കിളിയുടെ പ്രവചനം
രചന: Vijay Lalitwilloli Sathya
ഗോപന്റെ
വിവാഹം നിശ്ചയിച്ചഅവസരം” അവൾ വീട്ടിൽ വന്നാൽ പിന്നെ വെച്ചടി വെച്ചടി കയറ്റം തന്നെയല്ലേ.. ?”
ഗോപൻ തന്റെ ഗ്രാമത്തിലെ ഉത്സവ പറമ്പിലെ കിളിശാസ്ത്ര സുഹൃത്തിനോട് പരിസരത്തുള്ള ആൾക്കാർ കേൾക്കാതെ ചെവിയിൽ ചോദിച്ചു.
” പിന്നല്ലാണ്ട് ! നിങ്ങളുടെ ഒരു പ്രവർത്തിക്കും അവൾ എതിരല്ല മാത്രമല്ല സപ്പോർട്ട് ചെയ്യുകയും ചെയ്യും.. !”ആ കിളി സുഹൃത്ത് ഗോപന് ഉറപ്പു നൽകി.
സന്തോഷം കൂടിയപ്പോൾ ഗോപൻ വീണ്ടും പോക്കറ്റിൽ കൈ ഇട്ടു ഒരു നൂറിന്റെ നോട്ടു കൂടി സുഹൃത്തിന്റെ കൈയിൽ പിടിപ്പിച്ചു….
സുഹൃത്ത് സന്തോഷത്തോടെ അത് വാങ്ങി ഗോപനെ ഒന്നുകൂടി അനുഗ്രഹിച്ചു.
“ക്ലാ ക്ലാ ക്ലാ
ക്ലീ ക്ലീ ക്കൂ… “”ഇതെന്താ ”
“കിളിയുടെ അനുഗ്രഹം..””ഹാവൂ ആശ്വാസമായി !”ഗോപൻ വേഗം വീട്ടിലേക്ക് മടങ്ങി.തകൃതിയിൽ ഗോപന്റെ വിവാഹം കഴിഞ്ഞു.
ആദ്യരാത്രിയിൽ ഗോപൻ തന്റെ പ്രവചന സുഹൃത്ത് ഭാര്യയെ കുറിച്ച് പറഞ്ഞ മഹിമകൾ എല്ലാം ഗോപൻ ഭാര്യയെ പറഞ്ഞു കേൾപ്പിച്ചു.
അതൊക്കെ കേട്ട് അന്തം വിട്ട ഭാര്യ ഗോപേട്ടനെ തനിക്ക് കിട്ടിയ വരദാനമാണെന്നും പറഞ്ഞു ആ രാത്രി ആഘോഷിച്ചു.
സ്വതവേ മദ്യപാനിയായിരുന്നു ഗോപൻ.വിവാഹ മാർക്കെറ്റിൽ പിടിച്ചു നില്ക്കാൻ തത്കാലം മദ്യം നിര്ത്തിയെന്ന ഒരു ന്യൂസ് നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയതാണ്…!
കാരണം ഇപ്പോൾ പെൺകുട്ടികളെ വിവാഹത്തിനായി കിട്ടാനില്ല..!നല്ല പൈമ്പാൽ സ്വഭാവമുള്ള ആൺകുട്ടികൾ തന്നെ പെമ്പിള്ളാരുടെ അമ്മമാരുടെയും അച്ചന്മാരുടെയും മുന്നിൽ നല്ല പിള്ള ചമഞ്ഞു നടന്നിട്ടു പോലും നാട്ടിൽ പെണ്ണ് കിട്ടാത്ത കാലം.
അതുകൊണ്ടു ഗോപൻ ഒരു അഡ്വാൻസ്ഡ് ഫോർമുല പ്രയോഗിച്ചെന്നേയുള്ളൂ.
അതിൽ വിജയിച്ചപ്പോൾ ഗോപന് പെണ്ണ് റെഡി.പക്ഷെ എത്ര നാൾ അടക്കി വെക്കും.ഗോപന് കുടിക്കാൻ മുട്ടി നിൽക്കെ ഒരു ദിവസം ഭാര്യവീട്ടിൽ വിരുന്നിനു പോകേണ്ടി വന്നു.
ചമഞ്ഞൊരുങ്ങി രണ്ടുപേരും അവളുടെ വീട്ടിൽ എത്തി.ഭക്ഷണത്തിനു ശേഷം അമ്മായിയപ്പൻ മരുമകൻ ഗോപനെ മുകളിലുള്ള റൂമിലേക്ക് കൊണ്ടുപോയി രണ്ടു പെഗ്ഗ് കൊടുത്തു.
ഗോപൻ സുഹൃത്തിനെ ഓർത്തു എല്ലാത്തിനും അവൾ തന്നെ അവസരം ഉണ്ടാക്കിത്തരും…
ശരിയാണ് അവളുടെ കൃപയാണ്..! ഇന്നിവിടെ വന്നില്ലായിരുന്നെങ്കിൽ ഒരുതുള്ളി തൊണ്ടതൊടാൻ കിട്ടില്ലായിരുന്നു..!
ഒരാഗ്രഹവും നടക്കാതിരിക്കില്ല…പിന്നെയും അമ്മായിയപ്പൻ ഒഴിച്ച് കൊടുത്തു. നല്ല സ്നേഹമുള്ള അമ്മായിയപ്പൻ.
” ആർക്കും കിട്ടില്ല ഇങ്ങനെ ഒരു അമ്മായിഅപ്പനെ..”ഗോപൻ അതും പറഞ്ഞു സ്നേഹം മൂത്ത് അമ്മായിയപ്പന്റെ കവിളിൽ ഉമ്മകൊടുത്തു
അതും കണ്ടു കയറി വന്ന മകൾക്ക് അല്ലെങ്കിൽ ഗോപന്റെ ഭാര്യയ്ക്ക് സംഗതി പിടികിട്ടി.
അവൾ രൂക്ഷമായി ഗോപനെ നോക്കി, പിന്നെ അപ്പനെയും.” ഇല്ലെടി മോളെ ഒരു പെഗ്ഗ്.. അത്രേ കൊടുത്തുള്ളൂ ?…അല്ലെ… മരുമകനെ…? ”
അപ്പൻ ദയനീയമായി ഗോപനെ നോക്കി ചോയ്ച്ചു.”അല്ല പിന്നെ.. വെഴും ഒരു പെഗ്ഗ്.. മാസ്ത്രം.. സത്യം..!”
അവളോർത്തു ഗോപേട്ടന്റെ ആ സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞ കാര്യം, ചുമ്മാതെ കുടിയൊക്കെ നിർത്തി വീട്ടിലുണ്ടായിരുന്ന ആളെ താനിവിടെ കൊണ്ട് വന്നതിനാൽ അപ്പൻ മോശമാക്കി. താനാണ് അതിനു സൗകര്യം ഉണ്ടാക്കിയതെന്നോർത്തപ്പോൾ അവൾ പിന്നെ കൂടുതൽ ബഹളം വെച്ചില്ല.
വീട്ടിൽ മടങ്ങിയതിനു ശേഷവും പിന്നീടങ്ങോട്ട് ഗോപൻ വെള്ളമടി തുടർന്നു. അവൾ ആണല്ലോ ബ്രേക്ക് ആക്കി വെച്ചത്… അതുപിന്നെ ഗംഭീരമായി തുടർന്ന് പോവാതിരിക്കുമോ…?
അങ്ങനെയിരിക്കെ ഗോപൻ ഒരു ദിവസം കുടിച്ചു ഗട്ടറിൽ വീണു കാലൊടിഞ്ഞു കിടപ്പായി.
ഭാര്യക്ക് സന്തോഷമായി.ഇനി കുടിക്കാനായി പോകാൻ കഴിയില്ലല്ലോ.ഗോപനും വീട്ടിലിരുന്നു മടുത്തു.ഒടിഞ്ഞ കാല് വെച്ച് എവിടെയും പോകാൻ വയ്യ.
ഭർത്താവിനെ ശുശ്രുഷിച്ചു കഴിയവേ ഭാര്യ ഗോപനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു.ഇനി വീട്ടീന്ന് ഇറങ്ങിയാൽ മദ്യം വാങ്ങുകയോ കുടിച്ചു വരികയോ ചെയ്യില്ല. എന്ന് ഭാര്യയുടെ ദുഃഖം കണ്ടു ഗോപൻ സത്യം പാലിക്കാൻ ഉറച്ചു.
കാല് സുഖമായി ജോലിക്ക് പോകാൻ തുടങ്ങി.ഒരു ദിവസം ഭാര്യ പത്രമെടുത്തു നോക്കിയപ്പോൾ ഒരു ചെറിയ നോട്ടീസ് എന്നും കാണുക പതിവാണ്.
വല്ല കടയുടെയും ആകാം. അതിനാൽ ശ്രദ്ധിക്കേണ്ടെന്നു തോന്നി.പെട്ടെന്ന് എന്തോ വാക്ക് കണ്ണിലുടക്കി.
“നിങ്ങൾ മദ്യപാനി ആണോ, ഞങ്ങൾ നിങളെ സഹായിക്കാം. “അതെ ഗോപേട്ടൻ കുടിച്ചു കുടിച്ചു ദേഹമൊക്കെ വല്ലാണ്ടായതാണ്. അങ്ങെനെ ഉള്ളവർക്ക് ആരോഗ്യം വെക്കാനുള്ള വല്ല മരുന്നുകളായിരിക്കും.
ഗോപേട്ടന് കൊടുക്കാം.” ദേ മനുഷ്യ ഈ നമ്പരിലേക്ക് ഒന്ന് വിളിക്കൂ നോക്കൂ…””വേണ്ടടി എനിക്കിനി മരുന്നിന്റെയൊന്നും ആവശ്യം ഇല്ല.. ”
ഗോപൻ പറഞ്ഞു.” ദേഹമൊക്കെ വല്ലാണ്ടായിട്ടുണ്ട്. ഒന്ന് വിളിക്ക്.. പ്ളീസ് “ഭാര്യ കുറെ നിർബന്ധിച്ചപ്പോൾ ഗോപൻ വിളിച്ചു
“ഹലോ.. “” ഹലോ.. ഏട്ടാ ഞങ്ങൾ….മറ്റേ കുപ്പിടെ… ആൾക്കാരാണ്.. വീട്ടിലെത്തിക്കാം സ്ഥലം പറയൂ.. “ഗോപന് ലഡ്ഡുപൊട്ടി.
തന്റെ പ്രവചനക്കാരൻ സുഹൃത്ത് ആളു ഭയങ്കരം !!അവൾ കാരണം എല്ലാം കിട്ടും…!”അത് ഒരു ഫുൾ.. തെക്കേപാടത്തു റോഡിൽ ആദ്യത്തെ വളവിൽ ഉള്ള വൈറ്റ് കളർ ഒറ്റനില വീട്. “”ഓക്കേ ചേട്ടാ ”