നിനക്കൊക്കെ മാന്യമായി പെണ്ണ് കെട്ടി ജീവിച്ചൂടെടാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു , ഇത്തരം പെണ്ണുങ്ങള് എനിക്കൊരു വീ ക്ക് നെസ്സായി പോയി എട്ടാന്ന് .

വി ശുദ്ധ വേ ശ്യ
(രചന: Magesh Boji)

കടത്തിന്‍റെ മുകളില്‍ കടം കയറി പണ്ടാറമടങ്ങി നില്‍ക്കുന്ന എന്‍റെ മുന്നിലെ അവസാന പിടി വള്ളിയായിരുന്നു ഭാര്യയുടെ കഴുത്തിലെ രണ്ടര പവന്‍റെ താലിമാല…

അവളത് ഊരിയെടുത്ത് എന്‍റെയീ ഉള്ളം കയ്യിലേക്ക് വെച്ച് തരുമ്പോള്‍ വേദനയോടു കൂടി ഒന്നേ പറഞ്ഞുള്ളൂ ,

ഈ ബിസിനസ്സും കൂടി പൊളിഞ്ഞിട്ടിങ്ങോട്ട് വന്നാല്‍ നിങ്ങള്‍ക്കിനി ഊരി തരാന്‍ ആ കാണുന്ന അയല് കെട്ടിയ കയറ് മാത്രമേ ബാക്കിയുള്ളൂ എന്ന്.

അവള്‍ ചൂണ്ടി കാണിച്ച അയല് കെട്ടിയ കയറ് ഞാനൊന്ന് നോക്കി . തലക്ക് മുകളില്‍ കറങ്ങുന്ന ഫാനിലേക്കും നോക്കി…

ഒരു നെടുവീര്‍പ്പ് മാത്രമുതിര്‍ത്ത് പണ്ട പണയ ബാങ്കിലേയ്ക്ക് വിഷാദനായി ഞാന്‍ നടന്നു.

പണയം വച്ച് കിട്ടിയ കാശില്‍ നിന്ന് കുറച്ചെടുത്ത് കടയുടെ അഡ്വാന്‍സ് കൊടുത്തു. ബാക്കി കാശിന് കടയിലേക്കുള്ള സാധനങ്ങളെടുത്തു.

എല്ലാം കഴിഞ്ഞ് തിരിച്ച് പോവുമ്പോള്‍ നേരം സന്ധ്യയായിരുന്നു.വീട്ടിലേക്ക് കയറുമ്പോള്‍ കണ്ടത് , ഒഴിഞ്ഞ കഴുത്തുമായി നിലവിളക്കേന്തി നടന്ന് വരുന്ന എന്‍റെ പ്രിയ പത്നിയെയാണ്.

കോലായിലേക്ക് കയറി ഞാനവളോട് ചോദിച്ചു , ഇങ്ങനെ ഒഴിഞ്ഞ കഴുത്തുമായി നടക്കാതെ നിനക്കാ സിന്ദുവിന്‍റെ കടയില്‍ നിന്ന് ഒരു റോള്‍ഡ് ഗോള്‍ഡിന്‍റെ മാല വാങ്ങി താലി അതില്‍ കോര്‍ത്തിട്ട് നടന്നൂടെ എന്ന്.

അതിനുള്ള ഉത്തരം ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു.ആ ഒഴിഞ്ഞ കഴുത്ത് എന്നോടുള്ള പ്രതിഷേധമാണെന്ന് മനസ്സിലാക്കി ഞാന്‍ മുറിയിലേക്ക് നടന്നു.

ഉടുത്തിരുന്ന ഷര്‍ട്ടും മുണ്ടും മാറ്റിയിടുമ്പോള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കല്ല്യാണ ഫോട്ടോയിലേക്ക് ഒരു നിമിഷം കണ്ണൊന്നുടക്കി.

സര്‍വ്വാഭരണ വിഭൂഷിതയായ അവളുടെ രൂപമതില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു …

പിന്നെ മുറ്റത്തേക്കും നോക്കി ഞാനാ കൊലായിലെ പടിയില്‍ കുറേ നേരമിരുന്നു. മെല്ലെ എണീറ്റ് മുറിയിലേക്ക് തന്നെ നടന്നു. അപ്പോഴേക്കും അത്താഴം കഴിച്ച് അവളാ ചുമരിന്‍റെ ഓരം ചേര്‍ന്നുറങ്ങാന്‍ കിടന്നിരുന്നു.

