(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“അറിഞ്ഞോ… നമ്മടെ കുന്നുമ്മേലെ ത്രേസ്യ ചേട്ടത്തി വീണ്ടും ഗർഭിണി ആയെന്ന്.. ”
“ങേ…… ഈ വയസാം കാലത്തോ.. ഈ
വറീതേട്ടനും ത്രേസ്യേട്ടത്തിക്കും ഇതെന്തിന്റെ കേടാണെന്ന് അറിയില്ലല്ലോ.. അവരുടെ മോൻ ജോസിനിപ്പോ പ്രായം മുപ്പത്തഞ്ചു കഴിഞ്ഞു.ഇനിയാണോ വേറൊരു കൊച്ചിനെ പറ്റി ചിന്തിക്കുന്നേ “.
നാട്ടിൽ ആ വാർത്ത പരന്നു തുടങ്ങിയിരുന്നു .” അത് പിന്നെ ഈ വറീതേട്ടൻ പഴേ പുലിക്കുട്ടി അല്ലേ.. പണ്ടത്തെ കുറേ കഥകള് കേട്ടിട്ടുണ്ട്. അതൊക്കെ ഉള്ളതാണേൽ പിന്നെ ഈ കേൾക്കുന്നതിൽ അതിശയം ഒന്നുമില്ല. ”
“അത് ശെരിയാ.. “പല പല അഭിപ്രായങ്ങളും ഉയർന്നു തുടങ്ങി.അപ്പോഴേക്കും വാർത്ത അറിഞ്ഞു ജോസും പാഞ്ഞെത്തി.
“അപ്പച്ചനും അമ്മച്ചിയും ഇതെന്നാത്തിന്റെ കേടാ … നാണക്കേട് കാരണം മനുഷ്യന് പുറത്തിറങ്ങി നടക്കാൻ മേല”
ദേഷ്യം കടിച്ചമർത്തിയുള്ള ജോസിന്റെ ചോദ്യം കേട്ടിട്ടും മൗനമായി തല കുമ്പിട്ടിരുന്നു വറീതും ത്രേസ്യയും. അതോടെ ജോസിന്റെ ദേഷ്യം ഇരട്ടിയായി. മധ്യസ്ഥതയ്ക്കായി ക്ഷണിച്ചു വരുത്തിയ പള്ളി വികാരി സെബാൻ അച്ചന് നേരെ തിരിഞ്ഞു അവൻ.
” അച്ചോ .. അച്ചൻ തന്നെ ഒന്ന് ചോദിച്ചാട്ടെ.. ഇതെന്നതാ ഈ വയസാംകാലത്ത് രണ്ട് പേരുടേം ഉദ്ദേശം എന്ന്.”അത് കേട്ട് അത്രയും നേരം മൗനമായിരുന്ന അച്ചൻ പതിയെ എഴുന്നേറ്റു.
” എന്നതാ വറീതേട്ടാ ഈ കേൾക്കുന്നെ.. നിങ്ങൾ ഇതെന്നതാ ഉദ്ദേശിക്കുന്നേ ഈ വയസാം കാലത്ത് നിങ്ങള് രണ്ടാളും വീണ്ടും ഒരു കൊച്ചിനൂടെ ജന്മം നൽകാൻ പോണെന്നൊക്കെ വച്ചാൽ.. ഇടവകക്കാര് മുഴുവൻ മൂക്കത്ത് വിരൽ വയ്ക്കുവാ..
കുത്തുവാക്കുകളും കളിയാക്കലുകളും വേറെയും.. പച്ചക്ക് പറഞ്ഞാൽ നിങ്ങൾക്ക് കാമഭ്രാന്ത് ഇളകി ന്നാ നാട്ടുകാര് പറേണെ.. ദേ നിങ്ങടെ ഈ ജോസ് മോന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്ക്യേ നാണക്കേട് കാരണം ചെക്കന് പുറത്തിറങ്ങി നടക്കാൻ മേല.. ”
അച്ചന്റെ വാക്കുകൾ കേട്ട് പതിയെ തലയുയർത്തി വറീത്.” എന്നതാ അച്ചോ.. ഒരപ്പനാകാൻ അങ്ങിനെ പ്രത്യേകിച്ച് സമയം എന്നതേലും വേണോ..
ഞങ്ങൾക്ക് രണ്ടാൾക്കും ഒരു കുഞ്ഞ് കൂടി വേണം ന്ന് തോന്നി. ഞങ്ങൾ അതിനു ശ്രമിച്ചു.. വിജയിച്ചു… അതെങ്ങനാ കാമഭ്രാന്ത് ആകുന്നെ.. ഒരു കുഞ്ഞിന് ജന്മം നൽകുന്നത് നല്ല കാര്യമല്ലേ അച്ചോ ”
” ആ കൊളളാം നല്ല മറുപടി തന്നെ.. അപ്പന് എന്താ വട്ട് ആണോ.. രണ്ടാൾക്കും പ്രായം എത്രയായെന്നാ.. ഇനിയൊരു കൊച്ചുണ്ടായാൽ നിങ്ങടെ കാലശേഷം അതിന്റെ ഭാവി എന്താകും അതോർത്തിട്ടുണ്ടോ ”
ജോസ് വീണ്ടും ഇടക്ക് കേറിയതോടെ പതിയെ എഴുന്നേറ്റു ത്രേസ്യ.” അതെന്നതാ ജോസെ.. ഞങ്ങടെ കുഞ്ഞ് നിനക്ക് ആരും അല്ലെ.. ഞങ്ങടെ കാലം കഴിഞ്ഞാൽ ആ കുഞ്ഞിനെ നീ നോക്കില്ലേ .. ”
” ആ കൊള്ളാം കൊള്ളാം.. എന്റെ കൊച്ചിന് ഇപ്പൊ പ്രായം അഞ്ചു കഴിഞ്ഞു. അപ്പോഴാണ് ഇനി എനിക്കൊരു കൂടെപ്പിറപ്പ് കൂടി.. ”
പുച്ഛത്തോടെ ജോസ് തിരിയവേ ഇനിയും താൻ ഇടപെട്ടില്ലേൽ വലിയ തർക്കമായേക്കും എന്ന് മനസിലാക്കി സെബാനച്ചൻ.
” നിങ്ങളിങ്ങനെ പരസ്പരം അടികൂടാതെ ഒരു തീരുമാനം ഉണ്ടാക്ക്. ഈ പ്രായത്തിൽ ഇനിയൊരു കുഞ്ഞ് കൂടി എന്നത് വല്യ റിസ്ക് ആണ് വറീതേട്ടാ… ആ തീരുമാനം തിരുത്തുന്നതാ നല്ലത് ഇപ്പോഴാകുമ്പോ എന്തേലും ചെയ്യാൻ പറ്റിയേക്കും ”
” എന്ത് ചെയ്യാനാ അച്ചോ.. കൊച്ചിനെ കൊല്ലാം ന്ന് ആണോ.. അതാണോ അച്ചൻ ഉദ്ദേശിക്കുന്നേ.. ”
വറീത് തുറിച്ചു നോക്കവേ ഒന്ന് പതറി സെബാനച്ചൻ. ശേഷം വീണ്ടും പതർച്ച മറന്ന് അയാൾ ത്രേസ്യക്ക് നേരെ തിരിഞ്ഞു.
“ചേട്ടത്തി.. ഒന്നോർത്തു നോക്ക് ഇതിന്റെ ആവശ്യം ഉണ്ടോ..നിങ്ങൾക്ക് ഇപ്പോ എന്നതാ ഒരു കുറവ് എന്തിനും ഏതിനും ദേ ഈ ജോസ് ഇല്ലേ.. ഇട്ടു മൂടാനുള്ള കാശും ഉണ്ട് പിന്നെന്നാത്തിനാ ഇപ്പോ ഇങ്ങനൊരു തീരുമാനം. ”
അച്ചന്റെ ആ ചോദ്യമായിരുന്നു വറീത് പ്രതീക്ഷിച്ചു നിന്നത്. പതിയെ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
” എന്നതാ അച്ചാ ഈ പറയുന്നേ.. ഇവൻ ഈ ജോസ് മോനുണ്ടെന്നോ ഞങ്ങൾക്ക്.. എവിടെയുണ്ട്.. എപ്പോൾ ഉണ്ട്… ഞങ്ങടെ എന്ത് കാര്യത്തിനാ അച്ചോ ഇവൻ ഇപ്പോ വരുന്നേ.. അതൊന്ന് പറഞ്ഞാട്ടെ അച്ചൻ ”
ആ ചോദ്യം സെബാനച്ചനും പ്രതീക്ഷിച്ചില്ല.
ജോസിനും അതൊരു നടുക്കമായി.” എന്നതാ വറീതേട്ടാ പറയുന്നേ.. ജോസ് ഒന്നിനും വരില്ലേ ഇവിടെ.. ”
സംശയത്തോടെ ജോസിന് നേരെ തിരിഞ്ഞു സെബാൻ.” ആ.. അത് അച്ചോ.. വരുന്നൊക്കെ ഉണ്ട് ഞാൻ.. പിന്നെ ഓരോരോ തിരക്ക് ഒക്കെ അല്ലെ.. ”
ജോസിന്റെ ആ മറുപടിയിലെ പതർച്ചയിൽ നിന്നും കാര്യങ്ങൾ ഏകദേശം മനസ്സിലാക്കി സെബാനച്ചൻ. അപ്പോഴേക്കും ത്രേസ്യ മുന്നിലേക്ക് ചെന്നു.
” അച്ചോ.. പൊന്ന് പോലെ നോക്കി വളർത്തിയതാ ഞങ്ങൾ ഇവനെ.. ഇവന് കൊടുക്കുന്ന സ്നേഹം പങ്ക് വച്ചു പോണ്ടാ ന്ന് കരുതിയാണ് രണ്ടാമത് ഒരു കുഞ്ഞ് പോലും വേണ്ടന്ന് വച്ചത്. എന്നിട്ട് എന്നതാ ഇവൻ ഇപ്പോ ഞങ്ങളോട് കാണിക്കുന്നത് എന്ന് അച്ചന് അറിയോ.. ഈ വീട്ടിൽ ഇവനൊന്നു വന്നിട്ട് ഇപ്പോ എത്രയായി ന്ന് ഒന്ന് ചോദിച്ചു നോക്ക്യേ അച്ചൻ. ”
ത്രേസ്യയുടെ തൊണ്ടയിടറുമ്പോൾ ഇത്തവണ ശെരിക്കും പതറി ജോസ്.’ശെരിയാണ്. അപ്പന്റെയും അമ്മച്ചിയുടെയും അരികിലേക്ക് വന്നിട്ട് തന്നെ കുറെയേറെ നാളാകുന്നു. ‘
അറിയാതെ മനസ്സിൽ ഓർത്തു പോയി അവൻ.” ജോസേ എന്നതൊക്കെയാ ഞാനീ കേൾക്കുന്നേ .. നിന്റെ ഈ അപ്പന്റേം അമ്മച്ചിയുടെയും കാര്യങ്ങൾ ഒന്നും നീ തിരക്കാറില്ലേ… അത്രക്കൊക്കെ തിരക്കുള്ള ആളായി മാറിയോ നീ.. ”
അച്ചന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ ജോസ് തല കുമ്പിടുമ്പോൾ പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു വറീത്.
” അച്ചോ.. ആഗ്രഹിച്ചതെല്ലാം സാധിച്ചു കൊടുത്താ ഞങ്ങൾ ഇവനെ വളർത്തിയെ.. ഒരു സുപ്രഭാതത്തിൽ ഒരു പെങ്കൊച്ചിനെ കാണിച്ചിട്ട് evan ഇഷ്ടമാണ് കെട്ടണം ന്ന് പറഞ്ഞപ്പോഴും ഞങ്ങൾ എതിർത്തില്ല.
എന്നിട്ടോ.. കെട്ട് കഴിഞ്ഞേ പിന്നെ ഇവന് വേറെ താമസം മാറണം എന്ന് പറഞ്ഞു. ഇവന്റെ പെമ്പ്രന്നോത്തിക്ക് സിറ്റിയിൽ ജീവിച്ചാലെ ഒക്കത്തുള്ളു ന്ന്. അതും ഞങ്ങൾ എതിർത്തില്ല.
എന്നാൽ ഇവിടുന്ന് പോയ ശേഷം ആദ്യമൊക്കെ എന്നും വിളിക്കുമായിരുന്നു ഇവൻ. സമയം കിട്ടുമ്പോൾ എല്ലാം ഓടി ഓടി വരുമായിരുന്നു. പിന്നെ പിന്നെ വിളി രണ്ട് ദിവസം കൂടുമ്പോ ആയി. പിന്നെ ഒരാഴ്ച, ഒരു മാസം.. ഇപ്പോ വിളിക്കാറ്
കൂടി ഇല്ല… വരാറും ഇല്ല ഞങ്ങൾ ഇവിടെ കിടന്ന് ചത്താൽ പോലും ആരും അറിയാൻ പോണില്ല. ഒരു ജോലിക്കാരി കൊച്ചു വരും. പാവം അവളാ ഇപ്പോ ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നത് ”
പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ മിഴികൾ തുളുമ്പി. ഒക്കെയും കേട്ട് മറുപടി ഇല്ലാതെ നിന്നും പോയി ജോസ്. തൊണ്ട വരളുന്ന പോലെ തോന്നി സെബാനച്ചനും.
‘ കാഴ്ച്ചയിൽ വലിയൊരു വീട് ഇട്ടു മൂടാൻ തക്ക സ്വത്ത് വകകൾ. ഒറ്റമോൻ.. സന്തോഷത്തോടെയുള്ള ജീവിതം. ഇതൊക്കെയാണ് നാട്ടുകാർക്കിടയിൽ ഈ കുടുംബത്തെ പറ്റിയുള്ള അഭിപ്രായങ്ങൾ പക്ഷെ ഉള്ളിലെ പൊട്ടലും ചീറ്റലുകളും ഇങ്ങനെ അകത്തേക്ക് കേറി നോക്കുമ്പോഴേ അറിയാൻ പറ്റുള്ളൂ ‘
അറിയാതെ മനസ്സിൽ ഓർത്തു പോയി അയാൾ.”അച്ചോ.. മനഃപൂർവം അല്ലച്ചോ.. ഓരോ തിരക്കുകൾ കാരണം ആണ്.. “ദയനീയമായുള്ള ജോസിന്റെ വാക്കുകൾ കേട്ട് കലി കയറി സെബാനച്ചന്
” തോന്ന്യവാസം കാട്ടീട്ട് ന്യായീകരിക്കുന്നോ.. നിനക്കും ഇല്ലേ ഒരു മോൻ അവൻ നാളെ വളർന്നു വലുതായി നിന്നോട് ഇങ്ങനൊക്കെ കാണിക്കുവാണേൽ അന്നേരമേ അതിന്റെ ദണ്ണം എന്നതാ ന്ന് നിനക്ക് മനസ്സിലാകത്തൊള്ളൂ. ”
അച്ചന്റെ ഒച്ചയുയരുമ്പോൾ വറീതിനും ത്രേസ്യയ്ക്കും മുന്നിൽ മൗനമായി തലകുമ്പിട്ടു ജോസ്. അത് കണ്ടിട്ട് പതിയെ അവന്റെ ചുമലിലേക്ക് കൈവച്ചു വറീത്
” മോനെ.. അപ്പനും അമ്മയ്ക്കും വയസായെടാ.. ഇനി എപ്പോഴാ കർത്താവ് അങ്ങടേക്ക് വിളിക്കുന്നത് എന്ന് അറില്ല.. അതിനു മുന്നേ ആയി നീയും കുടുംബവും ഒന്നിച്ചു സന്തോഷത്തോടെ കഴിയാൻ ഞങ്ങൾക്കും ആശയുണ്ടടാ… നിന്റെ മോനെ ഞങ്ങടെ കൊച്ചുമോനെ ഒന്ന് കൊഞ്ചിക്കാനൊക്കെ ആഗ്രഹമുണ്ട് മോനെ.. ”
ഇത്തവണ സഹിക്കാൻ പറ്റിയില്ല ജോസിന്. ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കവേ അവന്റെ മിഴികൾ തുളുമ്പി.
“അപ്പാ.. അമ്മച്ചി.. വലിയ തെറ്റാ ഞാൻ ചെയ്തെ.. ഇപ്പോ മനസ്സിലായി എനിക്ക്.. കാശുണ്ടാക്കാൻ ഉള്ള ഓട്ടത്തിൽ എല്ലാം മറന്നു ഞാൻ. എന്നോട് ക്ഷമിക്കണം ”
കൈകൂപ്പി നിൽക്കുന്ന മകന് മുന്നിൽ ത്രേസ്യയും കരഞ്ഞു പോയി.”നിങ്ങളിങ്ങനെ കിടന്ന് കരയാതിരിക്ക് ചെക്കന് ഒരു തെറ്റ് പറ്റി അവൻ അത് ഏറ്റ് പറഞ്ഞില്ലേ.. ഇനി നമുക്കൊരു പരിഹാരം വേണം.. അതെന്നതാ ന്ന് തീരുമാനിക്കണം ”
സെബാനച്ചന്റെ വാക്കുകൾ കേട്ട് പതിയെ മിഴികൾ തുടച്ചു ജോസ്..” അച്ചോ.. പെട്ടെന്ന് അവിടുത്തെ ബിസിനസ്സ് ഇട്ടേച്ചു ഇങ്ങട് വരാൻ പറ്റില്ല പക്ഷെ ഇനി മുതൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം ഞാനും
കുടുംബവും ഇവിടെ അപ്പനും അമ്മച്ചിക്കും അരികിൽ ഉണ്ടാകും. ഇത് ജോസിന്റെ വാക്ക് ആണ്. ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി കണ്ടാൽ മതി ഈ തീരുമാനം. പിന്നെ എന്നും വന്നില്ലേലും ഞാൻ തിരക്കിക്കൊള്ളാം എപ്പോഴും ”
ജോസിന്റെ വാക്കുകൾ കേട്ട് വറീതിന്റെയും ത്രേസ്യയുടെയും മിഴികൾ ഒരുപോലെ തുളുമ്പി.
അരികിലേക്ക് ചെന്ന് അവന്റെ കവിളിൽ തലോടി ത്രേസ്യ..
” മോൻ ഈ പറഞ്ഞത് ആത്മാർത്ഥമായിട്ടാണെങ്കിൽ അമ്മച്ചി വേറൊന്നു കൂടി പറയാം.നിന്നെ.. കളിയാക്കുന്ന നാട്ടുകാരോട് എല്ലാം പറഞ്ഞേക്ക്. ഇവിടെ ആർക്കും കുഞ്ഞ് ജനിക്കാനൊന്നും പോകുന്നില്ല എന്ന്. വയസാം കാലത്ത് ഞങ്ങൾക്ക് ആർക്കും കാമഭ്രാന്തും മൂത്തിട്ടില്ല. ഞങ്ങൾ അത് കള്ളം പറഞ്ഞതാ ”
“ങേ.. “ജോസും സെബാനച്ചനും ഒരുപോലെ വാ പൊളിച്ചു നിൽക്കുമ്പോൾ പതിയെ പുഞ്ചിരിച്ചു വറീത്.
” അത് പിന്നെ അച്ചോ.. ഈ പ്രശ്നത്തിന് ഒരു തീരുമാനം ആക്കി ഞങ്ങടെ മോനെ ഒന്ന് കാണാൻ ഇതേ വഴിയുണ്ടായിരുന്നുള്ളു. കണ്ടില്ലേ ചീത്ത പറയാനാണേലും അവൻ ഓടി വന്നതും
കാര്യങ്ങൾക്ക് തീരുമാനം ആയതും.. ഞങ്ങള് കള്ളം പറഞ്ഞതാ അച്ചോ.. ഞങ്ങൾക്ക് പണ്ടില്ലാത്ത ഒരു പൂതിയും ഈ വയസാം കാലത്ത് വന്നിട്ടില്ല. ഈ ജോസ് മോൻ മതി ഞങ്ങൾക്ക് ”
അയാളുടെ വാക്കുകൾ കേട്ട് അറിയാതെ പരസ്പരം നോക്കി പോയി സെബാനച്ചനും ജോസും
” ഇത് വല്ലാത്ത ചതി ആയിപ്പോയി അപ്പാ.. നാട്ടിലൊക്കെ ഈ വാർത്ത പാട്ടായി… “ജോസിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ചു വറീത്.
“പാട്ടായതൊക്കെ താനേ അങ്ങ് മാഞ്ഞു പൊയ്ക്കോളും.. അതോർത്തു നീ പേടിക്കേണ്ട. ഞങ്ങൾക്ക് വീണ്ടും നിന്നെ തിരികെ കിട്ടി.. ഇത് തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം .”
ഇത്തവണ അറിയാതെ ജോസും ചിരിച്ചു പോയി.” എന്റെ വറീതേട്ടാ… നിങ്ങളൊരു വല്ലാത്ത ജാതി തന്നെ… ത്രേസ്യേടത്തിയും മോശമല്ല കേട്ടോ..”സെബാനച്ചന്റെ വാക്കുകൾ അവിടെ മൊത്തത്തിൽ പൊട്ടിച്ചിരി ഉയർത്തി.