അമ്മ അമ്മായിയമ്മ മകൾ മരുമകൾ
(രചന: Jolly Shaji)
കെട്ടിച്ചു വിട്ടിട്ട് അവള് ദേ കൊല്ലം ഒന്ന് തികയും മുന്നേ അവിടുന്ന് ഇറങ്ങി പൊന്നേക്കുന്നു…
അതെങ്ങനെ പോരാതിരിക്കും ആ കുട്ടിക്ക് അവിടെ പിടിച്ച് നിൽക്കാൻ പറ്റണ്ടേ…എന്താ പറ്റാത്തത്… നല്ല ഒന്നാന്തരം കുടുംബം അല്ലേ അത്..
പുറത്തുനിന്നു നോക്കുമ്പോൾ നമുക്കൊക്കെ അങ്ങനെ തോന്നും പക്ഷെ അവിടം ആ കൊച്ചിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്നേ..
ഓ എന്തോന്ന് പ്രശ്നം… പെൺകുട്ടികൾ ആയാൽ കുറെയൊക്കെ സഹിക്കണം….അതെങ്ങനെ അവടെ തള്ള കെട്ടി തൊണ്ണൂറ് തികയും മുന്നേ കെട്ടിയോനേം കൊണ്ടു വീടുവിട്ട് ഇറങ്ങിയതല്ലേ ..
അവര് വീട്ടിൽ നിന്നും ഇറങ്ങി പോന്നെങ്കിലെ അതിന്റെ ഉത്തരവാദി അവളുടെ കെട്ടിയോൻ തന്നെയാണ്… അവൻ കെട്ടി കൊണ്ടു വീട്ടിൽ ഇട്ടിട്ട് നാടുചുറ്റി നടപ്പായിരുന്നു…
പണിക്കു പോകൽ ഇല്ലായിരുന്നു അവന്… അമ്മായി അപ്പന്റെ ചിലവിൽ കഴിയുന്നതിന്റെ കുത്തുവാക്ക് കേട്ടു മടുത്തിട്ടാണ് അവള് അവിടുന്നും ഇറങ്ങിപോന്നത്…
കാര്യമൊക്കെ ആയാലും അവന് അവളോട് സ്നേഹം ആയിരുന്നു അതുകൊണ്ട് അവൾ ഉള്ളിടത്തേക്കു അവനും പോന്നു…
അവസാന കാലത്തു അവരണ് അമ്മായി അപ്പനേം അമ്മയെയും നോക്കിയത്…ഓ ആ പാരമ്പര്യം തുടരുന്നതാവും മകളും…
അത് തോന്നുന്നില്ല… ആ കൊച്ചിന്റെ കെട്ടിയോൻ അമ്മ പറയുന്നതിന് അപ്പുറം പോകത്തില്ല..
അത് പിന്നെ അങ്ങനെ അല്ലായോ വേണ്ടത്… കെട്ടിയെന്നു വെച്ച് അമ്മ പറയുന്നത് കേൾക്കാതിരിക്കാൻ പറ്റുമോ…അമ്മ പറയുന്നത് കേൾക്കണം ഒപ്പം ഭാര്യക്കും പരിഗണന കൊടുക്കണം…
അമ്മയുടെ മുന്നിൽ വെച്ച് അവളെ ഒന്ന് വഴക്ക് പറഞ്ഞാലും അവർ മാത്രം ഉള്ളപ്പോൾ ഒന്ന് ചേർത്തു പിടിച്ച് നീ വിഷമിക്കേണ്ടടി അമ്മ ഇനി എത്ര നാൾ ഉണ്ടാവും…
കുറച്ചു അഡ്ജസ്റ്റ് ചെയ്യണം നിനക്ക് ഞാൻ ഇല്ലേ എന്ന്കാതിൽ ചൊല്ലിയാൽ അലിയാത്ത സ്ത്രീ ഹൃദയം ഉണ്ടോ ചേട്ടത്തി…
കെട്ടിയോനെ അംഗീകരിക്കാത്തവൾക്ക് ഇതൊക്കെ എന്തോന്ന് പ്രശ്നം… അവള് ദേ കെട്ടിക്കാത്ത പെൺപിള്ളേർ നടക്കും പോലെ എപ്പോഴും തുള്ളി തെറിച്ചു നടപ്പല്ലേ…
എന്തോ പഠിക്കാൻ പോകുന്നുണ്ടെന്നും കേട്ടു… പഠിക്കാൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം…
അല്ല ചേട്ടത്തി ചേട്ടത്തിയുടെ മോള് തിരിച്ചു് പോയോ കെട്ടിയോന്റെ കൂടെ..ഓ ഇനി ഞാൻ അവന്റെ കൂടെ വിടുന്നില്ല എന്റെ മോളെ… അവനും അവന്റെ തള്ളയും ശരിയല്ല…
ഞാൻ കേട്ടത് അങ്ങനെ അല്ലല്ലോ ചേട്ടത്തി…ചേട്ടത്തിയുടെ മോള് കെട്ടിയോന്റെ കൂടെ കിടന്ന് കാമുകനുമായി സല്ലപിച്ചപ്പോൾ കയ്യോടെ പിടികൂടി അവിടുന്ന് പുറത്താക്കി എന്നാണല്ലോ…
അസൂയക്കാർക്ക് എന്താ പറയാൻ പാടില്ലാത്തതു… ഞാൻ എന്റെ മോളെ അവനെക്കാൻ യോഗ്യനായ ഒരുത്തനു കെട്ടിച്ചു കൊടുക്കും…
അതും കേട്ടു ഞാൻ… കാമുകൻ വേറെ കെട്ടിയെന്നോ അപ്പോൾ അവൾ കാമുകന്റെ കൂട്ടുകാരനുമായി അടുപ്പമായന്നോ ഒക്കെ…
അതേ സൂസമ്മേ എന്റെ ബസ് വരാൻ സമയമായി ഞാൻ നടക്കട്ടെ…ചേടത്തി പോവല്ലേ പോവല്ലേ മോൻ നിങ്ങളെ തള്ളി പറഞ്ഞ് ഭാര്യയെയും കൊണ്ടു വീടുവിട്ട് ഇറങ്ങിയത്
നിങ്ങൾ ആ സാധു പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടാണെന്നു കൂടി കേട്ടു… അതിന്റെ സത്യാവസ്ഥ കൂടി..
പൊന്നു സൂസമ്മേ ഇനി ഞാൻ ഇവിടെ നിന്നാൽ നേരെ മണ്ണിലേക്ക് താഴ്ന്നു പോകും…. അതോണ്ട് ഞാൻ പോണേ….
ചേട്ടത്തി ജീവനും കൊണ്ട് ഓടി രക്ഷപെട്ടു…Nb: സ്വന്തം വീട്ടിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടെങ്കിലും അന്യന്റെ വീട്ടിലെ കാര്യങ്ങൾ അന്വഷിക്കാൻ ഇന്നും ചിലർക്ക് ഒരുപാട് ഇഷ്ടമാണ്..