ഭാര്യ പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും തന്നെയും ഇട്ട് പഴയ കാമുകനൊപ്പം ഇറങ്ങിപോയപ്പോൾ ജീവിതം ഇല്ലാതായ താനും

സ്നേഹത്താലി
രചന: സുനിൽ പാണാട്ട്

“തന്റെ മക്കളോടോപ്പം അമ്പലത്തിൽ നിന്ന് പ്രസാദവും പിടിച്ച് വിട്ടിലേക്ക് കയറിയ വന്ന രാധിക മക്കൾ അകത്തേക്ക്പോയപ്പോൾ തിരിഞ്ഞ് വീട്ടിലേക്ക് നടക്കും നേരമാണ് തന്നെ കണ്ടത് ..

കയ്യിലെ പ്രസാദത്തിലെ ചന്ദനം തന്റെ നെറ്റിയിൽ തൊട്ടു തരും നേരം ആ കൈ പിടിച്ച് അവളോട് ചോദിച്ചു..

രാധിക കുറച്ച് നാളായി പറയണം എന്നു കരുതുന്ന ഒരു കാര്യം പറയട്ടെ ഞാൻ…..” നീ പറയടാ അച്ചു നമ്മൾക്കിടയിലെന്തിനാ മുഖവുര…

” ഒരിക്കൽ മായ്ക്കേണ്ടിവന്ന നീന്റെയാ സീമന്തരേഖയിൽ ഞാൻ സിന്ദൂരം ചാർത്തട്ടെ ഒപ്പം കഴുത്തിലൊരു താലിയും..?

“പറഞ്ഞ് മുഴുമിപ്പിക്കും മുൻപെ തന്റെ കൈവിടുവിച്ച് കരഞ്ഞും കൊണ്ടൊരു ഓട്ടമായിരുന്നു അവൾ…

ആ കാഴ്ച്ച കണ്ടു കൊണ്ട് വന്ന അച്ഛൻ ഒന്നു ചുമച്ച് തന്നോളം പ്രായം വരുന്ന വീടിന്റെവലതു വശത്തുള്ളതെങ്ങിലേക്ക് നോക്കി മുറ്റത്ത് നിന്ന് തുണിയലക്കുന്ന അമ്മയോടായി പറയുന്നുണ്ടായിരുന്നു…

അല്ല്യോടി നമ്മുടെ ഈ തെങ്ങിലിപ്പോൾ നല്ലോണം തേങ്ങ പിടിക്കുന്നുണ്ടല്ലോ അന്നിതുപോലോന്ന് ഇടതു വശത്തും വച്ചാ മതിയാർന്നു തേങ്ങക്കൊക്കെ ഇപ്പ എന്താ വില എന്ന്….

തിരിഞ്ഞ് നടന്ന അച്ഛനെ പുറകിൽ നിന്ന് കൊഞ്ഞനം കാട്ടി മുണ്ട് മടക്കി കുത്തി പുറത്തേക്ക് നടന്നു….” അപ്പോഴും മനസ്സിൽ ചിന്ത അവളെന്തിന് കരഞ്ഞു എന്നായിരുന്നു …

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തുല്ല്യ ദു:ഖിതർ…”അഞ്ച് വർഷം ഒരുമിച്ച് കഴിഞ്ഞ ഭാര്യ പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും തന്നെയും ഇട്ട് പഴയ കാമുകനൊപ്പം ഇറങ്ങിപോയപ്പോൾ ജീവിതം ഇല്ലാതായ താനും…

“കല്യാണം കഴിച്ച് പത്തുവർഷമായിട്ടും കുട്ടികളില്ലാത്തത് രാധികയുടെ കുഴപ്പം കൊണ്ടാണെന്നറിഞ്ഞ് ഭർത്താവ് ഉപേക്ഷിച്ച അവളും.. അയൽക്കാർ .ഒരേ പ്രായക്കാർ ഒരുമിച്ച് കളിച്ച് വളർന്നവർ പ്രായമായ അമ്മയും അവളും മാത്രം വീട്ടിൽ….

” ഒരിക്കലും അവളോട് ഇഷ്ടം തോന്നിയിരുന്നില്ല പക്ഷെ തന്റെ മക്കളെ അവരുടെ അമ്മ സ്നേഹിച്ചതിലും കൂടുതൽ സ്നേഹിച്ച് ഒരമ്മചെയ്യുന്നതെന്തോ അതെല്ലാം ചെയ്യ്ത് കൊടുക്കുന്നത് കൊണ്ട് അമ്മ പോയ ദു:ഖമാ മക്കൾ അറിഞ്ഞിട്ടില്ല …

“അതെല്ലാം കണ്ടപ്പോൾ അവൾ തന്റെ മക്കൾക്ക് ഒരമ്മയാവും എന്ന് കരുതി അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു അത് ഇത്ര വലിയ തെറ്റായോ …?

“ഇനി സഹോദരനെ പോലെയാണ് കണ്ടതെങ്കിൽ അവൾക്കപ്പോൾ പറയാമായിരുന്നു’..

” ഇതിപ്പോൾ അത് കണ്ട അച്ഛൻ തെറ്റിദ്ധരിച്ചോ എന്തോ.?”വൈകിട്ട് വീട്ടിലേക്ക് ചെന്നു കയറിയപ്പോഴേക്കും മക്കളുറങ്ങിയിരുന്നു ..

എന്നും സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നിരുന്ന അമ്മ ഇന്ന് പ്ലെയിറ്റ് എറിയും പോലാണോ തന്റെ അടുത്തേക്ക് നീക്കിവച്ചത് അമ്മയും അതറിഞ്ഞോ?….

എന്നും രാവിലെ താൻ പോകും മുൻപെ വരാറുള്ള രാധികയെയും കാണാറില്ല രണ്ടു ദിവസമായിട്ട് വീട്ടിലേക്ക് ….

“രാത്രിയിൽ കിടക്കുമ്പോൾ ചിന്തിച്ചു നാളെ രാവിലെ എന്തായാലും അവളെ പോയി കാണണം പറഞ്ഞത് തെറ്റാണെങ്കിൽ മാപ്പ് പറയണം എന്ന്….

“ഡാ ഒന്നെഴുന്നേറ്റെ വേഗം കുളിച്ച് റെഡിയാവ് അമ്പലത്തി പോണം…
മടിപിടിച്ച് കിടന്ന എന്നെ കുത്തിപ്പൊക്കി അമ്മ എഴുന്നേൽപ്പിച്ചു…

പതിവില്ലാതെ ഇന്ന് എന്ത് പറ്റി ഈ അമ്മക്കെന്ന ചിന്തയാൽ കുളിച്ച് ഉമ്മറത്ത് നിന്ന്നോക്കിയപ്പോഴാണത് കണ്ടത് സെറ്റുസാരിയും മുല്ല പൂവും ചൂടി കല്യാണപെണ്ണിനേപോൽ

അണിഞ്ഞൊരുങ്ങി പോകുന്ന രാധികയെ..
കൂടെകുറച്ചയൽവക്കക്കാരും…എന്താണമ്മെ വിശേഷം ഇവരേങ്ങോട്ടാ രാവിലെ..?

നിന്നോടവൾ പറഞ്ഞില്ലെടാ ?. ഇന്നവളുടെ കല്ല്യാണമാണ് ..ചെക്കൻ ഒരു രണ്ടാം കെട്ട്കാരനാ രണ്ടു മക്കളുണ്ട് ഒരു പാട്നാളായിത്രെ അവനവളോടിഷ്ടം ഇതറിഞ്ഞ ചെറുക്കന്റെ വീട്ടുകാർക്ക് പെട്ടന്ന് നടത്തണം പോലും…

” ഒരിക്കൽ കെട്ടിയതല്ലെ അമ്പലത്തിൽ വച്ച് ഒരു ചടങ്ങ് മാത്രം നീ വേഗം റെഡിയാവ് നമുക്ക് പോണം…

അമ്മയുടെ വാക്കുകൾ കേട്ട് തകർന്നുപ്പോയി എന്നാലും അവൾക്കിത് തന്നോട് പറയായിരുന്നു എല്ലാം അറിയാവുന്ന സുഹൃത്തുക്കൾ അല്ലായിരുന്നോ തങ്ങൾ..

“വെറുതെ അല്ല അന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയത് മണ്ടിപ്പെണ്ണ് തനിക്ക് വിഷമാവും എന്ന് കരുതിയാവും പറയാതിരുന്നത്..

അമ്മ തേച്ച് മിനുക്കി തന്ന വെള്ളമുണ്ടും ഷർട്ടും ധരിച്ച് അമ്മയോടോപ്പം ഇറങ്ങുനേരമാണ് മക്കളെയും അച്ഛനേയും കുറിച്ച് ചോദിച്ചത്…

അവർ രാവിലെ തന്നെപ്പോയെടാ അമ്പലത്തിലേക്ക് നീ വേഗംവാ കൈ പിടിച്ച് വലിച്ചും കൊണ്ടമ്മ പറഞ്ഞു….

അമ്പലത്തിലേക്ക് കയറും നേരം തന്റെ അഴിച്ചൊരു കൈയ്യിലിട്ട ഷർട്ട് ഊരി വാങ്ങി ഒരു കസവ് വേഷ്ടി തന്നു അമ്മ ദേഹത്തിടാൻ എന്നിട്ട് പറഞ്ഞു നിന്റെ സ്റ്റീൽ ബോഡി കാണണ്ട ആരും എന്ന്…

അകത്ത് കയറിയപ്പോൾ കണ്ടു ശ്രീകോവിലിനടുത്ത് തൊഴുത് നിൽക്കുന്ന രാധികയെയും അവൾക്ക് ചുറ്റിപ്പറ്റി നിൽക്കുന്ന മക്കളെയും….

“അവൾക്കടുത്ത് ചെന്ന് ഒന്നു ചിരിച്ചു കൊണ്ട് ആ ചുമലിൽ ചെറുതായി ഒരു ഇടി കൊടുത്ത് കൊണ്ട് ചോദിച്ചു നിനക്കിത് അപ്പോഴേ പറയായിരുന്നില്ലെടി മണ്ടുസെ എന്ന്..

നിനക്കെന്നെ അറിയാലോ എന്റെ ഒരു പൊട്ടത്തരമായി കണ്ടുടാർന്നോ …മണ്ടനാ ഞാൻ ..നിന്റെ മനസ്സറിയാതെ പറഞ്ഞ ഒരു മണ്ടത്തരം ….?പറയുമ്പോഴും കണ്ണുകൾ നിറഞ്ഞത് ആരും കാണാതെ തുടച്ചിരുന്നു ….

തന്നെ കണ്ടമക്കൾ അപ്പോൾ തന്റെ അടുത്ത് വന്ന് കാലിൽചുറ്റിപ്പിടിച്ച് നിന്നു .ചുറ്റും നോക്കിയപ്പോൾ രണ്ടു മൂന്ന് പേർ വെള്ളമുണ്ടും ഉടുത്ത് തൊഴുത് നിൽക്കുന്നു ഇതിലാരാണ് ചെക്കനാവോ.?

എന്തായാലും ഇപ്പോൾ കാണാമല്ലോ …ശ്രീകോവിൽ തുറന്ന് പൂജാരി പൂജാതട്ടിൽ താലിയുമായി എത്തി അതോടോപ്പം രണ്ടു തുളസ്സി മാലകളും…

അതേറ്റുവാങ്ങി പുറത്തേക്ക് നടന്ന രാധികയുടെ അമ്മയോടോപ്പം തന്റെ അമ്മയുമുണ്ടായിരുന്നു ….

എന്നാ താലികെട്ടാം പൂജാരിയുടെ വാക്ക് കേട്ടമ്മ രാധികയെ ദേവി നടയിലേക്ക് നീക്കി നിർത്തി എന്നിട്ട് തന്നെ നോക്കി വിളിച്ചു ഡാ അച്ചു ഇങ്ങോട്ട് നീങ്ങിനിൽക്കടാന്ന്…..

എന്താ കാര്യം എന്നറിയാതെ പകച്ച് നിന്ന തന്നെ അച്ഛൻ പിടിച്ച് കൊണ്ട് അവളോട് ചേർത്ത് നിർത്തി …

മോനെ സമയമോ കാലമോനോക്കിയില്ല കൊട്ടോ കുരവയോ ഇല്ല നാളും പൊരുത്തവും ഇല്ല ഇതെല്ലാം നോക്കി ഒരുവട്ടം കെട്ടിയ നീങ്ങൾ രണ്ടു പേരുടെയും ജീവിതം രണ്ടു വഴിക്കായില്ലെ?…

“ഏറ്റവും വേണ്ടത് മനപ്പൊരുത്തമാണ് അത് നിങ്ങൾക്ക് ആവോളമുണ്ട് നീയന്ന് ഇഷ്ടമാണിവളെ എന്ന് പറഞ്ഞപ്പോൾ സന്തോഷിച്ചത് ഞങ്ങളീ രണ്ടു കുടുംബങ്ങളാ..

ഒരു മകന്റെ മനസ്സറിയാവുന്ന അമ്മയാണ് ഞാൻ നിനക്കിഷ്ടമാണെന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല എത്രയും പെട്ടന്ന് കല്ല്യാണം നടത്താനായിരുന്നു ഞങ്ങൾ തീരുമാനിച്ചത് …

പിന്നെ നിന്റെ ഭാര്യയുടെ കഴുത്തിൽ നിന്ന് അന്നഴിച്ച് വാങ്ങിയ താലിമാല ഞാൻ മാറ്റിവാങ്ങി ഇന്നലെ ..നിന്നോട് ചോദിച്ചില്ല കൂടെ നിനക്കും ഇവൾക്കും ഒരു ജോഡി ഡ്രസ്സും….

അതിനിവൾക്ക് സമ്മതമാണോ അമ്മെ??”എനിക്ക് സമ്മദതമല്ലെന്നാരാടാ അച്ചു നിന്നോട് പറഞ്ഞത് സമ്മതമല്ലാതെ ഞാനീ വേഷം കെട്ടി വരുമോ?..എനിക്ക് സന്തോഷം സഹിക്കാൻ വയ്യാഞ്ഞിട്ടാ

അന്ന് കരഞ്ഞും കൊണ്ട് ഓടിയത് പിന്നെ നിന്റെ മുഖത്ത് നോക്കാറുള്ള ചമ്മൽ കൊണ്ടാ ഞാൻ വീട്ടിലേക്ക് വരാതിരുന്നത്…

“എന്നിട്ടാണോടി മണ്ടു മനുഷ്യനെ രണ്ടു ദിവസം തീ തിറ്റിച്ചത് അവളുടെ ചെവിയിൽ പിടിച്ച് തിരിച്ചു കൊണ്ടാണത് ചോദിച്ചത്..

“വർത്തമാനം പറഞ്ഞ് നിൽക്കാതെ കെട്ടടാ താലി അച്ഛൻ താലിയെടുത്തു തന്നു കൊണ്ട് പറഞ്ഞു..
താലികെട്ടി പുറത്തിറങ്ങിയ തങ്ങളെ ചുറ്റിപിടിച്ച മക്കളുടെ മുഖത്തപ്പോൾ അവർക്കൊരമ്മയെ കിട്ടിയ സന്തോഷമായിരുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *