വല്ലവന്റെയും കുഞ്ഞിനെ വയറ്റിലിട്ടുകൊണ്ട് വന്ന നാണമില്ലാത്തവളെന്ന് വിളിച്ച് അച്ഛൻ പരിഹസിക്കും.

അഭിരാമം
(രചന: Neeraja S)

നല്ല തണുപ്പ്, ചെവിമൂടി തൊപ്പി ഇറക്കിവച്ചു. ഡിസംബർ മാസത്തിലെ തണുപ്പും മഞ്ഞുമാണ്. പകൽപോലും ഫോഗ് ലൈറ്റിട്ടാണ് വാഹനങ്ങൾ ഓടുന്നത്. ബസ്സിന്റെ ഷട്ടർ ഒന്നുകൂടി ശരിയായി വലിച്ചിട്ടു. കമ്പിളിഷാളെടുത്ത് പുതച്ചുമൂടിയിരുന്നു.

ബസ്സിനുള്ളിൽ ചെറിയ മഞ്ഞബൾബുകൾ പ്രകാശിക്കുന്നുണ്ട്. ഏതോ അടിപൊളി തമിഴ്പാട്ട് ബസ്സ് കയറ്റംകയറുന്ന ഇരമ്പലിൽ നേർത്തു കേൾക്കാം. ഇടയ്ക്കു നിരപ്പുള്ള റോഡിലെത്തുമ്പോൾ പാട്ടിന്റെ ശബ്ദം അസഹനീയമാകുന്നുണ്ട്.

രാത്രിയിൽ ഗ്രാമത്തിലെത്തുന്ന അവസാന ബസ്സ്, പത്തുമണികഴിയും ജംഗ്ഷനിൽ എത്തുമ്പോൾ. രാവിലെ ആറുമണിക്ക് തിരികെ നഗരത്തിലേക്ക്. കോളേജിൽ പഠിക്കുന്നകാലത്ത് ഈ ബസ്സിനായിരുന്നു പോയിരുന്നത്.
ബസ്സിനോ, റൂട്ടിനോ, സമയത്തിനോ മാറ്റം വന്നിട്ടില്ല. മാറ്റം വന്നിരിക്കുന്നത് ചുറ്റിനുമുള്ള മനുഷ്യർക്കാണ്.

ഓർമ്മവച്ച നാൾമുതൽ അച്ഛനും അമ്മയും വഴക്കായിരുന്നു. ഞാനായിരുന്നു അവരുടെ വഴക്കിന്റെ കേന്ദ്രബിന്ദു. സംശയരോഗിയെന്നു വിളിച്ച് അമ്മ പൊട്ടിക്കരയുമ്പോൾ, വല്ലവന്റെയും കുഞ്ഞിനെ വയറ്റിലിട്ടുകൊണ്ട് വന്ന നാണമില്ലാത്തവളെന്ന് വിളിച്ച് അച്ഛൻ പരിഹസിക്കും.

ബാല്യവും കൗമാരവുമെല്ലാം അവരുടെ വഴക്കിൽ അലിഞ്ഞുപോയി. അച്ഛനാകാൻ സ്വന്തം ചോര വേണമെന്ന് നിർബന്ധമില്ലെന്നുപറഞ്ഞ് ചേർത്ത് പിടിക്കുന്ന അച്ഛൻ. തലയ്ക്കുസുഖമില്ലാതെ ഓരോന്നുപറയുന്നത് ശ്രദ്ധിക്കാൻ പോകേണ്ടെന്നു പറയുന്ന അമ്മ.

ആര് പറയുന്നതാണ് ശരിയെന്നു ദൈവത്തിനു പോലും അറിയില്ല. വഴക്കിനിടയിലും അവരുടെ സ്നേഹം കിട്ടാതിരുന്നില്ല. എനിക്ക് പക്ഷെ ഒന്നിലും പൂർണ്ണത തോന്നിയില്ല. ചിലപ്പോഴൊക്കെ അവർ സ്നേഹം അഭിനയിക്കുകയാണോന്നുവരെ തോന്നിയിട്ടുണ്ട്.

