(രചന: അംബിക ശിവശങ്കരൻ)
വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടന്നു തുടങ്ങിയപ്പോഴാണ് തനിക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൃഷ്ണ മനസ്സിലാക്കിയത്.
എത്ര വേഗമാണ് വർഷങ്ങൾ കടന്നുപോയത്? ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക്… കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് എത്ര വേഗത്തിലാണ് ജീവിതം തന്നെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത്?
പക്ഷേ ഇത്രയൊക്കെ വർഷങ്ങൾ പിന്നിട്ടിട്ടും വളർച്ച തന്റെ ശരീരത്തിന് മാത്രമായിരുന്നുവോ? അഞ്ചാം ക്ലാസുകാരിയിൽ നിന്നും തന്റെ മനസ്സ് മുക്തി നേടിയിട്ടില്ലെന്നോ?
അവൾ ദീർഘമായി നിശ്വസിച്ചു.
“നീ ഇനിയും റെഡിയായില്ലേ കിച്ചു.. അവർ ഇപ്പോൾ വരും.”എപ്പോഴത്തെയും പോലെ അമ്മയുടെ ഓർമ്മപ്പെടുത്തൽ.
ആറുമാസം മുൻപ് വരെ പഠനം പൂർത്തിയാകട്ടെ എന്ന് പറഞ്ഞാണ് വീട്ടുകാർക്ക് മുന്നിൽ പിടിച്ചുനിന്നത്. പഠനം പൂർത്തിയാക്കാൻ അവർ നാളുകൾ എണ്ണി കാത്തിരുന്നതുപോലെയാണ്
പലപ്പോഴും തോന്നിയിട്ടുള്ളത്. മിക്ക പെൺകുട്ടികളെ സംബന്ധിച്ചും വിവാഹത്തിന് തടസ്സം പറയാനുള്ള ഏക തുറപ്പ് ചീട്ട് പഠനം മാത്രമാണല്ലോ..
പഠനം കഴിഞ്ഞതും പിന്നെയും ഒഴിവു കഴിവുകൾ പറഞ്ഞ തന്റെ മേൽ പിന്നീട് വീട്ടുകാരുടെ സംശയദൃഷ്ടി പതിച്ചത് അവൾ അറിഞ്ഞു. ഇനി തന്റെ മകളെങ്ങാൻ ഏതെങ്കിലും പ്രണയബന്ധത്തിൽ
അകപ്പെട്ടിട്ടുണ്ടാകുമോ എന്നുള്ള മട്ടിലുള്ള രക്ഷിതാക്കളുടെ പെരുമാറ്റം കണ്ടു തുടങ്ങിയപ്പോൾ പിന്നെ കൃഷ്ണ എതിർപ്പൊന്നും പ്രകടിപ്പിക്കാതെയായി.
മനസ്സിലാ മനസ്സോടെ പലരുടെയും മുന്നിൽ കെട്ടിയൊരിങ്ങി നിൽക്കുമ്പോൾ മനസ്സുകൊണ്ട് ദൈവത്തെ വിളിച്ചതിന് കയ്യും കണക്കും ഉണ്ടായിരുന്നില്ല. ദൈവം തന്റെ പ്രാർത്ഥന കേൾക്കും പോലെ അന്നേരമെല്ലാം അവളെ തുണച്ചത് ജാതകം എന്ന രൂപത്തിലാണ്.
“പെണ്ണിനെ ചൊവ്വാദോഷം ഉണ്ടത്രേ… അതുകൊണ്ട് എല്ലാ ജാതകങ്ങളും ചേരില്ല പോലും. ശുദ്ധ ജാതകക്കാരെ ഇനി കൊണ്ടുവരേണ്ട കുമാരേട്ടാ ദോഷമുള്ള ജാതകം തന്നെ വേണം.
അതും എല്ലാം നാളുകളും ചേരുകയുമില്ല ചേരുന്ന നാളുകൾ ഞാൻ എഴുതിത്തരാം കൊണ്ടുവരുന്നവരോട് ഇത് നോക്കി പൊരുത്തം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്ന് പറഞ്ഞേക്കു… വെറുതെ എത്രയെന്ന് വെച്ചാ ആ പെണ്ണ് എല്ലാവരുടെ മുന്നിലും ഇങ്ങനെ കെട്ടി ഒരുങ്ങി നിൽക്കുന്നത്? അതിന്റെ മനസ്സും മടുക്കില്ലേ?”
അമ്മ ബ്രോക്കർ ആയ കുമാരേട്ടനോട് പറയുന്നത് കേട്ടപ്പോഴാണ് മനസ്സിന് ആശ്വാസമായത്.
ഇനിയിപ്പോൾ ചേരുന്ന ജാതകം കിട്ടാൻ കുറച്ചു പ്രയാസം ആയിരിക്കും എന്ന് മനസ്സിൽ ആശ്വസിച്ചുകൊണ്ടിരുന്നപ്പോഴാണ് രണ്ടാഴ്ച കഴിഞ്ഞതും അയാൾ വീണ്ടും വന്നത്.
“നല്ല ചേർച്ചയുള്ള അസ്സൽ ഒരു ജാതകം ഒത്തു വന്നിട്ടുണ്ട്. അശ്വതിയാണ് നക്ഷത്രം. പൊരുത്തമൊക്കെ അവർ നോക്കി പത്തിൽ ഏഴ് പൊരുത്തം ഉണ്ടെന്ന പറഞ്ഞത്. ചെക്കനു ബിസിനസ് ആണ്. എനിക്കറിയാവുന്ന കൂട്ടര…… അവര് വന്ന് കണ്ട് ഇതൊന്നു ഒത്തു കിട്ടിയാൽ നിങ്ങൾ രക്ഷപ്പെട്ടു.”
സത്യം പറഞ്ഞാൽ അമ്മയ്ക്കും അച്ഛനും അങ്ങേയറ്റം സന്തോഷമായെങ്കിലും അവൾക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നി.
” കമ്മീഷൻ കിട്ടാൻ വേണ്ടി മാത്രമാണ് അയാൾ ഇങ്ങനെ തന്റെ ജീവിതം വെച്ച് പന്ത് ആടുന്നത്. ആ പൈസ കൊടുത്താൽ എങ്കിലും ഇയാൾ തന്നെ വെറുതെ വിടുമെങ്കിൽ ആരെ കൊന്നായായാലും താനത് ചെയ്തേനെ… “”ദേ അവർ എത്തി.”
അമ്മയുടെ വെപ്രാളം കേട്ടാണ് അവൾ ചിന്തയിൽ നിന്ന് മുക്തയായത്. മുടി ഒന്ന് ഒതുക്കി വെച്ച് ഒരു ചെറിയ കമ്മൽ മാത്രം ഇട്ടുകൊണ്ട് അവൾ അവർക്ക് മുന്നിൽ ചെന്ന് നിന്നു. തന്നെ അവർക്ക് ഇഷ്ടമാകരുത് എന്ന് കരുതിയാണ് ഒരു തരി പൗഡർ പോലും ഇടാതിരുന്നത്.
അതിന് അമ്മ കുറ്റവാളിയെ പോലെ അവളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. അവർക്ക് തന്നെ ഇഷ്ടം ആകാതിരുന്നാൽ അത് തന്റെ തലയിൽ ആകില്ലല്ലോ.. അവൾ ആരെയും വിശദീകരിച്ചു നോക്കിയില്ല എല്ലാവരുടെ മുഖത്തേക്കു ഒരു മിന്നായം പോലെ പാളി നോക്കി അത്രമാത്രം.
കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാമെന്ന് മുതിർന്ന ആരോ പറഞ്ഞപ്പോൾ തനിക്ക് ഒന്നുമില്ല എന്ന് അവൾ മനസ്സിൽ മന്ത്രിച്ചു തുടങ്ങും മുന്നേ പയ്യൻ എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു കഴിഞ്ഞിരുന്നു.
“എന്റെ പേര് വിനീഷ്. ബിസിനസ് ആണ്. എനിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവ് ഒന്നുമില്ല. പക്ഷേ എനിക്ക് മാത്രം ഇഷ്ടം ആയതു കൊണ്ട് ആയില്ലല്ലോ..”
വിനീഷിന്റെ മുന്നിൽ അവൾ നിന്ന് പരുങ്ങി.എന്തൊക്കെയോ തുറന്നുപറയണമെന്ന് മനസ്സ് കൊതിച്ചെങ്കിലും വാക്കുകളത്രയും തൊണ്ടയിൽ ഉടക്കി നിന്നു.
“എന്താടോ ഇങ്ങനെ നിന്ന് വിയർക്കുന്നത്? തനിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവ് ഉണ്ടോ? അതോ എന്നെ ഇഷ്ടമായില്ലേ? എന്തായാലും തുറന്നു പറഞ്ഞോളൂ?”
” അത്.. അത് പിന്നെ… എനിക്ക്…. ഇഷ്ടക്കുറവൊന്നുമില്ല. “ആ മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറയാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.
പിന്നീട് വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ ഓരോന്നായി നടക്കുമ്പോഴും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ടെൻഷൻ ഉടലെടുത്തുകൊണ്ടിരുന്നു.
കല്യാണദിവസം വിനീഷിന്റെ താലി കഴുത്തിൽ വീഴുമ്പോൾ നെഞ്ചിടിപ്പ് എന്നത്തേക്കാളും വേഗതയിലായെന്ന് അവൾക്ക് തോന്നിപ്പോയി.
ഇനി തന്റെ ജീവിതത്തിൽ ഒരു പുരുഷൻ കൂടെയുണ്ടാകും. അയാൾ തന്നെ സ്പർശിക്കും, ആലിംഗനം ചെയ്യും, അങ്ങനെ പലതുമായി തന്റെ ശരീരം അയാൾക്ക് സമർപ്പിക്കേണ്ടി വരും. അവൾക്കാകെ തലകറങ്ങുന്നത് പോലെ തോന്നി. ഒരു വിധമാണ് അവൾ താലികെട്ട് കഴിയുന്നതുവരെ പിടിച്ചുനിന്നത്.
അവളുടെ പിരീഡ്സിന്റെ ഡേറ്റ് എല്ലാം നോക്കിയാണ് വിവാഹ തീയതി നിശ്ചയിച്ചതെങ്കിലും താലികെട്ട് കഴിഞ്ഞ് വിനീഷിന്റെ വീട്ടിലെത്തി റിസപ്ഷന് വേണ്ടി ഡ്രസ്സ് മാറാൻ തുടങ്ങിയപ്പോഴാണ്
താൻ പീരിയഡ് ആയി എന്ന സത്യം അവൾ തിരിച്ചറിഞ്ഞത്. ചിലപ്പോൾ കുറച്ചു ദിവസങ്ങളായുള്ള അമിതമായ ടെൻഷൻ കാരണമാകാം…
അതറിഞ്ഞതും വിനീഷിന്റെ വീട്ടിലെ ചില ബന്ധുക്കൾക്കിടയിൽ അടക്കം പറച്ചിൽ തുടങ്ങി.
എന്നാലും കേറി വന്നപ്പോഴേക്കും ദുർ
നിമിത്തമായല്ലോ എന്ന് തുടങ്ങി പലരും പലതും പറഞ്ഞുതുടങ്ങി. അപ്പോഴും വിനീഷും അവന്റെ അമ്മയും അവളെ ചേർത്തുപിടിച്ചു.
“മോൾ ഇതൊന്നും കാര്യമാക്കേണ്ട ഇതൊക്കെ സർവ്വസാധാരണമാണ് മോൾ വേഗം ഡ്രസ്സ് മാറി വാ ആളുകളൊക്കെ കാത്തിരിക്കുന്നു.”
അമ്മയുടെ സ്നേഹം കണ്ട് അവളുടെ മനസ്സ് നിറഞ്ഞപ്പോഴും ഇന്ന് തന്നെ ആർത്തവം ആയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഈ കാരണം കൊണ്ട് തന്നെ വിനീഷേട്ടനെ അകറ്റി നിർത്താമല്ലോ എന്നാണ് അവൾ ചിന്തിച്ചത്.
റിസപ്ഷൻ കഴിഞ്ഞപ്പോഴേക്കും അവൾ ആകെ തളർന്നിരുന്നു. ഫ്രഷായി മുറിയിൽ എത്തുമ്പോൾ കാലും നടുവുമെല്ലാം നല്ലപോലെ കടയുന്നുണ്ടായിരുന്നു. ബെഡിൽ കിടന്ന് ഞെരിയുന്ന അവളുടെ പുറകിൽ വന്ന് കിടന്ന് അവൻ അവളെ ചേർത്തുപിടിച്ചതും അവൾ ഞെട്ടിത്തരിച്ചു കൊണ്ട് കുതറി മാറി.
“എന്താടോ? ഞാനാണ് എന്തിനാണ് ഇങ്ങനെ വിറക്കുന്നത്?”അവൾ ഒന്നുമില്ലെന്ന് തലയാട്ടി.” താൻ ഇവിടെ വന്ന് കിടക്ക്. ഇത്ര സമയം റസ്റ്റ് എടുക്കാൻ പറ്റിയില്ലല്ലോ.. ”
കയ്യിൽ കരുതിയ ഹോട്ട് ബാഗ് അവൻ അവളുടെ വയറിലേക്ക് വയ്ക്കാൻ തുനിഞ്ഞപ്പോൾ ഞാൻ ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് അവൾ അത് അവന്റെ കയ്യിൽ നിന്ന് വാങ്ങി തന്റെ വയറിലേക്ക് വെച്ചു.
കണ്ണുകൾ അടച്ചു കിടക്കുമ്പോൾ അവൻ അവളുടെ ചാരയായി വന്നു കിടന്നു. നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചെങ്കിലും അവൾ അനങ്ങിയില്ല. അവൻ അവളുടെ നെറുകയിൽ മെല്ലെ ചുംബിച്ചു.
“ദൈവമേ തനിക്ക് പിരീഡ്സ് ആണെന്ന് അറിഞ്ഞിട്ടും ഇയാൾ ഇനി എന്താ ചെയ്യാൻ പോകുന്നത്?”
അവളുടെ മനസ്സ് എന്തെന്നറിയാതെ ആകുലതപ്പെട്ടു. ആ ചുംബനത്തിനുശേഷം അവൻ തന്റെ കൈ അവളുടെ വയറിൽ മെല്ലെ വച്ചുകൊണ്ട് അങ്ങനെ തന്നെ കിടന്നു.
“എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ പറയാൻ മറക്കേണ്ട കേട്ടോ.”അവൾ മൂളി.
അരണ്ട വെളിച്ചം കടന്നുവരുന്ന മുറിയിൽ കണ്ണുകൾ ഒരല്പം തുറന്ന് തന്റെ ചാരയായി കിടക്കുന്ന ആ മനുഷ്യരൂപത്തെ അവൾ ഒന്നു നോക്കി. ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു. കൈകൾ ഇപ്പോഴും തന്റെ വയറിൽ തന്നെയാണ്. അത് എടുത്തുമാറ്റാൻ അവൾ തുനിഞ്ഞില്ല.
സത്യം പറഞ്ഞാൽ ഇങ്ങനെയൊരു സ്നേഹം ഏൽക്കാൻ മനസ്സ് എപ്പോഴോ കൊതിച്ചതല്ലേ? പക്ഷേ ഒരു സ്പർശനം ഏറ്റാൽ പോലും തന്നിൽ ഒരു അസ്വസ്ഥതയുണ്ടാകുന്നത് എന്തുകൊണ്ടാണ്?
ആദ്യമായി തന്റെ ഭർത്താവിൽ നിന്ന് ഒരു ചുംബനം ഏറ്റപ്പോൾ പോലും തന്നിൽ ഒരു അനിഷ്ടം പ്രകടമായത് എന്തുകൊണ്ടാണ്? തിരികെയൊരു ചുംബനം ആ മനുഷ്യനും കൊതിച്ചു കാണില്ലേ? ചുംബനം പോയിട്ട് പ്രണയത്തോടെ ഒന്ന് നോക്കാൻ പോലും തനിക്ക് കഴിയാതിരുന്നത് എന്താണ്? ”
ഈ സ്പർശനം ഏൽക്കുമ്പോഴൊക്കെയും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു മുഖം മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടോ? ഒന്നുമറിയാത്ത പ്രായത്തിൽ തന്നിലേറ്റ വേദനയിന്നും ഉള്ളിൽ അങ്ങനെ ഉണങ്ങാത്ത മുറിവായി നീറുന്നുണ്ടോ? അഞ്ചാം ക്ലാസിലെ അധ്യാപകൻ…
മകളെപ്പോലെ കാണേണ്ട തന്നെയെന്ന് അയാൾ… ആഴത്തിൽ കൊത്തിവലിച്ച മുറിപ്പാട് ഇപ്പോഴും മനസ്സിൽ അങ്ങനെ മായാതെ കിടപ്പുണ്ട്.
അറിവ് പകർന്നു തരേണ്ട അധ്യാപകൻ തന്നെ… ആ കൈക്കുള്ളിൽ കിടന്ന് ഞെരിഞ്ഞ നിമിഷം മുതൽ മനസ്സിനുള്ളിൽ കയറി കൂടിയ ഭയമാണ്. ഏതൊരാണിന്റെ സ്പർശനവും….. എന്തിന് സ്വന്തം അച്ഛൻ തൊടുമ്പോൾ
പോലും അഞ്ചാം ക്ലാസുകാരിയായി താൻ മാറാറുണ്ട്.
ആ ക്രൂരമായ മുഖം മനസ്സിൽ മിന്നിമായാറുണ്ട്.
കിടപ്പറ എന്നത് തന്നിൽ ഒരു പേടിസ്വപ്നമായി മാറിയത് അങ്ങനെയാണ്. എന്താണ് തനിക്ക് പറ്റിയതെന്ന് ചോദിക്കുമ്പോഴും മൗനമായി നിൽക്കേണ്ടി വരുന്നത് അതുകൊണ്ട്
മാത്രമാണ്. തന്നെ കൊത്തിവലിച്ച അയാളുടെ കൈകളാണ് ഞാൻ നിങ്ങളിലും കാണുന്നതെന്ന് എങ്ങനെയാണ് ഈ മനുഷ്യനോട് പറയേണ്ടത്?”
അവളുടെ കണ്ണുകൾ നിറഞ്ഞു
പിറ്റേന്ന് അവൾ ഉണരും മുന്നേ വിനീഷ് ഉണർന്നിരുന്നു. വേഗം എഴുന്നേറ്റ് കുളി കഴിഞ്ഞ് അടുക്കളയിൽ എത്തുമ്പോൾ വിനീഷിന്റെ അമ്മ നിറഞ്ഞ പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു.
“കല്യാണ പിറ്റേന്ന് അമ്പലത്തിൽ പോക്ക് പതിവുള്ളതാണ്.സാരമില്ല ഇതൊക്കെ കഴിഞ്ഞ് രണ്ടാളും പോയാൽ മതി. ഈ സമയത്ത് നല്ല വിശപ്പുണ്ടാകും മോള് വാ ഞാൻ കഴിക്കാൻ വിളമ്പാം.”
സ്നേഹം ചേർത്ത് അവർ വിളമ്പുന്ന ആഹാരത്തിന് വല്ലാത്ത രുചി തോന്നി. ഈ അമ്മയുടെ മകനും സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ എന്ന് അവൾക്ക് ഉറപ്പായിരുന്നു.
അന്ന് അത്യാവശ്യം അയൽ വീടുകളിൽ മാത്രം പോയി കൊണ്ട് അവനവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞു.
അന്ന് രാത്രിയും കിടക്കാൻ നേരം അവൾ കിടന്നു വേദന കൊണ്ട് ഞെരിപിരി കൊള്ളുന്നത് കണ്ട് അവൻ അവളുടെ കാൽ തന്റെ മടിയിൽ എടുത്തു വെച്ച് മുട്ടിന് താഴോട്ട് നല്ലപോലെ മസാജ് ചെയ്തു കൊടുത്തു. ആദ്യം അനിഷ്ടം പ്രകടിപ്പിച്ച അവൾ പിന്നീട് മറുതൊന്നും പറഞ്ഞില്ല.
എല്ലാ സ്പർശനങ്ങൾക്കും ആ ദുഷ്ടന്റെ കരങ്ങൾ സമ്മാനിച്ച വീർപ്പുമുട്ടൽ ആയിരുന്നില്ല എന്ന് അവൾ ആ നിമിഷം തിരിച്ചറിഞ്ഞു. ഇതിൽ സ്നേഹമുണ്ട്, വാത്സല്യം ഉണ്ട്, തനിക്ക് അത് അറിയാൻ
കഴിയുന്നമുണ്ട്. സ്വന്തം അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു മകനും മറ്റൊരു പെണ്ണിനെയും വേറൊരു അർത്ഥത്തിൽ കാണാൻ കഴിയില്ല. അവൾ കുറെ നേരം അവനെ തന്നെ നോക്കി കിടന്നു.
രാത്രി തന്റെ ഭർത്താവിന്റെ ചാരെ കിടക്കുമ്പോൾ ഇന്നലെ ചിന്തിച്ചതിൽ നിന്നും മാറി അവളുടെ മനസ്സ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
“ഇനിയെങ്കിലും ആ ക്രൂരന്റെ ഓർമ്മകൾ മണ്ണിട്ട് മൂടണം ഇനിയെങ്കിലും എല്ലാം മറന്നു എന്ന് ജീവിക്കണം… “അവൾ പ്രണയപൂർവ്വം അവന്റെ ചുംബനം ഏറ്റുവാങ്ങി.
ചില ഓർമ്മകൾ മറവിയ്ക്ക് വിട്ട് കൊടുത്തെങ്കിൽ മാത്രമേ ജീവിതം ധന്യമാകൂ..