ഞങ്ങൾ എന്തെങ്കിലും കുറവുകൾ വരുത്തുന്നുണ്ടോ?സ്വന്തം മകളെപ്പോലെയല്ലേ അമ്മ തന്നെ നോക്കുന്നത്?”അവൾ സ്നേഹപൂർവ്വം

(രചന: അംബിക ശിവശങ്കരൻ)

പുറത്ത് സുധിയുടെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ നിത്യവേഗം എഴുതിയിരുന്ന പേപ്പർ മടക്കി ഡയറിയിലേക്ക് വച്ചുകൊണ്ട് ഉമ്മറത്തേക്ക് ചെന്നു.

“എന്താണ് ഒരു കള്ളത്തരം? എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുകയായിരിക്കും അല്ലേ?”അവളുടെ മുഖത്ത് നോക്കിയതും അവന് കാര്യം പിടികിട്ടി.

“ഏയ്… അല്ല സുധിയേട്ടാ ഞാൻ അവിടെ വെറുതെ ഇരിക്കുകയായിരുന്നു വേണമെങ്കിൽ അമ്മയോട് ചോദിച്ചു നോക്കിക്കോ.”

എന്തിനുമേതിനും സ്വന്തം മകളായി തന്നെ സപ്പോർട്ട് ചെയ്യുന്ന അമ്മ താൻ എന്ത് തെറ്റ് ചെയ്താൽ കൂടിയും തന്നോടൊപ്പമേ നിൽക്കുകയുള്ളൂ എന്ന് അവൾക്ക് അറിയാമായിരുന്നു. അത് തന്നെയാണ് തന്റെ ഏറ്റവും വലിയ ഭാഗ്യവും.

“ഹ്മ്മ്.. അമ്മ പിന്നെ താൻ എന്ത് ചെയ്താലും സപ്പോർട്ട് അല്ലേ…? വൈകിട്ട് നടക്കണം എന്ന് പറഞ്ഞിട്ട് നടന്നോ? അതോ അത് ചെയ്യാതെ കുത്തിയിരുന്ന് എഴുതുകയായിരുന്നോ?.

ഡോക്ടർ പ്രത്യേകം പറഞ്ഞതാണ് അല്ലറ ചില്ലറ വ്യായാമങ്ങളും നടത്തവും എല്ലാം വേണമെന്ന്… എന്നാലേ പ്രസവം അത്ര കോംപ്ലിക്കേറ്റഡ് ആകാതിരിക്കുകയുള്ളൂ”

“നീ ഇങ്ങനെ വന്നപ്പോൾ തന്നെ പോലീസുകാര് ചോദ്യം ചെയ്യണ പോലെ അവളെ അങ്ങ് ചോദ്യം ചെയ്താലോ സുധി…. അവൾ ഇത്ര സമയം ഇവിടെ നടക്കുകയായിരുന്നു.”

അപ്പോഴേക്കും അമ്മയും രംഗത്തെത്തി.”ആഹ് വന്നല്ലോ സപ്പോർട്ട് ആയിട്ട് രണ്ടാളും കൂടിയാൽ പിന്നെ ഞാൻ പുറത്താണല്ലോ.…”

അവൻ ബാഗും തോളിൽ തൂക്കി അകത്തേക്ക് നടക്കുമ്പോൾ അവൾ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു.

“സുധിയേട്ടാ അമ്മ വിളിച്ചിരുന്നു.
ഏഴാം മാസം കൂട്ടിക്കൊണ്ടു പോകാനുള്ള ദിവസം അച്ഛൻ ജോത്സ്യന്റെ അടുത്ത് ചെന്ന് നോക്കിയത്രെ…. അടുത്തമാസം പതിനാലാം തീയതിയാണ്.

സുധിയേട്ടനെയും അമ്മയെയും അച്ഛൻ നാളെ വിളിച്ചു പറയാം എന്ന് പറഞ്ഞിട്ടുണ്ട്.”

കട്ടിലിൽ കിടന്ന തുണികൾ ഓരോന്നായി മടക്കി വയ്ക്കുമ്പോഴാണ് അവൾ അത് പറഞ്ഞത്.

“എന്തിനാണ് ഈ ആവശ്യമില്ലാതെ ചടങ്ങുകൾ ഒക്കെ? തനിക്കിവിടെ ഞങ്ങൾ എന്തെങ്കിലും കുറവുകൾ വരുത്തുന്നുണ്ടോ?സ്വന്തം മകളെപ്പോലെയല്ലേ അമ്മ തന്നെ നോക്കുന്നത്?”അവൾ സ്നേഹപൂർവ്വം അവന്റെ ചാരയായി വന്നിരുന്നു.

“ഇതൊരു നാട്ടുനടപ്പല്ലേ സുധിയേട്ടാ….. എല്ലാ പെൺകുട്ടികളെയും ഏഴാം മാസത്തിൽ ചടങ്ങുകളോട് തന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും.

പ്രത്യേകിച്ച് ആദ്യത്തെ പ്രസവത്തിന്…രണ്ടാമത്തെ ആയിരുന്നെങ്കിൽ അതത്ര നിർബന്ധമില്ലായിരുന്നു.

സുധിയേട്ടൻ പറഞ്ഞത് ശരിയാണ് എന്റെ വീട്ടുകാർ നോക്കുന്നതിലും സ്നേഹത്തോടെയും സംരക്ഷണയോടെയും കൂടിയാണ്

അമ്മയും സുധിയേട്ടനും എന്നെ നോക്കുന്നത്. പക്ഷേ അതും പറഞ്ഞ് ഞാൻ ചെല്ലാതിരുന്നാൽ അത് എന്റെ അച്ഛനെയും അമ്മയെയും എത്ര വിഷമിപ്പിക്കും?”

“ശരിയാണ് സ്വന്തം മകളുടെ കാര്യത്തിൽ അവർക്കും ഉണ്ടല്ലോ ചില അവകാശങ്ങൾ…അപ്പോൾ എത്രനാൾ കഴിഞ്ഞാണ് താനും നമ്മുടെ കുഞ്ഞും തിരിച്ചു വരിക?”

“കുഞ്ഞിന് തൊണ്ണൂറ് ഒക്കെ എത്തുമ്പോഴാണ് സാധാരണ ഭർത്താവിന്റെ വീട്ടിൽ തിരികെ വരാറ്.”

“അപ്പോൾ ഏകദേശം ആറുമാസം. അതൊരു വലിയ കാലയളവ് ആയിപ്പോയടോ. ഇത്രയും നാൾ താനില്ലാതെ ഞാനും അമ്മയും ഇവിടെ എങ്ങനെ കഴിച്ചുകൂട്ടും?”

“അമ്മയും ഇന്ന് ഈ കാര്യം പറഞ്ഞ് കുറെ സങ്കടപ്പെട്ടു. എനിക്കും സങ്കടമായി. പക്ഷേ ഞാൻ അവിടെ പോയാലെന്താ നിങ്ങൾക്ക് എപ്പോ വേണമെങ്കിലും അങ്ങോട്ട് വരാമല്ലോ… പിന്നെ…. സുധിയേട്ടൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്നു നിൽക്കണേ….”

“അതൊക്കെ നമുക്ക് ആലോചിക്കാം ചിലരൊക്കെ ഇവിടുന്നു പോയിട്ട് വേണം എനിക്കൊന്ന് അടിച്ചുപൊളിക്കാൻ.”അവൻ കളി പറഞ്ഞു.

“ഓഹ് ആയിക്കോട്ടെ ആരും എന്നെ കാണാൻ വരേണ്ട…”
അവൾ കള്ള പരിഭവം നടിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു.

സത്യത്തിൽ അത് കാണാനും കൂടിയാണ് അവനവളെ ശുണ്ഠി പിടിപ്പിച്ചത്.അവൻ അവളുടെ വയറിൽ കൈകൾ അമർത്തിക്കൊണ്ട് അവളോട് ചേർന്ന് കിടന്നു.

“എന്നെ തൊടണ്ട പോ…””അതിന് നിന്നെ ആരാ തൊട്ടത് ഞാൻ നമ്മുടെ കുഞ്ഞിനെയാണ് തൊട്ടത്.”

അതിന് അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.ഇടയ്ക്ക് എപ്പോഴോ ഉറക്കം വന്നപ്പോൾ പരിഭവം മറന്ന് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ പതിവിലും വൈകിയാണ് സുധി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. ചായ എടുക്കാൻ അടുക്കളയിലേക്ക് പോകുന്ന വഴിയാണ് അവളിരുന്ന് എന്തോ കുത്തിക്കുറിക്കുന്നത് കണ്ടത്.

“എന്റെ നിത്യേ നിനക്ക് ഈ നേരം കുറച്ചൊന്ന് നടന്നുടെ….നേരം വെളുത്തോ ഇങ്ങനെ കുത്തിയിരുന്ന് എഴുതാൻ? രാത്രിയുമില്ല പകലുമില്ല ഒരേ എഴുത്തു മാത്രം.”

“സുധിയേട്ടാ ഇതൊന്നു വായിച്ചു നോക്കിയേ…ഇന്നലെ എഴുതിയതിന്റെ ബാക്കി കുറച്ചു കൂടെ ഉണ്ടായിരുന്നു അതാ രാവിലെ എഴുതി തീർത്തത്.”

ഉത്സാഹത്തോടെ അവന് നേരെ നീട്ടിയ പേപ്പർ വാങ്ങി അവൻ ടേബിളിലേക്ക് വെച്ചു.

“എനിക്കൊന്നും വായിക്കേണ്ട….അപ്പൊ താനല്ലേ ഇന്നലെ എഴുതിയില്ലെന്ന് പറഞ്ഞത്? വന്നുവന്ന് എന്നോട് കള്ളം പറഞ്ഞു തുടങ്ങിയോ?”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയ നേരമാണ് വീണ്ടും അമ്മ വന്നത്.” നീ എന്തിനാടാ ഇവളെ ഇതും പറഞ്ഞു ഇങ്ങനെ വേദനിപ്പിക്കുന്നത്?അവൾ ഒറ്റയ്ക്കല്ല ഇപ്പോൾ..അവളുടെ വയറ്റിൽ നിന്റെ കുഞ്ഞുകൂടി വളരുന്നുണ്ട് അതോർമ്മ വേണം. ”

“ഞാൻ അവളുടെ നല്ലതിനുവേണ്ടി തന്നെയല്ലേ അമ്മേ പറയുന്നത്?”” ആയിരിക്കാം അതിങ്ങനെയല്ല പറയുന്നത്… ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ അവളുടെ മനസ്സിന്

സന്തോഷം തരുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. എഴുതുന്നതിലൂടെ അവളുടെ മനസ്സിന് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അവൾ അത് ചെയ്തോട്ടെ നിനക്ക് എന്താ നഷ്ടം? ”

ഇനിയെന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് അവനറിയാമായിരുന്നു.അവളുടെ മുഖം കണ്ടപ്പോൾ വഴക്ക് പറയേണ്ടിയിരുന്നില്ല എന്ന് അവനും തോന്നിപ്പോയി.

ദിവസങ്ങൾ കടന്നുപോയി. അന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ ഒരു വലിയ കേക്കുമായിട്ടാണ് സുധി വന്നത്.

” നാളെ നിത്യയുടെ പിറന്നാളല്ലേ…. അമ്മയാകുന്നതിനു മുന്നേയുള്ള പിറന്നാളല്ലേ… ആഘോഷങ്ങൾക്കും യാതൊരു കുറവും വരുത്തേണ്ട. ”

അവനത് പറയുമ്പോൾ എല്ലാവർക്കും ഒരുപോലെ സന്തോഷമായി.” നിങ്ങൾ രണ്ടാളും കൂടി നാളെ രാവിലെ ഒന്ന് അമ്പലത്തിൽ പോയി വാ… അപ്പോഴേക്കും ഞാൻ ഇവിടെ ചെറിയ സദ്യവട്ടങ്ങൾ തയ്യാറാക്കി വെക്കാം. ”

അവർ ഇരുവരും അത് ശരിവെച്ചു.പിറ്റേന്ന് രാവിലെ അമ്മ സമ്മാനമായി അവൾക്ക് ഒരു സ്വർണ്ണ നിറത്തിൽ കസവുകരയുള്ള സെറ്റ് സാരി കൊടുത്തു.

“ഞാനിതുവരെ ഉടുക്കാതെ സൂക്ഷിച്ച് വെച്ചതാണ് ഇത്. ഇനി ഇത് മോൾക്ക് ഇരിക്കട്ടെ.”

അവൾ അത് സന്തോഷത്തോടെ വാങ്ങുകയും അമ്പലത്തിൽ പോകാൻ അത് തന്നെ ഉടുക്കുകയും ചെയ്തു. അമ്പലത്തിൽ പോകാൻ വണ്ടി എടുക്കാൻ നിന്ന സുധിയെ അവൾ തടഞ്ഞു.

” ഈ വരമ്പ് മുറിച്ചു കടന്നാൽ അമ്പലം എത്തിയില്ലേ സുധിയേട്ടാ നമുക്ക് നടന്നു പോകാം… ”

അവളുടെ നിർബന്ധപ്രകാരം അവളുടെ കയ്യും പിടിച്ച് ആ പാടവരമ്പിലൂടെ നടക്കുമ്പോൾ ഒരു പ്രത്യേക സുഖം ഉണ്ടെന്ന് അവന് തോന്നി.

“ക്ഷീണമുണ്ടോ എന്ന് അവൻ ഇടയ്ക്കിടെ ചോദിച്ചെങ്കിലും ഒരു തളർച്ചയും കൂടാതെയാണ് അവൾ നടന്നത്.”

വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ നല്ല നെയ്യിൽ മൊരിയുന്ന ദോശയുടെ ഗന്ധം അവളെ കൊതി പിടിപ്പിച്ചു. അവൾക്കേറെ പ്രിയപ്പെട്ട ഒന്നായിരുന്നു നെയ്യിൽ നല്ലപോലെ മൊരിച്ചെടുക്കുന്ന

ദോശ.അമ്മയ്ക്ക് പ്രസാദവും നൽകി ഡ്രസ്സ് മാറാൻ മുറിയിൽ എത്തിയപ്പോഴാണ് കണ്ണടയ്ക്കാൻ സുധി അവളോട് ആവശ്യപ്പെട്ടത്.. അപ്പോഴും അവൻ കയ്യിൽ എന്തോ മറച്ചു വച്ചിരുന്നു.

അവൾ കണ്ണുകൾ അടച്ച് തുറക്കുമ്പോൾ കയ്യിൽ അവൻ വച്ചു കൊടുത്ത പുസ്തകം കണ്ട് അവൾക്ക് അത്ഭുതം ഒന്നും തോന്നിയില്ല.

താൻ സ്ഥിരം വരുത്താനുള്ള ‘ചിരാത്’ എന്ന മാസികയുടെ പുതിയ ലക്കം. പത്രക്കാരൻ എല്ലാ ആഴ്ചയിലെ പോലെ ഇന്നും ഇതിവിടെ ഇട്ടതല്ലേ?അതിൽ എന്താണ് ഇത്ര പുതുമ എന്നുള്ള മട്ടിൽ അവൾ അവനെ നോക്കി.

“തനിക്ക് ഏറെ ഇഷ്ടമുള്ള ആഴ്ചപ്പതിപ്പ് അല്ലേ?എഴുത്തുകളുടെ ഒരു ചെറിയ ലോകം. മനസ്സിനെ സ്പർശിക്കുന്ന എന്തെങ്കിലും ഈ ലക്കത്തിൽ ഉണ്ടോയെന്ന് വെറുതെ ഒന്നു മറച്ചു നോക്കൂ..”

അവൻ പറയുന്നതൊന്നും അവൾക്ക് മനസ്സിലായില്ല. എങ്കിലും ഓരോ പേജുകളിലൂടെയും വെറുതെ ഒന്ന് കണ്ണോടിക്കുമ്പോൾ ഒരു താളിൽ അവളുടെ കണ്ണുകളുടക്കി.തന്റെ കണ്ണിനെ വിശ്വസിക്കാൻ ആകാതെ അവൾ അവനെ നോക്കി.

‘മധുരം ‘എന്ന പേരിൽ അച്ചടിച്ച കഥയുടെ കൂടെ തന്റെ പേരും ഫോട്ടോയും.!”അന്ന് താൻ എന്നോട് വായിക്കാൻ പറഞ്ഞിട്ട് വായിക്കാതെ ഞാൻ ആ ടേബിളിലേക്ക് ഇട്ട കഥയാണിത്.

തന്നെ വേദനിപ്പിച്ച കുറ്റബോധത്തിൽ വെറുതെ ഒന്ന് വായിച്ചു നോക്കിയതാ. പക്ഷേ അത്രമേൽ ഇത് മനസ്സിനെസ്പർശിച്ചു.

താൻ ഇത്ര നന്നായി എഴുതുമെന്ന് എനിക്കറിയില്ലായിരുന്നു. പിറ്റേന്ന് തന്നെ ഈ മാസികയുടെ കൂടെ കൊടുത്ത അഡ്രസ്സിൽ ഞാനിത് അയച്ചുകൊടുത്തു.

ഇത്ര നല്ല എഴുത്തിനെ അവർ ഒരിക്കലും നിരസിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഇത് ഇവിടെ എത്തിയത് മറ്റൊരു നിമിത്തം.”

സന്തോഷം അടക്കാൻ ആകാതെ അവളുടെ മിഴികൾ നിറഞ്ഞു.” താങ്ക്സ് സുധിയേട്ടാ… ഇത്രയും വിലപ്പെട്ട പിറന്നാൾ സമ്മാനം എനിക്ക് തന്നതിന്. ”

“താൻ ഇനിയും എഴുതണം. തന്റെ കഴിവുകൾ ഒരിടത്തും തളച്ചിടേണ്ടതല്ല.”അവൻ അവളുടെ നെറുകയിൽ സ്നേഹപൂർവ്വം ചുംബിച്ചു

Leave a Reply

Your email address will not be published. Required fields are marked *