വൈകി വന്ന തിരിച്ചറിവ്
(രചന: Bibin S Unni)
നഗരത്തിലേ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ… ഹോസ്പിറ്റലിലേ തിരക്ക് കാരണം ഉച്ചക്ക് സമയത്തു ഭക്ഷണം കഴിക്കാതെ ഒഴിവു സമയം കിട്ടിയപ്പോൾ ഭക്ഷണം കഴിക്കുന്ന നേഴ്സുമാർ.. അല്ല ദൈവത്തിന്റെ സ്വന്തം മാലാഖക്കൂട്ടങ്ങൾ….
” അഞ്ജു സിസ്റ്ററേ.. ഒരു ആക്സിഡന്റ് കേസു വന്നിട്ടുണ്ട് രവി ഡോക്ടർ വിളിക്കുന്നു അങ്ങോട്ട് വേഗം ചെല്ലാൻ.. ”
അഞ്ജു സിസ്റ്ററോട് അറ്റന്ഡർ വന്നു പറഞ്ഞു… അത് കേട്ടതും കഴിച്ചോണ്ടിരുന്നത് പകുതിക്കു വച്ചു നിർത്തി കൈയും കഴുകി അഞ്ജു ഡോക്ടറുടെ അടുത്തേക്ക് പോയി…
” ഡോക്ടർ.. “അഞ്ജു, ഡോക്ടറുടെ അടുത്ത് ചെന്നതും വിളിച്ചു…” ഡോ താനിത് വരെ എവിടെയായിരുന്നു എത്ര നേരമായി വിളിച്ചിട്ട്… ഇതു ഹെഡ് ഇഞ്ചുറിയാ, വേഗം ക്ളീൻ ചെയ്തു ഡ്രസ്സ് ചെയ്തേരെ… ”
ഡോക്ടർ പേഷ്യന്റിനെ നോക്കി കൊണ്ട് അഞ്ജുവിനോട് പറഞ്ഞു..” സോറി ഡോക്ടർ… ”
അഞ്ജു ഇതും പറഞ്ഞു രോഗിയുടെ അടുത്തേക്ക് ചെന്നു അപ്പോഴേക്കും ഡോക്ടർ അവിടെ നിന്നും മാറിയിരുന്നു..
” വേദനയുണ്ടോ അമ്മേ.. ” തലയിലേ മുറിവിൽ സ്പിരിറ്റിൽ മുക്കിയ പഞ്ഞി വച്ചു കഴുകുമ്പോൾ അഞ്ജു ചോദിച്ചു…
” ഹാ…. ” അഞ്ജു മുറിവിൽ മരുന്നു വച്ചപ്പോൾ ആ അമ്മ നീറ്റൽ കൊണ്ട് നിലവിളിച്ചു പോയി…
” ഇപ്പോൾ കുറച്ചു നീറ്റലുണ്ടാകും കുറച്ചു കഴിയുമ്പോൾ മാറിക്കോളും… ഇതു എവിടെയോ ഇടിച്ചതാണല്ലോ.. ” അഞ്ജു ആ അമ്മയോട് പറഞ്ഞുകൊണ്ട് ചോദിച്ചു..
” ഓ.. അതേന്നെ.. ഇവരുടെ മരുമോൾ പിടിച്ചു തള്ളിയതാ.. നേരെ ചെന്നു കതകിന്റെ പടിയിലിടിച്ചു… അങ്ങനെയാ മുറിവു വന്നത്…
എന്നിട്ട് ഇവരെയൊന്നു നോക്കുക പോലും ചെയ്യാതെ അവർ മുറിയിൽ കയറി വാതിലടച്ചു.. സമയത്തു ഞാൻ അവിടെ ചെന്നത് കൊണ്ട് കണ്ടു.. അപ്പോൾ തന്നെ അമ്മയെയും കൊണ്ട് ഇങ്ങോട്ട് കൊണ്ടു വന്നു… ”
അമ്മയുടെ കൂടെയുള്ളയാൾ പറഞ്ഞു..” നിങ്ങളുടെ അമ്മയാണോ.. “” ഏയ് അല്ല ഞാനവിടൊരു ഓട്ടം പോയതാ.. പ്രായമുള്ളത് കൊണ്ട് അമ്മയെന്ന് പറഞ്ഞതാ.. ഇവരുടെ മോനെ വിളിച്ചു പറഞ്ഞിട്ടുണ്ട്… ”
അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നയാൾ പറഞ്ഞു.. അപ്പോഴേക്കും അയാളുടെ ഫോൺ ബെല്ലടിച്ചു… അതു കണ്ടു അയാൾ കുറച്ചു മുന്നോട്ടു മാറി നിന്നു ഫോണെടുത്തു…
” ഇങ്ങനെയും പെണ്ണുങ്ങളോ… ” ഇതു കേട്ടോണ്ട് വന്ന മറ്റൊരു സിസ്റ്റർ അവരോടു ചോദിച്ചു..
” അല്ല നിങ്ങളുടെ മകൻ ഇവിടെയില്ലേ.. പുള്ളിയൊന്നും പറയില്ലേ… ” അമ്മയോടെ അഞ്ജു ചോദിച്ചു…
” ഓ.. അവൻ ഇവടെയുണ്ട്.. അവനൊരു പെൺകോന്തനാ.. അവളോട് ഒന്നും പറയില്ല… എല്ലാം എന്റെ വിധി.. അല്ലാതെ എന്ത് പറയാൻ.. ”
അമ്മ അവരോടു പറഞ്ഞു, അത് കേട്ടപ്പോൾ എല്ലാവർക്കുമൊരു സങ്കടം വന്നു… അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് വന്നു…
” അമ്മയുടെ മരുമോളു ആളു കൊള്ളാല്ലോ.. അമ്മയെ ഇങ്ങനെയാക്കിയതും പോരാഞ്ഞിട്ട് ഇവരെയും കൊണ്ട് തിരിച്ച് ചെല്ലുമ്പോൾ ബിരിയാണി കൂടെ മേടിക്കണമെന്നു… ഇതിന്റെ എല്ലാം കുടെ അന്നേരം തരാമെന്ന്… ”
” അവളൊന്നും ഉണ്ടാക്കില്ല.. ഞാൻ ചെന്നു വേണം അവൾക്കും എന്റെ മോനുമുള്ളത് വെച്ചുണ്ടാക്കാൻ… ഈ അവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് അവൾക്കു മനസിലായിക്കാണും അതാ അങ്ങനെ പറഞ്ഞത്.. ”
ആ അമ്മ അവശതയോടെ പറഞ്ഞു…” അതിന് ഇവർക്ക് ഇന്ന് പോകാൻ പറ്റില്ല.. ഇന്നൊരു ദിവസം ഇവിടെ കിടന്നിട്ട് നാളെ പോയാൽ മതിന്നാ ഡോക്ടർ പറഞ്ഞതു.. ” അഞ്ജു അവരോടു പറഞ്ഞു…
” അതേ കൊച്ചേ.. എനിക്കു വേറെ ഓട്ടമുണ്ട്.. അമ്മയെ നാളെയെ വിടുവൊള്ളെന്നാണേല് ഞാൻ പൊയ്ക്കോട്ടേ.. ഇവരുടെ മോനോട് വിളിച്ചു പറഞ്ഞതാ… കുറച്ചു കഴിയുമ്പോൾ അയാൾ വരും.. അപ്പോൾ പിന്നെ.. ”
അമ്മയുടെ കൂടെ വന്നയാൾ അഞ്ജുവിനോട് ചോദിച്ചു ..” എന്നാ ഡോക്ടറോട് പറഞ്ഞിട്ട് പൊയ്ക്കോ… ”
അഞ്ജു ഇതു പറഞ്ഞപ്പോഴേക്കും ആ
അമ്മയുടെ മുറിവിൽ മരുന്നു വച്ചു കെട്ടി…” ദേ അമ്മേ ഈ ഗുളികയും കൂടെയങ് കഴിച്ചേ… എന്നിട്ട് കിടന്നോ, കുറച്ചു നേരം ഉറങ്ങി കഴിയുമ്പോൾ വേദന മാറിക്കോളും ട്ടോ”
അഞ്ജു അവരോട് ഇതും പറഞ്ഞു അടുത്ത പേഷ്യൻസിന്റെ അടുത്തേക്ക് പോയി… ആ അമ്മയുടെ കണ്ണിലേക്ക് അപ്പോഴേക്കും മയക്കം വന്നിരുന്നു….
കുറച്ചു സമയം കഴിഞ്ഞതും ആ അമ്മയെക്കു ബോധം വന്നു.. അപ്പോഴേക്കും അഞ്ജു അവരുടെ അടുത്തേക്ക് വന്നു…
” ആ അമ്മ ഉണർന്നോ.. ഇപ്പോൾ എങ്ങനെയുണ്ട് വേദനയുണ്ടോ.. “അഞ്ജു അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു…” ഇപ്പോൾ വല്ല്യ കുഴപ്പമില്ല മോളെ.. “” എന്നാ ഞാൻ ഡോക്ടറെ വിളിച്ചുകൊണ്ട് വരാം.. ”
ഇതും പറഞ്ഞു അഞ്ജു വേഗം പോയി ഡോക്ടറെ വിളിച്ച് കൊണ്ടുവന്നു… ഡോക്ടർ വന്നു പരിശോധിച്ച ശേഷം… വേറെ കുഴപ്പമില്ലാത്തതു കൊണ്ട് അവരെ റൂമിലേക്ക് മാറ്റി… കൂടെ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരേലും വരുന്നത് വരെ അവരുടെ കുടെ അഞ്ജുവിനെയും നിർത്തി…
” അമ്മ കുറച്ചു നേരം കൂടി കിടന്നോട്ടൊ.. “ഇതും പറഞ്ഞു അഞ്ജു അവരുടെ അടുത്തിരുന്നു.. അമ്മ ഉറങ്ങിയതും അവരുടെ അടുത്ത് തന്നെയൊരു കസേരയുമിട്ട് ടേബിളില് തല വച്ചു അഞ്ജുവും ഒന്നു മയങ്ങി..
രാവിലെ മുതലുള്ള ഓട്ടം അവളെ അത്രയും തളർത്തിയിരുന്നു.. അൽപ്പ സമയം കഴിഞ്ഞതും ആ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അഞ്ജു എണീറ്റു…
വാതിൽ തുറന്നു വരുന്നയാളെ കണ്ടു അഞ്ജുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു…” രവിയേട്ടൻ… ”
അതേ സമയം തീരെ പ്രതീക്ഷിക്കാതെ അഞ്ജുവിനെയവിടെ കണ്ട രവിയും ഒന്നു നിന്നു…” രവിയേട്ടനെന്താ ഇവിടെ… ”
നാളുകൾക്കിപ്പറവും അവളുടെ രവിയേട്ടൻ എന്ന വിളികേട്ടതിന്റെ സന്തോഷം അവനിലുണ്ടായിരുന്നു…” അത്.. അമ്മ… ”
” ഓ ഇത് രവിയേട്ടന്റെ അമ്മയാണോ… “അവളൊരു പുഞ്ചിരിയോടെ ചോദിച്ചു, അ പുഞ്ചിരിയിൽ ഒളിപ്പിച്ചു വച്ച പുച്ഛചിരി, അവനു മനസിലാകുകയും ചെയ്തു…” അതേ… ”
” ആരും ഇല്ലാഞ്ഞത് കൊണ്ട് ഞാൻ കുടെ നിന്നതാ.. ചേട്ടൻ വന്ന സ്ഥിതിക്കു ഇനി ഞാൻ നിൽക്കേണ്ടല്ലോ… എന്തെങ്കിലും ആവശ്യമുണ്ടേൽ ഈ ബെല്ലൊന്ന് പ്രെസ്സ് ചെയ്താൽ മതി ഞാനെത്തിക്കോളാം.. ”
ഇതും പറഞ്ഞു അഞ്ജു ആ അമ്മയെ ഒന്ന് നോക്കിയിട്ട് അവിടെനിന്നുമിറങ്ങി..” അഞ്ജൂ.. “അഞ്ജു മുറിയിൽ നിന്നുമിറങ്ങിയതും രവി വിളിച്ചു…
” എന്താ സാർ… “അവളുടെ സാർ വിളി കേട്ട് ആദ്യമൊന്നു പകച്ചെങ്കിലും അവൻ അവളുടെ അടുത്തേക്ക് ചെന്നു…” അതു.. എന്റെ അമ്മയാന്നുവെച്ചു.. പഴയ… ”
” ഒരാശ്രയത്തിന് വേണ്ടിയാണ് എല്ലാവരും ഇവിടെ വരുന്നത്.. എല്ലാരേയും സുഖപ്പെടുത്തി വിടുകയാണ് ഞങ്ങളുടെ ലക്ഷ്യം അതു ഞങ്ങൾ ചെയ്യുക തന്നെ ചെയ്യും…
അതിപ്പോ ആരായാലും.. പോട്ടെ ഇനിയും പേഷ്യൻസുണ്ട്… പിന്നെ അമ്മയ്ക്ക് പറ്റിയ മരുമോളെ തന്നെയാണല്ലേ കിട്ടിയേക്കുന്നേ ”
ഇതും പറഞ്ഞു അഞ്ജു മുന്നോട്ടു നടന്നു… അപ്പോഴും അവളുടെ ചുണ്ടിലൊരു പരിഹാസ ചിരിയുണ്ടായിരുന്നു… അതു കണ്ടോരു നേഴ്സ് അവളുടെ അടുത്തേക്ക് വന്നു…
” ആരാടീ അത്.. നീ എന്താ പുള്ളിയോട് അങ്ങനെ പറഞ്ഞത്… “” അതു മുൻപേ വന്ന ആ അമ്മയുടെ മോനാണ്.. അമ്മയെ നല്ല പോലെ നോക്കണമെന്നു പറഞ്ഞതാ..
അഞ്ജുവൊരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അടുത്ത പേഷ്യൻസിന്റെ അടുത്തെക്കു നടന്നു..അതേ സമയം ആ അമ്മയുടെ മുറി…” ചത്തോന്ന് അറിയാൻ വന്നതാണോ.. ”
അമ്മ മകനെ കണ്ടതും അവനോട്, അത്കേട്ട് മറുത്തൊന്നും പറയാതെ അവരുടെ അടുത്ത് വന്നിരുന്നു…
” ആ ഒരുമ്പെട്ടോള് എന്ന് ആ വീട്ടിൽ കാലു കുത്തിയോ അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം… അല്ല നീ ഇവിടെ കുത്തിയിരിക്കണമെന്നില്ല.. ചെന്നു കെട്ടിലമ്മക്ക് കൂട്ടിരിക്ക്… അതാണല്ലോ സ്ഥിരം.. അവൾ എന്നേ എന്ത് ചെയ്താലും നിനക്കൊന്നുമില്ലല്ലോ.. ”
അതിനും അവൻ മറുപടിയൊന്നും തന്നെ പറഞ്ഞില്ല…” നീ ഇവിടെ നിൽക്കണമെന്നില്ല… ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോയൊരു കൊച്ചുണ്ടല്ലോ എന്തോരു സ്നേഹമാ അതിന്.. ആ കൊച്ചു ഇവിടെ വന്നു നിന്നോളും… ആ കൊച്ചിനെയൊപോലെയുള്ളവരെ കിട്ടാനൊരു യോഗം വേണം… അതെങ്ങനെയാ.. ”
അവർ അവനോടു പരിഹാസത്തോടെ തന്നെ പറഞ്ഞു…” ശരിയാ.. അതിനൊക്കെ ഒരു യോഗം വേണം.. നിങ്ങൾക്ക് അല്ലേലും രേഖയെ പോലെയുള്ളവരെയൊക്കെയെ പറ്റു …
പിന്നെ ഞാൻ ഇവിടെ നിന്ന് പോയാൽ നിങ്ങൾ ഇവിടെ കിടക്കുകയേയുള്ളൂ… ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോയവളുണ്ടല്ലോ.. അവളിനി നിങ്ങളെ തിരിഞ്ഞു പോലും നോക്കുമെന്നു പ്രതീക്ഷിക്കണ്ട …”
