(രചന: Mejo Mathew Thom)
“അളിയാ…എന്തൊറക്കമായിതു എഴുനേറ്റെ..”പുറത്ത് തട്ടികൊണ്ടുള്ള വിളികേട്ട് കമഴ്ന്നു കിടന്നുറങ്ങിയിരുന്ന ചന്ദ്രു ഉറക്കപിച്ചോടെ തിരിഞ്ഞുകിടന്നു പതിയെ കണ്ണുതുറന്നു..മുന്നിൽ തന്റെ സ്നേഹം നിറഞ്ഞ ഭാര്യ ജാനകി…
ഞായറാഴ്ചയതു കൊണ്ടു ഉച്ചയൂണും കഴിഞ്ഞു മുഖപുസ്തകത്തിൽ ഒരു പോസ്റ്റുമിട്ട് കുറേ പോസ്റ്റുകൾക്കൊക്കെ ലൈകും കമെന്റും കൊടുത്തു് ഇടയ്ക്കെപ്പോഴോ ഉറങ്ങിപോയതാ…
“എന്താടി ഒന്നുറങ്ങാനും സമ്മതിക്കുകേലെ…?ഉറക്കം കളഞ്ഞതിനോട് അവൻ അൽപം ദേഷ്യത്തിൽ പ്രതികരിച്ചു…
“ഇങ്ങനെ കിടന്നുറങ്ങിയ മതിയോ.. വൈകിട്ടെന്താ പരിപാടി അളിയാ…?ഭാര്യയുടെ ശൃംഗാര ചിരിയോടെയുള്ള ചോദ്യമാണെങ്കിലും.. ‘അളിയാ’ ന്നുള്ള വിളികേട്ട് അവനൊന്നു ഞെട്ടി..
ഉറക്കം പോകാനായി കണ്ണുകളൊന്നു തിരുമ്മി തുറന്നുകൊണ്ടു ചോദിച്ചു..”അളിയാന്നോ…”
അതിനു മറുപടിയൊന്നും പറയാതെ ഒരു നൂറ് രൂപയുടെ നോട്ടെടുത്തു അവന്റെ നേർക്ക് നീട്ടി കൊണ്ടു…
“ഇന്നാ എന്റെ ഷെയർ…ബാക്കി കൂടെയിട്ട് അളിയനൊരു ഫുള്ള് വാങ്ങിച്ചോണ്ടുവാ..” എന്നുമ്പറഞ്ഞ് അവൾ അടുക്കളയിലോട്ടു പോയി
ഉറങ്ങുന്നതിനുമുൻപുവരെ ഭർത്താവായിരുന്നവൻ ഉറങ്ങിയെഴുനേറ്റപ്പോൾ അളിയൻ..
ഇതെന്തു മാറിമയമെന്നും പിറുപിറുത്തു കിടക്കയിൽ നിന്നുമെഴുനേറ്റു അഴിഞ്ഞു തുടങ്ങിയമുണ്ടും വലിച്ചു കുത്തി അങ്കത്തിനായി പുറപെട്ടു..
അടുക്കളയിലേയ്ക്ക് ചെല്ലുമ്പോൾ അവളിരുന്ന് തേങ്ങ ചിരവുകയായിരുന്നു
“നിയെന്താ പറഞ്ഞെ ഫുള്ള് വാങ്ങിച്ചോണ്ട് വാ അളിയന്നോ.. മനസിലായില്ല..”
അടുപ്പു പാതകത്തിൽ ചാരി നിന്നു കൊണ്ടു അൽപ്പം കനപ്പിച്ചു കൊണ്ടാണ് അവൻ ചോദിച്ചത് ..ഒട്ടും വിട്ടു കൊടുക്കാതെ തന്നെ അവൾ മറുപടിയും പറഞ്ഞു
“മനസിലാകാതിരിയ്ക്കാന്മാത്രം എന്താ ഉള്ളത്..ഞാൻ മലയാളത്തിൽ തന്നെയല്ലേ പറഞ്ഞത്..?””നീ പറഞ്ഞത് മനസിലായി പക്ഷെ ഉദ്ദേശിച്ചത് മനസിലായില്ല..”
അവന്റെ സ്വരമുയരുന്നത് ശ്രെദ്ധിച്ചു അവൾ തേങ്ങ ചിരവൽ നിറുത്തിയെഴുനേറ്റു അവന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു തുടങ്ങി
“ഓച വച്ചു ബാക്കിയുള്ളവരെകൂടി അറിയിക്കണ്ട..ഞാൻ പറഞ്ഞത് തന്നെയാ ഉദ്ദേശിച്ചത്…പലപ്രാവശ്യം പറയണമെന്ന് വിചാരിച്ചതാ…”
“അതിനുമാത്രം എന്താ ഉണ്ടായത്?” അവള് പറയുന്നതിന്റെ ഇടയ്ക്കു കയറി അവൻ ചോദിച്ചു
“ഇന്നലെ നിങ്ങളെങ്ങനാ വന്നു കയറിയതു പാതിരാത്രിയായപ്പോൾ…? കുടിച്ചു ലക്കുകെട്ട് …. അല്ലേ..എന്താ ഓർമ്മയില്ലേ..?”
അവളുടെ കനലായെരിയുന്ന ചോദ്യത്തിന് അവന് മറുപടിയില്ലായിരുന്നു..അവളുടെ നോട്ടം നേരിടാനാകാതെ അവന്റെ മിഴികൾ താഴ്ന്നു… അവളൊന്നുകൂടെ അവന്റെയടുത്തേയ്ക്കു ചേർന്നു നിന്നു തുടർന്നു
“എന്നിട്ടു നിങ്ങളോട് രാവിലെ ചോദിച്ചപ്പോൾ എന്താ പറഞ്ഞെ… കൂട്ടുകാരുടെ ഒപ്പം കൂടിയതു കൊണ്ടു കമ്പനിക്ക് കഴിച്ചതാണെന്നു..
പലപ്പോഴും നിങ്ങൾ ഇതേ മറുപടിതന്നെ പറഞ്ഞിട്ടുണ്ട്… അത് പോരാഞ്ഞു മ ദ്യത്തിന്റെ മനവുമനുഭവിച്ചു നിങ്ങളുടെ കട്ടികൂട്ടലുകൾക്ക് കിടന്നു തരുകയും വേണം…
ബോധമില്ലാത്ത നിങ്ങൾക്ക് എന്റെ താല്പ്പര്യം എങ്ങനെ അറിയാനാലെ…?” അവൾ പറച്ചില് നിറുത്തി നിന്നു കിതച്ചു
“ജാനകീ…” നേർത്ത സ്വരത്തോടെ അവൻ വിളിച്ചു..ആ വിളിയിൽ ഒരു മാപ്പുപറച്ചിലിന്റെ സ്വരമുണ്ടായിരുന്നു..
പക്ഷെ അവൾ ഭാവവ്യത്യാസമില്ലാതെ തുടർന്നു”എന്നിട്ട് നിങ്ങൾ ഇന്ന് ഫേസ്ബുക്കിൽ എന്താ പോസ്റ്റ് ഇട്ടത്… ദാമ്പത്യത്തിൽ ഭാര്യ ഭർത്താക്കന്മാർ സുഹൃത്തുക്കളെ പോലെയായിരിക്കണം..
അവിടെയാണ് ദാമ്പത്യ വിജയം എന്നൊക്കെ ലേ…അപ്പോൾ ഞാനും രണ്ടെണ്ണമടിച്ചാലല്ലേ നമ്മുടെ സുഹൃത്ബന്ധം പൂർണ്ണമാകൂ..ദാമ്പത്യം വിജയിപ്പിക്കണ്ടേ…”
അവൾ പറഞ്ഞു നിറുത്തുമ്പോൾ ആ സ്വരത്തിൽ പരിഹാസം കലർന്നിരുന്നു…”തെറ്റു കണ്ടാൽ തിരുത്തുന്നതാണ് ഒരു യഥാർത്ഥ സുഹൃത്ത്..നിന്നെപ്പോലെ..” എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ തന്നിലേക്കടുപ്പിച്ചുകൊണ്ട് തുടർന്നു ”
ഇനി നിന്റെ ഇഷ്ട്ടം നോക്കാതെയൊരു ജീവിതം എനിക്കുണ്ടാവില്ല…ഇപ്പോൾ നമ്മുടെ സുഹൃത്ബന്ധം പൂർണ്ണമായില്ലേ.. ഇനി ദാമ്പത്യമൊന്നു വിജയിപ്പിക്കാൻ ശ്രെമിച്ചാലോ…”
പറഞ്ഞു നിറുത്തിയതിനൊപ്പം അവൻ അവളെ ഇരു കൈകളിലും കോരിയെടുത്തു ബെഡ്റൂമിലിലേയ്ക്ക് നടന്നു…
“വൈകിട്ടെന്താ പരിപാടി…?” അവന്റെ കൈകളിൽ കിടന്നുകൊണ്ട് കഴുത്തിൽ ചുറ്റിപിടിച്ച് കള്ള ചിരിയോടെയുള്ള അവൾ ചോദിച്ചു……