദ്യം ഉള്ളിലെ പരിഭവം മുഴുവൻ മായ്ച്ചു കളഞ്ഞിരുന്നു…എന്നിട്ടും ഒന്നും മിണ്ടിയില്ല.. എങ്ങോ നോക്കി നിന്നു…
“”ഇങ്ങനെ മിണ്ടാതിരിക്കല്ലേ പെണ്ണെ… നീ ഇല്ലാണ്ടിരിക്കുമ്പോൾ ആകെ തളരുന്നത് പോലെ തോന്നുന്നു… നിനക്കറിയില്ല… ഞാൻ ഈ ഒരാഴ്ച അനുഭവിച്ചതൊന്നും….””
“പറ്റുന്നില്ലെടി… ഒന്ന് മുഖത്തേക്ക് നോക്കെടി… “” ശരണേട്ടന് നേരെ ബലമായി മുഖം പിടിച്ച് തിരിച്ചപ്പോഴാണ് ആ കണ്ണുകൾ നിറഞ്ഞത് കണ്ടത്… ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു … എത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെന്ന്…
“”ഇഷ്ടാ… പെണ്ണേ. എപ്പോഴാണെന്നൊന്നും ചോദിക്കല്ലേ… എപ്പോഴൊ ഇഷ്ടപ്പെട്ടു പോയി.. നീ ഇങ്ങനെ മിണ്ടാതെ നടക്കരുത്… ഒട്ടും സഹിക്കാൻ പറ്റണില്ലെനിക്ക്… “” ആ വാക്കുകളങ്ങനെ ഹൃദയത്തിലേക്ക് ആഴ്നിറങ്ങി
അത് പറയുമ്പോൾ പെണ്ണിന്റെ മുഖത്തു ലോകം വെട്ടിപ്പിടിച്ച സന്തോഷം.. ആര്യൻ ഓർത്തു
പിന്നെങ്ങോട്ട് പ്രണയകാലം…
കുന്നിക്കുരുവോളം ഇണക്കങ്ങളും പിണക്കങ്ങളും.. കുന്നോളം സ്നേഹവും കരുതലുമായി അതങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..
അധികം വൈകാതെ അച്ഛന്റെ ചെവിയിലെത്തി.. കുലമഹിമയും കുടുംബപ്പേരും ഒക്കെ എല്ലാവർക്കും മാതൃകയായ ദേവൻ മാഷിനും ഒരു പ്രശ്നമായിരുന്നു എന്ന് മനസ്സിലാക്കിയ നാളുകൾ…
വിളിക്കാനും മിണ്ടാനും അനുവാദം ഇല്ലാതെ വീട്ടിൽ തന്നെ പൂട്ടിയിട്ടു…
പരീക്ഷയ്ക്ക് പോകുമ്പോൾ പോലും കൂട്ട് വന്നു…
കാണാതേം മിണ്ടാതേം ഇരുന്നാൽ കുറഞ്ഞു പോകുന്നതാ എന്റെ പ്രണയം എന്നായിരുന്നു അച്ഛന്റെ വിചാരം…
ആളെ കാണുന്നതിനും മുന്നേ തുടങ്ങിയതല്ലേ ഈയിഷ്ടം പിന്നെങ്ങനെയാ കാണാതായാൽ അത് ഇല്ലാണ്ടാകുന്നത്…
പക്ഷെ തോറ്റു തരാൻ മനസ്സിലായിരുന്നു അച്ഛനും.. എന്നെ ഇങ്ങോട്ടേക്കു കടത്തി… ഇനി ഇവിടെ നിർത്തി
പഠിപ്പിക്കാൻ തീരുമാനിച്ചു…
ശരണേട്ടനെ ഒന്നറിയിക്കാൻ പോലും ഒരു വഴിയും ഇല്ല.. ആളിപ്പൊ ന്നെ കാണാതെ ന്റെ ഒരു വിവരവും അറിയാതെ ഉരുക്കുന്നുണ്ടാകും…
ഒക്കെ സഹിച്ചു… പക്ഷെ ഇന്ന് അപ്പയും അച്ഛനും കൂടേ നമ്മുടെ കല്യാണം എത്രയും വേഗം നടത്താൻ പോവാ എന്ന് പറഞ്ഞത് കേട്ടപ്പോൾ.. പിന്നെ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു പെണ്ണ്…
“നീ എന്താ പാറൂ പറയുന്നത്.. നമ്മുടെ കല്യാണമോ…””മ്മ്… വാശിയാ അച്ഛന്… എതിർത്താൽ മരിച്ചു കളയും ന്നു…. ഞാ.. ഞാൻ കാരണം അച്ഛന് എന്തേലും പറ്റിയാൽ നിക്ക് സഹിക്കില്ല… ന്റെ വിധിയാ… ഞാ… ഞാൻ ഇങ്ങനെ ഉരുകി തീർന്നോളാം…”
ഇരു കൈകളിലും മുഖം താങ്ങി ഓരോന്ന് പതം പറഞ്ഞു കരയുന്നവളെ കാൺകെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കും പോലെ… എന്ത് പറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്നറിയാതെ കുഴങ്ങി..
“മതി പാറൂ കരഞ്ഞത്.. കണ്ണ് തുടച്ചു പോയി കിടന്നുറങ്ങു… സമാധാമായിട്ടിരിക്ക് ” എന്തോ അഅപ്പൊ അങ്ങനെ പറയാനാണ് തോന്നിയത്…
മുഖമൊന്നുയർത്തി അവിശ്വസനീയതയോടെ എന്നെയൊന്നു നോക്കി…
സഹായിക്കാം എന്ന് പറഞ്ഞത് മറന്നുവോ എന്ന ചോദ്യം കണ്ണുകളിൽ നിറഞ്ഞു നിക്കുന്നത് പോലെ..
അവൾടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
മുഖമൊന്നു അമർത്തി തുടച്ച് ഒന്നും മിണ്ടാതെ നിർവികരമായി പുറത്തേക്ക് പോകുന്ന അവളെ നോക്കി നിന്നു
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല… ഹൃദയമിരിക്കുന്നിടം ശൂന്യമായത് പോലെ… കണ്ണടക്കുമ്പോ തന്റെ പ്രണയത്തെ പറ്റി വാചാലയാകുന്നയാ പെണ്ണിന്റെ മുഖം മിഴിവോടെ തെളിഞ്ഞു വരുന്നു
കുട്ടിക്കാലം മുതൽ ഞാൻ നെയ്തു കൂടിയ സ്വപ്നങ്ങളൊക്കെയും തകർന്ന് വീഴുന്നതറിഞ്ഞു.. ഓരോ വെക്കേഷനും അപ്പച്ചിയുടെ കൂടേ നിക്കാൻ വരുന്ന പാവാടകാരിയെ കാത്തിരിക്കുന്ന പൊടിമീശക്കാരനെ ഓർത്തു..
നിലാവുള്ള രാത്രിയിൽ തന്നോട് ചേർന്നു നിക്കുന്ന ദാവണിക്കാരിയുടെ കണ്ണുകളിലെക്ക് നോക്കി പ്രണയം പറയുന്നതും,
നാണം ചുവപ്പ് രാശി പടർത്തുന്നയാ കവിളിൽ അന്നേരം ഒരു മുത്തം കൊടുക്കുന്ന ഇരുപതുകാരനെയും സ്വപ്നം കണ്ടിരുന്ന കൗമാരം ഓർത്തു..
ഓരോ പ്രായത്തിലും ഓരോ സ്വപ്നങ്ങൾ..
എല്ലാ സ്വപ്നത്തിലും അവളിങ്ങനെ എന്റെ അടുത്ത്..എന്നോട് ചേർന്ന് നിക്കുമായിരുന്നു എന്റെ മാത്രം സ്വന്തമായ്.. നേർത്ത ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു
അടുത്ത നിമിഷം,,കുറച്ച് മുൻപ് കണ്ണുകളിറുക്കിയടച്ചു പ്രണയത്തിന്റെ ഓരോ മധുരനൊമ്പരങ്ങളും പറഞ്ഞു തുടങ്ങിയ ആ പെണ്ണിനെ ഓർമ വന്നു… ചിലപ്പോഴൊക്കെ കവിളുകൾ ചുവന്നു നാണത്തോടെ..
മറ്റു ചിലപ്പോൾ കണ്ണുകളിൽ പ്രണയം നിറച്ചു, പിന്നെ കണ്ണ്നീർ പൊടിച്ചു.. ഒടുവിൽ ഒരു പൊട്ടിക്കരച്ചിലോടെ പറഞ്ഞു നിർത്തി സഹായിക്കണേയെന്ന യാചനയോടെ.. പ്രതീക്ഷയോടെ നോക്കിയ എന്റെ പെണ്ണ്..
തലയിൽ ചെറുതായൊന്നു കൊട്ടി.. ഇപ്പൊ അവൾ എന്റെ പെണ്ണല്ലല്ലോ..കുഞ്ഞുനാളിൽ എപ്പോഴാ ഈ കുറുമ്പി പെണ്ണിന്റെ ചിത്രത്തിനൊപ്പം മനസ്സിൽ കുറിച്ച് വെച്ചതാ എന്റെ പെണ്ണ് എന്ന്.. ഇനി അതിനുള്ള അവകാശമില്ലന്നു ഓർക്കുന്തോറും വല്ലാത്തൊരു നൊമ്പരം ഹൃദയത്തിൽ നിറയുന്നത് പോലെ..
നഷ്ടപ്പെടുത്തരുതെന്ന് ഹൃദയവും സ്വാർത്ഥനാകരുതെന്ന് തലച്ചോറും യുദ്ധം ചെയ്ത് കൊണ്ടിരുന്നു.. ഹൃദയം ജയിച്ചാൽ എന്റെ പെണ്ണ് തോറ്റു പോകും.. തലച്ചോറ് ജയിച്ചാൽ ഞാനും.. ഞാൻ തോൽക്കുന്നതാണ് നല്ലതെന്ന് തോന്നി..
