ഉച്ചകഴിഞ്ഞുള്ള സമയത്തെ സെ ക്, സ്റി ലേഷൻ ആണ് നൂറിൽ തൊണ്ണൂറ് ശതമാനം സ്ത്രീകളും ഇഷ്ടപ്പെടുന്നതെന്ന് ഞാൻ എവിടെയോ വായിച്ചു

(രചന: അംബിക ശിവശങ്കരൻ )

” ഹരിയേട്ടാ ഇതൊന്നു വായിച്ചു നോക്കിയിട്ട് അഭിപ്രായം പറഞ്ഞേ… “” എന്താടോ ഇത്? ”

ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന അയാൾ ഭാര്യ ഇന്ദു തനിക്ക് നേരെ നീട്ടിയ പേപ്പറുകൾ ഓരോന്നായി മറിച്ചു.

” ഇത് ഞാനെഴുതിയ കവിതയാ… ഓണം പ്രമാണിച്ച് ഞങ്ങളുടെ ഓഫീസിൽ ഒരു കോമ്പറ്റീഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അതിനുവേണ്ടി എഴുതിയതാ… സാറിനാകുമ്പോ ഇതിനെപ്പറ്റിയൊക്കെ നല്ല ബോധമല്ലേ.. വായിച്ചു നോക്കിയിട്ട് പറ എന്തെങ്കിലും വകുപ്പുണ്ടോന്ന്. ”

” വകുപ്പുണ്ടോ ഇല്ലയോ എന്നൊക്കെ നോക്കിയിട്ട് പറയാം… ബുദ്ധിമുട്ടില്ലെങ്കിൽ താൻ എനിക്കൊരു സ്ട്രോങ്ങ് ചായ കൊണ്ടുവാ… അപ്പോഴേക്കും ഞാൻ ഇതൊന്നു വായിച്ചു തീർക്കട്ടെ. ”

ഡയറി മടക്കി ടേബിളിന്റെ ഓരോരത്തേയ്ക്ക് വെച്ച് അയാൾ ഓരോ വരികളിലൂടെയും കണ്ണോടിച്ചു.

” ഈയിടെയായി ചായ കുടി അല്പം കൂടുന്നുണ്ട് ട്ടോ അതത്ര നല്ലതല്ല പറഞ്ഞേക്കാം.. “” ചായയല്ലേ ഇന്ദു.. ചാരായം ഒന്നും ചോദിച്ചില്ലല്ലോ.. ”

” അപ്പോ ആഗ്രഹമില്ലാഞ്ഞിട്ടല്ല “കളി പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.

സാവധാനം ഓരോ വരികളിലൂടെയും ഹരി കണ്ണുകൾ ഓടിച്ചു. അവസാന വരികൾ മനസ്സിലൂടെ ആവർത്തിച്ചു വായിക്കുമ്പോഴാണ് നല്ല ചൂട് പറക്കുന്ന ചായയുമായി അവൾ വന്നത്.

” കഴിഞ്ഞോ സാറേ… എങ്ങനെയുണ്ട്? “ചായ വാങ്ങി ഊതിയൂതി കുടിക്കുമ്പോഴും അയാൾ അവളെ തന്നെ നോക്കി.

” തനിക്ക് മഴയോട് ഒരുപാട് ഇഷ്ടമാണല്ലേ… വരികൾ മുഴുവനും മഴയോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നു. ”

” യെസ്… ഹരിയേട്ടനോടുള്ളത്ര ഇഷ്ടം എനിക്ക് മഴയോടും ഉണ്ട്. ഓരോ മഴയും ഞാൻ എത്രമാത്രം ആസ്വദിക്കാറുണ്ടെന്നോ… അല്ല.. ”
എന്റെ എഴുത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?

കാലിയായ ഗ്ലാസ് ടേബിളിലേക്ക് വെച്ച് അയാൾ അവൾക്ക് അഭിമുഖമായി ഇരുന്നു.

” വരികളൊക്കെ ഗംഭീരമായിട്ടുണ്ടെടോ.. അവസാനത്തെ വരി ഒഴികെ ബാക്കിയെല്ലാം എനിക്ക് വളരെയധികം ഇഷ്ടമായി. ”

“ഏഹ്.. അതിനു അവസാനത്തെ വരിയ്ക്കെന്താ കുഴപ്പം? ഇങ്ങ് താ നോക്കട്ടെ ..”

അയാളുടെ കയ്യിലിരുന്ന പേപ്പർ തട്ടിപ്പറിച്ചു കൊണ്ട് അവസാന വരികളിലൂടെ കണ്ണോടിക്കുമ്പോൾ അയാളുടെ മുഖത്ത് ഒരു വിടർന്ന പുഞ്ചിരി ഉണ്ടായിരുന്നു.

” ഇതിന് എന്താ കുഴപ്പം… ഈ ഹരിയേട്ടൻ ഇങ്ങനെയാ എന്തേലുമൊക്കെ കുറ്റം കണ്ടു പിടിച്ചില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല. ”
അവൾ ഒരു കുട്ടിയെ പോലെ ചിണുങ്ങി.

” ഈ മഴ ആസ്വദിക്കാൻ അറിയാത്തവർ എങ്ങനെയാടോ മുരടൻമാർ ആകുന്നത്??? മഴയെ ഇഷ്ടമില്ലാത്ത എത്രയോ പേരുണ്ടാകും ഈ ഭൂമിയിൽ. ”

” മഴ എന്ന് പറയുന്നത് പ്രകൃതിയുടെ ഏറ്റവും വലിയ വരദാനങ്ങളിൽ ഒന്നാണ്. അത് ആസ്വദിക്കാത്തവർ മനുഷ്യരാണോ…

വലിയ എഴുത്തുകാരൻ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഹരിയേട്ടന് ഭംഗി ആസ്വദിക്കാനുള്ള കഴിവില്ല. ”

അവൾക്ക് ദേഷ്യം വന്നു.” നമുക്കിഷ്ടമുള്ളതെല്ലാം മറ്റുള്ളവരും ഇഷ്ടപ്പെടണം എന്നുള്ളത് സ്വാർത്ഥതയല്ലേ?”

” ഈ ലോകത്തെ ജനങ്ങളിൽ നൂറിൽ തൊണ്ണൂറ് ശതമാനം ആളുകൾക്കും മഴ ഇഷ്ടമായിരിക്കും. ഇഷ്ടമല്ലാത്തത് ഹരിയേട്ടനെ പോലെ ചുരുക്കം ചിലർക്ക് മാത്രം ആകും. ”

ശുണ്ഠി പിടിച്ച് മുറിയിൽ നിന്ന് ഇറങ്ങി പോകാനൊരുങ്ങിയ അവളെ കയ്യിൽ പിടിച്ച് വലിച്ച് അയാൾ തന്നോട് ചേർത്തു. അരക്കെട്ടിൽ ബലമായി പിടിച്ച് ചുണ്ടിൽ ചുംബിച്ച് ബെഡിലേക്ക് ഇട്ടതും സർവ്വശക്തിയുമെടുത്ത് അവൾ കുതറിമാറി .

” എന്താ ഹരിയേട്ടാ ഇത്… ”
അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു.”എന്താ… എനിക്ക് തന്നെ ഇപ്പോൾ വേണം എന്നു തോന്നി. ഞാൻ അത് ചെയ്തു.

ഉച്ചകഴിഞ്ഞുള്ള സമയത്തെ സെ ക്സ് റിലേഷൻ ആണ് നൂറിൽ തൊണ്ണൂറ് ശതമാനം സ്ത്രീകളും ഇഷ്ടപ്പെടുന്നതെന്ന് ഞാൻ എവിടെയോ വായിച്ചു. തനിക്കും അങ്ങനെ ആകും എന്ന് കരുതി.

അയാൾ വളരെ നിസാരമായി പറഞ്ഞു.” എനിക്ക് അങ്ങനെയല്ലെങ്കിലോ.. എല്ലാവരുടെ കാര്യം പോലെ ആണോ… എന്റെ ഇഷ്ടവും സാഹചര്യവും നോക്കണ്ടേ… ”

രോഷം അടക്കാൻ പ്രയാസപ്പെടുന്നതിനിടയിലാണ് കുറച്ചു മുൻപ് താൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം തന്റെ വാക്കുകളിലൂടെ പുറത്തു വന്നത് അവൾ തിരിച്ചറിഞ്ഞത്.

“എടോ… ചെറുപ്പം മുതലേ ഒരു ചട്ടക്കൂടിനുള്ളിൽ സുരക്ഷിതമായി ജനിച്ചുവളർന്ന തനിക്ക് ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലായിരുന്നു.

പക്ഷേ ദ്രവിച്ചു വീഴാറായ, എന്നും ചോർന്നൊലിക്കാറുള്ള ഒരു ഓല കുടിലിലെ ബാല്യം എനിക്ക് സമ്മാനിച്ചത് മഴ എന്നത് ഭീകരമായ ഒരു ഓർമയാണ്.

പലപ്പോഴും ഉറക്കത്തിലാണ് ദേഹത്ത് വെള്ളം വീണ് ഞെട്ടി ഉണരുക. അടുക്കളയിലെ പാത്രങ്ങൾ മുഴുവനും ചോർച്ചയുള്ളിടത്ത് കൊണ്ടു വെച്ചാലും പിന്നെയും വീണുകൊണ്ടിരിക്കും.

ഒന്ന് നീണ്ട് നിവർന്ന് വെള്ളം നനയാതെ കിടക്കാൻ പോലും ഒരു സ്ഥലമുണ്ടാകില്ല. ഇരുന്നിരുന്നു എപ്പോഴോ ഉറങ്ങി പോയാൽ പാത്രത്തിൽ വെള്ളത്തുള്ളികൾ വീഴുന്ന ക്ണിം ക്ണിം ശബ്ദം കേട്ട് വീണ്ടും ഞെട്ടിയുണരും.

ഇടിമിന്നലിന്റെ വെളിച്ചം ദ്രവിച്ചു തുടങ്ങിയ ഓല കീറുകളുടെ ഇടയിലൂടെ അകത്തേക്ക് വരുമ്പോൾ അമ്മ ഞങ്ങളെ ചേർത്തു പിടിക്കും.

ശക്തമായി വീശുന്ന ഓരോ കാറ്റിലും അമ്മയുടെയും അച്ഛന്റെയും നെഞ്ചു പിടയുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു. നിർത്താതെ പെയ്യുന്ന ഓരോ മഴയിലും വീടിനകത്തേക്കാണ് വെള്ളം കയറിയിരുന്നത്.

കിടക്കുന്ന പായ അടക്കം കെട്ടിപ്പൂട്ടി ചിതൽ തിന്നു തീരാറായ ഒരു മേശയുടെ മുകളിൽ വെച്ച് കെട്ടി അഭയാർഥികളെപ്പോലെ ഞങ്ങൾ ബന്ധുവീടുകളിൽ പോയി താമസിക്കും.

ഒടുക്കം അച്ഛൻ ഞങ്ങളെ വിട്ടു പോയതും ഒരു പെരുമഴ കാലത്താണ്. തെക്കേ മുറ്റത്ത് കുഴിയെടുക്കാൻ കഴിയാത്തവിധം വെള്ളം മുങ്ങി കിടന്നതും

അച്ഛന്റെ ജീവനറ്റ ശരീരം ശവപ്പറമ്പിൽ ദഹിപ്പിക്കാൻ കൊണ്ടുപോകുമ്പോൾ അമ്മ ഞങ്ങളെ വാരി പിടിച്ച് വാവിട്ടുകരഞ്ഞതും ജീവനുള്ളിടത്തോളം എങ്ങനെയാണ് എനിക്ക് മറക്കാൻ കഴിയുക???

അന്നു മുതലാണ് മഴയെ ഞാൻ വെറുത്തു തുടങ്ങിയത്. എന്റെ ബാല്യത്തിന്റെ നല്ല ഓർമ്മകൾ പകുതിയും കവർന്നെടുത്ത മഴയോട് എനിക്ക് എങ്ങനെയാണെടോ പ്രണയം തോന്നുന്നത്?? ”

പറഞ്ഞുതീർന്നതും അയാളുടെ കണ്ണുകളിൽ എവിടെയോ നനവ് പടർന്നത് അവളറിഞ്ഞു. മൗനമായി അയാളുടെ തോളോട് ചാരി ഇരിക്കുമ്പോൾ തന്റെ ശരികൾ തന്റെത് മാത്രമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.

” ഞാൻ ഇപ്പോഴും ഓർക്കാറുണ്ടെടോ ഈ കടത്തിണ്ണയിലൊക്കെ കിടക്കുന്നവരുടെ അവസ്ഥയെപ്പറ്റി. അവരെ സംബന്ധിച്ചിടത്തോളം ആ കടത്തിണ്ണയോ ഒരു കീറ ചാക്കോ മുഷിഞ്ഞുനാറിയ ഒരു തുണിയോ ഉണ്ടെങ്കിൽ ഉറങ്ങാൻ അതുമതി.

പക്ഷെ ഒരു മഴ പെയ്താൽ അതിന് തടസ്സം വന്നില്ലേ??? അവർക്ക് അവരുടെ ഉറക്കം ഇല്ലാതാക്കുന്ന വില്ലൻ അല്ലേ അപ്പോൾ മഴ. എന്ന് കരുതി മഴയില്ലാത്ത അവസ്ഥയെപ്പറ്റി നമുക്ക് ഒരിക്കലും ചിന്തിക്കാനും കഴിയില്ല.

ചില കാര്യങ്ങൾ അങ്ങനെയാണ് എല്ലാവരെയും ഒരുപോലെ ആയിരിക്കില്ല ബാധിക്കുന്നത്.

ചിലർക്ക് ആസ്വദിക്കാൻ കഴിയുന്നത് മറ്റുചിലർക്ക് ആസ്വാദ്യകരമാകണമെന്നില്ല. ചിലപ്പോഴൊക്കെ ഒരു കാര്യം തന്നെ നമുക്ക് ആസ്വാദ്യകരവും അരോചകവും ആവാം.ആരോ പറഞ്ഞതുപോലെ..

സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് രാവിലെ കേൾക്കുന്ന ബെൽ വളരെ വെറുപ്പുളവാക്കുന്നതായിരിക്കും എന്നാൽ അതെ ബെൽ ശബ്ദം വൈകുന്നേരം ആ കുട്ടിയിൽ വളരെയധികം സന്തോഷം ഉണ്ടാക്കുകയാണ് ചെയ്യുന്നത്…

So.. നമ്മുടെ ശരികൾ മാത്രം ശരിയാണെന്ന് വാദിക്കുന്നത് അത്ര ശരിയല്ല കേട്ടോ എന്റെ ഇന്ദു കുട്ടി… ”

“സോറി ഹരിയേട്ടാ..””കണ്ണുകൾ നിറഞ്ഞതും അവൾ അയാളുടെ നെഞ്ചിലേക് ചാഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അയാൾ ആ നെറുകയിൽ അമർത്തി ചുംബിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *