എന്റെ ഗർഭത്തെ അലസിപ്പിക്കാൻ തീരുമാനിച്ചു. വഴക്കിട്ട് വഴക്കിട്ട് തമ്മിൽ വേർപിരിഞ്ഞിട്ട് രണ്ടാഴ്ച്ചകളോളമായി. ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും

(രചന: ഗുരുജി)

അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ

മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്ന് നിന്നു.

പെട്ടന്നൊരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ സംഗതിയാകെ കുഴയും. എന്റെ പഠിത്തം. നടത്തം. കറക്കം. എല്ലാമൊരു സംശയത്തിന്റെ ചൂണ്ടയിൽ കുരുങ്ങി എന്നെ പിടിച്ച് ഏതെങ്കിലും ഒറ്റപ്പെട്ട കരയിലേക്ക് വലിച്ചെറിയും.

അങ്ങനെയൊരു പരിഹാസ മുള്ള് കൊണ്ട് അവിടെ ജീവിക്കുന്ന കാര്യമോർക്കാനേ എനിക്ക് സാധിക്കുന്നില്ല. രണ്ടും കൽപ്പിച്ച് ഞാൻ എന്റെ ഗർഭത്തെ അലസിപ്പിക്കാൻ തീരുമാനിച്ചു.

വഴക്കിട്ട് വഴക്കിട്ട് തമ്മിൽ വേർപിരിഞ്ഞിട്ട് രണ്ടാഴ്ച്ചകളോളമായി. ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും കരുതിയ എന്റെ കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു.

തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പുമുണ്ടോയെന്ന ഒറ്റ ചോദ്യം കൊണ്ട് അവൻ എന്നെ വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു..!

വിട്ട് പോയ മാംസം പിന്നേയും കൂടി ചേർന്ന് എനിക്ക് ഇത്തിരി വാശിയുടെ പ്രാണ വായു തന്നു. എന്തൊക്കെ

കോളിളക്കങ്ങൾ സംഭവിച്ചാലും ആരൊക്കെ നേർക്ക് നിന്ന് കൊഞ്ഞനം കുത്തിയാലും കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ തീരുമാനിച്ചു.

മൂന്നാം മാസത്തിന്റെ ശരീര പരവേശവും നിരന്തര ഓക്കാനവും കണ്ട് അമ്മ വായും വയറും പിടിച്ചപ്പോൾ ഞാൻ സത്യം പറഞ്ഞു. ആ സത്യമെന്നെയൊരു ദാക്ഷണ്ണ്യവുമില്ലാതെ വീട്ടിൽ നിന്ന് പുറത്താക്കാനൊരുങ്ങി.

ചില നേരില്ലാത്ത കോടതി വിധിയിൽ മനം നൊന്ത് കരുണയ്ക്ക് വേണ്ടി അപേക്ഷിക്കാനൊന്നും ഞാൻ നിന്നില്ല. ഒരൊറ്റ വാക്കുപോലും മറുത്ത് പറയാതെ അച്ഛന്റെ ഇഷ്ട്ടമെന്നും പറഞ്ഞ് ഞാൻ വീട് വീട്ടിറങ്ങി.

സുഹൃത്തുക്കളുടെ സഹായത്തോടെ കോളേജ് പരിസരത്തൊരു പീജിയിൽ താമസിച്ച് കൊണ്ട് ഞാൻ പഠനം തുടർന്നു. വേണ്ടി വന്നാൽ തനിയേ പ്രസവിക്കാനുള്ള വിവരങ്ങൾ വരെ ലഭ്യമായ സാങ്കേതിക ലോകം എനിക്ക് വളരേ ആശ്വാസമായിരുന്നു.

മാസം ആറായപ്പോഴാണ് ഒരു അമ്മയാകാൻ പോകുന്നുവെന്ന മൃദുലവും ലോലവുമായ പ്രത്യേകതര വികാരങ്ങളൊക്ക എന്റെ ഞരമ്പിൽ വന്ന് തൊടുന്നത്.

