വസന്തം
(രചന: Aneesha Sudhish)
റസിഗ്നേഷൻ ലെറ്റർ കൊടുത്ത് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നിലെ വസന്തം അവിടെ തീരുകയായിരുന്നു.
എല്ലാവരോടും ഒന്ന് ചിരിച്ചെന്നു വരുത്തി. അരുണിനെ ഫെയ്സ് ചെയ്യാനായിരുന്നു ഏറ്റവും വിഷമം .ആ കണ്ണിലെ പ്രണയവും ദുഃഖവും മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് തനി നാട്ടിൻപുറത്തുകാരിയായ താൻ ഈ ബാംഗ്ലൂർ നഗരത്തിലേക്ക് വരുമ്പോൾ ഒരുപാട് ഭയപ്പെട്ടിരുന്നു.
എല്ലാത്തിൽ നിന്നും ഒതുങ്ങി നിന്ന ആ നാടൻ പെണ്ണിൽ നിന്ന് ഇന്നീ നിലയിൽ എത്തിച്ചത് അരുൺ ആയിരുന്നു.
ആ വെള്ളാരം കണ്ണുകൾ എന്നെ അത്രയധികം സ്വാധീനിച്ചിരുന്നു.പക്ഷേ എല്ലാം നഷ്ടമായിരിക്കുന്നു ഇത്തവണ നാട്ടിൽ പോകുമ്പോൾ അരുണിന്റെ കാര്യം വീട്ടിൽ പറയാൻ ഇരുന്നതായിരുന്നു.
അപ്രതീക്ഷിതമായ അനിയത്തിയുടെ ഒളിച്ചോട്ടം അതിനെ തുടർന്നുണ്ടായ അച്ഛൻറെ നെഞ്ചുവേദന പിന്നെ മുറച്ചെറുക്കനായ ദേവേട്ടനുമായുള്ള തന്റെ വിവാഹം ഉറപ്പിക്കൽ എല്ലാം പെട്ടെന്നായിരുന്നു.
എന്നോട് ആരും ഒന്ന് ചോദിച്ചു പോലുമില്ല ഒരാഴ്ച കൊണ്ട് തന്റെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുന്നു.
എല്ലാം തുറന്നു പറയാൻ പോയതാണ് പക്ഷേ അമ്മയുടെ വാക്കുകൾ ഇനിയൊരു ആഘാതം അച്ഛന്റെ മനസ്സിനു താങ്ങാനാവില്ലെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നിനും കഴിഞ്ഞില്ല.
ഹൃദയം പൊട്ടുന്ന വേദനയിലും അരുൺ അതുതന്നെയാണ് പറഞ്ഞത് എല്ലാം മറക്കാം എന്ന്.
സഹോദരനായി കണ്ടയാളെ ഇനി മുതൽ ഭർത്താവായി കാണേണ്ടി വരുക ഓർക്കാൻ കൂടി പറ്റാതായിരിക്കുന്നു.. ദേവേട്ടൻ എങ്ങനെ സമ്മതിച്ചുവെന്ന് അറിയില്ല..
അച്ഛനോടുള്ള കടമയാൽ സമ്മതിച്ചതായിരിക്കും.. ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ടു പോലും എന്നെ ഇതുവരെ മറ്റൊരു തരത്തിൽ കണ്ടിട്ടില്ല..
കണ്ണുകൾ ഇറുക്കെയടച്ചു. നിറഞ്ഞു തുളുമ്പിയ കണ്ണുനീർ കവിളിനെ ചുട്ടുപൊളളിച്ചു കൊണ്ട് ഒലിച്ചിറങ്ങി…
“അനൂ “ലിഫ്റ്റിലേക്ക് കയറാൻ നിക്കുമ്പോൾ ആണ് ആ വിളി കേട്ടത്. ഒരു വിഷാദ ചിരിയോടെ അരുൺ.
“എന്നോട് മാത്രം ഒന്നും പറയാതെ പോവുകയാണോ ആണോ ? അറ്റ്ലീസ്റ്റ് വിവാഹമെങ്കിലും ഒന്നു ക്ഷണിച്ചൂടെ ? ”
“അരുൺ …..ഞാൻ ……”അവനോട് എന്നും വാചാലയായിരുന്ന ഞാനിന്ന് വാക്കുകൾക്കായി ബുദ്ധിമുട്ടി.
“തന്നെ എനിക്ക് വിധിച്ചിട്ടില്ലെടോ എന്നും പറഞ്ഞ് ഒരു കുഞ്ഞ് ബോക്സ് എന്റെ കൈയ്യിലേക്ക് വച്ചു തന്നു.
അമ്പരപ്പോടെ ആ മുഖത്തേക്ക് ഒന്ന് നോക്കി നിർവികാരനായി നിൽക്കുന്ന അരുണിനെ കണ്ടപ്പോൾ ഹൃദയം എവിടെയൊക്കെയോ കൊളുത്തി പിടിക്കുന്നത് പോലെ .
“തനിക്കായി എന്റെ വിവാഹസമ്മാനം ഒരു കുഞ്ഞു മോതിരം … നീ എന്റേതാകുന്ന നിമിഷം കൈയ്യിലണിയിക്കാൻ വാങ്ങിയതാണ്.