സ്നേഹവാത്സല്യങ്ങൾക്കൊടുവിൽ അച്ഛന്റെ മുഖം ഏതോ ഓർമ്മയിൽ ചുളിയുന്നതും, ചുറ്റിപ്പിടിക്കുന്ന കൈയുടെ ചൂട് കുറയുന്നതും അറിയാമായിരുന്നു.

ബിരുദം കഴിഞ്ഞ് ഇനി എന്തു പഠിക്കും..? അതോ ജോലിക്ക് ശ്രമിക്കണോ..? എന്നൊക്കെയോർത്ത് ഭ്രാന്തുപിടിച്ച് നടന്നിരുന്ന സമയം. വീട്ടിനുള്ളിൽ അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് അങ്ങേയറ്റം എത്തിയിരുന്നു. പ്രായമാകുന്നതോടൊപ്പം ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവും കുറയുമല്ലോ..?

സാധാരണ അവരുടെ വഴക്കിൽ ഇടപെടാതെ മാറിനിൽക്കുകയാണ് പതിവ്. അന്ന് അച്ഛൻ അമ്മയെ കൊല്ലുമെന്നായപ്പോഴാണ് ഇടയ്ക്ക് കയറിയത്. താൻ പിടിച്ചുതള്ളിയത് ആയിരുന്നില്ല, എങ്ങനെയോ പിടിവലിക്കിടയിൽ ഭിത്തിയുടെ വക്കിൽ തലയിടിച്ച് അച്ഛൻ താഴെ വീണു. നെറ്റി പൊട്ടി ചോരയൊഴുകി.

പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയപ്പോഴാണ്, കണ്ണിൽ നോക്കി ദയയുടെ തരിമ്പും അവശേഷിക്കാതെ അച്ഛൻ അലറിയത്.
“തൊടരുത്.. എനിക്ക് മതിയായി. പാമ്പിനു പാല് കൊടുത്തപോലെയായി. തിരിഞ്ഞു കൊത്താൻ തുടങ്ങി. നിന്റെ തള്ളയേയും വിളിച്ചുകൊണ്ടു എന്റെ വീട്ടിൽ നിന്നും ഇപ്പോൾ ഇറങ്ങണം..”

ഹൃദയം നുറുങ്ങിപ്പോയി. അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നെങ്കിലും ഒരിക്കലും തന്നെ തള്ളിക്കളഞ്ഞിരുന്നില്ല. നിറഞ്ഞുവന്ന കണ്ണുകൾ തുടയ്ക്കാതെ അപ്പോൾ തന്നെ അവിടെനിന്നും ഇറങ്ങി.

വാശിക്ക് എങ്ങോട്ടെങ്കിലും പോകാനാണ് തോന്നിയത്. വെളുപ്പിനെവരെ കവലയിലെ കടത്തിണ്ണയിൽ ഇരുന്നു. ആദ്യബസ്സിന് കയറി യാത്ര തിരിക്കുമ്പോൾ മനസ്സു ശൂന്യമായിരുന്നു. ജോലികൾ മാറിമാറി ചെയ്തവസാനം കോയമ്പത്തൂരിൽ കാലുറപ്പിച്ചിട്ട് നാലുവർഷമാകുന്നു. ഇപ്പോൾ അതാണ് സ്വന്തം നാട്‌.

ഏറെ നാളായി ആഗ്രഹിക്കുന്നു, അച്ഛനും അമ്മയും.. അവരെ കാണണമെന്ന്. ആഗ്രഹം അടക്കി നിർത്താൻ ശ്രമിച്ചിട്ടും, പിന്നെയും കണ്മുന്നിൽ തെളിഞ്ഞു വരുന്ന അമ്മയുടെ രൂപം, അച്ഛന്റെ തെളിഞ്ഞ ചിരി.

