അമ്മ മനസ്സ്
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)
“കണ്ണേട്ടാ അമ്മുവിനെ കാണ്മാനില്ല”ഓഫീസിലെ ഒരിക്കലും ഒതുങ്ങാത്ത ജോലിത്തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ദേവിയുടെ ഫോൺ.
പിടയ്ക്കുന്ന മനസ്സോടെയാണ് ആ ഫോൺകോൾ ശ്രവിച്ചത്.” അവൾ ആ ദീപയുടെ വീട്ടിലെങ്ങാനും പോയിക്കാണും” ഞാനവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
” ദീപയുടെ വീട്ടിൽ ആരുമില്ല. അവർ നാട്ടിൽ പോയിരിക്കുകയാണ്””എന്നാ പിന്നെ മുറിയിൽഎവിടെയെങ്കിലും ഉണ്ടാകും. നീ പരിഭ്രമിക്കാതിരിക്കൂ”
“എനിക്കെന്തോ പേടിയാകുന്നു ഏട്ടാ. അവൾക്കെന്തോ സംഭവിച്ചത് പോലെ.” അവളുടെ വാക്കുകൾക്ക് പതർച്ചയുണ്ടായിരുന്നു.
“നീ വിഷമിക്കാതിരിക്കൂ.
ഞാൻ ഇപ്പോൾ വരാം”ഓഫീസിൽ നിന്ന് ഉടനെ വീട്ടിലേക്കു തിരിച്ചു. കരഞ്ഞു കലങ്ങിയ മുഖവുമായി ദേവി പൂമുഖത്തു തന്നെയുണ്ടായിരുന്നു. പിന്നിൽ പരിഭ്രമിച്ച മുഖത്തോടെ ചെറിയമ്മയും.
“അവളിവിടെയെങ്ങും ഇല്ല കണ്ണേട്ടാ എനിക്ക് പേടിയാകുന്നു””ദേവി നീ വിഷമിക്കാതിരിക്കൂ. ഞാൻ നോക്കാം”
അവളെ ചേർത്തു പിടിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് നടന്നു. വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ തളർന്നിരുന്നു.
“ഇന്ന് രാവിലെ ഗുളിക കഴിച്ചില്ല മോനെ. ഞാൻ കൊടുത്തപ്പോൾ തട്ടി ത്തെറിപ്പിച്ചു. ഇത്രേം പ്രശ്നമാകുമെന്നു കരുതിയില്ല”
ചെറിയമ്മയുടെ വാക്കുകളിൽ
കുറ്റബോധം ഉണ്ടായിരുന്നു.”സാരമില്ല ചെറിയമ്മേ. ഗുളിക തരൂ. ഞാൻ കൊടുക്കാം” ഗുളികയുമായി ദേവിയുടെ സമീപത്തേക്ക് ചെന്നു.
“എനിക്ക് ഗുളിക വേണ്ട കണ്ണേട്ടാ. അതു കഴിച്ചാ അപ്പൊ ഉറക്കം വരും””എന്റെ പൊന്നു മുത്തല്ലേ. ഇതുവാങ്ങി കഴിക്ക്. നല്ലകുട്ടിയല്ലേ”
ഞാനവളുടെ മുടിയിഴകളിൽ മെല്ലെ തഴുകി. വലിയ എതിർപ്പൊന്നും കൂടാതെ അവൾ ഗുളിക കഴിച്ചു. അപ്പോഴും അമ്മു അമ്മു എന്നു പിറു പിറുത്തുകൊണ്ടിരുന്നു.
എന്റെ തോളിൽ തലവച്ചു കിടന്നുകൊണ്ട് അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതറിഞ്ഞു.
സ്വച്ഛന്ദമായി ഒഴുകിയിരുന്ന ജീവിത നദിയുടെ ഒഴുക്കിന്. എവിടെയാണ് ഭംഗം നേരിട്ടത്?
ദുഃഖങ്ങൾ സമ്മാനിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു അമ്മു തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
വീട്ടുകാരുടെ എതിർപ്പിനെ തൃണവൽക്കരിച്ചു കൊണ്ട് അന്യ ജാ തി ക്കാ രി യാ യ ദേവിയെ ജീവിത സഖിയായി കൂടെ കൂട്ടുമ്പോൾ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു.
കാലചക്രത്തിന്റെ തിരിച്ചിലിനിടയിൽ രണ്ടു വീട്ടുകാരുടെയും എതിർപ്പുകൾ അലിഞ്ഞില്ലാതായി.
പക്ഷെ പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗമില്ലാതായത് ജീവിതത്തിൽ ഒരു ചോദ്യ ചിഹ്നമായി മാറുകയായിരുന്നു.
യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ താൻ ശ്രമിച്ചെങ്കിലും നിരന്തരമായ ചികിത്സകൾക്കൊടുവിലും തനിക്കൊരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്ന തിരിച്ചറിവ് ദേവിയെ വല്ലാതെ തളർത്തിയിരുന്നു.
ബന്ധുക്കളെന്നു പറയുന്നവരുടെ ചങ്കുപറിക്കുന്ന ചോദ്യ ശരങ്ങൾക്ക് മുന്നിൽ അവൾ ഉരുകിയൊലിക്കുന്നത് പലപ്പോഴും വേദനയോടെ നോക്കി നിന്നിട്ടുണ്ട്.
‘മച്ചി’ എന്നുള്ള വിളികളിൽ ചിലത് തന്റെ കാതുകളിലും പതിച്ചിട്ടുണ്ട്.അവൾ വിഷാദത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് പതിച്ചേക്കാമെന്ന തോന്നൽ ഉണ്ടായപ്പോഴാണ് ഒരു കുട്ടിയെ ദത്തെടുക്കാമെന്ന മോഹം മനസ്സിൽ ഉദിക്കുന്നത്.
ആദ്യമൊന്നും അവൾക്കതിനോട് താത്പര്യമുണ്ടായിരുന്നില്ല. തങ്ങൾക്കിടയിലേക്ക്
തങ്ങളുടെതല്ലാത്ത ഒരാളുടെ സാന്നിധ്യം അവൾ ഇഷ്ടപ്പെട്ടിരുന്നില്ല.
“എനിക്ക് കണ്ണേട്ടനും കണ്ണേട്ടന് ഞാനും മതി. കണ്ണേട്ടൻ എന്നെ ശപിക്കാതിരുന്നാൽ മാത്രം മതി”
അവൾ പലപ്പോഴും പറയുമായിരുന്നു.തന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അന്നാ അനാഥാലയത്തിൽ തന്റെ കൂടെ അവൾ വന്നത്. തൊട്ടിലിൽ കിടന്ന് കൈകാലിളക്കി കളിച്ചിരുന്ന ആ ആറു മാസക്കാരിയെ കണ്ടില്ലെന്നു നടിക്കാൻ അവൾക്കായില്ല.
അങ്ങിനെ അമ്മു തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു. സന്തോഷത്തിന്റെ വത്സരങ്ങൾ.
ദിവസങ്ങൾ കൊണ്ട് അമ്മു തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. ജീവിതത്തിന് അർഥമുണ്ടായതു പോലെ.
അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയിൽ ജീവിതത്തിലെ പിരിമുറക്കങ്ങൾ അലിഞ്ഞില്ലാതാവുന്നതറിഞ്ഞു.
ദേവിയുടെ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നലെവരെ തന്നെ പരിഹസിച്ചവരുടെ മുന്നിൽ ഇതാ എന്റെ മകൾ എന്ന് പറഞ്ഞ് അമ്മുവിനെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കണ്ടിരുന്ന ആത്മവിശ്വാസം,
അതു മാത്രം മതിയായിരുന്നു ഒരു ജീവിതത്തിന്റെ സാഫല്യത്തിന്.അമ്മു ആദ്യമായി ‘അമ്മേ’എന്നു വിളിച്ച ദിവസം അന്ന് ദേവിയുടെ കണ്ണുകളിൽ നിന്നുതിർന്നു വീണ കണ്ണുനീർ മതിയായിരുന്നു ഒരമ്മയാവാൻ അവൾ എത്രമാത്രം കൊതിച്ചിരുന്നു എന്നറിയാൻ.
പിന്നീടിങ്ങോട്ടുള്ള ജീവിതം അമ്മുവിനായി ഉഴിഞ്ഞു വയ്ക്കുകയായിരുന്നു. അവളുടെ ഇഷ്ടങ്ങൾ ആയിരുന്നു തങ്ങളുടെ ഇഷ്ടങ്ങൾ. അവളുടെ സന്തോഷങ്ങൾ ആയിരുന്നു തങ്ങളുടെ സന്തോഷങ്ങൾ.
അവളില്ലാതെ തങ്ങൾക്കൊരു ലോകമെയില്ലെന്നായി. ജീവിതത്തിൽ സന്തോഷമെന്തെന്നറിഞ്ഞ കുറെ നാളുകൾ.
ഡിഗ്രിക്ക് നഗരത്തിലെ പ്രശസ്തമായ കോളേജിൽ പഠിക്കണമെന്നുള്ളത് അമ്മുവിന്റെ മോഹമായിരുന്നു.
അവളെ. പിരിഞ്ഞിരിക്കാൻ തങ്ങൾക്ക് അല്പം പോലും മനസുണ്ടായിരുന്നില്ല. പക്ഷെ അവളുടെ ഭാവിയെകുറിച്ചാലോചിച്ചപ്പോൾ തടഞ്ഞു നിർത്താൻ കഴിഞ്ഞതുമില്ല.
അതോടെ അമ്മു തങ്ങളിൽ നിന്നും അകന്നു തുടങ്ങുകയായിരുന്നു.ആദ്യമൊക്കെ ആഴ്ചയിലൊരിക്കൽ ഉണ്ടായിരുന്ന അവളുടെ വീട്ടിലേക്കുള്ള വരവുകൾ മാസത്തിലൊരിക്കലേക്കും
അതിനു മേലേക്കും നീണ്ടപ്പോൾ മനസ്സിൽ എവിടെയോക്കെയോ നീറ്റൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
ചോദിക്കുമ്പോഴൊക്കെ സ്പെഷ്യൽ ക്ലാസ്സ്, പരീക്ഷ എന്നിങ്ങനെ അവൾക്ക് അവളുടേതായ ന്യായങ്ങൾ ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ തങ്ങളുടെ ചോദ്യങ്ങളിൽ അവൾ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. താമസിയാതെ അവൾ തങ്ങളിൽ നിന്നും ഏറെ ദൂരം അകലുകയായിരുന്നു.
അമ്മുവിന്റെ സ്വഭാവമാറ്റം ദേവിയെ വല്ലാതെ തളർത്തി. ചിലപ്പോഴൊക്കെ അവൾ അകലേക്ക് കണ്ണും നട്ട് ഒറ്റക്കിരുന്നു കരയുന്നത് കണ്ടിട്ടുണ്ട്.
എന്തു പറഞ്ഞാണ് ദേവിയെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരുനാൾ ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നത്. അമ്മുവിനെ കാണ്മാനില്ല. അവൾ ആരോ ഒരാളോടൊപ്പം ഒളിച്ചോടി പോയിരിക്കുന്നു.
അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. മുട്ടാത്ത വാതിലുകളില്ല. വിളിക്കാത്ത ദൈവങ്ങളില്ല.
ഒടുവിൽ ത മി ഴ്നാട്ടിലെ ഒരു റിസോർട്ടിൽ നിന്നും അവളെ കാമുകനോടൊപ്പം കണ്ടെത്തി യെന്നറിഞ്ഞപ്പോഴാണ് മനസ്സിലെ തീയൊന്നണഞ്ഞത്.
എന്നാൽ പോലീസ് സ്റ്റേഷനിൽ വച്ച് ഇവരെന്റെ മാതാപിതാക്കളല്ല, എനിക്ക് കാമുകനോടൊപ്പം പോയാൽ മതി എന്നവൾ ഒരുന്മാദിനിയെ പോലെ വിളിച്ചു പറഞ്ഞപ്പോൾ
തളർന്നു പോയതാണ് തങ്ങൾ.
അതോടെ ദേവിയുടെ മാനസീക നില തെറ്റുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായുള്ള ചികിത്സകൾ പ്രത്യേക ഫല പ്രാപ്തിയൊന്നും നൽകിയിട്ടില്ല.
അമ്മുവിനെ തങ്ങൾക്ക് നഷ്ടപ്പെട്ടു എന്ന സത്യം ഒരിക്കലും അവൾക്കുൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അവളുടെ മനസ്സിൽ ഇപ്പോഴും അമ്മു ചെറിയ കുട്ടിയാണ്.
മരുന്നിന്റെ മാസ്മരികതയിൽ നിന്നും മുക്തയാകുമ്പോഴൊക്കെ അവൾ അമ്മുവിനെ അന്വേഷിക്കുന്നു.
എന്തു പറഞ്ഞാണ് അവളെ സമാധാനിപ്പിക്കുക. താൻ നിസ്സഹായനാണ്. കുറെയേറെ മധുരിക്കുന്ന ഓർമകൾ തങ്ങൾക്ക് നൽകിയിട്ട് അമ്മു തങ്ങളെ ഉപേക്ഷിച്ചു പോയി .
വേദനിപ്പിക്കുന്ന ഓർമകൾ സമ്മാനിക്കാനായി അമ്മു ജീവിതത്തിലേക്ക് കടന്നു വരേണ്ടായിരുന്നു.
ദേവി പണ്ട് പറഞ്ഞിരുന്നത് പോലെ അവൾക്കു താനും തനിക്കവളും മാത്രം മതിയായിരുന്നു.