ഒറ്റ
(രചന: Navas Amandoor)
“പൊട്ടന്റെ മോള് കെട്ടിത്തൂങ്ങി.” മരണം ആഘോഷമാക്കുന്ന നാവുകളിൽ നിന്നും പലപല കാതുകളിലേക്ക് മീനുവിന്റെ മരണം അതിവേഗം എത്തി.
പതിനെട്ട് വയസുള്ള ഒരു പെൺകുട്ടി ആ ത്മഹത്യ ചെയ്യുമ്പോൾ ചോദ്യങ്ങൾ ഉണ്ടാവും. ആ ചോദ്യങ്ങൾക്ക് ചിലർ അവർക്ക് ഊഹിക്കാൻ കഴിയുന്ന ഉത്തരങ്ങളും കണ്ടെത്തും.
പൊട്ടന്റെ മോൾക്ക് ആരോടോ പ്രണയം ഉണ്ടായിരുന്നു. അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവും അമ്മയെ പോലെ കെട്ടിത്തൂങ്ങി മരിച്ചത്.
വീണ്ടും ആ കുടുംബം നാട്ടുകാരുടെ നാക്കിലെ കഥകളായി. പൊട്ടന്റെ ഭാര്യയും കെട്ടിത്തൂങ്ങി മരിച്ചതാണ്. അമ്മയുടെ വഴിയേ മോളും.
മിണ്ടാനും കേൾക്കാനും കഴിയുന്ന മനുഷ്യനാണയാൾ എന്നിട്ടും വയറ്റിലുള്ള പെണ്ണിനെ താലി കെട്ടിയ അന്നുമുതൽ നാട്ടുകാർക്ക് അയാൾ പൊട്ടനായി.
രണ്ട് ആങ്ങളമാരുടെ ഒരേയൊരു പെങ്ങൾ ദേവിക .അടുത്ത വീട്ടിൽ വാടകക്ക് താമസിക്കാൻ വന്ന ഏതോ ഒരുത്തൻ അവളെ പറ്റിച്ചു മുങ്ങിയപ്പോൾ തേടിപ്പിടിക്കാൻ ചേട്ടന്മാർക്ക് തോന്നിയില്ല. തത്കാലം ആരും അറിയാതെ ഒതുക്കിത്തീർക്കണം.
അങ്ങനെയാണ് അവരുടെ അകന്ന ബന്ധത്തിലെ വിനയനെക്കുറിച്ച് ഓർത്തത്.
അഞ്ച് വയസ്സുള്ളപ്പോൾ നാട് വിട്ടുപോയതാണ് അവന്റെ അച്ഛൻ. പിന്നെ അവനെ നോക്കിവളർത്തിയത് അമ്മയാണ്.
ചെറുപ്പം മുതൽ എല്ലാരിൽ നിന്നും അകന്ന് മാറി ആവശ്യത്തിന് മാത്രം സംസാരിച്ച് അവൻ അവന്റെ ലോകത്തിൽ വളർന്നു.
കൂട്ടത്തിൽ കൂടാതെ ഒറ്റക്ക് മൂകനായി നടന്നു. പുഞ്ചിരിക്കാൻ അറിയാത്ത.. കളിക്കൂട്ടുകാരില്ലാത്ത ബാല്യം. ഒരാളുമായും ബന്ധമില്ലാത്ത ബാല്യം.
പതിമൂന്നാമത്തെ വയസ്സിൽ അമ്മയും മോനും പുഴയിൽ കുളിക്കാൻ പോയതാണ്. അമ്മ പുഴയിൽ കാല് തെറ്റിവീണു.
അവൻ ഒച്ച വെച്ച് അലറി വിളിച്ചു. അവന്റെ അലർച്ച കേട്ട് ആളുകൾ എത്തിയപ്പോഴേക്കും അവൻ നോക്കി നിൽക്കെ അമ്മ പുഴയുടെ ആഴത്തിൽ ഇല്ലാതായി. അന്നുമുതൽ വിനയൻ ഒറ്റയായി.
കാണാൻ സുന്ദരൻ. അച്ഛന്റെ ഭംഗിയും അമ്മയുടെ നിറവും അവനെ സുന്ദരനാക്കി. കട്ടി മീശയും ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണിയും അവന്റെ മുഖത്തിന്റെ ആകർഷണീയത കൂട്ടി.
