പ്രണയാർദ്രമായി
(രചന: Athira Rahul)
ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത് ഫോണിലൂടെയുള്ള കൂട്ടുകാരന്റെ വാക്കുകൾ അവിശ്വാസനീയമായാണ് അഭിയുടെ കാതിൽ പതിഞ്ഞത്…
നിറഞ്ഞുവന്ന മിഴികൾ ഒന്നമർത്തി തുടച്ചുകൊണ്ട് നിന്നനില്പിൽ തന്നെ ആ തണുപ്പിനെ വകവെക്കാതെ ബൈക്ക് എടുത്തു താഴ്‌വാരത്തിലൂടെ പായുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്ന്നുള്ളു…..
“കിച്ചന് ഒന്നും സംഭവിക്കരുതേ എന്ന്”ആശുപത്രികിടക്കയിൽ കിടന്നു പുറത്തെ മഞ്ഞുകണങ്ങളെ ഇമവെട്ടാതെ നോക്കി പുഞ്ചിരിക്കുന്ന കൂട്ടുകാരന്റെ അരികിൽ പോയിരുന്നു വിതുമ്പി….
കിച്ചാ എന്താ… എന്താ പറ്റിയത് ..?
എന്താ സംഭവിച്ചത് ..? അഭിയുടെ ഇടറിയ ശബ്ദം പുറത്തേക്കുവന്നു…
മ രിക്കാൻ തന്നെ ആയിരുന്നു തീരുമാനം… പക്ഷെ ആ ലോകത്തിലെത്താൻ എനിക്കായില്ല….
വിധി എന്നെ ഈ കിടക്കവരെയേ എത്തിചൊള്ളൂ….
ഒരുപക്ഷെ എന്റെ അമ്മു ആവാം എന്നെ തടഞ്ഞത് കിച്ചന്റെ വാക്കുകൾ ഇടറിയിരുന്നു…..
കിച്ചാ നീയിപ്പോഴും അമ്മുവിനെ ഓർത്തിരിക്കുവാണോ???ഇപ്പോഴെന്നല്ല അഭി എപ്പോഴും എന്റെ ഉള്ളിൽ എന്റെ അമ്മു മാത്രമേ ഉള്ളു… എന്റെ ജീവനാണ് അവൾ…ഗായത്രിയുമായുള്ള വിവാഹം നടക്കില്ല അഭി…
അമ്മയും അച്ഛനുമടക്കം എല്ലാവരും അമ്മുവിനെ മറന്നു…. എന്റെ ഇഷ്ടം പോലും ചോദിക്കാതെ രവികൊച്ചച്ചന്റെ മകൾ ഗായത്രിയുമായുള്ള വിവാഹം ഉറപ്പിച്ചു….
ഗായത്രിയോട് ഞാൻ പറഞ്ഞതാ…. പലവട്ടം പറഞ്ഞതാ…. ഒഴിഞ്ഞുമാറി നടന്നതാ… എന്നിട്ടും അവളത് കേട്ടില്ല… എന്റെ പിന്നാലെ കൂടി… അമ്മയോടും ഒരായിരം വട്ടം പറഞ്ഞതാ അമ്മുവിനെ മറക്കാൻ എനിക്കാവില്ലന്നു അമ്മയും കേട്ടില്ല…..
അവസാനം ഗായത്രിയെ ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ അമ്മ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞു…
അമ്മയുടെ വാക്കുകൾ മറ്റാരേക്കാളും നന്നായി എനിക്കറിയാം അമ്മ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും…. അതും എന്നോടുള്ള സ്നേഹം കൊണ്ട..
എന്റെ ജീവിതം അർഥശൂന്യമാകുമെന്നു അറിയാവുന്നത്കൊണ്ട…. അമ്മ അങ്ങനെ ഒരു നിലപാട് എടുത്തതെന്ന് എനിക്കറിയാം… ആ അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ നോവിക്കുന്നുണ്ട്….
ഒരിക്കലും ഗായത്രിയെ വിവാഹം കഴിച്ചു അവളുടെ ജീവിതം കൂടി നശിപ്പിക്കാൻ ഞാൻ തയാറല്ല അഭി.. അതുകൊണ്ട് എന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല… എന്നിട്ടും ഞാൻ പരാജയപെട്ടുപോയെടാ എല്ലാം അർഥത്തിലും ഞാൻ ഒരു പരാജയം ആണ്…
കിച്ചാ അപ്പൊ…… അപ്പൊ…. നീ…. അറിഞ്ഞുകൊണ്ട് തന്നെ പാഞ്ഞുവന്ന വണ്ടിക്കു മുന്നിൽ ചാ ടിയതാണോ….?
നിനക്ക്…. നിനക്ക് എന്താടാ പറ്റിയെ….?
നീ ഞങ്ങളെ പറ്റിപോലും ഓർത്തില്ലല്ലോ… നിന്റെ കുഞ്ഞനിയത്തിയെ പറ്റി പോലും നീ ചിന്തിച്ചില്ലല്ലോ കിച്ചാ….
നിനക്കിഷ്ടമല്ലാത്ത വിവാഹം നടക്കില്ല കിച്ചാ ഞാനാ പറയുന്നേ….
