രചന: Pratheesh
ഏട്ടൻ മരണപ്പെട്ടു കിടക്കുമ്പോഴാണ് അനിയൻ ഋതുൽ ഏട്ടൻ പറഞ്ഞ ആ കാര്യം ഒാർമ്മിച്ചത് !
ഏട്ടൻ മരിച്ചതിന്റെ സങ്കടങ്ങൾക്കിടയിലും ഇരിക്കുന്നിടത്തു നിന്നു എഴുന്നേറ്റു വന്നവൻ ഏട്ടന്റെ മുറിൽ അതു തിരഞ്ഞു,
തിരഞ്ഞു കണ്ടു പിടിക്കാൻ അത്ര സമയമൊന്നും വേണ്ടി വന്നില്ല, അലമാരക്കു മുകളിൽ ഒരു ചില്ലു കൂടിൽ അതു ഭദ്രമായിരുന്നു,
ഏട്ടനെ അടക്കാൻ നേരം ചില്ലു കൂടു തുറന്ന് അവനതെടുത്ത് ഏട്ടൻ പറഞ്ഞപ്പോലെ ഏട്ടന്റെ ഹൃദയത്തോട് ചേർത്തു ഭദ്രമായി വെച്ച് ഏട്ടനെ അടക്കി !
കണ്ടു നിന്നവർക്കെല്ലാം അതിൽ അത്ഭുതവും, തമാശയും, ഭ്രാന്തും തോന്നിയിരിക്കാം എന്നാൽ ഋതുലിനെ സംബന്ധിച്ച് അത് ഏട്ടനു കൊടുത്ത വാക്കായിരുന്നു അതിനപ്പുറം അവനാസമയം മറ്റൊന്നിനും പ്രാധാന്യം കൊടുത്തില്ല,
അതിനെല്ലാം ശേഷം ഒരു ദിവസം ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഋതുലിന്റെ കാമുകി ഗായകി അവനോട് അതേപറ്റി ചോദിച്ചപ്പോൾ ആണ് അവനും അതിനെക്കുറിച്ചോർമ്മ വന്നത് ഏട്ടന്റെ മരണദിവസം അവളും വന്നിരുന്നു,
തുടർന്നാണ് ഋതുൽ ഏട്ടന്റെ സുഹൃത്തായ രണവിനെ കാണുന്നത് ഏട്ടൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെങ്കിലും സുഹൃത്തായ രണവിനോട് ഒന്നും മറച്ചു വെക്കില്ലെന്ന് അവനറിയാമായിരുന്നു !
ഏട്ടന് മരിക്കാനുള്ള പ്രായമൊന്നും ആയിരുന്നില്ല എന്നാൽ കഴിഞ്ഞ അഞ്ചാറു വർഷമായി ഏട്ടൻ എല്ലാം കൊണ്ടും വളരെയധികം ക്ഷീണിതനായിരുന്നു ഒരു കാര്യങ്ങൾക്കും ഒട്ടും താൽപ്പര്യമില്ലാത്ത ഒരാളായി ഏട്ടൻ മാറിയതിലെ വസ്തുതയും ഋതുൽ എത്ര നിർബന്ധിച്ചിട്ടും ഏട്ടൻ പറഞ്ഞതുമില്ല,
രണവിനെ കണ്ടു സംസാരിച്ചപ്പോൾ പറയണോ വേണ്ടയോ എന്നൊരു സംശയം അവനും ഉണ്ടായിരുന്നു എന്നാൽ മരണം കൊണ്ട് എല്ലാം അവസാനിച്ച സ്ഥിതിക്ക് പറയുന്നതിൽ തെറ്റുണ്ടാവില്ല എന്നു തോന്നിയതു കൊണ്ടാണ് അവനതു പറഞ്ഞു തുടങ്ങിയത് !