അവനോട് ദേവികയെ കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ അവൻ എതിർത്തില്ല. ഒറ്റയാന്റെ മനസ്സിൽ എന്നോ എപ്പോഴോ ദേവിക ഒരു വെളിച്ചമായി കയറിക്കൂടിയിരുന്നു..
അതുകൊണ്ട് തന്നെ വേറെ ഒന്നും ചിന്തിക്കാതെ അവൻ കല്യാണത്തിന് സമ്മതിച്ചതിന് നാട്ടുകാർ നൽകിയ പേര് ‘പൊട്ടൻ ‘
ദേവികയോട് സമ്മതം ചോദിച്ചില്ല. പിഴച്ചുപോയവളുടെ ഇഷ്ടത്തിന് ഇനി വിലയില്ലല്ലോ. തീരുമാനിക്കുന്നവർ പറയുന്നത് അനുസരിക്കുക.
ഒരു ശുഭമൂഹൂർത്തത്തിൽ അഗ്നിയെ സാക്ഷിയാക്കി വിനയൻ ദേവികയുടെ കഴുത്തിൽ താലി ചാർത്തി.
അവൻ അവളെ താലി ചാർത്തുമ്പോൾ ആ നാട്ടിൽ അവൾ ഗർഭിണിയാണെന്ന് അറിയാത്ത ആകെ ഒരാളേ ഉണ്ടായിരുന്നുള്ളൂ..അത് അവനാണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയ വിനയൻ.
കല്യാണം കഴിഞ്ഞു ഏഴ് മാസം കഴിഞ്ഞപ്പോൾ ദേവിക പ്രസവിച്ചു. ഒരു പെൺകുട്ടി. അവൾക്ക് മീനുവെന്ന് പേര് വെച്ചു.
വിനയൻ മീനുമോളുടെ അച്ഛനായി. അയാളുടെ വിരൽതുമ്പിൽ പിടിച്ചു കുഞ്ഞിമോൾ നടക്കാൻ തുടങ്ങി.
അയാൾ മീനുവിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കും.. സംസാരിക്കും. മോളുടെ അരികിലുള്ള സമയം മാത്രമാണ് അയാൾ പൊട്ടനല്ലാത്തത്.
മീനുവിന് രണ്ട് വയസ്സ് തികഞ്ഞ അന്ന് രാത്രിയാണ് ദേവിക ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്.
പിന്നെയങ്ങോട്ട് മീനുവിനെ അയാൾ അച്ഛനല്ലെന്ന് അറിയിക്കാതെ വളർത്തി. പൊട്ടന്റെ മോളായി അവൾ വളർന്നു.
ഓർമ്മയുടെ മുറിവുകളും വേദനകളും മറന്ന് കാലം അവരെ മുന്നോട്ട് കൊണ്ടുപോയി.
അവൾക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ അവൾ പേടിച്ചു കരഞ്ഞു. അവൾക്ക് അത് പറഞ്ഞു കൊടുക്കാൻ അവളുടെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അയാൾ അയാൾക്ക് അറിയുന്ന പോലെ അവളെ പറഞ്ഞു മനസ്സിലാക്കി.“ഞാൻ നിന്റെ അച്ഛനല്ല .നീ എന്റെ മകളല്ല.”
അന്നത്തെ ദിവസമാണ് ആദ്യമായി മീനുവിന്റെ മുഖത്ത് നോക്കി വിനയൻ പറഞ്ഞത്.“ഞാൻ നിന്റെ അമ്മയെ കെട്ടുമ്പോൾ നീ അവളുടെ വയറ്റിൽ ഉണ്ടായിരുന്നു.. ”
അമ്മയുടെ ആങ്ങളമാരുടെ ഭാര്യമാർ വന്നു. അവളെ തേച്ചു കുളിപ്പിച്ചു. അവരാണ് അവളോട് പറഞ്ഞത്..’ അവൾ വലിയ പെണ്ണായി’യെന്ന്.
കുറച്ചു മാസങ്ങൾ കഴിഞ്ഞുപോയി. അച്ഛനും മോളും തമ്മിലുള്ള അകൽച്ചയും കൂടി. ഇടക്കിടെ അയാൾ പറയും നീ എന്റെ മകൾ അല്ലെന്ന്.. അത് കേൾക്കുമ്പോൾ അവളുടെ കണ്ണ് നിറയും.
അയാൾ അങ്ങനെ പറയുമ്പോൾ അവളുടെ ശരീരത്തിലേക്ക് അയാളുടെ ആർത്തിയോടെയുള്ള നോട്ടം അവളിൽ പേടിയുണ്ടാക്കി.
എത്രയൊക്കെ കരുതലോടെ മുന്നോട്ട് പോയിട്ടും വിനയൻ ഒരു രാത്രി അവളുടെ മുറിയുടെ വാതിൽ തള്ളിത്തുറന്നു.
‘നിന്റെ അമ്മ പിഴച്ചു.. അവളെ ഞാൻ തൊട്ടിട്ടില്ല. മറ്റൊരുത്തന്റെ എച്ചിൽ എനിക്ക് വേണ്ട.. പക്ഷെ എനിക്ക് നിന്നെ വേണം.. അതിനാ നിന്നെ ഞാൻ വളർത്തിയത്.. ”
ആ രാത്രി മീനുവിന്റെ വായും മുഖവും പൊത്തിപ്പിടിച്ച് അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. ഒരു വന്യമൃഗത്തിന്റെ മുൻപിൽ പെട്ട ഇരയെ പോലെ അവൾ അക്രമിക്കപ്പെട്ടു.“ഞാൻ നട്ടുനനച്ചതിന്റെ അവകാശി ഞാൻ തന്നെയല്ലേ മോളേ.”
അയാൾ അവളുടെ ശരീരത്തിൽ നിന്നും എഴുന്നേറ്റു മാറി. മീനു ഒരു പുതുപ്പ് എടുത്തു പുതച്ചു മുഖം പൊത്തിപ്പിടിച്ചു കരഞ്ഞു.
“നിന്റെ അമ്മയെ ഞാൻ കെട്ടിത്തൂക്കിയത്..അവളെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരുന്നത് കൊണ്ടാണ്.
എനിക്ക് അച്ഛനെ ഇല്ലാണ്ടാക്കിയ എന്റെ അമ്മയെ പുഴയിൽ തള്ളിയ പോലെ ആരും അറിയാതെ നിന്റെ അമ്മയെയും ഇല്ലാതാക്കി. നിന്റെ അമ്മയുടെ കാമുകൻ മാത്രമാണ് എന്റെ കൈയ്യിൽ നിന്നും. വഴുതിപ്പോയത്.”
എല്ലാരും അറിഞ്ഞത് അയാൾ അറിഞ്ഞില്ലെന്ന് പറഞ്ഞു പലരും കളിയാക്കി.
അയാളെ പൊട്ടനെന്ന് വിളിച്ചു. അയാൾക്ക് എല്ലാം അറിയാം. അയാൾ ചെയ്തതൊന്നും വേറെ ആർക്കും അറിയില്ല.
പേടിയോടെ സങ്കടത്തോടെ മീനു പല രാത്രികൾ അയാളുടെ അക്രമത്തിന് ഇരയായി. എതിർക്കാൻ കഴിയാത്ത വിധം അവളുടെ മനസ് മരവിച്ചുപോയിരുന്നു.
അവളുടെ അരികിൽ കിടക്കുന്ന ഒരു രാത്രി അയാൾ അവളെ പിടിച്ചു നെഞ്ചോട് ചേർത്തു.“പിഴച്ചുപോയ നിന്റെ അമ്മ എനിക്ക് തന്ന സമ്മാനമാണ് നീ .”
“എനിക്ക് ഇനി നിങ്ങളെ സഹിക്കാൻ പറ്റില്ല.. ഞാൻ എല്ലാവരോടും എല്ലാം പറയും.. ഈ നാട്ടുകാർ നിങ്ങളെ പട്ടിയെ പോലെ തല്ലിക്കൊല്ലും.. എല്ലാം എല്ലാവരും അറിയണം.”
ആ സമയം പുറത്ത് നല്ല മഴയുണ്ടായിരുന്നു. ഇടിമിന്നൽ ജനൽ ചില്ലിലൂടെ മുറിയിലേക്ക് വന്നു.
അവളുടെ ന ഗ്നമായ ശരീരം മിന്നൽ വെളിച്ചത്തിൽ തിളങ്ങി. വിനയൻ അവളുടെ ചുണ്ടുകളെ ചുംബിച്ചു.
“മനസ്സിൽ എവിടെയോ നീ എന്റെ മകളാണ്. പക്ഷെ എന്റെ പ്രതികാരം.. അതിനെ അതിജീവിക്കാൻ ഈ അച്ഛന് കഴിഞ്ഞില്ല.”
പറയുന്നതിനിടയിൽ കട്ടിലിൽ കിടന്ന ഷാൾ എടുത്തു മീനുവിന്റെ കഴുത്തിൽ മുറുക്കി. അമ്മയെ ചെയ്തപോലെ ഫാനിൽ കെട്ടിത്തൂക്കി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മീനു പീഡിക്കപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ അറിഞ്ഞപ്പോൾ വിനയൻ പിന്നെയും പൊട്ടനായി.
അമ്മയെ പോലെ മോളും പിഴച്ചു. പാവം പൊട്ടൻ.. അയാളുടെ ജീവിതം വെറുതെയായിയെന്ന് നാട്ടുകാർ സഹതപിച്ചു.
ആരോടും ഒന്നും മിണ്ടാതെ തല കുനിച്ചു പൊട്ടനെ പോലെ അയാൾ ആ വീട്ടിൽ ഒറ്റക്ക് ജീവിച്ചു. അയാൾക്ക് എന്നും ഒറ്റക്ക് നടക്കാനാണ് ഇഷ്ടം.
“ദേവികയെ എനിക്ക് ഇഷ്ടമായിരുന്നു. ഒറ്റപ്പെട്ടു ജീവിക്കുന്നവന്റെ മനസ്സിലെ ഇഷ്ടം. ആ ഇഷ്ടത്തിന്റെ ഇടയിൽ ശത്രുവായി വന്നവനെ കൊല്ലാൻ നോക്കിയെങ്കിലും അവൻ രക്ഷപെട്ടു.
ദേവികയെ കല്യാണം കഴിച്ചതിന് ശേഷമാണ് അവൾ ഗർഭിണിയാണെന്ന് അറിഞ്ഞത്.
അമ്മയുടെ വഴിവിട്ട ജീവിതം കണ്ടു മടുത്താണ് അച്ഛൻ നാട് വിട്ടത്. അതുകൊണ്ടാണ് അമ്മയെ കൊന്നത്. അതുപോലെ പിഴച്ചുപോയ ദേവികയെ അവളുടെ കുഞ്ഞ് നടക്കാൻ തുടങ്ങും വരെ ജീവിക്കാൻ വിട്ടു.
അവളെ കാണുമ്പോൾ എന്റെ അമ്മയെയാണ് എനിക്ക് ഓർമ്മ വന്നിരുന്നത്. മീനുവിന് ആർത്തവം ഉണ്ടായ സമയം മുതൽ അവളുടെ ശരീരത്തോട് ഇഷ്ടം തോന്നി.
മനസ്സിലിരുന്ന് ആരോ അവൾ എന്റെ മകളല്ലെന്ന് പറയുന്ന പോലെ തോന്നും. പിന്നെയും കാത്തിരുന്നു. അവളെ സ്വന്തമാക്കിയപ്പോൾ എന്നിലെ പിതാവ് മരിച്ചുപോയി…
ഇതൊന്നും ആരും അറിയാതിരിക്കാൻ മീനുവിനെയും ഇല്ലാതാക്കി…ഇത് വരെ മനസ്സിന് കുറ്റബോധം ഇല്ലായിരുന്നു… പക്ഷെ ഇപ്പോൾ കണ്ണടച്ചാൽ മോളുടെ മുഖമാണ്..
അവൾ ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു… എന്റെ മരണം അവളോട് ചെയ്ത തെറ്റിന് ഞാൻ നൽകുന്ന ശിക്ഷയാണ്.”
പൊട്ടനെന്ന് വിളിച്ചു കളിയാക്കിയവർക്ക് പാടിനടക്കാൻ പുഴക്കരയിലെ മുവ്വാണ്ടൻ മാവിൽ തൂങ്ങിയാടുന്ന വിനയന്റെ പോക്കറ്റിലുണ്ട് ആ ത്മഹത്യകുറിപ്പ്.