മെല്ലെ ഒരു കൈ കട്ടിലിലൂന്നി അവളുടെ ചെവിയോട് ചുണ്ട് ചേര്‍ത്ത് ഞാന്‍ ചോദിച്ചു , നിനക്കെന്നോട് നല്ല ദേഷ്യമുണ്ടല്ലേ എന്ന്.

അവളതിന് ഉത്തരമൊന്നും തന്നില്ല.ഞാന്‍ മെല്ലെ അവളുടെ മുടിയില്‍ തലോടി പറഞ്ഞു , ഇത് പണ്ട് തുടങ്ങിയത് പോലെയൊന്നുമല്ലെടി , എനിക്കറിയാവുന്ന ബിസിനസ്സാണ് , ഇപ്പോ ഈ ഇലക്ട്രിക്കല്‍ വര്‍ക്കിനൊക്കെ വല്ല്യ ഡിമാന്‍റാണ് ,

കല്ല്യാണത്തിന് മുന്‍പ് ഞാനീ പണിക്കായിരുന്നല്ലോ പോയിരുന്നത് , പോരാത്തതിന് സഹായിയായി സുഗുവും വരുന്നുണ്ട് , ഈ ബിസിനസ്സ് എന്തായാലും വിജയിക്കും , എനിക്കുറപ്പുണ്ട് .

പൊടുന്നനെ എന്‍റെ കൈ തട്ടി മാറ്റി അവള്‍ ഉച്ചത്തില്‍ പറഞ്ഞു, നിങ്ങളെന്ത് ബിസിനസ്സ് വേണേലും നടത്തിക്കോ , പക്ഷെ ഉദ്ഘാടനംന്നും സ്വീകരണംന്നും

പറഞ്ഞ് എന്നെയോ എന്‍റെ വീട്ടുകാരെയോ നിലവിളക്ക് കൊളുത്താനോ നാട മുറിക്കാനും വിളിച്ചേക്കരുത് , ആള്‍ക്കാരുടെ മുന്നില് തലയയുയര്‍ത്തി നടക്കണം ഞങ്ങള്‍ക്ക് , ഇതിപ്പോ എത്രാമത്തെ ബിസിനസ്സാണ്, ഓരോരുത്തര് എന്നെ കാണുമ്പോ കളിയാക്കി ചോദിക്ക്യാണ് ,

ഭര്‍ത്താവ് പുതിയ ബിസിനസ്സ് തുടങ്ങിയോ , എന്നാണ് പുതിയ ബിസിനസ്സിന്‍റെ ഉദ്ഘാടനം എന്നൊക്കെ ,നാണക്കേട് കൊണ്ട് തൊലിയുരിഞ്ഞ് പോവുകയാണ് മനുഷ്യന്‍റെ’

തീര്‍ത്തും നിശബ്ദമായിരുന്നു പിന്നീടാ മുറി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍.

പിറ്റേന്ന് പുലര്‍ച്ചെ എണീറ്റ് വാസുദേവ പണിക്കരുടെ അടുത്തേക്ക് പോവുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും വിജയിക്കണമെന്നുള്ള നിശ്ചയദാര്‍ഢ്യമായിരുന്നു മനസ്സില്‍.

കടയുടെ ഉദ്ഘാടനത്തിനുള്ള തീയ്യതിയും സമയവും പണിക്കരുടെ അടുത്ത് നിന്ന് എഴുതി വാങ്ങിച്ചു.

അപ്പോഴേക്കും സഹായി സുഗു ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയെന്നും പറഞ്ഞെന്നെ ഫോണില്‍ വിളിച്ചു.

പെട്ടിയും കിടക്കയുമായി വന്ന അവനെയും കൂട്ടി ഞാന്‍ കടയിലേക്ക് നടന്നു.

ഒരു കൊച്ചു വീടാണ് ഞാന്‍ കടയായി മാറ്റിയെടുത്തത് . അതുകൊണ്ട് തന്നെ ഒരു മുറിയും, അടുക്കളയും, പൂജാമുറിയും, കുളിമുറിയും ഉള്ള അവിടെ തന്നെ അവന് തത്ക്കാലം താമസിക്കാനുള്ള സൗകര്യവുമൊരുക്കി.

അവനെ അവിടെ നിര്‍ത്തിയിട്ട് ഞാന്‍ വീട്ടിലേക്ക് പോയി.ഉദ്ഘാടനത്തിന്‍റെ കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അവളൊന്നും മിണ്ടിയില്ല.

കടയൊന്ന് തൂത്ത് വാരി വൃത്തിയാക്കാന്‍ നീയൊന്നെന്‍റെ കൂടെ നാളെ വരുമോന്ന് ചോദിച്ചപ്പോള്‍ മൗനമായിരുന്നു മറുപടി.

ഉദ്ഘാടനത്തിന്‍റെ അന്ന് നിലവിളക്ക് കൊളുത്താനെങ്കിലും നീ വരില്ലേന്ന് ചോദിച്ചപ്പോള്‍ അവള്‍ അടുക്കളയുടെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടച്ചു.

പിന്നെ ഒന്നും പറയാനും ചോദിക്കാനും ഞാന്‍ പോയില്ല.അല്ലെങ്കിലും ചെയ്ത ബിസിനസ്സിന്‍റെ ഉദ്ഘാടനത്തിന് വേണ്ടി അടിച്ച് തുടച്ച് വൃത്തിയാക്കിയിട്ട കടകള്‍ ഇന്ന് മറ്റാരുടെയൊക്കെയോ കൈകളിലാണ്.

മഹാന്‍മാരെ കൊണ്ട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യിപ്പിച്ച കടകളൊക്കെയും ഒരു വര്‍ഷം തികയാതെ പൂട്ടിപോയവയാണ്.

പിന്നെന്തിനാണീ വൃത്തിയാക്കലും ഉദ്ഘാടനത്തിന് ക്ഷണിക്കലുമെന്ന് ഞാനോര്‍ത്തുപോയി.

ഇന്നേ വരെ തുടങ്ങിയ ബിസിനസ്സിന്‍റെയൊക്കെയും ഉദ്ഘാടനത്തിന് ആറാമനായും എഴാമനായും മാത്രം തിരി തെളിയിച്ചിരുന്ന എനിക്ക് തന്നെ ഏഴു തിരിയും തെളിയിച്ച് ഈ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കണമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു.

ഉദ്ഘാടനത്തിനുള്ള സാധനങ്ങള്‍ ഒരു പൊതിയിലാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ കണ്ട ഭാവം നടിച്ചില്ല.

ഒരു പുതിയ തുടക്കത്തിലേക്കുള്ള യാത്രയില്‍ മനസ്സ് നിറയെ ശുഭപ്രതീക്ഷകളായിരുന്നു.

സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി ഞാന്‍ നേരെ കടയിലേക്ക് നടന്നു.വീതി കുറഞ്ഞ റോഡിലൂടെ നടന്ന് കടയുടെ മുന്നിലുള്ള വഴിയിലെത്തിയപ്പോള്‍ ഞാനൊരു നിമിഷം അവിടെ സ്തംഭിച്ച് നിന്നു പോയി.

ഇന്നലെ കണ്ടത് പോലെയായിരുന്നില്ല ആ വഴി.അവിടെ അങ്ങിങ്ങായി കിടന്നിരുന്ന ചപ്പു ചവറുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു…

അതിന്‍റെ കൂടെ വളര്‍ന്നിരുന്ന കള പുല്ലുകളെല്ലാം പിഴുത് കളഞ്ഞിരിക്കുന്നു.. ആശ്ചര്യത്തോടെ നടന്ന് ഞാന്‍ കടയുടെ തൊട്ട് മുന്നിലെത്തി.

മുന്‍ വശത്തെ വാതിലിന് നല്ല തിളക്കം.. അകത്തെ തറയിലും തിളക്കം.. ചുമരായ ചുമരുകളിലെല്ലാം പുതിയൊരു തെളിച്ചം…

ആ സമയം ഒരു തോര്‍ത്തു മുണ്ട് തലയില്‍ ചുറ്റി സുഗു എന്‍റെ മുന്നിലൂടെ കടന്ന് പോയി.

മനസ്സ് നിറഞ്ഞ നന്ദിയോടെ ഞാന്‍ സുഗുവിനെ നോക്കി ചിരിച്ചപ്പോള്‍ ഒരു ചെറുപുഞ്ചിരിയെനിക്ക് തിരികെ സമ്മാനിച്ച് ധൃതിയിലൊരു ബക്കറ്റുമെടുത്ത് അവന്‍ കുളി മുറിയിലേക്ക് പോയി.

കയ്യിലുള്ള പൊതി ഞാന്‍ മേശപ്പുറത്ത് വച്ചു.ചുമരില്‍ തുടച്ച് വൃത്തിയാക്കി വച്ചിരിക്കുന്ന വലിയ കണ്ണാടിയിലൊന്ന് മുഖം നോക്കി. മുടിയൊന്ന് കോതിയൊതുക്കി ഷര്‍ട്ടിന്‍റെ കോളറൊന്ന് ചേര്‍ത്ത് വച്ച് നിര്‍ത്തി.

പെട്ടെന്നാണ് നെറ്റിയിലൊരു ചുവന്ന പൊട്ട് കണ്ടത്…..നെറ്റിയില്‍ കൈ തടവിയപ്പോള്‍ ഒന്നും കിട്ടിയില്ല. തലയൊന്ന് വെട്ടിച്ച് നോക്കിയപ്പോള്‍ പൊട്ട് നില്‍ക്കുന്നത് കണ്ണാടിയിലാണെന്ന് മനസ്സിലായി.

ഒന്നൂടെ കണ്ണാടിക്കരികിലേക്ക് ചെന്ന് ആ പൊട്ട് തൊട്ട് നോക്കി. പെണ്ണുങ്ങള്‍ തൊടുന്ന വട്ടത്തിലുള്ള ചുവന്ന പൊട്ട്….

അതു വരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം എന്നില്‍ നിന്ന് പതിയെ മായാന്‍ തുടങ്ങി.എന്തോ ഒരു ദുസ്സൂചന ഞാന്‍ മണത്തു.

അരികിലുള്ള ഒരു കസേരയിലേക്കങ്ങിരുന്നു ഞാന്‍. മെല്ലെ തറയിലേക്കിരുന്ന് കട്ടിലിന്‍റെ അടിയിലേക്കൊന്ന് പാളി നോക്കി.

മുറിയില്‍ ഒന്ന് മണം പിടിച്ചു. ഒരു പ്രത്യേക തരം മണം ആ മുറിക്കുള്ളിലുള്ളത് പോലെ തോന്നി.

അപ്പോഴേക്കും കുളി കഴിഞ്ഞ് ഒരു മൂളിപ്പാട്ടുമായി സുഗു അകത്തേക്ക് കയറി വന്നു.

എന്‍റെ മുഖഭാവം കണ്ടതും അവന്‍റെ മുഖത്തൊരു പരുങ്ങല്‍.. കാടു കയറിയ ചിന്തയുമായി ഞാന്‍ കുളിമുറിയിലേക്ക് പോയി. പോവും വഴിയില്‍ കണ്ടു , അവന്‍റെ തുണികളെല്ലാം അലക്കി അയലില്‍ വൃത്തിയായി ഉണങ്ങാനിട്ടിരിക്കുന്നത്…

കുളിച്ച് കഴിഞ്ഞ് വന്ന് നേരത്തെ കൊണ്ട് വച്ച പൊതി ഞാന്‍ തുറന്നു.നിലവിളക്കിലേക്കുള്ള എണ്ണയും തിരിയും തീപ്പെട്ടിയും ഫോട്ടോയില്‍ ചാര്‍ത്താനുള്ള മാലയും കയ്യിലെടുത്തു.

മുപ്പത്തിമുക്കോടി ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് പണിക്കര് കുറിച്ചു തന്ന സമയം നോക്കി കടയുടെ ഉദ്ഘാടനം നടത്താനായി ഞാനാ പൂജാ മുറിയിലേക്ക് വലത് കാല്‍ വച്ച് കയറി.

