അമ്മ ഈ കാര്യത്തിൽ ഇടപെടേണ്ട… ഇത് ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ്…. ഇവളെ ഞാൻ വേണമെങ്കിൽ തല്ലും കൊല്ലും ആരും ചോദിക്കാൻ വരില്ല കാണണോ…? ”

(രചന: അംബിക ശിവശങ്കരൻ)

പതിവുപോലെ വീട്ടുജോലി എല്ലാം കഴിഞ്ഞ് സീരിയൽ കാണുന്ന നേരത്താണ് മകൻ അനീഷ് അംബികയുടെ മുന്നിലൂടെ കടന്നുപോയത്.

ആ വരവ് അത്ര പന്തിയായി തോന്നിയില്ലെങ്കിലും അവനെ ഒന്ന് സസൂക്ഷ്മം നോക്കിയശേഷം അവർ ടിവിയിലേക്ക് തന്നെ മിഴികൾ നട്ടിരുന്നു.

എന്നും അവൻ പണി കഴിഞ്ഞു വരാൻ നേരം അവർ അവിടെ തന്നെയാണ് സ്ഥാനം ഉറപ്പിക്കാറുള്ളത്. അമ്മയോട് എന്തെങ്കിലും കളി തമാശയും പറഞ്ഞാണ് നേരെ റൂമിലേക്ക് പോകാറ്.

മരുമകളായ വിജിഷ മറ്റു ജോലികൾ കഴിഞ്ഞാൽ പഠനവുമായി മുറിയിൽ ഒതുങ്ങി കൂടും. പിന്നെ അത്താഴം കഴിക്കാനാണ് മൂവരും ഒന്നു ചേരുക.

പതിവിലും വിപരീതമായുള്ള മകന്റെ പെരുമാറ്റം അവരുടെ മനസ്സിനെ തെല്ലൊന്നുലച്ചു. മുറിയിൽ കയറിയതും ഉയർന്നു തുടങ്ങിയ മകന്റെ ശബ്ദം ആദ്യം ഒന്നും അവർ കാര്യമാക്കിയില്ല.

ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന സൗന്ദര്യ പിണക്കം എന്ന നിലയിൽ മനപൂർവ്വം അങ്ങോട്ട് ചെവി കൊടുക്കാതിരുന്നു.

വീണ്ടും വീണ്ടും ഇത് ആവർത്തിച്ചപ്പോൾ അവർ അവിടെ നിന്ന് എഴുന്നേറ്റ് കതകിനോരത്തായി ചെന്നുനിന്നു.

” ഏതു നേരം നോക്കിയാലും അവളുടെ ഒരു പഠിപ്പ്…. നീയൊക്കെ പഠിച്ചിട്ട് എന്തോന്ന് മറിക്കാനാണെടി പുല്ലേ…

ഇന്നത്തോടെ നിർത്തിക്കോണം നിന്റെ ഈ പുസ്തകവും കെട്ടിപ്പിടിച്ചുകൊണ്ടുള്ള ഇരിപ്പ്… ഇല്ലെങ്കിൽ എന്റെ തനി സ്വഭാവം നീ അറിയും കേട്ടോടി നാ യിന്റെ മോളെ… ”

ഒരു നിമിഷം അവരുടെ നെഞ്ച് സ്തംഭിച്ചു പോകുന്നതുപോലെ തോന്നി.” ദൈവമേ… താൻ വളർത്തി വലുതാക്കിയ മകന്റെ വായിൽ നിന്നാണോ ഇത്തരം അന്തസ്സില്ലാത്ത വാക്കുകൾ കേൾക്കേണ്ടി വന്നത്?

കഷ്ടപ്പാടും ദുരിതവും അനുഭവിക്കേണ്ടി വന്നപ്പോഴും മക്കളെ നല്ലത് പറഞ്ഞു കൊടുത്തു മാത്രമേ വളർത്തിയിട്ടുള്ളൂ… സ്വബോധത്തോടെ അവൻ ഒരിക്കലും ഇങ്ങനെയൊന്നും പറയില്ല. അതുറപ്പാണ്.

കല്യാണം കഴിഞ്ഞ് അവളെ പഠിക്കാൻ നിർബന്ധിച്ചതും അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും അവനാണ്.

അച്ഛൻ ഇല്ലാതെ വളർന്ന കുട്ടിയാണ് വിജി. അവൾക്കൊരു കുറവും ഉണ്ടാകരുതെന്ന് നിർബന്ധം പിടിക്കാറുള്ള തന്റെ മകൻ തന്നെയാണോ ഈ നിലവിളി കൂട്ടുന്നത്?.

അകത്ത് വിജയുടെ കരച്ചിൽ ശക്തമായി കേൾക്കാൻ തുടങ്ങിയതോടെ അവർ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല വാതിൽ കൊട്ടി തുറന്നു.” എന്താടാ എന്താ ഇവിടെ??? കുറെ നേരമായല്ലോ തുടങ്ങിയിട്ട്?? ”

അവളുടെ മുടിക്കു ത്തിന്പിടിച്ച് ചുമരോട് ചേർത്ത് നിർത്തിയ തന്റെ മകനെ ശക്തിയോടെ പിടിച്ചു മാറ്റിയിട്ട് അവർ കലിതുള്ളി.

” അമ്മ ഈ കാര്യത്തിൽ ഇടപെടേണ്ട… ഇത് ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ്…. ഇവളെ ഞാൻ വേണമെങ്കിൽ തല്ലും കൊല്ലും ആരും ചോദിക്കാൻ വരില്ല കാണണോ…? ”

കുഴയുന്ന വാക്കുകളോടെ പേടിച്ചരണ്ടു നിൽക്കുന്ന വിജിയുടെ നേർക്ക് അവന്റെ കൈ ഉയർന്നതും സകല നിയന്ത്രണവും വിട്ടവർ അവന്റെ കരണം നോക്കി ആഞ്ഞടിച്ചു.

അടിയുടെ ശക്തിയിൽ നിലത്തുറയ്ക്കാത്ത കാലുകൾ തെന്നി അവൻ കട്ടിലിലേക്ക് മറിഞ്ഞു.

” ഇനി പൊങ്ങുമോടാ അവൾക്ക് നേരെ നിന്റെ കൈയ്യ്… ഇനി മേലാൽ ഇതാവർത്തിച്ചാൽ മകനാണെന്ന പരിഗണന ഞാൻ തരില്ല വെട്ടി നുറുക്കി പട്ടിക്ക് കൊടുക്കും ഞാൻ.. ”

കലിയടങ്ങാതെ വീണ്ടും അവന്റെ നേർക്കെടുത്ത അവരെ വിജി കരഞ്ഞുകൊണ്ട് തടുത്തു. അപ്പോഴേക്കും അവൻ അവശനായിരുന്നു.

” നീ എന്താ പറഞ്ഞത് ഇത് നിന്റെ ഭാര്യയാണ് എന്നോട് ചോദിക്കാൻ വരേണ്ട എന്നല്ലേ??? നിന്റെ ഭാര്യ എന്റെ ആരാണെടാ… എടാ പറയാൻ… ”

ഷർട്ടിൽ പിടിച്ചുലച്ച് അവർ അലറിയതും മുഖംകുനിച്ചവൻ തെറ്റ് സമ്മതിക്കും വിധത്തിൽ ഇരുന്നു.

പിന്നീട് അവർ ഒന്നും തന്നെ ശബ്ദിക്കാതെ ആ മുറിവിട്ട് ഇറങ്ങി.പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് കഴിഞ്ഞദിവസം സംഭവിച്ചത് ഓർത്ത് അവന് കുറ്റബോധം തോന്നിയത്.

” വിജി ചായ… ”പതിവ് ചായ കിട്ടാതിരുന്നതിനാൽ അടുക്കളയിൽ ചെന്നാണ് ചോദിച്ചത്. അമ്മയും അവളും പതിവ് ജോലിയിൽ മുഴുകിയിരിക്കുന്നു. ആരും തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് മനസ്സിലായതോടെ അവൻ ആവർത്തിച്ചു.

” വിജി ചായ.. ”ഇക്കുറി കേൾക്കാതിരിക്കാൻ കഴിയാത്ത മട്ടിൽ അവൾ ചായ എടുക്കാൻ തുനിഞ്ഞതും അവർ തടുത്തു.

” പച്ചവെള്ളം നീയിനി അവനു എടുത്ത് കൊടുത്തേക്കരുത്… നീയാര് അവന്റെ അടിമയാണോ… അവന് തോന്നുമ്പോൾ തല്ലി ചതക്കാനും വിശക്കുമ്പോൾ വെച്ചു വിളമ്പാനും ഞാൻ അറവുശാലയിൽ നിന്നല്ല നിന്നെ വാങ്ങിക്കൊണ്ടുവന്നത്.

ഇവനും ഇല്ലേ ഒരു പെങ്ങൾ അവളെ അവളുടെ കെട്ടിയോൻ കുടിച്ചു വന്ന തല്ലി ചതിച്ചാൽ ഇവൻ നോക്കി നിൽക്കുമോ….?

അച്ഛനും ആങ്ങളയും ഇല്ലെന്ന് കരുതി ഇനി ഇവളുടെ മേലെ നിന്റെ കൈ ഉയർന്നാൽ അനീഷേ…….

ഇവളെ ഞാൻ ഒരിക്കലും എന്റെ മരുമകളായല്ലാ കണ്ടത്. രണ്ട് പെൺമക്കളായി മാത്രമേ ഇവളെയും നിന്റെ പെങ്ങളെയും ഞാൻ കണ്ടിട്ടുള്ളൂ.. അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോടാ… ”

അമ്മയുടെ തീവ്രമായ വാക്കുകൾ അവനെ ചുട്ടെരിക്കുന്നത് പോലെ തോന്നി.” അമ്മയും വിജിയും എന്നോട് ക്ഷമിക്കണം.ഇന്നലെ സുഹൃത്തുക്കൾ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ അല്പം കുടിക്കാൻ തീരുമാനിച്ചത്.പക്ഷേ എല്ലാം എന്റെ കൈയിൽനിന്ന് പോയി. ഇനിയൊരിക്കലും ഞാൻ ആവർത്തിക്കില്ല മാപ്പ്. ”

തന്റെ ഭർത്താവിന്റെ ദയനീയ ഭാവം കണ്ട് അവളുടെ മനസ്സലിഞ്ഞെങ്കിലും അവർ തെല്ലൊരു അയവും പ്രകടമാക്കിയില്ല.

” മിണ്ടരുത് നീ… മരിക്കുവോളം നിന്റെ അച്ഛന്റെ മദ്യപാനം കൊണ്ട് സമാധാനം കിട്ടാതെ ജീവിച്ചവളാണ് ഞാൻ.

നീയും കുറെ അനുഭവിച്ചതല്ലേ ചെറുപ്പത്തിൽ??? ഭാര്യ ആയിട്ടല്ല ഒരു അടിമ ആയിട്ടാണ് ഞാൻ അങ്ങേരുടെ കൂടെ ജീവിച്ചു തീർത്തത് അത്രയും.

മദ്യത്തിന്റെ മണം അറിയുമ്പോഴൊക്കെയും നിന്റെ അച്ഛനോടൊപ്പം ഉള്ള നരകതുല്യമായ ജീവിതമാണ് എനിക്ക് ഓർമ്മ വരാറ്. ഇന്നലെ നിന്റെ അടുത്ത് വന്നപ്പോഴും എനിക്ക് അതാണ് ഓർമ്മ വന്നത്.

എന്റെ സ്ഥാനത്ത് ഇന്നലെ ഞാൻ ഈ പാവത്തെ കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. ലോകത്ത് ഒരു പെണ്ണിനും ഞാൻ അനുഭവിച്ചത് പോലൊരു ഗതി വരുത്തരുതെന്ന് പ്രാർത്ഥിക്കുന്നവളാ ഞാൻ.

അപ്പോൾ എന്റെ മകൻ തന്നെ എന്റെ കൺമുന്നിൽ ഇത്തരം പ്രവർത്തി കാണിക്കുന്നത് ഞാൻ എങ്ങനെയാണെടാ ക്ഷമിക്കുന്നത്?? ”

പറയാനുള്ളത് മുഴുവൻ പറഞ്ഞു കഴിഞ്ഞതും അവരുടെ കണ്ണുകളിൽ നിന്നും കണ്ണീർത്തുള്ളികൾ ഇറ്റു വീഴാൻ തുടങ്ങി.

കണ്ടുനിന്ന വിജയുടെയും കണ്ണ് നിറഞ്ഞൊഴുകി. അച്ഛനെ നഷ്ടമായപ്പോൾ ദൈവത്തോട് ഒരുപാട് വെറുപ്പ് തോന്നിയതാണ്. പക്ഷേ ആ ദൈവത്തോട് തന്നെ ഇന്ന് ഒരുപാട് നന്ദി പറയുകയാണ് ഇങ്ങനെയൊരു അമ്മയെ തന്നതിന്.

മകൻ തെറ്റ് ചെയ്താൽ മരുമകളെ പഴിക്കുന്ന ഇക്കാലത്ത് മകന്റെ തെറ്റുകൾക്ക് മകനെ ശിക്ഷിച്ചു മരുമകളെ സ്വന്തം മകളായി ചേർത്തുനിർത്തുന്ന ഒരു അമ്മ.

അപ്പോഴും അവന്റെ മനസ് അശാന്തമായിരുന്നു.” കുഞ്ഞായിരുന്നെങ്കിലും അച്ഛൻ അമ്മയെ ഉപദ്രവിക്കാറുള്ളത് ഒരുപാട് കണ്ടിട്ടുള്ളതാണ് താൻ… അമ്മയുടെ കണ്ണുനീർ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.

ഒരിക്കൽ തന്നെയും ചേച്ചിയെയും വീട്ടിൽ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അമ്മയെ ആരെല്ലാമോ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആ അമ്മയെയാണ് താൻ വീണ്ടും കരയിച്ചത്. ഒരിക്കലും തനിക്ക് അതിനു മാപ്പില്ല. പാവം വിജിയോടും താൻ ചെയ്തത് പാപം തന്നെ. ”

മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിലെ സങ്കടക്കടൽ അറിയാതെ അണപൊട്ടിയൊഴുകിയതും അവൻ അവരുടെ കാൽക്കൽ വീണു.

തന്റെ മകൻ ഒരു കുഞ്ഞു കുട്ടിയെ പോലെ തേങ്ങി കരയുന്ന ദൃശ്യം ആ അമ്മയുടെ മനസ്സലിയിച്ചു. അവനെ വാരിപ്പുണർന്നവർ ആശ്വസിപ്പിച്ചു.

ഇനിയൊരിക്കലും മദ്യപിക്കില്ലെന്നതിനുറപ്പായി ഈ കണ്ണുനീർ തന്നെ ധാരാളം എന്ന് അവർക്കറിയാമായിരുന്നു.

മാറിനിന്ന വിജയേയും ചേർത്തുപിടിച്ച് കൊണ്ട് രണ്ടാളുടെയും കവിളിൽ മാറിമാറി അവർ ചുംബിച്ചു. ഇടം കൈകൊണ്ട് അവളെയും വലം കൈകൊണ്ട് അമ്മയെയും അവൻ മുറുകെ പിടിച്ചു. ഒരു സ്നേഹ വലയം എന്നപോലെ.

Leave a Reply

Your email address will not be published. Required fields are marked *