കലികാലം
(രചന: J. K)
“രമണീ ഇന്നെന്താടീ നീ പണിക്ക് പോകുന്നില്ലേ?””” അയൽവക്കത്തെ കാർത്യായനിയാണ്.. തൊഴിലുറപ്പിൽ ഉണ്ട് രമണിയും കാർത്യായനിയും..
അവൾക്ക് പനിയാണ് അതുകൊണ്ട് രണ്ടു ദിവസമായി അവൾ ജോലിക്ക് പോയിട്ട്…
ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു…
“” ഒട്ടും വയ്യടി ഇന്ന് എണീറ്റത് മുതൽ തലപൊങ്ങുന്നില്ല.. “”കാർത്യായനിയോട് പറഞ്ഞു…
“” എന്നാ പനി വരാൻ പോകുവായിരിക്കും എനിക്കും ആദ്യം ഇങ്ങനെയൊക്കെ തന്നെയായിരുന്നു.. പിന്നെ കയ്യും കാലും ഇളക്കാൻ പോലും പറ്റില്ല അത്രയ്ക്ക് വേദന.. മിനിഞ്ഞാന്ന് ഡോക്ടറെ കാണിച്ചതാ ഒരു ഭേദവുമില്ല ഇപ്പോൾ പിന്നെയും പോകുവാ..””
അതും പറഞ്ഞ് കാർത്യായനി മെല്ലെ നടന്നു അവളുടെ മകളുടെ കുട്ടിയും കൂടെയുണ്ട്…
ഇത്തിരി നേരം അത് നോക്കി നിന്ന് പയ്യെ അകത്തേക്ക് ചെന്നു രമണി..
രാഘവൻ ചേട്ടൻ ഇപ്പോഴും എണീറ്റിട്ടില്ല ഇന്നലെ രണ്ടുപേരുംകൂടി ഉറക്കം വന്നപ്പോൾ കിടന്നതാണ്… രാവിലെ എണീക്കാൻ കൂടി തോന്നാത്ത വിധം ക്ഷീണം..
അതെങ്ങനാ കൊറോണ, ഡെങ്കി, നിപ്പ അങ്ങനെ ഓരോന്നല്ലേ നാട്ടിൽ പിന്നെ എങ്ങനെ ആളുകൾക്ക് വയ്യാണ്ട് ആവാതിരിക്കാ…
സ്വയം ഒന്നു പറഞ്ഞു ഭർത്താവിനെ വിളിച്ചു അവർ..
എണീറ്റതും അയാൾ ചോദിച്ചിരുന്നു എടി പശുവിനെ അഴിച്ചു കെട്ടണ്ടേ എന്ന്..“” അത് ഞാൻ കെട്ടി നിങ്ങൾ കിടക്കുന്നത് കണ്ടപ്പോൾ വിളിക്കേണ്ട എന്ന് കരുതി ഞാൻ തന്നെ ചെയ്തു… “”
എന്നുപറഞ്ഞത് കേട്ട് സമാധാനിച്ചു അയാൾ മെല്ലെ എണീറ്റു..“” വിദ്യ മോളോ?? “” അവള് കൊച്ചിനെയും കൊണ്ട് അംഗനവാടിയിൽ പോയതാ എന്ന് പറഞ്ഞു രമണി…
ക്ഷീണം എന്ന് പറഞ്ഞിരുന്നാൽ വീട്ടിലെ ജോലി ഒന്നും മറ്റാരും വന്നു ചെയ്യില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് മെല്ലെ ഓരോന്നായി ചെയ്തു തുടങ്ങി..
അപ്പോഴേക്കും കൊച്ചിനെയും അംഗനവാടിയിൽ ആക്കി മകളും എത്തിയിരുന്നു അവളും ഓരോന്ന് ചെയ്യാൻ സഹായിച്ചു..
ഈ പറഞ്ഞ ക്ഷീണവും വയ്യായ്മയും ഒക്കെ അവർക്ക് സ്ഥിരം തോന്നാൻ തുടങ്ങി.. എന്നാൽ പ്രത്യേകിച്ച് ഒരു അസുഖം ഒന്നും അല്ല താനും.. രാത്രിയായാൽ തീരെ ക്ഷീണം എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്ന് തോന്നും..
അല്ലെങ്കിൽ ടിവിയിലെ എല്ലാ സീരിയലും കാണുന്നതാണ് രമണി ഇപ്പോൾ ഒന്നും കാണാൻ പോയിട്ട് ഒന്ന് നേരെ ചൊവ്വേ ഇരിക്കാൻ പോലും വയ്യ… അപ്പോഴേക്കും തുടങ്ങും കോട്ടു വാ ഇടാനും ഉറക്കം വരാനും….
സന്ധ്യ മയങ്ങുമ്പോഴേക്കും, വിദ്യ മകൾക്ക് ചോറ് എടുത്തുകൊടുത്ത് അവളും അപ്പോൾ തന്നെ കഴിക്കും പിന്നെ ഭക്ഷണം കഴിക്കാൻ ഉണ്ടാവുക രമണിയും രാഘവനും മാത്രമാണ്…
അവർ ഒരിത്തിരി താമസിച്ചാണ് ഭക്ഷണം കഴിക്കാറ്.. ഇന്ന് വിദ്യയുടെ ചോറുണ്ണുന്നത് കഴിഞ്ഞ്, അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ എന്തോ കാര്യത്തിന് രമണി പുറകെ അടുക്കളയിൽ എത്തി. അപ്പോഴാണ് കറിയിൽ അവൾ എന്തോ ചേർക്കുന്നത് കണ്ടത്..
അത് കണ്ട് രമണിക്ക് എന്തോ സംശയം? അവൾ കണ്ടഭാവം നടച്ചില്ല..അന്ന് രാത്രി രാഘവൻ ചോറുണ്ണാൻ വന്നപ്പോൾ ആ കറി എടുക്കേണ്ട എന്ന് അവർ പ്രത്യേകിച്ച് പറഞ്ഞിരുന്നു..
എന്താടി എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞ് രണ്ടുപേരും മോരും പിന്നെയുള്ള സാധനങ്ങൾ എല്ലാം കൂട്ടി ചോറുണ്ടു…
കിടക്കാൻ നേരം വിദ്യയുടെ മുറിയിലേക്ക് ഒന്നു നോക്കി അവളും കുട്ടിയും നേരത്തെ തന്നെ കിടന്നിട്ടുണ്ട്…
രമണി ഭർത്താവിന്റെ അടുത്ത് ചെന്ന് അവൾ കണ്ട കാര്യം പറഞ്ഞു രാഘവൻ അവളോട് ദേഷ്യപ്പെട്ടു..
നിന്റെ ഓരോ തോന്നലാണ് എന്ന് പറഞ്ഞു…
പക്ഷേ ഇന്ന് സാധാരണത്തെ പോലെ ക്ഷീണമോ ഉറക്കം വരലോ ഒന്നും ഇല്ല താനും…
അതുകൊണ്ടുതന്നെ രാഘവനും മനസ്സിൽ എന്തോ ഒരു സംശയം കിടന്നു.. പക്ഷേ അയാൾ രമണിയോട് ഒന്നും തുറന്നു പറഞ്ഞില്ല..
നേരം പാതിരാ ആയപ്പോൾ എന്തോ ശബ്ദം കേട്ടാണ് രമണി ഉണർന്നത് മെല്ലെ രാഘവനെ വിളിച്ചു..
അപ്പുറത്തെ മുറിയിൽ എന്തോ ശബ്ദം.. അവിടെ അനങ്ങുന്നതായി അവർക്ക് തോന്നി…
പോയി നിന്നപ്പോഴാണ് മനസ്സിലായത് മകളുടെ മുറിയിൽ നിന്നാണ് സംസാരം എന്ന്…
“””ആരോടും അവൾക്ക് പേടിയാണ് എന്ന് പറയുന്നുണ്ട്…” അതിന് മറുപടിയായി ഒരു പുരുഷ ശബ്ദം… ഞാൻ തന്ന പൊടി നീ കറിയിൽ ചേർത്ത് അവർക്ക് കൊടുത്തില്ലേ ഇനി പേടിക്കാനില്ല രണ്ടുപേരും ബോധംകെട്ട് ഉറങ്ങിക്കോളും..എന്ന്,
അത് കേട്ട് അവർ ഞെട്ടിപ്പോയി..മകളുടെ കല്യാണം കഴിഞ്ഞ് അധിക നാൾ ഒന്നും അവൾ ഭർത്താവുമൊത്ത് താമസിച്ചിട്ടില്ല അവളുടെ കുഞ്ഞിന് വയറ്റിൽ വെറും ആറുമാസം പ്രായമായപ്പോൾ അവിടെ നിന്നും തെറ്റി പോന്നതാണ്..
കുഞ്ഞ് ജനിക്കുന്നതിനു മുമ്പും ജനിച്ചതിനു ശേഷവും കുറെ അവരെ തമ്മിൽ പറഞ്ഞു ഒന്നിപ്പിക്കാൻ ശ്രമിച്ചതാണ് എല്ലാവരും പക്ഷേ അമ്പിനും വില്ലിനും അടുത്തില്ല വിദ്യ…
എങ്കിൽ പിന്നെ അവളുടെ ഇഷ്ടപ്രകാരം എന്താ എന്നുവച്ചാൽ ചെയ്തോട്ടെ.. പോകുന്നേൽ സ്വയം തോന്നി പോയിക്കോട്ടെ എന്ന് കരുതി ആ കാര്യം വിട്ടുകളഞ്ഞതാണ്…
പക്ഷേ ഇപ്പോൾ… ഈ അനുഭവം ഉണ്ടായപ്പോൾ അവർക്ക് മനസ്സിലായിരുന്നു അവൾ എന്തുകൊണ്ടാണ് അങ്ങോട്ട് പോകാൻ കൂട്ടാക്കാതിരുന്നത് എന്ന്…
രാഘവൻ വേഗം വാതിലിൽ മുട്ടി…
ഉള്ളിൽ കനത്ത നിശബ്ദത പിന്നെയും മുട്ടിയപ്പോൾ വാതിൽ തുറന്നു…
അവളുടെ ഭർത്താവിന്റെ വീടിന്റെ കുറച്ച് അപ്പുറത്തുള്ള ഒരു ഓട്ടോക്കാരൻ പയ്യനായിരുന്നു അത്…
നന്നായി പെരുമാറി തന്നെയാണ് രാഘവൻ അയാളെ വിട്ടത്.. അയാളെ മാത്രം ദേഹോപദ്രവം ഏൽപ്പിച്ചത് കൊണ്ടായില്ലല്ലോ സ്വന്തം മകളും തുല്യ തെറ്റുകാരിയാണ്..
അവളോട് തന്നെ ചോദിച്ച് എല്ലാം മനസ്സിലാക്കി അവളുടെ കല്യാണം കഴിഞ്ഞതിനു ശേഷം ആണത്രേ ഈ പയ്യനെ പരിചയപ്പെടുന്നത്.. ഓട്ടോ ആവശ്യത്തിനുവേണ്ടി അയാളുടെ നമ്പർ മേടിച്ചു.. പതിയെ അവര് തമ്മിൽ വിളികളായി..
അത് ഈ അവസ്ഥ വരെ എത്തി..
ആ പയ്യന് ഭാര്യയും കുട്ടിയും ഒക്കെ ഉണ്ട്.. എന്നിട്ടും ഇവൾ അവന്റെ വാക്കും കേട്ട് സ്വന്തം ഭർത്താവിനെയും ഉപേക്ഷിച്ച് ഇവിടെ വന്ന് നിൽക്കുകയാണ്…
അവൻ പറഞ്ഞിട്ടാണത്രേ ഉറക്കഗുളിക പൊടിച്ചത് കറിയിൽ ഇട്ടു തന്നിരുന്നത്.. എല്ലാം കേട്ട് രാഘവൻ ആകെ വല്ലാതായി സ്വന്തം മകള് ഇത്തരത്തിൽ ഒക്കെ ചെയ്യും എന്ന് അയാൾക്ക് വിശ്വസിക്കാൻ കൂടെ പറ്റുന്നുണ്ടായിരുന്നില്ല..
നല്ല കണക്കിന് മകളെ പെരുമാറി…
പിറ്റേദിവസം തന്നെ ഭർത്താവിന്റെ വീട്ടിലേക്ക് പൊയ്ക്കോളണം എന്ന് ഒരു താക്കീതും കൊടുത്തു.. അവിടെ നിന്നും പോന്നാൽ മേലാൽ ഈ പടി കയറരുത് എന്നും…
ഇനി അയാളോട് എന്തെങ്കിലും തെറ്റ് നീ ചെയ്തു എന്ന് അറിഞ്ഞാൽ നിന്നെ പിന്നെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം എന്നൊരു താക്കീതും..
അവൾ പൊയ്ക്കോളാം ഇനി അവളുടെ ഭാഗത്തുനിന്ന് തെറ്റൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞ് കുറേ കരഞ്ഞു…ആ പയ്യന്റെ വാക്കിൽ വീണു പോയതാണത്രെ…
“” എടീ നമ്മൾ വിചാരിച്ചാൽ ആർക്കും എന്തു പറഞ്ഞു നമ്മളെ വീഴ്ത്താൻ പറ്റില്ല അതിന് നിന്നു കൊടുത്താൽ മാത്രം തന്നെയെ പറ്റൂ “”എന്നുപറഞ്ഞു രാഘവൻ…
ഇനി ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് അവൾ ഉറപ്പു കൊടുത്തപ്പോൾ മെല്ലെ മുറിയിലേക്ക് പോയി…
”’ എന്താടി ഇപ്പോഴത്തെ പിള്ളേരെല്ലാം ഇങ്ങനെ തലതിരിഞ്ഞു പോയേ?? ” എന്നയാൾ ഭാര്യയോട് ചോദിച്ചു..
“” അതുകൊണ്ടല്ലേ ഇത് കലികാലം എന്ന് പറയുന്നത് എന്നായിരുന്നു ഭാര്യയുടെ മറുപടി…