(രചന: ഗുരുജി)
വയറിൽ തൊടല്ലേയെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ ചിരിച്ചു. ഒരു ചാൻ തുണിയില്ല പെണ്ണിന്റെ ഉടലിൽ..! അയാളുടെ ആ ചിരിച്ച നോട്ടത്തിൽ ഭയം മാറി ഒരുപിടി നാണം വിരിഞ്ഞു അവളിൽ….’ഇനി സ്വിച്ചിട്ടേ…’
അവൾ സ്വിച്ച് ഓൺ ചെയ്തപ്പോൾ കുളിമുറിയിലെ മാറ്റിയിട്ട അറുപത് വാട്സിന്റെ ബൾബ് മഞ്ഞിച്ച് കത്തി. ഏതോ സോപ്പിന്റെ പരസ്യം പോലെ
മുഖത്തും ദേഹത്തും പതയോടെ അവൾ ആ കുളിമുറിയിൽ മാറ് മറച്ച്, കാലുകൾ പിണഞ്ഞ് വെച്ച്, തലകുനിച്ചങ്ങനെ നിന്നു.
അയാൾ സ്റ്റൂളുമെടുത്ത് കുളിമുറിയിൽ നിന്നിറങ്ങി. പോകാൻ നേരം അവളുടെ അരയിൽ നിന്നൊരു നുള്ള് സോപ്പ് പത തൊട്ടെടുക്കുകയും ചെയ്തു.
സംഭവം കുളിച്ചുകൊണ്ടിരിക്കുമ്പോൾ ബൾബ് താനേ കെട്ടുപോയതാണ്. നിന്ന നിൽപ്പിൽ ദേഹത്ത് ഇരുട്ട് കയറിപ്പിടിച്ചപ്പോൾ ഭയത്തോടെ അവള് കതക് തുറന്ന് കൂവി. അയാള് പോയി ആ ബൾബ് മാറ്റിയിട്ട് കൊടുത്തു. അത്രേ സംഭവിച്ചുള്ളൂ..
കെട്ട് കഴിഞ്ഞ് കൊല്ലം മൂന്ന് ആകാറായെങ്കിലും അവരിന്നും നവദമ്പതികളാണ്. പരസ്പരം കാണുമ്പോൾ… സംസാരിക്കുമ്പോൾ… തൊടുമ്പോൾ… അതേ കൗതുകം…. അതേ ആഹ്ലാദം… അതേ വിറയൽ…
കുളി കഴിഞ്ഞ് അവൾ മുറിയിലേക്ക് വരാൻ കാത്ത് നിൽക്കുകയായിരുന്നു അയാൾ. അകത്ത് കയറിയപ്പോൾ തന്നെ അവളെ കട്ടിലിൽ ഇരുത്തി അയാൾ കതകടച്ചു. അവളുടെ ദേഹത്ത് നിന്ന്
ലോകത്തിന്റെ എല്ലാ സുഗന്ധവും അയാളുടെ മൂക്കിലേക്ക് തുളച്ചുകയറി. അന്നും അവർ വീര്യത്തോടെ തന്നെ അതി മനോഹരമായി രതിയിൽ ഏർപ്പെട്ടു.
പിറ്റേന്ന് അയാൾ ജോലിക്ക് പോയപ്പോൾ ഉമ്മറത്തെ പൂക്കാത്ത മുല്ല നോക്കിയിരിക്കുന്ന അവളുടെ അടുത്ത് അയാളുടെ അമ്മ പോയി ഇരുന്നു.
തുടങ്ങാനൊരു പ്രയാസം പോലെ ആ അമ്മയിൽ കണ്ടതുകൊണ്ടായിരിക്കും എന്താ അമ്മേ എന്നവൾ ചോദിച്ചത്.
‘നിങ്ങള് രണ്ടുപേരും പിള്ളേരൊന്നും വേണ്ടാന്ന് വെച്ച് നിൽക്കുവാണോ…! അതോ….! കൊല്ലം മൂന്നായില്ലേ..!’
അവൾക്കതിന് മറുപടിയുണ്ടായിരുന്നില്ല. ലാളിക്കാൻ തന്റെ മകന്റെയൊരു പിഞ്ചിനെ കിട്ടാത്തതിന്റെ എല്ലാ വേദനയോടും കൂടി ആ അമ്മ എഴുന്നേറ്റ്
പോകുകയും ചെയ്തു. തന്റെ ചോദ്യത്തിൽ മാറുടഞ്ഞ് മറുപടിയില്ലാതെ തലകുനിച്ച് വിങ്ങുന്ന അവളെക്കുറിച്ച് ആ അമ്മ ഓർത്തതേയില്ല..!
അന്ന് രാത്രി അയാൾ വന്നപ്പോഴും കുളിച്ച് വേഷം മാറുമ്പോഴും ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും അവളുടെ മുഖമാറ്റം ശ്രദ്ധിച്ചു. രാത്രി മുറിയിലേക്ക് വന്ന അവളെ തന്നിലേക്ക് വലിച്ചിട്ട് എന്തുപറ്റി
നിനക്കെന്ന് അയാൾ ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ തല താഴ്ത്തി. എന്തോയുണ്ടെന്ന് പറഞ്ഞ് അയാൾ നെറ്റിയിൽ ചുംബിച്ചപ്പോൾ അവൾ അയാളുടെ മാറിലേക്ക് ചാഞ്ഞു.’നമുക്കൊരു ഡോക്റ്ററെ പോയി കണ്ടാലോ…?'”എന്തിന്…? ”
എന്തിനെന്ന് പറയാനാകാതെ അവൾ അയാളുടെ മാറിലെ രോമങ്ങളിൽ വിരലുകൾ കൊണ്ട് ചുഴറ്റി വലിച്ചു. എന്തിനാണെന്ന് അറിഞ്ഞത് പോലെ പോകാമെന്ന് അയാൾ പതുക്കെ പറയുകയായിരുന്നുവപ്പോൾ..
“അമ്മയെന്തെങ്കിലും പറഞ്ഞോ നിന്നോട്…? “‘ഇല്ല. ‘അതുപറയുമ്പോൾ അയാളുടെ മുഖത്തേക്ക് അവൾ നോക്കിയില്ല. അമ്മയുടെ ഇടപെടൽ മനസ്സിലായത് പോലെ അതൊന്നും നീ
കാര്യമാക്കേണ്ടായെന്ന് അയാൾ പറഞ്ഞു. അതുകേട്ട അവളുടെ കണ്ണുകളൊരു നീർകുമിള പോലെ പൊട്ടി തകർന്നു. കണ്ണീർ പൊടികൾ അയാളുടെ നെഞ്ചാകെ പൊള്ളിച്ചു.
അന്ന് രാത്രിയിൽ ഒഴിഞ്ഞ വയറ് തടവിക്കൊണ്ട് അവളൊരു നിറവയറുകാരിയെ സ്വപ്നം കണ്ടുറങ്ങി. ഒരു കുഞ്ഞിനെ ഉറക്കുന്നത് പോലെ
അവളെ പൊതിഞ്ഞ് അയാൾ തലയിൽ തലോടി. രാത്രിയിൽ ഒരായിരം നക്ഷത്രങ്ങൾ ആ സ്വപ്നത്തിലെ നിറവയറുകാരിയുടെ കിനാക്കാളിൽ അന്ന് കുരുത്തിട്ടുണ്ടാകും..!
പിറ്റേന്ന് അയാൾ ജോലിക്ക് പോയില്ല. ഡോക്റ്ററെ കണ്ട് ചില പരിശോധനകളൊക്കെ നടത്തിയിട്ട് തിരിച്ച് വരുകയായിരുന്നു അവർ.
ഒരു കുഞ്ഞുവേണമെന്നത് നിർബന്ധമാണോയെന്ന് അയാൾ അവളോട് ചോദിച്ചു.
‘നിങ്ങളൊരു കുഞ്ഞിനെ ആഗ്രഹിക്കുന്നില്ലേ…?'”ആഗ്രഹിക്കുന്നൊക്കെയുണ്ട്. പക്ഷേ.. നിർബന്ധമില്ല.”
അയാളത് വളരേ സ്വാഭാവികമെന്നോണമാണ് പറഞ്ഞത്. പിന്നീട് അവർക്കിടയിലൊരു നീളൻ മൗനമായിരുന്നു. പരസ്പരം അർത്ഥമറിയുന്ന കൊടും നിശബ്ദത…
ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യതയില്ലായെന്ന പരിശോധനാ ഫലം വന്നെന്ന് ഡോക്റ്റർ വിളിച്ചുപറഞ്ഞു. ആരുടെ കുഴപ്പമാണെന്നൊന്നും അയാൾ ഡോക്റ്ററോട് ചോദിച്ചില്ല.
അന്ന് രാത്രി നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് അയാൾ അവളോട് പറഞ്ഞു. ഇത് ഞാൻ എങ്ങനെ പറയുമെന്നോർത്ത് ഇരിക്കുകയായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അവളുടെ മുഖം ശോഭിച്ചു.
പ്രത്യുൽപ്പാദന ശേഷി കുറഞ്ഞ ആളെ കണ്ടുപിടിച്ച് ചികിൽസിപ്പിക്കാനൊന്നും അവർ നിന്നില്ല. തൊട്ടടുത്ത നാള് തന്നെ ഒരു അനാഥാലയത്തിൽ പോയി വേണ്ട നടിപടികളൊക്കെ ചെയ്തു.
കുഞ്ഞുങ്ങളെയൊക്കെ കാണാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവർ അവരെ അകത്തേക്ക് കൊണ്ട് പോയി. ചെറിയ കുട്ടികളൊക്കെ സന്തോഷത്തോടെ ആർത്തുല്ലസിച്ച് കളിക്കുന്നയൊരു ഹാളിലെത്തിയപ്പോൾ അവർ നിന്നു.
കൈയ്യിൽ കരുതിയ മിട്ടായി പൊതികൾ പുറത്തെടുത്തപ്പോൾ അവരൊക്കെ കളി നിർത്തി ചുറ്റും കൂടി. എല്ലാവരേയും അവൾക്ക് ഇഷ്ട്ടപ്പെട്ടു.
കൂടുതൽ ഇഷ്ടപ്പെട്ടതും അയാളോട് രഹസ്യമായി നമുക്ക് ആ കുഞ്ഞ് മതിയെന്ന് പറഞ്ഞതും കൂട്ടത്തിൽ നിന്ന് മാറി മൂക്കള ഒലിപ്പിച്ച് മൂലക്ക് നിൽക്കുന്നയൊരു മൂന്ന് വയസ്സുകാരനെ അവൾ കണ്ടപ്പോഴാണ്.
അനുബന്ധപ്പെട്ട കടലാസുകളൊക്കെ ശരിയായാൽ കുഞ്ഞിനെ കൈമാറും. കാത്തിരിക്കാനുള്ള ക്ഷമ രണ്ടുപേർക്കും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കിട്ടുന്നത് വരെ അമ്മയിതൊന്നും അറിയേണ്ട എന്ന്
അയാൾ പറഞ്ഞു. അത് വിലക്കിക്കൊണ്ട് നിങ്ങൾ തന്നെ അമ്മയെ കാര്യങ്ങളെല്ലാം ബോധിപ്പക്കണമെന്ന് അവൾ ശഠിക്കുകയായിരുന്നു.
സംഭവമറിഞ്ഞ ആ അമ്മ നെഞ്ചത്ത് കൈവെച്ച് ഞാൻ ഇതിനൊരിക്കലും സമ്മതിക്കില്ലായെന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. എന്തുകൊണ്ടെന്ന് അയാൾ ചോദിച്ചപ്പോൾ അത് നിന്റെ ചോരയല്ലാ എന്നത് തന്നെ കാരണമെന്ന് ആ അമ്മ മറുപടിയായി പറഞ്ഞു.
ചോരയ്ക്കൊരു നിറമാണെന്നും, ആ ബോധം വന്ന മനുഷ്യർ അതിന്റെ ഗുണം കാണിക്കണമെന്നും, ദത്തെടുത്ത് പരിപാലിക്കുക എന്നതിനും അപ്പുറം മറ്റൊരു പുണ്ണ്യമില്ല എന്റെ അമ്മേയെന്നും അയാൾക്ക് തന്റെ മാതാവിനോട് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ, എന്തുകൊണ്ടോ അയാൾക്കപ്പോൾ അതിന് സാധിച്ചില്ല. അമ്മയുടെ സമ്മതം ഈ കാര്യത്തിൽ ആവശ്യമില്ലെന്നും പറഞ്ഞ് അയാൾ എഴുന്നേറ്റ് പോയി.
അന്ന് തൊട്ട് അമ്മായി അമ്മയും മരുമകളും യുദ്ധം പ്രഖ്യാപിച്ച രണ്ട് രാജ്യങ്ങളായി വേർപിരിഞ്ഞു. സന്ധിസംഭാഷണം എന്നോണം അവൾ അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അയാളുടെ അമ്മ വിദഗ്ദമായി ഒഴിഞ്ഞുമാറി.
നാളുകൾ മാസങ്ങളായി കുമിഞ്ഞുകൂടി. പൂർണ്ണ ഗർഭിണിയുടെ മനസ്സുമായി അവൾ തന്നിലേക്ക് ചേരുന്ന കുഞ്ഞിനെ കിനാവ് കണ്ടുകൊണ്ട് കാത്തിരുന്നു.
നിയമതടസ്സങ്ങളെല്ലാം പരിഹരിച്ച് അങ്ങനെ ആ നാളെത്തി. കുഞ്ഞിനെ കൊണ്ട് വരാൻ പോയവരേയും കാത്ത് അയാളുടെ അമ്മ ഉമ്മറത്ത് തന്നെ വീർപ്പിച്ച മുഖവുമായി കാത്ത്
കെട്ടിയിരുന്നു. കുഞ്ഞിന്റെ നിറവും ജാതിയും മതവും ഒർത്ത് ആ മാതാവിന്റെ ഉള്ള് വെപ്രാളപ്പെട്ടു. നേരം സന്ധ്യയായപ്പോഴേക്കും അവരുടെ കാറ് വന്ന് മുറ്റത്ത് നിന്നു.
ഒരു പൂർണ്ണ ചന്ദ്രന്റെ പ്രഭയോടെ കുഞ്ഞുമായി അവൾ കാറിൽ നിന്നിറങ്ങി. പുതു കാഴ്ച്ച കണ്ട ആശ്ചര്യത്തോടെ ആ കുഞ്ഞ് അവളുടെ പള്ളയിൽ അന്താളിച്ചിരിക്കുകയാണ്.
ഒരു പഞ്ഞിമുട്ടായുടെ പേരിൽ പിണങ്ങി നിൽക്കുന്നയൊരു പെൺകുട്ടിയെ പോലെ മാറി നിൽക്കുകയാണ് അയാളുടെ അമ്മ. അവൾ അടുത്തേക്ക് പോയി കുഞ്ഞിനെ നീട്ടി. ഒരു ഒളിച്ചുകളിയുടെ ഭാഗമായത് പോലെ അപ്പോൾ ആ കുഞ്ഞ് തന്റെ കിന്നരിപ്പല്ലുകൾ കാട്ടി വാ തുറന്ന് ചിരിച്ചു.
ആ ചിരിയിൽ സകല ആവലാതിയും മറന്ന അയാളുടെ അമ്മ കുഞ്ഞിനെയെടുത്ത് തുരുതുരാന്ന് ഉമ്മവെച്ച് മാറോട് ചേർത്തൂ.. അല്ലെങ്കിലുമൊരു കുഞ്ഞിന്റെ പുഞ്ചിരിയിൽ കീഴടങ്ങാത്ത മാതൃത്വമോയല്ലേ…!!
കുഞ്ഞുങ്ങളില്ലാത്ത കാരണത്തിൽ വിലപിക്കുന്നവർ അറിയുന്നില്ല തെരുവിന്റെ അനാഥാലയ പള്ളയിലേക്ക് ദൈവത്തിന്റെ കൈകൾ നീട്ടാൻ കിട്ടിയ ഭാഗ്യമാണ് അതെന്ന്. ആരുമില്ലാതായി
പോകുന്നവരെ പുണർന്നൊരു തെളിച്ചമുള്ള ലോകം കാട്ടുകയെന്നതിനും അപ്പുറം മറ്റൊരു പുണ്യമെന്താണ് ഈ പാരിൽ..!!!