നേരറിവുകൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
അയാൾ മുരടനായിരുന്നു.
അവളേ വിവാഹം കഴിച്ച ആദ്യനാളുകളിൽ പോലും, അയാൾ പുറംഭാവങ്ങളിൽ പ്രണയപരവശനായിട്ടില്ല.
ഒരു സിനിമക്ക് പോകുന്നെങ്കിൽ, മാതാപിതാക്കളേ കൂടെ കൂട്ടും.
അവരില്ലാത്ത പുറംയാത്രകളില്ല.
പരിണയത്തിന്റെ ആദ്യനാളുകളിൽ കണ്ട ഏതോ ചിത്രത്തിലെ ദ്വയാർത്ഥപ്രയോഗം,
തിയേറ്ററിൽ ആൺപെൺ വ്യത്യാസമില്ലാതെ ആസ്വദിച്ചപ്പോൾ അയാൾ മാത്രം നിർവ്വികാരനായിരുന്നു.
എന്തോ കുന്നായ്മ ചെവിയിൽ മന്ത്രിക്കണമെന്ന അവളുടെ മോഹവും,
ആ നിസംഗതയിൽ ഇല്ലാതായി.
അടുക്കളയിൽ, പുറകിലൂടെ വന്ന് അരക്കെട്ടിൽ കൈചുറ്റി പിൻകഴുത്തിൽ ഉമ്മവച്ച് കാതിന്റെ തട്ടിൽ മൃദുവായി കടിക്കുന്ന പ്രിയതമൻ.
അവൾ കണ്ട ചലച്ചിത്രങ്ങളിലും, രാക്കനവുകളിലുമുള്ള ‘അവൻ’ അങ്ങനേയായിരുന്നു.
രാത്രിയിൽ,
അടുക്കള വൃത്തിയാക്കാനും തലേദിവസം തന്നേ പച്ചക്കറിയരിഞ്ഞു വയ്ക്കാനും മെനക്കെടുമ്പോൾ,
ചില സന്ദർഭങ്ങളിൽ കിടപ്പുമുറിയുടെ നിശ്ബ്ദതയിൽ നിന്ന് ഒരു ചോദ്യമുയരും.”കിടക്കാറായില്ലേ?”
അതൊരു സൂചനയാണ്;
വേഗം പണികൾ തീർത്ത്, വാസനസോപ്പ് പതപ്പിച്ച് കുളിച്ച് വെടിപ്പുള്ള നിശാവസ്ത്രം ധരിച്ച്, അവൾ അയാൾക്കരികിലെത്തും.
ഇരുട്ടിൽ കാഴ്ചകൾക്കും, താരള്യങ്ങൾക്കും ഇക്കിളിവാക്കുകൾക്കും പ്രസക്തിയില്ലാതെ ആരംഭിക്കുന്ന മൈഥുനം.
ഒടുവിൽ;
മേനി വെട്ടിവിറച്ച്, നട്ടെല്ലിലൂടെ പടർന്ന വിറയലുകൾക്കൊടുവിൽ വേർപ്പെട്ട് പതിവുറക്കം.
ആ ഉറക്കം, അയാൾക്കു മാത്രമായിരുന്നു.
രാവിലെ മുതൽ സന്ധ്യവരേ കഠിനാദ്ധ്വാനം ചെയ്ത്,
രാവിൽ, സുരതത്തിന്റെ വേർപ്പും പേറിയുള്ള മയക്കം.
അത്തരം നിദ്രാവിഹീനങ്ങളായ രാത്രികളിലായിരുന്നു,
അവൾ മൊബൈൽഫോണിൽ മുഖപുസ്തകം തുറക്കാറ്.
വിവാഹത്തിനു മുമ്പേയുള്ള ഫേസ്ബുക്ക് അക്കൗണ്ട്.
വിവാഹത്തിനു ശേഷം, ആകെ മാറ്റിയത് കവർ ഫോട്ടോയാണ്.
തങ്ങളുടെ വിവാഹചിത്രം.
ആയിരത്തോളം ചങ്ങാതിമാർ;
മിക്കവാറും പേർ റിക്വസ്റ്റ് ഇങ്ങോട്ട് അയച്ചതാണ്.
പിന്നേ,
പ്രിയബന്ധുക്കൾ;
സഹപാഠികൾ,
നിര തുടരുന്നു.
അവയിൽ, ഒരാളുടെ പ്രൊഫൈൽ വെറുതെ ഇടയ്ക്കിടെ തുറന്നു നോക്കും.
ആൺ പ്രൊഫൈൽ;
ഭാര്യയോടൊപ്പം, വിവിധ യാത്രകളുടെ ഫോട്ടോകൾ.
ഭാര്യയെ അരക്കെട്ടിലും മാറിടത്തിലും കൈകൾ ചുറ്റി, പിൻകഴുത്തിൽ ചുംബിക്കുന്ന ചിത്രങ്ങൾ.
ഒരു താഴ് വര,
അതിൽ പ്രിയപ്പെട്ടവളുമൊന്നിച്ച്;
അരികിൽ, പ്രണയവും വീഞ്ഞും.
വീഞ്ഞിനേക്കാൾ, അവൻ നുകർന്ന പ്രണയിനിയുടെ ഉമിനീർ.
തന്റെ വന്യസ്വപ്നങ്ങളാണവയെല്ലാം.
നോക്കിയിരിക്കാൻ, എന്തു രസമാണ്.
ഇത്രയും പ്രണയിതാക്കളായ മിഥുനങ്ങളോ?
ലൈക്കും കമന്റും കൊടുത്തു;
നിറപാതിരയിൽ, കലവറയില്ലാതെ.
വർഷങ്ങൾ, പിന്നേയും കടന്നു പോയിരിക്കുന്നു.
ഋതുക്കളെത്ര മാറി വന്നു.
കാലം, രണ്ടു മക്കളേ നൽകി.
ഓരോ കുഞ്ഞിനേയും നെഞ്ചോടു ചേർക്കുമ്പോൾ,
ഭർത്താവിന്റെ മിഴികളിൽ ജലമുറയുന്നതു കണ്ടു.
മുൻപ്, സ്വന്തം മാതാപിതാക്കൾ ഇല്ലാതായപ്പോഴാണ് അദ്ദേഹം കരയുന്നത് കണ്ടത്.
പിന്നീട്, ഇപ്പോഴും.
കുട്ടികൾ ഉറക്കമായി.
നിറയെ തഴപ്പായ വിരിച്ചിട്ട മുറിയിലെ രണ്ടറ്റങ്ങളിലെ കിടപ്പ്.
” ഉറങ്ങ്യോ നീ?”
പതിവു ചോദ്യം.
“ഇല്ല”
ഉത്തരം.
എന്റെ രാത്രികൾ പലതും ഉറക്കമറ്റതാണെന്ന് ആരറിയുന്നു.
സംഭോഗത്തിന്റെ പതിവു ചടുലത നഷ്ടപെട്ടിരിക്കുന്നു.
കുട്ടികളെ ഉണർത്താതെ, ശീൽക്കാരങ്ങൾ മറച്ച്,
ചടങ്ങു പോലെ.
അദ്ദേഹം, ഉറങ്ങിക്കഴിഞ്ഞു.
വീണ്ടും മുഖപുസ്തകം തുറന്നു.
പഴയ സുഹൃത്ത്, ഭാര്യയൊന്നിച്ചുള്ള അഗ്നിച്ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നു.
ലൈക്കും കമന്റും കൊടുത്തു.
ഉള്ളിൽ അസൂയ പടരുന്നു.
പൊടുന്നനേ,
മെസേഞ്ചർ നോട്ടിഫിക്കേഷൻ വന്നു.
കുട്ടികൾ ഞെരുങ്ങി.
നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്ത്, സന്ദേശം തുറന്നു വായിച്ചു.
തന്റെ കനവുകളിലെ ഭർത്താവാകാൻ ആഗ്രഹിച്ച,
നല്ല പാതിയോടൊടപ്പമുള്ള വിജൃംഭിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു ലൈക്കും കമൻറും വാങ്ങിയ അതേ പുരുഷൻ.
“ഹലോ, ഉറക്കം വരണില്ലേ?”
ആദ്യ ചോദ്യം.
ഒരു പുഞ്ചിരി സ്മൈലി, മറുപടിയായി നൽകി.”താൻ സുന്ദരിയാണ് ട്ടോ”അതിനും സ്മൈലി മറുപടി.
“തുറന്നു ചോദിക്കട്ടേ;
ഇപ്പോൾ, എന്തു ഡ്രസ് ആണ് ധരിച്ചിരിക്കുന്നത്?
താൻ എത്ര സുന്ദരിയാണ്.
എന്റെ പെണ്ണിനേക്കാളും”
അവൾ ഒന്നമ്പരന്നു.
ആ നടുക്കം പെട്ടെന്നു തീർന്നു.
സെൽഫോൺ ഓഫ് ചെയ്ത്,
അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിഞ്ഞ് കിടന്നു.
അരക്കെട്ടിൽ, കൈകൾ ചുറ്റി.
ആ നെഞ്ചിൽ നിന്നും ഒരേ താളത്തിൽ ശ്വാസം ബഹിർഗമിച്ചു.
ഏറെ പ്രണയം തോന്നി,
ആ വേർപ്പടങ്ങാത്ത ദേഹത്തോട്;
അന്ന്, ഓരോ കുഞ്ഞിനേയും ചേർത്തു വക്കുമ്പോൾ ഈറനാകുന്ന ആ മിഴികളോട്.
പാതിയുറക്കത്തിൽ അയാളവളേ വരിഞ്ഞുമുറുക്കി.
വീണ്ടും,
കഴിഞ്ഞതിന്റെ തനിയാവർത്തനത്തിലേക്ക്.
രാവ്, ആ നിമിഷം മുൻപിലാത്ത വിധം ചോതോഹരമെന്ന് അന്നവൾക്കു തോന്നി.
അവളുടെ പുഞ്ചിരിയെ ഇരുൾ മൂടിക്കളഞ്ഞു.