അവരെ ഭർത്താവും രണ്ടാം ഭാര്യയും കൂടി ഉപദ്രവിച്ചു മാനസികമായി തകർന്ന് ഇവിടെ ആരോ എത്തിച്ചതാണ്… മക്കൾ ഉണ്ടെന്നും ഇല്ലെന്നും കേൾക്കുന്നു..

അവർക്കായി
രചന: Jolly Shaji

നടാഷയും റുക്കിയയും ആ മനുഷ്യന് മുൻപിലിരുന്നു പൊട്ടിക്കരയുകയായിരുന്നു…

“എന്താടോ ഇത്… ഈ ആശ്രമത്തിൽ ആരും കരയരുതെന്നാണ് ഞങ്ങൾ കരുതുന്നത്… നിങ്ങൾ സമാധാനമായി ഇരിക്ക്.. നാളെ ഫാദർ വരും അപ്പോൾ നമുക്കൊരു തീരുമാനം എടുക്കാം…”

“അങ്ങേക്ക് ഞങ്ങളെ സഹായിക്കാൻ കഴിയില്ലേ…. ഫാദറിന്റെ അടുത്ത് പറയണം ഞങ്ങളുടെ നിസ്സഹായ അവസ്ഥ…”നടാഷയാണ് കൂടുതൽ സംസാരിക്കുന്നത്…

“ഇപ്പൊ നിങ്ങൾ അകത്തേക്ക് ചെല്ല് നിങ്ങളെ കാത്ത് അമ്മമാർ ഇരിക്കുകയായിരിക്കും… നിങ്ങൾ വരുന്ന ദിവസങ്ങൾ അവർക്ക് നല്ല ഓർമ്മയുണ്ട്… അന്ന് രാവിലെ മുതൽ വഴിക്കണ്ണുമായി എല്ലാരും ഇരിക്കുന്നത് കാണാറുണ്ട്… മം ചെല്ല്..”

ആശ്രമം മാനേജർ മുരളീധരൻ പറഞ്ഞത് കേട്ട് തലയാട്ടി അവർ രണ്ടുപേരും ആ ആശ്രമത്തിന്റെ അകത്തേക്ക് ചെന്നു… എന്നും വിസിറ്റിംഗ് ഏരിയയിൽ കാണുന്ന പലരും കുറവുള്ളത് പോലെ അവർക്കു തോന്നി… അവിടെ ഉണ്ടായിരുന്ന അമ്മമാർ റുക്കിയയെയും നടാഷയെയും കണ്ട് ഏറെ സന്തോഷത്തോടെ ചിരിച്ചു…

“എവിടെ നമ്മുടെ മണിയമ്മയും കൂട്ടരും…””നമ്മുടെ മേരിക്കുട്ടി ചേച്ചിക്ക് ശ്വാസം മുട്ടൽ ഇത്തിരി കൂടുതൽ ആണ്.. അതോണ്ട് എല്ലാർക്കും വിഷമം ആണ്…”

“എന്തായിപ്പോ പെട്ടന്ന് ശ്വാസംമുട്ടൽ കൂടിയേ… ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ…”

നടാഷയുടെ ചോദ്യത്തിന് ആരും മറുപടി പറയാതെ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ അവർക്കു തോന്നി എന്തോ ഉണ്ടല്ലോ കാര്യം എന്ന്…

“എന്താ അമ്മച്ചിമാർ മിണ്ടാത്തത് ഞങ്ങൾക്ക് നിങ്ങടെ മുഖം കണ്ടാൽ അറിയാമല്ലോ എന്തോ ഉണ്ടെന്നു…പാറുവമ്മേ പറഞ്ഞില്ലയെങ്കിൽ ഇനി മേലാൽ ഈ മക്കള് ഇങ്ങോട് വരില്ല്യട്ടോ…”

“അത് മക്കളേ പറഞ്ഞാൽ വീണ്ടും സങ്കടം ആവും ഞങ്ങൾക്ക്… അത്കൊണ്ടാണ്…””അതെന്താ ഇത്രയും വലിയ കാര്യം… ഞങ്ങൾ കൂടി ഒന്ന് കേൾക്കട്ടെ…”

“അതെ ഇന്നലെ ഗൾഫിന്നു ആ ചെക്കനൊക്കെ വന്നു…””ആര് മേരിയമ്മയുടെ മോനോ…””ഓ ഒരു മോൻ.. ഹും..”ഖദീജുമ്മ ദേഷ്യത്തോടെ മുഖം തിരിച്ചു…

“ആ അതേന്നെ… ഫോണിൽ കൂടി വിളിച്ച് അമ്മച്ചിയെ കൊണ്ടുപോകാൻ വരാമെന്നൊക്കെ എപ്പോഴും പറഞ്ഞിരുന്ന അവരുടെ ഒറ്റമോൻ സാം കുട്ടി…”

“എന്നിട്ടെന്താ വന്നില്ലേ..””വന്നു… വന്നതാണ് അവർക്കു വിഷമം കൂടിയത്…””വരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്…”റുക്കിയ അശ്ചര്യത്തോടെ ചോദിച്ചു…

“അതല്ല മോളെ കാര്യം… അവൻ വന്നത് മേരിചേച്ചിയെ കാണാനോ കൂടെ കൊണ്ടുപോകാനോ ഒന്നുമല്ല….ദുഷ്ടനാ അവൻ….”നാണിയമ്മ കുറച്ചു സങ്കടത്തോടെയാണ് പറയുന്നത്…

“അവൻ വന്നത് മേരിചേച്ചിയുടെ പേരിലുള്ള വസ്തു അവന്റെ പേരിലേക്ക് എഴുതി അതിൽ ഒപ്പ് വെപ്പിക്കാൻ ആണ്…””അയ്യോ എന്നിട്ട് മേരിയമ്മ ഒപ്പിട്ട് കൊടുത്തോ….”

‘ആ പാവത്തിനെ പറഞ്ഞു പറ്റിച്ചു… വീട്ടിലേക്കു കൂട്ടികൊണ്ട് പോകണമെങ്കിൽ ചില നിയമവശങ്ങൾ ഉണ്ടത്രേ അതിന് ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു കൊടുത്തു്… ”

“ശോ കഷ്ടം… ന്നാലും എങ്ങനെ ഇങ്ങനൊക്കെ പെരുമാറാൻ തോന്നുന്നു..'”

“അതൊക്ക ചെയ്യുന്ന മക്കൾ ഉള്ള ലോകമാണിത്… ഒരുപക്ഷെ നിങ്ങൾ അനാഥർ ആയതുകൊണ്ട് ആവും ഞങ്ങടെ അവസ്ഥ മനസിലാകുന്നത്…”അത് കേട്ട റുക്കിയയും നടാഷയും പരസ്പരം നോക്കി…

ഒരനാഥാലയത്തിൽ ഒരുമിച്ചു കളിച്ചു വളർന്നവർ ആയിരുന്നു അവർ… ഒരേ പാത്രത്തിൽ ഉണ്ടും ഒരുമിച്ച് കളിച്ചും പഠിച്ചും ഉറങ്ങിയും വളർന്നു വന്ന അവർക്ക് എന്തിനും ഏതിനും അവർ

തന്നെയായിരുന്നു ആശ്വാസം ആയിരുന്നത്… പഠനം കഴിഞ്ഞു ചെറിയ ജോലി ആയപ്പോളാണ് അനാഥാലയത്തിലെ ആളുകൾ അവർക്കു വിവാഹം ആലോചിച്ചു തുടങ്ങിയത്… അപ്പോളാണ് അവർക്കു മനസിലാകുന്നത്

പരസ്പരം പിരിയാൻ പറ്റാത്ത ഒരു ബന്ധം അവർക്കിടയിൽ എന്നോ രൂപപ്പെട്ടു കഴിഞ്ഞു എന്ന്… അന്ന് അവർ ഒരു തീരുമാനം എടുത്തു നമുക്ക് നാം പങ്കാളികൾ ആയാൽ മതിയെന്ന്…

അവരുടെ ജീവിതം ഇന്ന് എത്തി നിൽക്കുന്നത് ഈ ആശ്രമത്തിൽ ആണ്… വലിയൊരു സന്തോഷം തങ്ങളുടേത്‌ ആക്കുക എന്നതാണ് അവരുടെ ലക്ഷ്യം…

അവർ വേഗം അകത്ത് അമ്മമാർക്ക് കിടക്കാനുള്ള വലിയ മുറിയിലേക്ക് ചെന്നു… വാതിക്കൽ നിന്നേ കണ്ടു മേരിയമ്മയുടെ കിടക്കക്ക് അടുത്തുള്ള ബെഡുകളിലൊക്കെ എല്ലാരും മൗനം പാലിച്ച് ഇരിക്കുന്നത്…

മേരിയമ്മ ബെഡിൽ ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുന്നുണ്ട്… നടാഷ വേഗം ചെന്നു മേരിയമ്മയെ കെട്ടിപ്പിടിച്ചു..

“ഇതെന്തു കിടപ്പാണ് മേരിപ്പെണ്ണേ … ദോ നോക്കിയേ മക്കള് വന്നേക്കുന്നത് മേരിക്കുഞ്ഞിനെ കാണാൻ…”

ഒറ്റകരച്ചിൽ ആയിരുന്നു മേരിയമ്മയുടെ മറുപടി.. റുക്കിയയും നടാഷയും ചേർന്ന് മേരിയമ്മയെ താങ്ങി എഴുന്നേൽപ്പിച്ചു…

“എന്തിനാ മേരിയമ്മ കരയുന്നത്… കുറെ വർഷങ്ങൾ ആയില്ലേ ഇവിടെ വന്നിട്ട്.. ഇതുവരെ ഒന്ന് കേറിവരാത്ത മോൻ അമ്മയെ കൊണ്ടുപോകുമെന്ന് എന്തിനാ വെറുതെ ചിന്തിച്ചു കൂട്ടിയത്… ഇവിടെ ദിനം പ്രതി എത്ര മക്കൾ വരുന്നുണ്ട് നിങ്ങളെ കാണാനും സ്നേഹിക്കാനും… അവരൊക്കെ മതി ഇനിയങ്ങോടും…”

നടാഷ അവരെ കെട്ടിപിടിച്ച് നെറ്റിയിൽ ചുംബിച്ചു…”എണീക്കാൻ വയ്യാത്ത ഒരാൾ ഇവിടെ കിടപ്പുണ്ടേ…”

ആ ശബ്ദം കേട്ടിടത്തേക്ക് റുക്കിയ മെല്ലെ ചെന്നു… കുറെ നാൾ മുൻപ് ഭർത്താവും ഏക മകനും ഒരു ആക്‌സിഡന്റിൽ ഒരുമിച്ച് മരിച്ച വാർത്ത കേട്ട് തളർന്നു വീണ ഗീതമ്മയാണ്… കുറച്ചുനാൾ ബന്ധുക്കൾ നോക്കി… പിന്നീട് ആരൊക്കെയോ ചേർന്ന് ഇവിടെ എത്തിച്ചു… ഒരു വശം പൂർണ്ണമായി തളർന്ന അവസ്ഥ ആണ്..

“ഗീതമ്മ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ…””അതെ ഇന്ന് ആ റംല മോൾ വന്നിരുന്നു…അവളാണ് ഇന്നെന്നെ കുളിപ്പിച്ച് ഉടുപ്പൊക്കൊ ഇടുവിച്ചത്…”

റുക്കിയയും നടാഷയും അവരോടു സംസാരിക്കുമ്പോളൊക്കെ ജനലരികെ പുറത്തേക്ക് നോക്കി ഒരാൾ ഇതൊന്നും ശ്രദ്ധിക്കാതെ നിൽക്കുന്നുണ്ടായിരുന്നു… കനകമ്മ… നല്ലൊരു എഴുത്തുകാരി

ആയിരുന്ന അവരെ ഭർത്താവും രണ്ടാം ഭാര്യയും കൂടി ഉപദ്രവിച്ചു മാനസികമായി തകർന്ന് ഇവിടെ ആരോ എത്തിച്ചതാണ്… മക്കൾ ഉണ്ടെന്നും ഇല്ലെന്നും കേൾക്കുന്നു.. ആരും അന്വഷിച്ചു വന്നിട്ടേയില്ല..

നടാഷയും റുക്കിയയും യാത്ര പറഞ്ഞിറങ്ങുമ്പോൾ പല കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… അവർ താഴെ എത്തുമ്പോൾ മാനേജർ മുരളീധരൻ അവരെ കാത്തിരിക്കുകയായിരുന്നു…

“നിങ്ങൾ വന്നോ… ഞാൻ അച്ഛനെ വിളിച്ചിരുന്നു.. അച്ഛൻ നാളെ ഒരു വക്കീൽ ആയി സംസാരിക്കട്ടെ എന്നിട്ട് തീരുമാനം എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്…”

“വേണ്ട സാർ… ആ തീരുമാനം ഞങ്ങൾ മാറ്റി..”റുക്കിയ മെല്ലെ പറഞ്ഞു..”അപ്പോൾ നിങ്ങളുടെ അമ്മ ഇവിടെ ഉണ്ട് കൊണ്ടുപോകണം എന്ന് പറഞ്ഞതോ…”

“അങ്ങനെ പറഞ്ഞു സാർ… ഞങ്ങളിൽ ഒരാളുടെ അമ്മ ഇവിടെ ഉണ്ട്… അവർ പോലും അറിയാതെ അവരെ ഞങ്ങളുടെ രണ്ടാളുടെയും അമ്മയായി ഞങ്ങടെ ഫ്ലാറ്റിലേക്കു കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചിരുന്നു… പക്ഷേ ആ തീരുമാനം മാറ്റി…””പെട്ടന്ന് എന്താ..”

“ഇവിടെ കിട്ടുന്ന സന്തോഷവും സുരക്ഷിതത്വവും ഒരിക്കലും അവർക്കു ആ ഫ്ലാറ്റിൽ കിട്ടില്ല… ഞങ്ങൾ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെയവർ ഒറ്റപ്പെട്ടു പോകും… വേണ്ട അവരെ ആ ഏകാന്തതയിലേക്ക് തള്ളിയിടേണ്ട…”റുക്കിയ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി..

“മാത്രമല്ല സാർ, ഇവിടുത്തെ എല്ലാ അമ്മമാർക്കും ഞങ്ങൾ അവരുടെ മക്കൾ ആണ്.. അപ്പോൾ ഒരാളെ മാത്രമായി കൊണ്ടുപോയാൽ മറ്റുള്ളവർക്ക് അതൊരു വേദനയാവും…

ഞങ്ങൾക്ക് ആരും ഇല്ലാത്തവർ ആണ് സാർ… ആ അമ്മമാരെ മുഴുവൻ ഞങ്ങൾക്ക് വേണം… പറ്റുമ്പോളൊക്കെ ഇവിടെ വരാനും അവർക്കൊപ്പം സമയം ചിലവഴിക്കാനും മാത്രം അവസരം തന്നാൽ മതി…”

നടാഷ കൈകൂപ്പി കൊണ്ട് പറഞ്ഞു… മാനേജർ അവരെ നോക്കി പുഞ്ചിരിച്ചു…അവർ പുറത്തിറങ്ങി നടന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി… അപ്പോളും കനകമ്മ പുറത്തേക്ക് നോക്കി അതേ നിൽപ്പ് തുടരുകയായിരുന്നു….

(ആരോരും ഇല്ലാത്ത അമ്മമാർക്ക് വേണ്ടി സമർപ്പിക്കുന്നു ഈ കഥ… ആരും ആരെയും തള്ളിക്കളയാതെ ഇരിക്കട്ടെ…

 

Leave a Reply

Your email address will not be published. Required fields are marked *