മുറിയുടെ ജനാല തുറന്നാൽ എത്തി നോക്കുന്ന മഞ്ഞയിളം മുള തുമ്പിനോട്‌ വരെ ഞാൻ സംസാരിക്കാൻ തുടങ്ങി. കുഞ്ഞ് കുഞ്ഞ് ചട്ടികളിൽ പൂച്ചെടികളെ വളർത്താനും തനിയേ ഇരുന്നൊരു കുയിലിനെ പോലെ പാടാനുമൊക്കെ ഞാൻ ആരംഭിച്ചു.

വീർത്ത വയറ് കണ്ട് തലയിളകിയ കോളേജിലെ ചില അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സദാചാര വാക്കും നോക്കുമെല്ലാം ഞാൻ പാടേ അവഗണിച്ചു. ഒമ്പതാം മാസത്തിലെ നിറവയറോട് കൂടി

തന്നെ അവസാന വർഷ പരീക്ഷയും ഞാൻ എഴുതി. ഇനിയെന്റെ കുഞ്ഞിനെയെനിക്ക് മനസമാധാനത്തോടെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യാം…

നാളുകൾക്കുള്ളിൽ തന്നെ നഗരത്തിലെ മികച്ച ആശുപത്രിയിൽ വെച്ച് അടുത്ത കൂട്ടുകാരികളുടെ സഹായത്തോടെ ഞാനൊരു ആൺ കുഞ്ഞിന് ജന്മം നൽകി.

അവനെ ആദ്യമാത്രയിൽ കണ്ടപ്പോൾ തന്നെ അലസിപ്പിക്കാൻ തോന്നിയ ആദ്യ തോന്നലുകളോർത്ത് ഞാൻ വിങ്ങി വിങ്ങി കരഞ്ഞു. ആർക്കും തിരിച്ചറിയാൻ പറ്റാത്ത ആയുസ്സിന്റെ കണ്ണീർ..!

പിന്നീട് എന്റെ നാളുകളിൽ ഉത്സവമായിരുന്നു. ഒരിക്കൽ പോലും ഞാനെന്റെ കുഞ്ഞിന്റെ അച്ഛനെ സ്നേഹിക്കാനോ വെറുക്കാനോ വേണ്ടി ഓർത്തതേയില്ല.

ഞാൻ പ്രസവിക്കാൻ കാരണമായ ഒരാൺ ജീവി എന്നതിനപ്പുറം മറ്റൊരു വികാരവും എനിക്ക് ആ മനുഷ്യനോട് തോന്നുന്നുമില്ല.

എന്റെ മുലപ്പാലിന്റെ മണമുള്ളയൊരു പിഞ്ച് കുഞ്ഞ് എന്നിൽ പ്രപഞ്ച വിസ്തൃതിയോളം വലിപ്പത്തിലൊരു ലോകം നിർമ്മിച്ചിരിക്കുന്നു. ആ ലോകത്തിൽ ഞാൻ അത്രയേറെ ആഹ്ലാദത്തിലാണെന്ന് പറയാതെ വയ്യ..!

കുഞ്ഞിന് പ്രായമൊന്നാകും മുമ്പേ തന്നെ സ്കൂൾ കുട്ടികൾക്ക് ട്യൂഷനെടുത്ത് ചെറിയൊരു വരുമാനമുണ്ടാക്കാൻ ഞാൻ ആരംഭിച്ചു. അതുമാത്രമല്ല,

പുതിയ വാടക വീടിന്റെ ടെറസ്സ് മുഴുവൻ വിലപിടിപ്പുള്ള പനിനീർ ചെടികൾ ചെറുകിട വിപണി ലക്ഷ്യമാക്കി നട്ടുപിടിപ്പിക്കുകയും ചെയ്തു.

കുഞ്ഞ് വളർന്നൊരു നാൾ തന്റെ അച്ഛനെക്കുറിച്ച് ചോദിച്ചാൽ നീയെന്ത് പറയുമെന്ന് എന്നോട് ഒരിക്കലെന്റെ അടുത്ത കൂട്ടുകാരി ചോദിക്കുകയുണ്ടായി.

ഞാനൊന്നും പറയാതിരിക്കുമ്പോൾ പതിയേ അവനത് മനസ്സിലായിക്കൊള്ളുമെന്ന് അവൾക്ക് ഞാൻ മറുപടി നൽകി. ഒരച്ഛന്റെ സ്നേഹമില്ലാതെ കുഞ്ഞ് വളരുന്നതിൽ ദുഖമുണ്ടെന്ന് പറഞ്ഞ് അവൾ പോയി.