എല്ലാം കേട്ടപ്പോൾ
ഋതുലിന് അത്ഭുതമാണ് തോന്നിയത് !ഈ കാലത്തും ഇങ്ങനെയൊരാളോ എന്ന സംശയം അവനും തോന്നാതിരുന്നില്ല,
അതിനേക്കാൾ അവന് അത്ഭുതം തോന്നിയത് ഏട്ടനെ അടക്കിയപ്പോൾ ഒപ്പം അടക്കിയ വളരെ നിസാരം എന്നു തോന്നിയ ആ വസ്തുവിന് ഒരാളുടെ ജീവിതത്തിൽ ഇത്രയധികം പ്രാധാനം സമ്മാനിക്കാൻ കഴിയുമെന്നു മനസിലായപ്പോഴായിരുന്നു,
അടുത്ത ദിവസം ഋതുലിനെ കണ്ടപ്പോൾ അവന്റെ കൈയിലും അതെ വസ്തു കണ്ടതോടെ അവളുടെ ആകാംക്ഷ വാനോളമായി,
അതോടെ ഗായകിക്കറിയേണ്ടിയിരുന്നതും ഏട്ടൻ കാത്തു സൂക്ഷിച്ച ആ രഹസ്യം തന്നെയായിരുന്നു,
അവനവളോടു പറഞ്ഞു,
ഏട്ടന്റെ കഥയിൽ വലിയ അത്ഭുതങ്ങളൊന്നുമില്ല, എന്നാൽ വളരെ നിസാരമെന്നു തോന്നുന്ന ചിലതിന്റെ പ്രാധാന്യം ഏട്ടനെനിക്കു മനസിലാക്കി തന്നു,
ഏട്ടന് വളരെ ഇഷ്ടമുള്ള ഒരാൾ ഏട്ടൻ പഠിച്ച കോളേജിലുണ്ടായിരുന്നു എന്നാൽ അവൾക്കു ഏട്ടനെ ഒട്ടും ഇഷ്ടമില്ലായിരുന്നു എന്നാൽ ഏട്ടനവളെ വിടാൻ ഭാവമില്ലായിരുന്നു ഒന്നര വർഷത്തോള്ളം ഏട്ടൻ അവൾക്കു
പിന്നാലെ ഇഷ്ടവുമായി നടന്നു അവസാനം ഏട്ടനവളെ വിട്ടു പോവില്ലെന്ന് ഉറപ്പായതോടെ അവളും ഏട്ടന്റെ ഇഷ്ടം അംഗീകരിക്കാൻ തയ്യാറായി ലോകം കീഴടക്കിയ സന്തോഷമായിരുന്നു ഏട്ടന് എന്നാൽ ആ സന്തോഷത്തോടൊപ്പം നിർഭാഗ്യവും അവർക്കൊപ്പം കൂട്ടുകൂടിയിരുന്നു,
കോളേജിന്റെ അവസാന വർഷങ്ങളിൽ ഒരു ദിവസം ഏട്ടൻ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കേ അതു കാണാൻ അവളും വന്നിരുന്നു എന്നാൽ കളിക്കിടെ അവളെ ഒന്നാവേശം കൊള്ളിക്കാനായി
അവളിരിക്കുന്ന ഭാഗത്തേക്ക് ഏട്ടൻ നീട്ടിയടിച്ച പന്ത് കളി കാണുന്നതിനിടയിൽ ഒരു നിമിഷം അശ്രദ്ധയായി പോയ അവളുടെ തലയിൽ തന്നെ കൃത്യമായി ആ പന്ത് വന്നിടിക്കുകയും അവൾ തൽക്ഷണം തന്നെ ബോധരഹിതയായി വീഴുകയും ചെയ്തു !
അവളെ ഉടനെ ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും സമയം ചെല്ലുന്തോറും സ്ഥിതി വളരെ മോശമായി മാറി,
ഏട്ടൻ രാപകൽ ഇല്ലാതെ ഹോസ്പ്പിറ്റലിൽ അവൾക്കു കാവൽ നിന്നു ദിവസങ്ങൾ
കഴിഞ്ഞു പോയിട്ടും വലിയ വ്യത്യാസങ്ങളൊന്നും അവളിൽ ഉണ്ടായില്ല ഇടക്കെ ഒാർമ്മ വരുകയും നഷ്ടമാവുകയും ചെയ്തു കൊണ്ടെയിരുന്നു,
ഒരു ദിവസം അവളുടെ ഒാർമ്മക്ക് കൂടുതൽ ബലം കൈവന്നനേരം അവൾ ഏട്ടനോടു ചോദിച്ചു,
ഞാൻ മരിച്ചാൽ നീയെന്നേ മറന്നു പോകുമോയെന്ന് ?ഏട്ടനതിനു മറുപടിയില്ലായിരുന്നു,
അപ്പോഴാണ് അവളുടെ കൂട്ടുകാരികളിലൊരാൾ അടുത്ത ദിവസം അവളുടെ പിറന്നാളാണെന്ന് പറഞ്ഞത് അതൊന്നു ആഘോഷിച്ചാലോ എന്നാരോ ചോദിച്ചതും വേണമോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ അവിടെ
നിലനിന്നെങ്കിലും എന്നാലിനി അതിന് അങ്ങിനെയൊരു സാഹചര്യം ഉണ്ടായില്ലെങ്കിലോ എന്നൊരു പൊതു അഭിപ്രായം വന്നതോടെ അവളെ സന്തോഷിപ്പിക്കാനായെങ്കിലും അതു ചെറുതായി ആഘോഷിക്കാൻ കൂട്ടുകാർ തീരുമാനിച്ചു,
ഡോക്ടറുടെ സമ്മതത്തോടെ അതിന്റെ ഭാഗമായി അവരവളുടെ മുറിയിൽ തോരണങ്ങളും ബലൂണുകളും തൂക്കാൻ ആരംഭിച്ചു,
അവിടെയാണ് ആ അത്ഭുതം സംഭവിച്ചത് !തന്നിലേക്കു കയറി വന്ന ഒാർമ്മയുടെ നേരിയ വെട്ടത്തിൽ മുറിയിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കിയ അവൾ ബലൂൺ വീർപ്പിക്കുകയായിരുന്ന ഏട്ടനോട് ഒരു വിരലനക്കി കാണിച്ചതും ഏട്ടനു മനസിലായി അവരേ പോലെ ബലൂൺ വീർപ്പിക്കാൻ അവളുടെ ഉള്ളിലും ഒരു മോഹമുണർന്നിരിക്കുന്നുണ്ടെന്ന് !
