സ് ത്രീധനമായി ഒ ന്നര കോ ടിയെങ്കിലും വേണം….പിന്നെയൊരു കാറും…. ബിസിനസ്സുകാരനായ നിങ്ങൾക്ക് അതു വലിയ വിഷയമല്ല എന്നെനിക്കറിയാം.. ”

പെണ്ണുകാണൽ ഇൻറർവ്യൂ
(രചന: Megha Mayuri)

“ഏതു സ്കെയിൽ മാനേജരാണ് ബ്രാഞ്ച് ഹെഡ് ചെയ്യുന്നത്?”ആദ്യമായി എന്നെ പെണ്ണുകാണാൻ വന്ന സുമുഖനും സുന്ദരനും സർവോപരി വിനീതനുമായ എസ്. ബി.ഐ.

അസിസ്റ്റൻറ് മാനേജറിൽ നിന്നും ഉയർന്ന ആദ്യത്തെ ചോദ്യം തന്നെ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു….

എന്താ പേര്? എവിടെയാ പഠിച്ചത് ?എന്നിങ്ങനെയുള്ള സാധാ ചോദ്യങ്ങൾ പ്രതീക്ഷിച്ചു നിന്ന,

നമ്രമുഖിയായ് കാൽ നഖം കൊണ്ട് ചിത്രം വരച്ചു കൊണ്ടു നിന്ന ഞാൻ ഇമ്മാതിരി കൊസ്രാക്കൊള്ളി ചോദ്യം കേട്ടു വിളറി വിയർത്തു..വെപ്രാളത്തിൽ ശബ്ദം പരമാവധി ചെറുതാക്കി ഞാൻ മൊഴിഞ്ഞു.

“ലാർജ് “ഗൗരവഭാവം വിടാതെ തന്നെ വീണ്ടും അയാൾ ചോദ്യം വ്യക്തമാക്കി…”അതല്ല കൊച്ചേ ചോദിച്ചത് ….മാനേജർ ഏതു സ്കെയിലാണ് എന്നാണ്….”

ലൈഫ് ലൈൻ കിട്ടിയ സന്തോഷത്തിൽ ഞാൻ വിളിച്ചുകൂവി….”സ്കെയിൽ 2″ഉടൻ വന്നു അടുത്ത ചോദ്യം….” ബ്രാഞ്ചിന്റെ ബിസിനസ് എത്രയാ?

“80 കോടി ” (കശ്മലനു ചോദിക്കാൻ വേറൊന്നുമില്ലേ? ഇതൊന്നുമല്ലാതെ എന്തൊക്കെ ചോദിക്കാം ഇയാൾക്ക്?)

എന്റെ മനസ്സിൽ അടുത്തതായി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ പെരുമഴ ചറുപറാ എന്ന് വന്നു…

NPA (Non Performing Assets- കിട്ടാക്കടം), CASA(Cash Accounts and Savings Accounts), Target, Loans and Advances, കാർഷിക വായ്പ…ഇത്യാദി… കർത്താവേ….. ഒന്നിന്റെയും ഉത്തരവും ഓർമ്മയില്ല….

കാണാപാഠം പഠിച്ചു വയ്ക്കേണ്ടതായിരുന്നു… മൊത്തത്തിൽ ജനറൽ മാനേജരുടെ റിവ്യൂ മീറ്റിംഗിൽ പങ്കെടുത്ത ഒരു പ്രതീതി…

ഭാഗ്യത്തിന് പിന്നീട് ചോദ്യങ്ങളൊന്നും തന്നെ ചെറുക്കന്റെ ഭാഗത്തു നിന്നുണ്ടായില്ല.. അടുത്ത ചോദ്യം ചെറുക്കന്റെ മമ്മിയുടെ വക

“തൃശൂരിൽ ക ന റാ ബാങ്കിന് എത്ര ബ്രാഞ്ചുകളുണ്ട്?””ഞാൻ എണ്ണി നോക്കിയിട്ടില്ല” എന്ന ഉത്തരമാണ് പെട്ടെന്ന് വായിൽ വന്നതെങ്കിലും പെണ്ണു തറുതല പറയുന്നവൾ എന്ന പേരുദോഷം വരുത്തേണ്ടല്ലോ എന്നാലോചിച്ച്

