ഈ മഴയിൽ
(രചന: ശ്യാം കല്ലുകുഴിയിൽ)
“അതേ ഞാൻ ഇന്ന് രാത്രി വരട്ടെ, അടുക്കള വാതിൽ കുറ്റിയിടേണ്ട….”തന്റെ ചെയറിന്റെ അടുക്കൽ ചേർന്ന് നിന്ന് തന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ച് അഫ്സൽ അത് പറയാമ്പോൾ, ദേഷ്യം കൊണ്ട് ഗൗരിയുടെ ശരീരമൊന്നാകെ വിറച്ചു….
” വെറുതെയല്ല കെട്ടിയോനെ ചവിട്ടി പുറത്താക്കിയെ, ഇനിയിപ്പോ ആ ഒന്നര കാലനെ മാത്രേ പറ്റുള്ളോ, നമ്മളും സ്ട്രോങ്ങാണ് കേട്ടോ….. ”
ദേഷ്യം കൊണ്ട് കയ്യിൽ ഇരുന്ന പേനയിൽ മുറുക്കി പിടിച്ചിരുന്ന ഗൗരിയോട് അഫ്സൽ അതുകൂടി പറഞ്ഞു തീരും മുന്നേ തന്നെ, അവളുടെ കയ്യിൽ ഇരുന്ന പേന അഫ്സലിന്റെ തുടയിലേക്ക് കുത്തി കയറിയിരുന്നു…..” ആ…. ഉമ്മാ….. ”
തുടയിൽ കുത്തി കയറിയ പേന പുറത്തേക്ക് വലിച്ചെടുത്തുകൊണ്ട് അഫ്സൽ നിലവിളിക്കുമ്പോൾ ഓഫീസിൽ ഉണ്ടായിരുന്ന ബാക്കി സ്റ്റാഫ് എല്ലാവരും അവന്റെ അരികിലേക്ക് ഓടിയെത്തി,
അപ്പോഴും ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശരീരവുമായി ഗൗരി തല കുമ്പിട്ടിരുന്നതേയുള്ളൂ…..” എടി അഹങ്കാരി നീയെയെന്നെ കുത്തിയല്ലേ …..
അഫ്സൽ അലറിക്കൊണ്ട് വീണ്ടും ഗൗരിയുടെ അടുക്കലേക്ക് നീങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്നവർ അഫ്സലിനെ പിടിച്ചു നിർത്തുകയായിരുന്നു.
ഓരോരുത്തരും ഓരോന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കുന്നിതിനിടയ്ക്കും ഗൗരിയെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു….
ഹരിത വന്ന് ഗൗരിയുടെ അരികിൽ ചേർന്ന് നിൽക്കുമ്പോഴേക്കും കസേരയിൽ ഇരുന്ന് കൊണ്ടുതന്നെ ഗൗരി ഹരിതയുടെ വയറിന് വട്ടം പിടിച്ചു കഴിഞ്ഞിരുന്നു.
അതുവരെ അടക്കി വച്ചിരുന്ന ദേഷ്യവും വിഷമവും എല്ലാം കണ്ണീരായി പൊട്ടിയൊഴുക്കാൻ അധികസമയം വേണ്ടി വന്നില്ല ഗൗരിക്ക്…..
തന്നിലേക്ക് ചേർന്നിരുന്നു കരയുന്ന ഗൗരിയുടെ മുടിയിൽ തഴുകി ഹരിത അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കുറെ നേരം നിന്നു, മനസിനൊരു ആശ്വാസം ആകുന്നത് വരെ അവൾ കരയട്ടെയെന്ന് ഹരിതയും കരുതി….
എല്ലാമൊന്ന് അടങ്ങി കഴിഞ്ഞാണ് മധു എല്ലാവർക്കും ചായയുമായി മുടന്തി മുടന്തി വന്നത്…
” സാർ,, ചായ…… ” ഒരു ഗ്ലാസ് ചായ അഫ്സലിന്റെ നേർക്ക് നീട്ടിക്കൊണ്ടാണ് മധു അത് പറഞ്ഞത്….” അവന്റെയൊരു ചായ,,, ”
അത് പറഞ്ഞ് തന്റെ നേർക്ക് നീട്ടി വച്ചേക്കുന്ന ചായ അഫ്സൽ തട്ടി തെറിപ്പിച്ചതും, നെഞ്ചിൽ പിടിച്ച് മധുവിനെ പിന്നിലേക്ക് തള്ളിയതും ഒരേ നിമിഷം ആയിരുന്നു.