“കിച്ചന്റെ കൈ പിടിച്ചൊരു വാക്കുകൊടുത്തുവെങ്കിലും വിവാഹം മുടക്കാനുള്ള വഴികൾ ഒന്നും തന്നെ അഭിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല”
കിച്ചന്റെ അരികിൽ നിന്നും അഭി പുറത്തേക്കിറങ്ങി … മറ്റു കൂട്ടുകാരേ കണ്ടു…
“അഭി, ഉണ്ണി, ദീപു, കിച്ചൻ, ഇവർ നാലുപേരും ഒറ്റക്കെട്ടാണ്,ബാല്യം മുതലുള്ള കൂട്ട്, ഒരമ്മ പെറ്റ മക്കളെപ്പോലെ അതിർവരമ്പുകൾ ഇല്ലാത്ത സൗഹൃദം അതാണ് ഇവരുടേത്”
ഉണ്ണി ഡോക്ടർ എന്താ പറഞ്ഞത്…?
അവന്റെ വിട്ടിൽ അറിയിക്കേണ്ട….?കിച്ചന്റെ വിട്ടിൽ അറിയിച്ചിട്ടുണ്ട് അഭി അമ്മ ഇപ്പൊ വരും…. പിന്നെ കിച്ചനിപ്പോൾ വലിയ കുഴപ്പങ്ങളൊന്നുമില്ല കൃത്യസമയത്തു ഞാൻ കണ്ടതുകൊണ്ട് വലിയൊരു അപകടം ഒഴിഞ്ഞുപോയി…
അഭി കിച്ചന്റെ ശരീരത്തിലെ വേദനകളെക്കാൾ അവനെ തളർത്തിയത് അവന്റെ മനസ്സിലെ തിരവേദനയാണ്….
പിറ്റേന്ന് തന്നെ കിച്ചനെ ഡിസ്ചാർജ് ചെയിതു.. ഒരാഴ്ച മരുന്നും, മന്ത്രവുമായി കടന്നുപോയി…
ശരീരത്തിലെ മുറിവുകൾ പതിയെ കരിഞ്ഞുതുടങ്ങി..പഴയതു പോലെതന്നെ ഗായത്രിയുടെ പേര് ആ വീട്ടിലാകെ മുഴങ്ങാൻ തുടങ്ങി…..
“മഞ്ഞുപൊഴിയുന്ന പുലർകാലരാവിൽ ഉമ്മറത്തിണ്ണയിലിരിക്കവേ കാതുകളിലേക്ക് ആ പാദസരകിലുക്കം തുളഞ്ഞുകയറുകയായിരുന്നു… ആ കുപ്പിവള നാദം അലയടിക്കുകയായിരുന്നു.. ഭ്രാന്തന്റെ അട്ടഹാസം പോലെ കുപ്പിവള കിലുക്കം അകത്തളത്തിൽ മുഴങ്ങി……
ആഞ്ഞുവീശുന്ന കാറ്റിന്റെ ചൂളംവിളിയെക്കാൾ ശക്തിയിൽ ആ പാദസരം ശബ്ദിച്ചു… കണ്മുന്നിലൂടെ ആരോ മിന്നിമറയുന്നതുപോലെ “അമ്മു” എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് കിച്ചൻ മിഴികൾ തുറന്നു.. ”
അമ്മയടക്കം എല്ലാവരും അരികിലെത്തി വിയർപ്പു കണങ്ങൾ കിച്ചന്റെ മുഖത്തു ഒഴുകിനടന്നു…
“മണ്മറഞ്ഞു പോയ ആ പതിനെട്ടുവയസ്സുകാരി ഇപ്പോഴും കിച്ചന്റെ ജീവനിൽ തുടിക്കുന്നുവെന്നു വേദനയോടെ അവർ മനസ്സിലാക്കി… ”
ശിരസിലേക്ക് ഒരു കുടം തണുത്ത വെള്ളമെടുത്തു കമഴ്ത്തി വേഷം മാറി കിച്ചൻ പുറത്തേക്കിറങ്ങി…അവന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ കുന്നിൻപുറത്തെ ആ പാറക്കെട്ടിലേക്ക്…….
നിറകണ്ണുകളോടെ നീലാകാശത്തെ നോക്കിയിരിക്കെ തെക്കൻകാറ്റ് മെല്ലെയവനെ പുൽകി കടന്നുപോയി…
വിദൂരതയിലേക് നോക്കിയിരിക്കുന്ന കിച്ചനരികിലേക്ക് അവന്റ പ്രിയപ്പെട്ട കുട്ടുകാരെത്തി…
കിച്ചാ….
ആഹ്ഹ്…… നിങ്ങളോ….?
ഞാനിവിടെയുണ്ടെന്നു എങ്ങനെ അറിഞ്ഞു നിങ്ങൾ ?
ഞങ്ങൾ നിന്റെ വിട്ടിൽ പോയിരുന്നു കിച്ചാ… നീ അവിടെ ഇല്ലെങ്കിൽ പിന്നെ ഇവിടെയല്ലേ ഉണ്ടാവു… നിന്നെ ഞങ്ങൾക്കറിയില്ലേടാ.. കിച്ചാ ഞങ്ങള്ക്ക്…. ഞങ്ങൾക്ക് ആ പഴയ കിച്ചനെ തിരികെ വേണം….
അമ്മുവിന്റെ ഓർമ്മയിൽ നിന്ന് നീ തിരികെ യാഥാർത്ഥത്തിലേക്ക് തിരികെ വരണം കിച്ചാ…. അമ്മു ഈ ലോകത്തെവിടെയും ഇല്ല… അത് മറ്റാരേക്കാളും നന്നായി നിനക്കറിയാം….. എന്നിട്ടും….. നീ……
ഇല്ല ഉണ്ണി അങ്ങനെ വിശ്വസിക്കാൻ എനിക്കാവില്ല…. എന്റെ അമ്മു ഇവിടെവിടെയോ ഉണ്ട്, ഈ ലോകത്തെവിടെയോ അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം….. മരിച്ചുവെന്ന് വിധിയെഴുതാൻ എനിക്കാവില്ല ഉണ്ണി….
എടാ അഭി കയ്യെത്തും ദൂരത്തു എവിടെയോ എന്റെ…… എന്റെ അമ്മു ഉണ്ടെടാ….. എനിക്… എനിക്ക് അങ്ങനെ തോന്നുന്നു…..
“ഓരോന്ന് പറഞ്ഞു അവളെന്റെ അരികിലേക്ക് വരുമ്പോഴൊക്കെ ദേഷ്യപെട്ടിട്ടേ ഉള്ളു ഞാൻ, അവൾക്കു മുന്നിൽ ഗൗരവത്തോടെ നിന്നിട്ടേയുള്ളു, ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ അവളെ..
അപ്പോഴും അവളുടെ മനസ്സിൽ ഞാനെന്ന രൂപം നിറഞ്ഞുനിൽക്കുകയായിരുന്നു….തുറന്നു പറയാത്ത ഒരു പ്രണയം അവള് ഉള്ളിൽ കൊണ്ട് നടക്കുവരുന്നു….
ഓരോന്ന് പറഞ്ഞു ഞാനവളെ വേദനിപ്പിക്കുമ്പോഴും അവളുടെ ആ മിഴികൾ നിറയുന്നത് വേദനയോടെ ഞാനും കണ്ടുനിന്നു…..
അപ്പോഴൊക്കെ ഒന്ന് ചേർത്തുപിടിച്ചു സോറി പറയാൻ വെമ്പൽ കൊണ്ടിട്ടുണ്ട് ഞാൻ…. അമ്മാവന്റെ മകളെന്ന അവകാശം, അവളെന്റെയാണെന്ന തോന്നൽ വന്നപ്പോഴേക്കും വിട്ടിൽ എതിർപ്പുകളായി, ബന്ധങ്ങൾ ബന്ധനാങ്ങളായി മാറി….
അവളുടെ പാദസരകിലുക്കം കേൾക്കാതെ എന്റെ….. എന്റെ വിട് ഉണർന്നിട്ടില്ല അഭി..”അതും പറഞ്ഞുനടന്നകന്ന കിച്ചനെ വേദനയോടെ അവർ നോക്കിനിന്നു…
വീട്ടിലെത്തി നേരെ മുറിയിൽ കയറി വാതാലടച്ചു ആരും കാണാതെ, അലമുറയിട്ടു കരഞ്ഞു തീർത്തു കിച്ചൻ അവന്റെ വേദനകൾ….
കണ്ണടച്ച് വെറുതെ കിടന്നു അപ്പോഴും കാതിൽ മുഴങ്ങിയത് ആ കുപ്പിവളകളും, പാദസരകിലുക്കവും…
“ന്തിനാ കിച്ചേട്ടാ എന്നേ ഇങ്ങനെ വഴക്ക് പറയുന്നേ..? എന്തു തെറ്റാ ഞാൻ ചെയിതെ……? മിഴികൾ അണപൊട്ടി ഒഴുകിയിരുന്നു….
എനിക്ക് ഇഷ്ടപെടാത്തതു കണ്ടാൽ ഞാൻ വഴക്കുപറയും അത് കേൾക്കാൻ വയ്യെന്നുണ്ടേൽ എന്റെ മുന്നില് വരണ്ട നിയ്യ്…..അതിനു ഞാൻ ന്താ കിച്ചേട്ടാ……..??വേണ്ട എന്നോട് ഒപ്പത്തിനൊപ്പം പറയൻ വരണ്ട നീ……
അതും പറഞ്ഞു നടന്നുപോയ കിച്ചനെ അവളപ്പോഴും സ്നേഹിച്ചിട്ടേയുള്ളു…പത്താം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തി കുട്ടിയുടെ വാക്കുകൾ ആണ് അമ്മുവിന്റെ പ്രണയം കിച്ചനെ ബോധ്യപ്പെടുത്തിയത്..
കീർത്തിയുടെ വാക്കുകൾ കേട്ട് അമ്മാവന്റെ വീട്ടിലേക്ക് പായുമ്പോൾ കിച്ചന്റെ മനസ്സിൽ അമ്മുവിനോട് അടങ്ങാത്ത പ്രണയം തുടിക്കുകയായിരുന്നു..
അമ്മാവന്റെ മുന്നിലൂടെ അമ്മുവിന്റെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾ ഇടറിയിരുന്നു…..
കട്ടിലിൽ കമഴ്ന്നു കിടന്നു എന്റെ ചിത്രത്തിൽ നോക്കി പരാതി പറയുന്ന അമ്മുവിനെ കണ്ടു ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു… ഒച്ചവെക്കാതെ മുറിയിൽ കയറി വാതിൽ ചാരിയപ്പോൾ അതീവ ഭയത്തോടെ അവൾ ചാടി എണിറ്റു…..ന്തിനാ …… കിച്ചേട്ടാ വാതിൽ അടച്ചേ…..??ഭയദിനമായ ശബ്ദം പുറത്തേക്കുവന്നു…
ചൂണ്ടുവിരൽ ചുണ്ടിനുമേൽ വച്ച് ഒച്ചവെക്കരുതെന്നു ആംഗ്യം കാണിച്ചപ്പോൾ പിന്നെ ശബ്ദം കേൾപ്പിക്കാതെ ശ്വാസം എടുത്തു…. ഞാൻ അരികിലേക്ക് നടന്നടുത്തപ്പോഴും അവൾക്കരികിൽ നിന്നപ്പോഴും ആ മിഴികളിലെ ഭയം ഞാൻ ആസ്വാധിക്കുകയായിരുന്നു….
അവളുടെ ചുടുനിശ്വാസം എന്നിലേക്കാവാഹിച്ചുകൊണ്ട് അവളെ എന്റെ മാ റിലേക്ക് വലിച്ചിട്ടപ്പോഴും അവളെന്റെയാണെന്ന തോന്നലായിരുന്നു..
എന്റെ മാ റിൽ കിടന്നു വിതുമ്പുന്ന അവളോട് ഞാൻ ഒന്നേ ചോദിച്ചുള്ളൂ…”എന്തിനായിരുന്നു എല്ലാം…..??
എന്നോടുള്ള നിന്റെ പ്രണയം മനസ്സിൽ കോറിയിട്ട് ഒളിപ്പിച്ചു നടന്നത് എന്തിനായിരുന്നു…..?
പേടിയായിരുന്നു കിച്ചേട്ടാ എനിക്കെന്നും പറഞ്ഞവൾ എന്നെ ഇറുകിപിടിച്ചപ്പോൾ ഉള്ളിന്റെയുള്ളിൽ ഞാനും കരഞ്ഞുപോയിരുന്നു മൗനമായി…
അവളെ നേരെ നിർത്തി നെറ്റിയിൽ ആഞ്ഞുചുംബിച്ചപ്പോൾ ആ മിഴികൾ വീണ്ടും പെയ്യിതിരുന്നു… അങ്ങനെ ഞങ്ങളുടെ കുഞ്ഞു പ്രണയം മെല്ലെ മെല്ലെ പൂവിടുകയായിരുന്നു… ആരും കാണാതെ, ആരും അറിയാതെ എന്റെ പ്രാണനായി മാറുകയായിരുന്നു അവൾ…
അങ്ങനെ ഒരുനാൾ അമ്മാവനോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു എന്റെ വീട്ടിലേക്കെത്തിയ അവൾ ആദ്യം വന്നത് എന്റെ മുറിയിലേക്കാണ്…
അവൾ വന്നതറിഞ്ഞിട്ടും ചെറുപുഞ്ചിരിയോടെ ഉറക്കം നടിച്ചുകിടന്ന എന്റെ കാതിൽ കുപ്പിവളകൾ കൊണ്ട് മധുരമായി ശബ്ദം ഉണ്ടാക്കിയും, പാദസരത്തിൻ നാദം കാതിൽ തട്ടിയും അവളെന്നെ ഉണർത്താൻ ശ്രെമിച്ചപ്പോൾ….
ഞാൻ അതൊന്നും വകവെക്കാതെയായപ്പോൾ കവിളത്തൊരു ചുടുചുംബനം നൽകി അവളെന്നെ ഉണർത്തി….. അറിയാതെ എന്റെ മിഴികൾ താനെ തുറന്നു….
അവളുടെ കരിനീലമിഴികളിലേക്ക് കണ്ണും നട്ടു ആ പൂമുഖത്തേക്ക് നോക്കി ഇരുന്നു ഞാൻ…. മെല്ലെ അവളുടെ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ട് ചേർത്തുപിടിച്ചപ്പോൾ അവൾ പതിയെ മൊഴിഞ്ഞു…….
അയ്യോ ന്നെ വിട് കിച്ചേട്ടാ അപ്പുറത്ത് അച്ഛനുണ്ട്….. വിട് കിച്ചേട്ടാ….അവൾ പറഞ്ഞപോലെ അമ്മാവൻ അപ്പുറത്തുള്ള കാര്യം ഞാനും മറന്നു…കാണേണ്ടതൊക്കെ അമ്മാവൻ കാണുകയും ചെയിതു…
അതോടെ കിട്ടി എന്റെ കരണത്തൊരെണ്ണം.. എനിക്ക് കിട്ടിയതിലും കൂടുതൽ എന്റെ അമ്മുവിനാണ് കിട്ടിയത്… എന്തു ചെയ്യാം സഹിച്ചല്ലേ പറ്റു. പ്രണയം ആകുമ്പോൾ നൊമ്പരങ്ങൾ കൂടുതൽ ആണല്ലോ…
എല്ലാം എല്ലാവരും അറിഞ്ഞു… എന്നെ മറക്കാൻ ഉറ്റവരും, ഉടയവരും അവളോട് പറഞ്ഞു…. ന്തു വന്നാലും കിച്ചേട്ടനെ മറക്കില്ലെന്നും, ഒന്നിച്ചൊരു ജീവിതം ഞങ്ങൾക്ക് തരണമെന്നും എല്ലാവർക്കും മുന്നിൽ നിന്ന് ആ പാവം കരഞ്ഞു കൊണ്ട് പറഞ്ഞു….. അതൊക്ക ആരു കേൾക്കാൻ…?