അതു വരെ മിണ്ടാതെയിരുന്നവൻ പെട്ടെന്ന് തന്നെ അമ്മയോട് ദേഷ്യത്തോടെ പറഞ്ഞു…
” അതെന്താ വരാത്തത്.. നിന്നെ പോലെയല്ല ആ കൊച്ചു.. കുറച്ചു മനുഷത്വവും സ്നേഹവുമുള്ള കൂട്ടത്തിലുള്ളതാ… ”
” അവൾ വരാത്തതോ.. കുറച്ചു മുന്നേ അമ്മ പറഞ്ഞല്ലോ അവളെ കെട്ടാനൊക്കെയോഗം വേണമെന്നു… ഒരിക്കൽ ആ യോഗം ഉണ്ടായിരുന്നതാ.. അന്ന് നിങ്ങൾ ഒറ്റയൊരുത്തി കാരണമാ അവളെ എനിക്കു ഉപേക്ഷിക്കേണ്ടി വന്നത്…
ഇന്ന് നിങ്ങളെ ഈ പരുവത്തിലാക്കിയാ ഒരുത്തിയുണ്ടല്ലോ വീട്ടിൽ അവളും അവളുടെ വീട്ടുകാരും കുറച്ചു സ്വർണ്ണവും പണവും വെച്ച് നീട്ടിയപ്പോൾ നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചു… അതിന് നിങ്ങൾക്കു കിട്ടിയ ശിക്ഷയാണ് ഇപ്പോൾ നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്…
ഞാനൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും അവളൊരു നേഴ്സ് ആണെന്നും പറഞ്ഞപ്പോൾ അവളെ കെട്ടി ഇങ്ങോട്ട് കൊണ്ടു വന്നാൽ കെട്ടിത്തൂങ്ങി ചാകുമെന്നും പറഞ്ഞ് നിന്നിട്ടല്ലേ നിങ്ങൾ എന്നേക്കൊണ്ട് അവളെ ഉപേക്ഷിക്കാനുള്ള തീരുമാനം എടുപ്പിച്ചത്…
അന്ന് ഞാൻ സ്നേഹിച്ച പെണ്ണാണ്… ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയ അഞ്ജു… ഞാനിവിടെ വരുന്നത് വരെയും അവൾക്കു അറിയില്ലായിരുന്നു നിങ്ങൾ എന്റെ അമ്മയാണെന്ന്…
അന്ന് എന്തൊക്കെയാ നിങ്ങൾ അവളെയും അവളുടെ ജോലിയെ കുറിച്ചും പറഞ്ഞത്… എന്നിട്ട് ഇപ്പോൾ എന്തേ ഇങ്ങനെ പറയുന്നു…
അമ്മ പറഞ്ഞ ഒരു കാര്യം ശരിയാ അവളെപ്പോലെയൊരു പെണ്ണിനെ ഭാര്യയായും മരുമകളായും കിട്ടാൻ കുറച്ചു ഭാഗ്യം വേണം…
അതു നിങ്ങൾക്കുമില്ല… എനിക്കുമില്ല… അല്ല നിങ്ങൾ തന്നെ ആ ഭാഗ്യം നിങ്ങളുടെ ജീവന്റെ വിലയിട്ടു തട്ടി തെറുപ്പിച്ചു… ”
ഇതും പറഞ്ഞു അവൻ ദേഷ്യത്തോടെ ആ മുറി വിട്ടുപോയി.. അപ്പോൾ ആ അമ്മയ്ക്ക് മനസിലായി സ്വർണത്തിനും പണത്തിനെക്കാളും വലുത് സ്നേഹം തന്നെയാണെന്ന്… വളരെ വൈകി വന്ന തിരിച്ചറിവ്…. അപ്പോഴും അഞ്ജു മറ്റു രോഗികളെ ശ്രുശൂഷിക്കുന്ന തിരക്കിലായിരുന്നു…