കാൽ ഉറയ്ക്കാതെ പിന്നിലേക്ക് മറിഞ്ഞ് മധു വീഴുകയും, ഗ്ലാസുകൾ നിലത്തേക്ക് വീണ് പൊട്ടുകയും ചെയ്തു ….
തറയിൽ കിടക്കുന്ന മധുവിന്റെ നേർക്ക് അലറിക്കൊണ്ട് അഫ്സൽ നീങ്ങിയതും ബലിഷ്ടമായ കൈകൾ അഫ്സലിന്റെ കവിളിൽ പതിഞ്ഞതും പെട്ടെന്നായിരുന്നു.
പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ കവിളും തടവി അഫ്സലിന് ഭിത്തിയും ചാരി നിന്നു …..
” അതേ എല്ലാത്തിനോടും കൂടി പറയുകയാണ്, നിന്റെയൊക്കെ വീട്ടിൽ കാണിക്കുന്ന സ്വഭാവവും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്, മര്യാദക്ക് ജോലി എടുക്കാൻ പറ്റുമെങ്കിൽ നിന്നാൽ മതി അല്ലേ നിർത്തി പൊയ്ക്കോളണം….. ”
എല്ലാവരോടുമായി ഉച്ചത്തിൽ അതും പറഞ്ഞ് മാനേജർ ക്യാബിനിലേക്ക് കയറി പോകുമ്പോൾ ആരൊക്കെയോ മധുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചിരുന്നു.
ആരോടും ഒന്നും മിണ്ടാതെ അയാൾ പൊട്ടിയ ഗ്ലാസ് ചില്ലുകൾ പെറുക്കിയെടുത്ത്, തറ മൊത്തം തുടച്ചു വൃത്തിയാക്കുന്നത് വരെ മധു തല ഉയർത്തി ആരെയും നോക്കിയിരുന്നില്ല….
” അതേ താൻ ഉച്ച കഴിഞ്ഞ് ലീവ് എടുക്ക് ഞാനും എടുക്കാം നമുക്ക് കുറച്ച് നേരം ഒന്ന് മാറി നിൽക്കാം തനിക്കും അതൊരു ആശ്വാസം ആകും….. ”
ഗൗരിയുടെ തോളിൽ തട്ടി ഹരിത അത് പറയുമ്പോൾ അവൾ സമ്മതത്തോടെ തല കുലുക്കിയതേയുള്ളു…..
പിന്നെയുള്ള രണ്ടുദിവസം മധു വരാതെ ഇരുന്നപ്പോഴാണ് അയാളുടെ വീട്ടിൽ പോയി നോക്കാം എന്ന് ഗൗരി കരുതിയത് ഒപ്പം ഹരിതയേയും കൂട്ടിയിരുന്നു…
മധുവിന്റെ വീടിനടുത്തുള്ള കവലവരെയുള്ള വഴിയേ ഗൗരിക്ക് അറിയുള്ളു, പിന്നെ വീട്ടിലേക്കുള്ള വഴി നാട്ടുകാരോട് തിരക്കിയാണ് ഗൗരിയും ഹരിതയും പോയത്….
അവരുടെ സ്കൂട്ടർ ചെന്ന് നിന്നത് ഓട് മേഞ്ഞ ഒരു പഴയ വീടിന്റെ മുന്നിലാണ്, സ്കൂട്ടറിന്റെ ശബ്ദം കേട്ട് പുറത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന രണ്ട് കുഞ്ഞുങ്ങൾ ഓടി ഉമ്മറത്തേക്ക് കയറി വരുന്നവരെയും നോക്കി നിന്നു….
സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട് ഇറങ്ങുമ്പോഴേക്കും വീടിന്റെ പിന്നിൽ നിന്ന്, അങ്ങിങ്ങായി അഴുക്ക് പിടിച്ച ഒരു നരച്ച നൈറ്റി ധരിച്ച സ്ത്രീ ഉമ്മറത്തേക്ക് വന്നു ….” മധുവിന്റെ വീട്…… ” ഗൗരിയാണ് അവരോട് ചോദിച്ചത്….
