അവൻ ഇവളെ തിരിഞ്ഞു നോക്കണില്ല.. ആ ബന്ധം അവസാനിച്ച മട്ടാണ്… ഇനി നീ ഇപ്പൊ ജോലി വിട്ടു പുറത്തേക്കു പോവാൻ

പണം
(രചന: Kannan Saju)

” അയ്യോ.. അമ്മേ… ഞാനിപ്പോ ചാവും ” പ്രസവ വേദനയാൽ നീനു പുളഞ്ഞു…..ഡോക്ടർ മെറിൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു… പുറത്തു കസേരയിൽ താൻ അച്ഛനാവാൻ പോവുന്ന സന്തോഷത്തിൽ റോബിൻ പ്രതീക്ഷയോടെ ഇരുന്നു..

” പത്തു വര്ഷം കാത്തിരിക്കാമെങ്കിൽ പിന്ന ഇത്ര ടെൻഷൻ എന്തിനാടോ? ” ചിന്തയിൽ ആണ്ടിരുന്ന റോബിനോടായി സുഹൃത്തു ഡേവിഡ് ചോദിച്ചു…

” ടെൻഷൻ ഒന്നും ഇല്ലടാ… കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ ഉള്ള കൊതി ” നീണ്ട കാലത്തെ കാത്തിരിപ്പിന്റെ ശേഷമുള്ള ആകാംഷയും സന്തോഷവും മുഖത്ത് പ്രകടമാക്കിക്കൊണ്ടു റോബിൻ പറഞ്ഞു…

വേദനയുടെ നിമിഷങ്ങൾ അത്യുന്നതിയിൽ എത്തി… നീനുവിന്റെ കണ്ണുകൾ നിറഞ്ഞു. .. ഒരമ്മയെ പോലെ മെറിൻ അവളുടെ കൂടെ നിന്നു…

മെറിന്റെ കൈകളിൽ മുറുക്കി പിടിക്കുമ്പോൾ നീനയുടെ ഉള്ളിൽ തെല്ലു ആശ്വാസം ഉണ്ടായിരുന്നു…

ഈ പത്തുമാസം മെറിൻ ആണ് പൊന്നു പോലെ നോക്കിയത്… ഒരമ്മയെ പോലെ തന്നെ അവർ കരുതലോടെ സംരക്ഷിച്ചു.. അവരുടെ തിരക്കുകളിൽ പലതും തനിക്കായി മാറ്റി വെച്ചു…

റോബിനെ ആദ്യമായി കാണുന്ന ആ നിമിഷം നീനുവിന്റെ ഉള്ളിലൂടെ കടന്നു പോയി… അന്നവനെ കണ്ടില്ലായിരുന്നെങ്കിൽ ഇന്നിത്രയും വേദന തിന്നേണ്ടി വരില്ലായിരുന്നു എന്ന് പോലും അവൾ ചിന്തിച്ചു….

” ഇതാണ് നീനു ഞാൻ പറഞ്ഞ അഡ്വ : റോബിൻ… ” അദ്ദേഹത്തെ ഡേവിഡാണ് തനിക്കു പരിചയപ്പെടുത്തുന്നത്…

” നീനു.. ഡേവിഡ് എപ്പോഴും പറയാറുണ്ട് ” തന്റെ കൈകളിൽ കൈ ചേർത്തു കൊണ്ടു അദ്ദേഹം ഒരു ചിരിയോടെ അത് പറയുമ്പോൾ താൻ ഒരിക്കലും കരുതിയിരുന്നില്ല,

ഒരു നാൾ അദ്ദേഹത്തെ പോലൊരു വലിയ മനുഷ്യന്റെ കുഞ്ഞിന് താൻ ജന്മം നൽകേണ്ടി വരുമെന്ന്… അതും ഉണ്ണാനും ഉടുക്കാനും ഗതിയില്ലാത്ത വീട്ടിലെ കുട്ടി ആയ ഞാൻ…..

” എന്ത് ചെയ്യാനാ മോളേ… അവൻ ഇവളെ തിരിഞ്ഞു നോക്കണില്ല.. ആ ബന്ധം അവസാനിച്ച മട്ടാണ്… ഇനി നീ ഇപ്പൊ ജോലി വിട്ടു പുറത്തേക്കു പോവാൻ പഠിക്കണം എന്നൊക്കെ പറഞ്ഞാൽ കുടുംബം പട്ടിണി ആവും”

ഭർത്താവ് ഉപേക്ഷിച്ച ചേച്ചിയും മകളും വീട്ടിലാണ്… അവരെ കുറിച്ച് അമ്മ അത് പറയുമ്പോൾ ആണ് ഡേവിഡും അദ്ദേഹവും മുന്നിലേക്ക് വരുന്നത്…..