രെജിസ്റ്ററിൽ സാക്ഷിയായി ഒപ്പിടുമ്പോൾ ഹൃദയം വല്ലാണ്ട് വിങ്ങുന്നുണ്ടായിരുന്നു.. കൈ വിറക്കരുതേയെയെന്നും കണ്ണുനീർ പൊടിയരുതേയെന്നുമായിരുന്നു പ്രാർത്ഥന..
അധികം ചമയങ്ങളും സ്വർണ്ണാഭരണങ്ങളും ഒന്നുമില്ലാതെ ചുവന്നപട്ട് സാരിയിൽ മഞ്ഞത്താലിയും നെറുകയിൽ സിന്ദൂരവും ചാർത്തി നിക്കുന്ന അവളെ കൺനിറയെ കണ്ടു..
ആ കണ്ണുകളിൽ അപ്പൊ എന്നോടുള്ള നന്ദി നിറഞ്ഞു നിന്നു ..ഒപ്പം അമ്മാവന്റെ അനുഗ്രഹമില്ലാത്തതിന്റെ സങ്കടവും
ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചിട്ടും നാലാളു കാൺകെ വിവാഹം നടത്തി കൊടുക്കാൻ അമ്മാവൻ ഒരുക്കമല്ലായിരുന്നു.. എന്റെ താല്പര്യം അനുസരിച്ചു എന്താന്ന് വച്ചാൽ നടത്തിക്കോളാൻ പറഞ്ഞു കൈ ഒഴിഞ്ഞു
അധിക നേരം അവിടെ നിക്കാൻ പറ്റുമായിരുന്നില്ല.. വീട്ടിൽ ചെന്ന് എല്ലാം പറഞ്ഞു ശെരിയാക്കാൻ ഉണ്ടെന്ന് പറഞ്ഞു വേഗം ഇറങ്ങി
പിന്നാലെ അനുഗമിച്ച ശരണിന്റെ കൈയിൽ മുറുകെ പിടിച്ചു… “”പൊന്ന് പോലെ നോക്കിക്കോണം.. ഞങ്ങൾടെ ഒക്കെ കുട്ടികുറുമ്പിയെയാ ഈ കൈയിൽ ഏൽപ്പിക്കുന്നത് “”
“ഇഷ്ടായിരുന്നു ല്ലെ…. “ഒന്ന് ചിരിച്ചു… കണ്ണിൽ നോക്കി കളവ് പറയാൻ പണ്ടേ ശീലിക്കേണ്ടിയിരുന്നു..”നഷ്ടപ്പെടുത്തണ്ട എന്ന് തോന്നിയില്ലേ… ഒരു നിമിഷത്തേക്കെങ്കിലും ”
“ഇല്ലെന്ന് പറഞ്ഞാൽ അത് കളവാകും.. പക്ഷെ പരസ്പരം സ്നേഹിക്കുന്നവർ അല്ലേ ഒന്നിക്കേണ്ടത്… പിന്നെ തന്റെ കാര്യം എന്നോട് പറയുന്നതിന് മുന്നേ അവൾ പറഞ്ഞ ഒരു കാര്യമുണ്ട്…
കണ്ണുനീരിനും, വെറുപ്പിനും, എതിർ്പിനും ഒക്കെ ഒടുവിൽ നായകനും നായികയും ഒന്നിക്കുന്ന ഫെയറിടെയിൽ അല്ല ജീവിതം.. ജീവിതത്തിൽ പലപ്പോഴും പ്രണയം തോറ്റു പോകുമെന്നു… ഈ കഥയിലെ നായകൻ താനാടോ…
ഇനി ഒരു ജന്മമുണ്ടെങ്കിൽ താൻ എനിക്ക് അവളെയിങ് തന്നേക്കണം.. ഒരു ജന്മം മാത്രം.. ”
പിന്നെയൊന്നും പറയാൻ നിന്നില്ല..തിരിഞ്ഞു നടക്കുമ്പോൾ മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു..മിഴികളും
എഫ്എമ്മിൽ നിന്ന് പാട്ടിന്റെ വാരികൾ ഒഴുകിയിറങ്ങി “വരും ജന്മം എൻ പാതി മെയ്യായി മാറിടണ നീ…അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം.. ഉയിരേ…”
വരും ജന്മം…. ഹൃദയം വെറുതെ ആ വാക്കുകൾ വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു.. വരും ജന്മം.. ഞാൻ ഇപ്പോഴേ കടം കൊള്ളുന്നു പെണ്ണെ.. കൊതിയോടെ കൂട്ടി വെച്ച പ്രണയമെല്ലാം നിനക്കായ് പകർന്നു നൽകാൻ…