അതോടെ ഒരു ബലൂൺ ഏട്ടൻ അവൾക്കും നൽകി ജീവിക്കാനുള്ള ആശയുടെ അതേയളവിൽ ബലൂൺ ഊതി വീർപ്പാക്കാൻ അവൾ ശ്രമിച്ചതോടെ അവളുടെ ശ്വാസം നിറഞ്ഞ ബലൂൺ വിടർന്നു,
ശേഷം പിന്നെയും നിദ്രയിലേക്ക് മടങ്ങിയ അവൾ പിന്നെ ഉണർന്നില്ല നാലാം നാൾ അവൾ നിത്യമായ നിദ്രയിലേക്ക് മടങ്ങി പോയി,
എന്നാൽ അവളുടെ മരണശേഷം അവളുടെ ജീവവായു നിറഞ്ഞ ആ ബലൂൺ സ്വന്തം ജീവനേക്കാൾ വിലപ്പെട്ട ഒന്നായി കരുതി ഏട്ടൻ അതെടുത്തു ഒരു ചില്ലു കൂട്ടിലാക്കി സൂക്ഷിച്ചു വെച്ചു,
ഏട്ടൻ അവളെ മറന്നതുമില്ല,
മറ്റൊരാളെ കുറിച്ചു ചിന്തിച്ചതുമില്ല,അവളുടെ അവസാനശ്വാസം മരണത്തിലും തന്നോടൊപ്പം വേണമെന്നു കരുതിയാണ് ഏട്ടതു എന്നോട് പറഞ്ഞത് !!!!
അഞ്ചു വർഷത്തോള്ളം അവളോള്ളം ഇഷ്ടത്തോടെ അതു സൂക്ഷിച്ചു വെച്ച ശേഷമാണ് ഏട്ടന്റെ ആഗ്രഹം പോലെ തന്നെ തന്റെ പ്രിയസഖിയുടെ അവസാനശ്വാസവുമായി ഏട്ടനും അന്തിയുറങ്ങിയത് !
അതും പറഞ്ഞു കൊണ്ട് കാര്യങ്ങൾ പറഞ്ഞു നിർത്തിയതോടെ രണവ് പറഞ്ഞതു കേട്ടപ്പോൾ ഋതുലിലുണ്ടായ അതെ അത്ഭുതം ഗായകിയിലുമുണ്ടായി !
തുടർന്ന് കൈയ്യിൽ കരുതിയിരുന്ന ബലൂൺ ഋതുൽ അവൾക്കു മുന്നിലേക്കു നീട്ടിയതും ഗായകി അതിൽ നിന്ന് ഒന്നെടുത്തു ഊതി നിറച്ച് അവനും അവൻ ഊതി നിറച്ച മറ്റൊന്ന് അവൾക്കും അവർ പരസ്പരം നൽകി !
തീരേ നിസാരമെന്നു തോന്നുന്ന ഒരു ബലൂണിനകത്തു പോലും സ്നേഹത്തിന്റെ അടയാളം വളരെ മനോഹരമായി സൂക്ഷിക്കാൻ കഴിയുമെന്നു അവരിരുവർക്കും അപ്പോൾ അറിയാമായിരുന്നു,
ഹൃദയത്തിൽ പിറവി കൊള്ളുന്ന ചില പ്രണയങ്ങൾ അങ്ങിനെയാണ് അവ മരണത്തിലും ഒന്നായി തന്നെ സഞ്ചരിക്കും !!!