നിന്റെ ഭാര്യ ഗർഭം അലസിപ്പിച്ചു കളഞ്ഞു.. അതുതന്നെ.. അതിനു വായികൊള്ളാത്ത ഓരോ ന്യായങ്ങളും “ദേവകിയമ്മ ചൊടിച്ചു

തോരാത്ത മഴ പോലെ
(രചന: സൃഷ്ടി)

” എന്നാലും എന്റെ മകന്റെ ചോരയെ ഇല്ലാതാക്കിയല്ലോ നീ.. കുടുംബത്തിന്റെ വേരറുത്തല്ലോ മഹാപാപീ.. നീ ഒരിക്കലും ഗുണം പിടിക്കില്ല ”

ദേവകിയമ്മ അകത്തളത്തിലിരുന്ന് കണ്ണീരോടെ പ്രാകി. അകത്തേ മുറിയിൽ ചാരു അത് കേട്ട് കിടപ്പുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിർജീവമായി ഒഴുകിക്കൊണ്ടിരുന്നു.. അവൾക്കരികിൽ ഇരുന്ന സുധി അവളുടെ കൈകൾ അമർത്തിപ്പിടിച്ചു.

ദേവകിയമ്മയുടെ ഒരേയൊരു മകനാണ് സുധി. അവൻ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് ചാരു എന്നാ ചാരുലതയെ. ചാരുലതയ്ക്ക് സുധിയെ പോലെ വലിയ സമ്പത്തോ ബന്ധുബലമോ ഉണ്ടായിരുന്നില്ല. അവൾക്കാകെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആദ്യം തൊട്ടേ അതിന്റെ ഒക്കെ ഒരു ഇഷ്ടക്കേട് ദേവകിയമ്മയ്ക്ക് അവളോടുണ്ട്. വിവാഹം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാവാതിരുന്നതോടെ അതു പറഞ്ഞായിരുന്നു അവരുടെ ആക്രമണം. അതിനിടയിൽ അച്ഛൻ കൂടി മരണപ്പെട്ടതോടെ ചാരു പൂർണ്ണമായും സുധിയുടെ വീട്ടിൽ തന്നെ ആയി.

സുധി അവൾക്ക് കൊടുത്ത സ്നേഹത്തിനും കരുതലിനും മുന്നിൽ അമ്മയുടെ അനിഷ്ടം അവൾ അവഗണിച്ചു കളഞ്ഞു. അപ്പോളേക്കും ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത ചാരുവിനെ കളയാനും, മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാനുമൊക്കെ അമ്മ സുധിയെ ഉപദേശിക്കാൻ തുടങ്ങി.

നിരന്തരം അതും പറഞ്ഞു നടക്കുമ്പോളാണ് ചാരു ഗർഭിണിയായത്. അതോടെ അവർ ഒന്നയഞ്ഞു എങ്കിലും അവളെ സ്നേഹിക്കാനൊന്നും തയ്യാറായിരുന്നില്ല. അപ്പോളാണ് അഞ്ചാം മാസം നടത്തിയ സ്കാനിൽ ചാരുവിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ജനിതക തകരാറുകൾ ഉണ്ടെന്നു കണ്ടെത്തിയത്.

ജനനശേഷം കുഞ്ഞിന് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാകുമെന്നുള്ള കണ്ടെത്തലിൽ ചാരുവിനു അബോർഷൻ ചെയ്യേണ്ടി വന്നു. അതാണിപ്പോൾ ദേവകിയമ്മയേ ചൊടിപ്പിച്ചിരിക്കുന്നത്. ചാരു മനഃപൂർവ്വം കുഞ്ഞിനെ നശിപ്പിച്ചു കളഞ്ഞു എന്ന് വരുത്തി അവളെ കുറ്റപ്പെടുത്താനുള്ള തിരക്കിലായിരുന്നു അവർ.

സുധി പലതും അമ്മയെന്ന പരിഗണനയിൽ അവഗണിച്ചു കളയുമെങ്കിലും മാനസികമായി അവനും ചാരുവും അത്രയേറെ തളർന്നിരിക്കുന്ന സമയത്തു ഒരു സാന്ത്വനമാവേണ്ട അമ്മ ഇത്തരത്തിൽ പെരുമാറുന്നത് അവന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ ചാരുവിനോടൊപ്പം തന്നെ ഒരു താങ്ങായി നിന്നു.