” ഉള്ളിൽ ഉണ്ട് കിടക്കുക ആകും നിങ്ങൾ കയറി ഇരിക്ക്….” അത് പറഞ്ഞ് ആ സ്ത്രീ വീടിന്റെ ഉള്ളിലേക്ക് കയറി പോകുമ്പോൾ ഗൗരിയും ഹരിതയും മുറ്റത്ത് തന്നെ നിന്നു…..
” ആ മാഡം ആയിരുന്നോ കയറി ഇരിക്ക്…. ” മധു അവരെ വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ ചിരിച്ചുകൊണ്ട് ഗൗരിയും ഹരിതയും ഉമ്മറത്തേക്ക് കയറി….
” എടി ഇത് ഓഫീസിൽ ഉള്ളതാ… നീ കുടിക്കാൻ എന്തേലും എടുക്ക്…. ”അവരെ പരിചയപ്പെടുത്തി മധു ഭാര്യയോട് അത് പറയുമ്പോൾ, അവരുടെ മുഖം മാറുന്നത് ഗൗരി ശ്രദ്ധിച്ചിരുന്നു….
” അയ്യോ കുടിക്കാൻ ഒന്നും വേണ്ട….. ” ഗൗരി വിനയത്തോടെ അത് പറയുമ്പോൾ ആ മുഖത്ത് ഒരു ആശ്വാസം വിരിയുന്നതും ഗൗരി കണ്ടിരുന്നു…..
” എന്താ മധു ഓഫീസിൽ വരാതെ…. ” ഹരിതയാണ് അത് ചോദിച്ചത്…. അതിന് മധു ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു….
” അങ്ങനെ ചോദിക്ക് മാഡം, ഞാൻ ചോദിച്ചിട്ട് ഇങ്ങേര് ഒന്നും പറയുന്നില്ല, ഇവിടെ ആണേൽ ഇങ്ങേരുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത് തന്നെ….. ”
അവർ അത് പറയുമ്പോൾ മധു ഭാര്യയെ തിരിഞ്ഞു നോക്കി, ആ നോട്ടത്തോടെ അവർ വായ് അടയ്ക്കുകയും ചെയ്തു….
” വേണ്ട മാഡം ഞാൻ ഇനിയും വരുമ്പോൾ അവർ ഓരോന്ന്…. വെറുതെ മാഡത്തിനും ബുദ്ധിമുട്ട്,” അയാൾ പാതി മുറിഞ്ഞ വാക്കുകളിലൂടെ പറഞ്ഞു നിർത്തുമ്പോൾ അവരുടെ ഇടയിൽ കുറച്ച് നേരം മൗനം ഉടലെടുത്തു…
” ഇങ്ങനെ ഒളിച്ചിരിക്കുമ്പോൾ ആണ് മധു അവർ ജയിക്കുന്നത്, കളിയാക്കുന്നവരുടെ മുന്നിൽ ചിരിച്ച് നിന്ന് ജീവിച്ചു കാണിക്കുകയാണ് വേണ്ടത്….. ”ഹരിത അത് പറയുമ്പോഴും മധു ഒന്നും മിണ്ടിയിരുന്നില്ല…..
” എല്ലാം ഞാൻ കാരണമാണ്, മോൾ പനി പിടിച്ച് ആശുപത്രിയിൽ ആയത് കൊണ്ടാണ് എനിക്ക് ഒരാഴ്ച്ച ലീവ് എടുക്കേണ്ടി വന്നതും, പെന്റിങ്ങായ ജോലികൾ തീർക്കാൻ വൈകുന്നേരം കുറച്ച് സമയം കൂടി ഓഫീസിൽ ഇരിക്കേണ്ടി വന്നതും…..
എനിക്ക് വേണ്ടിയാണ് മധു അവിടെ വെയിറ്റ് ചെയ്ത്, രാത്രി ബസ്സ് കുറവ് ആയത് കൊണ്ട് ഇവിടെ കവലവരെ കൊണ്ട് വിടാം എന്ന് ഞാൻ നിർബന്ധിച്ചിട്ടാണ് മധു എനിക്കൊപ്പം സ്കൂട്ടറിൽ കയറിയതും…
അതൊന്നും ഇങ്ങനെ വന്ന് അവസാനിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല…. ”
മധുവിന്റെ ഭാര്യയ്ക്ക് അരികിൽ ചെന്ന് നിന്ന് അവരുടെ കൈകൾ പിടിച്ചു കൊണ്ടാണ് ഗൗരി അത് പറഞ്ഞത്…..
” എനിക്ക് എല്ലാം അറിയാം മാഡം, എന്നും കിടക്കും മുൻപ് ഇങ്ങേര് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ടാകും, കഴിഞ്ഞ ദിവസം പിടിച്ചു തള്ളി വീണത് വരെ എന്നോട് പറഞ്ഞിട്ടുണ്ട്…..
നിങ്ങളെപ്പോലെ ഉള്ളവരുടെ മുന്നിൽ തല കുമ്പിട്ട് നിന്നാലേ മാഡം ഞങ്ങളെ പോലെയുള്ളവർക്ക് ജീവിക്കാൻ പറ്റുള്ളൂ,
അല്ലേ ഒരു തെറ്റും ചെയ്യാത്ത ഇങ്ങേർക്ക് വേണ്ടി ഈ പറയുന്ന നിങ്ങൾ പോലും മറുത്ത് ഒരു വാക്ക് പറഞ്ഞില്ലല്ലോ ….. ”
അത് പറഞ്ഞു കഴിയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു, ഒഴുകി വന്ന കണ്ണുനീർ അവർ കൈകൾ കൊണ്ട് തുടയ്ക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ ഗൗരിയും ഹരിതയും നിന്നു…..
” ഈ വയ്യാത്ത കാലും വച്ച് വേറെ എവിടെ ചെന്നാലും ഇതുപോലെ ആട്ടും തുപ്പും കിട്ടുമെന്ന് എനിക്കും അറിയാം, എന്നാലും ഞങ്ങൾക്കും ഈ ലോകത്ത് ജീവിച്ചല്ലേ പറ്റുള്ളൂ മാഡം,
ഈ പിള്ളേർ അൽപ്പം ഒന്ന് വലുതാകുന്നതുവരെ വേറെ ജോലിക്ക് ഒന്നും പോകാൻ പറ്റില്ല മാഡം അല്ലേ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കാൻ ഇങ്ങേരെ ഞാൻ നിർബന്ധിക്കില്ലായിരുന്നു…..
ഇങ്ങേരുടെ നക്കാപ്പിച്ച ശമ്പളം കൊണ്ട് വേണം ഞങ്ങൾ നാലുപേരുടെയും വയർ നിറയാൻ…… ”
നൈറ്റിയുടെ തുമ്പുകൊണ്ട് കണ്ണുനീരും മുക്കും തുടച്ച് അവർ അത് പറയുമ്പോൾ ഒരിറ്റ് കണ്ണുനീർ ഹരിതയുടെയും, ഗൗരിയുടെയും കണ്ണിൽ നിന്ന് അടർന്ന് വീണിരുന്നു….
” മാഡം അനുഭവിച്ച അതേ വേദന തന്നെയാണ് ഞാനും അനുഭവിച്ചത്, പക്ഷേ മാഡത്തെ ചേർത്ത് നിർത്താനും, അശ്വസിപ്പിക്കാനും അവിടെ ആൾക്കാർ ഉണ്ടായിരുന്നു, ഒന്ന് കരഞ്ഞു തീർക്കാനെങ്കിലും കഴിഞ്ഞിരുന്നു…..
പക്ഷേ…. എല്ലാവരും സഹതാപത്തോടെ മാറി നിന്ന് നോക്കിയതല്ലാതെ ഒരു ആശ്വാസവാക്ക് പോലും……. ”
അത് പറയുമ്പോഴേക്കും മധുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു….” ഒന്ന് പൊട്ടി കരയാൻ പോലും കഴിഞ്ഞിരുന്നില്ല മാഡം എനിക്ക്….. ”
അപ്പോഴേക്കും അയാൾ കരഞ്ഞു തുടങ്ങിയിരുന്നു, മധു തന്റെ മുന്നിൽ നിന്ന് കരയുന്നത് കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് എന്തൊക്കെയോ പറയാൻ വേണ്ടി തന്റെ മുഖത്തേക്ക് നിസ്സഹായതോടെ നോക്കി നിൽക്കുന്ന വിനുവിനെയാണ് ഗൗരിക്ക് ഓർമ്മ വന്നത്,….
” മാഡം പൊയ്ക്കോളു … ഞാൻ നാളെ മുതൽ വരും…. ”ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പുകൊണ്ട് കണ്ണും മുഖവും തുടച്ച് ഒരു ചിയോടെയാണ് മധു അത് പറഞ്ഞത്.
ഒരു ചിരി വരുത്തി ഗൗരിയും, ഹരിതയും അവിടെ നിന്ന് ഇറങ്ങുമ്പോൾ ഒന്നും അറിയാതെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മക്കളുടെ കയ്യിൽ മടക്കി പിടിച്ച കുറച്ച് നോട്ടുകൾ ഗൗരി വച്ചുകൊടുത്തിരുന്നു,
അത് കിട്ടിയ സന്തോഷത്തിൽ ആ മക്കൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓടുമ്പോൾ ഗൗരിയും ഹരിതയും സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങിയിരുന്നു…..
” നീ എന്നെ ബസ്സ് സ്റ്റാൻഡിൽ വിട്ടാൽ മതി…. ” അവരുടെ സ്കൂട്ടർ മെയിൻ റോഡിലേക്ക് കടക്കുമ്പോഴാണ് ഗൗരി അത് പറഞ്ഞത്….
” ഞാൻ നിന്നെ വീട്ടിലാക്കാം….. ” വണ്ടി സ്ലോ ചെയ്താണ് ഹരിത പറഞ്ഞത്….” വേണ്ട എനിക്ക് ഒരാളെ കാണാനുണ്ട്…. ” ഗൗരി അത് പറയുമ്പോൾ ഹരിത വണ്ടി നിർത്തി. സംശയത്തോടെ ഗൗരിയെ നോക്കി….
” വിനുവിനെ ഒന്ന് കാണാൻ തോന്നുന്നു, അന്ന് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചതാണ് പക്ഷേ അന്നത്തെ വാശിക്ക്…. ഇപ്പോൾ എന്തോ എനിക്ക് ഒന്ന് കാണാൻ തോനുന്നു…. ”
” എന്നാൽ ഞാൻ കൂടി വരാം… താൻ തനിച്ചു പോകേണ്ട…. ഇനി വിനു എന്തേലും….. ” ഹരിതയുടെ വാക്കുകളിൽ അൽപ്പം ഭയം ഉണ്ടായിരുന്നു….“ഏയ് അത് വേണ്ട, ഞാൻ തനിച്ചു മതി…”
അത് പറഞ്ഞ് ഗൗരി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു, അടുത്ത ബസ്സ് വന്ന് ഗൗരി കയറി പോകുന്നതുവരെ ഹരിത സ്കൂട്ടറിൽ തന്നെ ഇരുന്നിരുന്നു….
ഗേറ്റ് കടന്ന് ഗൗരി ചെല്ലുമ്പോൾ വീട് പൂട്ടി ഇട്ടേക്കുകയായിരുന്നു. മുറ്റത്തൊക്കെ അങ്ങിങ്ങായി ചെറിയ പുല്ലുകൾ വളർന്നിരിക്കുന്നു, പണ്ട് താൻ നട്ട ചുവന്ന റോസാച്ചെടി മോട്ടിട്ട് നിൽക്കുന്നത് ഗൗരി കണ്ടിരുന്നു….
സിറ്റൗട്ടിൽ തൂക്കി ഇട്ടിരിക്കുന്ന ചെടിച്ചട്ടിൽ അവൾ കൈയിട്ട് നോക്കിയപ്പോൾ താക്കോൽ തടഞ്ഞു, ഒന്നതെടുത്ത് നോക്കി വീണ്ടും തിരികെ അവിടെ തന്നെ വച്ച് സിറ്റൗട്ടിൽ കിടന്ന കസേരയിൽ ഗൗരി ഇരുന്നു…
അവിടെ ഇരിക്കുമ്പോൾ വീണ്ടും ഓർമ്മകൾ പിന്നിലേക്ക് പോയി, ഒരുമിച്ചു ജോലി ചെയ്യുന്നതിനിടയിൽ എപ്പോഴോ രണ്ടാൾക്കും തോന്നിയ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് താൻ ആയിരുന്നു,
അത് കേട്ടപ്പോൾ വിനുവിന്റെ മുഖത്ത് വിരിഞ്ഞ നുണക്കുഴി, അതിലേക്ക് ആദ്യം ചുംബനം നൽകിയ നിമിഷം ഒന്നൊന്നായി ഓർമ്മകൾ ഗൗരിയുടെ മനസ്സിൽ വന്ന് പൊയ്ക്കൊണ്ടിരുന്നു…..
അവൾ കണ്ണടച്ച് ആ കസേരയിലേക്ക് മലർന്നിരുന്നു. മോളെ പ്രസവിച്ചു കിടക്കുമ്പോഴാണ് രശ്മി പുതിയതായി ഓഫീസിലേക്ക് വരുന്നത്,
ഒരു ജാഡക്കാരി, എപ്പോഴും ചുണ്ടും ചുവപ്പിച്ച്, മുടിയിൽ കളറും അടിച്ചു നടക്കുന്നവൾ, ഓഫീസിൽ നിന്ന് വന്നാൽ വിനുവിന് അവളെ കുറിച്ച് പറയാനെ സമയം ഉണ്ടായിരുന്നുള്ളൂ…..
പിന്നേ പിന്നെ ഓഫീസിലുള്ള ബാക്കി സ്റ്റാഫിനോട് വിളിച്ച് കാര്യങ്ങൾ തിരക്കാൻ തുടങ്ങിയത് മനസ്സിൽ അവരോട് കുറച്ച് കുശുമ്പ് തോന്നി തുടങ്ങിയപ്പോഴാണ്.
അവരുടെയൊക്കെ സംസാരത്തിൽ വിനുവും രശ്മിയും എപ്പോഴും ഒരുമിച്ചാണെന്ന് മനസ്സിലായി, പോരാത്തതിന് രശ്മിയും ഭർത്താവും അകന്നാണ് കഴിയുന്നത് എന്ന് കൂടി കേട്ടപ്പോൾ മനസ്സിൽ സംശയങ്ങളും ഉടലെടുത്തിരുന്നു.
പതിയെ പതിയെ മനസ്സിൽ ഉണ്ടായ കുശുമ്പ് ദേഷ്യത്തിലേക്കും, അത് ചെറിയ ചെറിയ വഴക്കിലേക്കും കടക്കാൻ തുടങ്ങി….
പിന്നെ അവളെ ചൊല്ലിയുള്ള വഴക്ക് സ്ഥിരമായി കഴിഞ്ഞിരുന്നു. രാത്രി ഏറെ വൈകി അവൾക്കൊപ്പം ഓഫീസിൽ ജോലി ചെയ്യുന്നതും,
അവളെ രാത്രി വീട്ടിൽ ആക്കുന്നതും അറിഞ്ഞത് ഓഫീസിലെ സ്റ്റാഫിൽ നിന്നാണ്, അതിനിടയിൽ അവർ പല സംശയങ്ങളും പറഞ്ഞു തുടങ്ങിയപ്പോഴാണ് ചെറിയ വഴക്കുകൾ വലുതാകുകയും, പിണക്കത്തിന്റെ ദൈർഘ്യം കൂടുകയും ചെയ്തത് ….
അന്നൊരു ദിവസം വഴക്ക് ഉണ്ടായപ്പോഴാണ് വിനുവിനോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാനും, ഇനി തന്റെ കണ്മുന്നിൽ വന്ന് പോകരുതെന്ന് പറഞ്ഞതും,
അന്ന് ആ മുഖത്തുണ്ടായ നിസ്സഹായാവസ്ഥ തന്റെ മനസ്സിനെ തെല്ലുപോലും ഉലച്ചിരുന്നില്ല, പിന്നെയും എന്തൊക്കെയോ പറയാൻ തുടങ്ങുമ്പോഴാണ് വാതിൽ വലിച്ചടിച്ചത്,
അതിൽപ്പിന്നെ വിനുവിനെ കണ്ടിട്ടില്ല, കാണാനോ ഒന്ന് സംസാരിക്കാനോ രണ്ടാളും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം….
പെട്ടന്ന് ആകാശത്ത് ഇടിവെട്ടിയപ്പോഴാണ് ഗൗരി കണ്ണ് തുറന്നത്. ആകാശം ആകെ മഴമേഘം കൊണ്ട് നിറഞ്ഞ് ആകെ ഇരുട്ട് പടർന്നിരുന്നു.
ഉള്ളിൽ ചെറിയ പേടി തുടങ്ങിയിരുന്നു ഗൗരിക്ക്, പെട്ടെന്നാണ് മഴ ശക്തമായി പെയ്ത് തുടങ്ങിയത്. മഴയും നോക്കി ഇരിക്കുമ്പോഴേക്കും വിനു ബൈക്കുമായി ഗേറ്റ് കടന്ന് വന്നിരുന്നു…..
മഴയത്ത് നനഞ്ഞു കുളിച്ച് വിനു സിറ്റൗട്ടിലേക്ക് കയറുമ്പോഴാണ് ഗൗരിയെ കാണുന്നത്, അവളെ കണ്ട നിമിഷം അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഗൗരി നോക്കി നിൽക്കുകയായിരുന്നു….” താനിതെപ്പോ…. താക്കോൽ…. ”
എന്ത് ചെയ്യണം എന്നറിയാതെ വിക്കി വിക്കി അതും പറഞ്ഞ് വിനു ഷർട്ടിന്റെയും, പാന്റിന്റെയും പോക്കറ്റിൽ തപ്പി നോക്കുന്നുണ്ടായിരുന്നു,
പിന്നെയാണ് എന്തോ ഓർത്തത് എന്നപോലെ ചെടിച്ചട്ടിയിൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നത്….“കയറി വരൂ…..”
അത് പറഞ്ഞ് വിനു വീട്ടിലേക്ക് കയറുമ്പോൾ പുറകെ ഗൗരിയും കയറി, വീടാകെ അലങ്കോലമായി കിടക്കുകയാണ്, ഹാളിൽ കിടക്കുന്ന കസേരയിൽ നിറയെ തുണികളും പേപ്പറുകളും വലിച്ചു വാരി ഇട്ടിട്ടുണ്ട്….
” മോൾക്ക് സുഖമാണോ…. ” തോർത്ത് കൊണ്ട് തല തുടച്ചുകൊണ്ടാണ് വിനു ചോദിച്ചത്. അയാളുടെ ചോദ്യത്തിന് ഗൗരി പുച്ഛത്തോടെ ചിരിച്ചതേയുള്ളൂ….” എന്താ ഇപ്പോ ഇങ്ങനെ ഒരു വരവിനു കാരണം… ”
തോർത്ത് കസേരയിലേക്ക് ഇട്ടുകൊണ്ട് വിനു ഗൗരിക്ക് ആഭിമുഖമായി ഇരുന്നു. ആ നിമിഷം അവിടേക്ക് വരേണ്ടിയിരുന്നില്ല എന്ന് ഗൗരിക്ക് തോന്നി….
” എന്താ ഇനി മധുവിനെ കെട്ടാൻ പോകുകയാണോ, ഇനിയിപ്പോ ഡിവോഴ്സ് വാങ്ങാൻ വന്നതാകും അല്ലേ, പേപ്പർ താ ഒപ്പിട്ടേക്കാം…. ”
ഗൗരിക്ക് മുന്നിൽ ഇരുന്ന് വെറുതെ പേന തിരയുന്നത് പോലെ അഭിനയിച്ചു കൊണ്ട് വിനു പറയുമ്പോൾ ഗൗരി ദേഷ്യത്തോടെ വിനുവിനെ നോക്കികൊണ്ട് ചാടി എഴുന്നേറ്റു.
എന്തൊക്കെയോ പറയാൻ നാവ് പൊങ്ങിയെങ്കിലും അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു….
” പോകുകയാണോ…. ” ഗൗരിക്ക് പിന്നാലെ നടന്നുകൊണ്ട് വിനു ചോദിച്ചു. അവളിൽ ദേഷ്യം ഇരച്ചു കയറി മുന്നോട്ട് നടക്കുമ്പോൾ അധികാരത്തോടെ വിനു ഗൗരിയുടെ കയ്യിൽ കയറി പിടിച്ചു.
ഗൗരി കൈ വിടുവിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിനു കൈ വിടാതെ അവളുടെ കയ്യിൽ പിടിച്ച് തന്റെ മുന്നിലേക്ക് വലിച്ചു നിർത്തി…..
അവളുടെ കണ്ണിലേക്ക് തന്നെ കണ്ണെടുക്കാതെ വിനു നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പുറത്തേക്ക് ഒഴിക്കാൻ തുളുമ്പി നിൽക്കുകയായിരുന്നു…
” ഈ വാശി ഇനിയെങ്കിലും നമുക്ക് ഒന്ന് അവസാനിപ്പിക്കണ്ടേ ഗൗരി, എത്ര നാളാടോ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ദേഷ്യം അഭിനയിച്ച്, മനസ്സിൽ കരഞ്ഞുകൊണ്ട് ഇങ്ങനെ ജീവിക്കുന്നത്…..
മടുത്തില്ലേ തനിക്ക് ഇങ്ങനെ ഒറ്റയ്ക്ക്, സത്യം പറയാല്ലോ എനിക്ക് മടുത്ത് തുടങ്ങി, ഉറങ്ങാതെ എത്രയോ രാത്രികൾ, താൻ വീണ്ടും അവഗണിക്കും എന്ന് തോന്നിയത് കൊണ്ടാണ് തന്റെ മുന്നിൽ വന്ന് നിൽക്കാത്തത്….. ”
ഗൗരിയുടെ കൈയ്യിലെ പിടിത്തം ഒഴിവാക്കി മുന്നോട്ട് നീങ്ങി നിന്ന് വിനു അത് പറയുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ ഗൗരിയും നിന്നു….
” ഞാൻ അറിഞ്ഞിരുന്നു ഓഫീസിലെ കാര്യങ്ങൾ, മുൻപ് ഇതുപോലെ സാഹചര്യത്തിൽ കൂടി കടന്ന് പോയത് കൊണ്ടാകും എനിക്ക് മനസിലാകും ആ വേദന,
കാര്യങ്ങൾ അറിഞ്ഞപ്പോൾ ഓടി വരണം എന്ന് കരുതിയതാണ് പക്ഷെ തന്റെ വേദനയിൽ ഞാൻ സന്തോഷിക്കുന്നു എന്ന് തനിക്ക് തോന്നിയാലോ അതാണ്,, ഞാൻ…… ”
വിനു പകുതി പറഞ്ഞു നിർത്തുമ്പോൾ ഒഴുകി വന്ന കണ്ണുനീർ തുടച്ചു നിന്നതേയുള്ളൂ ഗൗരി….
” അന്നത്തെ സംഭവത്തിന് ശേഷം രശ്മി എന്നെ കാണാൻ വന്നിരുന്നു, കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു, അവർ ഇവിടെ നിന്ന് പോകുന്നതും പറഞ്ഞു. പക്ഷെ എന്തോ തോറ്റുതരാൻ മനസ്സ് അനുവദിച്ചില്ല… ”
ഗൗരി അത് പറഞ്ഞു നിർത്തുമ്പോൾ വിനു ഒന്ന് ചിരിച്ചതേയുള്ളു…” ഇനിയും വയ്യ വിനു… എനിക്ക് വേണം നമ്മുടെ ആ പഴയ ജീവിതം ഞാനും വിനുവും മോളും ഒരുമിച്ച്…. ”
അത് പറഞ്ഞ് ഗൗരി പിന്നിലൂടെ വിനുവിനെ ചേർത്ത് പിടിച്ച് അവനിലേക്ക് തല ചായ്ച്ചു നിന്നു….
” മോളുടെ അടുത്തേക്ക് പോകാം… ” ഏറെ നേരം അങ്ങനെ നിന്ന ശേഷമാണ് വിനു അത് പറഞ്ഞത്… അതിന് ഗൗരി ഒന്ന് മൂളിയതേയുള്ളു….
വാതിൽ അടച്ച് വിനുവിന്റെ ബൈക്കിന് പുറകിൽ ഇരുന്ന് പോകുമ്പോൾ മഴ ചെറുതായി പൊടിഞ്ഞുകൊണ്ടിരുന്നു. തണുത്ത കാറ്റിൽ ഗൗരി അവനിലേക്ക് തലചായ്ച്ച് ചേർന്നിരുന്നു……