അച്ഛൻ ഇല്ലാത്തൊരു ബാല്യം… വാതിൽ ഇല്ലാത്ത വീടും മൂന്ന് പെണ്ണുങ്ങളും…. പഞ്ചായത്തിൽ നിന്നും വീട് പണിതു കൊടുക്കാൻ തുടങ്ങിയപ്പോൾ ആണ് വീട്ടിൽ ഒരു വാതിൽ ഉണ്ടാവുന്നത്.. ചേച്ചിയുടെ ഒളിച്ചോട്ടം… കുറച്ചു നാൾ കഴിഞ്ഞു വീട്ടിലേക്കും..

മദ്യവും സിഗരറ്റും മണക്കുന്ന ചേച്ചിയുടെ ഭർത്താവിന്റെ ശ്വാസത്തിന് പുഴയിറമ്പിൽ പണിക്കു വന്നിരുന്ന തമിഴന്മാരെക്കാൾ ദുർഗന്ധം ആയിരുന്നു…

അമ്മ പണിക്കു പോവും… ചേച്ചി തുണി കഴുകാനോ പാല് കൊടുക്കാനോ പോവും… അന്നേരമാണ് വാതിലില്ലാത്ത വീട് തനിക്കു ശാപമായി മാറിയിരുന്നത്… അവരു പോയാൽ ഉടനെ തമിഴന്മാർ ഓടി വരും… ഒരാൾ പുറത്തു നിക്കും.. മറ്റുള്ളവർ…

അമ്മയോട് പറയാൻ പേടി ആയിരുന്നു… പറഞ്ഞാൽ അമ്മയെയും ചേച്ചിയെയും രാത്രി വന്നു ഇതുപോലെ ചെയ്യുമെന്ന് ഭീഷണിയും..

അതിലും ഭീകരമായിരുന്നു ഭാര്യയെ പ്രസവത്തിനു കയറ്റിയ തക്കത്തിന് ഒറ്റയ്ക്ക് വീട്ടിൽ ഉള്ള ഭാര്യയുടെ അനിയത്തിയെ…

നഴ്സിംഗ് പഠിക്കാൻ പള്ളിയിൽ നിന്നും അച്ഛൻ സഹായിച്ചതാണ്… ജോലിയിൽ കയറി കിട്ടുന്ന ശമ്പളം കൊണ്ടു ഓരോന്നായി ചെയ്തു തുടങ്ങിയപ്പോൾ അമ്മക്ക് ഹൃദയത്തിനു അസുഖം..

ചേട്ടൻ ചേച്ചിയെ ഇട്ടു പോയി… യൂട്രസിൽ മുഴകൾ വന്നു അത് എടുത്തു കളയേണ്ടി വന്നതോടെ പിന്നെ ചേട്ടനെ കണ്ടിട്ടില്ല..

ഓപ്പറേഷൻ കഴിഞ്ഞു അവളെ ഒന്ന് കാണാൻ പോവണം എന്ന് കരുതി ഇരിക്കുമ്പോ ആണ് അമ്മ കിടപ്പിലാവുന്നതു… കടം ഒന്നിന് മേലെ ഒന്നായി…

” റോബിൻ സർ… പെൺകുട്ടി ആണ് ” നഴ്സ് ഓടി വന്നു പറഞ്ഞു….റോബിൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ ചാടി എണീറ്റു…” ഇപ്പൊ കാണിക്കും…. ”

റോബിൻ തലയാട്ടി….. അല്പ സമയത്തിനുള്ളിൽ കുഞ്ഞുമായി നിറ കണ്ണുകളുടെ മെറിൻ പുറത്തേക്കു വന്നു…..

റോബിൻ കണ്ണുകൾ തുടച്ചു കുഞ്ഞിനെ എടുക്കാൻ കൈകൾ നീട്ടി.. വിറയ്ക്കുന്ന കൈകളിലേക്ക് മെറിൻ കുഞ്ഞിനെ വെച്ചു അവന്റെ തോളിലേക്ക് ചാരി…

കുഞ്ഞിനെ സ്നേഹത്തോടെ നോക്കി റോബിൻ മെറിന്റെ നെറ്റിയിൽ ചുംബിച്ചു….” നീനു ”

” അവൾക്കു കുഴപ്പൊന്നും ഇല്ല.. ഒക്കെ ആണ് ” അകത്തു നീനു മുകളിലേക്കും നോക്കി കിടന്നു…

” നീനു ഇപ്പൊ അമ്മേടെ ഓപ്പറേഷന് പണം വേണം.. ഇത്രയും നാൾ ആ വീടിനു ഒരു വാതില് വെക്കാൻ സഹായിക്കാതെ ഇരുന്ന നാട്ടുകാർ ആരെങ്കിലും സഹായിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ” ഡേവിഡ് അവളോട് ചോദിച്ചു…നീനു എന്ത് പറയണം എന്നറിയാതെ നിന്നു

” നല്ല പോലെ ചിന്തിക്കു… ഇത് ഡൽഹി ആണ്.. ഇവിടെ എന്ത് നടന്നാലും നാട്ടിൽ അറിയാൻ പോവുന്നില്ല.. മെറിന് ഒരിക്കലും അമ്മ ആവാൻ കഴിയില്ല… എത്ര രൂപ താരനും അവർ തയ്യാറാണ്… അവർക്കു വേണ്ടത് നല്ലൊരു സ്ത്രീയെ ആണ്…

കുറച്ചു കാലത്തേക്ക് നിന്റെ ഗർഭപാത്രം വാടകക്ക് കൊടുക്കുന്നു.. അവരു നോക്കും നിന്നെ… അവരുടെ വീട്ടിൽ നിർത്തി നോക്കും.. മെറിൻ തന്നെ എല്ലാം ചെയ്തോളും.. നിന്റെ പ്രശ്നങ്ങളും തീരും അവരുടെ ആഗ്രഹവും സാധിക്കും ”

ഒടുവിൽ സമ്മതിച്ചു… പക്ഷെ ഇത്രയും വേദന തിന്നു അവനു ജന്മം കൊടുത്തപ്പോൾ, അവൻ ഒരിക്കലും തന്റെ അല്ലെന്നു ഓർക്കുമ്പോൾ, പ്രസവിച്ച കുഞ്ഞിനുമേൽ തനിക്കു ഒരു അവകാശവും ഇല്ലെന്നു ഓർക്കുമ്പോൾ,

തന്നെ അതിന്റെ മുഖം പോലും കാണിക്കാതെ അവർ എടുത്തു കൊണ്ടു പോയപ്പോൾ ഉള്ളിൽ ഒരു നീറ്റൽ… അമ്മക്ക് വേണ്ടി മകൾ അമ്മയായി…

കടമ അല്ലേ…..പണം…. അതില്ലാതെ ജീവിക്കാൻ ആവില്ല.. സന്തോഷിക്കാൻ ആവില്ല… കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്കും പകരം നൽകേണ്ടത് പണമാണ്….

അതിനു വേണ്ടി വാടകക്ക് ഒരു അമ്മയാവേണ്ടി വന്നു… മുറിയിലേക്ക് മാറ്റിയപ്പോൾ ആദ്യം വിളിച്ചതും അമ്മയെ ആണ്….

” മോളേ നീ വരണ്ട കേട്ടോ…. അടുത്ത മാസ്സം കുഞ്ഞീടെ സ്കൂൾ ഫീസ് അടക്കണം… ”

” അമ്മ പേടിക്കണ്ട.. ഇനി അടുത്തൊന്നും ലീവ് കിട്ടില്ല.. എല്ലാ മാസവും പൈസ വരും ” അമ്മ സന്തോഷത്തോടെ വെച്ചു..

ഒരു നേരം കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല… നിന്റെ മുഖം കാണാൻ കൊതിയാവുന്നു എന്ന് പറഞ്ഞിട്ടില്ല.. അത് സ്നേഹം ഇല്ലാത്തോണ്ടല്ലായിരിക്കും ഒരു പക്ഷെ നാളെ പണം ഇല്ലാതെ വന്നാലോ എന്ന ചിന്ത ആയിരിക്കും..അങ്ങനെ ഓരോ ചിന്തകളുമായി നീനു മെല്ലെ കണ്ണുകൾ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *