പെണ്ണുങ്ങളെല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നെയങ്ങോട്ട് ഗ്രൂപ്പിൽ കേറിയാൽ ക്ലാസ്സിൽ കേറിയ പോലെയായിരുന്നു.

ഒറ്റമുറിയിലെ ലോകങ്ങൾ
(രചന: Sharifa Vellana Valappil)

കോളേജ് മേറ്റ്‌സിന്റെ വാ ട് സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എനിക്കവളെ വീണ്ടും കണ്ടെടുക്കാനായത്.

ആക്റ്റീവല്ലാത്ത ഗ്രൂപ്പ്‌ കൊണ്ട് കോൺടാക്ട് കയ്യിലുണ്ടെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവുമില്ലാതെ തോന്നിയപ്പോൾ ആൺകുട്ടികളെ മാറ്റി നിർത്തി

പെണ്ണുങ്ങൾ മാത്രമായൊരു ഗ്രൂപ്പ്‌ എന്നൊരു ആശയം ആരോ പങ്ക് വെച്ചപ്പോൾ അതിനെ പെണ്ണുങ്ങളെല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പിന്നെയങ്ങോട്ട് ഗ്രൂപ്പിൽ കേറിയാൽ ക്ലാസ്സിൽ കേറിയ പോലെയായിരുന്നു. ഏതുനേരവും കലപിലയും പാട്ടും തന്നെ.

അതിനിടയിൽ പഴയ നർമ്മബോധത്തിന്റെ ശേഷിപ്പെന്നോണം അവളിടുന്ന മറുപടി മെസ്സേജുകളിൽ ചിരിയുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ മെസ്സേജുകളിലെ ചിരിയിൽ അവളൊരിക്കലും പൊട്ടിച്ചിരിച്ചു കണ്ടില്ല.

വിവാഹജീവിതത്തെ കുറിച്ചുള്ള ചർച്ചയിലൊരിക്കൽ ” എന്റെ ഭർത്താവ് ദൈവമാണ്. എല്ലാർക്കും പൂജിക്കാൻ കൊള്ളാം, . ”

എന്ന് പറഞ്ഞവൾ അർദ്ധവിരാമമിട്ടപ്പോൾ എല്ലാരും ചിരിച്ചെങ്കിലും എനിക്കെന്തോ അവളുടെ വാക്കുകളിൽ വിഷാദമാണ് കാണാനായത്

ഇടയ്ക്കെന്നോട് ചാറ്റ് ചെയ്യാൻ വരുന്നയവൾ പതിയെപ്പതിയെ എന്നോട് മനസ്സ് തുറന്നു.

“ഒരു കഥയെഴുതാൻ മാത്രമുള്ള അനുഭവങ്ങളാണല്ലോ” എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ” നീ എഴുത് “എന്ന് പറഞ്ഞെന്നെ പ്രോത്സാഹിപ്പിച്ചു.

അങ്ങനെ ഞാൻ എഴുതിത്തുടങ്ങട്ടെ, അവളെ നമുക്ക് തല്ക്കാലം തു ഷാരയെന്നു വിളിക്കാം. മഞ്ഞുകണം പോലെ നൈർമല്യവും തണുപ്പും പകർന്നവൾ.

തു ഷാരയെ കാണാൻ സുന്ദരിയാണ്. അത്കൊണ്ട് തന്നെ കുറെ ആൺകുട്ടികൾ അവളുടെ പിറകെ നടന്നു. കയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന ശീലവുമുണ്ടായിരുന്നു.

അധികമാരോടും സംസാരിക്കാത്ത പ്രകൃതമെങ്കിലും കാറ്റിനോടും പൂമ്പാറ്റയോടും പൂവിനോടും പുൽച്ചെടിയോടും എത്ര നേരമെങ്കിലും സംസാരിക്കാൻ മടിയില്ലാത്തവൾ.

വലിയ പാട്ടുകാരിയൊന്നുമല്ലെങ്കിലും ഇടയ്ക്കവൾ പാടുന്ന പാട്ടുകൾ ഭാവസാന്ദ്രമായിരുന്നു.

ഒരിടത്തരം കുടുംബത്തിൽ പരസ്പരം സ്നേഹിച്ചു കൊണ്ട് സന്തോഷകരമായ ജീവിതം നയിച്ച കുടുംബത്തിലെ ഒരു കണ്ണി

ഡിഗ്രിക്ക് രണ്ടാം വർഷം പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത്.

ഇത്രയും കാലം ആർക്കും നൽകാതെ സൂക്ഷിച്ചു വെച്ച അവളുടെ പ്രണയമവൾ ഭർത്താവിന് മേൽ ആർത്തലച്ചു പെയ്തു.അവളുടെ ഭർത്താവിന്റെ അച്ഛൻ അധികം പ്രായമാകാതെ മരിച്ചു പോയതാണ്.

അതിൽപ്പിന്നെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഭർത്താവിനായിരുന്നു.. രണ്ട് പെങ്ങന്മാരെ കെട്ടിച്ചയച്ചു.

അനിയനാവട്ടെ ചെറിയ പ്രായവും. കുടുംബാംഗങ്ങൾക്കൊക്കെ അയാളോട് ബഹുമാനവും കടപ്പാടും. അങ്ങനെ ഒരു രക്ഷകന്റെ പരിവേഷത്തിലേക്കു അയാൾ ഉയർത്തപ്പെട്ടു.

തുഷാരയുടെ സ്നേഹപ്രകടനങ്ങൾ അയാൾക്ക് അരോചകമായിരുന്നു.അവളോട് മയത്തിൽ നിന്നാൽ താനിത് വരെ മറ്റു കുടുംബാംഗങ്ങളിൽ നിന്ന് നേടിയ പോലെയുള്ള ബഹുമാനവും ആദരവും കുറഞ്ഞു പോകുമോ എന്നയാൾ ഭയപ്പെടുന്നത് പോലെ..

അല്ലെങ്കിൽ പ്രാരാബ്ധം കൊണ്ട് പഠിപ്പ് നിർത്തിയ തന്നെക്കാൾ, കൂടുതൽ പഠിച്ച തുഷാരയുടെ മുന്നിൽ നിൽക്കുമ്പോൾ ദുരഭിമാനം കൊണ്ട് ഒഴിഞ്ഞു മാറുന്ന പ്രകൃതം.

അവൾ അടുക്കാൻ ശ്രമിക്കുമ്പോളൊക്കെയും നിസാര കാരണങ്ങൾ കൊണ്ട് മനപ്പൂർവം സൃഷ്ടിക്കുന്ന അകലങ്ങളിലേക്ക് ഒളിച്ചോടുന്നയാൾ.

അവൾ എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും കൂടുതൽ ഉയരങ്ങളിലേക്ക് കയറുന്നയാൾ. ആശയവിനിമയത്തിന് ശ്രമിക്കുമ്പോൾ മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന സ്വഭാവം.

ആദ്യമാദ്യം അമ്മയും പെങ്ങന്മാരുമൊക്കെ തുഷാരയെയായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.

അവരുടെ രക്ഷകന് കുറവുകൾ ഉണ്ടാകില്ല എന്ന നയം. അയാളെ ഒരു രാജാവായി അവർ അവരോധിച്ചു.

പാവം തുഷാര. അവരുടെ രാജാവായ മകനെപ്പോലെ അവളുടെ വീട്ടിൽ അവൾ രാജകുമാരിയായിരുന്നുവെന്നും എന്നതവർ എന്തേ മറന്നു?

അവളും പരിഗണന അർഹിക്കുന്നില്ലേ? ഇങ്ങനെ പല ചോദ്യങ്ങളും എന്റെ മനസ്സിൽ കടന്നു വന്നു.

അയാളോടുള്ള പ്രണയം നിമിത്തം അയാളുടെ പ്രായമായ അമ്മയെ അവൾ നന്നായി പരിചരിച്ചു. പെങ്ങന്മാരോടും ഊഷ്മളതയോടെ പെരുമാറി.

ഇപ്പോൾ അയാളുടെ ഉഗ്രശാസനകൾ കുടുംബത്തിൽ പലർക്കും അസഹനീയമായി തോന്നിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ, അയാളെയെങ്ങനെ കുറ്റം പറയുമെന്നാണ് പാവം തുഷാര ചോദിക്കുന്നത്.

“അയാൾ വളർന്ന സാഹചര്യമല്ലേ അങ്ങനെയാക്കിതീർത്തത്? “അവളുടെ ചോദ്യം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു.ഒരാളെ അങ്ങനെയാക്കിത്തീർക്കുന്നതിൽ ചുറ്റുപാടുകൾ സ്വാധീനം വഹിക്കുന്നുണ്ട്.

അമ്മയും കൂടപ്പിറപ്പുകളും അയാളോടുള്ള കടപ്പാട് കൊണ്ട് അമിതമായ വിധേയത്വം കാട്ടിയത് കൊണ്ട് താൻ കുറവുകൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരു മനുഷ്യനാണെന്ന് അയാൾ ധരിച്ചു വെച്ചിരിക്കുന്നു.

സ്നേഹം പ്രകടിപ്പിക്കുക എന്നതൊരു കുറച്ചിലായി അയാൾ കരുതി വെച്ചിരിക്കുന്നു.

ഇതൊരു സ്വഭാവവൈകല്യമാണെന്നും കൗൺസിലിങ് കൊണ്ട് മാറുമെന്നും ഞാൻ അഭിപ്രായം പറയുന്നതിന് മുമ്പേ തുഷാരക്കറിയാം.

അത് മാത്രമല്ല, അയാൾക്ക് വേറെ ദൂഷ്യ സ്വഭാവങ്ങൾ ഒന്നുമില്ല താനും.അയാൾ ഇങ്ങനെ ആയിത്തീർന്നത് ചുറ്റുപാടുകൾ കൊണ്ടാണെന്നും അതിലൊരു ചെറിയ പങ്കെങ്കിലും തന്റെ ഉൾവലിഞ്ഞ സ്വഭാവത്തിനുമുണ്ടെന്നും അവൾ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

എനിക്കറിയാവുന്ന നിനക്ക് ഉൾവലിഞ്ഞ സ്വഭാവമുണ്ടായിരുന്നില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

അയാളോടുള്ള സ്നേഹം കാരണം അവൾക്കയാളെ കുറ്റപ്പെടുത്താനാകുന്നില്ല.

കല്യാണം കഴിഞ്ഞിട്ട് ഇരുപത് വര്ഷങ്ങളായി..സാന്ത്വനമായി കൗമാരക്കാരായ മക്കളുണ്ട്.

ആദ്യ വർഷങ്ങളിൽ തന്റെ ആത്മാർത്ഥ പ്രണയം തിരിച്ചു കിട്ടാതെ വ്യർത്ഥമായിപ്പോകുന്നതിൽ സങ്കടമായിരുന്നു എന്ന് ഒരുവേള പറഞ്ഞവൾ നിർത്തിയപ്പോൾ എന്റെ തൊണ്ടയിലും ഗദ്ഗദം തടഞ്ഞു.

പാവം തുഷാര. അവളിപ്പോഴും ഒറ്റയ്ക്കാവുമ്പോൾ ഉറക്കെ പാട്ടു പാടുകയും മനസ്സിൽ തോന്നുന്നതൊക്കെ എഴുതി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്യുന്നു. അതിനും തടയിടാൻ അയാൾ ശ്രമിക്കാറുണ്ടെന്നു കേട്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു.

വീട്ടിലെ എല്ലാ ഉത്തരവാദിത്തങ്ങളും കടമകളുമെല്ലാം ഭംഗിയായി നിറവേറ്റി,ഒഴിവുസമയത്ത് ആരെയും ബുദ്ധിമുട്ടിക്കാതെ തനിക്ക് സന്തോഷം തരുന്ന പ്രവൃത്തിയിലേർപ്പെടുന്നത് വിലക്കുന്നതിലൂടെ തന്റെ അധികാരമയാൾ

സ്ഥാപിക്കുന്നത് വഴി എത്രമാത്രം അടിമത്തമാണവൾ അനുഭവിക്കുന്നതെന്നു ഓർത്തു പോയി ഞാൻ.അത് പറയാൻ മറന്നു.

പണ്ട് വായിച്ചു തള്ളിയ പുസ്തകങ്ങൾ അവൾക്കൊരു സ്വകാര്യ സന്തോഷവും കൊടുത്തിരിക്കുന്നു. അവൾ വളരെ നന്നായി ഗഹനമായ ചിന്തകളെഴുതും.

ചിലതൊന്നും എനിക്ക് ഒറ്റവായനയിൽ മനസ്‌സിലായില്ലെന്നു പറഞ്ഞാൽ അവൾക്കൊരു ചിരിയുണ്ട്. അവളുടെ സ്വത്വം അല്പനേരത്തേക്കെങ്കിലും വീണ്ടെടുക്കുന്ന ചിരി.

പിന്നെയുമവൾ സ്ഥായിയായ നിസ്സംഗഭാവത്തിലേക്ക് മാറും. അവളുടെ കണ്ണിലെ വിഷാദഭാവത്തിലേക്കു നോക്കാനാകാതെ പലപ്പോഴും ഞാൻ വിദൂരതയിലേക്ക് ലക്ഷ്യമില്ലാതെ മുഖം തിരിച്ചു.

അവളുടെ ഭർത്താവിന് തിരിച്ചറിവുണ്ടാകട്ടെയെന്ന മോഹം വ്യാമോഹമാവരുതേയെന്ന് പ്രാർത്ഥിച്ചു കൊണ്ട്..

Leave a Reply

Your email address will not be published. Required fields are marked *