“അറിയില്ല ” എന്ന ഒറ്റ വാക്കിൽ ഞാനെന്റെ അമർഷം കടിച്ചു പിടിച്ചൊതുക്കി (Feeling ഒരു ലോഡ് പുച്ഛം)

ചെറുക്കന്റെ ഡാഡിയുടെ ചോദ്യം…”എത്ര സെന്റിലാണ് വീട് നിൽക്കുന്നത്?””ഇവിടെ സെന്റിനെന്താണ് വില?””ഈ കാണുന്നതിനൊക്കെ പെൺകൊച്ച് മാത്രമാണോ അവകാശി?”

ഇതെല്ലാം കേട്ട ഞാൻ എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടേയും മുഖങ്ങളിലേക്ക് പാളി നോക്കി… മറുപടി പറയുന്ന രണ്ടു പേരുടെയും മുഖത്ത് കഷായം കുടിച്ച ഭാവം…

എനിക്കതു കണ്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നി… അവർക്ക് അങ്ങനെ തന്നെ വേണം… ഇപ്പോൾ കല്യാണമൊന്നും വേണ്ടെന്ന് ഞാൻ നൂറു തവണ പറഞ്ഞതാ…

വീക്കെൻഡിൽ വീട്ടിലെത്തിയ എന്നെ പിടിച്ച് നിർബന്ധിച്ച് പെണ്ണുകാണലിന് നിർത്തിയതല്ലേ? ബാങ്കിൽ ജോലി കിട്ടിയിട്ട് ആറു മാസമായതേയുള്ളൂ…

ഒരു രണ്ടു വർഷമെങ്കിലും കഴിഞ്ഞു മതി കല്യാണം, അതുവരെ ഒന്നു സ്വസ്ഥമായിരിക്കട്ടെ എന്നു വിചാരിച്ചിരിക്കുമ്പോഴാ ഒടുക്കത്തെ ഒരാലോചനയും കൊണ്ടുവന്നിരിക്കുന്നത്..

സ്ക്രീനിംഗ് ടെസ്റ്റിൽ ഞാൻ അതീവ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് സന്തോഷത്തോടെ ഞാൻ മനസ്സിലാക്കി…

ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂവിൽ പരാജയപ്പെടുന്നത് എന്നെ ഇത്രയേറെ സന്തോഷിപ്പിക്കുന്നത്..

ഏതായാലും ഇന്റർവ്യൂ കഴിഞ്ഞ് “വിളിക്കാം” എന്നും പറഞ്ഞ് ആ കുടുംബം ഇറങ്ങിയതും അപ്പച്ചന്റെയും അമ്മച്ചിയുടെയും മട്ടു മാറി..”എന്തു ജാതി പത്രാസുകാരാ…. ” അമ്മച്ചി അരിശത്തോടെ പറഞ്ഞു…

അവർ വരുന്നതിനു മുമ്പ് പറഞ്ഞതു പോലെയല്ല അവരു പോയിക്കഴിഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞത്.. അപ്പച്ചന്റെയും താൽപര്യം നശിച്ചിരുന്നു….

എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് റോയിയുടെ ഡാഡിയുടെ ഫോൺ കോൾ പ്രകാരം അപ്പച്ചൻ പുത്തൻ പള്ളിയിലെത്തി..

“റോയിക്ക് ആൻ മേരിയെ ഒരു പാടിഷ്ടമായി.. ഇത് തന്നെ മതി എന്നാ അവൻ പറയുന്നത്… അവന്റെ സങ്കൽപത്തിലുള്ള അതേ പെങ്കൊച്ച്…

നല്ല ഉയരവും നിറവും വിദ്യാഭ്യാസവും ഉയർന്ന ജോലിയും വേണമെന്നായിരുന്നു അവന്റെ നിബന്ധന.. ഒരു പാട് പെൺകുട്ടികളെ കണ്ടെങ്കിലും അവനിതാണ് ഇഷ്ടപ്പെട്ടത്..

മാതാവിന്റെ മുന്നിൽ കൊ ന്ത ചൊല്ലിയതിനു ശേഷം മാത്രം ഇക്കാര്യം ആൻ മേരിയുടെ അപ്പച്ചനോടു പറഞ്ഞാൽ മതിയെന്നാ അവൻ പറഞ്ഞത്…

വലിയ ദൈവ വിശ്വാസിയാ അവൻ… എന്നും പള്ളിയിൽ പോകും… എല്ലാ ചൊവ്വയും വെള്ളിയും അവൻ ഉപവാസമെടുക്കും… എല്ലാ നോമ്പുകളുമെടുക്കും…

ഒരു കെട്ട് പ്രാർത്ഥനാ പുസ്തകമുണ്ട് അവന്റെ കയ്യിൽ.. എന്റെ മോനായതു കൊണ്ടു പറയുകയല്ല.. കു ടിയോ വ ലിയോ വേറെ യാതൊരു ദുശ്ശീലമോ ഇല്ല…”

മോനെ കുറിച്ച് പറയാൻ അയാൾക്ക് നൂറു നാവ്..”പിന്നെ നിങ്ങൾക്കറിയാമല്ലോ? എന്റെ ഒറ്റ മോനാ അവൻ… മൂന്നു മാസം കഴിഞ്ഞാൽ അവൻ ബാങ്ക് മാനേജരാവും…

അതു കൊണ്ട് സ് ത്രീധനമായി ഒ ന്നര കോ ടിയെങ്കിലും വേണം….പിന്നെയൊരു കാറും…. ബിസിനസ്സുകാരനായ നിങ്ങൾക്ക് അതു വലിയ വിഷയമല്ല എന്നെനിക്കറിയാം.. ”

അപ്പച്ചൻ എല്ലാം സവിനയം കേട്ട് തലകുലുക്കിയതിനു ശേഷം “മോളോടും കുടുംബക്കാരോടും ചോദിച്ചിട്ട് അറിയിക്കാം” എന്നു മാത്രം പറഞ്ഞ് വീട്ടിലേക്കു മടങ്ങി… അമ്മച്ചിയോടും എന്നോടും ഇക്കാര്യം ചർച്ച ചെയ്തു..

എന്റെ അനിഷ്ടം ഞാൻ നേരത്തേ പ്രകടമാക്കിയിരുന്നെങ്കിലും അമ്മച്ചിയുടെ എതിർപ്പിന്റെ ശക്തി കുറഞ്ഞത് എന്നെ വീണ്ടും ആശങ്കയിലാഴ്ത്തി…

അന്ന് വൈകുന്നേരം റോയിയുടെ ഡാഡിയുടെ ഫോൺ കോൾ വന്നു… അപ്പച്ചനാണ് ഫോണെടുത്തത്…

“നിങ്ങളെന്തു തീരുമാനിച്ചു?””വില പറഞ്ഞു വിൽക്കാൻ എന്റെ വീട്ടിൽ കന്നുകാലികളെയൊന്നും വളർത്തുന്നില്ല… എന്റെ മോളെ ഞാൻ നല്ല ദൈവഭയത്തോടെയാണ് വളർത്തുന്നത്…

അവൾക്ക് ഞാൻ നല്ല വിദ്യാഭ്യാസം നൽകിയിട്ടുണ്ട്… ഭാഗ്യത്തിന് അവൾക്ക് ഒരു ജോലിയുമുണ്ട്..

ഒന്നരക്കോടിയും കാറും കൊടുത്ത് വില പേശി എന്റെ മോൾക്ക് ഒരു ഭർത്താവുദ്യോഗസ്ഥനെ വാങ്ങാൻ അവൾക്കോ ഞങ്ങൾക്കോ തീരെ താൽപര്യമില്ല… നിങ്ങളുടെ യോഗ്യനായ മോനെ എന്റെ മോൾക്കു വേണ്ട…. ”

ഇതും പറഞ്ഞ് അപ്പച്ചൻ ഫോൺ വച്ചു…അപ്പച്ചന്റെ ഈ ഡയലോഗു കേട്ടതും വിസിലടിക്കാൻ തോന്നിയെനിക്ക്..

അതു വരെ ആശങ്കാഭരിതമായ എന്റെ മനസ്സ് മഴക്കാറുകണ്ട മയിലിനെ പോലെയായി അപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *