(രചന: Kannan Saju)
” മണ്മറഞ്ഞു പോയ ആത്മാക്കൾ നക്ഷത്രങ്ങൾ ആകും എന്ന് വിശ്വസിക്കപ്പെടുന്നു… നാളെ ഞാനും മരിക്കും.. ഒരു നക്ഷത്രമായി ആകാശത്തു നിന്നെയും നോക്കി നിക്കും..
അന്ന് നിന്റെ കൂടെയുള്ള കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം ആ നക്ഷത്രം എന്റെ കൂട്ടുകാരൻ ആയിരുന്നു, ജീവിച്ചിരുന്നപ്പോ അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് ”
തന്റെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെയും നോക്കി നിന്ന വൈദേഹിയുടെ ഉള്ളിൽ ആദിത്യയുടെ ആ വാക്കുകൾ മുഴങ്ങി കൊണ്ടേ ഇരുന്നു…
അന്നവനത് പറയുമ്പോൾ ഒരു സിനിമ ഡയലോഗ് പോലെയേ തനിക്കു തോന്നിയുള്ളൂ.. കാരണം ആദി അങ്ങനെ ആയിരുന്നു….
തമാശയായി കാണേണ്ടതിനെ പൊലിപ്പിച്ചു പറയും…. സീരിയസായി കാണേണ്ടതിനെ തമാശയായി പോലും പറയില്ല…
മരിച്ചു പോവുന്നവർക്കു എത്ര എളുപ്പമാണല്ലേ എല്ലാം മറക്കുവാൻ… ജീവിച്ചിരിക്കുന്നവർക്കാണ് ബുദ്ധിമുട്ട്… ശിഷ്ടകാലം അവരുടെ ഓർമകളുടെ ഭാണ്ഡവും പേറി….
ശരിക്കും എന്തായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം… ??? അത് ഇന്നും എനിക്കൊരു ചോദ്യ ചിഹ്നമാണ്….
അടുത്തടുത്ത ദിവസങ്ങളിൽ ജനിച്ചു… ഒരുമിച്ചു നടന്നു തുടങ്ങി… കൈകൾ കോർത്തു സ്കൂളുകളിലേക്ക് പോയി.. ഒടുവിൽ കോളേജിലും.. എല്ലായിടത്തും അവൻ എനിക്കൊപ്പം ഉണ്ടായിരുന്നു…..
ഇതിനിടയിൽ ഒരിക്കലും പോലും അവനു എന്നോട് ഇഷ്ടം തോന്നി കാണില്ലായിരിക്കുമോ ??? അതോ മനഃപൂർവം പറയാത്തതായിരിക്കുമോ ???
തനിക്കെപ്പോഴെങ്കിലും അവനോടു പ്രണയം തോന്നിയിട്ടുണ്ടോ ??? അവൾ ചിന്തിച്ചു… ഇല്ല.. ഇല്ലായിരിക്കണം..
ഉള്ളൂ കൊണ്ടു ആഗ്രഹിച്ചിരുന്നെങ്കിൽ ഒരുമിച്ചു ഇരിക്കുമ്പോൾ ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ഒരേ മുറിയിൽ തനിച്ചിരിക്കുമ്പോൾ അങ്ങനെ എപ്പോഴെങ്കിലും അത് തന്റെ ശരീരം അറിയിച്ചേനെ……
ഞങ്ങൾ തമ്മിൽ പ്രണയം ആണെന്നാണ് കോളേജിൽ പലരും കരുതിയിരുന്നത്… ചിലർ ആദിയുടെ കുറ്റി എന്നോ മറ്റോ വിളിച്ചിരുന്നത്രെ… പലർക്കും അസൂയ ആയിരുന്നു…
” ഒരാണിനും പെണ്ണിനും ഇത്രയും കാലം ഒരിക്കലും സുഹൃത്തുക്കൾ ആയി തുടരാൻ കഴിയില്ല ” ഈ വാദം പലരും ആവർത്തിച്ചുന്നയിച്ചു…
പക്ഷെ ഓരോ നിമിഷവും അത് തെറ്റാണെന്നു ആദി എനിക്ക് തെളിയിച്ചു കൊണ്ടേ ഇരുന്നു…
ഒരുപക്ഷെ അവൻ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞിരുന്നെങ്കിലോ ??? താൻ അവനെ പ്രണയിക്കുമായിരുന്നോ ????അതൊരു വല്ലാത്ത ചോദ്യം ആണ് അതെ.. അന്നൊരു ദിനം… അങ്ങനെ ഒരു ദിനം നമ്മുറി ജീവിതത്തിൽ വന്നത് ഞാൻ ഇന്നും ഓർക്കുന്നു ആദി….
നമ്മളോടുള്ള പക തീർക്കാൻ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നമ്മൾ ഇരുന്നു സംസാരിക്കുമ്പോൾ പുറത്തു നിന്നു പൂട്ടി അവർ ആളെ കൂട്ടിയ ദിവസം…
” ഇനി എന്തോന്ന് ആലോചിക്കാൻ…. ??? പിള്ളേരും സാറുമ്മാരും നാട്ടുകാരും അടക്കം എല്ലാവരും അറിഞ്ഞു.. ഇവരുടെ കല്ല്യാണം നടത്തുക.. അതെ ഇനി ഒരു വഴി ഉള്ളൂ ”
അച്ഛൻ മുന്നോട്ട് വച്ച സജ്ജഷൻ കേട്ടു എന്റെ അടിവയറിൽ നിന്നും ഒരു ആന്തൽ ആയിരുന്നു…
” നിങ്ങള്ക്ക് രണ്ട് പേർക്കും സമ്മതമാണെങ്കിൽ പിന്നെ എനിക്ക് പ്രത്യേകിച്ച് എതിർപ്പുകൾ ഒന്നും ഇല്ല… അല്ലേടി ?? ”
ആദിയുടെ അച്ഛൻ അമ്മയെ നോക്കി ചോദിച്ചു.. ഇരു കൂട്ടരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു…
സത്യത്തിൽ എനിക്ക് സമ്മതമോ എതിർപ്പോ ഉണ്ടായിരുന്നില്ല… പക്ഷെ ആദി…” അത് നടക്കില്ല അങ്കിളേ ” അവർ ഞെട്ടലോടെ ആദിയെ നോക്കി….
” ഞാൻ അവളെ അങ്ങിനെ കണ്ടിട്ടില്ല…. അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്… പിന്നെ, മറ്റേതു ഒപ്പിക്കാൻ ആണേൽ ഞങ്ങളെന്തിന് ഒഴിഞ്ഞ ക്ലാസ് മുറിയിൽ പോവണം?
ഇവിടെ രണ്ട് വീടുകളിലും ഞങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നല്ലോ… ഞാൻ കുറഞ്ഞത് പത്തു മണി വരെ എങ്കിലും അവളുടെ മുറിയിൽ ഉണ്ടവാറും ഉണ്ട്..
നിങ്ങൾ ഞങ്ങൾക്ക് അനുവദിച്ചു നൽകിയ സ്വാതന്ത്ര്യം ഒരു രീതിയിലും ഞങ്ങൾ മിസ്യൂസ് ചെയ്തിട്ടില്ല… മറ്റുള്ളവർ ഞങ്ങളെ കുറിച്ച് എന്ത് വീണെങ്കിലും വിചാരിച്ചോട്ടെ..
കാരണം കഴിഞ്ഞ ഇരുപത്തി രണ്ട് വർഷമായി ഞങ്ങൾക്ക് ഞങ്ങളെ അറിയാവുന്ന പോലെ ആർക്കും ഞങ്ങളെ അറിയില്ല.. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്ത് പറയുന്നു എന്നുള്ളതും ഞങ്ങൾക്ക് പ്രശ്നം അല്ല…
നിങ്ങളും അതുപോലെ ചിന്തിച്ചപ്പോ ഉള്ളിൽ ഒരു വിഷമം… ഒരു പെങ്ങളായി ഇവളെ കണ്ടു എന്ന് ഞാൻ ഒരിക്കലും പറയില്ല…
അതിലും വലിയൊരു ബന്ധം… ഫ്രണ്ട്ഷിപ്… എനിക്കൊരിക്കലും എന്റെ കൂട്ടുകാരിയെ ഭാര്യ ആയി കാണാൻ കഴിയില്ല… നിങ്ങളെന്നോട് ക്ഷമിക്കണം… ”
ഒരു മനുഷ്യന്റെ ഉറച്ച നിലപാട് എന്താണെന്നു ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ടത് അന്നാണ്….
ചോദിക്കണം എന്നെനിക്കു തോന്നി പലതും.. അപ്പോഴേക്കും അവൻ റൂമിലേക്ക് വന്നു
” ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ ??? നിനക്ക് എന്നെ ഭർത്താവായി കാണാൻ പറ്റുവോ ??? ” ഞാൻ ഒന്നും മിണ്ടിയില്ല.. മിണ്ടാൻ ഒന്നും തോന്നുന്നില്ലായിരുന്നു….
നീ എന്താ ഒന്നും മിണ്ടാതെ നിക്കുന്നെ ???ഒന്നുല്ല.. നമ്മൾ ഒരുപാട് വളർന്നു പോയല്ലേ….ആദി ചിരിച്ചു….നീ എന്താ ചിരിക്കൂന്നേ ???
ഒന്നുല്ല…. അവൾ അടുത്തേക്ക് വന്നു അവനെ കെട്ടിപ്പിടിച്ചു….. ആദി അവളെയും…..
ഞാൻ പോവാണ്… ഇനി ഇവിടെ നിന്നാൽ ശരിയാവില്ല…. പതിയെ എല്ലാവരും എല്ലാം മറന്നു തുടങ്ങും…
അപ്പൊ ഞാൻ നിന്നെ മിസ്സ് ചെയ്യില്ലെടാ… ??ഞാനും ചെയ്യില്ലേ…. ബട്ട് എന്നായാലും നമ്മൾ പിരിഞ്ഞേ പറ്റു…. അതിനു ഇതാണ് നല്ല സമയം…
” മണ്മറഞ്ഞു പോയ ആത്മാക്കൾ നക്ഷത്രങ്ങൾ ആകും എന്ന് വിശ്വസിക്കപ്പെടുന്നു… നാളെ ഞാനും മരിക്കും.. ഒരു നക്ഷത്രമായി ആകാശത്തു നിന്നെയും നോക്കി നിക്കും..
അന്ന് നിന്റെ കൂടെയുള്ള കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം ആ നക്ഷത്രം എന്റെ കൂട്ടുകാരൻ ആയിരുന്നു, ജീവിച്ചിരുന്നപ്പോ അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് ”
നീ എന്താ ഇങ്ങനൊക്കെ പറയുന്നേ…. ??? അവൾ മുഖം ഉയർത്തി അവനെ നോക്കി…ഒരു ചിരിയോടെ അവൻ കണ്ണുകൾ ചിമ്മി കാണിച്ചു… അവന്റെ മുഖത്തിന് ഒരു നക്ഷത്രത്തിന്റെ തിളക്കം ഉള്ളത് പോലെ അവൾക്കു തോന്നി….
വൈദേഹി…. പിന്നിൽ നിന്നും ഉള്ള വിളി കേട്ടു അവൾ ഞെട്ടലോടെ ഭർത്താവിനെ നോക്കി…
ഇതെന്തു നോക്കി നിക്കുവാ മോളേ.. ???? ആദി എണീറ്റു.. അവൻ കിടന്നു കരയുന്ന കേട്ടില്ലേ നീയ് ?? പാല് കൊടുക്കവന്…
ഉം. .. അവൾ വീണ്ടും തിരിഞ്ഞു ആകാശത്തേക്ക് നോക്കി…..അന്നാണ് ജീവനോടെ അവനെ അവസാനമായി കണ്ടത്…. പിന്നീടവൻ വന്നത് ആംബുലൻസിൽ ആയിരുന്നു.. തണുത്തു മരവിച്ച ശരീരത്തോടെ….
അവൾ ആകാശത്തേക്ക് നോക്കി….. അന്ന് ആദി അവളെ നോക്കി അന്ന് കണ്ണ് ചിമ്മിയ തിളക്കത്തോടെ ആകാശത്തു നക്ഷത്രങ്ങൾ മിന്നി നിന്നു…
ഇതിൽ ഏതായിരിക്കും എന്റെ ആദി…. അവൾ നെഞ്ചിൽ കൈ വെച്ചു ആകാശത്തേക്കും നോക്കി നിന്നു….