എപ്പോൾ മരണം കൂട്ടിക്കൊണ്ടുപോകുമെന്ന് ഒരുറപ്പുമില്ലാത്ത മനുഷ്യജീവിതങ്ങൾ. വാശിയും വൈരാഗ്യവുമൊക്കെ എന്തിന്..?
തിരികെ ഒരു യാത്ര.. പറ്റുമെങ്കിൽ അച്ഛനെയും അമ്മയെയും കൂടെ കൂട്ടണം.

ചുറ്റുപാടുകൾ മാറുമ്പോൾ സ്വഭാവം മാറുമായിരിക്കും. അല്ലെങ്കിലും താൻ പോന്നതോടെ അവരുടെ വഴക്ക് തീർന്നിട്ടുണ്ടാകും. താനായിരുന്നല്ലോ വഴക്കിന്റെ മൂലകാരണം.

കവലയിൽ ബസ്സിറങ്ങി ചുറ്റിനും നോക്കി. വഴിവിളക്കുകൾ, നല്ല റോഡ്, കടകൾ.. അങ്ങനെ മൊത്തത്തിൽ മാറ്റമുണ്ട്. നല്ല തണുപ്പുള്ളത് കൊണ്ടാകാം കടകളെല്ലാം നേരത്തെ അടച്ചത്. വീടിനടുത്തുവരെ കവലയിൽ നിന്നുള്ള പ്രകാശം എത്തിനോക്കുന്നുണ്ട്. പക്ഷെ വീട് ഇരുട്ട് പുതച്ചുകിടക്കുന്നു.

അമ്മയ്ക്ക് പുറത്തേക്കുള്ള ലൈറ്റ് ഇട്ടാലെന്താ..? വഴക്ക് ഇപ്പോഴും തുടരുന്നുണ്ടാകും. നല്ല ബഹളം നടക്കുന്ന ദിവസങ്ങളിലെല്ലാം അമ്മ ഇങ്ങനെയാണ്. സകലവെളിച്ചവും കെടുത്തി ഇരുട്ടാക്കും. ചിലപ്പോൾ മെയിൻ സ്വിച്ച് വരെ ഓഫാക്കും.

അമ്മയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.. ചിരിയോടെ ഓർത്തു.
കതകിൽ പതുക്കെ തട്ടാൻ തുടങ്ങിയപ്പോഴാണ് കതക് പൂട്ടിയിട്ടില്ലെന്നു മനസ്സിലായത്. ഇതെന്താ കതക് കുറ്റിയിടാതെ…?

വാതിൽ തുറന്ന് അകത്തുകയറി. അമ്മയുടെ മുറിയിൽ നേരിയ വെളിച്ചമുണ്ട്. മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ..
“ആരാത്..?”
അച്ഛൻ… അച്ഛന്റെ ശബ്‌ദം.
“ഞാനാ.. അച്ഛാ.. അഭിക്കുട്ടൻ ”
പെട്ടെന്ന് മുറിയിൽ പ്രകാശം നിറഞ്ഞു.

കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാനായില്ല. താൻ പോയതിനു പിന്നാലെ അമ്മയും പോയത്രേ. അമ്മയുടെ ബന്ധുക്കൾ ആരോ വന്നിരുന്നു..

കൂട്ടിക്കൊണ്ട് പോകാൻ. പിന്നെ അച്ഛൻ ഒറ്റയ്ക്കായിരുന്നു ജീവിതം. വിടാതെ പിടികൂടിയ നട്ടെല്ല് വേദന അച്ഛനെ കിടത്തിക്കളഞ്ഞു. അയൽവക്കത്തു താമസിക്കുന്നവർ ഇടയ്ക്ക് സഹായത്തിനായി എത്തും. കൂടുതലും കിടപ്പാണ്. എഴുന്നേറ്റിരിക്കാൻ തന്നെ നന്നായി ബുദ്ധിമുട്ടുന്നുണ്ട്.

“അമ്മയെ വിളിച്ചില്ലേ…?”
“എന്തിന്… എല്ലാവരും പോകട്ടെ.. എനിക്ക് ഞാൻ മതി.” നിരാശയുടെ അങ്ങേ അറ്റത്തുനിന്നുമൊരു പിറുപിറുക്കൽ.

നല്ല ചികിത്സയും പരിഗണനയും കിട്ടിയാൽ അച്ഛൻ ഉഷാറാകുമെന്ന് തോന്നി. ഒരാഴ്ച കഴിഞ്ഞാണ് അമ്മയെ തിരക്കി ഇറങ്ങിയത്.
നാലുമണിക്കൂർ യാത്ര ചെയ്ത് അമ്മയുടെ നാട്ടിൽ ചെന്നിറങ്ങുമ്പോൾ, ചെറുപ്പത്തിൽ അപ്പൂപ്പൻ മരിച്ചപ്പോൾ കാണാൻ വന്നപ്പോഴുള്ള ചെറിയരോർമ്മ മാത്രം കൂടെയുണ്ട്.

അമ്മയുടെ ബന്ധുക്കൾ ആരെയും അറിയില്ല. അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക് കാരണം ബന്ധുജനങ്ങൾ ആരും വീട്ടിലേക്കു വന്നിരുന്നില്ല. ഞങ്ങൾ ആരുടെയും വീട്ടിൽ പോയിട്ടുമില്ല.

ജംഗ്ഷനിലെ ചായക്കടയിൽ, ചായ കുടിച്ചതിനു ശേഷം അമ്മയെക്കുറിച്ച് അറിയാവുന്ന വിവരങ്ങൾ പറഞ്ഞപ്പോൾ അവർക്ക് പരിചയമുണ്ട്. റോഡിലിറങ്ങി നിന്ന് ദൂരെ വളവിലായി ഇരിക്കുന്ന വീടിനുനേർക്കു കൈ ചൂണ്ടി.അമ്മയുടെ അമ്മാവന്റെ വീട്. അമ്മ ഇപ്പോൾ അവിടെയാണത്രെ താമസം.

റോഡിനരികിലായി നല്ല പഴക്കം തോന്നിക്കുന്ന ഓടിട്ട വീട്. വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ധാരാളം പൂക്കൾ.. അമ്മയ്ക്ക് പൂക്കൾ ഒത്തിരി ഇഷ്ടമായിരുന്നല്ലോ.. എന്നോർത്തു.

വാതിൽ അടഞ്ഞുകിടക്കുന്നു. അമ്മ എവിടെ പോയിരിക്കും..? വേറെ ആരായിരിക്കും വീട്ടിലുണ്ടായിരിക്കുക. എന്തായാലും വരുന്നതുവരെ കാത്തിരിക്കാം. ബാഗ് മടിയിൽ വച്ച് തിണ്ണയിലെ കസേരയിലിരുന്നു.

ഭിത്തിയിൽ നിറംമങ്ങിയ പഴകാല ഫോട്ടോകൾ ആണിയടിച്ചു തൂക്കിയിരിക്കുന്നു. അടുത്തു ചെന്ന് ഓരോന്നും നോക്കി. സ്കൂൾ ഫോട്ടോകൾ, അതും വർഷങ്ങൾ പഴക്കമുള്ളത് സ്കൂളിന്റെ പേരും വർഷവും ചുവട്ടിലായി എഴുതിയിട്ടുണ്ട് പക്ഷെ എല്ലാം മാഞ്ഞു പോയിരിക്കുന്നു.

നോക്കി വരവേ ഒരു ഫോട്ടോ… ഇത് താനല്ലേ.. അതെ.. പക്ഷെ സ്റ്റൈലിൽ വ്യത്യാസമുണ്ട്. എല്ലാഫോട്ടോയിലും ആ മുഖമുണ്ട്. അയാൾ ഒറ്റയ്ക്ക് ഒരു കസേരയിൽ ഇരിക്കുന്ന വലിയ ഫോട്ടോ.

കോട്ടും ടൈയും ധരിച്ചു, കാലുമ്മേൽ കാൽ കയറ്റിവച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ വീണ്ടും അത്ഭുതം തോന്നി. ചിലപ്പോൾ അമ്മയുടെ അമ്മാവൻ ആയിരിക്കും.

ആരോ സംസാരിച്ചുകൊണ്ട് നടന്നുവരുന്ന ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്ത്രീയും പുരുഷനും. ഒന്ന് തന്റെ അമ്മയാണ്. പ്രായം അല്പം കുറഞ്ഞതുപോലെ.. ഇളം മഞ്ഞ സാരിയിൽ സുന്ദരിയായിരിക്കുന്നു. കൂടെ നിൽക്കുന്ന ആൾ.. ഫോട്ടോയിൽ കണ്ട രൂപം കുറച്ചുകൂടി പ്രായമായി മുന്നിൽ നിൽക്കുന്നു.

അമ്മയുടെ മുഖത്തെ ഭാവം എന്താണെന്നു പറയാനാവില്ല. അയാൾ അമ്പരപ്പോടെ തന്നെത്തന്നെ നോക്കി നിൽക്കുന്നു.
വളരെ ശാന്തനായാണ് ചോദിച്ചത്…
“ആരാമ്മേ.. ഇയാൾ..?
മറുപടി പറയുമ്പോൾ അമ്മയുടെ മുഖം വിളറുകയും സ്വരം പതറുകയും ചെയ്തു..
“വല്യമ്മാവന്റെ മകൻ.. പട്ടാളത്തിലായിരുന്നു..”

അച്ഛൻ എന്നും വെറുപ്പോടെ, പറയാതെ പറഞ്ഞിരുന്ന… അമ്മയുടെ മുറച്ചെറുക്കൻ.
എല്ലാം കൂട്ടിവായിക്കുമ്പോൾ
ചില സത്യങ്ങളുടെ ചുരുൾ അഴിഞ്ഞുവീഴുന്നു.

ബാഗുമെടുത്തു വേഗത്തിലിറങ്ങി നടന്നു. അഭിക്കുട്ടാ..ന്ന് വിളിച്ച് അമ്മ പിന്നാലെ ഓടി വരുന്ന ശബ്ദം കേട്ടു. അതുവഴി വന്ന ഓട്ടോ നിർത്തിച്ചു വേഗത്തിൽ കയറി. പിന്നാലെ അമ്മ ഓടിവരുന്നുണ്ടാകാം.. പിന്തിരിഞ്ഞു നോക്കാൻ പോയില്ല.

വീട്ടിലെത്തുമ്പോൾ അച്ഛനോട് എന്തുപറയുമെന്ന ചിന്തയായിരുന്നു മടക്കയാത്രയിൽ മുഴുവൻ.
തിരക്കിപോകേണ്ടന്നു പറഞ്ഞെങ്കിലും തന്നെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ പിന്നിലേക്ക് നീണ്ടു.

“ഇപ്പോൾ വരുന്നില്ലത്രേ.. ഇനി തനിയെ വരട്ടെ.. ആരും വിളിക്കാൻ പോകണ്ട..” അച്ഛന്റെ മുഖത്ത് നോക്കാതെയാണ് അത്രയും പറഞ്ഞത്.

രണ്ടുമാസങ്ങൾക്കിപ്പുറം കോയമ്പത്തൂരിനുള്ള ബസ്സിലിരിക്കുമ്പോൾ, അടുത്തായി ഒരാൾകൂടി ഉണ്ടായിരുന്നു. കാഴ്ചകൾ കാണാൻ സൈഡ്സീറ്റ്‌ വേണമെന്നു വാശിപിടിച്ച്, നിറഞ്ഞ സന്തോഷത്തോടെ പുറംകാഴ്ചകളിൽ മനം നിറഞ്ഞൊരാൾ.

ഫോൺ എന്റെ പോക്കറ്റിലാണെങ്കിലും, അതിൽ നിന്നും ഒഴുകിയെത്തുന്ന എൺപതുകളിലെ പാട്ടുകൾ, ഇപ്പോൾ ആ ചെവികളിലാണ് പാടിത്തിമിർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *