മാനസം
(രചന: അഥർവ്വ ദക്ഷ)
ആർത്തലച്ചു പെയ്യുന്ന മഴ…. ചുറ്റും കൂരിരുട്ട്… ഇടയ്ക്കിടെ വെളിച്ചമായ് പതിക്കുന്ന മിന്നൽ പിണരുകൾ….ആ മഴയിലൂടെ അതിവേഗം ഒരു പെൺകുട്ടി മുന്നോട്ട് നടക്കുന്നു ……
തൂവെള്ള വസ്ത്രം ധരിച്ച അവളുടെ മുഖം അവന് കാണാൻ സാധിച്ചില്ല….. എന്തോ ഉൾപ്രേരണയിൽ അവൻ അവളുടെ പിറകെ വേഗതത്തിൽ നടന്നു……
ഏറെ ദൂരം അവൾക്കൊപ്പമെത്താൻ ഓടിയെങ്കിലും ഇടയ്ക്കെപ്പോളോ അവന്റെ കണ്ണുകളിൽ നിന്നും അവൾ മറഞ്ഞു പോയി…..
“മിഥു…. “കുപ്പിവള കിലുങ്ങുമാറുള്ള ചിരികേട്ട് അവൻ തിരിഞ്ഞു നോക്കി…..മുന്നിൽ അതാ ആ പെൺകുട്ടി അവൾക്ക് തന്റെ കല്ലുവിന്റെ മുഖമാണെല്ലോ…. അവന്റെ മനസിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു
അവളുടെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങുന്നത് മഴ തുള്ളികൾ തന്നെയോ അവന് സംശയം തോന്നി…..
“നീ എന്താ ഇവിടേ…. ഈ മഴയിൽ….” ചോദിക്കാൻ തുടങ്ങിയെങ്കിലും നാവ് ചലിക്കാതെ ശബ്ദം പുറത്തു വരാതെ അവൻ അവളെ തന്നെ നോക്കി നിന്നു….
“നിനക്കെന്നെ മനസിലാകുന്നില്ലേ … മിഥുവേട്ടാ… എപ്പോളേലും ഞാൻ ഇങ്ങനെ നിന്നോട് പിണങ്ങിയിട്ടുണ്ടോ.. ന്താ എന്നെ മനസിലാക്കാത്തെ …..” അവൾ നിരാശ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി
അവൻ അവളെ കൈയെത്തി പിടിക്കാൻ ശ്രെമിച്ചു…. പെട്ടന്ന് പുക ചുരുൾ പോലെ അവൾ മാഞ്ഞ് പ്രകൃതിയിൽ അലിഞ്ഞു ചേർന്നു….
മിഥുൻ ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്നും ഉണർന്നു…… പെട്ടന്ന് ജനൽ പാളികൾ കാറ്റിൽ ആഞ്ഞടഞ്ഞു… പുറത്ത് മഴ തിമർത്തു പെയ്യുകയാണ്……
മഴയുടെ തണുപ്പിലും അവൻ ആകെ വിയർത്തിരുന്നു….. അവൻ മുഖം കൈ കൊണ്ട് അമർത്തി തുടച്ചു…..
“കല്ലൂ….”വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ ഉറക്കെ വിളിച്ചെങ്കിലും അപ്പോളും അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല
അവൻ ബെഡിലേക്ക് കമന്നു കിടന്നു…. കരഞ്ഞു കലങ്ങിയ കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങിയിരുന്നു…. ഭ്രാന്ത് പിടിച്ചവനെ പോലെ അവൻ വീണ്ടും എഴുന്നേറ്റിരുന്നു…..
കൈകൾ ചുരുട്ടി ചുമരിൽ ഇടിച്ചു…. അലമാരയിൽ വെച്ചിരുന്ന ഡ്രസ്സുകളും മറ്റും അവൻ വലിച്ചു താഴെക്കിട്ടു….. അതിൽ നിന്നും കിട്ടിയ ബ്ലൈഡ് വെച്ച് അവൻ സ്വന്തം കൈയ്യിൽ തലങ്ങും വിലങ്ങും വരഞ്ഞു…..
കൊഴുത്ത ര ക്തം കൈയ്യിലൂടെ ഒഴുകി ഇറങ്ങി…. പെട്ടന്ന് ബോധം നശിച്ച പോലെ അവൻ ബെഡിലേക്ക് വീണു….
“മിഥു…. ” വിനീത് ചാരിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് അകത്തേക്ക് വന്നു ……”എന്താടാ ഇത്….”പിറകെ വന്ന ഹരി ര ക്തത്തിൽ മുങ്ങിയ അവന്റെ കൈകൾ എടുത്തു കൊണ്ട് അവന്റെ മുഖത്ത് തട്ടി
“എടുക്കട ഹോസ്പിറ്റലിൽ കൊണ്ട് പോകാം…”വിനീത് അവനെ താങ്ങി എടുക്കാൻ ശ്രെമിച്ചു….
“വേണ്ടാ ഞാൻ എവിടേക്കും വരില്ലാ….” മിഥുൻ പെട്ടന്ന് ഞെട്ടി എഴുനേറ്റ് കൊണ്ട് ഒഴിഞ്ഞു മാറി…
“കളി പറയാതെ എന്ത് ഭ്രാന്ത് ആണ് നീ ഈ കാണിക്കുന്നത്… ബ്ലഡ് കണ്ടോ….” ഹരി ദേഷ്യത്തോടെ അവനെ നോക്കി….
“എന്താ… എന്താ ഇവിടേ….”സ്നേഹ പെട്ടന്ന് റൂമിലേക്ക് കയറി വന്നു അവൾ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി….
കാര്യം മനസിലായത് കൊണ്ട് തന്നെ അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു…
പക്ഷേ എത്ര ശ്രെമിച്ചിട്ടും അവൻ മുറിവ് ക്ലീൻ ചെയ്യാനോ…. മരുന്ന് വെയ്ക്കാനോ തെയ്യാറായില്ല… റൂമിലെ രംഗങ്ങൾ എല്ലാം കണ്ട് കൊണ്ട് ഒന്നും മിണ്ടാതെ വാതിൽ ചാരി നിൽക്കുകയായിരുന്നു മിഥുല
“ചാകട്ടെടി….. ഇവന്റെ സെൽഫിഷ്നെസ് എത്ര തോളം ആണെന്ന് നമ്മൾ ഒക്കെ കണ്ടതല്ലേ… ആയി കോട്ടെ…”മിഥുല സ്നേഹയ്ക്ക് നേരെ തിരിഞ്ഞു….
“മിഥുലെ….”ഹരി വിളിച്ചു…അപ്പോളേക്കും മിഥുന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങിയിരുന്നു
“കരയുന്നോ…. കരയരുത് നീ… കരയാൻ നിനക്കെന്താ അവകാശം…. “മിഥുല അവനെ നോക്കി പരിഹസിച്ചു …..
“ഡി.. മതി നിർത്ത്….”ഹരി അവളെ തടഞ്ഞു….”നിർത്താനോ…. ഒന്നിവൻ പിണങ്ങിയാൽ എത്ര വട്ടം കെഞ്ചി പിറകേ ചെന്നിരിക്കുന്നു എന്റെ കല്ലു… എന്നിട്ട് അവൾ ഒന്നു പിണങ്ങി നിന്നപ്പോൾ ഇവൻ അറിഞ്ഞോ…
അറിയാൻ ശ്രെമിച്ചോ ആ നെഞ്ചിലെ തീ… കൊന്നു കളഞ്ഞില്ലേ ഇവൻ…..” അവൾ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് തലയിൽ തല്ലി കരഞ്ഞു….
“നീയിങ്ങു വന്നേ….” അവളെ ഹരി പിടിച്ചു വലിച്ച് അവിടെനിന്നു കൊണ്ടു പോയി”പോട്ടെ അവളുടെ സങ്കടം കൊണ്ടാ… നീ കൈയ്യൊന്നു കാട്ട് ….”വിനീത് നെടുവീർപ്പോടെ മിഥുന്റെ കൈയ്യിൽ പിടിച്ചു…..
“സത്യമല്ലേ അവൾ പറഞ്ഞത്… സ്വന്തം പെണ്ണിന്റെ മനസ്സ്….ആ മനസ്സ് കാണാൻ എനിക്ക് പറ്റിയില്ലല്ലോടാ… എവിടെയോ എനിക്ക് തെറ്റി പോയല്ലോ….”മിഥുൻ കുറ്റബോധം കൊണ്ട് വെന്തുരുകുകയായിരുന്നു….
“സംഭവിക്കാനുള്ളത് സംഭവിച്ചു…. ഇനി…. ജീവിച്ചിരിക്കുന്നവരെ കൂടി അതിന്റെ പേരിൽ വേദനിപ്പിക്കണോ…”സ്നേഹ അവനെ നോക്കി….
പ്രതികരിക്കുന്നില്ലന്ന് കണ്ടപ്പോൾ അവൾ തന്നെ അവന്റെ കൈ ക്‌ളീൻ ചെയ്ത് മുറിവിൽ മരുന്ന് പുരട്ടി… മുറിവുകൾ ഒന്നും അത്ര ആഴത്തിൽ ഉള്ളവ ആയിരുന്നില്ല….
“ചേട്ടൻ കൂടെ കിടന്നോ ഒറ്റയ്ക്ക് വിടേണ്ട….” റൂമിൽ നിന്നും ഇറങ്ങുമ്പോൾ സ്നേഹ വിനീതിനോടായി പറഞ്ഞു….
സ്നേഹ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ മിഥുല അവിടേക്ക് വന്നു… വന്ന ഉടനെ അവൾ അവനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു….
“സ്നേഹിച്ചിട്ടില്ല എന്ന് പറയല്ലേടാ…. പക്ഷേ എപ്പോളോ അറിയാതെ പോയി ആ മനസിന്റെ താളം വീണ്ടും കൈവിട്ട് പോകുന്നത്….”അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു….
“എന്നെ വിളിക്കാത്തതിൽ ഞാൻ പരാധി പറഞ്ഞപ്പോൾ… ഇപ്പോൾ ആരെയും വിളിക്കാൻ തോന്നുന്നില്ല പെണ്ണേ എന്ന് അവൾ പറഞ്ഞു… അപ്പോളും എനിക്ക് മനസിലായില്ലടാ…. അവൾ വീണ്ടും…”
“അവർക്ക്… എന്റെ അമ്മയ്ക്ക് സന്തോഷം ആയി കാണും എല്ലേ….. ഇനി മോന് വേറെ പെണ്ണ് നോക്കാലോ അല്ലേ…..”അവന്റെ മുഖത്ത് പരിഹാസ ചിരി വിരിഞ്ഞു….
“ദേവേട്ടാ ഞാൻ….”ഹാളിൽ ഇരുന്ന് ഇതൊക്കെ കേൾക്കുകയായിരുന്ന മിഥുന്റെ അമ്മ വിങ്ങി കരഞ്ഞു കൊണ്ട് അവന്റെ അച്ഛന്റെ കൈയ്യിൽ മുറുകെ പിടിച്ചു…..
ആ പറഞ്ഞത് നീ അർഹിക്കുന്നു…. ആ കുഞ്ഞ് വന്നത് മുതൽ നീ അതിനെ മാറ്റി നിർത്തിയേയുള്ളൂ… മോന്റെ മുന്നിൽ നീ അഭിനയിച്ചു…..
അതിന്റെ കഥയൊക്കെ അറിഞ്ഞിട്ടും നീയും കൂടി ചേർന്ന് അതിനെ വിഷദത്തിലേക്ക് തള്ളിയിട്ടു…”മിഥുന്റെ അച്ഛന് അവരോട് യാതൊരു കരുണയും തോന്നിയില്ല…
കനം വെച്ച കണ്ണുകൾ ജനാലയിലൂടെ പുറത്തേക്ക് ഊന്നി മഴ നോക്കി നിൽക്കുകയായിരുന്നു മിഥുൻ…… രണ്ട് ദിവസം മുന്നേ തുടങ്ങിയ മഴയാണ്…. മഴയെ ഒരുപാട് ഇഷ്ട്ടമായിരുന്നു തന്റെ പെണ്ണിന്… കല്ലുവിന്റെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു….
അച്ഛമ്മയുടെ പിറന്നാളിന്… കോളേജിൽ പഠിക്കുന്ന തന്റെ ഒന്നു രണ്ട് ഫ്രണ്ട്‌സ് നേരത്തെ വരുമെന്ന് മിഥുല പറഞ്ഞിരുന്നു…
രണ്ട് ദിവസം ഇനി ലീവ് ആയതു കൊണ്ട് ഓഫീസിലെ വർക്ക് ഒക്കെ കഴിഞ്ഞു കുറച്ചു വൈകിയാണ് അന്ന് മിഥുൻ വീട്ടിലെത്തിയത്… ഗെയ്റ്റ് കടക്കുമ്പോളെ കണ്ടു…..
വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന മിഥുലയെയും കൂട്ടുകാരെയും….. മൂന്നു പേരുണ്ട്…. സ്നേഹ… കണ്മണി… ലിയ…അവരെ അവന് പരിചയം ഉള്ളതുമാണ്….
ബൈക്ക് കാർപോർച്ചിൽ വെച്ച്… അവൻ ചിരിയോടെ തന്നെ അകത്തേക്ക് കയറി അപ്പോളാണ് സോപാനത്തിൽ ചാരിയിരിക്കുന്ന നാലാമത്തെ കുട്ടിയേ അവൻ കാണുന്നത്….
അവനെ കണ്ടതും അവൾ മാത്രം ഇരുന്നിടത്ത് നിന്നും എഴുനേറ്റു… ആ മുഖം അവന് പരിചിതമെല്ലായിരുന്നു…….
വട്ടമുഖവും…..വിടർന്ന കണ്ണുകളും…. അരക്കെട്ടോളം നീണ്ട മുടിയുമുള്ള… ഒരു സുന്ദരി കൊച്ച്….. നിറം കുറച്ചെങ്കിലും അതവൾക്ക് അഴക് തന്നെയായിരുന്നു……
“ഇവനെ കണ്ടിട്ടാണോ നി എഴുന്നേറ്റത്… എന്റെ കല്ലു നി അവിടെ ഇരിക്ക്…”മിഥുല അവളുടെ കൈകളിൽ പിടിച്ച് വലിച്ച് അവിടെ ഇരുത്തി….
“ഉവ്വെടി…. ഇത്തിരി വിനയം കാട്ടുന്നവരെ കൂടി തിരുത്തണം കുട്ടി പിശാച്ചെ…..” മിഥുൻ അവളെ നോക്കി കണ്ണുരുട്ടി….
“ഉവ്വേ….”അവൾ അവനെ നോക്കി കോക്കിരി കാട്ടി….”അല്ല ഇത് പുതു മുഖം ആണെല്ലോ….” അവൻ ആ കുട്ടിയേ തന്നെ നോക്കി….
“വലിയ ജോലിക്കാരനായത്തിന് ശേഷം സർന് എവിടെയാ നമ്മളോടൊക്കെ സംസാരിക്കാൻ ടൈം…..ഇത് അപർണ്ണ… ഞങ്ങളുടെ കല്ലു…
ഈ ഇയർ ഞങ്ങൾക്കൊപ്പം ജോയിൻ ചെയ്തേയുള്ളൂ……കല്ലു ഇതെന്റെ ഏട്ടൻ മിഥുൻ “മിഥുല അവരെ തമ്മിൽ പരിചയപ്പെടുത്തി
അവൾ നിറ ചിരിയോടെ അവനെ നോക്കി പുഞ്ചിരിച്ചു തൂകി….. എല്ലാവരോടും ഒന്നു സംസാരിച്ച് അകത്തേക്ക് നടക്കും വഴി മിഥുൻ ഒന്നു തിരിഞ്ഞ് കല്ലുവിനെ നോക്കി…
അവന്റെ ചുണ്ടിൽ അവനറിയാതെ ഒരു പുഞ്ചിരി വിടർന്നു….. പിന്നെ അവളെ ചുറ്റി പറ്റി തന്നെ അവന്റെ കണ്ണുകൾ സഞ്ചാരിച്ചു കൊണ്ട് ഇരുന്നു….
കല്ലു… മിഥുലയിൽ നിന്നും കൂട്ട് കാരിൽ നിന്നും തികച്ചു വ്യത്യസ്ത തന്നെയായിരുന്നു….. എപ്പോളും സൈലന്റ് ആണ് അത്യാവശ്യത്തിന് മാത്രമുള്ള സംസാരം…
മറ്റുള്ളവർ ഓടി ചാടി നടക്കുമ്പോൾ ഇവൾ തറയ്ക്ക് കൂടി വേദനിക്കാത്ത രീതിയിലാണ് നടക്കുന്നത് എന്ന് തോന്നി അവന്…..
അമ്മയ്ക്കും… അച്ഛമ്മയ്ക്കും എല്ലാം അവളെ നന്നായി ബോധിച്ചു വെന്ന് അവന് മനസിലായി… അവർക്ക് മാത്രമെല്ലാ… അവന്റെ മനസ്സിലും അവർ പതിഞ്ഞു തുടങ്ങിയിരുന്നു…..
എന്നും രാവിലെ കോളേജിൽ കൊണ്ട് വിടാൻ മിഥുല പറഞ്ഞു പിറകെ നടന്നാലും…. കൊണ്ട് വിടാൻ മടിഞ്ഞിരുന്ന അവൻ… ഇപ്പോൾ ചോദിക്കുക പോലും ചെയ്യാതെ അവനെ കൊണ്ട് വിടുമായിരുന്നു……
ഒരു നോട്ടം അത് മതിയായിരുന്നു അവന്….. ആദ്യം… ആദ്യം ശൂന്യത നിറഞ്ഞ നോട്ടമായിരുന്നു അവളിൽ നിന്ന് അവന് ലഭിച്ചിരുന്നതെങ്കിൽ… പിന്നീട് ആ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങുന്നത് അവൻ കണ്ടു തുടങ്ങി…..
“എടി….. നീ ഇത് വരെ കല്ലുവിനെ കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ…..”ഒരു ദിവസം കോളേജിലേക്കുള്ള യാത്രയിൽ മിഥു… മിഥുലയോട് തിരക്കി…..
“അവൾ അച്ഛനും അമ്മയ്ക്കും കൂടെ ഒറ്റമകളാ അത് ഞാൻ ഏട്ടനോട് പറഞ്ഞിരുന്നുവെല്ലോ….”അവൾ അവനെ നോക്കി…
“അതെല്ലാടി… അവൾ കഴിഞ്ഞ ഇയർ ഏത് കോളേജിൽ ആയിരുന്നു അതൊന്നും നീ എന്നോട് പറഞ്ഞില്ലാലോ….” ഡ്രൈവിങ് നിടയിൽ അവൻ ചോദിച്ചു
“അതെന്തിനാ നീ അറിയുന്നേ… അല്ലാ എന്താ മോന്റെ ഉദ്ദേശം…..”അവൾ പുരികം പൊക്കി അവനെ നോക്കി…..ഇഷ്ട്ടായത് കൊണ്ട്…..”അവൻ കണ്ണിറുക്കി ചിരിച്ചു…..”എന്ന് വെച്ചാൽ….”
“ഇഷ്ട്ടായത് കൊണ്ട് തന്നെ….. എന്തേ നിനക്ക് ഇഷ്ട്ടല്ലേ അവളെ….”അവൻ ചോദിച്ചു…
“ആണെല്ലോ അവളെ ആർക്കാ ഇഷ്ട്ടാകാത്തെ പക്ഷേ മിഥു…. ഞാൻ ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമുണ്ട്… കോളേജിൽ തന്നെ ഞങ്ങൾക്ക് ഫ്രണ്ട്‌സ് ന് മാത്രമേ അത് അറിയൂ…..”
“എന്താ അത്…..”അവൻ നെറ്റി ചുളിച്ചു….”മിഥു അവൾ ഡിവോഴ്സി ആണ്….. മാസങ്ങളോളം നീണ്ട് നിന്ന ഒരു ദാമ്പത്യം…..” മിഥുല നെടുവീർപ്പോടെ പറഞ്ഞു…..
“എന്താ….”അവനൊന്നു ഞെട്ടി….”അതേ….. കല്യാണം കഴിഞ്ഞപ്പോൾ തുടങ്ങി അമ്മായിയമ്മ കണക്കെടുപ്പ്.. കിട്ടിയതിന്റെയും കിട്ടാത്തതിന്റെയും കണക്ക് പറഞ്ഞ്…. അയാൾ ആണേൽ അമ്മ പറഞ്ഞതിന്റെ അപ്പുറത്തേക്ക് മാറില്ല….. ” അവൾ പറഞ്ഞ് കൊണ്ടിരുന്നു…..
“3മാസം കഴിഞ്ഞപ്പോൾ ഇവൾ പ്രെഗ്നന്റ് ആയി അപ്പോളും മനപ്പൂർവ്വം എന്നപോലെ എല്ലാ ജോലികളും ഇവളെ കൊണ്ട് ചെയ്യിപ്പിച്ചു….
അവസാനം അബോർഷനായി അത് കഴിഞ്ഞ് 3മാസം അവൾ വീട്ടിൽ വന്ന് നിന്നിട്ടും അമ്മയും മോനും ഒന്നു തിരിഞ്ഞു നോക്കിയില്ലാത്രേ…..
അതോടെ അവളുടെ അച്ഛൻ തന്നെ പറഞ്ഞ് ഈ ബന്ധം ഇനി വേണ്ടാന്ന്…..” മിഥുല ഏട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞ് നിറുത്തി…..
“മം….”അവനൊന്നു മൂളി…..”വേറെ ഒരു കാര്യം കൂടിയുണ്ട്….”അവൾ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു”എന്താ….”
“അവൾ നിന്നെക്കാൾ ഒരു വയസോളം മൂത്തതാണ്…. മൊത്തത്തിൽ പറഞ്ഞാൽ ഈ ബന്ധവുമായി മുന്നോട്ട് പോകുക അത്ര എളുപ്പമല്ല മോനെ…..” മിഥുല സീറ്റിലേക്ക് ചാരി കൈകൾ മാറിൽ പിണച്ചു കൊണ്ട് പറഞ്ഞു….
“അടിപൊളി… മൊത്തത്തിൽ പറഞ്ഞാൽ ഒരു അങ്കത്തിന് ഞാൻ തെയ്യാറായെ പറ്റൂ…. ആയിക്കോട്ടെ ന്നാലും വിട്ട് കളയില്ല അത് ഉറപ്പിച്ചു…..” അവൻ കണ്ണുകൾ ഇറുക്കി ചിരിച്ചു…..
“കട്ട സപ്പോർട്ട് ആയി ഞാൻ കൂടെയുണ്ട്…. പക്ഷേ ആ പെണ്ണ് സമ്മതിക്കുമോ എന്നാണ്…..
ഒന്നാമത് ആദ്യ ബന്ധത്തിന്റെ പേടിപ്പിക്കുന്ന ഓർമ്മകൾ ഇപ്പോളും അവളിലുണ്ട്… ഒരു ഡിപ്രെഷൻ സ്റ്റേജ് ഒക്കെ കഴിഞ്ഞതാ… കൂടെ കൂട്ടിയാൽ പിന്നെ കൈ വിട്ട് കളയരുത്…..” അവൾ പറഞ്ഞു…..
“മിഥു… വീട്ടിൽ സമ്മതിച്ചില്ലലോ….” ഫോൺ ചെവിയോട് ഒന്നൂടെ ചേർത്തു വെച്ചു കൊണ്ട് അവൾ തിരക്കി…..
“സമ്മതിച്ചില്ലേലും ഞാൻ നിന്നെ കൂടെ കൂട്ടും പിന്നെന്താ…..”അവന്റെ ഉറച്ച ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു…..
“പേടിയാണ് അങ്ങനെയൊക്കെ…..””എന്നാൽ കുറേനാൾ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കാൾ ചെയ്തിട്ട് പിന്നെ ഞാൻ വേറെ ആളെ കിട്ടുമ്പോൾ അയാളുടെ പിറകെ പോകും മതിയോ….”അവന് ദേഷ്യം വന്നു
“ഉം… ഞാൻ ഇല്ലേലും ഒന്നും ഇല്ലന്നാണോ……. ” അവളുടെ ശബ്ദം ഇടറി”മതി കല്ലൂ… പോയി കിടന്ന് ഉറങ്ങാൻ നോക്ക്….”
“എന്തിനാ ദേഷ്യപ്പെടുന്നേ… “അവൾ വല്ലാതായി…”ദേഷ്യം ഒന്നും ഇല്ലപ്പാ.. മക്കള് പോയി കിടക്കാൻ നോക്ക്… ഇനി ഇതും ഓർത്ത് ഉറങ്ങാതെ കിടന്നു കരയാൻ നിൽക്കേണ്ട…..”അവൻ സൗമ്യമായി പറഞ്ഞു….
“മം….”കല്ലുവിന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും അവൾ ആദ്യം പങ്കു വെച്ചിരുന്നത് അവനോട് ആയിരുന്നു… അവനും അങ്ങനെ തന്നെയായിരുന്നു…..
അവനിലേക്ക് അവളുടെ ലോകം ചുരുങ്ങി എന്ന് വേണം… ഇണക്കവും പിണക്കവുമായി അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു…….
എന്തിനോടും ഏതിനോടും പേടി ആയിരുന്ന അവളെ ശാസിച്ചും…. കരുതൽ കൊടുത്തും അവൻ പുറത്തേക്ക് കൊണ്ട് വരാൻ ശ്രെമിച്ചു കൊണ്ടിരുന്നു……
വീട്ടിൽ ജാതകത്തിന്റെ പേരും പറഞ്ഞ് മിഥുന് വിവാഹ ആലോചനകൾ നടന്നപ്പോൾ… പ്രതീക്ഷിച്ചത്തിലും വേഗതത്തിൽ അവന് കല്ലുവിന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കേണ്ടി വന്നു…..
കാര്യങ്ങൾ അറിഞ്ഞപ്പോൾ എല്ലാവരും ഒരു പോലെ എതിർക്കുക തന്നെ ചെയ്തു … രണ്ടാം വിവാഹം എന്നത് തന്നെയായിരുന്നു എല്ലാവർക്കും വലിയ പ്രേശ്നമായി പറഞ്ഞത്…..
പക്ഷേ മിഥുൻ സ്വന്തം നിലപാടിൽ ഉറച്ചത്തോടെ എല്ലാവർക്കും അഴയേണ്ടി വന്നു…. പാതി സമ്മതത്തോടെ തന്നെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ വിവാഹം നടന്നു……
ചെറിയ ചെറിയ പൊരുത്ത കേടുകൾ മനസ്സിൽ കണ്ടു കൊണ്ട്…. മിഥുവിന്റെ തണലിൽ… മിഥുലയുടെ കൂട്ടിൽ അതൊക്കെ തനിക്ക് നേരിടാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിൽ തന്നെ കല്ലു ആ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറി…….
ഏതാനും മാസങ്ങൾ വലിയ കുഴപ്പമില്ലാതെ അങ്ങ് കടന്നു പോയി….. അമ്മയും… അച്ഛമ്മയും മുഖം കറുപ്പിച്ചാൽ പോലും യാതൊരു പരാതിയും ഇല്ലാതെ ചിരിച്ച മുഖത്തോടെ സ്നേഹത്തോടെ അവൾ അവരോട് ഇണങ്ങി നിന്നു…..
എത്ര പിണങ്ങിയാലും പരാധികാട്ടാതെ കൂടുതൽ ഒട്ടി നിൽക്കുന്ന പ്രകൃതമായിരുന്നു കല്ലുവിന്റേത്…. മിഥു കുറച്ചു ദേഷ്യം കാട്ടിയാലും അവൾ കിണുങ്ങി കൊണ്ട് പിറകേ ചെല്ലുമായിരുന്നു …..
ഡിഗ്രിയുടെ റിസൾട്ട് വന്നതോടെ മിഥുല പിജിക്ക് ജോയിൻ ചെയ്തു… പോക്ക് വരവ് പാടായത് കൊണ്ട് തന്നെ അവൾ ഹോസ്റ്റലിലേക്ക് മാറുകയും ചെയ്തു…..
കല്ലു മിഥുന്റെ നിർദ്ദേശ പ്രകാരം psc കോച്ചിങ് പോയി തുടങ്ങി… ആ സമയത്ത് തന്നെ മിഥുന് ഹെഡ് ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി….. മിഥുൻ അടുത്ത് നിന്ന് പെട്ടന്ന് മാറിയത് കല്ലുവിന് വേദന തന്നെയായിരുന്നു…..
മിഥുനും…. മിഥുലയും പോയതോടെ അവൾ ആ വീട്ടിൽ ഒറ്റപ്പെട്ടത് പോലെയായി എന്ന് തന്നെ പറയാം…..
മിഥുൻ തിരക്കിലായത്തോടെ ഫോൺ വിളിയും.. മെസ്സേജ് ഒക്കെ കുറഞ്ഞു….അതിന്റെ പേരിൽ അവൾ എപ്പോളും അവൾ അവനോട് തല്ലു കൂടിയിരുന്നു
“മിഥു… എനിക്കെന്തോ വല്ലാത്ത ദേഷ്യം ഒക്കെ വരുന്നു ഒരു കാര്യവും ഇല്ലാതെ കരച്ചിൽ വരുന്നു….. നിന്നോട് തല്ലു കൂടുന്നതൊന്നും വേണം എന്ന് കരുതിയിട്ടല്ല… ഞാൻ ദേഷ്യം കാട്ടിയാലും.. നീ കാട്ടല്ലേ….”
ഒരു ദിവസം വിളിച്ചപ്പോൾ അവൾ അവനോട് പറഞ്ഞു…..”കുഴപ്പമില്ല… ഞാൻ ഫുൾ ടൈം കൂടെയുണ്ടായിട്ട് ഇപ്പോൾ അങ്ങനെ എപ്പോളും കൂടെ ഇല്ലാത്തത് കൊണ്ടാകാം…. ഈ തിരക്കൊക്കെ ഒന്നു മാറട്ടെ ഓക്കേ ആകും….”അവൻ അവളെ സമാധാനിപ്പിച്ചു……
പക്ഷേ അവൾ പറഞ്ഞതത്രയും വേണ്ട രീതിയിൽ അവൻ മനസിലാക്കിയിരുന്നില്ല….. തന്റെ തിരക്കുകൾ കിടയിൽ അവളുടെ പരാതിയും പരിഭവവും മനപ്പൂർവം അവൻ കണ്ടില്ലെന്ന് നടിച്ചു…
തിരക്കുകൾ ഒഴിയുമ്പോൾ അവളുടെ എല്ലാ പിണക്കങ്ങളും മാറ്റിയെടുക്കാം എന്ന കണക്കു കൂട്ടാലിലായിരുന്നു അവൻ…..
പതിയെ പതിയെ അവളുടെ പിണക്കങ്ങൾ കുറഞ്ഞു വന്നു….. അവന്റെ തിരക്കുകൾ അറിഞ്ഞ വണ്ണം നിരന്തരമുള്ള വിളികളും കുറഞ്ഞു……
കല്ലു പതിയെ…പതിയെ… പഴയ മാനസികവസ്‌ഥയിലേക്ക് വീണു കൊണ്ടിരിക്കുന്നത് ആരും അറിഞ്ഞില്ല……
കാരണം ഇല്ലാത്ത ദേഷ്യവും… സങ്കടവും…. നിരാശയും.. പലപ്പോഴും ആരുമറിയാതെ അവൾ കരഞ്ഞു തീർത്തു…. പിന്നെ പിന്നെ അവൾക്ക് ആരോടും സംസാരിക്കാൻ തന്നെ താൽപ്പര്യം ഇല്ലാതായി…..
ഒരിക്കൽ തന്റെ ജീവിതത്തിൽ സംഭവിച്ചതിന്റെ തുടർകഥയാണ് മിഥുന്റെ വീട്ടിലും തനിക്ക് നേരിടേണ്ടി വരുന്നത് എന്നത് ഓർത്ത് അവൾ നീറി കൊണ്ടിരുന്നു…….
അവസാനം ഇനിയും ഒന്നും താങ്ങാൻ വയ്യ എന്ന് സ്വയം വിധിഎഴുതിയ ഒരു ദിവസം…. തന്നെ മനസ്സിലാക്കാത്ത തന്റെ പ്രിയപ്പെട്ടവരുടെ ഇടയിൽ നിന്നും… ഒരു കുപ്പി വിഷത്തിന്റെ സഹായത്തോടെ ഒരു അപ്പുപ്പൻ താടി കണക്കെ അവൾ പറന്നങ്ങു പോയി…..
“നീ ഒന്ന് വെയ്ക്കുമോ…. ഞാൻ തിരക്കിലാണ്.. അത് കഴിഞ്ഞു വിളിക്കാം….”
“ആരായിരുന്നു…..”തന്റെ മുന്നിൽ ഇരിക്കുന്ന തന്റെ സഹപ്രവർത്തകനെ മിഥുൻ സൂക്ഷിച്ചു നോക്കി….
“സോറി… മിഥുൻ വൈഫ് ആണ്.. നമ്മുടെ തിരക്കൊന്നും അവർക്ക് മനസിലാകില്ല… എപ്പോളും ഓരോ പരാതികൾ…”ബിനോയ് തല കുടഞ്ഞു….
“ഇപ്പോൾ നീ ഫ്രീയാണെല്ലോ…. നിനക്ക് വിളിച്ചു സംസാരിച്ചു കൂടെ….” അവൻ തിരക്കി…..
“വലിയ സീരിയസ് പ്രോബ്ലം ഒന്നും ആകില്ല….”ബിനോയ് ഫോണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു
“ആയിക്കോട്ടെ… ബട്ട് അത് ഷെയർ ചെയ്യാൻ നീ ന്നോളം വേറെ ആരും അവർക്ക് ഉണ്ടാകില്ല… ഉണ്ടെങ്കിൽ തന്നെ നിന്നോട് പറയാനാകും അവൾ ആഗ്രഹിക്കുന്നത്… അപ്പോൾ കേട്ട് കൂടെ….”
“സത്യം പറഞ്ഞാൽ.. തിരക്ക് ആയത് കൊണ്ടാ… ഇതൊന്നു തീർന്നാൽ അവൾക്കൊപ്പം കുറച്ച് അതിക ദിവസം മാറ്റി വെയ്ക്കണം എന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്…..”ബിനോയ് ചിരിച്ചു….
“അവർ ആഗ്രഹിക്കുമ്പോൾ കൂടെ നിൽക്കാതെ… നമ്മുടെ ടൈം വരുമ്പോൾ അവരില്ലാതാകുന്ന ഒരു അവസ്ഥ വന്നാൽ…. തീർന്നു അതോടെ…. അനുഭവമാണ്….”
മിഥുൻ വിദൂരതയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…”മിഥുൻ…..””മൂഡ് സ്വിങ്സ്…. ഡിപ്രഷൻ… ഇതൊക്കെ ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം ലൈഫിൽ വരുമ്പോൾ നമ്മൾ മനസിലാക്കണം എന്നില്ല…..”മിഥുൻ നെടുവീർപ്പിട്ടു..
“വൈഫ് മരിച്ചിട്ടിപ്പോൾ മൂന്ന് വർഷം ആയല്ലേ…”ബിനോയ് ചോദിച്ചു……”ഉം…””ഒറ്റയ്ക്കായത്തിൽ മടുപ്പ് തോന്നുന്നില്ലേ നിനക്ക്….. ഒരു കൂട്ട് വേണമെന്ന്….”
“പലവട്ടം അവൾ എന്നോട് പറഞ്ഞിരുന്നു…. വല്ലാതെ ദേഷ്യം വന്നു സങ്കടം വന്നു എന്നൊക്കെ… ഞാൻ എത്ര പിണങ്ങിയാലും എന്റെ പിറകെ വരുന്ന അവൾ ആ ദിവസങ്ങളിൽ പിണങ്ങിയപ്പോൾ വാശിയാണെന്ന് കരുതി പോയി…”അവന്റെ ശബ്ദം ഇടറി…..
“എല്ലാം കഴിഞ്ഞില്ലേ… ഇനി….””പറഞ്ഞിട്ട് കാര്യമില്ല…. മനസിന്റെ കാര്യമാ അത് എങ്ങനെ വേണേലും മാറാം…കൂടെ നിൽക്കുന്ന നമ്മൾ വേണം അവരെ ചേർത്തു നിർത്താൻ….
ഒരു കാരണവും ഇല്ലാത്ത ആ ത്മഹത്യ എന്നൊക്കെ കേട്ടിട്ടില്ലേ….. അവർ അനുഭവിച്ചിരിക്കാവുന്ന മാനസികാവസ്ഥ എന്താണെന്ന് ആരും അറിയാൻ ശ്രെമിക്കില്ല….”അവൻ പറഞ്ഞു കൊണ്ടിരുന്നു…
“എനിക്ക് സംഭവിച്ചത്.. അത് മറ്റാർക്കും സംഭവിക്കരുത്….”അവൻ പറയുന്നത് അത്രയും കേട്ടിരുന്ന ബിനോയ് ഫോണും എടുത്തു കൊണ്ട് അൽപ്പം മാറി നിന്നു….
മിഥുൻ അത് നോക്കി കൊണ്ട് കണ്ണുകൾ അടച്ച് അൽപ്പ നേരം ഇരുന്നു…. ഒരു ഇളം കാറ്റ് മെല്ലെ അവനെ തഴുകി കടന്നു പോയി… ആ കാറ്റിന് ചന്ദനത്തിന്റെ ഗന്ധമായിരുന്നു…..
“ആരാ പെണ്ണേ… ഞാൻ തനിച്ചാണെന്ന് പറഞ്ഞത്… നിയുണ്ടല്ലോ കൂടെ എപ്പോളും….” അവൻ മനസ്സിൽ മന്ത്രിച്ചു…..