“കണ്ടുമുട്ടരുതായിരുന്നു അല്ലേ അരുൺ ….? ഒത്തിരി സ്നേഹിച്ച് ഒത്തിരി വേദന തന്നല്ലേ ഞാൻ പോകുന്നത് നിസ്സഹായയാണ് ഞാനിപ്പോൾ….
ചിലപ്പോൾ ബന്ധങ്ങളും നമ്മുക്ക് ദു:ഖങ്ങൾ തരും അല്ലേ? ആരും ഇല്ലാതിരിക്കുന്നതാണ് ഒരർത്ഥത്തിൽ നല്ലത് അല്ലെങ്കിൽ പിന്നെ പ്രണയം ഒരിക്കലും തോന്നരുത് ”
ലിഫ്റ്റിലേക്ക് അതും പറഞ്ഞ് കയറുമ്പോൾ അരുണും കൂടെ കയറിയിരുന്നു…
താൻ ഇങ്ങനെ ഒന്നും ചിന്തിക്കാതെടോ തനിക്ക് എല്ലാവരും ഇല്ലേ ആരുമില്ലാത്തവന്റെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല .
ലക്കിയസ്റ്റ് പേഴ്സൺ എന്നൊക്കെ പറയുന്നത് ദേവനെ പോലുള്ളവരാണ് ഞാനെന്നും അൺ ലക്കി ആണെടോ….
ഞാനും വൈകാതെ ഇവിടം വിടും …. മടുത്തു.. താനില്ലാതെ എനിക്കിവിടെ വയ്യ …”അരുൺ …..എന്താ തന്നോട് പറയേണ്ടതെന്നറിയില്ല അത്രമാത്രം തന്നെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് തന്നെ നഷ്ടപ്പെട്ടാൽ ഇനിയുള്ള ജീവിതം എന്താകുമെന്നും അറിയില്ല……”
“ഏയ് എന്താടോ ഇത് തന്റെ ജീവിതം ഒരു പാട് സന്തോഷം നിറഞ്ഞതാവട്ടെ…ഇതൊന്നും ആകില്ല ഇനിയുളള ജീവിതം വിവാഹം കഴിഞ്ഞാൽ ഏതൊരു പെണ്ണിനെയും പോലെ താനും പൊരുത്തപെടും ആ ജീവിതത്തോട്… ഒരു കുട്ടിയൊക്കെ ആയാൽ പിന്നെ എന്നെ ഓർമ്മ കൂടി കാണില്ല ….”
ഞങ്ങൾക്കു മുന്നിൽ തുറന്ന ലിഫ്റ്റിന്റെ വാതിൽ അടയും മുമ്പ് പുറത്തേക്കിറങ്ങി അരുണത് പറഞ്ഞപ്പോൾ ഇത്രയും നാൾ സ്നേഹിച്ച അരുണിലെ മാറ്റം ഞാൻ കാണുകയായിരുന്നു…
മനസ് കല്ലാക്കിയാണത് പറഞ്ഞതെന്ന് എനിക്കറിയാമായിരുന്നു..”എനിക്കറിയില്ല എന്തൊക്കെ സംഭവിക്കുമെന്ന് . പക്ഷേ ഒന്നറിയാം നിന്നെ പ്രണയിച്ച പോലെ എനിക്കൊരിക്കലും ദേവേട്ടനെ പ്രണയിക്കാൻ ആവില്ല… അടുത്ത ജന്മമുണ്ടെങ്കിൽ പൂമ്പാറ്റകളായി ജനിക്കണം അരുൺ ….
ഓരോ വസന്തത്തിലും ഇണ പിരിയാതെ ഓരോ പൂവിലും മധു നുകർന്ന് ജീവിതാവസാനം വരെ ഒരു ബന്ധത്തിന്റെയും കൈ കടത്തലില്ലാതെ …..””അങ്ങനെ നടക്കാൻ ആഗ്രഹിക്കാം അനു …..ശരി നേരം വൈകണ്ട തന്നെ യാത്രയാക്കാൻ ഞാനും വരുന്നുണ്ട് . ”
എനിക്കായ് വീണ്ടും ഒരു പുഞ്ചിരി നൽകിവെള്ളാരം കല്ലുള്ള കണ്ണുകൾ നിറയാൻ സമ്മതിക്കാതെ അവൻ നടന്നകന്നു.
ഇനിയൊരു വസന്തം ഞങ്ങൾക്കിടയിൽ ഉണ്ടാകുമോ അറിയില്ല ആ കുഞ്ഞു ബോക്സ് മുറുകെ പിടിച്ചുകൊണ്ട് ഞാൻ അങ്ങനെ തന്നെ നോക്കി നിന്നു …….
ചിലപ്പോൾ ജീവിതം ഇങ്ങനെയാണ് വിധിയെ പഴിച്ച് സ്വയം ഉരുകി ജീവിതം ജീവിച്ചു തീർക്കണം….
ബന്ധങ്ങൾ ബന്ധനങ്ങളായി മാറി എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി പുറമെ ചിരിച്ച് ജീവിക്കുന്നവർ എത്രയോ പേർ നമ്മുക്ക് ചുറ്റുമുണ്ടായിരിക്കാം അല്ലേ….