കുട്ടികാലം മുതൽക്കേ പരസ്പരം തുറന്നു പറയാത്ത ഞങ്ങളുടെ ഇഷ്ടം ഇനി പാടില്ലെന്ന് എല്ലാവരും കൂടി വിധി എഴുതി…
കിച്ചേട്ടൻ എന്റെ മാത്രണെന്ന് എന്റെ അമ്മു നാലു ചുവരുകൾക്കുള്ളിൽ കിടന്നു മന്ത്രിച്ചു……. ഒരു ഭ്രാന്തിയെ പോലെ അടച്ചിട്ട മുറിയിൽ കിടന്നവൾ അലമുറയിട്ടു കരഞ്ഞു…..
അമ്മുവിനെ മുറിക്കുള്ളിലിട്ട് പുട്ടിയെന്നറിഞ്ഞു ഞാനും കൂട്ടുകാരും രണ്ടും കല്പിച്ചു ചെമ്പകശ്ശേരിയിലേക്ക് പാഞ്ഞു ചെന്നു..
അമ്മവൻ, മകൻ ബന്ധമൊക്കെ ഇവിടെ അവസാനിച്ചുവെന്ന് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….
എന്റെ അമ്മുവിനെ എനിക്കു താ അമ്മാവാ എന്ന് കാലുപിടിച്ചു പറഞ്ഞതിന്റെ കൂലിയായി കാല് മടക്കിയൊരു തോ ഴിയാണ് അമ്മാവൻ നൽകിയത്…
കൈ വീശി മുഖത്തു ആ ഞ്ഞ ടിച്ചിട്ടും എന്റെ ആവേശം കുറഞ്ഞില്ല. അമ്മു ഇറങ്ങി വാ.. നീ എന്റെ പെണ്ണാ ന്നു നാല് മതിൽ കെട്ടുകൾക്കപ്പുറവും കേൾക്കെ വിളിച്ചു പറഞ്ഞു ഞാൻ.. വിളി കേട്ട് നാലുചുവരുകൾക്കുള്ളിൽ കിടന്നു നെഞ്ച് പൊട്ടി കരഞ്ഞു എന്റെ അമ്മു..
അമ്മാവന്റെ അടി കൊണ്ട് അവശനായി പടി ഇറങ്ങിയപ്പോഴും മനസ്സിൽ എന്റെ അമ്മുവിന്റെ മുഖം മാത്രം ആയിരുന്നു..
വരുന്നത് വരട്ടെ എന്ന് പറഞ്ഞു ചെമ്പകശ്ശേരിയുടെ മതിൽ ചാടുമ്പോഴും എങ്ങനെയും അമ്മുവിനെ പുറത്തെത്തിക്കണമെന്ന് ചിന്ത ആയിരുന്നു മനസ്സിൽ….. അതിനായി ഉണ്ണി അമ്മാവനിൽ നിന്നു മുറിയുടെ താക്കോൽ കണ്ടെടുത്തിരുന്നു……
പിന്നാമ്പുറത്തെ മതില് ചാടി ഒരു വിധം അമ്മുവിന്റെ മുറിയുടെ ജനലിനരികിൽ എത്തി…….കിച്ചേട്ടാ… കിച്ചേട്ടാ.. ഇവിടെ എങ്ങനെ….? ആരേലും കണ്ടാൽ…?
എന്നെകുറിച്ചോർത്തുള്ള ആദി മൂലം പെയ്യ്തുകൊണ്ടിരിക്കുന്ന അവളുടെ മിഴികളിൽ എന്നോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ വേദന ആയിരുന്നു….
കലങ്ങിയ കണ്ണുകൾ കണ്ടു സ്തംഭിച്ചു നിന്നപ്പോഴും അവളെയും കൊണ്ട് ദൂരെ എവിടെയെങ്കിലും ചെന്നു രാപ്പാർക്കണം എന്ന ചിന്ത ആയിരുന്നു മനസ്സിൽ….
അമ്മു എനിക്ക് വയ്യമ്മു… നീയില്ലാതെ ഈ കിച്ചന് പറ്റുന്നില്ലമ്മു….. എന്റെ ജീവശ്വാസം നീയാണമ്മു.. ഇറങ്ങി വാ അമ്മു നമുക്ക് എങ്ങോട്ടെങ്കിലും പോവാം.. ഒച്ച കേൾക്കാതെ കിച്ചൻ മുറി തുറന്നു അമ്മുവിനെ പുറത്തെത്തെത്തിച്ചു……
അവളെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു… നമുക്ക് എങ്ങിട്ടെങ്കിലും പോവാം അമ്മു…. ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക്….. നമുക്ക് ഒന്നിച്ചു മരിക്കാം അമ്മു….
അതും പറഞ്ഞു ഓടാൻ ശ്രെമിച്ച അവക്കുമുന്നിൽ അമ്മാവൻ വില്ലനായി അവതരിച്ചു.. അമ്മാവന്റെ മുന്നിലൂടെ അമ്മുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കിച്ചൻ ഓടി.. ഇരുട്ടിലേക്ക് ഓടി മറഞ്ഞു… പിന്നാലെ അമ്മാവൻ അയച്ച ആളുകളും….
അവർ ഓടി കുന്നിൻ പുറത്തേക്കു കയറി…. പിന്നാലെ അവരും….. മുന്നിൽ അമ്മാവനും അവക്ക് നടുവിൽ ഒരറ്റത്തായി കിച്ചനും അമ്മുവും നിന്നു…..
രണ്ടാളുകൾ മുന്നോട്ടു വന്നു അടിപിടിക്കിടയിൽ തളർന്നുപോയിരുന്നു കിച്ചൻ.. അവശനായി നിൽക്കുന്ന കിച്ചന്റെ മാറിലേകൊട്ടിനിന്നു അമ്മു പറഞ്ഞു…
“കിച്ചേട്ടാ ഈ അമ്മു കൊച്ചേട്ടന്റേത് മാത്ര എന്നും.. എന്റെ ജീവൻ കിച്ചേട്ടന്റെ ഉള്ളിലാണ്… നമുക്ക് ഒന്നിച്ചു ജീവിക്കാൻ കഴിയില്ല കിച്ചേട്ടാ….
അതും പറഞ്ഞു അമ്മു കുച്ചന്റെ കയ്യിൽ പിടിച്ചെഴുനേൽപ്പിച്ചുകൊണ്ട് പിന്നിലെ കൊക്കയിലേക്ക് ചാടുവാനാഞ്ഞു… കാല് വഴുതി ആ അകാദമായ കൊക്കയിലേക്ക് അമ്മു മാത്രം തനിയെ പോയി…..
ആ പാറക്കെട്ടിലേക്കു അമ്മു ഒരു നിലവിളിയോട്കൂടി പതിച്ചിരുന്നു…… അവിടെ ബോധമറ്റുവീണുപോയി ഞാൻ.. പിന്നെ അമ്മുവിനരികിലേക്കെത്താനുള്ള എന്റെ ശ്രമങ്ങൾ പരാജയപെട്ടുപോയി…”
അമ്മുവിന്റെ അവസാനത്തെ നിലവിളി കിച്ചന്റെ കാതിൽ അലയടിച്ചുയർന്നു . അമ്മു എന്നൊരു നിലവിളിയോടെ കിച്ചൻ കണ്ണുകൾ തുറന്നു… അവന്റെ മിഴികൾ തോരാതെ ഒഴുകിക്കൊണ്ടിരുന്നു.
മിഴികൾ തുടച്ചു കിച്ചൻ പുറത്തേക്കിറങ്ങി…
ചെമ്പകശ്ശേരിയിലേക്ക് അവന്റെ കാലുകൾ ചലിച്ചു…… ആ സംഭവത്തിനു ശേഷം ഇന്നാദ്യമായാണ് കിച്ചൻ അവിടേക്കു ചെല്ലുന്നത്..
അമ്മാവാ….
മോനെ കിച്ചാ…. ഞാൻ…. ഞാൻ ചെയ്തത് തെറ്റായി പോയി മോനെ ഒരിക്കലും തിരുത്താൻ പറ്റാത്ത വലിയൊരു തെറ്റ്….. ഞാനാ..
ഞാനാ…… എന്റെ അമ്മു മോളെ കൊന്നത്…. ഞാനാ… അമ്മാവന്റെ ശബ്ദം ഒരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി പോയിരുന്നു….
ഒന്ന് നിർത്തമ്മവാ… എനിക്ക് കാണണ്ട ഈ കണ്ണുനീര്…… അമ്മാവൻ ഇപ്പോൾ പറഞ്ഞതുപോലെ ഇനി ഒരിക്കലും പറയരുത് എനിക്കതു കേൾക്കാൻ കഴിയില്ല….
എന്റെ അമ്മു എന്നെ വിട്ട് എങ്ങും പോയിട്ടില്ല അവൾ മരിച്ചിട്ടുമില്ല… കൊക്കയിലേക്ക് വീണ അവളുടെ ശരീരം ഈൗതുവരെ കിട്ടിയിട്ടില്ലല്ലോ.
പിന്നെ…. പിന്നെ എങ്ങനെ എന്റെ അമ്മു മരിക്കും…?
മോനെ ഞാനും ഇതുവരെ വിചാരിച്ചിരുന്നത് അങ്ങനെ തന്നെ ആണ്. എന്നാൽ ഇനിയും അത് പ്രേതിക്ഷിച്ചിരിക്കാൻ ആവില്ല മോനെ…..
സത്യം നമ്മൾ അംഗീകരിച്ചേ മതിയാവു…… നീ ഇനിയും അമ്മുവിന് വേണ്ടി കാത്തിരിക്കരുത് മോനെ നിനക്കൊരു ജീവിതം ഉണ്ട് അത് നീ മനസ്സിലാക്കണം….
എന്റെ അമ്മുമോള് ആ ദുരന്തത്തിൽ നിന്നും തിരികെ വന്നിരുന്നെങ്കിൽ ഞാൻ എന്റെ മോളെ നിന്റെ കയ്യിലേൽപ്പിച്ചേനേം കിച്ചാ….. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ മോനെ…..
മോനെ നീ….. നീ എല്ലാം മറക്കണം…. ഗായത്രി മോളെ വിവാഹം കഴിക്കണം….
എന്റെ അപേക്ഷയാണിത് സ്വന്തം മോളെ നിർഭാഗ്യവശാൽ മരണത്തിലേക്ക് തള്ളിവിട്ടരച്ചനാണ് ഞാൻ ആ എനിക്ക് നിന്റെ വിവാഹം കണ്ടെങ്കിലും മൃതിയടയണമെന്നുണ്ട്…. അത് നീയെനിക് സാധിച്ചു തരണം കിച്ചാ….. ഞാൻ…. ഞാൻ നിന്റെ കാല് പിടിക്കാം മോനെ….
അമ്മാവാ….
“അങ്ങനെ അമ്മാവന്റെയും ബന്ധുക്കളുടെയും, അച്ചനാമ്മമാരുടെയും നിർബന്ധത്തിനു വഴങ്ങി… കിച്ചൻ എന്ന കൃഷ്ണകുമാർ ഗായത്രിയുമായുള്ള വിവാഹത്തിന് തയാറായി……”
മോതിരം ഇട്ടു വിവാഹം ഉറപ്പിക്കാൻ ഒരു പാവയെ പോലെ കിച്ചൻ നിന്നുകൊടുത്തു…
അങ്ങനെ ഒരു ദിവസം ഉണ്ണിയോടൊപ്പം എറണാകുളത്തു പോയ അവരുടെ ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചു…. ചെറിയ പരിക്കുകളോടെ രക്ഷപെട്ട അവർ അടുത്തുള്ള ആശുപത്രിയിൽ ഡ്രസ്സ് ചെയ്യാൻ കയറി….
ഡ്രസ്സ് ചെയിതു പുറത്തിറങ്ങിയ കിച്ചൻ വീൽ ചെയറിൽ ഒരു രോഗിയെ കൊണ്ടുപോകുന്നത് കണ്ടു വെറുതെ അത് ആരാണെന്നറിയാൻ പിന്നാലെ ചെന്നു…..
ആ രോഗിയെ റൂമിൽ കൊണ്ട് കിടത്തി വീൽ ചെയറുമായി അവർ പോയി… ശേഷം കിച്ചൻ വെറുതെ ആ രോഗിയെ കാണാൻ മുറിയിലേക്ക് കയറി..
കിടക്കയിൽ അബോധവസ്തയിൽ കിടക്കിന്ന ആളെ ഒരു നോക്കെ കിച്ചൻ നോക്കിയുള്ളൂ…. ഞെട്ടൽ മാറാതെ കിച്ചൻ പ്രീതിമാ കണക്കെ നിന്നു…. കിച്ചനെ തിരഞ്ഞെത്തിയ ഉണ്ണിയും അതുപോലെ തന്നെ നിന്നുപോയി…..
കിച്ചന്റെ മനസ്സും, ചുണ്ടും ഒരുപോലെ മന്തിച്ചു…..
അമ്മു….
അമ്മുവിനിടൊപ്പം മുറിയിലുണ്ടായിരുന്നവർ കിച്ചനോട് താൻ ആരാണെന്ന് ചോദിച്ചു…… ഇത് നിങ്ങളുടെ ആരെങ്കിലും ആണോന്നു ചോദിച്ചു…….
അമ്മു… എന്റെ അമ്മു… കിച്ചൻ ഉത്തരം നൽകി…
അപ്പൊ നിങ്ങൾക്കറിയല്ലേ ഈ കുട്ടിയെ….
എന്റെ മാഷേ എത്ര നാളയെന്നോ ഈ കുട്ടിയേം കൊണ്ട് ഞങ്ങൾ ആശുപത്രി കളായ ആശുപത്രികൾ കയറിയിറങ്ങുന്നു എന്നിട്ടും ഒരു മാറ്റോം ഇല്ല ഈ കുട്ടിക്ക് എപ്പോഴാ ഇങ്ങനെ തന്നെ… ഓർമയുമില്ല അനക്കവുമില്ല ജീവൻ മാത്രം ബാക്കി…
അത് കേട്ട് കിച്ചന്റെ നെഞ്ച് ഉരുകുകയായിരുന്നു, ഒപ്പം നഷ്ടമായ നിധി കിട്ടിയ ആശ്വാസവും….
“നാലു മാസം മുൻപ് മലയോരതാഴ്വാരത്തിലെ അരുവിയിൽ അബോധവസ്ഥയിൽ കിടന്നുകിട്ടിയതാണ് ഞങ്ങൾക്ക് ഈ കുട്ടിയെ…
ജീവനുള്ളതുകൊണ്ട് അടുത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചു… അവിടുന്ന് മറ്റു പല ആശുപത്രിയിലും എത്തിച്ചു എന്നിട്ടും ഇതേ കിടപ്പൂ തന്നെ…..
ഊരും, പേരും അറിയാതെ… പത്രത്തിൽ പരസ്യം ഓക്കേ കൊടുക്കണം എന്ന് കരുതിയതാ പിന്നെ അത് പിന്നൊരു പുലിവാലാകുമെന്നു കരുതി വേണ്ടാന്ന് വച്ച്… ബോധം വന്നിട്ട് കുട്ടിയോട് തന്നെ ചോദിക്കാമെന്ന് കരുതി ….
തിങ്കളാഴ്ച ഒരു ഓപറേഷൻ ഉണ്ട്…. വളരെ പ്രെധാനപെട്ട ഓപ്പറേഷൻ….. അത് വിജയിച്ചില്ലെങ്കിൽ ചിലപ്പോൾ……
അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു പോയി… മുഴുമിപ്പിക്കുവാനാവാതെ…… എല്ലാം കേട്ടു കിച്ചൻ പൊട്ടിക്കരഞ്ഞു…
ഉടനെ തന്നെ ഡോക്ടറെ കയറി കണ്ടു…..
6 മാസം ആയി ഈ കുട്ടിയെ ഇവിടെ അഡ്മീറ്റ് ആക്കിട്ട് എന്റെ ഇച്ചായനാണ് ആ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവന്നത് അതൊക്കെ കൊണ്ടാണ് പോലീസ് കേസ് ഒന്നും ആവാഞ്ഞത്….
പിന്നെ നാളെ ഒരു. ഓപറേഷൻ ഉണ്ട് അത് വിജയിയ്ക്കാൻ പ്രാർത്ഥിക്കുക… ഒരുപക്ഷെ ഓപറേഷന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ അമ്മുവിനെ തിരികെ ജീവിതത്തിലേക്ക് കിട്ടുമായിരിക്കും…
അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നിങ്ങൾ അത് ഉൾകൊള്ളാൻ തയാറാവണം… കിച്ചന്റെ തോളിൽ തട്ടി ആശ്വാസവാക്കു എന്നപോലെ ഡോക്ടർ അത് പറഞ്ഞപ്പോൾ നിന്നനില്പിൽ ഇല്ലാണ്ടായാൽ മതിയായിരുന്നു എന്നവന് തോന്നിപോയി…
മനസ്സൊന്നു ശാന്തമായപ്പോൾ ഓപറേഷന് വേണ്ടിയുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി. കിച്ചൻ വീട്ടിലേക്ക് പോയി അമ്മയെയും ഗായത്രിയെയും കണ്ടു കാര്യങ്ങൾ പറയാൻ തീരുമാനിച്ചു….
ഉള്ളിന്റെയുള്ളിൽ ഗായത്രിക്കെന്നോടുള്ള ഇഷ്ടം ദിവസങ്ങൾ കൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു…. ആ അവളോട് അമ്മുവിനെ കണ്ടു എന്ന് എങ്ങനെ ഞാൻ പറയും…. മുക്കിയും മൂളിയും കാര്യങ്ങൾ അവളെ പറഞ്ഞു ധരിപ്പിച്ചു…..
പേടിച്ചതുപോലുള്ള ഒരു പൊട്ടിത്തെറി അവിടെ ഉണ്ടായിരുന്നില്ല എന്റെ മനസ്സ് വായിച്ചറിഞ്ഞ ഗായത്രി അമ്മുവിനരികിലേക്ക് എന്നെ പറഞ്ഞയച്ചു…. ആ മനസ്സിലെ വേദന എന്നോട് പറയാതെ…..
തിങ്കളാഴ്ച രാവിലെ ഓപറേഷൻ തിയറ്ററിനു മുന്നിൽ ഗായത്രി അടക്കം എല്ലാവരും ഉണ്ടായിരുന്നു…. അമ്മുവിനെ ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റും വരെയും ആ കയ്യിൽ മുറുകെ പിടിച്ചിരുന്നു കിച്ചൻ…….
നിർണായകമായ മുഹൂർത്തങ്ങൾ, പ്രാർത്ഥനയുടെ നിമിഷങ്ങൾ,…..
കണ്ണീരിൽ കുതിർന്ന കാത്തിരിപ്പിനു ശേഷം ഡോക്ടർ പുറത്തിറങ്ങി കിച്ചന്റെ തോളിൽ കൈ വച്ച് സോറി എന്ന് പറഞ്ഞപ്പോൾ പ്രതിക്ഷയുടെ അവസാന തിരിയും അണഞ്ഞിരുന്നു…
കിച്ചൻ ഹൃദയം പൊട്ടി അലറി…. അമ്മുവിനരികിലേക്ക് കുതിച്ചു….. തളർന്നുപോയ കൈകൾ പിടിച്ചു ഹൃദയതോട് ചേർത്ത് കിച്ചൻ പറഞ്ഞു..
എണിക്കെന്റെമ്മു………… നീയില്ലാതെ ഈ കിച്ചന് പറ്റില്ലാന്ന് നിനക്കറിയാലോ….. പിന്നെ ന്തിനാ ഈ നാടകം….?
എണീക്കമ്മു നമ്മുടെ വിവാഹത്തിന് എല്ലാരും സമ്മതിക്കു അമ്മു… ഒരിക്കൽ നീ എന്നെ തനിച്ചാക്കി പോയതല്ലേ…. ഇനി നിന്റ കിച്ചൻ നിന്നെ തനിയെ വിടില്ലമ്മു… ഞാനും വരും……. ഞാനും വരും എന്റെ അമ്മുന്റെ കൂടെ…… ഒന്ന് കണ്ണ് തുറക്ക് അമ്മു നിന്റെ….. നിന്റെ കിചേട്ടനാ വിളിക്കണേ…. എണീക്കമ്മു.
അമ്മു എന്ന് വിളിച്ചുകൊണ്ടു കിച്ചൻ അലറി…. മുറിയുടെ നാലു ചുവരും കടന്നു…. മെയിൻ ഗെയിറ്റും കടന്നു ആ ശബ്ദം ഉയർന്നു…
കിച്ചന്റെ അലർച്ച അമ്മുവിന്റെ കതിലേക്ക് ഇന്ദ്രിയങ്ങളിലേക്ക് തുളച്ചുകയറി…….
കാഴ്ചകൾക്കപ്പുറത്തുനീൽക്കുന്ന മരണം പോലും അവന്റെ ശബ്ദം കേട്ട് വിറച്ചിരുന്നു… കൈ വിരലുകളിൽ നിന്നും മരണം അകന്നിരിക്കുന്നു….
ഡോക്ടർമാർ ഒത്തുകൂടി… കിച്ചൻ അമ്മുവിനെ വീണ്ടും വിളിച്ചു…. കണ്ണുകൾ തുറക്കാൻ, കിച്ചനെ കാണാൻ അവൾ ഒരുപാട് കൊതിച്ചു…… കിച്ചന്റെ അമ്മു കിച്ചനിലേക്കു തന്നെ മടങ്ങിയെത്തി…. “അമ്മുവിന്റെ പ്രാണൻ കിച്ചന്റെ ഉള്ളിലാണ് കുടിയിരിക്കുന്നത്..”