” എന്നാലും എത്ര വർഷം കഴിഞ്ഞാ ഈ വീട്ടിൽ ഒരു കുഞ്ഞിക്കാൽ കാണാൻ പോയത്.. അതിനെ നീ പിച്ചി കളഞ്ഞല്ലോടീ”

അവർ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. അപ്പോളാണ് അയൽക്കാരിയും നാട്ടിലെ പ്രധാന ന്യൂസ്‌ പിടുത്തക്കാരിയുമായ ഗിരിജചേച്ചി അങ്ങോട്ട് വന്നത്..

” ഞാനിപ്പളാ വിവരമറിഞ്ഞത് ദേവേടത്തീ.. എന്താ ഉണ്ടായേ? “കണ്ണീരടക്കാൻ പാടുപെട്ട ഗിരിജ ചോദിച്ചു. കേൾക്കാൻ ഒരാളെ കിട്ടിയതോടെ ദേവകിയമ്മ ഒന്നുകൂടി ഉഷാറായി.

” എന്ത് പറയാനാ എന്റെ ഗിരിജേ.. എന്റെയും എന്റെ മോന്റെയും തലവിധി.. അല്ലാതെന്താ പറയാ “” എന്നാലും ഇതിപ്പോ എന്താ കാര്യം? വെറുതെ ഇങ്ങനെയൊക്കെ ചെയ്യുമോ? ”

” ഞാനെന്താ പറയാ.. സ്കാനിംഗ് ചെയ്തപ്പോ കുട്ടിയ്ക്ക് എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞുവെന്ന്.. അതുകൊണ്ട് അത് കളയാൻ പോകുന്നു എന്ന് സുധി പറഞ്ഞു… എനിക്ക് കാര്യം തിരിയുന്നതിനു മുന്നേ അതിനെ കലക്കി കളയേം ചെയ്തു. എനിക്ക് യോഗല്യ ”

ദേവകിയമ്മ കണ്ണ് തുടച്ചു..” ഹോ.. അവളാള് കൊള്ളാമല്ലോ.. ഈശ്വരൻ തരുന്നത് അങ്ങനെയുള്ള കുഞ്ഞിനെ ആണെങ്കിൽ അതിനെ കൈനീട്ടി വാങ്ങണം. എന്നിട്ട് പൊന്നുപോലെ നോക്കണം. അങ്ങനെയല്ലേ അമ്മമാരു ചെയ്യാ ”

ഗിരിജ ഒന്നുകൂടി ദേവകിയമ്മയുടെ ഉള്ളിൽ തീ കോരിയിട്ടു” പിന്നല്ലാതെ.. പണ്ടൊക്കെ സ്കാനിങും കൂനിങ്ങും ഉണ്ടായിട്ടാണോ ? ഇപ്പോളത്തെ ഓരോ പരിഷ്ക്കാരങ്ങൾ അല്ലേ.? മാസമാസം സ്ക്കാനിങ്‌, മരുന്ന്, ബെഡ്രെസ്റ്റ്.. എന്നിട്ടോ, ഇല്ലാത്ത

കുഴപ്പങ്ങൾ ഇല്ല താനും.. ഇതൊന്നും ഇല്ലാത്ത കാലത്ത് ഇവിടെ പെണ്ണുങ്ങള് ഒരു കുഴപ്പവും ഇല്ലാതെ പെറ്റിട്ടുണ്ട്.. കുട്ടികളെ വളർത്തിയിട്ടുമുണ്ട്.. ഇതിപ്പോ കഷ്ടപ്പെടാൻ വയ്യ.. അതന്നെ ”

” അതെയതെ.. ഇനിയിപ്പോ പറഞ്ഞിട്ടെന്താ? “” എന്റെ സങ്കടം അവൾക്ക് മനസ്സിലാവില്ല.. അവൾക്കെങ്ങനെയാ ഒരമ്മയുടെ വില അറിയുക? അത് പറഞ്ഞു കൊടുക്കാൻ ആരെങ്കിലും വേണ്ടേ? നോക്കിക്കോ.. ഇതിനവൾ അനുഭവിക്കും. ഒരമ്മയുടെ ശാപമാ ഇത് ”

അത്രയും ആയപ്പോളേക്കും അത്രനേരം വിങ്ങിയിരുന്ന ചാരു ഒരു തേങ്ങലോടെ മുഖം പൊത്തി. സുധി അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ മുകർന്നു.

” കരയല്ലേ ചാരൂ.. ദേ നിന്റെ ശരീരം ആകെ ക്ഷീണിച്ചിരിക്കുകയാണ്. അപ്പൊ നീ കൂടുതൽ തളരല്ലേ.. നമ്മൾ ഇതേപ്പറ്റി ഒക്കെ പറഞ്ഞതല്ലേ? ”

” എന്നാലും സുധിയേട്ടാ.. നമ്മുടെ കുഞ്ഞു.. എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ.. ഇനി.. ഇനി നമുക്കു കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ സുധിയേട്ടാ ”

” ചെ.. നീയിങ്ങനെയൊക്കെ ചിന്തിച്ചാലോ ചാരൂ.. ഞാൻ നിന്നോട് കാര്യങ്ങൾ പറഞ്ഞതല്ലേ.. നീ കിടക്ക്.. ഞാനിപ്പോ വരാ ”

” അവരോട് വഴക്കിനു പോകല്ലേ സുധിയേട്ടാ “” ഇല്ല. നീ കിടന്നോ “ചാരുവിനെ കിടത്തിയ ശേഷം സുധി ഉമ്മറം ലക്ഷ്യമാക്കി നടന്നു.

” ഹാ മോനെ.. മോൻ ഇവിടെ ഉണ്ടായിരുന്നോ? ഗിരിജേച്ചി വിവരമറിഞ്ഞപ്പോ ഇങ്ങോട്ട് പോന്നതാണ്. വല്ലാത്തൊരു കഷ്ടം തന്നെ ”

ഗിരിജ ചേച്ചി മുഖത്ത് വിടർത്തുന്ന ദുഖഭാവം സുധി പുച്ഛത്തോടെ നോക്കി..” നിങ്ങള് രണ്ടാളും പറഞ്ഞതൊക്കെ ഞാൻ കേട്ടു ഗിരിജ ചേച്ചീ.. അതുകൊണ്ട് തന്നെയാണ് ഞാനിങ്ങോട്ട് വന്നത്. ചിലതൊക്കെ ഒന്ന് പറയാൻ ”

ദേവകിയമ്മയും ഗിരിജയും അവനെ സംശയത്തോടെ നോക്കി.” അല്ലാ. കുറെ നേരമായല്ലോ നിങ്ങള് രണ്ടാളും കൂടെ ചാരുവിനെ കുറ്റപ്പെടുത്തുന്നു.. നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ?? ”

” ഇതിലിപ്പോ ഇത്ര അറിയാൻ എന്താ ഉള്ളത്? നിന്റെ ഭാര്യ ഗർഭം അലസിപ്പിച്ചു കളഞ്ഞു.. അതുതന്നെ.. അതിനു വായികൊള്ളാത്ത ഓരോ ന്യായങ്ങളും “ദേവകിയമ്മ ചൊടിച്ചു..

” അമ്മ വിഷമം കൊണ്ട് പറയുന്നതാ മോനെ “” കൊള്ളാം.. അമ്മയ്ക്ക് ഇത്ര വിഷമം ഉണ്ടെങ്കിൽ അപ്പൊ ഈ അവസ്ഥയിൽ ചാരുവിനു എത്ര വേദന കാണും? ശരീരത്തിനും മനസ്സിനും ഇപ്പൊ ഉള്ള വേദന പോരാഞ്ഞു അമ്മ കുത്തുവാക്ക് പറഞ്ഞു അവളെ കൊല്ലാതെ കൊല്ലുവല്ലേ ”

” അല്ലേടാ.. നിന്റെ ഭാര്യ കൊച്ചിനെ കളഞ്ഞു വന്നാൽ ഞാൻ മടിയിൽ ഇരുത്തി കൊഞ്ചിക്കാം ”

” കഷ്ടമുണ്ട് അമ്മേ.. കുഞ്ഞിനെ ചാരു മനഃപൂർവം വേണ്ട എന്ന് വെച്ചതല്ല. സ്കാനിംഗ് റിപ്പോർട്ടിൽ പ്രശ്നം ഉള്ളത് കൊണ്ട് ഞാൻ നിർബന്ധിച്ചിട്ടാണ് അവൾ അബോർഷന് സമ്മതിച്ചത്.. ”

ദേവകിയമ്മയും ഗിരിജയും സുധിയെ തറഞ്ഞു നോക്കി.” സത്യമാ.. അമ്മേ.. കുഞ്ഞ് ജനിക്കുമ്പോൾ മാനസികവളർച്ചയും ശാരീരിക വൈകല്യങ്ങളും ചിലപ്പോൾ വേറെ അസുഖങ്ങളും ഒക്കെ ഉണ്ടാകും എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടാണ് ഞാൻ അങ്ങനെ തീരുമാനിച്ചത് ”

” എന്തിനാ മോനെ നിങ്ങൾ അങ്ങനെ ചെയ്തത്? നമുക്കു നോക്കാമായിരുന്നല്ലോ പൊന്നുപോലെ “ഗിരിജചേച്ചി പറഞ്ഞപ്പോൾ സുധി വേദനയോടെ ഒന്ന് ചിരിച്ചു..

” പറയാൻ എളുപ്പമാണ് ചേച്ചീ.. പക്ഷേ ചേച്ചി എന്നെങ്കിലും തിരിച്ചൊന്നു ചിന്തിച്ചിട്ടുണ്ടോ? “സുധി ഒന്ന് നിർത്തിയ ശേഷം തുടർന്നു.

” അസുഖമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അവർ ഒരിക്കലും ഭാരം ആവില്ലായിരിക്കും. പറ്റുന്ന പോലെയൊക്കെ നോക്കുമായിരിക്കും.

പക്ഷേ ആ കുഞ്ഞുങ്ങളുടെ ഭാഗത്തു നിന്നൊന്ന് ചിന്തിച്ചാലോ ചേച്ചീ? അസുഖവും മരുന്നും ആശുപത്രിയും ആയി ഒരു ജീവിതം. മറ്റു കുട്ടികളെ പോലെ കളിക്കാനോ ചിരിക്കാനോ പറ്റാതെ..

കൂട്ട് കൂടാൻ പറ്റാതെ.. എപ്പോളും ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം ഏറ്റുവാങ്ങി ഒരു ജീവിതം.. അവർ അനുഭവിക്കുന്ന വേദനകൾ.. ഞാനും ചാരുവും ഉള്ള കാലം വരേ പൊന്നുപോലെ നോക്കിയാലും ഞങ്ങൾ ഇല്ലാത്ത ഒരു കാലത്ത് ആരുടെയെങ്കിലും ദയ കാത്തു നിൽക്കേണ്ട അവസ്ഥ ആ കുഞ്ഞിന് വന്നാലോ.?

അതുമല്ലെങ്കിൽ പൂർണ്ണ ആരോഗ്യമുള്ളവർ പോലും സുരക്ഷിതർ അല്ലാത്ത ഈ നശിച്ച സമൂഹത്തിൽ ഞങ്ങളുടെ കുഞ്ഞിന് വല്ലതും വന്നാലോ.. എനിക്ക് അതൊന്നും സഹിക്കാൻ വയ്യാമ്മേ.. ഇല്ലെങ്കിൽ ഇല്ല എന്നേ ഉള്ളൂ.. ഉണ്ടായിട്ട് പിന്നെ ഒരു ജന്മദുഃഖം വയ്യ “സുധി കരഞ്ഞു പോയിരുന്നു.. ഒപ്പം ദേവകിയമ്മയും.

” ചാരു ഒത്തിരി പറഞ്ഞതാണ്.. അവൾ എന്തും സഹിക്കാമെന്ന്.. എങ്ങനെയും കുഞ്ഞിനെ വളർത്താമെന്നു.. പക്ഷേ.. വേണ്ടമ്മേ.. ഒന്നുമറിയാതെ ഞങ്ങളുടെ കുഞ്ഞ് പിറന്ന ശേഷമാണ് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ അത് ഞങ്ങളുടെ വിധിയായി കണ്ടു കുഞ്ഞിനെ ഞങ്ങൾ നോക്കിയേനെ.

പക്ഷേ ഇതിപ്പോൾ അറിഞ്ഞുവെച്ചു കൊണ്ട് എന്റെ കുഞ്ഞിനോട് ചെയ്യുന്ന ദ്രോഹമാവും.. അതുകൊണ്ട് എല്ലാവർക്കും ഇതൊരു ക്രൂരതയും സ്വാർത്ഥതയും ആവും.. പക്ഷേ എനിക്ക് ഇതാണ് ശരി. എന്റെ കുഞ്ഞിനോടും ഞങ്ങളോടുമുള്ള ശരി.. ”

ദേവകിയമ്മയും ഗിരിജയും ഒന്നും പറയാൻ സാധിക്കാതെ നിന്നു. സുധി ദേവകിയമ്മയുടെ കൈ പിടിച്ചു..

” അമ്മേ.. ചാരുവിനു അമ്മയോ അച്ഛനോ ഇല്ല. ഈ അവസ്ഥയിൽ പോകാൻ ഒരിടവും ഇല്ല. അവൾക്ക് അമ്മയും ഞാനും മാത്രമേ ഉള്ളൂ.. അവളെ നോവിക്കല്ലേ അമ്മേ.. അഞ്ചുമാസം ഉദരത്തിൽ കൊണ്ടുനടന്നു സ്വപ്നം കണ്ട കുഞ്ഞിനെ നഷ്ടപ്പെട്ടു പോയ ഒരു അമ്മയും അച്ഛനുമാണ് അമ്മേ ഞങ്ങൾ.. എന്നേ എന്ത് പറഞ്ഞാലും അവളെ.. ”

സുധിയെ പറഞ്ഞു പൂർത്തിയാക്കാൻ ദേവകിയമ്മ സമ്മതിച്ചില്ല. അവരവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ മെല്ലെ അകത്തു ചാരു കിടക്കുന്ന മുറിയിലേയ്ക്ക് നടന്നു..

നെറുകയിൽ പതിഞ്ഞ കൈകൾ ദേവകിയമ്മയുടെയാണ് എന്ന് ചാരുവിനു വിശ്വസിക്കാൻ കഴിഞ്ഞില്ല .

” സാരമില്ല ചാരൂ.. ഇത് നമുക്കു വിധിച്ചിട്ടില്ല എന്ന് കരുതാം. നമുക്ക് ഭഗവാനോട് മനസ്സുരുകി പ്രാർഥിക്കാം. ഉറപ്പായും നമ്മുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കും. ഈ വീട്ടിൽ ഒരു കുഞ്ഞിക്കാൽ പിറക്കും. മോൾ സങ്കടപ്പെടല്ലേ ”

ദേവകിയമ്മ പറഞ്ഞത് കേട്ട് ചാരു പൊട്ടിക്കരഞ്ഞു കൊണ്ട് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ദേവകിയമ്മയുടെയും പുറത്തു ആ കാഴ്ച കണ്ട സുധിയുടെയും കണ്ണുകളും നിറഞ്ഞു കവിഞ്ഞു. അവിടെ ഒരമ്മ പിറക്കുകയായിരുന്നു..

അഞ്ചു വർഷങ്ങൾക്ക് ശേഷം..അന്ന് സുധിയുടെയും ചാരുവിന്റെയും മകൻ ദേവദത്തന്റെ മൂന്നാം പിറന്നാൾ ആണ്. അച്ഛമ്മയുടെ മടിയിലിരുന്ന് കളിക്കുകയാണ് ദേവൂട്ടൻ. അച്ഛമ്മയും ദേവൂട്ടനും കൂടെ കൊഞ്ചി കളിക്കുന്നത് ചാരുവും സുധിയും നോക്കി നിന്നു.

” കുഞ്ചുവിന്റെ പേരിൽ ഓർഫനേജിലേയ്ക്ക് പണമടച്ചോ?സുധിയുടെ മുഖത്ത് നോക്കാതെ ചാരു ചോദിച്ചു . സുധി നിശ്വാസത്തോടെ മൂളി. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

നഷ്ടപ്പെട്ടു പോയ കുഞ്ഞിന്റെ ഓർമയ്ക്ക് അവർ വർഷാവർഷം മറ്റൊരു കുഞ്ഞിനെ സ്പോൺസർ ചെയ്യുന്നുണ്ടായിരുന്നു.

അവർ നിശ്ശബ്ദരായി ഓർമ്മകളിൽ അലഞ്ഞു. ചില നഷ്ടങ്ങളുടെ ഓർമ്മകൾ അങ്ങനെയാണല്ലോ.. തോരാത്ത മഴ പോലെ.. സദാ മിഴികളെ നനയ്ക്കും.. ഹൃദയത്തെയും..

Leave a Reply

Your email address will not be published. Required fields are marked *