അവിടെയുള്ള കാഴ്ച്ച കണ്ട് എന്‍റെ കണ്ണില്‍ ഇരുട്ട് കയറി….കയ്യിലുള്ള സാധനങ്ങള്‍ നിന്ന് വിറകൊണ്ടു. ഫോട്ടോക്ക് മുന്നിലെ സ്റ്റാന്‍ഡിലുള്ള നിലവിളക്കിലതാ ഏഴു തിരികള്‍ തെളിഞ്ഞ് കത്തുന്നു……

ചുമരില്‍ ചാരി വച്ച ഗു രുവായൂരപ്പന്‍റെ ഫോട്ടോയിലതാ ഒരു തുളസിമാല ചുറ്റി കിടക്കുന്നു… പെട്ടെന്നാണ് സ്റ്റാന്‍ഡിലെ ഒരു മൂലയില്‍ എന്തോ തിളങ്ങുന്നത് കണ്ടത്.

അടുത്ത് ചെന്ന് നോക്കി.പെണ്ണുങ്ങള്‍ മുടിയിലിടുന്ന രണ്ട് സ്ലൈഡ്….. ഞാന്‍ അലറി വിളിച്ചു , എടാ സുഗുവേന്ന്. ഓടി വന്ന അവന്‍റെ മുഖത്ത് നോക്കി ഒന്നൂടെ ഞാന്‍ അലറി.

തല താഴ്ത്തി നിന്ന് അവന്‍ പറഞ്ഞു , ഞാനവളോട് ഇങ്ങോട്ട് വരണ്ടാന്ന് പറഞ്ഞതാണേട്ടാ , പക്ഷെ അവളത് കേട്ടില്ല. ദയനീയമായി ഞാനവനെ നോക്കി.

നിനക്കൊക്കെ മാന്യമായി പെണ്ണ് കെട്ടി ജീവിച്ചൂടെടാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു , ഇത്തരം പെണ്ണുങ്ങള് എനിക്കൊരു വീ ക്ക് നെസ്സായി പോയി എട്ടാന്ന് .

തനിക്ക് പലയിടത്തും ഇതു പോലുള്ള സെറ്റപ്പുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ എനിക്കവനോട് അറപ്പ് തോന്നി. കാശിന്‍റെ കാര്യത്തില് തനിക്ക് പ്രത്യേകം ഇളവുണ്ടെന്നവന്‍ എത്ര ലാഘവത്തോടെയാണ് എന്നോട് പറഞ്ഞത്…

നിസ്സഹായനായി ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.അവന്‍റെ വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടതിന്‍റെ ഇടയിലൂടെ നടന്ന എന്നോടവന്‍ പറഞ്ഞു , ഇവളുമാര് എന്‍റെ അരികില്‍ വന്നാല്‍ പിന്നെ ഭാര്യമാരെ പോലെയാണ് എന്ന് ,

വീടും പരിസരവും വൃത്തിയാക്കി , എന്‍റെ തുണിയെല്ലാം അലക്കിയിട്ട് , എനിക്ക് കഴിക്കാനുള്ളത് വച്ചുണ്ടാക്കിയിട്ടേ അവര് പോവൂ എന്ന്.

അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ ദേഷ്യം ഞാന്‍ കടിച്ച് പിടിച്ച് നിന്നു.തല താഴ്ത്തി അവന്‍ പറഞ്ഞു , പുലര്‍ച്ചെ പോവ്വാന്‍ നേരം ഒരു നൂറു രൂപ ഞാന്‍ കയ്യില്‍ വച്ചു കൊടുത്തിരുന്നു അവള്‍ക്കെന്ന്.

ഞാനവന്‍റെ കണ്ണിലേക്ക് നോക്കി.ഈക്കണ്ട പണിയെല്ലാം ചെയ്യുന്നതിന് ഈക്കാലത്ത് നൂറു രൂപക്കാരെയെങ്കിലും വേറെ കിട്ടുമോന്നൊരു ചോദ്യമവന്‍ എന്‍റെ നേര്‍ക്കെറിഞ്ഞ് അകത്തേക്ക് പോയി….

മോഹങ്ങളും സ്വപ്നങ്ങളും പൊട്ടി തകര്‍ന്നവനെ പോലെ ഞാന്‍ നിന്നു.ഈ കട അവനെ ഏല്‍പ്പിച്ച് എങ്ങോട്ടെങ്കിലും ഓടി പോയാലോന്ന് ആലോചിച്ചു. ഈ കട എന്‍റെതാണോ അതോ അവന്‍റേതാണോന്നൊരു നിമിഷം സംശയിച്ചു.

അവനെ ഒരു നിമിഷം പോലും ഇവിടെ വച്ച് പൊറുപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

പക്ഷെ ഞാന്‍ വിളിച്ചിട്ട് വന്ന അവനോടീ കാര്യം എങ്ങനെ പറയുമെന്നെനിക്കറിയില്ലായിരുന്നു.പെട്ടെന്നാണ് ഫോണ്‍ ബെല്ലടിച്ചത്.

നാല് എക്സ്ഹോസ്റ്റ് ഫാനിനുള്ള ഓര്‍ഡറായിരുന്നു ആ വിളി….. കടയിലെ ആദ്യത്തെ കച്ചോടം… ഇന്നലെ ഓര്‍ഡര്‍ പിടിക്കാന്‍ പോയപ്പോള്‍ വേണ്ടെന്ന് പറഞ്ഞ ആള് ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ച് ഓര്‍ഡര്‍ തന്നിരിക്കുന്നു……..

സന്തോഷം തോന്നേണ്ട കാര്യമാണെങ്കിലും അതിന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍.

ഞാന്‍ അവനോട് പറഞ്ഞു , നീ ഈ എക്സ്ഹോസ്റ്റ് ഫാന്‍ കൊണ്ട് പോയി ഫിറ്റ് ചെയ്ത് കൊടുത്തതിന് ശേഷം എന്നെ വിളിക്കണം . അതിന് ശേഷം നീയിങ്ങോട്ട് വരണോ വേണ്ടയോ എന്ന് ഞാന്‍ പറയാം എന്ന്.

അവന്‍ ഫാനുമായി പോകുന്നതും നോക്കി ഞാന്‍ ഇരുന്നു. പെട്ടെന്നാണ് ഒരു അപരിചിത നമ്പറില്‍ നിന്ന് കാള്‍ വന്നത്. അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ നാലു വര്‍ഷം മുന്‍പ് പരിചയപ്പെട്ട ഒരു കമ്പനിയുടെ എം ഡിയായിരുന്നു.

എന്‍റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചിരിക്കുകയാണ്.അവരുടെ കമ്പനിയിലേക്ക് വേണ്ട എല്ലാ ഇലക്ട്രിക്കല്‍ ഐറ്റവും ആവശ്യമുണ്ടത്രേ…..!

എനിക്ക് ഒന്നും വിശ്വസിക്കാനായില്ല .ജീവിതമാകെ ഒരു നിമിഷ നേരം കൊണ്ട് മാറി മറിയുന്നത് പോലെ തോന്നി.

ഒന്നുമല്ലാതിരുന്ന ഞാന്‍ എന്തൊക്കെയോ ആയതു പോലെ തോന്നി. അപ്പോഴേക്കും ജോലി തീര്‍ത്ത് സുഗുവിന്‍റെ കാള്‍ വന്നു.

ഇടറിയ ശബ്ദത്തോടെയാണ് അവന്‍ സംസാരിച്ച് തുടങ്ങിയത്. ഞാനവനോട് തിരിച്ച് പോരാന്‍ പറഞ്ഞു…

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് വിളിച്ച അവന്‍ അങ്ങേ തലയ്ക്കല്‍ നിശബ്ദനായി നിന്നത് ഞാനറിഞ്ഞു.പിന്നെയും പലരും വിളിച്ചു.

വൈകുന്നേരമാവുമ്പോഴേക്കും ഒരു വര്‍ഷത്തേക്കുള്ള കച്ചവടമാണ് ഉദ്ഘാടന ദിവസം തന്നെ നടന്നത്….

അന്ന് രാത്രിയും എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.പിറ്റേന്ന് രാവിലെ ഞാന്‍ നേരത്തെ കടയിലേക്ക് പോയി. വഴിയും മുറ്റവും തൂത്തു വാരി വൃത്തിയാക്കിയിരിക്കുന്നത് ഞാന്‍ കണ്ടു.

അയലില്‍ അവനിന്നലെ ഇട്ട വസ്ത്രങ്ങള്‍ അലക്കിയിട്ടിരിക്കുന്നതും കണ്ടു.തറ നനച്ച് തുടച്ചിരിക്കുന്നു.

ഞാന്‍ വേഗം കണ്ണാടിക്കരികിലേക്ക് ചെന്നു. പച്ച നിറത്തിലുള്ള ചെറിയ പൊട്ട്… ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. ഒരു നിഷ്കളങ്കമായ ചിരി സമ്മാനിച്ച് അവന്‍ ജോലിയില്‍ വ്യാപൃതനായി.

എനിക്ക് സുഗുവിനെയോര്‍ത്ത് അത്ഭുതം തോന്നി. അതിനേക്കാളേറെ അവളുമാരെയോര്‍ത്തായിരുന്നു അത്ഭുതം.

ഒരുത്തന്‍റെ കൂടെ അന്തിയുറങ്ങി , നേരം വെളുക്കുന്നതിന് മുന്നെ അവന് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ഒരു നൂറു രൂപയും വാങ്ങി തിരിച്ചു പോവുന്ന അവളുമാരെ എങ്ങനെ നിര്‍വ്വചിക്കണം എന്നെനിക്കറിയില്ലായിരുന്നു.

കാ മമോ സ്നേഹമോ അല്ലെങ്കില്‍ അതിനേക്കാളപ്പുറത്ത് എന്താണ് അവളുമാര്‍ക്കിവനോടെന്നുള്ള ചോദ്യം എന്നെ അലട്ടി.

‘ഈശ്വരാ ‘ എന്നൊന്ന് നീട്ടി വിളിച്ച് എല്ലാത്തിനുമുള്ള ഉത്തരം ഞാനതിലൊതുക്കി. മുറ്റവും തറയും പിന്നീടുള്ള രണ്ട് ദിവസങ്ങളിലും തൂത്തു വാരി വൃത്തിയാക്കപ്പെട്ടു…..

അയലില്‍ അലക്കിയിട്ട വസ്ത്രങ്ങളും കാണപ്പെട്ടു. പക്ഷെ കണ്ണാടിയിലൊട്ടിച്ച പൊട്ടിന്‍റെ നിറവും വലിപ്പവും ആ നാല് ദിവസവും വിത്യാസപ്പെട്ട് നിന്നു…..

അവന് താമസിക്കാനായി ഒരു വീട് ഞാന്‍ വാടകക്കെടുത്ത് കൊടുത്തു.കട്ടിലും കിടക്കയും പൊതിഞ്ഞ് കെട്ടി അങ്ങോട്ട് താമസം മാറാനായി ഇവിടെ നിന്നിറങ്ങിയ സമയം ഞാനവനോട് മെല്ലെ ചോദിച്ചു , അവളെ എനിക്കൊന്ന് കാണാന്‍ പറ്റുമോ എന്ന്..

അതിന് മറുപടിയായി അവന്‍ പൊട്ടിച്ചിരിച്ചു. അതാരെന്ന് ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ളത് കൊണ്ടാവും ഒരു നിമിഷം ചിന്താമഗ്നനായി നിന്നവന്‍ മുന്നോട്ട് നടന്നത്.

നിരാശയോടെ ഞാന്‍ കടയിലേക്ക് കയറി. ആ ചുവന്ന പൊട്ട് ഞാന്‍ നിധി പോലെ സൂക്ഷിച്ച് വച്ചു…

ഞാനറിയാത്ത , എന്നെയറിയാത്ത എന്‍റെ കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച അവളെ എന്നെങ്കിലും കാണുകയാണെങ്കില്‍ എനിക്ക് പറയണം , ‘നീ വെറും വേ ശ്യയല്ല പെണ്ണേ , വി ശുദ്ധ വേ ശ്യയാണ്, വി ശുദ്ധ വേ ശ്യ ‘

Leave a Reply

Your email address will not be published. Required fields are marked *