കാരണക്കാരനും, തെറ്റ് പൊറുത്ത് കരുണ കാണിക്കേണ്ടിയിരുന്ന കാരണവന്മ്മാരും ഒരുപോലെ കൈമലർത്തിയിട്ടും വീഴാതെ പിടിച്ച് നിന്നത് എന്റെ കുഞ്ഞിന് വേണ്ടിയാണ്.

ഞാൻ കണ്ട കൂട്ടത്തിൽ പാതിയുമെന്നോട് പല്ലിളിച്ചിട്ടേയുള്ളൂ.. പലരും പാടിയും പറഞ്ഞുമെന്നെ പരിഹസിച്ചിട്ടും, എന്റെ ചുണ്ടിൽ നിന്ന് പുഞ്ചിരിയും കണ്ണുകളിൽ നിന്ന് അതിജീവനത്തിന്റെ കനലും മാഞ്ഞില്ല.

പേരിന് പോലുമൊരു അച്ഛൻ ഇല്ലാതെ എന്റെ കുഞ്ഞ് വളർന്നാൽ മതിയെന്ന തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ച് നിന്നു.

പ്രകൃതിയിൽ പെണ്ണിന്റെ സുവിശേഷമായ പങ്കെന്താണെന്ന് അറിയുന്ന ഒരിണക്കും തുണക്കും മാത്രമേ, താനും കൂടി കാരണമായ് അവളിലൂടെ ലോകം

കാണുന്നയൊരു കുഞ്ഞിന്റെ നേരായ അച്ഛനാകാൻ സാധിക്കൂ.. എന്റെ കുഞ്ഞിന് അമ്മയ്ക്ക് പിറന്ന സന്തതിയായി സഞ്ചരിക്കാനാണ് വിധി.

പെണ്ണൊരുത്തി കാരണക്കാരൻ ആരാണെന്ന് വെളിപ്പെടുത്താതെയൊരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ലോകം മറിഞ്ഞ് വീഴുമെന്ന് കരുതിയവർക്ക് മുന്നിലൂടെ തന്നെ ഞാൻ എന്റെ കുഞ്ഞിനെ നടത്തി.

ചില ഇടവേളകളിൽ അവർ പരസ്പരം പരദൂഷണം പറഞ്ഞ് ചിരിക്കുമായിരിക്കും.. തളരുന്നത് വരെ ചിരിക്കട്ടെ…! അതോർത്ത് ജീവിക്കാതിരിക്കാൻ പറ്റുമോ..! കടിഞ്ഞാൺ കയ്യിലുണ്ടാകുമ്പോൾ ജീവിതമതെത്ര മനോഹരമാണ്..!

ഉള്ളതും ഇല്ലാത്തതും കണക്കാണെന്ന് കരുതുന്നയൊരു ബന്ധമോ പേരോ എനിക്കുമെന്റെ കുഞ്ഞിനുമിടയിൽ വേണ്ട. ഒരിക്കലെന്റെ തുറന്ന് പറച്ചിലവൻ പൂർണ്ണമായും മനസ്സിലാക്കും.

എന്റെ തണലിൽ പൂക്കളേയും പരാഗരേണുവുമായി പാറുന്ന വണ്ടുകളേയും കണ്ട് വളരുന്ന എന്റെ മോനത് ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിൽ പിന്നെയാർക്കാണതിന് സാധിക്കുക…

ഇനിയഥവാ സാധിച്ചില്ലെങ്കിലും, എത്ര ദൂരം സഞ്ചാരിച്ചാലും തനിയേ തിരിച്ച് വരുന്ന വിവേകമുണ്ടാകുന്നത് വരെ തന്റെ കുഞ്ഞുങ്ങളെ കരുതലോടെ വളർത്തി തുറന്ന് വിടുകയെന്നതിനപ്പുറം ഒരു രക്ഷിതാവെന്താണ് ചെയ്യേണ്ടത്…!

Leave a Reply

Your email address will not be published. Required fields are marked *