(രചന: J. K)
എന്തൊരു തടിയാടീ നിനക്ക്…. പുറത്തു കൊണ്ടു പോകുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നത് കണ്ട് എനിക്ക് തൊലി ഉരിയുന്നു….
വഹാബ് അത് പറഞ്ഞപ്പോൾ മിഴികൾ നിറഞ്ഞ് വന്നു ഷാഹിനയുടെ… ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഈ കളിയാക്കൽ, വിവാഹം കഴിഞ്ഞ് അതിന്റെ പുതുമ മാറുന്നതിനു മുമ്പ് തുടങ്ങിയതാണ്..
ഷാഹിന മില്ലെ മുമ്പ് നടന്നതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു…. ഒരുഗതിയും ഇല്ലാതിരുന്ന ഒരു കാലത്താണ് വഹാബിന്റെ വിവാഹാലോചന വന്നത്..
ദുബായിലാണ് ജോലി അത്യാവശ്യം നല്ല കുടുംബം നാല് പെങ്ങൾമാർക്ക് ആകെയുള്ള ഒരു ആങ്ങള അതുകൊണ്ടുതന്നെ വീട് അവനുള്ളത് ആണ് എന്നും, അതിനൊത്ത് വേണം പെണ്ണിനെ പറഞ്ഞയക്കാൻ എന്നുമൊക്കെ അവർ പറഞ്ഞിരുന്നു….
ഉപ്പക്ക് ഇതിൽ കൂടുതൽ ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല….അല്ലെങ്കിൽ തമ്മിൽ ഒന്നും ഒന്നരയും ഒക്കെ പ്രായവ്യത്യാസം ഉള്ള തന്റെ മൂന്ന് പെൺ കുട്ടികളെ ഓർത്തു അതിൽ കൂടുതൽ ഒന്നും ചിന്തിച്ചില്ല….
അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ കടം വാങ്ങി അവർ ചോദിച്ച പണ്ടവും പണവും എല്ലാം കൊടുത്തു പോരാത്തതിന് ഒരു ബൈക്കും….
എല്ലാം കൈനീട്ടി അവർ വാങ്ങിയപ്പോൾ ഉപ്പ കരുതിക്കാണും തന്റെ മകൾക്ക് അവിടെ സ്വർഗം ആയിരിക്കും എന്ന്… എല്ലാം വെറും തെറ്റിദ്ധാരണ ആയിരുന്നു…
എന്റെ വിവാഹം കഴിക്കുമ്പോൾ വഹാബിന് നാട്ടിൽ എന്തോ ചെറിയ പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാൾക്ക് വിസക്കുള്ള പൈസ കൂടി വേണമെന്ന് പറഞ്ഞിട്ടാണ്,
വിവാഹത്തിന് കൊടുത്തതിനു പുറമെ പിന്നെയും കുറേ പൈസ ഉപ്പ എവിടുന്ന് ഒക്കെയോ കടം വാങ്ങി കൊടുത്തത്…. അങ്ങനെയാണ് അയാൾ വിവാഹം കഴിഞ്ഞ് അഞ്ചാറു മാസം ആയപ്പോൾ ഗൾഫിലേക്ക് പോകുന്നത്…
ഏതോ ഒരാൾ വഴി ഒരുവിസ ശരിയായിട്ടുണ്ട് അതിന് പക്ഷേ പണം കൊടുക്കണം എല്ലാവർക്കും ഭാര്യ വീട്ടിൽ നിന്നാണ് ഇതിനൊക്കെയുള്ള പണം കൊടുക്കുന്നത്… നിൻറെ ഉപ്പയുടെ കയ്യിൽ നിന്ന് മേടിച്ചു കൊണ്ട് വാ എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് അയാൾ തന്നെയാണ്….
അയാൾ ചോദിച്ച പൈസ ഉണ്ടാക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന ഉപ്പയെ കണ്ണീരോടെ അല്ലാതെ നോക്കാൻ കഴിഞ്ഞിരുന്നില്ല….
എന്തിനാ ഉപ്പ ഈ ഓട്ടപ്പാച്ചിൽ ഉപ്പയുടെ കയ്യിൽ ഇല്ല എന്ന് പറഞ്ഞാൽ മതി എന്ന് ചങ്കുപൊട്ടി ഞാൻ പറഞ്ഞിട്ടുണ്ട്… ഉപ്പ ഈ കഷ്ടപ്പെടുന്നതൊക്കെ നിങ്ങൾക്ക് മൂന്നാൾക്ക് വേണ്ടിയല്ലേ…. അതുകൊണ്ട് ഇതൊക്കെ ഉപ്പയുടെ അവകാശമാ…
പിന്നെ ഇത്…. ഇത്, നിനക്ക് വേണ്ടി അല്ലെ മോളെ നിനക്കും അവനും ഒരു നല്ല ജീവിതം കിട്ടാൻ വേണ്ടിയല്ലേ എന്ന് പറയും….
ഉപ്പ കഷ്ടപ്പെടുന്നത് കണ്ട് ഒന്നും മറുത്തു പറയാനാവാതെ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യ ആയിരുന്നു ഞാൻ….
അയാൾ പോയി കഴിഞ്ഞാണ് മനസ്സിലായത് ഞാൻ ഗർഭിണിയായിരുന്നു എന്ന്..
വഹാബിനെ വീട്ടിൽ നിന്ന് വലിയൊരു സഹകരണം ഒന്നുമില്ലായിരുന്നു ഉമ്മയ്ക്ക് അവരുടെ പെൺമക്കൾ മാത്രമായിരുന്നു വലുത് ഞാൻ അവിടെത്തെ പണി ചെയ്യാനും,
അവർക്ക് ദേഷ്യം തോന്നുമ്പോൾ വായിൽ തോന്നുന്നത് പറയാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാൻ…..
ഇക്കായെ ഓർത്ത് മാത്രമാണ് ഞാൻ അവിടെ പിടിച്ചു നിന്നത് പോകുന്നത് വരെ ഇക്കാക്ക് ഭയങ്കര സ്നേഹമായിരുന്നു….
നിന്റെ ഉപ്പയുടെ കയ്യിൽ നിന്ന് പണം മേടിച്ചിട്ട് വാ എന്ന് പറയുമെങ്കിലും അതുകഴിഞ്ഞ് നമുക്ക് വേണ്ടി അല്ലേടി എന്ന് പറഞ്ഞ് എന്നെ കുറെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു ആള്…
എനിക്ക് നല്ലൊരു സ്ഥിതിയായി കഴിഞ്ഞാൽ ഇതിന്റെ ഇരട്ടി നിന്റെ ഉപ്പാക്ക് തിരിച്ചു കൊടുക്കാലോ എന്നു പറയുമ്പോൾ ഒരു ആശ്വാസം…..
ഉപ്പക്ക് പ്രായം കൂടുകയാണ് വയസ്സുകാലത്ത്
ഇനി ഒരു താങ്ങായി ഉപ്പാക്ക് ഇക്ക കാണുമല്ലോ…. എന്നെല്ലാം ഓർത്ത് ഉണ്ടായ സങ്കടങ്ങൾ മുഴുവൻ ഞാൻ സഹിക്കും….
ഗർഭിണിയായതു മുതൽ പ്രസവം വരെ ക്കും എന്റെ വീട്ടുകാർ മാത്രമാണ് കൂടെയുണ്ടായിരുന്നത് ഒന്ന് ആശുപത്രിയിലേക്ക് വരാൻ പോലും വഹാബിന്റെ വീട്ടുകാർ തയ്യാറല്ലായിരുന്നു
എല്ലാം ഞാൻ തന്നെ ചെയ്യണം പോരാത്തതിന് അവിടെ പോയി നിന്നാൽ ഗർഭിണിയാണ് എന്നൊരു പരിഗണന പോലും തരാതെ എല്ലാ ജോലിയും ചെയ്യണം
അവരുടെ പെൺമക്കളോട് അവർ കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം പോലും എന്നോട് അവർ കാണിച്ചിരുന്നില്ല….. എങ്കിലും വലിയ പ്രശ്നം ഒന്നും ആകാതെ എല്ലാം ഞാൻ ഉള്ളിലൊതുക്കി…..
അധികം താമസിക്കാതെ ഒരു പൊന്നുമോൾക്ക് ഞാൻ ജന്മം നൽകി… അനിൽ പിന്നെയാണ് തൈറോയ്ഡ് പ്രശ്നം വന്നതും ഇങ്ങനെ തടിക്കാൻ തുടങ്ങിയതും….
ദുബായിലേക്ക് പോയി പിന്നീട് രണ്ടുവർഷം കഴിഞ്ഞാണ് അയാൾ മടങ്ങി വന്നത്…. വന്നപ്പോൾ അയാളുടെ വായിൽ നിന്ന് കേട്ടതാണ് തടി കൂടുതലാണ് എന്നെ കാണാൻ ഒരു ഭംഗിയും ഇല്ല ഇപ്പോൾ എന്നൊക്കെ…
.അയാൾക്ക് എന്നെ കാണുമ്പോൾ അയാളുടെ ഒരു വികാരങ്ങളും ഉണരുന്നില്ല എന്ന് ഒരു രാത്രി എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു….
പിന്നെ ആവശ്യമില്ലാതെ ഓരോ പ്രശ്നങ്ങൾ അയാൾ ആയി ഉണ്ടാക്കാൻ തുടങ്ങി എന്ത് ചെയ്താലും ഏതു ചെയ്താലും കുറ്റം.. വീട്ടുകാരും പൂർണ്ണ പിന്തുണയോടെ അയാൾക്കൊപ്പം നിന്നു…കണ്ണീരുണങ്ങാത്ത ദിനങ്ങളായിരുന്നു അവിടെ പിന്നെ എനിക്ക്…
ഉപ്പക്ക് വേണ്ടി എല്ലാം സഹിച്ച് ഞാൻ അവിടെത്തന്നെ പിടിച്ചുനിന്നു… എനിക്കറിയാമായിരുന്നു ഇപ്പോഴും ഞങ്ങളെ സഹായിച്ച കടങ്ങൾ ഉപ്പ കൊടുത്ത് തീർത്തിട്ടില്ല എന്ന്…..
താഴെയുള്ളവരുടെ വിവാഹാലോചന പോലും അതിന്റെ പേരിൽ ആണ് നീണ്ടു പോകുന്നത് ഇനിയുമൊരു വിവാഹം കഴിപ്പിച്ച് അയക്കാൻ ഉപ്പ അശക്തനായിരുന്നു….
ഇത്രയും ബുദ്ധിമുട്ടി ഞങ്ങൾക്കായി എല്ലാം തന്നിട്ട് ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി തിരികെ ചെന്നാൽ ആ മനസ്സ് വേദനിക്കുന്നത് കാണാൻ എനിക്ക് കഴിയില്ലായിരുന്നു അതുകൊണ്ടാണ് എല്ലാം മിണ്ടാതെ നിന്നത്….
പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും അയാളുടെ എന്നോടുള്ള താൽപര്യം കുറഞ്ഞു കുറഞ്ഞു വന്നു….
ക്രമേണ കുഞ്ഞിന് പോലും അയാൾ ഒന്നു നോക്കാതെ ആയി ഇതെല്ലാം എന്റെ ഒരു വല്ലാത്ത സങ്കടം തീർത്തു.. പിന്നീട് ശത്രുവിനെ പോലെ പെരുമാറാൻ തുടങ്ങി എല്ലാം സഹിക്കുകയല്ലാതെ വേറെ നിർത്തിയില്ലായിരുന്നു…
ഓരോ പെണ്ണുങ്ങളെ കാണുമ്പോൾ അവരുടെ ഉടലഴക് അയാൾ എന്നോട് പറയും മടുപ്പോടെ ഞാൻ അത് കേട്ട് നിൽക്കും.. എന്നിട്ട് അവരുമായി എന്നെ താരതമ്യം ചെയ്യും… നിന്നെ ഒരു വസ്തുവിനും കൊള്ളില്ല എന്ന് പറയും….
ഒരിക്കൽ അടുത്തുള്ള സ്ഥലം വരെ വന്ന ഉപ്പ അവിചാരിതമായി ഞങ്ങളുടെ വീട്ടിലേക്ക് കേറി വന്നു…
കേട്ടത് അയാളുടെ വായിൽ നിന്ന് എന്നെ പറ്റിയുള്ള ദുഷിച്ച വർത്തമാനങ്ങൾ ആയിരുന്നു…. അത് കേട്ട് നിസ്സഹായ ആയി നിൽക്കുന്ന എന്നെ ആയിരുന്നു…
ഉപ്പ ആകെ ഞെട്ടിപ്പോയി കാരണം ഉപ്പയുടെ മനസ്സിൽ മരുമകൻ നല്ല ആളായിരുന്നു ഒരിക്കലും ഞാൻ അതിനു ഒരു കോട്ടവും വരുത്തിയിരുന്നില്ല….. പക്ഷേ എല്ലാം നേരിട്ട് കണ്ടു ഉപ്പാക്ക് എല്ലാം മനസ്സിലായി…
എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഉപ്പ..എപ്പോഴും ഉപ്പാക്ക് ഒരു ഭാരമാകും ഞാനെന്ന് പൂർണബോധ്യം ഉള്ളതുകൊണ്ട് തന്നെ ഉപ്പയുടെ കൂടെ പോകാതെ വിസമ്മതിച്ചിരുന്നു ഞാൻ….
ഞാൻ കൂടെ വന്നാൽ അത് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞപ്പോൾ…. എന്നെ ചേർത്തുപിടിച്ച് ഉപ്പ പറഞ്ഞു നിന്നെ വിവാഹം കഴിച്ചയച്ചത് ഒരിക്കലും ഉപ്പയുടെ ഭാരം ഒഴിവാക്കാൻ വേണ്ടി ആയിരുന്നില്ല എന്ന്…..
എനിക്ക് ഒരു നല്ല ജീവിതം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് എന്ന്…
എന്ന് വിചാരിച്ച് ഉപ്പയുടെ മകൾ അല്ലാതെ ആകുന്നില്ല എന്ന് കൂടി പറഞ്ഞപ്പോൾ… മിഴികൾ നിറഞ്ഞു വന്നു…
ഇത്രയും ആട്ടുംതുപ്പും ഒന്ന് കേട്ട് ഇവിടെ നിൽക്കേണ്ട കാര്യമില്ല ഉപ്പയുണ്ട്.. ഉപ്പാക്ക് ജീവൻ ഉള്ളടത്തോളം കാലം ഉപ്പ ഞങ്ങളെ നോക്കിക്കോളാം എന്നു പറഞ്ഞു കൂടുമ്പോൾ എന്റെ ശിരസ്സ് അഭിമാനം കൊണ്ട് ഉയർന്നു തന്നെ ഇരുന്നിരുന്നു….കുറേക്കാലം അയാൾക്ക് മുന്നിൽ കുനിഞ്ഞു നിന്ന എന്റെ അതേ ശിരസ്സ്….