രണ്ടാം ഭാര്യയുടെ പിടിപ്പുകെടാണ് മകളെ നഷ്ടപ്പെട്ടത് എന്ന് പറഞ്ഞു കുത്തിനോവിക്കുന്ന പല്ലവികൾക്കും അവൾ ചെവികൊടുത്തില്ല.

 

(രചന: പുഷ്യ വി.എസ്)

“” അറിഞ്ഞില്ലേ വിശ്വന്റെ മോളേ കാണാനില്ലന്ന്. കഴിഞ്ഞയാഴ്ച്ച ഹോസ്റ്റലിലേക്ക് പോയതാ കുട്ടി. എല്ലാ തവണയും വെള്ളി അല്ലേൽ ശനിയാഴ്ച രാവിലെ വീട്ടിലേക്ക് വരുന്നതാ.

ഇതുവരെ എത്തീട്ടില്ലെന്ന്. വിശ്വനാണെൽ ആകെ പ്രാന്ത് പിടിച്ച പോലെയാ പെരുമാറ്റം. കണ്ടാൽ സഹിക്കില്ല “”

വിശ്വനാഥൻറെ മകൾ പവിത്രയെ കാണാതായത് അപ്പോഴേക്കും കവലയിൽ ആകെ പരന്നിട്ടുണ്ട്. പരിചയക്കാർ ഇടയ്ക്കിടെ വന്നു വിശ്വനെ സമാധാനിപ്പിച്ചിട്ട് പോകുന്നുമുണ്ട്. വിശ്വന്റെ രണ്ടാം ഭാര്യ സീതയെയും ചിലരൊക്കെ ഒതുക്കത്തിൽ കുറ്റപ്പെടുത്തുന്നുമുണ്ട്.

കാരണം മറ്റൊന്നുമല്ല. പവിത്രമോൾക്ക് ഏഴ് വയസുള്ളപ്പോൾ വിശ്വന്റെ ആദ്യഭാര്യ മരിച്ചതാ. രണ്ട് വർഷം കഴിഞ്ഞപ്പോൾ സീതയെ വിവാഹം കഴിച്ചു.

വന്നു കയറുന്ന പെണ്ണിന് സ്വന്തം കുഞ്ഞായി തന്നെ പവിത്രയേ സ്നേഹിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന വിശ്വൻ ഒരു ഉപാധിയിൽ ആണ് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയത്.

“” പവിത്രയ്ക്ക് ഒരു അമ്മയുടെ കുറവ് ഉണ്ട്. അതിനൊരു പരിഹാരമെന്നോണമല്ലേ ഇനിയൊരു വിവാഹം.

പക്ഷേ എനിക്ക് പവിത്രമോൾ മാത്രം മതി ഇനി മകളായിട്ട്. അവൾക്ക് ഒരു അമ്മയായി ജീവിക്കാൻ മനസുള്ള പെൺകുട്ടി ഉണ്ടെങ്കിൽ ഞാൻ വിവാഹം കഴിക്കാം. പക്ഷേ ആ ബന്ധത്തിൽ പുതിയൊരു കുഞ്ഞ് ഉണ്ടാകില്ല.

എന്റെയീ സ്വത്തുക്കൾ ഒക്കെ ഭാവിയിൽ പവിത്രമോൾക്ക് ഉള്ളതായിരിക്കും. അതിനാൽ എന്റെ സ്വത്തും പണവും കണ്ടും പവിമോൾക്ക് സ്ഥാനമില്ലാത്തൊരു കുടുംബ ജീവിതം സ്വപ്നം കണ്ടുകൊണ്ടോ വരുന്ന ഒരുത്തിയെയും ഞാൻ സ്വീകരിക്കില്ല. “” വിശ്വന്റെ തീരുമാനം കേട്ട് ബന്ധുക്കൾ ഒന്ന് വലഞ്ഞു.

“” എന്തൊക്കെയാ വിശ്വാ ഈ പറയണേ. ഇത്രയും നിബന്ധനകൾ ഒക്കെ വച്ചു ഒരു രണ്ടാംകെട്ടിന് ആര് വരാനാ. ദേ നിനക്ക് ഒരു പെങ്കൊച്ചാ.

ഇപ്പൊ ഞങ്ങൾ പറയുന്നത് നിനക്ക് മനസിലാകില്ല. അവൾ കുറച്ചൂടെ വളർന്നോട്ടെ. പെൺപിള്ളേർക്ക് അമ്മ വേണം. ഇവിടെ അവശ്യം നമ്മുടെയല്ലേ. നീ ഇങ്ങനൊക്കെ വാശി പിടിച്ചാൽ ഇതെങ്ങനെ നടക്കാനാ “” വിശ്വന്റെ ഇളയച്ഛൻ ചോദിച്ചു.

“” ഹാ നടന്നില്ലേൽ വേണ്ടന്നേ. ആർക്കാപ്പോ നിർബന്ധം. നിങ്ങൾക്കല്ലേ. എനിക്ക് എന്റെ മോളു മാത്രം മതി. അമ്മയില്ലാതെയും കുട്ടികൾ വളരുന്നുണ്ട് ഇവിടെ.

ഞാൻ നോക്കിക്കോളാം എന്നെക്കൊണ്ട് പറ്റുന്ന പോലെ. രണ്ടാനമ്മ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. എല്ലാരും അങ്ങനെയല്ലായിരിക്കാം. എന്റെ മോളേ വച്ചു പരീക്ഷിക്കാൻ ഞാനൊരുക്കമല്ല. “” വിശ്വന്റേത് ഉറച്ച തീരുമാനം ആയിരുന്നു.

പക്ഷേ വിധി സീതയെ വിശ്വന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. മക്കളുണ്ടാവാത്തതിനാൽ ഭർത്താവ് ഉപേക്ഷിച്ചു ബന്ധം പിരിഞ്ഞു നിൽക്കുന്ന സീത വിശ്വന്റെ അവസ്ഥയ്ക്ക് ചേരുന്ന കൂട്ട് ആണെന്ന് എല്ലാപേർക്കും ബോധ്യമായി. വിശ്വനും അതിൽ എതിർപ്പില്ലായിരുന്നു.

സീതയ്ക്ക് ആണേൽ ജീവിതം കൈവിട്ട് പോയ അവസ്ഥയിലും ബന്ധം പിരിഞ്ഞതിലുപരി ഒരു കുഞ്ഞിനെ പ്രസവിക്കാനാവാതെ പോയതിലായിരുന്നു ദുഃഖം.

ഒരു കുഞ്ഞു ഉള്ളയാളെ വിവാഹം കഴിക്കാൻ അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വിവാഹത്തിന് മുന്നേ തന്നെ മനസുകൊണ്ടവൾ പവിത്രമോളുടെ അമ്മയാകാൻ ഒരുങ്ങി.

പക്ഷേ വളരുംതോറും പവിത്രയിൽ മാറ്റം കണ്ടുകൊണ്ടിരുന്നു. സീതയിൽ നിന്ന് എപ്പോഴും അകലം പാലിക്കാൻ അവൾ ശ്രദ്ധിച്ചു. തന്റെ അമ്മയോടുള്ളപോലൊരാടുപ്പം അവൾക്ക് അവരിൽ ഉടലെടുത്തിരുന്നില്ല.

പവിത്ര വിശ്വനോട് മാത്രം ചുറ്റിപ്പറ്റി വളർന്നുവന്നു. പവിത്രയ്ക്ക് സീതയോടുള്ള അടുപ്പക്കുറവ് പുറമെയുള്ളവർക്ക് രണ്ടാനമ്മപ്പോരിന്റെ പ്രതിഫലനമായിട്ടാണ് പ്രതീതമായത്.

അമ്മയില്ലാത്ത കുഞ്ഞെന്ന നിലയിൽ വിശ്വനും മകൾ കഴിഞ്ഞേയുള്ളൂ മറ്റെന്തും. ഒരു പനി വന്നാലോ, എന്തേലും കാര്യത്തിന് പിണങ്ങി ഒരു നേരം ആഹാരം കഴിക്കാതിരുന്നാലോ എന്തിന് പവിത്രയുടെ മുഖമൊന്നു വാടിയാൽ മതി വിശ്വന്റെ ഉറക്കം നഷ്ടപ്പെടാൻ.

ശെരിക്കും സീതയ്ക്ക് അവരുടെയിടയിൽ കാര്യമായ പങ്ക് ഒന്നും ഇല്ലായിരുന്നു. മകളുടെ കാര്യങ്ങൾ ഒക്കെയും വിശ്വൻ അത്ര കണ്ട് ശ്രദ്ധയോടെയാണ് നോക്കിയിരുന്നത്. മൂന്നാമതൊരാൾക്ക് കൈകടത്താൻ അയാൾ അവിടെ ഇടം
കൊടുത്തിരുന്നില്ല.

“”വിശ്വേട്ടാ… പോലീസ് സ്റ്റേഷൻ വരെ ഒന്ന് വന്നേ. മോള് സേഫ് ആണ്. S. I വിളിച്ചിരുന്നു ഇപ്പോൾ “” വിശ്വന്റെ സഹോദരൻ വന്നു പറഞ്ഞത് കേട്ട് അയാൾക്ക്‌ ധൃതിയേറി.””ഏഹ്ഹ്. എന്റെ മോള്… അവളെ കിട്ട്യോ. എവിടായിരുന്നു എന്റെ കുഞ്ഞ്.””

വെപ്രാളത്തോടെ പറയുന്നതിനിടെ തന്നെ വിശ്വൻ കാറിന്റെ ചാവിയുമെടുത്തു ഇറങ്ങി. അയാള് അത്ര നേരം അനുഭവിച്ച മാനസിക സങ്കർഷങ്ങൾ എത്രത്തോളമുണ്ടായിരുന്നു എന്ന് അയാളുടെ മുഖത്ത് പ്രകടമാണ്.

സ്റ്റേഷനിലേക്ക് പോയവരെ കാത്ത് ഒത്തിരി നേരമായി കാത്തിരിക്കുകയാണ് സീത.

താൻ പ്രസവിച്ചതല്ലെങ്കിലും മനസോടെ ആ കുട്ടി ഇതുവരെ തന്നെ അമ്മേ എന്ന് വിളിച്ചിട്ടില്ലെങ്കിലും തന്റെ മകൾ അല്ലേ. ഈ പ്രായത്തിലൊരു പെൺകുട്ടിയെ കാണാതാവുമ്പോൾ ഏതൊരു അമ്മമനം പിടയുന്നപോലെ തന്നെ സീതയുടെ മനസും വേവലാതിപ്പെട്ടിരുന്നു.

കരഞ്ഞു അലമുറയിട്ട് അവളുടെ വിഷമം മറ്റുള്ളവരെ അറിയിക്കുന്നതിന് പകരം വിശ്വന്റെ അവസ്ഥയോർത്തു അയാൾക്ക് ഒരു സ്വന്തനമാകാനാണ് അവൾ ശ്രമിച്ചത്.

അതിനിടയിൽ രണ്ടാം ഭാര്യയുടെ പിടിപ്പുകെടാണ് മകളെ നഷ്ടപ്പെട്ടത് എന്ന് പറഞ്ഞു കുത്തിനോവിക്കുന്ന പല്ലവികൾക്കും അവൾ ചെവികൊടുത്തില്ല.

സീത ഓരോന്നാലോചിച്ചു മിഴികൾ തുടച്ചു. അപ്പോഴേക്കും പോലീസ് സ്റ്റേഷനിലേക്ക് പോയ കാർ തിരികെയെത്തി.

വിശ്വനും അയാളുടെ ഒരു സുഹൃത്തും അനിയനുമാണ് സ്റ്റേഷനിലേക്ക് പോയിരുന്നത്. കാറിൽ നിന്ന് അവർ ഇറങ്ങിയപ്പോഴും സീതയുടെ കണ്ണ് പവിത്രയേ തേടിക്കൊണ്ടിരുന്നു. വിശ്വന്റെ മുഖഭാവങ്ങളിൽ നിന്ന് അരുതാത്തതെന്തോ ആണ് നടന്നത് എന്ന് സീതയ്ക്കു തോന്നി.

ഉമ്മറത്തേക്ക് കയറിയ വിശ്വൻ കൂടെയുള്ളവരോട് പൊയ്ക്കോളാൻ പറഞ്ഞു മുറിയിലേക്ക് പോയി.

“” എന്താ… എന്താ ഉണ്ടായേ. വിശ്വേട്ടനെന്താ വല്ലാണ്ട് ഇരിക്കുന്നെ. പവിമോള് എന്ത്യേ “”സീത വിശ്വന്റെ അനിയനോട് ചോദിച്ചു

“”അത് ഏട്ടത്തി… മോൾടെ കല്യാണം കഴിഞ്ഞു. കഴിഞ്ഞ വ്യാഴം ആയിരുന്നു. വെള്ളിയും ശനിയും അവന്റെ കൂടെയായിരുന്നു.

ഇന്ന് പോലീസ് അന്വേഷിച്ചു വിവരമറിഞ്ഞു വിളിപ്പിച്ചതാ. അവന്റെകൂടെ പോകുവാണെന്നു നമ്മുടെ കൊച്ചു തീർത്തു പറഞ്ഞു.”” കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു സീത.

“” ഈശ്വരാ… കല്യാണമോ… കഴിഞ്ഞയാഴ്ച്ച പഠിക്കാനായിട്ട് ഹോസ്റ്റലിലോട്ട് പോയ കൊച്ചാ. ഞാനിതു എന്താ കേക്കണേ “” അവർ ഒന്നും ഉൾക്കൊള്ളനാവാതെ സരിതലപ്പുകൊണ്ട് കണ്ണീരൊപ്പി

“” എന്നിട്ട് അവളെ നിങ്ങൾ പോകാൻ സമ്മതിച്ചോ. കുട്ട്യോളെ ഇങ്ങോട്ട് കൊണ്ട് വന്നൂടായിരുന്നോ. നമുക്ക് സമാധാമായിട്ട് എന്താ വേണ്ടേ എന്ന് നോക്കാലോ. വിശ്വേട്ടൻ എന്താ പറഞ്ഞെ “” അവർ ആധിയോടെ ചോദിച്ചു.

“” ഇങ്ങോട്ട് കൊണ്ട് വരുന്നതൊന്നും നടപ്പില്ല ഏട്ടത്തി. പവിത്ര ആകെ വാശികയറി ആണ് സംസാരിച്ചത്. വിശ്വേട്ടനും കുറച്ചു നിയന്ത്രണം വിട്ടു പെരുമാറി.

അച്ഛനും മകളും നല്ല വഴക്കായി. വിശ്വേട്ടൻ അവൾക്കിട്ട് ഒരെണ്ണം പൊട്ടിച്ചിട്ട അവിടുന്ന് ഇറങ്ങിയേ. കാറിൽ ഇരിക്കുമ്പോഴും ഇനി ഇങ്ങനൊരു മകളില്ല എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. “”

എല്ലാം കേട്ട് ശ്വാസമടക്കി നിൽക്കുകയാണ് സീത. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ എത്ര സ്നേഹത്തോടെ കഴിഞ്ഞവരാ ഒരു നിമിഷം കൊണ്ട്…. അവർക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല

“” സീതേടത്തി. ഏട്ടന്റെ അരികിലേക്ക് പൊയ്ക്കോ. ആകെ തകർന്നു ഇരിക്കുവാ. ഞങ്ങളിറങ്ങട്ടെ. പിന്നീട് ആവശ്യം ഉണ്ടേൽ വരാം “” അതും പറഞ്ഞു അവരിറങ്ങി

സീത മുറിയിലേക്ക് ചെന്നപ്പോൾ കട്ടിലിൽ ഇരുന്ന് വിതുമ്പുകയാണ് വിശ്വം. അയാളെ അവർ ഇന്നോളം ഇങ്ങനൊരാവസ്ഥയിൽ കണ്ടിട്ടില്ല. അവർ അയാളുടെ അരികിൽ ചെന്നിരുന്നു. അൽപനേരം ഇരുവരും ഒന്നും മിണ്ടിയില്ല.

“” ഞാനെങ്ങനെ കൊണ്ട് നടന്ന കൊച്ചാ ഡോ. തനിക്കറിയില്ലേ ഞാനെത്ര സ്നേഹിച്ചതാ എന്റെ മോളേ എന്ന്. “” അയാൾ അത് പറയുമ്പോഴും സ്വരമിടറുന്നുണ്ടായിരുന്നു.

“” ഏട്ടനിങ്ങനെ തളരാതെ. അവള് നമുക്ക് കുഞ്ഞാണെങ്കിലും മുതിർന്ന കുട്ടിയല്ലേ. അവൾക്കൊരാളോട് ഇഷ്ടം തോന്നിയതിന് നമ്മൾ വിഷമിച്ചിട്ടു ഇനി എന്താ കാര്യം. പിന്നെ ഈ എടുത്തുചാട്ടം.അതീ പ്രായത്തിന്റെ ആണെന്ന് ഓർത്തു ക്ഷമിച്ചൂടെ ഏട്ടാ.

നമുക്ക് അവളെ പോയി ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാം. സമാധാമായിട്ട് സംസാരിച്ചാൽ തീരാവുന്നതല്ലേയുള്ളു ഈ വിഷമമൊക്കെ “” സീത തന്നെക്കൊണ്ടാവുന്ന വിധത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചു.

“” താനെന്താടോ കരുതിയെ. അവൾക്കൊരു പ്രണയമുണ്ടെന്ന് അറിഞ്ഞുടനെ ഞാൻ അവളെ നടതള്ളി എന്നോ. ഇത്ര നാളും അവളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്ത എന്നെപ്പറ്റി താൻ അങ്ങനെയാണോ കരുതിയിരിക്കുന്നത്.

താൻ അങ്ങനെ ചിന്തിച്ചാലും തെറ്റില്ല. എന്റെ മോളുപോലും എന്നെപ്പറ്റി അങ്ങനെയല്ലേ വിചാരിച്ചിരുന്നത്. “” അയാൾ പറയുന്നതൊന്നും മനസിലാവാതെ സീത അയാളെ നോക്കി.

“” തനിക്കറിയോ സ്റ്റേഷനിൽ എന്താ നടന്നതെന്ന്. അവളുടെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ ഞാൻ നിയന്ത്രണം വിട്ടുപോയി എന്നുള്ളത് സത്യമാ.

എങ്കിലും ഞാനാകെ തകർന്നുപോയത് എന്റെ മോളുടെ പെരുമാറ്റത്തിൽ വന്ന വ്യത്യാസം കണ്ടപ്പൊഴാ”” അയാൾ നടന്ന കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു.

“” പവിത്രേ. എന്തായിത്. ഇത്രേം വലിയൊരു തീരുമാനം എടുക്കുമ്പോൾ നിനക്ക് നിന്റെ അച്ഛനോടും അമ്മയോടും ഒന്ന് ചോദിക്കണം എന്ന് തോന്നിയില്ലേ.

എങ്ങനെ തോന്നി മോളേ നിനക്കിത് “” അയാൾ ദേഷ്യത്തോടെയാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പോകെപ്പോകെ ശബ്ദം ഇടറി.

തെല്ലും ഭയമില്ലാതെ മുഖം വെട്ടിച്ചു നിൽക്കുകണ് പവിത്ര.”” ഞാനെന്തിനാ നിങ്ങളോടൊക്കെ ചോദിക്കുന്നത്.എന്റെ ജീവിതം എന്റെ ഇഷ്ടം. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ എന്റെ അനുവാദവും അഭിപ്രായവുമൊക്കെ ചോദിച്ചിട്ടാണോ.എനിക്ക് അന്ന് പത്തു വയസോളം പ്രായം ഉണ്ടായിരുന്നു.

കാര്യങ്ങൾ ഒക്കെ തിരിച്ചറിഞ്ഞു തുടങ്ങിയ പ്രായത്തിൽ തന്നെയാ അച്ഛൻ വിവാഹം കഴിച്ചത്.അത് എന്നോട് ചോദിച്ചിട്ടല്ലല്ലോ.സ്വന്തം ജീവിതം നോക്കി ചെയ്തതല്ലേ.”” അവളുടെ പ്രതികരണം കേട്ട് മിഴിച്ചു നിൽക്കുകയാണ് വിശ്വൻ

“” എന്താ പവി.. ഇത്.ഞാൻ നിനക്ക് വേണ്ടി അല്ലേ വീണ്ടും… “” അയാൾ നിറമിഴികളോടെ ചോദിച്ചു

“” അച്ഛാ പ്ലീസ്.അത് മാത്രം പറയല്ലേ.ഞാൻ പറഞ്ഞോ എനിക്ക്‌ വീണ്ടും ഒരു അമ്മയെ വേണം എന്ന് “” അവൾ അയാൾ പറയുന്നതിനോട് തീരെ യോജിക്കാൻ കഴിയാത്ത തരത്തിൽ പ്രതികരിച്ചു.

“” മോളേ. പക്ഷേ അമ്മ നിന്നെ സ്വന്തം മോളെപോലെയല്ലേ നോക്കിയത്. നിന്റെ കാര്യത്തിൽ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ അവൾ.

സ്വന്തം മകളായി അല്ലേ നിന്നെയവൾ കണ്ടിട്ടുള്ളു. എന്നെപ്പോലെ തന്നെ നിന്റെ കല്യാണത്തിനെപ്പറ്റിയൊക്കെ അവൾക്കും ഒത്തിരി പ്രതീക്ഷകൾ ഉണ്ടായിരുന്നു. അതൊന്നും നിനക്കറിയില്ല മോളേ “”

“” അവർ എന്റെ അമ്മയൊന്നും അല്ല. ഞാനീ കാര്യം ആദ്യമേ നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുന്നത്.

അവർ എന്നെ കുറേ ഉപദേശിക്കും. എന്റെ ജീവിതത്തിൽ കേറി ഇടപെടാൻ ഞാനെന്തിനാ അവർക്ക് അവസരം കൊടുക്കുന്നത്. കുഞ്ഞിലേ മുതലേ അങ്ങനാ. എന്ത് ചെയ്താലും കുറ്റവും വഴക്കും.

സ്വന്തം മകളെപ്പോലെ കണ്ടിട്ടാണെന്ന് പറഞ്ഞു അച്ഛനും തഴയും. സ്നേഹംകൊണ്ടാണ് പോലും. വെറുതെയാ. എനിക്കറിയാം അവർക്ക് കുട്ടികളുണ്ടാവാത്തതുകൊണ്ട് എന്നോട് പോലും കണ്ണുകടി ആയിരിക്കും. “”

അവൾ അത് പറയുമ്പോഴേക്കും അയാൾ അവളെ തല്ലിക്കഴിഞ്ഞിരുന്നു.വിശ്വൻ സീതയോട് നടന്നതൊക്കെ പറഞ്ഞു.””എന്തിനാ ഏട്ടാ മോളേ അടിച്ചത്. വേണ്ടായിരുന്നു.””സീത പറഞ്ഞു.

പറ്റിപ്പോയടോ. അവളുടെ അമ്മ പോയതിൽ പിന്നെ എന്റെ ഓർമയിൽ ആദ്യമായിട്ടാണ് ഞാൻ അവളെ നോവിക്കുന്നെ. ഇത്ര നാളും താലോലിച്ചിട്ട് അവൾക്ക് എങ്ങനെയാ സീതേ എന്നോട് ഇതുപോലൊക്കെ പറയാൻ തോന്നിയത് “”വിശ്വൻ ചോദിച്ചു.

“” പ്രണയം തലയ്ക്കു പിടിച്ചാൽ അങ്ങനൊക്കെയാവും വിശ്വേട്ടാ. ചില കുട്ട്യോൾക്ക് അച്ഛനമ്മാർ ഒക്കെ പിന്നീട് ശത്രുക്കളാ. ഞാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പേ പവിമോളോട് സംസാരിച്ചിരുന്നു. അവളുടെ മനസ്സിൽ ആരോ ഉണ്ടെന്ന് എനിക്ക് നേരത്തെ തോന്നിയതാ.

പിന്നെ ഈ പ്രായത്തിൽ ചെന്ന് വീഴുന്നതൊക്കെ നല്ലതോ കെട്ടതോ എന്ന് അറിയില്ലല്ലോ. ഞാൻ അവളോട് ഒരു അമ്മയെന്ന നിലയിൽ ഉപദേശിക്കാൻ പോയപ്പോൾ അവളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് പറഞ്ഞു വഴക്കിട്ടു.

പിന്നെ ഞാനവളെപ്പറ്റി ഏട്ടനോട് കുറ്റംപറയുന്നു എന്ന് തോന്നിയാൽ അവൾക് വീണ്ടും എന്നോട് വെറുപ്പാകുമല്ലോ വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട എന്നോർത്താ ഞാനന്ന് അത് പറയാത്തെ.

സംശയം തോന്നിയെന്നല്ലാതെ അവൾക്കൊരു ബന്ധം ഉണ്ടെന്ന് എനിക്ക് ഉറപ്പുമില്ലായിരുന്നു. പിന്നെ ഇങ്ങനൊരു ചതി കാട്ടും എന്ന് ഞാൻ സ്വപത്തിൽപോലും കരുതിയില്ല. അവൾ എന്നോടുള്ള വാശിക്ക് ചെയ്തതാവും അല്ലേ. “” സീതയുടെ സ്വരത്തിൽ വിഷാദം കലർന്നു.

വിശ്വൻ ഒന്നും മിണ്ടിയില്ല. അയാൾക്ക്‌ ഒരുപരിധിയിൽ കൂടുതൽ മകളെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല. ചെറുപ്രായത്തിൽ അത്രേം അടുപ്പമുണ്ടായിരുന്ന സ്വന്തം അമ്മ പോയപ്പോൾ അവൾ തകർന്നിട്ടുണ്ടാവണം.

ആ സ്ഥാനത്തു മറ്റൊരാളെ മാറ്റി പ്രതിഷ്ടിക്കാൻ അവൾക്ക് അന്ന് കഴിഞ്ഞിട്ടുണ്ടാവില്ല. സീതയുടെ വരവ് അവൾ ആഗ്രഹിച്ചിരുന്നില്ല.

അവൾ പറഞ്ഞതുപോലെ മറ്റൊരു സ്ത്രീയെ അവൾക്കായി ജീവിതത്തിലേക്ക് കൂട്ടുമ്പോൾ അവളുടെ അനുവാദം ചോദിക്കേണ്ടതായിരുന്നു. സീതയുടെ ഭാഗത്തു നിന്നും മോളോട് ബോധപൂർവം ഒരു തെറ്റ് പറ്റിയതായി തനിക്ക് അറിവില്ല.

എന്നാലും അവളുടെ വരവോടെ തന്റെ മോള് അവളുടെ മാത്രം ലോകത്തേക്ക് ഒതുങ്ങുകയായിരുന്നു. അത് മനസിലാക്കി താൻ അന്നേ വേണ്ടത് ചെയ്തിരുന്നെങ്കിൽ ഇന്ന് ഇതൊന്നും സംഭവിക്കില്ലായിരുന്നു.

എന്തൊക്കെയാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്. ചെറുപ്പത്തിലേ തന്റെ മകൾക്ക് അമ്മയെ നഷ്ടപ്പെട്ടു. തനിക്ക് ഭാര്യയെയും… വളർന്നപ്പോൾ തനിക്ക്‌ മകളെയും നഷ്ടപ്പെട്ടു. അവൾക്ക് അച്ഛനെയും.വിശ്വത്തിന് വിധിയോട് തന്നെ പരിഹാസം തോന്നി.

ഇല്ല… വീണ്ടും പരസ്പരം മനസിലാക്കാതെ തെറ്റുകളിലേക്ക് പോകാൻ വയ്യ.മകളെപ്പോയി കാണണം. സീതയോട് അവൾക്കുള്ള അകൽച്ച തീർക്കണം.

അവളെ വീണ്ടും തന്റെ മകളായി സ്വീകരിക്കണം. അവളും തന്നെ മനസിലാക്കുമായിരിക്കും. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. വിശ്വൻ സ്വയം സമാധാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *