ഭാഗ്യം
(രചന: Ammu Santhosh)
ഭക്ഷണം കഴിക്കാൻ ലഞ്ച് റൂമിലേക്ക് ചെന്നപ്പോഴേ ശ്രദ്ധിച്ചു ഒരു അടക്കം പറച്ചിലും ചിരിയും. പുതുതായി ജോയിൻ ചെയ്ത മീനാക്ഷിക്കാണ് ചിരി കൂടുതൽ.
ആദ്യമൊക്കെ അത് നന്ദ കാര്യമാക്കിയില്ല. പിന്നെ തോന്നി പരിഹാസം ആണ്. വിവേക് കൊണ്ട് വിട്ട് ഒരിക്കൽ പോകുന്ന അന്നാണ് ഇതിന്റെ തുടക്കം
“അല്ല നന്ദേ തന്റേത് ലവ് മാര്യേജ് ആയിരുന്നോ?””അല്ലല്ലോ എന്താ ചോദിക്കാൻ?”
“അല്ല സാധാരണ ഈ ലവ് മാര്യേജ്കാരിൽ ആണ് ഒരു ചേർച്ചയും ഇല്ലാത്ത ദമ്പതികളെ കാണുന്നത്? താൻ അസാധ്യ സുന്ദരി ആണല്ലോ കുറച്ചു കൂടി നല്ല ഒരാളെ കിട്ടുമായിരുന്നില്ലേ? വിവേക് മോശമെന്നല്ല കേട്ടോ.. എന്നാലും കുറച്ചു കൂടി ഭംഗി ഉള്ള ഒരാൾ ആയിരുന്നു തനിക്ക് ചേരുക..”
നന്ദ മറുപടി ഒന്നും പറയാതെ ചോറ്റുപാത്രം തുറന്നു ചോറിലേക്ക് കറി ഒഴിച്ചു കുഴച്ചു ഉണ്ണാൻ തുടങ്ങി
“അയ്യോ നന്ദക്ക് വിഷമം ആയോ..?””എന്തിന്? ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയായിരുന്നു. ഇങ്ങോട്ട് വരുന്ന വഴിയിൽ നിറയെ നായിന്റെ ശല്യം ആണ്.കടിക്കില്ല.
പക്ഷെ കുരച്ചു കൊണ്ടേയിരിക്കും. നമ്മൾ ശ്രദ്ധിച്ചാൽ അത് ഉറക്കെ ഉറക്കെ കുരയ്ക്കും. അതോണ്ട് ഞാൻ മൈൻഡ് ചെയ്യാറില്ല. എന്ന് വെച്ചു വഴി മാറി പോകാൻ പറ്റുമോ?ഇനി കൂടുതൽ ആയാൽ ഒരു കല്ലെടുത്ത് ഒരേറു കൊടുക്കണം.തീർന്നു…”അവൾ ചിരിച്ചു
മീനാക്ഷിയുടെ മുഖം വിളറി വെളുത്തു പോയി.അവൾ വേഗം ചോറ് കഴിച്ചു എണീറ്റു പോയി. കൂടെ ഉള്ളവർ നന്ദയെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നിട്ട് കടന്നു പോയി. നന്ദ നേർത്ത ചിരിയോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.
ഇവർക്ക് എന്തറിയാം തന്റെ ഭർത്താവ് വിവേകിനെ കുറിച്ച്?വിവേകിന്റ വിവാഹലാചന വരും മുന്നേ വിവേകിനെ അറിയാം. കോളേജിൽ സീനിയർ ആയിരുന്നു.
പഠിക്കാൻ മിടുക്കൻ ആയ വിദ്യാർത്ഥി. പക്ഷെ പഠനം മാത്രം അല്ലായിരുന്നു തട്ടകം. അവശത അനുഭവിക്കുന്നവർക്ക് ഒപ്പമായിരുന്നു എന്നും. താൻ കണ്ടിട്ടുണ്ട് ആ ധീരത, ആ തന്റേടം.
ഒരു പാട് ആരാധികമാർ ഉണ്ടായിരുന്നു കക്ഷിക്ക്. പലരും പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല നിറം കുറഞ്ഞ ഭംഗി തീരെ ഇല്ലാത്ത അത്രയ്ക്കൊന്നും ശബ്ദഗംഭീര്യമോ ഉയരമോ ഒന്നുമില്ലാത്ത ഒരാളാണെന്ന്.
ആൾക്ക് മുടിയും കുറവാണ്. അത് ഒരു കുറവാണെന്നും തോന്നിയിട്ടില്ല. വിവേക് സ്റ്റേജിൽ നിന്നു പ്രസംഗിക്കുമ്പോൾ നിവിൻ പോളി പറയും പോലെ ആർക്കും ചുറ്റുമുള്ള ഒന്നും കാണാൻ പറ്റില്ല..
ആളല്ല ആ ആൾ ചെയ്യുന്ന പ്രവർത്തികളാണ് അയാളുടെ വ്യക്തിത്വമാണ് ഒരു സൂര്യനെ പോലെ ശോഭിക്കുന്ന അയാളെ വ്യത്യസ്തനാക്കുന്നത് എന്ന് ഈ കഴുതകൾ എന്ന് മനസ്സിലാക്കുമോ ആവോ?
“നന്ദ..”വന്നല്ലോ അടുത്ത കഴുത അവൾ സാബുവിനെ ഒന്ന് നോക്കി. ലുക്ക് മമ്മൂട്ടിയുടെയും സ്വഭാവം ഒന്നാന്തരം ഞരമ്പ് രോഗിയുടെയും. ഭർത്താക്കന്മാർ അത്ര സുന്ദരന്മാരല്ലാത്ത ഭാര്യമാർക്ക് സുന്ദരന്മാരായ ആണുങ്ങളോട് ഒരു ഇത് തോന്നുമെന്നാണ് ഇവന്മാരുടെ വിചാരം. ഒന്നും തോന്നില്ല എന്ന് നമുക്കല്ലേ അറിയൂ..
“എന്താ സാബു?””ഒരു ട്രിപ്പിനു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ?””നല്ല തല്ല് കിട്ടിയിട്ടുണ്ടോ പെണ്ണുങ്ങളുടെ? നല്ല ഉഗ്രൻ തല്ല്.. തന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി ഒലിപ്പീരു കൊണ്ട് എന്റെ അടുത്ത് വരരുത് എന്ന് ”
‘ഓ തമാശ കള കൊച്ചേ… എനിക്ക് അറിഞ്ഞൂടെ പെണ്ണുങ്ങളെ..? “അവന് അതിസുന്ദരിയായ നന്ദയെ ഒരു തരത്തിലും ചേർച്ച ഇല്ലാത്ത ഒരുത്തനൊപ്പം കാണുമ്പോൾ ഉണ്ടായ ഒരു കൗതുകമായിരുന്നു തുടക്കത്തിൽ. പിന്നെ ഒരു ഭ്രാന്ത് പോലെ ആ ഭംഗി അയാളെ കീഴ്പ്പെടുത്തി തുടങ്ങി..
തന്റെ സൗന്ദര്യത്തിൽ ഉള്ള ആത്മവിശ്വാസം ആണ് അവളോട് ഇങ്ങനെ സംസാരിക്കാൻ അയാളെ പ്രേരിപ്പിച്ചതും.
‘വൈകുന്നേരം ഞാൻ വീട്ടിലേക്ക് വരാം. നമുക്ക്, അതായത് താൻ തന്റെ വൈഫ് മക്കൾ എല്ലാർക്കുമൊപ്പം പോയേക്കാം , അവരോട് കാര്യം പറയുകയും ചെയ്യാം.. “അയാളുടെ മുഖം വിളറി വെളുത്തു.. അവൾ കൈയിൽ പിടിച്ചിരുന്ന മൊബൈൽ എടുത്തു കോൺടാക്ട് ലിസ്റ്റ് കാണിച്ചു
“തന്റെ ഭാര്യ രേഖ, ബാങ്കിൽ ജോലി ചെയ്യുന്നു.നമ്പർ ഇതല്ലേ? ഇപ്പൊ ഈ പറഞ്ഞത് റെക്കോർഡ് ചെയ്തിട്ടുണ്ട് ഞാൻ.. സെൻറ് ചെയ്തു കൊടുക്കണോ?”അയാൾ വേഗം അവിടെ നിന്നു നടന്നു പോയി.
അയാളുടെ ഭാര്യയുടെ നമ്പർ ബാങ്കിലുള്ള മറ്റൊരു സുഹൃത്ത് വഴി അവൾ സംഘടിപ്പിച്ചതായിരുന്നു. എപ്പോഴാണ് ആവശ്യം വരുന്നതെന്നറിയില്ലല്ലോ..
ഇങ്ങനെ കുറെയെണ്ണം…വീട്ടിലെത്തിയപ്പോൾ വിവേക് എത്തിയിട്ടുണ്ട്.അടുക്കളയിൽ നിന്നു നല്ല മണം. അമ്മ. തന്റെ അമ്മ.”ഈശ്വര അമ്മയിതെപ്പോ വന്നു?”
“തന്നേ വന്നതല്ല കുട്ടാ.. . നിന്റെ ഭർത്താവ് വന്നു കൊണ്ട് പോന്നതാ ” അവൾ അതിശയത്തോടെ വിവേകിനെ നോക്കി
തലേന്ന് അമ്മയെ സ്വപ്നം കണ്ടപ്പോൾ സങ്കടത്തോടെ പറഞ്ഞിരുന്നു അമ്മ കുറച്ചു ദിവസം ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന്… ദേ കൂട്ടി വന്നിരിക്കുന്നു.
“ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം നിയ് “അമ്മ പറഞ്ഞത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു
അവൾ മുറിയിലേക്ക് പോരുന്നു”കണ്ണ് നിറയ്ക്കണ്ടാട്ടോ എന്റെ സുന്ദരിക്കുട്ടി.. അത് നിറയാതിരിക്കാനല്ലേ നിന്റെ വിവേക് “അവൾ അവനെ കെട്ടിപ്പുണർന്നുഈ മനസ്സല്ലേ ഏറ്റവും വലിയ ഭാഗ്യം?പുണ്യം?