അമ്മയിൽ നിന്നും അമ്മായിയമ്മയിലേക്ക്
(രചന: അഭിരാമി അഭി)
എട്ടുമണിയായിട്ടും ഉറക്കം തീരാതെ പുതപ്പ് ഒന്നൂടെ തലവഴി വലിച്ചിട്ടു തിരിഞ്ഞുകിടക്കുമ്പോഴാണ് നെറ്റിയിൽ ഒരു തണുത്ത കൈ പതിഞ്ഞത്. കണ്ണുതുറക്കാതെ തന്നെ ആളെ മനസിലായിരുന്നു.
അമൃത എന്ന അമ്മു. എന്റെ മുറപെണ്ണ് ആണ്. കൗമാരം മുതൽ എന്റെ നല്ലപാതിയായി സ്വപ്നം കണ്ടവൾ.
” ഒന്നെണീക്ക് വിഷ്ണുവേട്ടാ ഉച്ചയായാലും കിടന്നുറങ്ങിക്കോളും. “എന്റെ തലയിൽ നിന്നും പുതപ്പ് വലിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
” രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് എന്തിനാടീ ഇങ്ങോട്ടെഴുന്നെള്ളിയത്. ”
അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനായി വെറുതെ ചോദിച്ചുകൊണ്ട് ഞാൻ പതിയെ ബെഡിൽ എണീറ്റിരുന്നു.
” ഓ ഞാൻ വരണത് ശല്യമായെങ്കിൽ ഇനി ഞാൻ വരണില്ല. ഞാൻ പോയേക്കാം. “പറഞ്ഞുകൊണ്ട് മുഖം വീർപ്പിച്ച് അവൾ എണീറ്റു.” അങ്ങനെയങ്ങ് പോയാലോ ഇവിടെ വാടീ ”
പോകാൻ തിരിഞ്ഞ അവളുടെ കയ്യിൽ പിടിച്ചുവലിച്ച് ബെഡിൽ ഇരുന്ന എന്നോട് ചേർത്തുപിടിച്ചു.
അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ച എന്റെ കണ്ണിലേക്കു നോക്കിയ അവളുടെ കണ്ണുകളിലെ ഭാവം എന്തെന്ന് എനിക്കപ്പോൾ മനസ്സിലായില്ല.
വിഷ്ണു…അവളെ ചുറ്റിപിടിച്ചിരുന്ന എന്റെ കൈകൾ പെട്ടന്ന് അയഞ്ഞു. അവൾ എന്നിൽ നിന്നും അടർന്നു മാറി.
വാതിൽക്കൽ ദേഷ്യം കൊണ്ട് തുള്ളിക്കലിച്ചു നിന്നിരുന്ന അമ്മയെ കടന്ന് അവൾ തലകുനിച്ചു പുറത്തേക്ക് പോയി.
എന്തുചെയ്യണം എന്നറിയാതെ ബെഡിൽതന്നെയിരുന്ന എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി കയ്യിലിരുന്ന ചായ മേശയിൽ വച്ചിട്ട് അമ്മ പുറത്തേക്ക് പോയി.
” അമ്മയ്ക്ക് എന്തോ അവളോട് ഇപ്പൊ പഴയതാല്പര്യമില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു. അതിന്റ കൂടെ ഇനി ഇതുകൂടി ആയപ്പോൾ പൂർത്തിയായി. ”
ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ പതിയെ എണീറ്റ് ബാത്റൂമിലേക്ക് നടന്നു. വിഷ്ണുവിനെ ഇങ്ങനെ നിർത്തിയാൽ മതിയോ ?? ”
കുളികഴിഞ്ഞു താഴേക്ക് വരുമ്പോൾ അച്ഛനോടുള്ള അമ്മയുടെ ചോദ്യം കേട്ട് ഞാൻ അവിടെത്തന്നെ നിന്നു.” അവനിപ്പോ എന്താ കുഴപ്പം ”
അച്ഛൻ പത്രത്തിൽനിന്നും കണ്ണ് എടുക്കാതെ തന്നെ ചോദിച്ചു.” കുഴപ്പമൊന്നുമില്ല അവനൊരു ജീവിതം വേണ്ടേ?? ”
” ആഹാ അതാണോ അത് ഞാൻ അളിയനോട് സംസാരിക്കാം . ”
പറഞ്ഞുകൊണ്ട് അച്ഛൻ വീണ്ടും പത്രത്തിലേക്ക് മിഴിനട്ടു.
“അതിനിപ്പോ വിഷ്ണുവിന്റെ കാര്യം ഏട്ടനോട് എന്ത് സംസാരിക്കാനാ? “. അമ്മ.” പിന്നെ അമ്മുന്റെ കാര്യം അവരല്ലേ തീരുമാനിക്കേണ്ടത്. ”
അച്ഛന്റെ അതേ ചോദ്യം തന്നെയായിരുന്നു അപ്പോൾ എന്റെ മനസ്സിലും.” അതുപിന്നെ അമ്മു വേണ്ട നമുക്ക് അവനുവേണ്ടി വേറെയേതെങ്കിലും കുട്ടിയെ നോക്കാം. ”
അമ്മയുടെ വാക്കുകൾ അച്ഛനെയും എന്നെയും ഒരുപോലെ അമ്പരപ്പിച്ചു.” നീയെന്തൊക്കെയാ ലക്ഷ്മി ഈ പറയുന്നത്. കുഞ്ഞിലേ മുതൽ വിഷ്ണുവിനെന്ന് പറഞ്ഞു വച്ചതല്ലേ അമ്മുനെ. നീയും കൂടിചേർന്നല്ലേ കുട്ടികളുടെ മനസ്സിലും അങ്ങനെയൊരു മോഹം വളർത്തിയത്. ”
കയ്യിലിരുന്ന പത്രം ടീപ്പോയിലേക്ക് ഇട്ടുകൊണ്ട് അച്ഛൻ ചോദിച്ചു.” ശരിയാണ്… അമ്മുനെ ഏട്ടന്റെ മകളായല്ല ഞാൻ കണ്ടത്. സ്വന്തം മകളായിട്ട് തന്നെയാണ്.
പക്ഷേ…സ്വന്തം മകന്റെ ചോരയെ തലോലിക്കാൻ ഏതൊരമ്മയാ ദേവേട്ടാ മോഹിക്കാത്തത്. സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഏതൊരമ്മയും സ്വാർത്ഥയായി പോകും . ”
ഇനിയും കേട്ടുനിൽക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ ഞാൻ വേഗം പൂമുഖത്തേക്ക് ചെന്നു.” നീയിവിടെ നിൽക്കുവായിരുന്നോ ? “എന്നെ കണ്ട അമ്മ പതിയെ ചോദിച്ചു.
” മോനെ നീ അമ്മ പറയുന്നത് കേൾക്കണം. അമ്മുനോടുള്ള നിന്റെ ഇഷ്ടം അമ്മയ്ക്ക് അറിയാം.
പക്ഷേ … നീ അവളെ മറന്ന് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം. നീയവളെ വിവാഹം കഴിച്ചാൽ ഒരിക്കലും നിനക്കൊരു കുഞ്ഞിന്റെ അച്ഛനാവാൻ കഴിയില്ല. ”
അമ്മയുടെ വാക്കുകൾ കേട്ട് തരിച്ചു നിൽക്കുകയായിരുന്നു ഞാൻ അപ്പോൾ.” ഇപ്പൊ പെട്ടന്ന് നീ ഇങ്ങനെ പറയാനുള്ള കാരണം എന്താ ലക്ഷ്മി ?? “അമ്മയുടെ മുഖത്തേക്ക് നോക്കി അച്ഛൻ ചോദിച്ചു.
” ഇത്ര പ്രായമായിട്ടും മാസമുറപോലും കൃത്യമായി ഇല്ലാത്ത ഒരു പെൺകുട്ടിക്ക് എന്റെ മോന്റെ കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും. ”
അമ്മയുടെ ചോദ്യം കേട്ട് ഞാനും അച്ഛനും പരസ്പരം നോക്കി.” ഇതൊക്കെ നിന്റെ തോന്നലല്ലേ ലക്ഷ്മി? “അമ്മയെ സമാധാനിപ്പിക്കാനായി അച്ഛൻ ചോദിച്ചു.
” ചിലപ്പോൾ എന്റെ തോന്നലാവാം പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് എന്റെ മകന്റെ ജീവിതം വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ല .”
” രണ്ടുപേരും എനിക്കൊരുപോലെയാണ് എങ്കിലും ഞാൻ നൊന്തുപെറ്റ ഇവന്റെ കാര്യം വരുമ്പോൾ ഒരുപടി മുന്നിൽ നിൽക്കുന്നത് ഇവൻതന്നെയാണ് ദേവേട്ടാ.
അത് മറ്റുള്ളവർക്ക് തെറ്റായിരിക്കാം പക്ഷേ ഒരമ്മ മാത്രമായി ചിന്തിക്കുമ്പോൾ അതാണ് ശരി. ”
എന്നെ നോക്കിനിന്ന് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ പറഞ്ഞുനിർത്തുമ്പോൾ ഒന്നും പറയാനില്ലാത്തത് പോലെ അച്ഛൻ തൊടിയിലേക്ക് നോക്കിയിരുന്നു.
” ഇതൊന്നും ഇന്നത്തെ കാലത്ത് വലിയകാര്യമല്ല അമ്മേ. ഇനി അഥവാ അമ്മ പറഞ്ഞത് പോലെ എന്റെ കുഞ്ഞിന് ജന്മം നൽകാൻ അവൾക്ക് കഴിഞ്ഞില്ലെങ്കിലും ഞാൻ അവളെ ഉപേക്ഷിക്കില്ലമ്മേ.
ഞാൻ ഒരു പെണ്ണിന്റ കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത് അവളുടെയായിരിക്കും. ”
ആരുടെയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിനടന്നു. അറുത്തുമുറിച്ചുള്ള എന്റെ വാക്കുകൾക്ക് മുന്നിൽ ഞങ്ങളുടെ വിവാഹത്തിന് അമ്മയും സമ്മതം മൂളി.
അവളുടെ കയ്യിലേക്ക് നിലവിളക്ക് കൊടുക്കുമ്പോഴും അമ്മയുടെ മുഖത്തെ തെളിച്ചക്കുറവ് ഞാൻ കണ്ടില്ലെന്ന് നടിച്ചു.
ആദ്യരാത്രി മുറിയിലേക്ക് വന്ന അവൾക്കും ചോദിക്കാനുണ്ടായിരുന്നത് അപ്പച്ചിയുടെ പെട്ടന്നുണ്ടായ മാറ്റത്തെക്കുറിച്ച് ആയിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസമായിട്ടും ഓരോ പെണ്ണും എല്ലാ മാസവും കടന്നുപോകേണ്ട അവസ്ഥകളൊന്നും അവളിൽ ഉണ്ടാകാതിരുന്നത് അമ്മയെ കൂടുതൽ അസ്വസ്ഥയാക്കി.
പതിയെ പതിയെ അമ്മയിലേ മാറ്റത്തിന്റെ കാരണം അവളും തിരിച്ചറിഞ്ഞു.” മരുമകൾക്ക് വിശേഷമൊന്നുമില്ലേ” യെന്ന നാട്ടിൻപുറങ്ങളിലെ സ്ഥിരം കുശലാന്വേഷണങ്ങൾ കൂടിയായപ്പോൾ അമ്മയിലെ അമ്മായിയമ്മ പതിയെ പതിയെ പുറത്തുചാടാൻ തുടങ്ങി.
അങ്ങനെയിരിക്കെ അമ്മയുടെ ബന്ധത്തിലേതോ പെണ്ണ് രണ്ടാമതും വിശേഷമറിയിക്കുകയും കൂടി ചെയ്തപ്പോൾ അമ്മയുടെ ക്ഷമ നശിച്ചു.
” ഇവൾക്ക് നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല”എന്ന അമ്മയുടെ വാക്കുകൾ കേട്ട് കണ്ണീരടക്കി അകത്തേക്ക് പോയ അവളുടെ മുഖം എന്റെ ഉള്ളുപൊള്ളിച്ചു.
സർവ്വതും മറന്നു പൊട്ടിത്തെറിച്ച എന്റെ മുന്നിൽ അമ്മ മൗനമായി നിന്നു.ഞാൻ മുറിയിലേക്ക് വരുമ്പോൾ ജനലഴികളിൽ പിടിച്ചു നിറമിഴികളുമായി പുറത്തേക്ക് നോക്കി നിന്നിരുന്നു അവൾ.
” അമ്മൂ…. “ഞാൻ അരികിലെത്തി വിളിച്ചപ്പോൾ എന്നെ ചുറ്റിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. മാസം തോറുമുള്ള വേദനകൾ ഭയന്ന് ഇതൊന്ന് ഇല്ലായിരുന്നുവെങ്കിൽ എന്ന് പറഞ്ഞിരുന്ന അവൾ ആദ്യമായി ഒരു
പെണ്ണിനെ പൂർണയാക്കുന്നത് ആർത്തവം ആണെന്ന് പറഞ്ഞു കരഞ്ഞപ്പോൾ എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കുമെന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു.
” നമുക്ക് പിരിയാം വിഷ്ണുവേട്ടാ… “ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞു.” എന്താടി ഇത് അമ്മയുടെ വിഷമം കൊണ്ട് അമ്മയെന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇതാണോ നിന്റെ പരിഹാരം ? ”
അവളെ ചേർത്തുപിടിച്ച് മുടിയിൽ തഴുകിക്കൊണ്ട് ഞാൻ ചോദിച്ചു.
പതിയെ പതിയെ അവളുടെ തേങ്ങലുകൾ നേർത്തുവന്നു.
എന്റെ ശരീരത്തിലൂടെ ഊർന്ന് നിലത്തെക്ക്വീണ അവളെ വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
” പേടിക്കാൻ ഒന്നുമില്ല അമൃത ഒരമ്മയാകാൻ പോകുന്നു “ചിരിയോടെ ഡോ. അരുന്ധതി അത് പറയുമ്പോൾ നിറകണ്ണുകളോടെ ഏതൊക്കെയോ അമ്പലങ്ങളിൽ നേർച്ചകൾ നേരുകയായിരുന്നു അമ്മ.
അപ്പോൾ എന്നെ നോക്കിചിരിച്ച അവളുടെ മുഖത്ത് പുതിയ ജീവിതത്തിന്റെ തിളക്കമായിരുന്നു.